Friday, December 4, 2009

JUST MISS

വീരു.....
മുംബൈ: വിരേന്ദര്‍ സേവാഗിന്‌ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ മൂന്നാമത്‌ ട്രിപ്പിള്‍ സെഞ്ച്വറിയും അത്‌ വഴി ലോക റെക്കോര്‍ഡും സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. സേവാഗ്‌ 293 റണ്‍സുമായി പുറത്തായപ്പോള്‍ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണി പുറത്താവാതെ നേടിയ സെഞ്ച്വറിയും രാഹുല്‍ ദ്രാവിഡ്‌, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ്‌ ലക്ഷ്‌മണ്‍ എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളിലും ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌ ഏഴ്‌ വിക്കറ്റിന്‌ 726 റണ്‍സ്‌ എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്‌തു. ടെസ്‌റ്റ്‌ ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌ക്കോറാണിത്‌. ഓസ്‌ട്രേലിയക്കെതിരെ നേടിയ ഏഴ്‌ വിക്കറ്റിന്‌ 705 റണ്‍സ്‌ എന്ന റെക്കോര്‍ഡാണ്‌ ബ്രാബോണില്‍ പഴങ്കഥയായത്‌. രണ്ടാം ഇന്നിംഗ്‌സ്‌ ആരംഭിച്ച സന്ദര്‍ശകര്‍ മൂന്നാം ദിവസം സ്റ്റംമ്പിന്‌ പിരിയുമ്പോള്‍ മൂന്ന്‌ ഓവറില്‍ വിക്കറ്റ്‌ പോവാതെ 11 റണ്‍സ്‌ നേടിയിട്ടുണ്ട്‌.
ലോകത്തിന്റെ കണ്ണുകളെല്ലാം ഇന്നലെ സേവാഗിലേക്കായിരുന്നു. ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ചുവന്ന പിച്ചില്‍ അദ്ദേഹം ചരിത്രം രചിക്കുമെന്ന്‌ ഉറപ്പായിരുന്നെങ്കിലും നാലാമത്തെ ഓവറില്‍ മുത്തയ്യ മുരളിധരന്റെ പന്തില്‍ നാടകീയമായി സേവാഗ്‌ പുറത്തായി. പാദങ്ങള്‍ ചലിപ്പിക്കാതെ, മുരളിയുടെ ദുസ്‌രക്ക്‌ ബാറ്റ്‌ വെച്ചപ്പോള്‍ പന്ത്‌ നേരെ ഉയര്‍ന്ന്‌ ബൗളറുടെ അരികില്‍ എത്തുകയായിരുന്നു. ആദ്യ ശ്രമത്തില്‍ മുരളിക്ക്‌ പന്ത്‌ കൈപിടിയില്‍ ഒതുക്കാനായില്ലെങ്കിലും രണ്ടാം ശ്രമത്തില്‍ മുരളി പന്തിനെ പിടിച്ചപ്പോള്‍ ഗ്യാലറികള്‍ നിശബ്ദമായി. എല്ലാവരും കാത്തിരുന്നത്‌ ആ ട്രിപ്പിളിനായിരുന്നു. സേവാഗും നിരാശനായിരുന്നു. ഇതിനകം രണ്ട്‌ ട്രിപ്പിള്‍ സെഞ്ച്വറികള്‍ സ്വന്തമാക്കി ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തില്‍ സമാനതകളില്ലാത്ത സ്ഥാനം നേടിയ സേവാഗ്‌ 293 ല്‍ പുറത്താവുമ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ പല റെക്കോര്‍ഡുകളും പിറന്നിരുന്നു. ഏറ്റവും വേഗതയില്‍ 250 റണ്‍സ്‌ നേടിയ വീരു 290 കളില്‍ പുറത്താവുന്ന നാലാമത്തെ ബാറ്റ്‌സ്‌മാനാണ്‌.
രണ്ടാം ദിവസത്തില്‍ നിന്നും വിത്യസ്‌തമായി ഇന്നലെ ലങ്കന്‍ സ്‌പിന്നര്‍മാര്‍ക്ക്‌-പ്രത്യേകിച്ച്‌ ലങ്കാന ഹെരാത്തിന്‌ അല്‍പ്പം പിന്തുണ പിച്ചില്‍ നിന്നും ലഭിച്ചത്‌ റണ്‍നിരക്കിനെ ബാധിച്ചു. രണ്ടാം ദിവസത്തില്‍, സേവാഗ്‌ മാത്രം 284 റണ്‍സ്‌ വാരിക്കൂട്ടിയപ്പോള്‍ ഇന്ത്യക്ക്‌ ഇന്നലെ ആകെ നേടാനായത്‌ 283 റണ്‍സാണ്‌. അത്‌ തന്നെ ധോണിയുടെ അവസാന അടികളിലാണ്‌ പന്ത്‌ ബൗണ്ടറി കടക്കാന്‍ തുടങ്ങിയത്‌.
സേവാഗ്‌ പുറത്താവുമ്പോള്‍ ഇന്ത്യയുടെ ലീഡ്‌ 63 റണ്‍സിലായിരുന്നു. പിന്നെ പ്രതീക്ഷ ദ്രാവിഡിലായിരുന്നു. പക്ഷേ സേവാഗിന്റെ പെട്ടെന്നുളള മടക്കം ദ്രാവിഡിനെയും ബാധിച്ചു. തന്റെ തലേ ദിവസ സ്‌ക്കോറായ 62 റണ്‍സിനോട്‌ 12 റണ്‍സ്‌ കൂടി ചേര്‍ത്ത്‌ അദ്ദേഹം പുറത്തായി. രണ്ട്‌ വിക്കറ്റുകള്‍ പെട്ടെന്ന്‌ വീണപ്പോള്‍ ബൗളര്‍മാര്‍ നിലയുറപ്പിച്ചു. സച്ചിന്‍ സ്വന്തം ഷോട്ടുകള്‍ പായിച്ചിട്ടും സേവാഗ്‌ ക്രീസിലുളളപ്പോള്‍ പറന്നിരുന്ന പന്ത്‌ പലപ്പോഴും ഇന്‍ ഫീല്‍ഡില്‍ തന്നെ നിന്നു. രണ്ടാ ം ഇന്നിംഗ്‌സില്‍ ബാറ്റ്‌ ചെയ്യാതെ, ഇന്നിംഗ്‌സ്‌ വിജയം ടീമിനായി ഉറപ്പിക്കുക എന്ന ലക്ഷ്യവും സച്ചിനുണ്ടായിരുന്നു.
സച്ചിനും ലക്ഷ്‌മണും ക്രീസിലുളളപ്പോള്‍ മുരളി ആദ്യ മെയ്‌ഡനും പായിച്ചു. ഇന്ത്യന്‍ പര്യടനത്തില്‍ തപ്പിതടയുന്ന ലെഗ്‌ സ്‌പിന്നര്‍ അഹമ്മദാബാദ്‌ ടെസ്‌റ്റിലെ രണ്ടാം ഇന്നിംഗ്‌സിലാണ്‌ അവസാനമായി ഒരു മെയ്‌ഡന്‍ പായിച്ചത്‌. കാണ്‍പ്പൂര്‍ ടെസ്റ്റില്‍ കണക്കിന്‌ മര്‍ദ്ദിക്കപ്പെട്ട മുരളിക്ക്‌ രണ്ടാം ദിവസത്തില്‍ സേവാഗിന്റെ വക കാര്യമായി അടി കിട്ടിയിരുന്നു.
ലഞ്ചിന്‌ ശേഷം മുരളിയുടെ പിടിയില്‍ നിന്നും ഇന്ത്യ മോചിതമാവാന്‍ തുടങ്ങി. സച്ചിന്‍ ടെസ്റ്റ്‌ ക്രിക്കറ്റിലെ തന്റെ 97-ാമത്‌ അര്‍ദ്ധശതകം പൂര്‍ത്തിയാക്കി. ലക്ഷ്‌മണും അവസരത്തിനൊത്തുയര്‍ന്നു. വെലിഗിഡാരയെയാണ്‌ അദ്ദേഹം കാര്യമായി പ്രഹരിച്ചത്‌.
സച്ചിന്‍ 35 ല്‍ നില്‍ക്കുമ്പോള്‍ ഹെറാത്തിന്റെ പന്തില്‍ നിന്നും അമ്പയറുടെ ആനുകൂല്യത്തില്‍ അദ്ദേഹം രക്ഷപ്പെട്ടു. ഉറച്ച ലെഗ്‌ ബിഫോര്‍ അപ്പീല്‍ അമ്പയര്‍ നിരസിക്കുകയായിരുന്നു. സച്ചിനും ലക്ഷ്‌മണും അര്‍ദ്ധ സെഞ്ച്വറി നേടിയ ഉടന്‍ സ്‌ക്കോര്‍ ഉയര്‍ത്താനുളള ശ്രമത്തില്‍ പുറത്തായി. യുവരാജിനും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. അവസാനത്തില്‍ ധോണിയുടെ കൂറ്റന്‍ ഷോട്ടുകളാണ്‌ ടീമിനെ തുണച്ചത്‌. വാലറ്റത്തില്‍ ഹര്‍ഭജനും സഹീറും പെട്ടെന്ന്‌ മടങ്ങിയപ്പോള്‍ പത്താമനായ പ്രഗ്യാന്‍ ഒജയെ സാക്ഷിയാക്കിയാണ്‌ ധോണി സെഞ്ച്വറി തികച്ചത്‌. മൂന്നക്കം നേടിയതും അദ്ദേഹം ഇന്നിംഗ്‌സ്‌ ഡിക്ലയര്‍ ചെയ്‌തു. ആറ്‌ സിക്‌സറുകളാണ്‌ ക്യാപ്‌റ്റന്‍ നേടിയത്‌. സെഞ്ച്വറി പൂര്‍ത്തിയാക്കിയത്‌ സിക്‌സറിലാണ്‌. അതോടെ ഇന്നിംഗ്‌സും ഡിക്ലയര്‍ ചെയ്‌തു. ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌ക്കോറാണിത്‌. ഇന്ന്‌ മല്‍സരത്തിന്റെ നാലാം ദിവസം പിച്ച്‌ സ്‌പിന്നിന്‌ അനുകൂലമായി മാറുമെന്നിരിക്കെ മല്‍സരത്തില്‍ പരാജയമില്ലാതെ രക്ഷപ്പെടാന്‍ ലങ്കക്കായാല്‍ അത്‌ അല്‍ഭുതമായിരിക്കും.

അവര്‍ കാത്തിരുന്നു... പക്ഷേ
മുംബൈ: ഇന്നലെ നജഗര്‍ നവാബ്‌ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിലെ അപൂര്‍വ കസേരയില്‍ ഇരിക്കുന്നത്‌ കാണാന്‍ അവരെല്ലാവരുമെത്തിയിരുന്നു. വിരേന്ദര്‍ സേവാഗിന്റെ മാതാവ്‌, ഭാര്യ, കുട്ടി, കുടുംബാംഗങ്ങള്‍ എല്ലാവരും രാവിലെ തന്നെ നിലയുറപ്പിച്ചു. ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ കളി കാണാനും വലിയ തിരക്കായിരുന്നു. സേവാഗ്‌ തുടക്കത്തില്‍ തന്നെ ട്രിപ്പിള്‍ നേടുമെന്ന്‌ ചരിത്ര മുഹൂര്‍ത്തത്തിന്‌ സാക്ഷിയാവാന്‍ അതിരാവിലെ സ്‌റ്റേഡിയത്തിലെത്തി. എല്ലാവരും പ്രാര്‍ത്ഥിച്ചു. അക്ഷമയോടെ കാത്തിരുന്നു. മല്‍സരത്തിനായി താരങ്ങള്‍ ഇറങ്ങിയപ്പോള്‍ കൈയ്യടികളായിരുന്നു. ടെസ്‌റ്റ്‌ ക്രിക്കറ്റിന്റെ നിറമുളള ചരിത്രത്തിലേക്ക്‌ ഈ മല്‍സരം കടന്നിരിക്കും എന്ന വിശ്വാസത്തില്‍ ടെലിവിഷന്‍ ക്യാമറകളും റെഡിയായി. മാധ്യമ പ്രവര്‍ത്തകരുടെ വലിയ പട തന്നെ മല്‍സരത്തിന്റെ മൂന്നാം ദിവസം പകര്‍ത്താനെത്തിയിരുന്നു. ആദ്യം മൈതാനത്ത്‌ എത്തിയത്‌ ലങ്കന്‍ ടീമായിരുന്നു. തുടര്‍ന്ന്‌ ദ്രാവിഡിനൊപ്പം സേവാഗ്‌ വരുമ്പോള്‍ നിലക്കാത്ത കൈയ്യടി... സ്‌പിന്നര്‍മാരെ വെച്ച്‌ പരീക്ഷണം നടത്താനായിരുന്നു ലങ്കന്‍ നായകന്‍ കുമാര്‍ സങ്കക്കാരയുടെ തീരുമാനം. രണ്ടാം ദിവസത്തില്‍ സേവാഗ്‌ സ്‌പിന്നര്‍മാരെ പ്രത്യേകിച്ച്‌ മുരളിയെ പറപറപ്പിക്കുന്നത്‌ കണ്ടിട്ടും തന്റെ ലോകോത്തര ബൗളര്‍ക്ക്‌ തന്നെ നായകന്‍ പന്ത്‌ നല്‍കി. ആ നീക്കമാണ്‌്‌ ഇന്ത്യയെയും സേവാഗിനെയും ചതിച്ചത്‌. മൂന്നാം ദിവസത്തെ നാലാമത്തെ ഓവറില്‍ മുരളിയുടെ നിരുപദ്രവകരമെന്ന്‌ തോന്നിയ പന്തില്‍ സേവാഗ്‌ റിട്ടേണ്‍ ക്യാച്ച്‌ നല്‍കി... അതോടെ എല്ലാം നിശബ്ദമായി. ലങ്കന്‍ താരങ്ങളുടെ ആര്‍പ്പുവിളികള്‍ മാത്രമാണ്‌ കേട്ടത്‌.

തേര്‍ഡ്‌ ഐ
വിരുവിന്‌ മാത്രം കഴിയുന്നത്‌
അതിവേഗതയില്‍ സെഞ്ച്വറികളും ഡബിളുകളും ട്രിപ്പിളുകളും നേടുക, അതേ വേഗതയില്‍ പുറത്താവുക-വീരേന്ദര്‍ സേവാഗിന്‌ മാത്രം കഴിയുന്നതാണ്‌ ഇത്‌. സാക്ഷാല്‍ ഡോണ്‍ ബ്രാഡ്‌മാന്റെ കരിയര്‍ പരിശോധിക്കുക-അദ്ദേഹത്തിന്റെ സെഞ്ച്വറികളും ഡബിളുകളുമെല്ലാം ഒന്നും രണ്ടും മൂന്നും ദിവസമെടുത്തിട്ടുള്ളവയാണ്‌. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെ ടെസ്‌റ്റ്‌ ്‌ക്രിക്കറ്റിലെ വിഖ്യാതരായ ബാറ്റ്‌സ്‌മാന്മാരുടെ സെഞ്ച്വറികള്‍ക്കൊന്നും അസാമാന്യ വേഗതയുണ്ടായിരുന്നില്ല. ടെസ്റ്റ്‌ ക്രിക്കറ്റിലെ ബാറ്റിംഗ്‌ മനോഹാരിതയില്‍ ഒരിക്കലും വേഗതക്ക്‌ സ്ഥാനമുണ്ടായിരുന്നില്ല. വിവിയന്‍ റിച്ചാര്‍ഡ്‌സും ക്ലൈവ്‌ ലോയിഡും സ്‌റ്റീവ്‌ വോയും അലന്‍ ബോര്‍ഡറും മാര്‍ക്ക്‌ ടെയ്‌ലറും മാര്‍ട്ടിന്‍ ക്രോയും ജോണ്‍ റൈറ്റും സഹീര്‍ അബാസും ജാവേദ്‌ മിയാന്‍ദാദും അരവിന്ദ ഡിസില്‍വയും ജെഫ്‌ ബോയ്‌ക്കോട്ടും കെപ്ലര്‍ വെസല്‍സുമെല്ലാം ധാരാളം സെഞ്ച്വറികള്‍ സ്വന്തമാക്കിയവരാണ്‌. ഇവരില്‍ പലരും മൂന്നക്കം തികക്കാന്‍ ഒന്നിലധികം ദിവസം തന്നെ എടുത്തിട്ടുണ്ട്‌. ഇവരെ പുറത്താക്കാനും പ്രയാസമായിരുന്നു. പക്ഷേ സേവാഗിലേക്ക്‌ വരുമ്പോള്‍ ടെസ്‌റ്റ്‌ ക്രിക്കറ്റിലെ ഈ പരമ്പരാഗത സമവാക്യങ്ങളെല്ലാം മാറുന്നു. അദ്ദേഹം ഒരു സെഷനില്‍ സെഞ്ച്വറി നേടിയവനാണ്‌. മൂന്ന്‌ സെഷന്‍ കൊണ്ട്‌ ഡബിള്‍ സെഞ്ച്വറി നേടിയവനാണ്‌. ആരെയും കൂസാതെ അതിവേഗതയില്‍ എത്രയോ റണ്‍സ്‌ എളുപ്പത്തില്‍ നേടിയിട്ടുണ്ട്‌. ബൗളറുടെ മികവിനെ അംഗീകരിക്കാതെ തന്റെ ബാറ്റിംഗിനെ മാത്രം വിശ്വസിച്ചുള്ള ഷോട്ടുകള്‍. തീര്‍ച്ചയായും അദ്ദേഹത്തിന്‌ സമാനതകളില്ല. വേണമെങ്കില്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനെ ഉദാഹരിക്കാ.ം പക്ഷേ ഏകദിനത്തിലെ വേഗതയില്‍ വിവിയന്‌ ടെസ്റ്റ്‌ ക്രിക്കറ്റില്‍ കളിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരിക്കലുമൊരു സ്‌പെഷ്യലിസ്‌റ്റ്‌ ഓപ്പണറായി വന്ന താരമല്ല സേവാഗ്‌. ആദ്യം ഏകദിന ടീമില്‍ മധ്യനിരക്കാരനായി വന്നു. അന്ന്‌ കൂറ്റനടിക്കാരനായിരുന്നില്ല. ശരാശരിക്കാരന്‍. സനത്‌ ജയസൂര്യ എന്ന ലങ്കന്‍ ഓപ്പണര്‍ 1996 ലെ ലോകകപ്പില്‍ ഏകദിന ക്രിക്കറ്റിന്‌ പുതിയ സമവാക്യം രചിച്ചപ്പോള്‍ അതാണ്‌ വീരു മാതൃകയാക്കിയത്‌. 96 ലെ ലോകകപ്പിന്‌ ശേഷമാണ്‌ ഏകദിനങ്ങളിലെ ഓപ്പണര്‍മാരായി സംഹാരതാണ്ഡവക്കാര്‍ വന്നത്‌. അവിടെയാണ്‌ വീരുവിന്റെ സ്ഥാനം. സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ്‌ ഗാംഗുലിയും ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണര്‍മാരായ കാലത്താണ്‌ വീരുവിന്റെ രംഗപ്രവേശം. ഒരു തരത്തിലും അദ്ദേഹത്തിന്‌ ഇന്ത്യന്‍ ഓപ്പണറാവാന്‍ കഴിയുമായിരുന്നില്ല. പക്ഷേ സൗരവിലെ നായകന്‍ പരീക്ഷണത്തിന്‌ തയ്യാറായി. അവിടെയാണ്‌ മാറ്റം വന്നത്‌. പിന്നെ ടെസ്റ്റിലും സേവാഗ്‌ ഓപ്പണറായി. സെഞ്ച്വറികളും ഡബിളുകളും ട്രിപ്പിളുകളും പിറന്നു. ഇന്നലെ അദ്ദേഹം പെട്ടെന്ന്‌ പുറത്തായി. ട്രിപ്പിളിനായി മന്ദഗതിയില്‍ കളിച്ചാല്‍ അത്‌ സാധ്യമാവുമായിരുന്നു. അല്ലെങ്കില്‍ 400 കടന്ന്‌ പുതിയ ലോക റെക്കോര്‍ഡ്‌ കുറിക്കാമായിരുന്നു. പക്ഷേ വിരു ഒന്നിനും നിന്നില്ല. അതാണ്‌ സേവാഗ്‌-അവിടെയാണ്‌ അദ്ദേഹം ടെസ്റ്റ്‌ ക്രിക്കറ്റിന്റെ ആസ്വാദന തലത്തില്‍ തന്നെ പുതിയ നിര്‍വചനമായിരിക്കുന്നത്‌. വീരു ബാറ്റ്‌ ചെയ്യുമ്പോള്‍ ടെസ്‌റ്റ്‌ എന്നാല്‍ 20-20 ക്രിക്കറ്റ്‌ പോലെയാണ്‌. അദ്ദേഹം മുംബൈ ടെസ്റ്റിന്റെ രണ്ടാം ദിവസത്തില്‍ സ്‌ക്കോര്‍ ചെയ്‌തത്‌ 284 റണ്‍സാണ്‌. ഇന്നലെ മല്‍സരത്തിന്റെ മൂന്നാം ദിവസം ഇന്ത്യയുടെ മറ്റ്‌ ബാറ്റ്‌സ്‌മാന്മാര്‍ എല്ലാവരും ചേര്‍ന്ന്‌ നേടിയത്‌ 283 റണ്‍സാണ്‌. സംശയമില്ല, വിരുവിന്‌ മൂന്നാം ട്രിപ്പിള്‍ നേടാന്‍ ഇനിയും സമയമുണ്ട്‌-അദ്ദേഹം അത്‌ നേടിയിരിക്കും. ബ്രാഡ്‌മാനെയും ലാറയെയും തോല്‍പ്പിക്കാന്‍ അദ്ദേഹത്തിനാവും. അതാണ്‌ വിരു-എല്ലാവരില്‍ നിന്നും വിത്യസ്‌തന്‍....!

സ്‌ക്കോര്‍ബോര്‍ഡ്‌
ശ്രീലങ്ക ഒന്നാം ഇന്നിംഗ്‌സ്‌ 393. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌: എം.വിജയ്‌-എല്‍.ബി.ഡബ്ല്യൂ-ബി-ഹെറാത്ത്‌-87, സേവാഗ്‌-സി ആന്‍ഡ്‌ ബി-മുരളി-293, ദ്രാവിഡ്‌-സി-പ്രസന്ന-ബി-വെലിഗിഡാര-74, സച്ചിന്‍-ബി-കുലശേഖര-53, ലക്ഷ്‌മണ്‍ -സി-കുലശേഖര-ബി-മുരളി-62, യുവരാജ്‌-സി-മാത്യൂസ്‌-ബി-ഹെറാത്ത്‌-23, ധോണി-നോട്ടൗട്ട്‌-100, ഹര്‍ഭജന്‍-ബി-മുരളി-1, സഹീര്‍-സി-കുലശേഖര-ബി-മുരളി-7, ശ്രീശാന്ത്‌-എല്‍.ബിഡബ്ല്യൂ-ബി-ഹെരാത്ത്‌-8, ഒജ-നോട്ടൗട്ട്‌-5, എക്‌സ്‌ട്രാസ്‌ 13, ആകെ 163.3 ഓവറില്‍ ഒമ്പത്‌ വിക്കറ്റിന്‌ 726 ഡിക്ലയേര്‍ഡ്‌. വിക്കറ്റ്‌ പതനം: 1-221 (മുരളി), 2-458 (സേവാഗ്‌), 3-487 (ദ്രാവിഡ്‌), 4-558 (സച്ചിന്‍), 5-591 (ലക്ഷ്‌മണ്‍), 6-610 (യുവി), 7-615 (ബാജി), 8-647 (സഹീര്‍), 9-670 (ശ്രീശാന്ത്‌). ബൗളിംഗ്‌: വെലിഗിഡാര 30-3-131-1, കുലശേഖര 20-1-105-1, ഹെരാത്ത്‌ 53.3-2-240-3, മുരളി 51-4-195-4, മാത്യൂസ്‌ 6-0-36-0, ദില്‍ഷാന്‍ 3-0-16-0.
ലങ്ക രണ്ടാം ഇന്നിംഗ്‌സ്‌. പരനവിതാന -നോട്ടൗട്ട്‌-8, ദില്‍ഷാന്‍ -നോട്ടൗട്ട്‌-3, എക്‌സ്‌ട്രാസ്‌-0, ആകെ മൂന്ന്‌ ഓവറില്‍ വിക്കറ്റ്‌ പോവാതെ 11. ബൗളിംഗ്‌: ഹര്‍ഭജന്‍ 2-0-7-0, ഒജ 1-0-4-0


കിവീസ്‌ തകര്‍ന്നു
വെല്ലിംഗ്‌ടണ്‍: ആദ്യ ടെസ്‌റ്റിലെ നാടകീയ പരാജയം മറന്ന്‌ ന്യൂസിലാന്‍ഡിനെതരയ രണ്ടാം ടെസ്‌റ്റില്‍ പാക്കിസ്‌താന്‍ കരുത്താര്‍ജിക്കുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 264 റണ്‍സ്‌ നേടിയ സന്ദര്‍ശകര്‍ ആതിഥേയരുടെ ഒന്നാം ഇന്നിംഗ്‌സ്‌ ഇന്നലെ 99 റണ്‍സില്‍ അവസാനിപ്പിച്ച്‌ മല്‍സരത്തില്‍ മുന്‍കൈ നേടി. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ പാക്കിസ്‌താന്‍ രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട്‌ വിക്കറ്റിന്‌ 64 റണ്‍സ്‌ നേടിയിട്ടുണ്ട്‌. മൊത്തം 229 റണ്‍സിന്റെ ലീഡ്‌ ഇപ്പോള്‍ ടീമിനുണ്ട്‌. ബേസിന്‍ റിസര്‍വില്‍ ഇന്നലെ അരങ്ങ്‌ തകര്‍ത്തത്‌ നാല്‌ വിക്കറ്റ്‌ നേടിയ മുഹമ്മദ്‌ ആസിഫും മൂന്ന്‌ വിക്കറ്റ്‌ നേടിയ സ്‌പിന്നര്‍ ഡാനിഷ്‌ കനേരിയയുമാണ്‌.

ബ്രാവക്ക്‌ സെഞ്ച്വറി
അഡലെയ്‌ഡ്‌: നാല്‌ വര്‍ഷത്തിനിടെ ആദ്യ ടെസ്റ്റ്‌ സെഞ്ച്വറി സ്വന്തമാക്കിയ ഓള്‍റൗണ്ടര്‍ ഡ്വിന്‍ ബ്രാവോയുടെ മികവില്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്‌റ്റിന്റെ ആദ്യദിവസം വിന്‍ഡീസ്‌ ശക്തമായ നിലയില്‍. ആറ്‌ വിക്കറ്റിന്‌ 336 റണ്‍സാണ്‌ അവര്‍ സ്‌ക്കോര്‍ ചെയ്‌തിരിക്കുന്നത്‌. ബ്രാവോ 104 റണ്‍സ്‌ നേടിയപ്പോള്‍ ചന്ദര്‍പോള്‍ 62 റണ്‍സ്‌ നേടി. ആദ്യ ടെസ്‌റ്റില്‍ വിന്‍ഡീസ്‌ ഇന്നിംഗ്‌സ്‌ തോല്‍വി രുചിച്ചിരുന്നു.

സൈന സെമിയില്‍
ജോഹാര്‍ ബാഹ്‌റു (മലേഷ്യ): ബി.ഡബ്ല്യു.എഫ്‌ ലോക മാസ്‌റ്റേഴ്‌സ്‌ സൂപ്പര്‍ സീരിസ്‌ പരമ്പരയില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ സെമിയില്‍ കടന്നു. തായ്‌ലാന്‍ഡിന്റെ പോര്‍ണതിപ്‌ ബുരാന്‍ പ്രാസ്‌റ്റെക്കിനെയാണ്‌ സൈന തോല്‍പ്പിച്ചത്‌. സ്‌ക്കോര്‍ 21-13, 21-19

ആഴ്‌സനല്‍ ടാറ്റാ ടീ ഫുട്‌ബോള്‍
കോഴിക്കോട്‌: ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആഴ്‌സനല്‍ ടാറ്റാ ടീ ഇന്റര്‍ സ്‌ക്കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ 17,18 തിയ്യതികളില്‍ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കും. 01-09-1994 ന്‌ ശേഷം ജനിച്ചവര്‍ക്ക്‌ പങ്കെടുക്കാം. പത്ത്‌ കളിക്കരും ഒരു ഒഫീഷ്യലും അടങ്ങുന്ന സ്‌ക്കൂള്‍ ടീമുകള്‍ നിര്‍ദിഷ്ട ഫോറത്തില്‍ ഈ മാസം 12 നകം അപേക്ഷകള്‍ കെ.ഡി.എഫ്‌.എ ഓഫീസില്‍ നല്‍കണമെന്ന്‌ സെക്രട്ടറി പി.ഹരിദാസ്‌ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9447425369.

No comments: