Wednesday, December 30, 2009

SOCCER FUTURE

ഞങ്ങള്‍ റെഡി-3
കമാല്‍ വരദൂര്‍
കേരളത്തില്‍ ഫുട്‌ബോള്‍ മുരടിപ്പിന്‌ ഔദ്യോഗികമായി നിരത്തപ്പെടുന്ന പതിവ്‌ കാരണങ്ങളുണ്ട്‌. സാമ്പത്തിക പ്രശ്‌നങ്ങളും സ്‌പോണ്‍സര്‍മാരുടെ താല്‍പ്പര്യക്കുറവും മൈതാനങ്ങളുടെ അപര്യാപ്‌തതയും ഫുട്‌ബോള്‍ കലണ്ടറിലെ തിരക്കുകളുമെല്ലാം തടസ്സങ്ങളാണ്‌. ഈ പ്രശ്‌നങ്ങളില്‍ അടിസ്ഥാനമുണ്ട്‌. പക്ഷേ പ്രശ്‌നങ്ങളെ ചൂണ്ടിക്കാട്ടി മിണ്ടാതിരുന്നാല്‍ ഒന്നും നടക്കില്ല. പ്രശ്‌നങ്ങളിലും തടസ്സങ്ങളിലും സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റ്‌ പ്രകടിപ്പിച്ചാണ്‌ ഇപ്പോള്‍ സ്വാകാര്യ സംരഭങ്ങളുടെ രൂപത്തില്‍ ഫുട്‌ബോള്‍ അക്കാദമികളും ട്രസ്‌റ്റുകളും ചാമ്പ്യന്‍ഷിപ്പുകളും വരുന്നത്‌. കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‌ പതിവ്‌ ചട്ടക്കൂടുണ്ട്‌. അതില്‍ നിന്നും അണുകിട അവര്‍ വ്യതിചലിക്കില്ല. ഔദ്യോഗിക കാര്യങ്ങള്‍ പോലെ ചെയ്യപ്പെടുന്ന കെ.എഫ്‌.എ യുടെ ചലനങ്ങളില്‍ ഫുട്‌ബോളിന്‌ ജീവന്‍ ലഭിക്കുന്നില്ല. കാറ്റഗറി ടൂര്‍ണ്ണമെന്റുകളും ടീം സെലക്ഷനും കഴിഞ്ഞാല്‍ അതിനപ്പുറത്തേക്ക്‌ സഞ്ചരിക്കാനുളള ഊര്‍ജ്ജം അവര്‍ക്കില്ല. പക്ഷേ സ്വകാര്യ സംരഭകര്‍ക്ക്‌ ചലിക്കാനുളള ഊര്‍ജ്ജമുണ്ട്‌. അവരെ തടയാന്‍ ചുവപ്പുനാടകളില്ല. ഫുട്‌ബോളിലെ പുതിയ ചലനങ്ങള്‍ അറിയാനും അത്‌ പ്രാവര്‍ത്തികമാക്കാനും അവര്‍ തയ്യാറെടെുക്കുന്നത്‌ കൊണ്ടാണ്‌ നമ്മുടെ ഫുട്‌ബോളില്‍ പുതിയ മാറ്റങ്ങള്‍ സംജാതമാവുന്നത്‌.
ഫുട്‌ബോള്‍ അക്കാദമികളും ട്രസ്‌റ്റുകളും ക്ലബുകളും തുടക്കത്തില്‍ തന്നെ കുട്ടികളെ പിടികൂടുന്നു. ക്യാച്ച്‌ ദം യംഗ്‌ എന്ന ഫിഫയുടെ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ്‌ കര്‍ക്കശമായ സെലക്ഷന്‍ പ്രക്രിയയില്‍ മിടുക്കരായ കുട്ടികളെ ഫുട്‌ബോള്‍ കളരികളിലേക്ക്‌ വരുന്നത്‌. ഇപ്പോള്‍ നടക്കുന്ന സെലക്ഷന്‍ പ്രക്രിയകളിലെല്ലാം ജനന സര്‍ട്ടിഫിക്കറ്റ്‌ മുതല്‍ എല്ലാ കാര്യങ്ങളും കൃത്യമായി പരിഗണിക്കുന്നുണ്ട്‌. കുട്ടികളുടെ സെലകഷ്‌ന്‌ ശേഷം അവരുടെ ഫിറ്റ്‌നസ്‌-ആരോഗ്യ കാര്യങ്ങളില്‍ നിദാന്ത ജാഗ്രത പാലിക്കുന്നു. കുട്ടികളുടെ സ്‌ക്കൂള്‍ പഠനത്തെ ബാധിക്കാത്ത തരത്തില്‍ അവധിക്കാലത്ത്‌ ക്യാമ്പുകള്‍ ഒരുക്കി, ക്യാമ്പുകളുടെ ചുമതല പ്രശസ്‌തരായവര്‍ക്ക്‌ നല്‍കിയാണ്‌ കുട്ടികളുടെ താല്‍പ്പര്യത്തിലേക്ക്‌ അവരെ ഒരുക്കിയെടുക്കുന്നത്‌. യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന തരത്തില്‍ ആരോഗ്യകരമായ സമീപനത്തിലുടെയാണ്‌ ഫുട്‌ബോളറെ വാര്‍ത്തെടുക്കുന്നത്‌. 90 മിനുട്ട്‌ കളിക്കാനുളള ഊര്‍ജ്ജമില്ലാത്ത കുട്ടികളെ വളര്‍ത്തിയിട്ട്‌ കാര്യമില്ല. അല്ലെങ്കില്‍ 90 മിനുട്ടും മൈതാനത്ത്‌ കരുത്തോടെ പൊരുതാനുള്ള ആരോഗ്യം വളര്‍ത്തിയെടുക്കാനുള്ള കാഴ്‌ച്ചപ്പാട്‌ വേണം. പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ നമ്മുടെ കുട്ടികള്‍ക്ക്‌ ധാരാളം ലഭിക്കുന്നു. കുട്ടികള്‍ക്കും അവരുടെ രക്ഷിതാകള്‍ക്കും വളരെ വ്യക്തമായി ആരോഗ്യ പരിപാലന രീതികള്‍ അറിയാം. വാം അപ്പ്‌ എക്‌സര്‍സൈസുകള്‍ നോക്കുക- മനോഹരമായാണ്‌ നമ്മുടെ കുട്ടികള്‍ അത്‌ ചെയ്യുന്നത്‌. മുന്‍കാലത്ത്‌ ഒരു ഫുട്‌ബോളര്‍ വളരുന്നത്‌ സ്വന്തം പരിശീലനത്തിലാണെങ്കില്‍ ഇപ്പോള്‍ പ്രൊഫഷണല്‍ സമീപനത്തില്‍ നല്ല തു
ടക്കം അവര്‍ക്ക്‌ ലഭിക്കുന്നു. ഒമ്പത്‌ വയസ്സിന്‌ താഴെയുളള ഒരു കുട്ടിക്ക്‌ ഫുട്‌ബോളിലേക്ക്‌ വരുമ്പോള്‍ തന്നെ ഫുട്‌ബോളിന്റെ ലോകത്ത്‌ വിശാലമായ കാഴ്‌ച്ചപ്പാടുണ്ട്‌. ടെലിവിഷനില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോയും വെയിന്‍ റൂണിയും പന്ത്‌ തട്ടുന്നത്‌ അവന്‍ കാണുന്നുണ്ട്‌. കളിക്കു വേണ്ട ബൂട്ടും പാഡുകളും ജഴ്‌സിയുമെല്ലാം ലഭിക്കുമ്പോള്‍ ഉണ്ടാവുന്ന ഉണര്‍വ്‌ അവന്റെ പരിശീലനത്തില്‍ കാണാം.
സ്‌പോണ്‍സര്‍മാരില്ലാതെ എന്ത്‌ ചാമ്പ്യന്‍ഷിപ്പ്‌ എന്ന ഔദ്യോഗിക വിലാപത്തിന്‌ പ്രായം അധികമുണ്ട്‌. പണം മുടക്കാന്‍ വലിയ ഒരു കോര്‍പ്പറേറ്റ്‌്‌ കമ്പനിയില്ലെങ്കില്‍ ഒന്നും നടക്കില്ല എന്ന വിശ്വാസത്തിലാണ്‌ നമ്മുടെ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ മരവിച്ചത്‌. എന്നാല്‍ സ്വയം മുന്നിട്ടിറങ്ങിയാല്‍ ഒരു വലിയ സ്‌പോണ്‍സറില്ലാതെ, ഒന്നിലധികം ചെറിയ സ്‌പോണ്‍സര്‍മാരിലൂടെ ടീമിനെ വളര്‍ത്താനും ചാമ്പ്യന്‍ഷിപ്പുകള്‍ നടത്താനും കഴിയുമെന്ന്‌ പല അക്കാദമികളും ട്രസ്‌റ്റുകളും ഇപ്പോള്‍ തെളിയിച്ചു കൊണ്ടിരിക്കയാണ്‌. 2009 ല്‍ മലപ്പുറത്ത്‌ നടന്ന ആറ്‌ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക്‌ വലിയ സ്‌പോണ്‍സര്‍മാരുണ്ടായിരുന്നില്ല. കാണികളായിരുന്നു യഥാര്‍ത്ഥ സ്‌പോണ്‍സര്‍മാര്‍. ഒരു ചാമ്പ്യന്‍ഷിപ്പ്‌ വിജയിപ്പിക്കാന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയത്‌ ജനങ്ങളായിരുന്നു. കാസര്‍ക്കോട്‌ നടന്ന രണ്ട്‌ ടൂര്‍ണ്ണമെന്റുകളില്‍ കളിക്കാന്‍ അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയില്‍ നിന്ന്‌ പോലും ടീമുകളെത്തി. കോഴിക്കോട്‌ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തിയ ടാറ്റാ ടീ ആഴ്‌സനല്‍ ഇന്റര്‍ സ്‌ക്കൂള്‍ ചാമ്പ്യന്‍ഷിപ്പിന്‌ മാത്രമായിരുന്നു വലിയ സ്‌പോണ്‍സറുണ്ടായിരുന്നത്‌. ഓര്‍മ്മ കാര്‍ണിവലിനും യൂനിവേഴ്‌സല്‍ ചാമ്പ്യന്‍ഷിപ്പിനും വെറ്ററന്‍ ഫുട്‌ബോളേഴ്‌സിന്റെ ടൂര്‍ണ്ണമെന്റിനും മുഖ്യ പ്രായോജകരുണ്ടായിരുന്നില്ല. ഇവിടെ വിജയിക്കുന്നത്‌ സ്വയം മുന്നിട്ടിറങ്ങാനുളള ഊര്‍ജ്ജമാണ്‌. ഒരു ചാമ്പ്യന്‍ഷിപ്പിനെ വിജയിപ്പിക്കാന്‍ ജനങ്ങള്‍ക്കാവുന്നുവെങ്കില്‍ അടുത്ത വര്‍ഷം സ്വാഭാവികമായും സ്‌പോണ്‍സര്‍മാരെ ലഭിക്കും. കളിക്കാരുടെ നിലവാരമല്ല മല്‍സരങ്ങളുടെ കരുത്ത്‌. വ്യക്തമായ ലക്ഷ്യത്തില്‍ കളിക്കുന്ന പതിനൊന്ന്‌ പേര്‍ക്ക്‌ കാണികളെ ആകര്‍ഷിക്കാനും അവരുടെ പിന്തുണ നേടാനും കവിയും. ഒരു താരം നിലവാരത്തിലേക്കുയര്‍ന്ന്‌ സൂപ്പര്‍ താരമാവുന്നത്‌ അവന്റെ മികവിലാണെങ്കില്‍ ആ നിലവാരത്തെ കാത്തുസൂക്ഷിക്കാനും സംരക്ഷിക്കാനും അവന്‌ കഴിയണം. അതിന്‌ വേണ്ടത്‌ ചിട്ടയായ പരിശീലനവും പിന്തുണയുമാണ്‌. അത്‌ ഉറപ്പാക്കാന്‍ അക്കാദമികള്‍ക്ക്‌ കഴിയണം. നിയമം അനുശാസിക്കുന്ന വലുപ്പത്തിലുളള, സൗകര്യങ്ങളുളള മൈതാനം ലഭിക്കുക എളുപ്പമല്ല. അപ്പോള്‍ ലഭ്യതക്കനുസരിച്ചുളള സൗകര്യങ്ങളുമായി സമരസപ്പെടണം. മൈതാനത്തിന്റെ വലുപ്പത്തില്‍ ആകൃഷ്‌ടരാവുന്നവരല്ല കാണികള്‍. അങ്ങനെയാണെങ്കില്‍ സെവന്‍സ്‌ മല്‍സരങ്ങള്‍ വിജയിക്കില്ല.
മാനസികാരോഗ്യ കാര്യത്തിലാണ്‌ കേരളം പലപ്പോഴും പിറകോട്ട്‌ പോയിട്ടുള്ളത്‌. 90 മിനുട്ട്‌ കളിക്കാനുളള മാനസിക-ശാരീരിക കരുത്ത്‌ പലപ്പോഴും താരങ്ങള്‍ക്കുണ്ടാവാറില്ല. ആദ്യ പകുതിയില്‍ അദ്ധ്വാനിച്ച്‌ കളിക്കുമ്പോള്‍ രണ്ടാം പകുതിയില്‍ അതേ പോലെ തളരുന്നത്‌ പതിവ്‌ കാഴ്‌ച്ചയാണ്‌. മാനസികമായി വലിയ മല്‍സരങ്ങള്‍ക്ക്‌ തയ്യാറെടുക്കുമ്പോഴുണ്ടാവേണ്ട യോഗ്യതകളെക്കുറിച്ച്‌ പോലും ഇപ്പോള്‍ അക്കാദമികള്‍ കുട്ടികളുമായി സംവദിക്കുന്നുണ്ട്‌. പ്രതിയോഗികളെ പരാജയപ്പെടുത്താന്‍ മാനസികമായ ഊര്‍ജ്ജമാണ്‌ പരമപ്രധാനം. ഫുട്‌ബോളിന്റെ ആദ്യാവസാന കാര്യങ്ങളിലുടെയുള്ള പ്രായോഗിക പഠനം ചെറിയ പ്രായത്തില്‍ തന്നെ ലഭിക്കുമ്പോള്‍ കുട്ടികള്‍ക്ക്‌ അത്‌ നല്ല വഴികാട്ടിയാവുന്നു. വലിയ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്‌്‌ ശരിയായ ബോണസാണ്‌. സുബ്രതോ കപ്പ്‌ പോലുള്ള സ്‌ക്കൂള്‍ തല ചാമ്പ്യന്‍ഷിപ്പുകള്‍ യഥാര്‍ത്ഥ പരീക്ഷണശാലയാണ്‌.
കൂടുതല്‍ അറിവും, മല്‍സരാനുഭവങ്ങളും, ശിക്ഷണവും ചെറിയ പ്രായത്തില്‍ ലഭിക്കുമ്പോള്‍ കുട്ടികളിലെ ഫുട്‌ബോളര്‍മാര്‍ക്ക്‌ പ്രൊഫഷണലിസത്തിന്റെ കരുത്ത്‌ മനസ്സിലാവും. അവിടെ നമുക്ക്‌ വിജയിക്കാനാവും. അക്കാദമികതലും ട്രസ്റ്റുകളുമെല്ലാം സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റോടെയാണ്‌ കുട്ടികളെയും കലിയെയും സമീപിക്കുന്നത്‌. അതിനാല്‍ ഇനിയുള്ള വര്‍ഷങ്ങളില്‍ നമുക്ക്‌ പ്രതീക്ഷയോടെ കാത്തിരിക്കാം. നല്ല കുട്ടികള്‍ നമ്മുടെ അക്കാദമികളിലുണ്ട്‌. നല്ല പരിശീലകര്‍ അവരെ സഹായിക്കാനുണ്ട്‌. അവരെ പ്രോല്‍സാഹിപ്പിക്കാനും പിന്തുണക്കാനും നല്ല കായിക സംഘാടകരും ഫുട്‌ബോള്‍ പ്രേമികളുമുണ്ട്‌. പരാതികള്‍ക്ക്‌ തല്‍ക്കാലം സുല്ലിടാം-നാളെക്ക്‌ വേണ്ടി ഒരുങ്ങുന്ന നമ്മുടെ കുട്ടികള്‍ക്ക്‌ വേണ്ടി ഉച്ചത്തില്‍ കൈയ്യടിക്കാം. എല്ലാ കൊച്ചു ഫുട്‌ബോളര്‍മാര്‍ക്കും വിജയകരമായ സോക്കര്‍ 2010....... (അവസാനം)


വീണ്ടും റിക്കി, ഓസീ
മെല്‍ബണ്‍: ഉമര്‍ അക്‌മലിന്‌ അല്‍ഭുതങ്ങള്‍ കാട്ടാനായില്ല. യുവതാരത്തിന്റെ വിക്കറ്റ്‌ രാവില പൊലിഞ്ഞതോടെ മെല്‍ബണ്‍ ടെസ്‌റ്റിന്റെ അവസാന ദിവസത്തില്‍ അല്‍ഭുതങ്ങള്‍ക്ക്‌ ജീവന്‍ നല്‍കാന്‍ പാക്കിസ്‌താന്‌ കഴിഞ്ഞില്ല. 170 റണ്‍സിന്റെ വലിയ വിജയവുമായി ഓസ്‌ട്രേലിയ പരമ്പരയില്‍ 1-0 ത്തിന്‌ മുന്നിലെത്തി. നാലാം ദിവസത്തെ ബാറ്റിംഗിലുടെ പ്രതീക്ഷ സമ്മാനിച്ച പാക്കിസ്‌താന്‌ അവസാന ദിവസത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. സ്‌പിന്നര്‍ നതാന്‍ ഹൗറിറ്റ്‌സ്‌ ടെസ്‌റ്റ്‌ കരിയറിലെ ആദ്യ അഞ്ച്‌ വിക്കറ്റ്‌ നേട്ടം കൈവരിച്ചപ്പോള്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്‌ ഏറ്റവുമധികം ടെസ്‌റ്റ്‌ വിജയങ്ങള്‍ സ്വന്തം പേരിലാക്കിയ നായകനായി. എം.സി.ജിയില്‍ പാക്കിസ്‌താനെതിരെ നേടിയ വിജയം നായകനെന്ന നിലയില്‍ പോണ്ടിംഗിന്റെ നാല്‍പ്പത്തിരണ്ടാമത്തെ വിജയമാണ്‌. സ്റ്റീവ്‌ വോയെയാണ്‌ അദ്ദേഹം ഈ കാര്യത്തില്‍ പിറകിലാക്കിയത്‌. അവസാന സ്‌ക്കോര്‍ ഓസ്‌ട്രേലിയ 454-5, 225-8. പാക്കിസ്‌താന്‍ 258, 251.
മൂന്ന്‌ വിക്കറ്റിന്‌ 170 റണ്‍സ്‌ എന്ന നിലയിലാണ്‌ ഇന്നലെ പാക്കിസ്‌താന്‍ തുടങ്ങിയത്‌. നായകന്‍ മുഹമ്മദ്‌ യൂസഫിനൊപ്പം ഉമര്‍ ക്രിസിലുളളതിനാല്‍ മല്‍സരത്തിന്റെ അന്ത്യദിനം ആവേശകരമാക്കാന്‍ പാക്‌ കാണികളും ധാരാളമെത്തി. പക്ഷേ ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ മിച്ചല്‍ ജോണ്‍സണ്‍ പാക്കിസ്‌താന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. സമീപകാല പാക്കിസ്‌താന്‍ ക്രിക്കറ്റിലെ താരമായി മാറിയ ഉമര്‍ 27 റണ്‍സുമായി പുറത്തായി. കഴിഞ്ഞ പരമ്പരകളില്ലെല്ലാം പക്വതയുടെ ബാറ്റിംഗ്‌ നടത്തിയ പതിനേഴുകാരന്‍ ഇന്നലെ മിച്ചലിന്റെ ബൗണ്‍സറിലാണ്‌ വീണത്‌. അടുത്ത പന്തില്‍ തന്നെ മിസ്‌ബാഹുല്‍ ഹഖിനെയും മിച്ചല്‍ പുറത്താക്കിയപ്പോള്‍ ഓസ്‌ട്രേലിയക്ക്‌ ലഭിച്ചത്‌ തകര്‍പ്പന്‍ തുടക്കമായിരുന്നു. രണ്ട്‌ വിക്കറ്റുകള്‍ പെട്ടെന്ന്‌ നിലം പതിച്ചതോടെ പാക്കിസ്‌താന്റെ സ്‌ക്കോറിംഗ്‌ നിരക്ക്‌ മന്ദഗതിയിലായി. മുഹമ്മദ്‌ യൂസഫും വിക്കറ്റ്‌ കീപ്പര്‍ കമറാന്‍ അക്‌മലും പൊരുതിയെങ്കിലും റണ്‍സ്‌ പിറന്നില്ല. ഒടുവില്‍ ക്ഷമകെട്ട്‌ അക്‌മല്‍ ഹൗറിറ്റ്‌സിനെ ക്രീസ്‌ വിട്ട്‌ പ്രഹരിക്കാന്‍ ശ്രമിച്ചപ്പോള്‍ ബ്രാഡ്‌ ഹാദ്ദിന്റെ സ്‌റ്റംമ്പിംഗ്‌ ഓസ്‌ട്രേലിയക്ക്‌ കരുത്തായി. അടുത്ത പന്തില്‍ മുഹമ്മദ്‌ ആമിറിനെയും ഹൗറിറ്റ്‌സ്‌ വീഴ്‌ത്തി. ഷോട്ട്‌ ലെഗില്‍ സൈമണ്‍ കാറ്റിച്ചിനായിരുന്നു ക്യാച്ച്‌. അബ്‌ദുള്‍ റൗഫിന്‌ ഹാട്രിക്‌ തടയാന്‍ കഴിഞ്ഞു. പക്ഷേ ഡഫ്‌ ബൊളീഗ്നറുടെ അടുത്ത പന്തില്‍ റൗഫ്‌ മടങ്ങി. ലഞ്ച്‌ വരെ പൊരുതിയ യൂസഫ്‌ 61 ല്‍ പുറത്തായപ്പോള്‍ ചിത്രം പൂര്‍ണ്ണമായി. രണ്ട്‌്‌ ഇന്നിംഗ്‌സിലും മികച്ച ബാറ്റിംഗ്‌ നടത്തിയ ഷെയിന്‍ വാട്ട്‌സണാണ്‌ കളിയിലെ കേമന്‍. അടുത്ത ടെസ്റ്റ്‌ അടുത്തയാഴ്‌ച്ച സിഡ്‌നിയില്‍ നടക്കും.

നമ്പര്‍ വണ്‍ റിക്കി
മെല്‍ബണ്‍: അല്‍പ്പകാലമായി നിരാശയുടെ തട്ടകത്തായിരുന്നു റിക്കി പോണ്ടിംഗ്‌. ടെസ്‌റ്റ്‌ മല്‍സരങ്ങളില്‍ മാത്രമല്ല ഏകദിനങ്ങളിലും 20-20 യിലും ടീമിന്‌ പ്രതീക്ഷിച്ച നിലാവരത്തിലേക്കുയരാനായില്ല. നിര്‍ണ്ണായകമായ പല ടെസ്റ്റുകളിലും ടീം വെള്ളം കുടിച്ചു. പോണ്ടിംഗിനെ നായക സ്ഥാനത്ത്‌ നിന്ന്‌ മാറ്റണമെന്ന മുറവിളി ഉയര്‍ന്നു. പക്ഷേ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ റിക്കിയില്‍ പൂര്‍ണ്ണ വിശ്വാസമര്‍പ്പിച്ചപ്പോള്‍ ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ ഓസ്‌ട്രേലിയ ജേതാക്കളായി. ടെസ്‌റ്റ്‌ റാങ്കിംഗിലെ ആദ്യ സ്ഥാനം ഇന്ത്യക്ക്‌ നല്‍കേണ്ടി വന്നെങ്കിലും ഇപ്പോഴിതാ മെല്‍ബണില്‍ തകര്‍പ്പന്‍ വിജയവുമായി റിക്കി തിരിച്ചുവന്നിരിക്കുന്നു. തിരിച്ചുവരവില്‍ വലിയ ഒരു റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കി-ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഏറ്റവുമധികം വിജയങ്ങള്‍ സ്വന്തമാക്കുന്ന നായകന്‍. ഇത്‌ വരെ തന്റെ മുന്‍ഗാമി സ്‌റ്റീവ്‌ വോയുടെ പേരിലുളള റെക്കോര്‍ഡാണ്‌ എം.സി.ജിയിലെ വിജയം വഴി റിക്കി സ്വന്തം പേരിലാക്കിയത്‌. നായകന്‍ എന്ന നിലയില്‍ റിക്കിയുടെ നാല്‍പ്പത്തിരണ്ടാമത്തെ വിജയമാണിത്‌. 35 കാരനായ ടാസ്‌മാനിയക്കാരന്‍ 65 മല്‍സരങ്ങളിലാണ്‌ ടീമിനെ നയിച്ചത്‌. എന്നാല്‍ റെക്കോര്‍ഡുകളില്‍ കാര്യമില്ലെന്നാണ്‌ റിക്കി പറയുന്നത്‌.


ഡര്‍ബനില്‍ ഇംഗ്ലീഷ്‌ ചരിതം
ഡര്‍ബന്‍:1964 ലായിരുന്നു അവസാനമായി ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇംഗ്ലണ്ട്‌്‌ ഒരു ടെസ്റ്റില്‍ ഇന്നിംഗ്‌സ്‌ വിജയം സ്വന്തമാക്കിയത്‌. 45 വര്‍ഷത്തിന്‌ ശേഷമിതാ-ഇംഗ്ലീഷുകാര്‍ കിംഗ്‌സ്‌മീഡില്‍ മറ്റൊരു ഇന്നിംഗ്‌സ്‌ വിജയം സ്വന്തമാക്കിയിരിക്കുന്നു. മുപ്പതുകാരനായ സ്‌പിന്നര്‍ ഗ്രയീം സ്വാന്‍ കളം നിറഞ്ഞ മല്‍സരത്തില്‍ ഇന്നിംഗ്‌സിനും 98 റണ്‍സിനുമാണ്‌ ഇംഗ്ലണ്ട്‌ വിജയം വരിച്ചത്‌. നാലാം ദിവസം തന്നെ തോല്‍വി മുഖത്തായ ആതിഥേയര്‍ ഇന്നലെ രണ്ടാം ഇന്നിംഗ്‌സില്‍ 133 റണ്‍സിനാണ്‌ പുറത്തായത്‌. രണ്ടാം ഇന്നിംഗ്‌സില്‍ 54 റണ്‍സിന്‌ അഞ്ച്‌ വിക്കറ്റ്‌ സ്വന്തമാക്കിയ സ്വാനാണ്‌ കളിയിലെ കേമന്‍. 43 റണ്‍സിന്‌ നാല്‌ വിക്കറ്റ്‌ നേടിയ സ്റ്റ്യൂവര്‍ട്ട്‌ ബ്രോഡ്‌ സ്വാന്‌ നല്ല പിന്തുണ നല്‍കി. മൊത്തം രണ്ട്‌ ഇന്നിംഗ്‌സിലുമായി 164 റണ്‍സിന്‌ ഒമ്പത്‌ വിക്കറ്റുകളാണ്‌ സ്വാന്‍ വീഴ്‌ത്തിയത്‌. 2008 ഡിസംബറിലെ ഇന്ത്യന്‍ പര്യടനത്തിലൂടെ ടെസ്റ്റ്‌ അരങ്ങേറ്റം നടത്തിയ സ്വാന്‍ 54 വിക്കറ്റുകളാണ്‌ ഇതിനകം വീഴ്‌ത്തിയത്‌.
ആറ്‌ വിക്കറ്റിന്‌ 76 റണ്‍സ്‌ എന്ന നിലയിലാണ്‌ ഇന്നലെ ദക്ഷിണാഫ്രിക്ക ബാറ്റിംഗ്‌ ആരംഭിച്ചത്‌. വിക്കറ്റ്‌ കീപ്പര്‍ മാര്‍ക്ക്‌ ബൗച്ചര്‍, ഓള്‍റൗണ്ടര്‍ മോണ്ടി മോര്‍ക്കല്‍ എന്നിവരായിരുന്നു ക്രീസില്‍. ആദ്യ ഓവറില്‍ തന്നെ ബ്രോഡിനെതിരെ ബൗണ്ടറി നേടിയ മോര്‍ക്കല്‍ സ്‌പിന്നിനെതിരെ കളിക്കാന്‍ പ്രയാസപ്പെട്ടു. അദ്ദേഹം അതിവേഗം പുറത്താവുകയും ചെയ്‌തു. നാല്‌ ടെസ്‌റ്റുകള്‍ ഉള്‍പ്പെട്ട പരമ്പരയിലെ ആദ്യ മല്‍സരം സമനിലയില്‍ കരലാശിച്ചിരുന്നു. സ്വന്തം മൈതാനത്തേറ്റ തോല്‍വി ഗ്രയീം സ്‌മിത്ത്‌ നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ സംഘത്തിന്‌ കടുത്ത ആഘാതമാണ്‌.

ആഫ്രിക്കന്‍ തോല്‍വി ഇന്ത്യക്ക്‌ നേട്ടം
ഡര്‍ബന്‍: ഇംഗ്ലണ്ട്‌ രണ്ടാം ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്നിംഗ്‌സ്‌ വിജയം ആഘോഷിച്ചതിന്റെ നേട്ടം ഇന്ത്യക്കും. ഐ.സി.സി ടെസ്‌റ്റ്‌ റാങ്കിംഗില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക്‌ തൊട്ട്‌ പിറകെയാണ്‌ ദക്ഷിണാഫ്രിക്ക. അവര്‍ ഇംഗ്ലണ്ടിനെതിരെ വിജയിച്ചിരുന്നെങ്കില്‍ കൂടുതല്‍ പോയന്റ്‌്‌ സമ്പാദിക്കുമായിരുന്നു. ആഫ്രിക്കന്‍ തോല്‍വി റാങ്കിംഗില്‍ ഇന്ത്യക്ക്‌ ഗുണകരമായി.

ലാജോംഗ്‌ ചരിത്രമെഴുതി
ഗോഹട്ടി: ലാജോംഗ്‌ എഫ്‌.സി എന്ന പൂര്‍വേന്ത്യന്‍ ടീം ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോള്‍ ചരിത്രത്തില്‍ സ്ഥാനം നേടി. ഇന്നലെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന സെമി പോരാട്ടത്തില്‍ ഏക ഗോളിന്‌ ശക്തരായ ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ ഗോവയെ പരാജയപ്പെടുത്തിയത്‌ വഴി ലാജോംഗ്‌ കിഴക്കേ ഇന്ത്യയില്‍ നിന്നും ഫെഡറേഷന്‍ കപ്പ്‌ ഫൈനല്‍ കളിക്കുന്ന ആദ്യ ടീമായി മാറി. മല്‍സരത്തിന്റെ ഇരുപത്തിയൊമ്പതാം മിനുട്ടില്‍ സൈക്കോഹ തുബോയിയാണ്‌ നിര്‍ണ്ണായക ഗോള്‍ സ്വന്തമാക്കിയത്‌. കഴിഞ്ഞ സീസണില്‍ ഐ ലീഗ്‌ ഉള്‍പ്പെടെ നിരവധി കിരീടങ്ങള്‍ സ്വന്തമാക്കിയ ചര്‍ച്ചില്‍ തകര്‍പ്പന്‍ വിജയം തേടിയാണ്‌ കളിക്കാനിറങ്ങിയത്‌. എന്നാല്‍ അച്ചടക്കമുളള ഫുട്‌ബോളുമായി ലാജോംഗ്‌ കരുത്തരുടെ ആക്രമണ മുനയൊടിച്ചു. ആദ്യ സെമിയില്‍ എല്ലാവരും സാധ്യത കല്‍പ്പിച്ചിരുന്നത്‌ ചര്‍ച്ചിലിനാണ്‌. 2009 ല്‍ ഐ ലീഗിന്‌ പുറമെ ഐ.എഫ്‌.എ ഷീല്‍ഡും ഡ്യൂറാന്‍ഡ്‌ കപ്പും സ്വന്തമാക്കിയ ഗോവന്‍ സംഘത്തില്‍ ഒഡാഫെയെ പോലുള്ള വെടിക്കെട്ട്‌ സ്‌ട്രൈക്കര്‍മാരുമുണ്ടായിരുന്നു. തന്റെ ടീമിന്‌ ഇത്‌ വരെ ലഭിക്കത്ത ഫെഡറേഷന്‍ കപ്പ്‌ സ്വന്തമാക്കാന്‍ സെമിയില്‍ കാരുണ്യമില്ലാത്ത ഫുട്‌ബോള്‍ കാഴ്‌ച്ചവെക്കുമെന്ന്‌ ഒഡാഫെ പറയുകയും ചെയ്‌തിരുന്നു. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മൂന്ന്‌ മല്‍സരങ്ങളിലും മികച്ച വിജയങ്ങള്‍ക്കൊപ്പം ആറ്‌ ഗോളുകളും നേടിയ ടീമിന്‌ ഇന്നലെ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഒഡാഫെ പലവട്ടം കാത്താംഗ്‌ പെയെതെയിലുടെ ലാജോംഗിന്റെ പെനാല്‍ട്ടി ബോക്‌സില്‍ കയറിയെങ്കിലും അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ മാത്രം കഴിഞ്ഞില്ല.
ഇത്തവണ രണ്ടാം ഡിവിഷനില്‍ നിന്നും യോഗ്യത നേടി വന്ന ലാജോംഗിന്‌ ഐ ലീഗില്‍ നല്ല തുടക്കം ലഭിച്ചിരുന്നില്ല. എന്നാല്‍ ഫെഡറേഷന്‍ കപ്പില്‍ കളിച്ച മൂന്ന്‌ മല്‍സരങ്ങളിലും ഉജ്ജ്വല പ്രകടനമാണ്‌ അവര്‍ നടത്തിയത്‌. ഗ്രൂപ്പ്‌ ഡിയില്‍ ഡെംപോ ഉള്‍പ്പെടെയുള്ള കരുത്തരുമായാണ്‌ ലാജോംഗ്‌ കളിച്ചത്‌. ഗ്രൂപ്പ്‌ മല്‍സരങ്ങളില്‍ പ്രകടിപ്പിക്കാനായ കരുത്താണ്‌ സെമിയില്‍ കരുത്തര്‍ക്കെതിരെ ലാജോംഗ്‌ പ്രയോഗിച്ചത്‌. ഇന്ന്‌ നടക്കുന്ന രണ്ടാം സെമിയില്‍ കൊല്‍ക്കത്താ വൈരികളായ മോഹന്‍ ബഗാനും ഈസ്‌റ്റ്‌ ബംഗാളും കളിക്കും.

കാലിക്കറ്റ്‌ മുന്നില്‍ തന്നെ
ചെന്നൈ: അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌ മീറ്റിന്റെ മൂന്നാം ദിവസത്തിലും കാലിക്കറ്റ്‌ വാഴ്‌സിറ്റി ആധിപത്യം തുടരുന്നു. ഇന്നലെ നേടിയ ഏക സ്വര്‍ണ്ണത്തോടെ കാലിക്കറ്റിന്റെ സ്വര്‍ണ്ണ നേട്ടം ആറായി മാറി. ഗുരുനാനാക്ക്‌ സര്‍വകലാശാലയാണ്‌ രണ്ടാമത്‌. വനിതകളുടെ 10,000 മീറ്ററില്‍ ഗുരുനാനാക്കിന്റെ നവജോബര്‍ കൗര്‍ ഇന്നലെ മീറ്റ്‌ റെക്കോര്‍ഡോടെ സ്വര്‍ണ്ണം സ്വന്തമാക്കി. ആദ്യ രണ്ട്‌ ദിവസങ്ങളില്‍ നിന്നായി അഞ്ച്‌ സ്വര്‍ണ്ണവും രണ്ട്‌ വെളളിയും മൂന്നു വെങ്കലവും നേടിയ കാലിക്കറ്റിന്റെ താരം ടിന്റൂ ലൂക്കയായിരുന്നു. പുരുഷന്മാരുടെ 400 മീറ്ററില്‍ കുഞ്ഞുമുഹമ്മദാണ്‌ കാലിക്കറ്റിന്റെ കരുത്തിന്‌ തെളിവായ മറ്റൊരു താരം.

കേരളം ജയിച്ചു
ന്യൂഡല്‍ഹി: ദേശീയ സീനിയര്‍ സെപാക്‌തകാരോ മല്‍സരത്തില്‍ കേരളത്തിന്റെ പുരുഷന്മാര്‍ രാജസ്ഥാനെ പരാജയപ്പെടുത്തി. സ്‌ക്കോര്‍ 21-14, 21-19. അതേ സമയം വനിതകള്‍ പഞ്ചാബിനോട്‌ പരജയപ്പെട്ടു.

No comments: