Thursday, December 3, 2009

soccer SHOCK

ഹെന്‍ട്രി തുലാസില്‍
കേപ്‌ടൗണ്‍: അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പില്‍ ഫ്രാന്‍സിന്റെ നായകന്‍ തിയറി ഹെന്‍ട്രി കളിക്കുന്ന കാര്യം സംശയത്തില്‍. റിപ്പബ്ലിക്ക്‌ ഓഫ്‌ അയര്‍ലാന്‍ഡിനെതിരായ പ്ലേ ഓഫ്‌ രണ്ടാം പാദ മല്‍സരത്തില്‍ ഹെന്‍ട്രി നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന ആരോപണത്തില്‍ ഫിഫ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അന്വേഷണത്തിന്‌ ഉത്തരവിട്ടു. ഇന്നലെ ഇവിടെ ചേര്‍ന്ന എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി ഹെന്‍ട്രിക്കെതിരെ നടപടി സ്വീകരിക്കുമെന്ന്‌ കരുതപ്പെട്ടെങ്കിലും വിഷയം അച്ചടക്കസമിതിക്ക്‌ വിട്ടിരിക്കയാണ്‌. പ്ലേ ഓഫ്‌ മല്‍സരത്തിന്റെ രണ്ടാം പാദത്തിലായിരുന്നു വിവാദത്തിനാസ്‌പദമായ സംഭവം. ഡുബ്ലിനില്‍ നടന്ന ഒന്നാം പാദ മല്‍സരത്തില്‍ ഫ്രാന്‍സ്‌ ഒരു ഗോളിന്‌ ലീഡ്‌ നേടിയിരുന്നുു. എന്നാല്‍ പാരീസിലെ രണ്ടാം പാദത്തില്‍ അയര്‍ലാന്‍ഡ്‌ ഗോള്‍ മടക്കി. ഇതോടെ മല്‍സരം അധികസമയത്തേക്ക്‌ ദീര്‍ഘിച്ചു. എക്‌സ്‌ട്രാ ടൈമില്‍ വില്ല്യം ഗല്ലാസിന്റെ ഗോളില്‍ ഫ്രാന്‍സ്‌ ജയിക്കുകയും ചെയ്‌തു. എന്നാല്‍ ഗല്ലാസിലേക്ക്‌ പന്ത്‌ എത്തിച്ച ഹെന്‍ട്രി നിയമവിരുദ്ധ പ്രവര്‍ത്തനമാണ്‌ നടത്തിയതെന്ന്‌ ടെലിവിഷന്‍ റിപ്ലേയില്‍ തെളിച്ചിരുന്നു. വലത്‌ വിംഗില്‍ നിന്നും കുതിച്ചെത്തി, ഇടത്‌ വിംഗിലേക്ക്‌ ഗല്ലാസിന്‌ ഹെന്‍ട്രി പന്ത്‌ നല്‍കിയത്‌ കൈ കൊണ്ട്‌ പന്ത്‌ ടച്ച്‌ ചെയ്‌തായിരുന്നു. രണ്ട്‌ തവണ അദ്ദേഹം പന്ത്‌ കൈ കൊണ്ട്‌ തൊട്ടിരുന്നു. പക്ഷേ റഫറി ഇത്‌ അംഗീകരിച്ചില്ല. മല്‍സരശേഷം അയര്‍ലാന്‍ഡ്‌ ഔദ്യോഗികമായി ഫിഫക്ക്‌ പരാതി നല്‍കി. രണ്ടാം പാദ പ്ലേ ഓഫ്‌ മല്‍സരം വീണ്ടും നടത്തണമെന്നായിരുന്നു അയര്‍ലാന്‍ഡിന്റെ ആവശ്യം. എന്നാല്‍ ഇത്‌ ഫിഫ നിരസിച്ചു. തുടര്‍ന്ന്‌ ലോകകപ്പ്‌ ഫൈനല്‍ റൗണ്ടില്‍ മുപ്പത്തിമൂന്നാമത്തെ ടീമായി തങ്ങളെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചു. ഇതും നിരസിക്കപ്പെട്ട പശ്ചാത്തലത്തില്‍ അയര്‍ലാന്‍ഡിന്റെ പ്രതീക്ഷ ഇന്നലെ നടന്ന എക്‌സിക്യൂട്ടീവ്‌ യോഗത്തിലായിരുന്നു. എന്നാല്‍ പ്രശ്‌നത്തില്‍ പുതിയ അന്വേഷണം പ്രഖ്യാപിച്ച്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി വിഷയം അച്ചടക്കസമിതിക്ക്‌ വിടുകയും ചെയ്‌തു. അടുത്ത ജൂണിലാണ്‌ ലോകകപ്പ്‌ ഫൈനല്‍ റൗണ്ട്‌ ആരംഭിക്കുന്നത്‌. ഇന്ന്‌ നടക്കുന്ന ഫിക്‌സ്‌ച്ചര്‍ നറുക്കെടുപ്പില്‍ ഫ്രാന്‍സുണ്ട്‌. അവര്‍ ഫൈനല്‍ റൗണ്ട്‌ കളിക്കുമെന്ന്‌ വ്യക്തമാണ്‌. എന്നാല്‍ നായകനായി ടീമില്‍ ഹെന്‍ട്രി കളിക്കുന്ന കാര്യം ഇനി അച്ചടക്കസമിതി തീരുമാനം പോലെയിരിക്കും. ടെലിവിഷന്‍ റിപ്ലേകളില്‍ ഹെന്‍ട്രി തെറ്റ്‌ കാരനാണെന്ന്‌ വ്യക്തമാവുന്നുണ്ട്‌. തെറ്റ്‌ ഹെന്‍ട്രി സമ്മതിക്കുകയും ചെയ്‌തിട്ടുണ്ട്‌. അച്ചടക്കസമിതി എന്ന്‌ ചേരുമെന്ന്‌ വ്യക്തമല്ല. പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്‌ ലഭിച്ചാലുടന്‍ അച്ചടക്കസമിതി അനുയോജ്യ തീരുമാനമെടുക്കുമെന്നാണ്‌ ഇന്നലെ എക്‌സിക്യൂട്ടീവ്‌ സമിതിക്ക്‌ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഫിഫ തലവന്‍ സെപ്‌ ബ്ലാറ്റര്‍ വ്യക്തമാക്കിയത്‌.
ലോകകപ്പ്‌ യോഗ്യതാ മല്‍സര നിയമങ്ങളുടെ കാര്യത്തില്‍ പുനരാലോചന വേണമെങ്കില്‍ അത്‌ നടത്തുമെന്ന്‌ ബ്ലാറ്റര്‍ വ്യക്തമാക്കി. ഇത്തവണ ആഫ്രിക്കയില്‍ ഈജിപ്‌തും അള്‍ജീരിയയും തമ്മില്‍ നടന്ന യോഗ്യതാ മല്‍സരം മറ്റൊരു പ്ലേ ഓഫില്‍ തീരുമാനിക്കപ്പെട്ടത്‌ പരാമര്‍ശിക്കവെ അങ്ങനെ ഒരു തീരുമാനമെടുത്തത്‌്‌ എല്ലാ കോണ്‍ഫെഡറേഷനുകളുമായി ആലോചിച്ചാണെന്ന്‌ ബ്ലാറ്റര്‍ അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ യോഗ്യതാ മല്‍സരങ്ങളുടെ നിയമപരിഷ്‌ക്കരണം വേണമെങ്കില്‍ ആ കാര്യം അടുത്ത മാര്‍ച്ചില്‍ തീരുമാനിക്കും. ആഫ്രിക്കയില്‍ ഈജിപ്‌തും അള്‍ജീരിയയും സ്വന്തം ഗ്രൂപ്പില്‍ ഒപ്പത്തിനൊപ്പം വന്നപ്പോള്‍ നിഷ്‌പക്ഷ വേദിയില്‍ മറ്റൊരു പ്ലേ ഓഫ്‌ നടത്തുകയായിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു.

ഫുട്‌ബോളില്‍ ടെലിവിഷന്‍ റഫറിയില്ല
കേപ്‌ടൗണ്‍: ക്രിക്കറ്റിലെ പോലെ ഫുട്‌ബോളിലും ടെലിവിഷന്‍ റഫറിയെന്ന വാദത്തിന്‌ തല്‍ക്കാലം ഫിഫയുടെ അംഗീകാരമില്ല. അടുത്ത വര്‍ഷം ജൂണില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പില്‍ പതിവ്‌ പോലെ നാല്‌ റഫറിമാര്‍ മാത്രമാണ്‌ ഒരു മല്‍സരത്തിനുണ്ടാവുക. മുഖ്യ റഫറിയും രണ്ട്‌ സഹറഫറിമാരും (ലൈന്‍ റഫറിമാര്‍), പിന്നെ ഫോര്‍ത്ത്‌ ഒഫീഷ്യലും. ഈ കാര്യത്തില്‍ മാറ്റമില്ല. ടെലിവിഷന്‍ റഫറി എന്ന വാദം ചര്‍ച്ച ചെയ്യും. തല്‍ക്കാലം ഇത്‌ നടപ്പിലാക്കാന്‍ കഴിയില്ല. യൂറോപ്പ്‌ ലീഗ്‌ ചാമ്പ്യന്‍ഷിപ്പുകളില്‍ രണ്ട്‌ റഫറിമാരെ കൂടുതല്‍ നിയോഗിച്ചത്‌ സ്വാഗതാര്‍ഹമാണ്‌. ഈ പരീക്ഷണം തുടരണം. കൂടുതല്‍ മാച്ച്‌ റഫറിമാര്‍ വേണോ, അതോ തീരുമാനങ്ങള്‍ സാങ്കേതികവിദ്യക്ക്‌ വിടണമോ എന്ന കാര്യത്തില്‍ ചര്‍ച്ചകളുണ്ടായിരുന്നു. ഇത്‌ സംബന്ധിച്ച്‌ കുടുതല്‍ ചര്‍ച്ച നിര്‍ബന്ധമാണെന്ന്‌ ബ്ലാറ്റര്‍ പറഞ്ഞു. മല്‍സരങ്ങളില്‍ റഫറിമാരുടെ തീരുമാനം നിര്‍ണ്ണായക ഘട്ടത്തില്‍ പിഴക്കുമ്പോള്‍ അത്‌ ടീമുകളെ ബാധിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഏറ്റവുമൊടുവില്‍ പാരിസില്‍ നടന്ന ഫ്രാന്‍സ്‌-അയര്‍ലാന്‍ഡ്‌ ലോകകപ്പ്‌ പ്ലേ ഓഫ്‌ മല്‍സരത്തില്‍ വിവാദ ഗോള്‍ പോലും റഫറിമാരുടെ തെറ്റില്‍ നിന്ന്‌ പിറന്നതാണെന്ന വാദമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ റഫറിമാരുടെ വിവാദ തീരുമാനങ്ങള്‍ ടെലിവിഷന്‍ റഫറിക്ക്‌ വിടണമെന്ന ആവശ്യമാണ്‌ ഇപ്പോള്‍ ഫിഫ എക്‌സിക്യൂട്ടിവ്‌ സമിതി തള്ളിയിരിക്കുന്നത്‌.

വീരൂൂൂൂൂൂൂ
മുംബൈ: എന്തൊരു ചന്തമാണ്‌ വിരേന്ദര്‍ സേവാഗ്‌ എന്ന വീരു ബാറ്റ്‌ ചെയ്യുന്നത്‌ കാണാന്‍... ! കണ്ണഞ്ചിപ്പിക്കുന്ന വേഗതയില്‍ പന്ത്‌ പറ പറക്കും.... ക്രിക്കറ്റ്‌ ബുക്കില്‍ പറഞ്ഞതും പറയാത്തതുമായ എത്രയെത്ര ഷോട്ടുകള്‍.. സേവാഗ്‌ ഫുള്‍ഫോമില്‍ കളിക്കുമ്പോള്‍ പാവം ബൗളര്‍മാരെയോര്‍ത്താണ്‌ സഹതാപം. ആര്‍ക്കും പിടി നല്‍കാതെ എത്രയെളുപ്പത്തില്‍ അദ്ദേഹം റണ്‍സ്‌ വാരിക്കൂട്ടും. ഇന്നലെ ഒരു ദിവസം വീരു സ്വന്തമാക്കിയ റണ്‍സ്‌ ചില്ലറയല്ല-പുറത്താവാതെ 284 റണ്‍സ്‌...! ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തില്‍ ഇത്‌ വരെ ഒരു ദിവസത്തില്‍ ഇത്രയധികം റണ്‍സ്‌ നേടാന്‍ ആര്‍ക്കുമായിട്ടില്ല. സാക്ഷാല്‍ ഡോണ്‍ ബ്രാഡ്‌മാനും സച്ചിന്‍ ടെണ്ടുല്‍ക്കറുമെല്ലാം ഒരു സെഞ്ച്വറിക്കായി ഒരു ദിവസത്തിലധികം ചെലവഴിക്കുമ്പോള്‍ വീരു ട്രിപ്പിള്‍ സെഞ്ച്വറിക്ക്‌ പതിനാറ്‌ റണ്‍സ്‌്‌ അരികിലാണിപ്പോള്‍... ശ്രീലങ്കന്‍ സ്‌ക്കോറായ 393 റണ്‍സിനെതിരെ ബാറ്റ്‌ ചെയ്യുന്ന ഇന്ത്യ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന്‌ 443 റണ്‍സ്‌ എന്ന ശക്തമായ നിലയിലാണ്‌...
വിരൂ മാത്രമായിരുന്നു ഇന്നലെ ബ്രാബോണില്‍.. രാവിലെ 27 മിനുട്ട്‌ കൊണ്ട്‌ ലങ്കയുടെ രണ്ടാം ഇന്നിംഗ്‌സ്‌ അവസാനിച്ചു. 99 ല്‍ ആഞ്ചലോ മാത്യൂസ്‌ റണ്ണൗട്ടായതാണ്‌ നിര്‍ഭാഗ്യകരമായത്‌. സെഞ്ച്വരി അര്‍ഹിച്ചിരുന്ന ഓള്‍റൗണ്ടര്‍ അവസാനത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ത്രോയില്‍ പുറത്താവുകയായിരുന്നു. പിന്നെ കാണാനായതാണ്‌ ബാറ്റിംഗ്‌ വെടിക്കെട്ട്‌. അപാരമായ ഷോട്ടുകള്‍- ഗ്യാപ്പുകളിലേക്ക്‌ പന്ത്‌ തട്ടിയിട്ടുള്ള ഓട്ടങ്ങള്‍, ഇടക്ക്‌ പുറം വേദന വന്നിട്ടും അതൊന്നും വീരുവിനെ ബാധിച്ചതേയില്ല. അദ്ദേഹത്തിന്റെ തിരമാല കണക്കെയുളള ആക്രമണത്തില്‍ സഹ ഓപ്പണര്‍ വിജയ്‌ മുരളി നേടിയ 87 റണ്‍സ്‌ പോലും ശ്രദ്ധിക്കപെട്ടില്ല. തന്റെ രണ്ടാം ടെസ്‌റ്റ്‌ മാത്രം കളിക്കുന്ന മുരളി സെഞ്ച്വറി അര്‍ഹിച്ചിരുന്നു. പക്ഷേ അദ്ദേഹത്തെയും നിര്‍ഭാഗ്യം പിടികൂടി. ഇന്നലെ മുത്തയ്യ മുരളീധരന്‍ നേതൃത്ത്വം നല്‍കിയ ലങ്കന്‍ ബൗളര്‍മാര്‍ക്ക്‌ ആകെ ലഭിച്ച വിക്കറ്റ്‌ ഇതായിരുന്നു.
വീരു ഒരു കരുണയും ആരോടും കാണിച്ചില്ല. ഇന്ത്യയില്‍ അവസാന ടെസ്‌റ്റ്‌ കളിക്കുന്ന ഇന്ത്യയുടെ മരുമകന്‍ മുരളി ഒരു വിക്കറ്റിനായി ദുസ്‌രകള്‍ മാത്രമെറിഞ്ഞപ്പോള്‍ പന്ത്‌ പലപ്പോഴും ഗ്യാലറിയിലാണ്‌ എത്തിയത്‌. ഒരിക്കലും ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഇങ്ങനെയൊരു പ്രകടനം കാണാന്‍ പറ്റിയിട്ടില്ലെന്ന്‌ മുരളിക്ക്‌ തന്നെ പറയേണ്ടി വന്നു. 79 ഓവറുകളാണ്‌ ഇന്നലെ ലങ്ക എറിഞ്ഞത്‌. ഇതില്‍ തുടക്കത്തില്‍ നേടാനായ നാല്‌ മെയ്‌ഡനുകള്‍ മാത്രമാണ്‌ സങ്കക്കാര ഓര്‍മ്മിക്കാനാഗ്രഹിക്കുക. ഇന്ന്‌ ട്രിപ്പിളിലെത്തിയാല്‍ സേവാഗ്‌ ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഏറ്റവുമധികം ട്രിപ്പിളുകള്‍ നേടുന്ന താരമാവും. ഏറ്റവും വേഗതയില്‍ ട്രിപ്പിള്‍ നേടുന്ന താരമാവാനുമാവും. ഇപ്പോള്‍ തന്നെ അതിവേഗ 250 അദ്ദേഹത്തിന്റെ പേരിലാണ്‌. ഇതിനകം തന്നെ വീരു 6000 റണ്‍സും പിന്നിട്ടു കഴിഞ്ഞു.
ഒരു 20-20 മല്‍സരത്തിന്റെ പ്രസക്‌്‌ത ഭാഗങ്ങള്‍ കാണുന്നത്‌ പോലെയായിരുന്നു ബ്രാബോണിലെ രണ്ടാം ദിവസം. ഇന്‍സൈഡ്‌ കട്ട്‌ ഷോട്ടുകള്‍, ഫ്‌ളിക്കുകള്‍, ഓഫ്‌സൈഡ്‌ ഡ്രൈവുകള്‍. ലഞ്ചിന്‌ പിരിയുമ്പോള്‍ 17 ഓവറില്‍ നിന്നായി ഇന്ത്യ നേടിയത്‌ 85 റണ്‍സ്‌. രണ്ടാം സെഷനില്‍ വിരുവിന്റെ സെഞ്ച്വറി. 36 ഓവറില്‍ ഇന്ത്യ 198 റണ്‍സാണ്‌ നേടിയത്‌. രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ 150 പിന്നിട്ടിരുന്നു വീരു. അവസാന സെഷന്റെ തുടക്കത്തില്‍ തന്നെ ഡബിള്‍ തികച്ചു.-നുവാന്‍ കുലശേഖരയുടെ ഓരോവറില്‍ നാല്‌ ബൗണ്ടറികള്‍ പായിച്ചായിരുന്നു ഡബിള്‍ വീരു പൂര്‍ത്തിയാക്കിയത്‌. വീരുവിന്റെ കടന്നാക്രമണത്തില്‍ പന്തിന്റെ ഷേപ്പ്‌ തന്നെ പലവട്ടം മാറി. ഇപ്പോള്‍ കൂട്ടിന്‌ ദ്രാവിഡാണ്‌....

എസ്‌.ബി.ടിക്ക്‌ ബാലന്‍സില്ല
കോഴിക്കോട്‌: ഒരിക്കല്‍ക്കൂടി എസ്‌.ബി.ടി ഗോളടിക്കാന്‍ മറന്നു.... ഗോള്‍വലയം വരെ പന്തെത്തിക്കുക. അത്‌ കഴിഞ്ഞ്‌ പന്ത്‌ പുറത്തേക്കടിച്ച്‌ തുലക്കുക. കൂറെ കാലമായി ഈ ദയനീയത പതിവാക്കിയ ബാങ്കുകാര്‍ക്ക്‌ ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോളിന്റെ മേഖലാതല മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ല. കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ ഇന്നലെ രാത്രി നടന്ന പ്രാഥമിക റൗണ്ടിലെ അവസാന മല്‍സരത്തില്‍ എസ്‌.ബി.ടി രണ്ട്‌ ഗോളിന്‌ എച്ച്‌.ഏ.എല്‍ ബാംഗ്ലൂരിനോട്‌ പരാജയപ്പെട്ടു. ഈ മാസം 11 ന്‌ മുംബൈയില്‍ ആരംഭിക്കുന്ന മേഖലാതല മല്‍സരങ്ങളില്‍ ദക്ഷിണ മേഖലെയെ എച്ച്‌.ഏ.എല്‍ പ്രതിനിധീകരിക്കും. ആദ്യ പകുതിയുടെ അന്തിമഘട്ടത്തില്‍ മുരളിയും രണ്ടാം പകുതിയില്‍ ക്യാപ്‌റ്റന്‍ സേവ്യര്‍ വിജയകുമാറുമാണ്‌ ബാംഗ്ലൂരിന്റെ ഗോളുകള്‍ കരസ്ഥമാക്കിയത്‌. വ്യക്തമായ ഗെയിം പ്ലാനുമായാണ്‌ ബാംഗ്ലൂര്‍കാര്‍ കളിച്ചത്‌. തുടക്കത്തില്‍ എസ്‌.ബി.ടിയുടെ തന്ത്രം മനസ്സിലാക്കി പതുക്കെ തുടങ്ങി അതിവേഗതയിലുളള മുന്നേറ്റത്തില്‍ അവസരങ്ങള്‍ സൃഷ്ടിച്ചാണ്‌ അവര്‍ ആക്രമിച്ചത്‌. പത്താം നമ്പറുകാരന്‍ ഫ്രെഡറിക്‌ ഒക്‌വാഗ്‌ബെ എന്ന നൈജീരിയക്കാരനെ കേന്ദ്രീകരിച്ച്‌ നടത്തിയ നീക്കങ്ങളില്‍ ഫലിക്കാതെ വന്നപ്പോള്‍ മധ്യനിരയില്‍ മുരളി അവസരവാദിയായി. അബ്ദുള്‍ ബഷീര്‍ നയിച്ച എസ്‌.ബി.ടി ഡിഫന്‍സ്‌ പതറിയ ഘട്ടത്തിലായിരുന്നു ആദ്യ ഗോള്‍. രണ്ടാം പകുതിയില്‍ ബാങ്കുകാര്‍ ഉണര്‍ന്നു കളിക്കുമെന്നാണ്‌ കരുതിയത്‌. പക്ഷേ ചാമ്പ്യന്മാരെ പോല മന്ദഗതിയില്‍ കളിക്കാനാണ്‌ ആസിഫ്‌ സഹീറും സംഘവും ശ്രമിച്ചത്‌. ക്യാപ്‌റ്റന്‍ വിജയകുമാറിന്റെ ഗോള്‍ എസ്‌.ബി.ടി ഡിഫന്‍സിന്റെ പൊള്ളത്തരം ഒരിക്കല്‍ കൂടി വ്യക്തമാക്കി. മല്‍സരത്തിന്റെ അവസാനത്തില്‍ വിജയകുമാറിനെ പെനാല്‍ട്ടി ബോക്‌സില്‍ വെച്ച്‌ ഫൗള്‍ ചെയ്‌തതിന്‌ അനുൂവദിക്കപ്പെട്ട സ്‌പോട്ട്‌്‌ കിക്ക്‌ പക്ഷേ ഫ്രെഡറിക്കിന്‌ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല. എസ്‌.ബി.ടി വല കാത്ത കോഴിക്കോട്ടുകാരന്‍ ഹര്‍ഷല്‍ റഹ്‌മാന്‍ പന്ത്‌ കുത്തിയകറ്റി. വാസ്‌ക്കോ ഗോവ ഉള്‍പ്പെട്ട രണ്ടാം റൗണ്ടിലാണ്‌ ഇനി എച്ച്‌.ഏ.എല്‍ കളിക്കുക. 11 നാണ്‌ അവരുടെ മല്‍സരം. ഇവിടെ ജയിച്ചാല്‍ ഗോഹട്ടിയില്‍ ആരംഭിക്കുന്ന ഫൈനല്‍ റൗണ്ടില്‍ ഐ ലിഗിലെ പതിനാല്‌ ടീമുകള്‍ക്കൊപ്പം കളിക്കാം. കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ ഇനി ഫുട്‌ബോള്‍ വിരുന്ന്‌ ജനുവരി ആറിന്‌ ജെ.സി.ടി-വിവ കേരള ഐ ലീഗ്‌ മല്‍സരമാണ്‌.

സാഫ്‌ കപ്പിന്‌ ഇന്ന്‌ തുടക്കം
ധാക്ക: എട്ടാമത്‌ സാഫ്‌ കപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‌ ഇന്ന്‌ ബംഗബന്ധു നാഷണല്‍ സ്‌റ്റേഡിയത്തില്‍ തുടക്കം. ആദ്യ മല്‍സരത്തില്‍ ഗ്രൂപ്പ്‌ ബിയില്‍ പാക്കിസ്‌താന്‍ ശ്രീലങ്കയുമായി കളിക്കും. ഇന്ന്‌ നടക്കുന്ന രണ്ടാം മല്‍സരത്തില്‍ ആതിഥേയരായ ബംഗ്ലാദേശ്‌ ഭൂട്ടാനുമായി കളിക്കും. ഇന്ത്യ കളിക്കുന്നത്‌ ഗ്രൂപ്പ്‌ എ യിലാണ്‌. ആദ്യ മല്‍സരം നാളെ നിലവിലുളള ചാമ്പ്യന്മാരായ മാലിദ്വീപുമായി. നേപ്പാളാണ്‌ ഗ്രൂപ്പിലെ മറ്റൊരു ടീം.

ഡെംപോ മറുപടി നല്‍കി
മഡ്‌ഗാവ്‌: മഹേഷ്‌ ഗാവ്‌ലി, സമീര്‍ നായിക്‌ എന്നിവരെ ഇന്ത്യന്‍ ക്യാമ്പിലേക്ക്‌ അയക്കാതിരുന്നത്‌ രണ്ട്‌ പേര്‍ക്കും കാര്യമായ പരുക്കുകള്‍ ഉള്ളത്‌ കൊണ്ടാണെന്ന്‌ ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ കോച്ചും സെക്രട്ടറിയുമായ ആര്‍മാന്‍ഡോ കൊളോസോ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‌ വിശദീകരണം നല്‍കി. ദേശീയ ക്യാമ്പില്‍ പങ്കെടുക്കാത്ത കുറ്റത്തിന്‌ രണ്ട്‌ പേരെയും ഈയിടെ ടീമില്‍ നിന്നും സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. ഒരു തരത്തിലും നീതികരിക്കാന്‍ കഴിയാത്ത നീക്കമാണിതെന്ന്‌ അദ്ദേഹം പറഞ്ഞു. രണ്ട്‌ പേരെയും പുറത്താക്കിയ സംഭവത്തില്‍ ബൈജൂംഗ്‌ ബൂട്ടിയ ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം ഫെഡറേഷനില്‍ പ്രതിഷേധം അറിയിച്ചിരുന്നു. പരുക്കു കാരണം ഐ ലീഗില്‍ ഇത്‌ വരെ ഒരു മല്‍സരം പോലും ഗാവ്‌ലിക്ക്‌ കളിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു മാസത്തോളമായി സമീര്‍ പരുക്കുമായി ചികില്‍സയിലാണെന്നും ഡെംപോ വ്യക്തമാക്കി.

കച്ച്‌ ബിഹാര്‍ ട്രോഫിക്ക്‌ ഇന്ന്‌ തുടക്കം
തലശ്ശേരി: കച്ച്‌-ബിഹാര്‍ ട്രോഫിക്ക്‌ വേണ്ടിയുള്ള അണ്ടര്‍-19 ക്രിക്കറ്റിന്‌ ഇന്ന്‌ മുതല്‍ കോണാര്‍വയല്‍ സ്‌റ്റേഡിയത്തില്‍ തുടക്കം. മൂന്ന്‌ ദിവസം ദീര്‍ഘിക്കുന്ന ആദ്യ മല്‍സരത്തില്‍ കേരളത്തിന്റെ പ്രതിയോഗികള്‍ ത്രിപുരയാണ്‌. കാസര്‍ക്കോട്ടുകാരനായ അന്‍ഫല്‍ നയിക്കുന്ന കേരളാ ടീമില്‍ രജ്ഞി താരമായ സന്‍ജു വി സാംസണ്‍, സാലി വി സാംസണ്‍, കണ്ണൂരിലെ മുഹമ്മദ്‌ നസീഫ്‌ തുടങ്ങിയവര്‍ കളിക്കുന്നുണ്ട്‌.

മൗറിസ്‌മോ വിടവാങ്ങുന്നു
പാരീസ്‌: മുന്‍ ലോക ഒന്നാം നമ്പര്‍ താരവും 2006 ലെ വിംബിള്‍ഡണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവുമായ ഫ്രാന്‍സിന്റെ അമലി മൗറിസ്‌മോ രാജ്യാന്തര ടെന്നിസ്‌ വിടുന്നു. മുപ്പതുകാരിയായ താരം പ്രായത്തെ ബഹുമാനിച്ചാണ്‌ കളിക്കളം വിടുന്നത്‌. പരുക്കു കാരണം കൂടുതല്‍ മല്‍സരങ്ങള്‍ സീസണില്‍ കളിക്കാന്‍ കഴിയാതിരുന്ന മൗറിസ്‌മോ നിലവില്‍ ലോക റാങ്കിംഗില്‍ 21 ലാണ്‌.

എല്ലാവരുമെത്തി, നറുക്കെടുപ്പ്‌ ഇന്ന്‌
കേപ്‌ടൗണ്‍: അതെ..., സമയമായിരിക്കുന്നു.... ലോകത്തിന്റെ നെഞ്ചിടിപ്പിലേക്കുളള നറുക്കെടുപ്പിന്‌ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന്‌ രാത്രി 12 ന്‌ കേപ്‌ടൗണിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഫിഫ ലോകകപ്പ്‌ നറുക്കെടുപ്പ്‌ നടക്കുമ്പോള്‍ അതിന്‌ സാക്ഷികളാവാന്‍ എല്ലാവരുമെത്തിയിരിക്കുന്നു. ലോകകപ്പ്‌ ഫൈനല്‍ റൗണ്ട്‌ ബെര്‍ത്ത്‌ സ്വന്തമാക്കിയ 32 ടീമുകളുടെയും പരിശീലകരും റെഡി. വിശിഷ്ട അതിഥികളായ ഡേവിഡ്‌ ബെക്കാമും മക്കായ എന്‍ടിനിയുമെല്ലാം എത്തിയിരിക്കുന്നു. ഇന്നലെ എല്ലാവരുടെയും നോട്ടപുള്ളി ഡിയാഗോ മറഡോണ എന്ന അര്‍ജന്റീനിയന്‍ പരിശീലകനായിരുന്നു.
32 ടീമുകളാണ്‌ ഫൈനല്‍ റൗണ്ടിന്‌. ഇവര്‍ എട്ട്‌ ഗ്രൂപ്പുകളിലായി മല്‍സരിക്കും. ഒരു ഗ്രൂപ്പില്‍ നാല്‌ ടീമുകള്‍. നാല്‌ പോട്ടുകളിലായാണ്‌ നറുക്കെടുപ്പ്‌. ആദ്യ പോട്ടില്‍ സീഡിംഗ്‌ ടീമുകള്‍. മറ്റ്‌ പോട്ടുകളില്‍ വന്‍കരാടിസ്ഥാനത്തിലുളള ടീമുകള്‍.

ചെല്‍സി പുറത്ത്‌
ലണ്ടന്‍: കാര്‍ലിംഗ്‌ കപ്പ്‌ ഫുട്‌ബോളില്‍ നിന്നും ശക്തരായ ചെല്‍സി പുറത്ത്‌. പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക്‌ ദീര്‍ഘിച്ച പോരാട്ടത്തില്‍ ബ്ലാക്‌ബര്‍ണിനോടാണ്‌ ചെല്‍സി തോറ്റത്‌. നിശ്ചിത സമയ മല്‍സരം 3-3 ല്‍ അവസാനിച്ചു. മുഖ്യ താരങ്ങള്‍ക്കെല്ലാം കോച്ച്‌ കാര്‍ലോസ്‌ അന്‍സലോട്ടി വിശ്രമം നല്‍കിയിരുന്നു. മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്‌റ്റര്‍ സിറ്റി മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ ആഴ്‌സനലിനെ പരാജയപ്പെടുത്തി.

No comments: