Saturday, December 19, 2009

DHONI OUT


ധോണിക്ക്‌ വിലക്ക്‌
നാഗ്‌പ്പൂര്‍: ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണിക്ക്‌ രണ്ട്‌ മല്‍സര വിലക്ക്‌. നാഗ്ഗ്‌പ്പൂരില്‍ ശ്രീലങ്കക്കെതിരായി ന
ടന്ന രണ്ടാം ഏകദിനത്തിലെ മോശം ഓവര്‍നിരക്കിനാണ്‌ നായകന്‌ വിലക്ക്‌. നാളെ കട്ടക്കിലും 24 ന്‌ കൊല്‍ക്കത്തയിലും നടക്കുന്ന മല്‍സരങ്ങളില്‍ ധോണിക്ക്‌ പകരം വിരേന്ദര്‍ സേവാഗ്‌ ടീമിനെ നയിക്കും. ഡല്‍ഹിയില്‍ നടക്കുന്ന പരമ്പരയിലെ അവസാന മല്‍സരത്തില്‍ ധോണിക്ക്‌ തിരിച്ചുവരാനാവും. ധോണിക്ക്‌ പകരം അടുത്ത രണ്ട്‌ ഏകദിനങ്ങളിലേക്ക്‌ തമിഴ്‌നാട്ടില്‍ നിന്നുളള വിക്കറ്റ്‌ കീപ്പര്‍ ദിനേശ്‌ കാര്‍ത്തിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തി. അസുഖബാധിതനായ എസ്‌.ശ്രീശാന്തിന്‌ പകരം ഇഷാന്ത്‌ ശര്‍മ്മയും ടീമിലെത്തി.
നാഗ്ഗ്‌പ്പൂരില്‍ ഇന്ത്യന്‍ പരാജയത്തില്‍ കലാശിച്ച മല്‍സരത്തില്‍ നിശ്ചിത സമയം പിന്നിടുമ്പോള്‍ ഇന്ത്യ മൂന്ന്‌ ഓവര്‍ പിറകിലായിരുന്നു. 10-15 ന്‌ അവസാനിക്കേണ്ട മല്‍സരം 11 മണിക്കാണ്‌ സമാപിച്ചത്‌. ഏകദിന ക്രിക്കറ്റ്‌ ചട്ടപ്രകാരം കുറ്റകരമായ അനാസ്ഥയാണ്‌ ഇതെന്നും അതിനാല്‍ വിലക്കല്ലാതെ മറ്റ്‌ മാര്‍ഗ്ഗമില്ലെന്നും മാച്ച്‌ റഫറി ജെഫ്‌ ക്രോ വ്യക്തമാക്കി. നിശ്ചിതസമയത്ത്‌ രണ്ട്‌ ഓവര്‍ ഇന്ത്യ പിറകിലായിരുന്നെങ്കില്‍ ചെറിയ ശിക്ഷയില്‍ രക്ഷപ്പെടാമായിരുന്നു. എന്നാല്‍ മൂന്ന്‌ ഓവറുകള്‍ ഇന്ത്യ പിന്നിലായതിനാല്‍ ശിക്ഷ കുറക്കാന്‍ കഴിയാത്ത അവസ്ഥയായി. ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സങ്കക്കാരയും ശിക്ഷിക്കപ്പെടുമായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ടീം നേരിയ മാര്‍ജിനില്‍ രക്ഷപ്പെട്ടു.
ഓവര്‍ റേറ്റ്‌ പ്രശ്‌നത്തില്‍ ധോണിയുടെ മുന്‍ഗാമി സൗരവ്‌ ഗാംഗുലി ഉള്‍പ്പെടെയുളളവര്‍ പലവട്ടം ശിക്ഷിക്കപ്പെട്ടിരുന്നു. നിശ്ചിത സമയത്ത്‌ തന്നെ ഇന്നിംഗ്‌സ്‌ പൂര്‍ത്തിയാക്കാത്തപക്ഷം അത്‌ നിയമപരമായ പ്രശ്‌നമാമെന്ന്‌ ജെഫ്‌ ക്രോ പറഞ്ഞു. നിശ്ചിത സമയത്ത്‌ നിന്ന്‌ 45 മിനുട്ട്‌ വൈകിയാണ്‌ മല്‍സരം അവസാനിച്ചത്‌. ഇന്ത്യന്‍ ടീം വിജയിക്കാനായാണ്‌ പരിശ്രമിച്ചത്‌. അതിന്റെ ഭാഗമായാണ്‌ മല്‍സരം വൈകിയതും. എന്നാല്‍ നിയമത്തെ മാനിക്കാന്‍ നിര്‍ബന്ധിതനായതിനാല്‍ ഈ കാര്യത്തില്‍ വിട്ടുവീഴ്‌ച്ചക്ക്‌ കഴിയില്ലെന്നും ന്യൂസിലാന്‍ഡുകാരനായ മാച്ച്‌ റഫറി അറിയിച്ചു. ഏകദിന പരമ്പരക്ക്‌ മുമ്പ്‌ തന്നെ രണ്ട്‌ ക്യാപ്‌റ്റന്മാരെയും ഈ കാര്യം അറിയിച്ചിരുന്നു. മല്‍സര സ്‌പിരിറ്റ്‌ നിലനിര്‍ത്തുന്നതിനൊപ്പം നിയമങ്ങള്‍ പാലിക്കാനും നായകരെ ഉപദേശിച്ചിരുന്നു.
ധോണിക്ക്‌ മാത്രമല്ല ശിക്ഷ. ഇന്ത്യന്‍ ടീമിലെ എല്ലാവര്‍ക്കും അവരുടെ മല്‍സര വരുമാനത്തിന്റെ നാല്‍പ്പത്‌ ശതമാനം നഷ്ടമാവും. ശിക്ഷ നിയമപ്രകാരമുളളതായതിനാല്‍ അപ്പീല്‍ നല്‍കുന്നതല്ലെന്ന്‌്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ധോണിയെ വിലക്കിയുളള പ്രഖ്യാപനം കേട്ടുവെന്നതല്ലാതെ ഇത്‌ വരെ ഔദ്യോഗികമയി അറിയിപ്പ്‌ ലഭിച്ചിട്ടില്ലെന്നും അതിനായി കാത്തിരിക്കയാണെന്നും ക്രിക്കറ്റ്‌ ബോര്‍ഡ്‌ ചീഫ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ രത്‌നാങ്കര്‍ ഷെട്ടി വ്യക്തമാക്കി. നിയമത്തെ അനുസരിക്കുന്നതായി ധോണി പറഞ്ഞു.
20-20 പരമ്പരക്കിടെ മൊഹാലിയില്‍ നടന്ന മല്‍സരത്തില്‍ നിന്ന്‌ മോശം ഓവര്‍ റേറ്റിന്‌ ഭാഗ്യത്തിനാണ്‌ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സങ്കക്കാര രക്ഷപ്പെട്ടത്‌. നിശ്ചിത സമയത്ത്‌ ലങ്കന്‍ ടീം രണ്ട്‌ ഓവര്‍ കുറവാണ്‌ എറിഞ്ഞിരുന്നത്‌. രണ്ട്‌ ഓവര്‍ മാത്രമായതിനാല്‍ ശിക്ഷ പിഴയില്‍ ഒതുങ്ങി. മൊഹാലി മല്‍സരത്തിനിടെ പലവട്ടം ഓവര്‍ റേറ്റിന്റെ കാര്യം ഫീല്‍ഡ്‌ അമ്പയര്‍മാര്‍ സങ്കക്കാരയെ ധരിപ്പിച്ചിരുന്നതായി ക്രോ പറഞ്ഞു. ആ മല്‍സരത്തില്‍ ഇത്‌ കൊണ്ടാണ്‌ സങ്ക രക്ഷപ്പെട്ടത്‌. അദ്ദേഹത്തിന്റെ ടീം മൂന്ന്‌ ഓവര്‍ കുറവാണ്‌ നിശ്ചിത സമയത്ത്‌ എറിഞ്ഞിരുന്നതെങ്കില്‍ തീര്‍ച്ചയായും വിലക്ക്‌ വരുമായിരുന്നു. ഇപ്പോള്‍ ശിക്ഷ ലഭിച്ചതിനാല്‍ ധോണിക്ക്‌ മുന്നറിയിപ്പിുമുണ്ട്‌. അടുത്ത പന്ത്രണ്ട്‌ മാസത്തെ സമയത്തില്‍ ഇതേ തെറ്റ്‌ ആവര്‍ത്തിച്ചാല്‍ വലിയ വിലക്കാണ്‌ അദ്ദേഹത്തിന്‌ ലഭിക്കുക.
നാഗ്‌പ്പൂര്‍ മല്‍സരത്തിനിടെ അമ്പയറുടെ തീരുമാനത്തില്‍ അസംതൃപ്‌തി പ്രകടിപ്പിച്ചതിന്‌ ഗൗതം ഗാംഭീറിന്‌ ശിക്ഷയില്ല. മല്‍സരത്തില്‍ ഗാംഭീര്‍ നാടകീയമായി റണ്ണൗട്ടാവുകയായിരുന്നു. റണ്‍ എടുക്കുന്നതിനിട ക്രീസിന്റെ മധ്യത്തില്‍ വെച്ച്‌ ലങ്കന്‍ ബൗളര്‍ ആഞ്ചലോ മാത്യൂസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗാംഭീര്‍ ക്രിസിലെത്തും മുമ്പ്‌ ബെയില്‍ തെറിച്ചിരുന്നു. ഈ പ്രശ്‌നത്തില്‍ മൂന്നാം അമ്പയറാണ്‌ ബാറ്റ്‌സ്‌മാനെതിരെ തീരുമാനമെടുത്തത്‌. ഗാംഭീര്‍ തെറ്റ്‌ ചെയ്‌തിട്ടില്ലെന്ന്‌ വ്യക്തമായ സാഹചര്യത്തിലാണ്‌ അദ്ദേഹത്തിന്‌ ശിക്ഷ നല്‍കാതിരുന്നതെന്ന്‌ പറഞ്ഞ ക്രോ പ്രശ്‌നത്തില്‍ ലങ്കന്‍ ബൗളര്‍ ബോധപൂര്‍വമായ ശ്രമം നടത്തിയിട്ടില്ലെന്നും പറഞ്ഞു.
ഇന്ത്യ-ശ്രീലങ്ക പരമ്പരയിപ്പോള്‍ 1-1 ലാണ്‌. രാജ്‌ക്കോട്ടില്‍ നടന്ന ആദ്യ മല്‍സരത്തില്‍ ഇന്ത്യ മൂന്ന്‌ റണ്‍സിന്റെ നാടകീയ വിജയം ആസ്വദിച്ചപ്പോള്‍ നാഗ്ഗ്‌പ്പൂരില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച്‌ ലങ്ക മൂന്ന്‌ വിക്കറ്റിന്റെ വിജയമാണ്‌ നേടിയത്‌. രണ്ട്‌ മല്‍സരങ്ങളിലും തകര്‍പ്പന്‍ ബാറ്റിംഗ്‌ പ്രകടനം നടത്തിയ ധോണിയെ അടുത്ത രണ്ട്‌്‌ മല്‍സരങ്ങളില്‍ ലഭിക്കാത്തത്‌്‌ ഇന്ത്യക്ക്‌ തിരിച്ചടിയാവും. ഫോമില്‍ കളിക്കുന്ന താരമാണ്‌ ധോണി. പരുക്ക്‌ മൂലം വിശ്രമിക്കുന്ന യുവരാജ്‌ സിംഗിന്റെ സേവനവും കട്ടക്കിലും കൊല്‍ക്കത്തയിലും ഇന്ത്യക്ക്‌ ഉറപ്പില്ല. നായകനായ വിരേന്ദര്‍ സേവാഗിന്റെ ഫോമാണ്‌ ടീമിന്‌ പ്രധാന ആശ്രയം.

ഒരു വിക്കറ്റ്‌ വിജയം നിശ്ചയിക്കും
പെര്‍ത്ത്‌: വിന്‍ഡീസിന്‌ ജയിക്കാന്‍ വേണ്ടത്‌ 51 റണ്‍സ്‌-ശേഷിക്കുന്നത്‌ ഒരു വിക്കറ്റും. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്‌റ്റിന്റെ അവസാന ദിവസ പോരാട്ടം ഇന്ന്‌ വാക്കയില്‍ നടക്കുമ്പോള്‍ കാര്യങ്ങള്‍ ആതിഥേയര്‍ക്ക്‌ അനുകൂലമാണ്‌. പക്ഷേ ശക്തമായ ചേസിംഗ്‌ നടത്തിയ കരീബിയന്‍ സംഘത്തെ എഴുത്തിത്തള്ളാനാവില്ല. ഇന്നലെ തന്നെ മല്‍സരം പൂര്‍ത്തിയാക്കാന്‍ പഠിച്ച പതിനെട്ട്‌ അടവുകളും റിക്കി പോണ്ടിംഗ്‌ പയറ്റിയിരുന്നു. എന്നാല്‍ കരീബിയന്‍ സംഘം പോരാട്ടവീര്യം തുടര്‍ന്നു. ഇന്ന്‌ അവസാന വിക്കറ്റില്‍ എന്തെങ്കിലും അല്‍ഭുതം കാണിക്കാനാവുമെന്ന പ്രതീക്ഷ ബാക്കിനിര്‍ത്തിയാണ്‌ അവര്‍ സ്റ്റംമ്പിന്‌ പിരിഞ്ഞത്‌.
വലിയ ലക്ഷ്യത്തിലേക്ക്‌ ബാറ്റേന്തിയ വിന്‍ഡീസ്‌ തുടക്കത്തില്‍ തന്നെ തകര്‍ന്നിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ മിന്നല്‍ സെഞ്ച്വറി സ്വന്തമാക്കിയ നായകന്‍ ക്രിസ്‌ ഗെയിലും സീനിയര്‍ ബാറ്റ്‌സ്‌മാന്‍ രാം നരേഷ്‌ സര്‍വനും ലഞ്ചിന്‌ മുമ്പ്‌ തന്നെ മടങ്ങിയിരുന്നു. ഉച്ചഭക്ഷണ സമയത്ത്‌ കരിബീയന്‍ സ്‌ക്കോര്‍ മൂന്ന്‌ വിക്കറ്റിന്‌ 68 റണ്‍സായിരുന്നു. ബ്രിസ്‌ബെനില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ മൂന്ന്‌ ദിവസത്തിനകം തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ഓസീസ്‌ ഇവിടെയും അതേ ജയം ആവര്‍ത്തിക്കുമെന്ന ഘട്ടത്തിലാണ്‌ നര്‍സിംഗ്‌ ദിനനാരായണും ബ്രെന്‍ഡന്‍ നാഷും പൊരുതിയത്‌. രണ്ട്‌ പേരും ഒരു തരത്തിലും വിട്ടുകൊടുത്തില്ല. പക്ഷേ അവസാനത്തില്‍ ഇരുവരും മടങ്ങിയപ്പോള്‍ പോണ്ടിംഗ്‌ അരമണിക്കൂര്‍ സമയം കൂടുതല്‍ ചോദിച്ചു. ഈ സമയത്ത്‌ വാലറ്റക്കാരെ പുറത്താക്കാമെന്നാണ്‌ അദ്ദേഹം കരുതിയത്‌. പക്ഷേ സുലൈമാന്‍ ബെന്‍, രവി രാംപാല്‍ എന്നിവരെയാണ്‌ ഓസീസിന്‌ പുറത്താക്കാന്‍ കഴിഞ്ഞത്‌. കെമാര്‍ റോച്ചും ഗവിന്‍ ടോംഗുമാണ്‌ ഇപ്പോള്‍ ക്രീസില്‍. ഈ അവസാന വിക്കറ്റ്‌ സഖ്യം 30 പന്തില്‍ ഇതിനകം 29 റണ്‍സ്‌ നേടിയിട്ടുണ്ട്‌. ഒമ്പത്‌ വിക്കറ്റിന്‌ 308 റണ്‍സാണ്‌ ഇപ്പോള്‍ കരീബിയന്‍ സ്‌ക്കോര്‍.
വാക്കയില്‍ മൂന്നാം ദിവസം ഡഫ്‌ ബൊളിഗ്നറെ പോലുളള സീമര്‍മാര്‍ അരങ്ങ്‌ തകര്‍ത്ത കാഴ്‌ച്ചയില്‍ നാലാം ദിവസത്തില്‍ വിന്‍ഡീസ്‌ ബാറ്റിംഗ്‌ നിരക്ക്‌ കാര്യമായ പ്രതീക്ഷയുണ്ടായിരുന്നില്ല. സമനില ലക്ഷ്യമാക്കിയാണ്‌ അവര്‍ കളിച്ചത്‌. പക്ഷേ ദിനനാരായണും നാഷും തമ്മിലുളള സഖ്യത്തിന്റെ ചെറുത്തുനില്‍പ്പില്‍ ബൗളര്‍മാര്‍ വിയര്‍ത്തു. 128 റണ്‍സാണ്‌ ഈ സഖ്യം നേടിയത്‌. ദിനനാരായണ്‍ 82 റണ്‍സ്‌ നേടിയപ്പോള്‍ പുതിയ താരമായ നാഷ്‌ 65 റണ്‍സ്‌ സ്വന്തമാക്കി. മിച്ചല്‍ ജോണ്‍സണാണ്‌ ഈ സഖ്യം തകര്‍ത്തത്‌. വയറുവേദനയുണ്ടായിട്ടും ക്യാപ്‌റ്റന്‍ പോണ്ടിംഗ്‌ ആവശ്യപ്പെട്ട പ്രകാരം പന്തെറിഞ്ഞ മിച്ചല്‍ മൂന്ന്‌ വിക്കറ്റ്‌ സ്വന്തമാക്കിയപ്പോള്‍ അദ്ദേഹത്തിന്‌ ഉറച്ച പിന്തുണ നല്‍കുന്നതില്‍ മറ്റുള്ളവര്‍ പരാജയപ്പെട്ടു.
ഓസീസിന്‌ വെല്ലുവിളിയുമായി ക്രിസില്‍ നിലകൊണ്ട ധനേഷ്‌ രാംദിനെ ക്ലിന്റ്‌ മക്കേ പുറത്താക്കിയതോടെയാണ്‌ വിന്‍ഡീസ്‌ ചെറുത്തുനില്‍പ്പ്‌ ചോദ്യം ചെയ്യപ്പെട്ടത്‌. എന്നാല്‍ മിച്ചല്‍ ജോണ്‍സന്റെ ഒരു ഓവറില്‍ രണ്ട്‌ സിക്‌സറുകള്‍ സ്വന്തമാക്കി സുലൈമാന്‍ ബെന്‍ കിഴടങ്ങാന്‍ ഭാവമില്ലെന്ന്‌ പ്രഖ്യാപിച്ചു. ഷെയിന്‍ വാ്‌ടസണ്‍ വന്നപ്പോഴാണ്‌ നാഷ്‌ വീണത്‌. എന്നിട്ടും വാലറ്റക്കാര്‍ പതറാതെ കളിച്ചു. ഇന്ന്‌ ചിലപ്പോള്‍ എല്ലാം പെട്ടെന്ന്‌ അവസാനിക്കും. വിന്‍ഡീസ്‌ അവസാന വിക്കറ്റ്‌ പൊരുതുന്ന പക്ഷം പോണ്ടിംഗിന്റെ മുപ്പത്തിയഞ്ചാം പിറന്നാള്‍ ആഘോഷത്തില്‍ വെള്ളം കയറും.

അംല പൊരുതുന്നു
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്‌റ്റിന്റെ നാലാം ദിവസവും മേല്‍കൈ ദക്ഷിണാഫ്രിക്കക്ക്‌. മല്‍സരത്തിന്റെ അവസാന റിപ്പോര്‍ട്ട്‌ ലഭിക്കുമ്പോള്‍ 244 റണ്‍സിന്റെ ലീഡാണ്‌ ആതിഥേയര്‍ സ്വന്തമാക്കിയിരിക്കുന്നത്‌. ഒന്നാം ഇന്നിംഗ്‌സില്‍ 418 റണ്‍സില്‍ പുറത്തായ ദക്ഷിണാഫ്രിക്ക എതിരാളികളുടെ ആദ്യ ഇന്നിംഗ്‌സ്‌ 356 ല്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ കണ്ടത്‌ രണ്ടാം ഇന്നിംഗ്‌സില്‍ ശക്തമായി തിരിച്ചുവരുന്ന ഇംഗ്ലീഷ്‌ ബൗളര്‍മാരെയാണ്‌. ദക്ഷിണാഫ്രിക്കന്‍ മുന്‍നിരയിലെ ആദ്യ നാല്‌ വിക്കറ്റുകള്‍ വളരെ പെട്ടെന്ന്‌ സ്വന്തമാക്കിയ ഇംഗ്ലീഷുകാര്‍ക്ക്‌ പക്ഷേ ഹാഷിം അംലയെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അംലയുടെ കരുത്തിലാണ്‌ (91 നോട്ടൗട്ട്‌) ദക്ഷിണാഫ്രിക്ക പൊരുതുന്നത്‌. ആദ്യ ഇന്നിംഗ്‌സിലെന്ന പോലെ നായകന്‍ ഗ്രയീം സ്‌മിത്തിന്‌ രണ്ടാം ഇന്നിംഗ്‌സിലും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ഗ്രയീം ഒനിയന്‍സിന്റെ പന്തിലാണ്‌ സ്‌മിത്ത്‌ പുറത്തായത്‌. സ്‌മിത്തിനൊപ്പം ഇന്നിംഗ്‌സിന്‌ തുടക്കമിട്ട ആഷ്‌വെല്‍ പ്രിന്‍സ്‌ പൂജ്യനായപ്പോള്‍ പോള്‍ ഹാരിസ്‌ പതിനൊന്നിനും കാലിസ്‌ നാലിനും പുറത്തായി. പിന്നെയാണ്‌ അംലയും എബി ഡി വില്ലിയേഴ്‌സും പൊരുതിയത്‌. ഡി വില്ലിയേഴ്‌സ്‌ പുറത്തായ ശേഷമെത്തിയ ജെ.പി ഡുമിനിക്ക്‌ പക്ഷേ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ മാര്‍ക്ക്‌ ബൗച്ചറാണ്‌ അംലക്കൊപ്പം ക്രീസില്‍.

കളിക്കാം
മഡ്‌ഗാവ്‌: മഹേഷ്‌ ഗാവ്‌ലിക്കും സമീര്‍ നായിക്കിനും ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബിനായി കളിക്കാം. ഇരുവര്‍ക്കുമെതിരെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കൈകൊണ്ട ശിക്ഷണ നടപടി പിന്‍വലിച്ചു. ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോളില്‍ പങ്കെടുക്കുന്ന ഡെംപോ സംഘത്തില്‍ രണ്ട്‌ പേരുമുണ്ടാവും. മഡ്‌ഗാവില്‍ നടന്ന ഇന്ത്യന്‍ ക്യാമ്പില്‍ രണ്ട്‌ പേരും പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന്‌ രണ്ട്‌ താരങ്ങളെയും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ വിലക്കിയിരുന്നു. ഈ വിലക്കിനെതിരെ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ബൈജൂംഗ്‌ ബൂട്ടിയ ഉള്‍പ്പെടെയുളളവര്‍ രംഗത്ത്‌ വന്നപ്പോള്‍ പ്രശ്‌നം വഷളായി. രണ്ട്‌ പേര്‍ക്കും പരുക്കുള്ളതിനാലാണ്‌ ഇന്ത്യന്‍ ക്യാമ്പിലേക്ക്‌ അയക്കാതിരുന്നത്‌ എന്നാണ്‌ ഡെംപോ നല്‍കിയ വീശദീകരണം. ക്ലബും ഫെഡറേഷനും തമ്മിലുളള വടം വലിയില്‍ താരങ്ങളെ ബലിയാടാക്കരുതെന്നാണ്‌ ബൂട്ടിയ ആവശ്യപ്പെട്ടത്‌. പരുക്ക്‌ മൂലം ഐ ലീഗിലെ ഒരു മല്‍സരം പോലും കളിക്കാന്‍ കഴിയാതിരുന്ന രണ്ട്‌ പേരെയും ദേശീയ ക്യാമ്പിലേക്ക്‌ അയച്ചാല്‍ അത്‌ വിപരീതഫലമുണ്ടാക്കുമെന്ന ഡെംപോയുടെ മറുപടി പക്ഷേ ഇപ്പോഴും ഫെഡറേഷന്‍ മുഖവിലക്കെടുത്തിട്ടില്ല. അവര്‍ക്ക്‌ അഞ്ച്‌ ലക്ഷത്തിന്റെ പിഴയാണ്‌ വിധിച്ചിരിക്കുന്നത്‌.

ഐ ലീഗ്‌ വൈകും
കോഴിക്കോട്‌: ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ നടക്കുന്നതിനാല്‍ ഐ ലീഗ്‌ ഫുട്‌ബോളിന്റെ അടുത്ത ഘട്ടം നിശ്ചയിച്ചതില്‍ നിന്നും വൈകും. ജനുവരി മൂന്നിനാണ്‌ അടുത്ത ഘട്ടം മല്‍സരങ്ങള്‍ പ്ലാന്‍ ചെയ്‌തിരുന്നത്‌. എന്നാല്‍ ഇത്‌ ആറിലേക്ക്‌ മാറാനാണ്‌ സാധ്യത. കോഴിക്കോട്‌ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ മൂന്നിനാണ്‌ വിവയും ജെ.സി.ടിയും തമ്മിലുളള മല്‍സരം നടക്കുമെന്ന്‌ അറിയിച്ചത്‌. എന്നാല്‍ ഈ രണ്ട്‌ ടീമുകളും ഫെഡറേഷന്‍ കപ്പില്‍ കളിക്കുന്നുണ്ട്‌. എട്ട്‌ റൗണ്ട്‌ മല്‍സരങ്ങളാണ്‌ ഇത്‌ വരെ ഐ ലീഗില്‍ നടന്നത്‌. ജനുവരി മൂന്നിന്‌ തന്നെ മുംബൈ എഫ്‌.സി-ഈസ്‌റ്റ്‌ ബംഗാള്‍ മല്‍സരവും ചര്‍ച്ചില്‍ സാല്‍ഗോക്കര്‍ പോരാട്ടവും നിശ്ചിയിച്ചിരുന്നു. നാലിന്‌ ചിരാഗ്‌ യുനൈറ്റഡും ഡെംപോയും, എയര്‍ ഇന്ത്യയും മോഹന്‍ ബഗാനും, സാല്‍ഗോക്കറും പൂനെ എഫ്‌.സി പോരാട്ടവും നിശ്ചയിച്ചിട്ടുണ്ട്‌. ഈ ഷെഡ്യൂളെല്ലാം മാറും. 16 പോയന്റുമായി ചര്‍ച്ചില്‍ ബ്രദേഴ്‌സാണ്‌ ഇപ്പോള്‍ മുന്നില്‍. 15 പോയന്റ്‌്‌ വീതം നേടിയ ഡെംപോയും ചിരാഗും പിറകിലുണ്ട്‌. കേരളത്തിന്റെ ഏക പ്രതിനിധികളായ വിവ പതിനാലാം സ്ഥാനത്താണ്‌. ഏഴ്‌ കളികളില്‍ നിന്നും നാല്‌ പോയന്റാണ്‌ അവരുടെ സമ്പാദ്യം.

ഫെഡറേഷന്‍ കപ്പ്‌ നാളെ മുതല്‍
ഗോഹട്ടി: മുപ്പത്തിയൊന്നാമത്‌ ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‌ നാളെ ഇവിടെ തുടക്കം. ആദ്യ മല്‍സരത്തില്‍ കൊല്‍ക്കത്താ വൈരികളായ മോഹന്‍ ബഗാനും മുഹമ്മദന്‍സ്‌ സ്‌പോര്‍ട്ടിംഗും കളിക്കും. നഗോണില്‍ നടന്ന അവസാന യോഗ്യതാ പോരാട്ടത്തില്‍ ജമ്മു കാശ്‌മീര്‍ ബാങ്കിനെ ഒരു ഗോളിന്‌ തോല്‍പ്പിച്ചാണ്‌ മുഹമ്മദന്‍സ്‌ യോഗ്യത നേടിയത്‌. സ്‌ട്രൈക്കര്‍ സത്യജിത്‌ ബോസാണ്‌ ഇരുപത്തിനാലാം മിനുട്ടില്‍ നിര്‍ണ്ണായക ഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. ഗ്രൂപ്പ്‌ ബിയില്‍ ബഗാന്‌ പുറമെ മഹീന്ദ്ര യുനൈറ്റഡും ചിരാഗുമാണ്‌ മുഹമ്മദന്‍സിന്റെ എതിരാളികള്‍.

No comments: