Monday, December 7, 2009

LOSS FOR BIG GUNS

വമ്പന്മാര്‍ക്ക്‌ തിരിച്ചടി
ലണ്ടന്‍: വിവിധ യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകള്‍ ഒരാഴ്‌ച്ച കൂടി പിന്നിട്ടപ്പോള്‍ വമ്പന്മാരായ പലര്‍ക്കും തിരിച്ചടി. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുളള ചെല്‍സിയും ഇറ്റലിയിലെ ചാമ്പ്യന്മാരായ ഇന്റര്‍ മിലാനും പരാജയപ്പെട്ടപ്പോള്‍ ജര്‍മന്‍ ബുണ്ടേല്‍സ്‌ ലീഗില്‍ മുന്നേറുകയായിരുന്ന ബയര്‍ ലെവര്‍കൂസണ്‍ സമനിലയില്‍ തളക്കപ്പെട്ടു. അതേ സമയം സ്‌പെയിനില്‍ ബാര്‍സിലോണയും ഫ്രാന്‍സില്‍ ബോറോഡോക്‌സും മികച്ച വിജയം സ്വന്തമാക്കി. വിവിധ ലീഗുകളിലൂടെ:
മാഞ്ചസ്‌റ്ററിന്‌ ആഹ്ലാദം: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ പോയ വാരം ശരിക്കും ആഘോഷമാക്കിയത്‌ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ്‌. അവര്‍ നാല്‌ ഗോളിന്‌ വെസ്‌റ്റ്‌ഹാമിനെ തകര്‍ത്തതല്ല അലക്‌സ്‌ ഫെര്‍ഗൂസണ്‌ ആഹ്ലാദം നല്‍കതുന്നത്‌. ലീഗിലെ പ്രധാന വെല്ലുവിളിയായ ചെല്‍സിയുടെ തോല്‍വിയാണ്‌. സൂപ്പര്‍ താരങ്ങളുടെ ചെല്‍സിയെ സ്വന്തം മൈതാനാത്ത്‌ വെച്ച്‌ തോല്‍പ്പിച്ചത്‌ മാഞ്ചസ്‌റ്റര്‍ സിറ്റിയാണ്‌. ചെല്‍സിയുടെ തോല്‍വിയില്‍ അവരുമായി പോയന്റ്‌്‌ കാര്യത്തില്‍ അരികിലെത്താന്‍ ഫെര്‍ഗൂസന്റെ സംഘത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. 36 പോയന്റാണ്‌ ചെല്‍സിക്കുള്ളത്‌. മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്‌ 34 പോയന്റുണ്ട്‌. മൂന്നാം സ്ഥാനത്തുളള ആഴ്‌സനല്‍ 28 ല്‍ നില്‍ക്കുന്നു. ആഴ്‌സനല്‍ തോല്‍പ്പിച്ചത്‌ സ്റ്റോക്‌ സിറ്റിയെയാണ്‌-രണ്ട്‌ ഗോളിന്‌. അതേ സമയം ഇത്‌ വരെ മൂന്നാം സ്ഥാനത്തായിരുന്ന ടോട്ടന്‍ഹാമിനെ എവര്‍ട്ടണ്‍ 2-2 ല്‍ പിടിച്ചുകെട്ടി. ടോപ്‌ സ്‌ക്കോറര്‍ സ്ഥാനത്ത്‌ മാറ്റിമില്ല. 12 ഗോളുകളുമായി ജെറമൈന്‍ ഡെഫോ തന്നെയാണ്‌ ഒന്നാമത്‌.
സ്‌പാനിഷ്‌ ലീഗ്‌: ലാ ലീഗില്‍ കരുത്തരായ രണ്ട്‌ ടീമുകളും ഒപ്പത്തിനൊപ്പം നീങ്ങുകയാണ്‌. ചാമ്പ്യന്മാരായ ബാര്‍സിലോണ 3-1ന്‌ കരുത്തരായ ഡിപ്പോര്‍ട്ടീവോ ലാകോറുണയെ പരാജയപ്പെടുത്തിയപ്പോള്‍ റയല്‍ മാഡ്രിഡ്‌ പൊരുതിക്കളിച്ച അല്‍ മേരിയയെ 4-2ന്‌ വീഴ്‌ത്തി. ടേബിളില്‍ ബാര്‍സക്ക്‌ 33 ഉം റയലിന്‌ 31 പോയന്റുണ്ട്‌. മൂന്നാമതുള്ളത്‌ 28 ല്‍ നില്‍ക്കുന്ന വലന്‍സിയയാണ്‌. അല്‍ മേരിയക്കെതിരായ മല്‍സരത്തില്‍ നല്ല തുടക്കത്തിന്‌ ശേഷം റയല്‍ മാഡ്രിഡ്‌ പിറകിലാവുന്ന കാഴ്‌ച്ച കണ്ടു. ഒരു ഗോളിന്‌ മുന്നിട്ട്‌ നിന്ന കൃസ്‌റ്റിയാനോ റൊണാള്‍ഡോയുടെ ടീം പിന്നെ 1-2ന്‌ പിറലികായി. പക്ഷേ അവസാന 20 മിനുട്ടില്‍ നേടിയ രണ്ട്‌ ഗോളുകള്‍ ടീമിനെ തുണച്ചു. റൊണാള്‍ഡോക്ക്‌ മഞ്ഞ കാര്‍ഡും ലഭിച്ചു. മികച്ച ഫോമില്‍ കളിക്കുന്ന അത്‌ലറ്റികോ മാഡ്രിഡ്‌ 2-0 ത്തിന്‌ ജെറസിനെ പരാജയപ്പെടുത്തി. പക്ഷേ വലിയ അട്ടിമറി നടത്തിയവര്‍ റേസിംഗ്‌ സാന്‍ഡറാണ്‌. ടേബിളില്‍ അവസാന സ്ഥാനത്ത്‌ നില്‍ക്കുന്ന അവര്‍ നാല്‌ ഗോളിന്‌ എസ്‌പാനിയോളിനെ തകര്‍ത്തു. 11 ഗോളുകളുമായി ഡേവിഡ്‌ വിയയാണ്‌ ടോപ്‌ സ്‌ക്കോറര്‍ സ്ഥാനത്ത്‌.
സിരിയ എ: തട്ടുതകര്‍പ്പന്‍ പോരാട്ടത്തിനാണ്‌ പോയ വാരത്തില്‍ ഇറ്റലി സാക്ഷ്യം വഹിച്ചത്‌. സിരിയ എ യില്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാനും മുന്‍ ചാമ്പ്യന്മാരായ യുവന്തസും ഏറ്റുമുട്ടിയപ്പോള്‍ എട്ട്‌ മഞ്ഞ്‌ കാര്‍ഡുകളും രണ്ട്‌ ചുവപ്പ്‌ കാര്‍ഡുകളുമാണ്‌ റഫറി പുറത്തെടുത്തത്‌. ഇതില്‍ ഒരു ചുവപ്പ്‌ ഇന്ററിന്റെ ചൂടന്‍ കോച്ച്‌ ജോസ്‌ മോറിനോക്ക്‌ നേരെയായിരുന്നു. മല്‍സരത്തില്‍ യുവന്തസ്‌ 2-1ന്‌ ജയിച്ചു. പക്ഷേ അവരിപ്പോഴും ടേബിളില്‍ മൂന്നാമതാണ്‌. 35 ല്‍ ഇന്‍ര്‍ തന്നെ ഒന്നാമത്‌ നില്‍ക്കുമ്പോള്‍ ഏ.സി മിലാന്‍ 31 പോയന്റുമായി രണ്ടാം സ്ഥാനത്താണ്‌. സാംപദോറിയോയെ മൂന്ന്‌ ഗോളിനാണ്‌ ഏ.സി മിലാന്‍ തകര്‍ത്തത്‌. മറ്റൊരു തകര്‍പ്പന്‍ മല്‍സരത്തില്‍ ഏ.എസ്‌ റോമ ഒരു ഗോളിന്‌ ലാസിയോയെ പരാജയപ്പെടുത്തി.
ബുണ്ടേല്‍സ്‌ ലീഗ: ഒന്നാം സ്ഥാനത്തുള്ള ബയര്‍ ലെവര്‍കൂസണ്‌ പോയ വാരം നിരാശയുടേതായിരുന്നു. ഇത്‌ വരെ തോല്‍വിയറിയാത്തവര്‍ എന്ന റെക്കോര്‍ഡ്‌ നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും ഹാനോവറിന്‌ മുന്നില്‍ അവര്‍ക്ക്‌ ഗോളടിക്കാന്‍ കഴിഞ്ഞില്ല. അതേ സമയം ഷാല്‍ക്കെ ഹെര്‍ത്താ ബെര്‍ലിനിയെും ബയേണ്‍ മ്യൂണിച്ച്‌ ബൊറുഷ്യ മോണ്‍ചെന്‍ബാച്ചിനെയും തോല്‍പ്പിച്ചു. വെര്‍ഡര്‍ ബ്രെഹ്മനും കോളോണും തമ്മിലുള്ള മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. 31 പോയന്റുമായി ബയര്‍ തന്നെയാണ്‌ ഇപ്പോഴും മുന്നില്‍. വെര്‍ഡര്‍ ബ്രെഹ്മന്‍ രണ്ടാമതും (28), ഷാല്‍ക്കെ (28) മൂന്നാമതുമാണ്‌.
ഫ്രഞ്ച്‌ ലീഗ്‌: ലൗറന്റ്‌ ബ്ലാങ്ക്‌ പരിശീലിപ്പിക്കുന്ന ബോറോഡോക്‌സ്‌ ഫ്രാന്‍സില്‍ ജൈത്രയാത്ര തുടരുകയാണ്‌. പാരിസ്‌ സെന്റ്‌്‌ ജര്‍മനെതിരെ ഒരു ഗോളിന്റെ വിജയം നേടിയ ടീം ഇപ്പോള്‍ 31 പോയന്റുമായി ഒന്നാമതാണ്‌. മോണ്ടിപിലര്‍ 27 പോയന്റുമായി രണ്ടാം സ്ഥാനത്തും.

അമ്പയര്‍ ഉടക്കി, മടങ്ങി
അഡലെയ്‌ഡ്‌: ലോക ക്രിക്കറ്റിനെ ഭരിക്കുന്ന ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ (ഐ.സി.സി) പുതിയ വിവാദത്തില്‍...! ഇവിടെ നടക്കുന്ന ഓസ്‌ട്രേലിയ-വിന്‍ഡീസ്‌ രണ്ടാം ടെസ്‌റ്റ്‌ നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ട ഇംഗ്ലീഷുകാരനായ അമ്പയര്‍ മാര്‍ക്‌ ബെന്‍സണ്‍ രണ്ടാം ദിവസം അപ്രത്യക്ഷനായതാണ്‌ ഐ.സി.സിയെ കുരുക്കിയിരിക്കുന്നത്‌. ടെസ്റ്റ്‌ ക്രിക്കറ്റില്‍ പരീക്ഷണാര്‍ത്ഥം നടപ്പിലാക്കിയ റഫറല്‍ സമ്പ്രദായത്തില്‍ പ്രതിഷേധിച്ചാണ്‌ ബെന്‍സണ്‍ നാട്ടിലേക്ക്‌ മടങ്ങിയത്‌. മല്‍സരം ഇപ്പോള്‍ പുരോഗമിക്കുന്നത്‌ പകരം അമ്പയറെ വെച്ചാണ്‌. മല്‍സരത്തിന്റെ ആദ്യദിവസം വിന്‍ഡീസ്‌ ബാറ്റ്‌സ്‌മാന്‍ ശിവനാരായണ്‍ ചന്ദര്‍പോളിനെതിരായ ഓസ്‌ട്രേലിയയുടെ രണ്ട്‌ അപ്പീലുകള്‍ ബെന്‍സണ്‍ തള്ളിയപ്പോള്‍ ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗ്‌്‌ രണ്ട്‌ തവണയും ടെലിവിഷന്‍ അമ്പയര്‍ക്ക്‌ തീരുമാനം വിടാന്‍ പുതിയ സമ്പ്രദായ പ്രകാരം ആവശ്യപെടുകയായിരുന്നു. പാക്കിസ്‌താനില്‍ നിന്നുള്ള ആസാദ്‌ റൗഫായിരുന്നു ടെലിവിഷന്‍ അമ്പയര്‍. ആദ്യ റഫറല്‍ ആവശ്യത്തില്‍ അദ്ദേഹം അമ്പയര്‍ ബെന്‍സന്റെ തീരുമാനത്തിനൊപ്പം നിന്നു-ചന്ദര്‍പോളിനെതിരായ അപ്പീല്‍ തള്ളി. എന്നാല്‍ രണ്ടാം തവണയും പോണ്ടിംഗ്‌ തീരുമാനം റഫര്‍ ചെയ്യണമെന്ന്‌ നിര്‍ദ്ദേശിച്ചപ്പോള്‍ ടെലിവിഷന്‍ അമ്പയറുടെ തീരുമാനം ബെന്‍സണ്‌ എതിരായി. ഹോക്കായി ആനുകൂല്യത്തില്‍ ചന്ദര്‍പോളിനെതിരെ ടെലിവിഷന്‍ അമ്പയര്‍ ഔട്ട്‌ നല്‍കി. ഈ വിഷയത്തില്‍ നീരസം ഉണ്ടായിരുന്ന ബെന്‍സണ്‍ അടുത്ത ദിവസം തന്നെ നാട്ടിലേക്ക്‌ മടങ്ങുകയായിരുന്നു. എന്നാല്‍ റഫറല്‍ സമ്പ്രദായത്തിലുളള പ്രതിഷേധം കൊണ്ട്‌ ബെന്‍സണ്‍ മടങ്ങിയതാണ്‌ എന്ന വാദം ഐ.സി.സി അംഗീകരിക്കുന്നില്ല. ബെന്‍സണ്‌ ആരോഗ്യ പ്രശ്‌നമുണ്ടെന്നും അത്‌ കൊണ്ടാണ്‌ അദ്ദേഹം നാട്ടിലേക്ക്‌ മടങ്ങിയതെന്നും ഈ കാര്യത്തില്‍ അമ്പയറുടെ അഭിപ്രായം തേടിയിട്ടുണ്ടെന്നുമാണ്‌ ഐ.സി.സി വക്താവ്‌ ഡേവ്‌ റിച്ചാര്‍ഡ്‌സണ്‍ വ്യക്തമാക്കിയിരിക്കുന്നത്‌.
പുതിയ റഫറല്‍ സമ്പ്രദായം പരീക്ഷണാര്‍ത്ഥമാണ്‌ വിന്‍ഡീസ്‌-ഓസീസ്‌ പരമ്പരയില്‍ നടപ്പിലാക്കിയിരിക്കുന്നത്‌. അമ്പയറുടെ തീരുമാനം സംശയകരമാണെങ്കില്‍ ഫീല്‍ഡിംഗ്‌ ക്യാപ്‌റ്റന്‌ അപ്പീല്‍ ആവശ്യപ്പെട്ട്‌ അന്തിമ തീരുമാനം ടെലിവിഷന്‍ അമ്പയര്‍ക്ക്‌ കൈമാറാന്‍ പറ്റും. ഈ സമ്പ്രദായത്തിനെതിരെ അമ്പയര്‍മാര്‍ രംഗത്തുണ്ട്‌. മാര്‍ക്‌ ബെന്‍സണ്‍ തുടക്കത്തില്‍ തന്നെ തീരുമാനത്തിനെതിരായിരുന്നു. മൂന്ന്‌ വര്‍ഷം മുമ്പ്‌ ഡര്‍ബനില്‍ നടന്ന ഒരു ടെസ്‌റ്റിനിടെ ബെന്‍സണ്‌ ദോഹാസ്വാസ്ഥ്യം ഉണ്ടായതാണെന്ന്‌്‌ ഐ.സി.സി ചൂണ്ടിക്കാട്ടുന്നു. അത്‌ പോലെ കഴിഞ്ഞ ഒക്‌ടോബറിലെ ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരക്കിടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കാരണം ബെന്‍സണ്‌ മല്‍സരം നിയന്ത്രിക്കാന്‍ കഴിയാതിരുന്ന കാര്യവും ഐ.സി.സി ചൂണ്ടിക്കാട്ടുന്നു. അമ്പയര്‍ എപ്പോഴും സമ്മര്‍ദ്ദത്തിലാണ്‌. റഫറല്‍ സമ്പ്രദായം നടപ്പിലാക്കിയതാണ്‌ പെട്ടെന്നുളള പ്രതിഷേധത്തിന്‌ കാരണമെന്ന്‌ വിശ്വസിക്കാനാവില്ലെന്നും റിച്ചാര്‍ഡ്‌സണ്‍ പറയുന്നു. എന്നാല്‍ ബെന്‍സണുമായി അടുപ്പമുളള കേന്ദ്രങ്ങള്‍ അദ്ദേഹത്തിന്‌ റഫറല്‍ സമ്പ്രദായത്തോടുള്ള അമര്‍ഷമാണ്‌ തിരിച്ചുപോക്കിന്‌ കാരണമായി ചൂണ്ടിക്കാട്ടുന്നത്‌.

റഫറല്‍ സമ്പ്രദായം വേണമെന്ന്‌ മുരളി
മുംബൈ: റഫറല്‍ സമ്പ്രദായം ടെസ്റ്റ്‌ ക്രിക്കറ്റിനെ കളങ്കരഹിതമാക്കുമെന്ന്‌ ശ്രീലങ്കന്‍ ഓഫ്‌ സ്‌പിന്നര്‍ മുത്തയ്യ മുരളിധരന്‍. അമ്പയര്‍മാരുടെ തെറ്റായ തീരുമാനങ്ങള്‍ ഇന്ത്യക്കെതിരായ ടെസ്റ്റ്‌ പരമ്പരയില്‍ തന്റെ ടീമിനെ ഗുരുതരമായി ബാധിച്ചതായി അദ്ദേഹത്തെ ഉദ്ധരിച്ച്‌ ദി നാഷന്‍ പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. മുംബൈയില്‍ നടന്ന മൂന്നാം ടെസ്‌റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിലും തിലകരത്‌നെ ദില്‍ഷാന്‍ നിര്‍ഭാഗ്യകരമായ സാഹചര്യത്തിലാണ്‌ പുറത്തായതെന്ന്‌ മുരളി പറയുന്നു. പല തീരുമാനങ്ങളും ഞങ്ങള്‍ക്ക്‌ എതിരായിരുന്നു. റഫറല്‍ സമ്പ്രദായം ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം ടീമിന്‌ നടത്താനാവുമായിരുന്നെന്നും മുരളി പറഞ്ഞു. ടെസ്റ്റ്‌ ക്രിക്കറ്റില്‍ പരീക്ഷണാര്‍ത്ഥം നടപ്പിലാക്കുന്ന റഫറല്‍ സമ്പ്രദായം എല്ലാ മല്‍സരങ്ങളിലും ഉപയോഗപ്പെടുത്തണമെന്ന്‌ മുരളി ആവശ്യപ്പെട്ടു.

മോഡിക്ക്‌ തോല്‍വി
ജയ്‌പ്പൂര്‍: രാജസ്ഥാന്‍ ക്രിക്കറ്റില്‍ ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയും ലളിത്‌ മോഡി ക്ലീന്‍ ബൗള്‍ഡ്‌....! ഐ.പി.എല്‍ കമ്മീഷണറും ക്രിക്കറ്റ്‌ ബോര്‍ഡ്‌ വൈസ്‌ പ്രസിഡണ്ടുമായ ലളിത്‌ മോഡിക്ക്‌ ഇന്നലെ നടന്ന രാജസ്ഥാന്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ല. ആറ്‌ വോട്ടിന്റെ വിത്യാസത്തില്‍ ലളിത്‌ മോഡിയെ തോല്‍പ്പിച്ച്‌ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ സി.പി ജോഷി പ്രസിഡണ്ടായി. മോഡിക്ക്‌ 13 വോട്ട്‌ കിട്ടിയപ്പോല്‍ ജോഷിക്ക്‌ പത്തൊമ്പത്‌ വോട്ട്‌ ലഭിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പിലും മോഡിക്ക്‌ പരാജയം സംഭവിച്ചിരുന്നു. അന്ന്‌ പ്രസിഡണ്ടായ സജ്ഞയ്‌ ദീക്ഷിനെതിരെ മോഡി വിഭാഗം രംഗത്ത്‌ വരുകയും പ്രശ്‌നം കോടതി കയറുകയും ചെയ്‌തപ്പോള്‍ വീണ്ടും തെരഞ്ഞെടുപ്പ്‌ നടത്തുകയായിരുന്നു. അതിലും തോല്‍വി പിണഞ്ഞതോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ ചക്രവര്‍ത്തിയായി വാഴുന്ന മോഡിക്ക്‌ അത്‌ കനത്ത ആഘാതമായിരിക്കയാണ്‌. ക്രിക്കറ്റ്‌ ബോര്‍ഡിന്റെ വൈസ്‌ പ്രസിഡണ്ട്‌ സ്ഥാനം അദ്ദേഹത്തിന്‌ പക്ഷേ നഷ്ടമാവില്ല. നിലവില്‍ പഞ്ചാബ്‌ ക്രിക്കറ്റ്‌ അസോസിയേഷന്റെ വൈസ്‌ പ്രസിഡണ്ടാണ്‌ അദ്ദേഹം. ഇന്നലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ രാജസ്ഥാന്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ ആസ്ഥാനത്ത്‌ സംഘര്‍ഷവുമുണ്ടായി. മോഡിക്കൊപ്പം എത്തിയ പത്തോളം അംഗരക്ഷകരെ ഓഫീസില്‍ കയറ്റരുതെന്ന്‌ കോണ്‍ഗ്രസ്‌ അനുകൂലികള്‍ പോലീസിനോട്‌ ആവശ്യപ്പെട്ടു. സുരക്ഷാഭടന്മാരെ പോലീസ്‌ തടഞ്ഞപ്പോള്‍ രണ്ട്‌ വിഭാഗവും തമ്മില്‍ അടിപിടിയായി. മോഡിയാണ്‌ പ്രശ്‌നമുണ്ടാക്കിയതെന്ന്‌ ജോഷി പറഞ്ഞു. വോട്ട്‌ ചെയ്യുമ്പോള്‍ എന്തിനാണ്‌ അംഗരക്ഷകരെന്നും അദ്ദേഹം ചോദിച്ചു.

ഇന്ത്യന്‍ ടീമിന്‌ അഭിനന്ദനം
ന്യൂഡല്‍ഹി: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ (ഐ.സി.സി) ടെസ്‌റ്റ്‌ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നേടിയ ഇന്ത്യയെ പാര്‍ലമെന്റ്‌്‌ അഭിനന്ദിച്ചു. രാജ്യത്തിന്‌ അഭിമാനകരമായ നേട്ടമാണ്‌ മഹേന്ദ്രസിംഗ്‌ ധോണിയും സംഘവും നല്‍കിയതെന്ന്‌ ലോക്‌സഭയില്‍ അഭിനന്ദനപ്രമേയം അവതരിപ്പിച്ച്‌ സ്‌പീക്കര്‍ മീരാ കുമാര്‍ പറഞ്ഞു. മുംബൈ ടെസ്‌റ്റില്‍ ശ്രീലങ്കയെ ഇന്നിംഗ്‌സിന്‌ തോല്‍പ്പിച്ചാണ്‌ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ഒന്നാം സ്ഥാനം നേടിയത്‌. ഒന്നാം സ്ഥാനം നേടിയ ഇന്ത്യന്‍ ടീമിലെ ഓരോ താരത്തിനും 25 ലക്ഷം രൂപയുടെ പാരിതോഷികം ക്രിക്കറ്റ്‌ ബോര്‍ഡ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.

ഗെയിലിന്‌ സെഞ്ച്വറി
അഡലെയ്‌ഡ്‌: ഓസ്‌ട്രേലിയക്കെതിരായ അഡലെയ്‌ഡ്‌ ടെസ്‌റ്റില്‍ വിന്‍ഡീസ്‌ ഡ്രൈവിംഗ്‌ സീറ്റില്‍. ക്യാപ്‌റ്റന്‍ ക്രിസ്‌ ഗെയില്‍ സ്വന്തമാക്കിയ സെഞ്ച്വറിയില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇതിനകം എട്ട്‌ വിക്കറ്റിന്‌ 284 റണ്‍സ്‌ സ്വന്തമാക്കിയ സന്ദര്‍ശകര്‍ വിലപ്പെട്ട 315 റണ്‍സിന്റെ ലീഡ്‌ കരസ്ഥമാക്കിയിട്ടുണ്ട്‌. ഇന്ന്‌ അവസാനിക്കുന്ന മല്‍സരത്തില്‍ പിച്ച്‌ തുണക്കാത്തപക്ഷം ഓസ്‌ട്രേലിയയെ കാത്തിരിക്കുന്നത്‌ തോല്‍വിയാണ്‌. തന്റെ വിമര്‍ശകര്‍ക്ക്‌ നേരെ ബാറ്റേന്തിയ ഗെയില്‍ ക്ഷമയോടെ കളിച്ചാണ്‌ പുറത്താവാതെ 155 റണ്‍സ്‌ നേടിയത്‌. വിന്‍ഡീസ്‌ ഒന്നാം ഇന്നിംഗ്‌സില്‍ ഡ്വിന്‍ ബ്രാവോയുടെ സെഞ്ച്വറിയില്‍ 451 റണ്‍സ്‌ നേടിയപ്പോള്‍ ഓസീസ്‌ 438 റണ്‍സിന്‌ പുറത്തായിരുന്നു.

സംസ്ഥാന വോളിക്ക്‌ തുടക്കം
തലശ്ശേരി: സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്‌ പെരിങ്ങത്തൂരില്‍ തുടക്കമായി. പുരുഷ വനിതാ വിഭാഗങ്ങളില്‍ മുഴുവന്‍ ജില്ലാ ടീമുകളും പങ്കെടുക്കുന്നുണ്ട്‌.

ഇന്ത്യക്ക്‌ വിജയം
ധാക്ക: സാഫ്‌ കപ്പ്‌ ഫുട്‌ബോളില്‍ ഇന്ത്യക്ക്‌ തുടര്‍ച്ചയായ രണ്ടാം വിജയം. ഇന്നലെ നടന്ന മല്‍സരത്തില്‍ ക്യാപ്‌റ്റന്‍ സുശീല്‍ കുമാര്‍ സിംഗ്‌ പതിനെട്ടാം മിനുട്ടില്‍ നേടിയ ഗോളില്‍ ഇന്ത്യ നേപ്പാളിനെ പരാജയപ്പെടുത്തി. ആദ്യ മല്‍സരത്തില്‍ ഇതേ മാര്‍ജിനില്‍ അഫ്‌ഗാനിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യക്ക്‌ രണ്ടാം വിജയത്തോടെ സെമി ടിക്കറ്റായി. ഗ്രൂപ്പ്‌ എ യിലെ മല്‍സരത്തില്‍ നിലവിലുള്ള ചാമ്പ്യന്മാരായ മാലിദ്വിപ്‌ 3-1ന്‌ അഫ്‌ഗാനിസ്ഥാനെ തോല്‍പ്പിച്ചു.

യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ ഇന്ന്‌്‌
അത്‌ലറ്റികോ മാഡ്രിഡ്‌-എഫ്‌.സി പോര്‍ട്ടോ
ബെസികിറ്റാസ്‌-സി.എസ്‌.കെ.ഇ
ചെല്‍സി- അപോല്‍ നികോഷ്യ
എഫ്‌.സി സൂറിച്ച്‌-ഏ.സി മിലാന്‍
യുവന്തസ്‌-ബയേണ്‍ മ്യൂണിച്ച്‌
മക്കാബി ഹൈഫ-ബോറോഡോക്‌സ്‌
മാര്‍സലി-റയല്‍ മാഡ്രിഡ്‌
വോള്‍ഫ്‌സ്‌ബര്‍ഗ്ഗ്‌-മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌

No comments: