Tuesday, December 1, 2009

THE ONE AND ONLY MESSI






മെസിക്ക്‌ യൂറോപ്യന്‍ ബഹുമതി
പാരീസ്‌: സ്‌പാനിഷ്‌ ക്ലബായ ബാര്‍സിലോണക്ക്‌ സീസണില്‍ മൂന്ന്‌ കിരീടങ്ങള്‍ സംഭാവന ചെയ്‌ത അര്‍ജന്റീനക്കാരന്‍ പോരാളി ലയണല്‍ മെസിയെ തേടി യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ബഹുമതി...! ഫ്രഞ്ച്‌ ഫുട്‌ബോള്‍ മാഗസീനായ ഫ്രാന്‍സ്‌ ഫുട്‌ബോളിന്റെ യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ്‌ ദ ഇയര്‍ പട്ടം ഇരുപത്തിരണ്ടുകാരന്‍ സ്വന്തമാക്കി. ദേശീയ പരിശീലകരും നായകരും വിധികര്‍ത്താക്കളായ തകര്‍പ്പന്‍ മല്‍സരത്തില്‍ വലിയ വിത്യാസത്തില്‍ പോര്‍ച്ചുഗലുകാരനും റയല്‍ മാഡ്രിഡിന്റെ മുന്‍നിരക്കാരനുമായ കൃസ്‌റ്റിയാനോ റൊണാള്‍ഡോയെ പിന്തള്ളിയാണ്‌ മെസി ഒന്നാമനായത്‌. മെസിക്ക്‌ 473 പോയന്റ്‌ ലഭിച്ചപ്പോള്‍ റൊണാള്‍ഡോ വളരെ പിറകിലായിരുന്നു-233 പോയന്റുകളാണ്‌ അദ്ദേഹത്തിന്‌ സ്വന്തമാക്കാന്‍ കഴിഞ്ഞത്‌. മൂന്നാം സ്ഥാനത്ത്‌ വന്നത്‌ 170 പോയന്റുകളുമായി ബാര്‍സയില്‍ മെസിയുടെ സഹതാരമായ സാവിയാണ്‌. സ്‌പെയിനില്‍ നിന്നുളള ആന്‍ഡ്രിയാസ്‌ ഇനിയസ്റ്റക്കാണ്‌ (149 പോയന്റ്‌) നാലാം സ്ഥാനം. കഴിഞ്ഞ സീസണില്‍ ബാര്‍സ വിട്ട്‌ ഇപ്പോള്‍ ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍ മിലാനില്‍ കളിക്കുന്ന കാമറൂണുകാരന്‍ സാമുവല്‍ ഇറ്റോയാണ്‌ അഞ്ചാം സ്ഥാനത്ത്‌. മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ മുന്‍നിരക്കാരന്‍ വെയിന്‍ റൂണിക്ക്‌ വലിയ സാധ്യത കല്‍പ്പിച്ചിരുന്നുവെങ്കിലും അദ്ദേഹം എട്ടാം സ്ഥാനത്താണ്‌ വന്നത്‌. മറ്റൊരു ഇംഗ്ലീഷ്‌ പ്രതീക്ഷയായ ലിവര്‍പൂളിന്റെ നായകന്‍ സ്റ്റീവന്‍ ജെറാര്‍ഡിന്‌ പത്താം സ്ഥാനമാണ്‌ ലഭിച്ചത്‌. ഒമ്പതാം സ്ഥാനത്ത്‌ വന്നത്‌ ചെല്‍സിയുടെ ഐവറി കോസ്‌റ്റുകാരന്‍ ദീദിയര്‍ ദ്രോഗ്‌ബെ.
ഒരു താരത്തിന്‌ ലഭിക്കുന്ന ഏറ്റവുമധികം പോയന്റുകളാണ്‌ മെസി സമ്പാദിച്ചിരിക്കുന്നത്‌. 96 ജൂറിമാരാണ്‌ താരങ്ങള്‍ക്ക്‌ വോട്ട്‌ ചെയ്‌തത്‌. ഇതില്‍ ഏഴ്‌ പോയന്റ്‌ മാത്രമാണ്‌ മെസിക്ക്‌ കുറഞ്ഞത്‌.
ഈ ബഹുമതി സ്വന്തമാക്കുന്ന ആറാമത്തെ ബാര്‍സാ താരമാണ്‌ മെസി. 2005 ല്‍ ബ്രസീലുകാരന്‍ റൊണാള്‍ഡിഞ്ഞോയാണ്‌ അവസാനമായി ഈ ബഹുമതി സ്വന്തമാക്കിയ ബാര്‍സാ താരം. അര്‍ജന്റീനയിലേക്ക്‌ ഈ യൂറോപ്യന്‍ ബഹുമതി വരുന്നതും വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌. 1957 ല്‍ ആല്‍ഫ്രെഡ്‌ ഡി സ്റ്റെഫാനോക്ക്‌ ഈ പുരസ്‌ക്കാരം ലഭിച്ചിരുന്നു. അതിന്‌ ശേഷം ഒരു അര്‍ജന്റീനക്കാരും ഈ ബഹുമതിയിലേക്ക്‌ വന്നിട്ടില്ല.
ഇപ്പോള്‍ ബാര്‍സയുമായുളള മെസിയുടെ കരാര്‍ 2016 വരെ തുടരും. ഇവിടെ കരിയര്‍ മുഴുവന്‍ തുടരാനാണ്‌ അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്‌. കഴിഞ്ഞ സീസണില്‍ ബാര്‍സക്കായി ഏറ്റവുമധികം ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌ത താരം മെസിയാണ്‌. യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ അദ്ദേഹം സ്‌ക്കോര്‍ ചെയ്‌തിരുന്നു. ചാമ്പ്യന്‍സ്‌ ലീഗില്‍ മാത്രം ഒമ്പത്‌ ഗോളുകളാണ്‌ അദ്ദേഹം സ്‌ക്കോര്‍ ചെയ്‌തത്‌.
2000 ത്തില്‍ പ്രായം പതിമൂന്ന്‌ വയസ്സുള്ളപ്പോള്‍ ബാര്‍സയില്‍ ചേര്‍ന്നിട്ടുണ്ട്‌ മെസി. ഇടം കാലന്‍ മുന്‍നിരക്കാരനായിട്ടും അദ്ദേഹത്തിന്റെ തുടക്കം മുതലുളള പൊസിഷന്‍ വലത്‌ വിംഗായിരുന്നു. പന്തുമായുളള തകര്‍പ്പന്‍ ഓട്ടവും ഡ്രിബ്‌ളിംഗും പിന്നെ കൗശലത്തോടെയുളള നീക്കങ്ങളും ലോകത്തിന്റെ ഉയരങ്ങളിലേക്ക്‌ അതിവേഗം അദ്ദേഹത്തെയെത്തിച്ചു. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡിയാഗോ മറഡോണയെ അനുസ്‌മരിപ്പിക്കുന്ന പ്രകടനമാണ്‌ അദ്ദേഹം നടത്തിയിട്ടുളളത്‌. പതിനാറ്‌ വയസ്സുളളപ്പോള്‍ അദ്ദേഹം ബാര്‍സ സീനിയര്‍ ടീമില്‍ കളിച്ചു. അന്ന്‌ ടീമിന്റെ കോച്ച്‌ ഡച്ചുകാരനായ ഫ്രാങ്ക്‌ റെയ്‌ക്കാര്‍ഡായിരുന്നു. ബാര്‍സാ സംഘത്തിലേക്ക്‌ 2008 ല്‍ ഡാനിയല്‍ ആല്‍വസ്‌ വന്നപ്പോഴാണ്‌ വിംഗില്‍ നിന്നും മെസിക്ക്‌ മോചനം ലഭിച്ചത്‌. തുടര്‍ന്ന്‌ അദ്ദേഹം മിഡ്‌ഫില്‍ഡറായി. സ്‌പാനിഷ്‌ താരങ്ങളായ സാവി, ഇനിയസ്റ്റ എന്നിവരുടെ പിന്തുണ കൂടി ലഭിച്ചപ്പോള്‍ ആര്‍ക്കും പിടിച്ചാല്‍ കിട്ടാത്ത താരമായി മെസി വളര്‍ന്നു. കഴിഞ്ഞ സീസണില്‍ പങ്കെടുത്ത എല്ലാ മല്‍സരങ്ങളില്‍ നിന്നുമായി 38 ഗോളുകളാണ്‌ മെസി ബാര്‍സക്കായി സ്‌ക്കോര്‍ ചെയ്‌തത്‌. കേവലം 22 വയസ്സിനിടെ വലിയ നേട്ടങ്ങളാണ്‌ ബാര്‍സക്കായി അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്‌. മൂന്ന്‌ തവണ ബാര്‍സ സ്‌പാനിഷ്‌ ലീഗ്‌ ജേതാക്കളായി, രണ്ട്‌ തവണ യൂറോപ്യന്‍ കിരീടം സ്വന്തമാക്കി, ഒരു തവണ സ്‌പാനിഷ്‌ കിംഗ്‌സ്‌ കപ്പും. ദേശീയ തലത്തില്‍ പക്ഷേ വലിയ നേട്ടങ്ങള്‍ മെസിക്കില്ല. അര്‍ജന്റീനയുടെ താരമായി അദ്ദേഹം പലപ്പോഴും തപ്പിതടയുന്ന കാഴ്‌ച്ചയാണ്‌ കാണാനായത്‌. 2005 ല്‍ അണ്ടര്‍ 20 ലോകകപ്പ്‌ അര്‍ജന്റീന നേടുമ്പോള്‍ മെസിയായിരുന്നു നായകന്‍. ആ ചാമ്പ്യന്‍ഷിപ്പിലെ ടോപ്‌ സ്‌ക്കോറര്‍ പട്ടവും അദ്ദേഹം സ്വന്തമാക്കി. കഴിഞ്ഞ ഒളിംപിക്‌സില്‍ അദ്ദേഹം രാജ്യത്തിന്‌ സ്വര്‍ണ്ണം സമ്മാനിച്ചു. ഇനി അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പ്‌. തട്ടിമുട്ടിയാണ്‌ മെസിയും സംഘവും യോഗ്യത നേടിതെങ്കില്‍ പോലും ലക്ഷകണക്കിന്‌ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ പ്രേമികള്‍ മെസിയില്‍ നിന്ന്‌ വലിയ അല്‍ഭുതമാണ്‌ പ്രതീക്ഷിക്കുന്നത്‌.

വലിയ നേട്ടമെന്ന്‌ മെസി
ബാര്‍സിലോണ: സ്‌പാനിഷ്‌ ലീഗില്‍ ബദ്ധവൈരികളായ റയല്‍ മാഡ്രിഡിനെ നുവോ കാംമ്പ്‌ പോരാട്ടത്തില്‍ ഏക ഗോളിന്‌ തോല്‍പ്പിച്ചതിന്റെ ആഹ്ലാദം വിട്ടും മാറു മുമ്പാണ്‌ ലയണല്‍ മെസിയെ തേടി ഏറ്റവും വലിയ സന്തോഷ വാര്‍ത്തയെത്തിയത്‌. യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്കുളള സ്വര്‍ണ്ണ പന്തിനുടമയായതിലെ സന്തോഷം അദ്ദേഹം മറച്ചുവെച്ചതുമില്ല. ബാര്‍സിലോണക്ക്‌ പോയ സീസണ്‍ വലിയ നേട്ടത്തിന്റെതായതിനാല്‍ തനിക്ക്‌ അംഗീകാരം ലഭിക്കുമെന്ന നേരിയ പ്രതീക്ഷയുണ്ടായിരുന്നതായി യുവതാരം പറഞ്ഞു. എന്നാല്‍ വലിയ സോക്കര്‍ താരങ്ങള്‍ക്ക്‌ മാത്രം ലഭിച്ചിട്ടുളള ഈ പുരസ്‌ക്കാരം സ്വന്തമാക്കുമ്പോള്‍ തന്നിലെ ഉത്തരവാദിത്ത്വം വര്‍ദ്ധിക്കുന്നതിന്റെ സമ്മര്‍ദ്ദമുണ്ടെന്ന്‌ മെസി പറഞ്ഞു. വലിയ മാര്‍ജിനിലാണ്‌ ഒന്നാം സ്ഥാനത്ത്‌ വന്നിരിക്കുന്നത്‌. ഇത്‌ പ്രതീക്ഷിച്ചതല്ല. ഈ വിജയം എന്റെ കുടുംബത്തിനും ക്ലബിനും സമ്മാനിക്കുകയാണ്‌. എന്റെ ഫുട്‌ബോള്‍ കരിയറില്‍ എന്നും ഒപ്പം നിന്നിട്ടുള്ളത്‌ വീട്ടുകരാണ്‌-സൂപ്പര്‍ താരം പറഞ്ഞു.
ഈ ബഹുമതി മറ്റാരേക്കാളും മെസിയാണ്‌ അര്‍ഹിച്ചതെന്ന്‌ ബാര്‍സയുടെ കോച്ച്‌ പെപ്‌ ഗുര്‍ഡിയോള അഭിപ്രായപ്പെട്ടു. കഴിഞ്ഞ സീസണില്‍ ടീം നേടിയ മൂന്ന്‌ കിരീടത്തിലും വ്യക്തമായ പങ്ക്‌ മെസിക്കുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. മെസിയുടെ നേട്ടത്തില്‍ അല്‍ഭുതമില്ലെന്ന്‌ അര്‍ജന്റീനിയന്‍ ദേശീയ ടീമിന്റെ പരിശീലകന്‍ മറഡോണ പറഞ്ഞു. ഇന്ന്‌ ലോകത്തിലെ ഫുട്‌ബോളര്‍മാരില്‍ പ്രതിഭയുടെ കാര്യത്തില്‍ മെസിയെ പിറകിലാക്കാന്‍ ആരുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പിന്‍ഗാമിയായി മെസിയെ വാഴ്‌ത്തിയതും മറഡോണയായിരുന്നു.

മെസി -സ്‌കെച്ച്‌
ജനനം 1987 ജൂണ്‍ 24ന്‌ റോസരിയോയില്‍. 2000 ത്തില്‍ 13 വയസ്സ്‌ മാത്രമുളളപ്പോള്‍ ബാര്‍സിലോണ ഫുട്‌ബോള്‍ അക്കാദമിയില്‍ ചേരുന്നു. 2003 ല്‍ 16 വയസ്സുളളപ്പോള്‍ ബാര്‍സാ സീനിയര്‍ ടീമിനായി കളിക്കുന്നു. 2005 ല്‍ ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ അര്‍ജന്റീനയുടെ നായകനായി കപ്പ്‌ രാജ്യത്തിന്‌ സമ്മാനിക്കുന്നു. അതേ വര്‍ഷം സ്‌പാനിഷ്‌ പൗരത്വം നേടുന്നു. 2005-06 സീസണില്‍ ബാര്‍സക്കായി 17 മല്‍സരങ്ങളില്‍ നിന്ന്‌ ആറ്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യുന്നു. 2008 ല്‍ ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ രാജ്യത്തിന്‌ സ്വര്‍ണ്ണം സമ്മാനിക്കുന്നു. അതേ വര്‍ഷം ഫിഫ ഫുട്‌ബോളര്‍ ഓഫ്‌ ദ ഇയര്‍ പട്ടത്തില്‍ റണ്ണേഴ്‌സ്‌ അപ്പാവുന്നു. 2009 ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനല്‍ പോരാട്ടത്തില്‍ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തു.

കാത്തിരിക്കുന്നു ഫിഫ പട്ടം
മാഡ്രിഡ്‌: ഡിസംബര്‍ 21 വരെ തല്‍ക്കാലം കാത്തിരിക്കുക-അന്നാണ്‌ ഫിഫയുടെ ഫുട്‌ബോളര്‍ ഓഫ്‌ ദ ഇയര്‍ പട്ടം പ്രഖ്യാപിക്കുന്നത്‌. നിലവിലുളള സാഹചര്യത്തിലും പ്രകടനത്തിലും ആ ബഹുമതി മെസിക്കല്ലാതെ മറ്റാര്‍ക്കുമാവില്ല. കഴിഞ്ഞ വര്‍ഷം ചെറിയ മാര്‍ജിനില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ പിറകിലേക്ക്‌ പോയ മെസിക്ക്‌ ഇത്തവണ എല്ലാം അനുകൂലമാണ്‌. യൂറോപ്യന്‍ പട്ടത്തില്‍ അദ്ദേഹത്തിന്‌ ലഭിച്ച വലിയ വോട്ടുകള്‍ തന്നെ വ്യക്തമായ തെളിവാണ്‌.

തേര്‍ഡ്‌ ഐ കമാല്‍ വരദൂര്‍
അര്‍ഹിച്ചത്‌ തന്നെ
ലയണല്‍ മെസി അര്‍ഹിച്ച നേട്ടമാണിത്‌... ബാര്‍സിലോണ എന്ന സ്‌പാനിഷ്‌ ക്ലബിന്‌ സീസണില്‍ മൂന്ന്‌ കിരീടങ്ങള്‍ സമ്മാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ച താരത്തിനല്ലാതെ മറ്റാര്‍ക്കാണ്‌ യൂറോപ്യന്‍ ഫുട്‌ബോള്‍ പട്ടം നല്‍കുക...! ലോക ഫുട്‌ബോളില്‍ വ്യക്തിഗത മികവില്‍ മിന്നുന്ന നിരവധി താരങ്ങളുണ്ട്‌. ആ പട്ടികയില്‍ മെസിക്കൊപ്പം കൃസ്റ്റിയാനോ റൊണാള്‍ഡോ, ഫെര്‍ണാണ്ടോ ടോറസ്‌, സെസ്‌ക്‌ ഫാബ്രിഗസ്‌, തിയറി ഹെന്‍ട്രി, സുല്‍ത്താന്‍ ഇബ്രാഹീമോവിച്ച്‌, റോബിഞ്ഞോ, വെയിന്‍ റൂണി, സ്‌റ്റീവന്‍ ജെറാര്‍ഡ്‌, ഫ്രാങ്ക്‌ ലംപാര്‍ഡ്‌ തുടങ്ങിയവരെല്ലാം വരും. പക്ഷേ വ്യക്തിഗത മികവില്‍ ഒരു താരം സ്വന്തം ക്ലബിന്‌ അംഗീകാരങ്ങള്‍ സമ്മാനിക്കുന്നത്‌ മാനദണ്‌ഠമാക്കിയാല്‍ അത്‌ മെസിക്കുള്ളതാണ്‌. കാരണം റൊണാള്‍ഡോക്കും റൂണിക്കും ജെറാര്‍ഡിനും ഇബ്രാഹിമോവിച്ചിനും റോബിഞ്ഞോക്കുമൊന്നും സ്വന്തം ടീമിനായി കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. റൊണാള്‍ഡോ പോയ വര്‍ഷം കളിച്ചത്‌ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിനായിരുന്നു. അവര്‍ക്ക്‌ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ കിരീടം ലഭിച്ചത്‌ പോര്‍ച്ചുഗലുകാരന്റെ കരുത്തിലായിരുന്നു. എന്നാല്‍ റൊണാള്‍ഡോയും മെസിയും യുവേഫ ചാമ്പ്യന്‍സ്‌ ലീഗിന്റെ ഫൈനലില്‍ കളിച്ചപ്പോള്‍ ഇരുവരും തമ്മിലുള്ള അന്തരം പ്രകടമായി. മെസിയുടെ കരുത്തിലാണ്‌ ബാര്‍സ ഫൈനല്‍ ജയിച്ചത്‌. പോയ വര്‍ഷത്തില്‍ ഇതേ ബഹുമതി റൊണാള്‍ഡോ നേടിയത്‌ അദ്ദേഹത്തിന്‌ മാഞ്ചസ്‌റ്ററിന്‌ കൂടുതല്‍ അംഗീകാരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞത്‌ കൊണ്ടാണ്‌. മെസിയിലേക്ക്‌ വരുമ്പോള്‍ അദ്ദേഹത്തിന്റെ കരുത്തിന്‌ ലോക ഫുട്‌ബോള്‍ സാക്ഷ്യം വഹിക്കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. പതിനാറാം വയസ്സില്‍ തുടങ്ങിയ മെസിയുടെ യാത്ര ഇപ്പോള്‍ ഇരുപത്തിരണ്ടില്‍ എത്തി നില്‍ക്കുന്നു. ചെറിയ പ്രായത്തില്‍ അദ്ദേഹം ധാരാളം കിരീടങ്ങളാണ്‌ ടീമിന്‌ സമ്മാനിച്ചത്‌. അതിനൊപ്പം ദേശീയ ടീമിന്‌ അണ്ടര്‍ 20 ലോകകപ്പും ഒളിംപിക്‌സ്‌ സ്വര്‍ണ്ണവും സമ്മാനിച്ചു. ചെറിയ പ്രായത്തില്‍ വലിയ മല്‍സരങ്ങളില്‍ സമ്മര്‍ദ്ദത്തിലും പ്രകടിപ്പിക്കുന്ന അനായാസതയാണ്‌ മെസിയുടെ സവിശേഷത. ആ സവിശേഷത അംഗീകാരങ്ങള്‍ അര്‍ഹിക്കുന്നു. ഫിഫയുടെ പട്ടവും ഇത്തവണ അദ്ദേഹത്തിനുള്ളതായിരിക്കും.

നെഞ്ചിടിപ്പ്‌
കേപ്‌ടൗണ്‍: നെഞ്ചിടിപ്പിലാണ്‌ ഫുട്‌ബോള്‍ ലോകം.....! അടുത്ത വര്‍ഷം ജൂണില്‍ നടക്കാന്‍ പോവുന്ന ലോകകപ്പ്‌ ഫൈനല്‍ റൗണ്ടിലെ ഫിക്‌സ്‌ച്ചര്‍ നിര്‍ണ്ണയത്തിന്‌ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്‌. ഡിസംബര്‍ നാലിന്‌ രാത്രിയിലാണ്‌ ആ ദിവസം. കേപ്‌ടൗണിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ലോക സോക്കറിലെ അതികായരെ സാക്ഷിയാക്കിയാണ്‌ ഗ്രൂപ്പ്‌ നിര്‍ണ്ണയവും ഫിക്‌സച്ചര്‍ നിര്‍ണ്ണയവും. 32 ടീമുകളാണ്‌ ഫൈനല്‍ റൗണ്ടില്‍ കളിക്കുന്നത്‌. എല്ലാവരും വന്‍ ടെന്‍ഷനിലാണ്‌. എളുപ്പമുള്ള ഗ്രൂപ്പില്‍ സ്വന്തം ടീം അകപെടാന്‍ വലിയ പ്രാര്‍ത്ഥന പോലും പലയിടങ്ങളിലും നടക്കുന്നു. നാല്‌ വര്‍ഷം മുമ്പ്‌ ജര്‍മനിയില്‍ നടന്ന ലോകകപ്പിലെ ഗ്രൂപ്പ്‌ സി യാണ്‌ എല്ലാവരുടെയും ഓര്‍മ്മയില്‍... ആ മരണഗ്രൂപ്പില്‍ കളിച്ചത്‌ അര്‍ജന്റീനയും ഐവറി കോസ്‌റ്റും ഹോളണ്ടും സെര്‍ബിയയുമായിരുന്നു. അത്തരം ഒരു ഗ്രൂപ്പില്‍ പെട്ടാല്‍ ആദ്യ റൗണ്ടില്‍ തന്നെ ചക്രശ്വാസം വലിക്കേണ്ടി വരുമെന്ന സത്യം തിരിച്ചറിഞ്ഞാണ്‌ ടീമുകള്‍ പ്രാര്‍ത്ഥനയിലേക്ക്‌ നീങ്ങുന്നത്‌.

എച്ച്‌.ഏ.എല്‍ ഫൈനലില്‍
കോഴിക്കോട്‌: കനത്ത മഴയിലും ഗോളടിക്കാന്‍ മറക്കാതിരുന്ന ഹിന്ദുസ്ഥാന്‍ ഏറനോട്ടിക്‌സ്‌ ലിമിറ്റഡ്‌ (എച്ച്‌.ഏ.എല്‍) മനോഹരമായ മൂന്ന്‌ ഗോളുകള്‍ക്ക്‌ ടൈറ്റാനിയം തിരുവനന്തപുരത്തെ പരാജയപ്പെടുത്തി ഫെഡറേഷന്‍ കപ്പ്‌ ദക്ഷിണ മേഖലാ യോഗ്യതാ മല്‍സരങ്ങളുടെ ഫൈനല്‍ പോരാട്ടത്തിന്‌ യോഗ്യത നേടി. നാളെ നടക്കുന്ന മല്‍സരത്തില്‍ എസ്‌.ബി.ടി തിരുവനന്തപുരമാണ്‌ പ്രതിയോഗികള്‍. ഈ മല്‍സരത്തില്‍ ജയിക്കുന്നവര്‍ ഫെഡറേഷന്‍ കപ്പ്‌ ഫൈനല്‍ റൗണ്ടില്‍ ദക്ഷിണ മേഖലയെ പ്രതിനിധീകരിക്കും. സ്‌ക്കോര്‍നില സൂചിപ്പിക്കും പോലെ ഏകപക്ഷീയമായിരുന്നില്ല പോരാട്ടം. പക്ഷേ അച്ചടക്കമുളള ക്ലീന്‍ ഫുട്‌ബോളില്‍ ബാംഗ്ലൂര്‍ ടീം മൂന്ന്‌ ഗോളുകള്‍ നേടി. ഇരുപത്തിയഞ്ചാം മിനുട്ടില്‍ നൈജീരിയക്കാരന്‍ ഫ്രെഡറിക്‌ ഒക്‌ വാഗ്‌ബെയാണ്‌ ആദ്യ ഗോള്‍ നടിയത്‌. രണ്ടാം പകുതിയില്‍ ആറ്‌ മിനുട്ടിനിടെ സതീഷ്‌ കൂമാര്‍ ജൂനിയര്‍ ബാംഗ്ലൂരിന്റെ ആധിപത്യമുറപ്പിച്ച്‌ രണ്ട്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തു.

No comments: