Friday, December 18, 2009

LANKANS COMEBACK

ലങ്ക തിരിച്ചടിച്ചു
നാഗ്‌പ്പൂര്‍: രണ്ടം ഏകദിനത്തില്‍ ലങ്കക്ക്‌ മൂന്ന്‌ വിക്കറ്റ്‌ വിജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ സമ്പാദിച്ച 301 റണ്‍സിനെതിരെ അഞ്ച്‌ പന്തുകള്‍ ബാക്കിനില്‍ക്കെ ലങ്ക ലക്ഷ്യത്തിലെത്തി. തകര്‍പ്പന്‍ തുടക്കമാണ്‌ ലങ്ക നേടിയത്‌. ഇന്ത്യന്‍ നായകന്‍ എം.എസ്‌ ധോണിയുടെ സെഞ്ച്വറിക്ക്‌ അതേ നാണയത്തില്‍ തിലകരത്‌നെ ദില്‍ഷാന്‍ മറുപടി നല്‍കിയപ്പോള്‍ മല്‍സരം ആദ്യാവസാനം ആവേശകരമായി. ഒന്നാം വിക്കറ്റില്‍ ദില്‍ഷാനും ഉപുല്‍ തരംഗയും ചേര്‍ന്ന്‌ 102 റണ്‍സാണ്‌ നേടിയത്‌. പതിനാലാം ഓവറിലാണ്‌ ഈ കൂട്ടുകെട്ട്‌ തകര്‍ക്കാന്‍ ഇന്ത്യക്കായത്‌. പകരമെത്തിയ സങ്കക്കാര പതിവ്‌ പോലെ ആക്രമിച്ചാണ്‌ കളിച്ചത്‌. ദില്‍ഷാനും ഫോമിലേക്കുയര്‍ന്നപ്പോള്‍ റണ്‍സ്‌ എളുപ്പമായി. സങ്ക റണ്ണൗട്ടായപ്പോഴെത്തിയ മഹേലയും റണ്‍നിരക്ക്‌ വര്‍ദ്ധിപ്പിച്ചു.
ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ മിന്നിയത്‌ നായകന്‍ എം.എസ്‌ ധോണിയായിരുന്നു. പതിവ്‌ തട്ടുതകര്‍പ്പന്‍ ശൈലിയില്‍ സെഞ്ച്വറി സ്വന്തമാക്കിയ അദ്ദേഹത്തിന്‌ യുവതാരങ്ങളായ വിരാത്‌ കോഹ്‌ലിയും സുരേഷ്‌ റൈനയും നല്‍കിയ പിന്തുണയില്‍ 301 റണ്‍സാണ്‌ ടീം ആദ്യം ബാറ്റ്‌ ചെയ്‌ത്‌ നേടിയത്‌. രാജ്‌ക്കോട്ടില്‍ ബാറ്റിംഗ്‌ വെടിക്കെട്ട്‌ നടത്തിയ വിരേന്ദര്‍ സേവാഗിനെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായതും ഗൗതം ഗംഭീര്‍ പിറകെ റണ്ണൗട്ടായതും ഇന്ത്യയെ ബാധിച്ചിരുന്നു. വെലിഗിഡാര എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്ത്‌ തന്നെ അതിര്‍ത്തി കടത്തിയ സേവാഗ്‌ നാലാം പന്തില്‍ സങ്കക്കാരയുടെ തകര്‍പ്പന്‍ ക്യാച്ചിനിരയായപ്പോള്‍ ബാറ്റിംഗ്‌ ഓര്‍ഡറില്‍ പ്രൊമോഷന്‍ ലഭിച്ച ഗാംഭീറിന്‌ രണ്ട്‌ റണ്‍സ്‌ മാത്രമാണ്‌ സ്‌ക്കോര്‍ ചെയ്യാന്‍ കഴിഞ്ഞത്‌. പക്ഷേ വിരാത്‌ കോഹ്‌ലിയെ നേരത്തെ അയക്കാനുളള ധോണിയുടെ തന്ത്രം വിജയിച്ചു. യുവതാരം ബാറ്റിംഗിന്‌ അനുകൂലമായ സാഹചര്യം ഉപയോഗപ്പെടുത്തി കരിയറിലെ മൂന്നാം അര്‍ദ്ധശതകം നേടിയപ്പോള്‍ ബാറ്റിംഗ്‌ പവര്‍ പ്ലേ ആനുകൂല്യം ഉപയോഗപ്പെടുത്തിയ സുരേഷ്‌ റൈനയാണ്‌ ഇന്നിംഗ്‌സിനും സ്‌ക്കോര്‍ബോര്‍ഡിനും വേഗതയേകിയത്‌. സേവാഗും ഗാംഭീറും വേഗത്തില്‍ പുറത്തായതിനാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കൂറ്റന്‍ ഷോട്ടുകള്‍ക്ക്‌ മുതിര്‍ന്നില്ല. കോഹ്‌ലിക്കൊപ്പം ഇന്നിംഗ്‌സ്‌ പടുത്തുയര്‍ത്തിയ സച്ചിന്‍ നാല്‌ ബൗണ്ടറികളില്‍ നിന്ന്‌ 43 റണ്‍സാണ്‌ നേടിയത്‌. 54 റണ്‍സ്‌ നേടിയ കോഹ്‌ലി പുതിയ ബൗളര്‍ രണ്‍ദീവിന്‌ മുന്നില്‍ പുറത്തായതിന്‌ ശേഷമാണ്‌ ധോണിയും റൈനയും ഒരുമിച്ചത്‌. ഈ സഖ്യമാണ്‌ സ്‌ക്കോറിംഗിന്‌ മാന്യത നല്‍കിയതും. 111 പന്തില്‍ നിന്ന്‌ 107 റണ്‍സാണ്‌ ധോണി നേടിയത്‌. റൈന നാല്‌ ബൗണ്ടറികളും മൂന്ന്‌ സിക്‌സറുകളും പായിച്ച്‌ 68 റണ്‍സ്‌ സ്വന്തമാക്കി. ലങ്കക്ക്‌ വേണ്ടി രണ്‍ദീവ്‌ 51 റണ്‍സിന്‌ മൂന്ന്‌ പേരെ പുറത്താക്കി.

സ്‌ക്കോര്‍കാര്‍ഡ്‌
ഇന്ത്യ: സേവാഗ്‌-സി-സങ്ക-ബി-വെലിഗിഡാര-4, സച്ചിന്‍-സ്‌റ്റംമ്പ്‌ഡ്‌ സങ്ക-ബി-മെന്‍ഡിസ്‌-43, ഗാംഭീര്‍-റണ്ണൗട്ട്‌-2, കോഹ്‌ലി-എല്‍.ബി.ഡബ്ല്യൂ-ബി-രണ്‍ധീവ്‌-54, ധോണി-സി-ദില്‍ഷാന്‍-ബി-രണ്‍ധീവ്‌-107, റൈന-സി-രണ്‍ധീവ്‌-ബി-മാത്യൂസ്‌-68, ജഡേജ-നോട്ടൗട്ട്‌-12, ഹര്‍ഭജന്‍-സ്‌റ്റംമ്പ്‌ഡ്‌ സങ്കക്കാര-ബി-രണ്‍ധീവ്‌-0, എക്‌സ്‌ട്രാസ്‌-11, ആകെ ഏഴ്‌ വിക്കറ്റിന്‌ 301. വിക്കറ്റ്‌ പതനം: 1-4 (വീരു), 2-19 (ഗാംഭീര്‍), 3-81 (സച്ചിന്‍), 4-132 (കോഹ്‌ലി), 5-258 (റൈന), 6-300 (ധോണി), 7-301 (ഹര്‍ഭജന്‍). ബൗളിംഗ്‌: വെലിഗിഡാര 9-0-53-1, മാത്യൂസ്‌ 10-1-60-1, ലക്‌മാല്‍ 8-0-57-0, മെന്‍ഡിസ്‌ 10-0-57-1, രണ്‍ധീവ്‌ 10-0-51-3, ദില്‍ഷാന്‍ 3-0-16-0.
ലങ്ക: തരംഗ-സി-സേവാഗ്‌-ബി-ഹര്‍ഭജന്‍-37, ദില്‍ഷാന്‍-ബി-നെഹ്‌റ-123, സങ്ക-റണ്ണൗട്ട്‌-21, മഹേല-സി-ധോണി-ബി-സഹീര്‍-39, കാഡംബി-സി-കോഹ്‌ലി-ബി-സഹീര്‍-27, കപ്പുഗുഡേര-ബി-സഹീര്‍-7. വിക്കറ്റ്‌ പതനം: 1-102 (തരംഗ), 2-147 (സങ്ക), 3-213 (ദില്‍ഷാന്‍), 4-232 (മഹേല), 5-264 (കാഡംബ),6-267 (കപ്പുഗുഡേര)
വാക്കയില്‍ ആവേശം
പെര്‍ത്ത്‌:ഓസ്‌ട്രേലിയയും വിന്‍ഡീസും തമ്മിലുള്ള മൂന്നാം ടെസ്റ്റ്‌ ആവേശകരമായ അന്ത്യത്തിലേക്ക്‌. മല്‍സരത്തിന്റെ മൂന്നാം ദിവസം സമാപിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ്‌ തകര്‍ച്ച നേരിട്ടുവെങ്കിലും ആതിഥേയരാണ്‌ ഡ്രൈവിംഗ്‌ സീറ്റില്‍. പേസര്‍മാരെ തുണക്കുന്ന പിച്ചില്‍ 345 റണ്‍സിന്റെ മികച്ച ലീഡ്‌ അവര്‍ക്കുണ്ട്‌. ഒന്നാം ഇന്നിംഗ്‌സ്‌ ഏഴ്‌ വിക്കറ്റിന്‌ 520 റണ്‍സ്‌ എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്‌ത ഓസീസ്‌ വിന്‍ഡീസിന്റെ ആദ്യ ഇന്നിംഗ്‌സ്‌ 312 ല്‍ അവസാനിപ്പിച്ചിരുന്നു. 70 റണ്‍സിന്‌ അഞ്ച്‌ വിക്കറ്റ്‌ സ്വന്തമാക്കിയ ഡഫ്‌ ബൊളിഗ്നറാണ്‌ വിന്‍ഡീസ്‌ മധ്യനിരയയെ തകര്‍ത്തത്‌. പക്ഷേ മറുപടി ബാറ്റിംഗില്‍ ഓസീസ്‌ രണ്ടാം ഇന്നിംഗ്‌സ്‌ നാടകീയമായി തകര്‍ന്നതോടെയാണ്‌ മല്‍സരത്തിന്‌ ആവേശം കൈവന്നിരിക്കുന്നത്‌. 137 റണ്‍സ്‌ നേടുന്നതിനിടെ എട്ട്‌ രണ്ടാം ഇന്നിംഗ്‌സ്‌ വിക്കറ്റുകളാണ്‌ ഓസീസിസിന്‌ നഷ്‌ടമായിരിക്കുന്നത്‌. ഡ്വിന്‍ ബ്രാവോ, സുലൈമാന്‍ ബെന്‍ എന്നിവരാണ്‌ റിക്കി പോണ്ടിംഗ്‌ ഉള്‍പ്പെടെയുളളവരെ വെള്ളം കുടിപ്പിച്ചത്‌. ആദ്യ ഇന്നിംഗ്‌സില്‍ പരുക്കുമായി പുറത്തുപോയ പോണ്ടിംഗ്‌ രണ്ടാം ഇന്നിംഗ്‌സില്‍ കളിക്കില്ലെന്നാണ്‌ കരുതിയത്‌. പക്ഷേ ഏഴാം വിക്കറ്റ്‌ മിച്ചല്‍ ജോണ്‍സന്റെ രൂപത്തില്‍ നഷ്ടമായപ്പോള്‍ ക്രീസിലെത്തിയ അദ്ദേഹം ആറ്‌ പന്തുകള്‍ മാത്രം നേരിട്ട്‌ രണ്ട്‌ റണ്‍സുമായാണ്‌ പുറത്തായത്‌. ഇന്ന്‌ വിന്‍ഡീസ്‌ പ്രതീക്ഷകളത്രയും നായകന്‍ ക്രിസ്‌ ഗെയിലിലാണ്‌. ഒന്നാം ഇന്നിംഗ്‌സില്‍ അതിവേഗ സെഞ്ച്വറി സ്വന്തമാക്കിയ ഗെയിലിന്‌ പക്ഷേ പിന്തുണക്കര്‍ കുറവാണെന്നതും പിച്ച്‌ അപകടകരമായി മാറുന്നതും ഓസീസിന്‌ പ്രതീക്ഷ നല്‍്‌കുന്നുണ്ട്‌. അതിനിടെ കഴിഞ്ഞ ദിവസം മൈതാനത്ത്‌ വാക്ക്‌ തര്‍ക്കമുണ്ടാക്കിയതിന്‌ വിന്‍ഡീസ്‌ സ്‌പിന്നര്‍ സുലൈമാന്‍ ബെന്നിന്‌ മാച്ച്‌ റഫറി രണ്ട്‌ മല്‍സര വിലക്ക്‌ ഏര്‍പ്പെടുത്തി. ബെന്നും ഓസീസ്‌ വിക്കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാദ്ദിനുമാണ്‌ ഉടക്കിയത്‌. ഹാദ്ദിന്‌ പിഴ മാത്രമാണ്‌ നല്‍കിയത്‌.

ചാമ്പ്യന്‍സ്‌ ലീഗില്‍ തകര്‍പ്പന്‍ അങ്കങ്ങള്‍
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ്‌ ലീഗിന്റെ നോക്കൗട്ട്‌ ഫിക്‌സച്ചറായി. വമ്പന്മാരാണ്‌ പരസ്‌പരം കൊമ്പ്‌ കോര്‍ക്കുന്നത്‌. ഇന്നലെ നടന്ന നറുക്കെടുപ്പില്‍ ഇംഗ്ലീഷ്‌ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ നേരിടാനെത്തുന്നത്‌ ഇറ്റലിയില്‍ നിന്നും ഏ.സി മിലാനായതോടെ മാഞ്ചസ്‌റ്ററിന്റെ പഴയ നായകനായ ഡേവിഡ്‌ ബെക്കാം വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഓള്‍ഡ്‌ ട്രാഫോഡില്‍ കളിക്കുമെന്നുറപ്പായി. ഇപ്പോള്‍ മിലാന്റെ താരമാണ്‌ ബെക്കാം. അത്‌ പോലെ ചെല്‍സിയുടെ എതിരാളി ഇന്റര്‍ മിലാനായി മാറിയതോടെ ചെല്‍സിയുടെ മുന്‍ കോച്ച്‌ ജോസ്‌ മോറീനോയും പഴയ മൈതാനത്ത്‌ വരും. നിലവിലുള്ള ചാമ്പ്യന്‍സ്‌ ലീഗ്‌ ജേതാക്കളായ ബാര്‍സിലോണക്ക്‌ താരതമ്യേന ദുര്‍ബലരായ പ്രതിയോഗികളെയാണ്‌ ലഭിച്ചിരിക്കുന്നത്‌. ജര്‍മന്‍കാരായ സ്‌റ്റട്ട്‌ഗര്‍ട്ടാണ്‌ എതിരാളികള്‍. റയല്‍ മാഡ്രിഡിന്‌ ഫ്രാന്‍സില്‍ നിന്നുള്ള ശക്തരായ ലിയോണാണ്‌ പ്രതിയോഗികള്‍. ആഴ്‌സനല്‍ പോര്‍ച്ചുഗലിലെ എഫ്‌.സി പോര്‍ട്ടോയെ നേരിടുമ്പോള്‍ ബയേണ്‍ മ്യൂണിച്ചിന്‌ മുന്നില്‍ വരുന്നത്‌ ഇറ്റലിക്കാരായ ഫിയോറന്റീനയാണ്‌.

ദക്ഷിണാഫ്രിക്കക്ക്‌ നേട്ടം
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കന്‍ പേസ്‌ പടക്ക്‌ മുന്നില്‍ ഇംഗ്ലീഷ്‌ ബാറ്റ്‌സ്‌മാന്മാര്‍ വിയര്‍ക്കുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ജാക്‌ കാലിസിന്റെ സെഞ്ച്വറിയില്‍ 418 റണ്‍സ്‌ നേടിയ ആതിഥേയര്‍ക്ക്‌ മുന്നില്‍ 143 റണ്‍സ്‌ നേടുന്നതിനിടെ മൂന്ന്‌ മുന്‍നിരക്കാരെ ഇംഗ്ലണ്ടിന്‌ നഷ്ടമായിക്കഴിഞ്ഞു. ക്യാപ്‌റ്റനും ബാറ്റിംഗ്‌ നട്ടെല്ലുമായ ആന്‍ഡ്ര്യൂ സ്‌ട്രോസിനെ പുറത്താക്കി മക്കായ എന്‍ടിനിയാണ്‌ ഇന്നലെ ആതിഥേയര്‍ക്ക്‌ മികച്ച തുടക്കം നല്‍കിയത്‌.

ക്ലബ്‌ കപ്പിന്‌ ബാര്‍സ
അബുദാബി: 2009 ന്‌ രാജകീയമായി അന്ത്യമിടാന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ബാര്‍സിലോണ ഇന്ന്‌ ഫിഫ ക്ലബ്‌ ഫുട്‌ബോള്‍ ഫൈനലില്‍ അര്‍ജന്റീനക്കാരായ എസ്റ്റൂഡിയന്‍സിനെ എതിരിടുന്നു. സായിദ്‌ സ്‌റ്റേഡിയത്തില്‍ രാത്രി നടക്കുന്ന മല്‍സരത്തില്‍ വ്യക്തമായ മുന്‍കൈ ലയണല്‍ മെസി കളിക്കുന്ന ബാര്‍സക്കാണ്‌. ഇന്ന്‌ നടക്കുന്ന ലൂസേഴ്‌സ്‌ ഫൈനലില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ പോഹാംഗ്‌ സ്‌റ്റീലേഴ്‌സ്‌ കോണ്‍കാകാഫ്‌ ചാമ്പ്യന്മരായ അറ്റ്‌ലാന്റയുമായി കളിക്കും. സീസണില്‍ അഞ്ച്‌ വലിയ കിരീടങ്ങള്‍ സ്വന്തമാക്കിയ ബാര്‍സക്ക്‌ ഫിഫ ക്ലബ്‌ കപ്പ്‌ കൂടി സ്വന്തമാക്കാനായാല്‍ അത്‌ വലിയ നേട്ടമായിരിക്കുമെന്ന്‌ കോച്ച്‌ ഗുര്‍ഡിയോള പറഞ്ഞു. ഇന്നലെ ഇവിടെ പരിശീലനത്തിന്‌ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌പാനിഷ്‌ ലീഗിലും ചാമ്പ്യന്‍സ്‌ ലീഗിലും കിംഗ്‌സ്‌ കപ്പിലുമെല്ലാം മികച്ച പ്രകടനം നടത്തിയാണ്‌ ടീം കപ്പ്‌ സ്വന്തമാക്കിയത്‌. ഇപ്പോള്‍ പുരോഗമിക്കുന്ന സ്‌പാനിഷ്‌ ലീഗില്‍ തൊട്ടടുത്ത പ്രതിയോഗി റയല്‍ മാഡ്രിഡിനേക്കാള്‍ വ്യക്തമായ അഞ്ച്‌ പോയന്റിന്റെ ലീഡും ടീമിനുണ്ട്‌. മധ്യനിരക്കാരന്‍ ആന്‍ഡ്രിയാസ്‌ ഇനിയസ്‌റ്റയുടെ പരുക്ക്‌ മാത്രമാണ്‌ ടീമിനെ അലട്ടുന്നതെന്ന്‌ കോച്ച്‌ വ്യക്തമാക്കി. എന്നാല്‍ മെസി, സുല്‍ത്താന്‍ ഇബ്രാഹീമോവിച്ച്‌ തുടങ്ങിയവര്‍ പൂര്‍ണ്ണസമയം കളിക്കും. ക്ലബ്‌ ചാമ്പ്യന്‍ഷിപ്പില്‍ ഇത്‌ വരെ ഒരു മല്‍സരം മാത്രമാണ്‌ ബാര്‍സ കളിച്ചത്‌. അറ്റ്‌ലാന്റക്കെതിരായ മല്‍സരത്തില്‍ 3-1 ന്റെ വിജയവും ടീം നേടി. ഇപ്പോള്‍ മൈതാനവുമായും കാലാവസ്ഥയുമായും ടീം പൊരുത്തപ്പെട്ടതിനാല്‍ അര്‍ജന്റീനിയന്‍ ക്ലബിനെതിരെ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന്‌ ഗുര്‍ഡിയോള വ്യക്തമാക്കി.

തേര്‍ഡ്‌ ഐ- കമാല്‍ വരദൂര്‍
ഇനി എന്നെങ്കിലും കാണാം
തിരുവല്ല പബ്ലിക്‌ സ്‌റ്റേഡിയത്തില്‍ എറണാകുളത്തിന്റെയും കോതമംഗലം മാര്‍ബേസില്‍ സ്‌ക്കൂളിന്റെയും കിരീട നേട്ടത്തില്‍ സംസ്ഥാന സ്‌ക്കൂള്‍ മീറ്റിന്‌ കര്‍ട്ടന്‍ വീണിരിക്കുന്നു. ഇത്തവണ ദേശീയ സ്‌ക്കൂള്‍ മീറ്റ്‌ പഞ്ചാബിലെ അമൃത്‌സറില്‍ നേരത്തെ കഴിഞ്ഞതിനാല്‍ താരങ്ങള്‍ക്ക്‌ സമ്പൂര്‍ണ്ണ വിശ്രമമാണ്‌. ഇനി എന്നെങ്കിലും കാണാം എന്ന്‌ പറഞ്ഞാണ്‌ കൗമാര കേരളത്തിന്റെ കായിക പ്രതിഭകള്‍ പിരിഞ്ഞിരിക്കുന്നത്‌. ആകെ ഒമ്പത്‌ റെക്കോര്‍ഡുകളാണ്‌ മീറ്റില്‍ പിറന്നത്‌. ട്രാക്കില്‍ ഒരു റെക്കോര്‍ഡ്‌ പോലുമുണ്ടായില്ല. നാല്‌ സ്വര്‍ണ്ണം സ്വന്തമാക്കിയ കോഴിക്കോടിന്റെ സാല്‍ബിന്‍ ജോസഫും മാര്‍ബേസില്‍ സ്‌ക്കൂളിന്റെ പ്രണവും ടിനു രാജുവും ജിബിന്‍ റജിയുമെല്ലാം നാളെയുടെ വാഗ്‌ദാനങ്ങളാണ്‌. പക്ഷേ ഇവര്‍ക്ക്‌ ഇനി മല്‍സരത്തിനിറങ്ങാന്‍ കൂറെ കാലം കാത്തിരിക്കണം. തല്‍ക്കാലം നമ്മുടെ കായിക കലണ്ടര്‍ പ്രകാരം മല്‍സരങ്ങളെല്ലാം പൂര്‍ത്തിയായിരിക്കുന്നു. കായിക കലണ്ടറിലെ അപാകത കാരണമാണ്‌ ഇത്തവണ മീറ്റിന്‌ നിറം മങ്ങിയത്‌. വിജയവാഡയില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റിലും, അമൃത്‌സറില്‍ നടന്ന ദേശീയ സ്‌ക്കൂള്‍ മീറ്റിനും ശേഷമാണ്‌ സംസ്ഥാന മീറ്റ്‌ അരങ്ങേറിയത്‌. അതിനാല്‍ എല്ലാ താരങ്ങളും ക്ഷീണിതരായിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സ്‌ക്കൂള്‍ മീറ്റിലെ ചാമ്പ്യന്‍ സ്‌ക്കൂള്‍പ്പട്ടം കുത്തകയാക്കിയ കോതമംഗലം ഇത്തവണ മല്‍സരങ്ങളുടെ ആധിക്യത്തില്‍ തളരുകയായിരുന്നു. അവരുടെ കോച്ച്‌ രാജു പോള്‍ ഈ കാര്യം വ്യക്തമാക്കുകയും ചെയ്‌തു. ഒറ്റയടിക്കാണ്‌ എല്ലാ ചാമ്പ്യന്‍ഷിപ്പുകളും സമാപിച്ചിരിക്കുന്നത്‌. വിജയവാഡയിലെ കൊടും വെയിലില്‍ നിന്നും അമൃത്‌സറിലേ തണ്ണുപ്പിലേക്കും പിന്നെ തിരുവല്ലയിലെ ചൂടിലേക്കും വന്ന താരങ്ങളുടെ ആരോഗ്യം മല്‍സരങ്ങളില്‍ പ്രകടമായിരുന്നു. ട്രാക്കില്‍ ഒരു റെക്കോര്‍ഡ്‌ പോലും പിറക്കാത്ത അപൂര്‍വ ആദ്യ മീറ്റാണിത്‌. പബ്ലിക്‌ സ്റ്റേഡിയത്തിലെ ട്രാക്കിനെക്കുറിച്ച്‌ താരങ്ങള്‍ക്കും പരിശീലകര്‍ക്കും പരാതികളുണ്ടായിരുന്നു. പക്ഷേ അതിനേക്കാള്‍ മല്‍സരങ്ങളെ ബാധിച്ചത്‌ മല്‍സരക്രമങ്ങളിലെ അപാകത തന്നെയാണ്‌.
തിരുവല്ലയില്‍ മികവ്‌ പ്രകടിപ്പിച്ച താരങ്ങളുടെ ഭാവിയാണ്‌ ഇനി പ്രധാനം. സ്‌പോര്‍ട്‌സ്‌ മന്ത്രി എം. വിജയകുമാര്‍ പതിവ്‌ പോലെ പ്രസ്‌താവനയിറക്കിയിട്ടുണ്ട്‌. എല്ലാവരെയും സംരക്ഷിക്കും എന്നാണ്‌ അദ്ദേഹത്തിന്റെ വാഗ്‌ദാനം. കേരളാ അത്‌ലറ്റിക്‌സിന്റെ അംബാസിഡറായ മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നും പി.ടി ഉഷയെ പോലുളളവര്‍ക്ക്‌ ശക്തരായ പിന്‍ഗാമികളെ കണ്ടെത്താനും അവരെ സംരക്ഷിക്കാനും ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കുമെന്ന്‌ പറഞ്ഞ മന്ത്രി എന്താണ്‌ പദ്ധതികളെന്ന്‌ പറഞ്ഞിട്ടില്ല. നമ്മുടെ കായിക രാഷ്ട്രീയത്തിന്റെ പതിവ്‌ പാരമ്പര്യപ്രകാരം പദ്ധതികള്‍ മന്ത്രിയുടെ പ്രസ്‌താവനയില്‍ ഉറങ്ങും. ഇപ്പോള്‍ തന്നെ വിജയകുമാറിന്റെ കായികാസ്ഥാനത്ത്‌ നടക്കുന്ന അന്തര്‍ നാടകങ്ങള്‍ നാട്ടില്‍പ്പാട്ടാണ്‌. മന്ത്രി ഒന്ന്‌ തീരുമാനിക്കുമ്പോള്‍ പാര്‍ട്ടി മറ്റൊന്നാണ്‌ തീരുമാനിക്കുന്നത്‌. സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ സെക്രട്ടറി ആന്റണിയുടെ സസ്‌പെന്‍ഷനും തിരിച്ചെടുക്കലുമെല്ലാം അങ്ങാടിപ്പാട്ടായ സാഹചര്യത്തില്‍ എല്ലാം പതിവ്‌ പോലെ തന്നെ അവസാനിക്കും. പിന്നെ നമ്മുടെ താരങ്ങള്‍ പരസ്‌പരം കാണുന്നത്‌ അടുത്ത അദ്ധ്യയന വര്‍ഷത്തില്‍ പതിവ്‌ പോലെ നടക്കുന്ന സ്‌ക്കൂള്‍ മീറ്റിലായിരിക്കും.

No comments: