Tuesday, December 29, 2009

LOOK AT SEPT-THEY ARE WONDERFUL





ഞങ്ങള്‍ റെഡി-2
കമാല്‍ വരദൂര്‍
ഫുട്‌ബോളില്‍ നിന്നും കേരളത്തിന്റെ ചര്‍ച്ചകള്‍ ക്രിക്കറ്റിലേക്ക്‌ വഴുതി വീഴാന്‍ അവസരം നല്‍കിയത്‌ മറ്റാരുമായിരുന്നില്ല-നമ്മുടെ ഫുട്‌ബോള്‍ ഭരണാധികരികളും താരങ്ങളും തന്നെയായിരുന്നു. സംസ്ഥാന ഫുട്‌ബോളിനെ ഭരിക്കുന്ന കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‌ പറയാന്‍ പലവിധ കാരണങ്ങളുമുണ്ടായിരുന്നു. നിരന്തരം അവരത്‌ പറഞ്ഞ്‌ കൊണ്ടേയിരിക്കുന്നു. താരങ്ങളുടെ ഭാഗത്ത്‌ നിന്ന്‌ സംസാരിക്കാന്‍ എല്ലാവരുമുണ്ടായിരുന്നു. എല്ലാവരും അവരോട്‌ സഹതാപം പ്രകടിപ്പിച്ചു. പക്ഷേ കേരളത്തില്‍ ചാമ്പ്യന്‍ഷിപ്പുകള്‍ മണ്‍മറഞ്ഞതിന്‌ അധികാരികള്‍ക്ക്‌ ഉത്തരവാദിത്ത്വം ഉള്ളത്‌ പോലെ ടീമുകള്‍ തകര്‍ന്നടിഞ്ഞതില്‍ താരങ്ങളുടെ പങ്കും വലുതായിരുന്നു. ഉന്നതങ്ങളിലെ താര ഈഗോയിലാണ്‌ കേരളാ പോലീസും എഫ്‌.സി കൊച്ചിനും എസ്‌.ബി.ടിയും തകര്‍ന്നത്‌. സത്യനും വിജയനും പാപ്പച്ചനും ഷറഫലിയും കുരികേശ്‌ മാത്യവും ചാക്കോയുമെല്ലാം കേരള പോലീസിനെ ഉയരങ്ങളിലെത്തിച്ചവരാണ്‌. ടീം വളര്‍ന്നപ്പോള്‍ താരങ്ങളും വളര്‍ന്നു. അതിനൊപ്പം സൂപ്പര്‍ ഈഗോയിസവും വളര്‍ന്നപ്പോള്‍ സ്വന്തം കാര്യം സിന്ദാബാദ്‌ എന്ന നിലയിലായി എല്ലാവരും. സ്വന്തം പ്രൊമോഷന്‍ എന്ന മുദ്രാവാക്യത്തില്‍ പോലീസിലെ താരങ്ങള്‍ സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റ്‌ മറന്ന കാഴ്‌ച്ചയില്‍ പഴയ ഡി.ജി.പി ജോസഫ്‌ സാര്‍ വിഭാവനം ചെയ്‌ത വിശാല കായികാടിത്തറ തകര്‍ന്നു തരിപ്പണമായി. താരങ്ങള്‍ പണം തേടി കൊല്‍ക്കത്തയിലേക്കും ഗോവയിലേക്കും ചേക്കേറി. എഫ്‌.സി കൊച്ചിന്റെ തുടക്കത്തില്‍ സൂപ്പര്‍താരങ്ങള്‍ പണത്തിനൊപ്പം സഞ്ചരിച്ച്‌ ടീമിന്റെ കുതിപ്പിന്‌ ഊര്‍ജ്ജം നല്‍കി. 2001-02 സീസണിലെ ദേശീയ ലീഗില്‍ എഫ്‌.സി കൊച്ചിന്‍ ഏറ്റവും അവസാന സ്ഥാനത്തായത്‌ ദയനീയമായ കാഴ്‌ച്ചയായിരുന്നു. അതോടെ ടീം തരം താഴ്‌്‌ത്തപ്പെട്ടപ്പോള്‍ 2002-03 സീസണില്‍ ദേശീയ ലീഗില്‍ കേരളത്തിന്‌ പ്രാതിനിധ്യമുണ്ടായില്ല. ഒരു കാലത്ത്‌ ഇന്ത്യന്‍ സോക്കറിന്റെ ഈറ്റില്ലമായി വിശേഷിപ്പിക്കപ്പെട്ട സംസ്ഥാനമാണ്‌ ഈ വിധം ദരിദ്രമായത്‌. ടീമിന്റെ കഷ്‌ടകാലത്തില്‍ താരങ്ങള്‍ കൂടെ നിന്നില്ല. സ്വന്തം രക്ഷ തേടി എല്ലാവരും യാത്രയായപ്പോള്‍ ആദ്യ പ്രൊഫഷണല്‍ ക്ലബിന്‌ അതിവേഗമരണമായിരുന്നു. എസ്‌.ബി.ടി ശരിക്കുമൊരു ഡിപ്പാര്‍ട്ട്‌മെന്റല്‍ ടീമായിരുന്നു. ധാരാളം പരിമിതകള്‍ അവര്‍ക്കുണ്ടായിരുന്നു. പക്ഷേ നല്ല ഒരു പറ്റം താരങ്ങളും മികച്ച പരിശീലകനുമായപ്പോള്‍ മലയാളികളുടെ മാത്രം ടീമെന്ന ഖ്യാതിയുമായി അവര്‍ ഉയരങ്ങള്‍ കയറി. ഈ ഉയര്‍ച്ചയില്‍ താരങ്ങള്‍ വന്ന വഴി മറന്നു-ടീം തകര്‍ന്നു. ടീമുകളുടെ ഈ തകര്‍ച്ചകള്‍ക്കിടയില്‍ ദേശീയ ടീമില്‍ മലയാള സാന്നിദ്ദ്യവും ഇല്ലാതാവുകയായിരുന്നു. ഒരു കാലത്ത്‌ എട്ട്‌ മലയാളികള്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചിരുന്നു. ആസ്ഥാനത്ത്‌ വിജയനും ജോപോളും മാത്രമായി. അവര്‍ക്ക്‌ ശേഷം എന്‍.പി പ്രദീപും അജയനും അബ്ദുള്‍ ഹക്കീമുമായി. ഇപ്പോള്‍ പ്രദീപ്‌ മാത്രം. കേരളാ ടീമുകളില്‍ കളിച്ചത്‌ കൊണ്ട്‌ കാര്യമില്ലെന്ന സത്യം മനസ്സിലാക്കിയാണ്‌ പ്രദീപിനെ പോലുളളവര്‍ മറുകണ്ടം ചാടിയത്‌. അത്‌ കൊണ്ട്‌ ദേശീയ ഫുട്‌ബോള്‍ മേലധികാരികളുടെ ശ്രദ്ധ നേടാനായി. മഹീന്ദ്ര യുനൈറ്റഡിന്‌ വേണ്ടി കളിക്കാന്‍ കരാര്‍ ചെയ്‌തത്‌ മൂലം പ്രദീപിനും അജയനുമെല്ലാം ഡ്യറാന്‍ഡ്‌ കപ്പിലും ഐ.എഫ്‌.എ ഷീല്‍ഡിലുമെല്ലാം കളിക്കാന്‍ പറ്റി. ഹക്കീം ബാങ്ക്‌ വിടാന്‍ തയ്യാറായിരുന്നില്ല. ആസിഫ്‌ സഹീര്‍ എന്ന ബാങ്ക്‌ മുന്‍നിരക്കാരനെ പലരും മറഡോണയോട്‌ പോലും ഉപമിച്ചിരുന്നു. ആ താരത്തിനെ പക്ഷേ നമ്മുടെ ദേശീയ സെലക്ടര്‍മാര്‍ കണ്ടതേയില്ല.
വളരെ പെട്ടെന്ന്‌ ശ്രദ്ധ നേടിയ താരങ്ങളെല്ലാം ചാമ്പ്യന്‍ഷിപ്പുകളുടെ അകാല മരണത്തില്‍ സെവന്‍സിന്റെ തട്ടകങ്ങളില്‍ പോലും പന്ത്‌ തട്ടാന്‍ വിധിക്കപ്പെട്ടവരായിരുന്നു. കേരളാ ഫുട്‌ബോളില്‍ പലരും പ്രൊഫഷണലിസത്തെക്കുറിച്ച്‌ വാചാലരായെങ്കിലും ആരും അത്‌ പ്രാവര്‍ത്തികമാക്കാന്‍ തയ്യാറായിരുന്നില്ല. ഇവിടെയാണ്‌ വലിയ പിഴവ്‌ സംഭവിച്ചത്‌. പരാജയങ്ങളില്‍ ബലിയാടുകളെ കണ്ടെത്തിയുള്ള പരിഹാരം ശാശ്വതമായിരുന്നില്ല. പരിശീലകരായിരുന്നു പലപ്പോഴും ഇരകളായവര്‍. മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിനെ പോലെ വലിയ ക്ലബ്‌ ഒരു പരീശലകനുമായി പ്രൊഫഷണലിസത്തിന്റെ ശക്തരായ വക്താക്കളായി ലോകം മുഴുവന്‍ നിറഞ്ഞ സമയത്തും നമ്മുടെ ടീമുകള്‍ ഓരോ സീസണിലും പരിശീലകരെ മാറ്റികൊണ്ടേയിരുന്നു. ഫെര്‍ഗൂസണില്‍ മാഞ്ചസ്റ്ററിന്‌ വിശ്വാസമുണ്ട്‌. ഡേവിഡ്‌ ബെക്കാമിനെയും കൃസ്‌റ്റിയാനോ റൊണാള്‍ഡോയെയും പോലുള്ളവര്‍ കളം മാറിയിട്ടും മാഞ്ചസ്‌റ്ററിനെ അത്‌ ബാധിക്കാത്തത്‌ കരുത്തനായ പരിശീലകനുള്ളത്‌ കൊണ്ടാണ്‌. നമ്മുടെ ടീമുകള്‍ വസ്‌ത്രം മാറുന്നത്‌ പോലെയാണ്‌ പരിശീലകരെ മാറ്റുന്നത്‌. സ്വന്തം നിലനില്‍പ്പിനായി പരിശീലകര്‍ താരങ്ങളുടെ പ്രീതി തേടുന്നതോടെ കളിയില്‍ കാര്യമില്ലാതെ വന്നു-ഫ്‌ളാഷ്‌ ബാക്ക്‌ ഇവിടെ അവസാനിക്കുന്നു.
ഇങ്ങനെ താറുമാറായ കേരളാ ഫുട്‌ബോളിനെ രക്ഷിക്കാന്‍ എന്നെങ്കിലുമൊരാള്‍ വരുമെന്ന പ്രതീക്ഷ പൂര്‍ണ്ണമായും ആരും കൈവിട്ടിട്ടില്ല. ഫുട്‌ബോള്‍ എന്ന മനോഹരമായ ഗെയിമിന്റെ മഹത്വത്തെ ലോകം ഏറ്റുപാടുമ്പോള്‍ അവര്‍ക്കൊപ്പം അഭിമാനത്തോടെ നില്‍ക്കാന്‍ നമ്മുടെ കൗമാരവും യുവതയുമെല്ലാം തയ്യാറാവുന്നതാണ്‌ വിസ്‌മയമായ കാഴ്‌ച്ച. ഫുട്‌ബോളറായിട്ട്‌ സാമ്പത്തിക നേട്ടമില്ല എന്ന്‌ പറയുന്ന രക്ഷിതാക്കളോട്‌ കാല്‍പ്പന്തിന്റെ വശ്യമനോഹാരിതയെക്കുറിച്ച്‌ സംസരിക്കാന്‍ കരുത്തുള്ള കുട്ടികളാണ്‌ ഇപ്പോഴുള്ളത്‌. ശ്രീശാന്തിന്റെ പിന്‍ഗാമികളായി, ഐ.പി.എല്‍ പോലുള്ള കോടി മാമാങ്കങ്ങളില്‍ പങ്കെടുത്ത്‌ അതിവേഗം ധനവാനായി, ബഹുദൂരം എളുപ്പത്തില്‍ സഞ്ചരിക്കാന്‍ വഴികളുണ്ടായിട്ടും സോക്കര്‍ പ്രിയതയിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്ന കുട്ടികള്‍ ധൈര്യസമേതമാണ്‌ പറയുന്നത്‌ ഞങ്ങള്‍ റെഡിയെന്ന്‌.
പണ്ട്‌ വലിയ ചാമ്പ്യന്‍ഷിപ്പുകള്‍ മാത്രം നടന്നിരുന്ന കേരളത്തില്‍ ഇപ്പോള്‍ സ്‌ക്കൂള്‍തല ഫുട്‌ബോള്‍ മല്‍സരങ്ങളും ചാമ്പ്യന്‍ഷിപ്പുകളുമാണ്‌ മൈതാനങ്ങള്‍ക്ക്‌ ജിവന്‍ നല്‍കുന്നത്‌. താരങ്ങളെ കണ്ടെത്തി അവര്‍ക്ക്‌ ശിക്ഷണം നല്‍കാന്‍ പഴയ കാല ഫുട്‌ബോളര്‍മാര്‍ സ്വന്തം പണം മുടക്കുന്നു. കോഴിക്കോട്‌ ജില്ലയില്‍ മാത്രം ഡിസംബറില്‍ നടന്നത്‌ നാല്‌ ഇന്റര്‍ സ്‌ക്കൂള്‍ ചാമ്പ്യന്‍ഷിപ്പുകളാണ്‌. ഒളിംപ്യന്‍ റഹ്‌മാന്‍ മെമ്മോറിയല്‍ ട്രസ്‌റ്റിന്റെ ഇന്റര്‍ സ്‌ക്കൂള്‍ ഫുട്‌ബോള്‍ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്നപ്പോള്‍ മലബാര്‍ കൃസ്‌റ്റിയന്‍ കോളജ്‌ മൈതാനത്ത്‌ യൂണിവേഴ്‌സല്‍ സോക്കറിന്റെ ഫുട്‌ബോള്‍ കാര്‍ണിവലായിരുന്നു. അതിനിടെ തന്നെ സെന്റ ജോസഫ്‌സ്‌ സ്‌ക്കൂളില്‍ അരങ്ങേറിയ ഇന്റര്‍ സ്‌ക്കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലബാര്‍ ജില്ലകളില്‍ നിന്നായി പതിനാറോളം ടീമുകള്‍ പങ്കെടുത്തു. ടാറ്റാ ടീ ആഴ്‌സനല്‍ ഇന്റര്‍ സ്‌ക്കൂള്‍ ചാമ്പ്യന്‍ഷിപ്പും ജില്ലാ വെറ്ററന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സ്‌ക്കൂള്‍തല ചാമ്പ്യന്‍ഷിപ്പുമെല്ലാം ആവേശകരമായി നടന്ന കാഴ്‌ച്ചയില്‍ അവധിക്കാല ക്യാമ്പുകളിലേക്ക്‌ കുട്ടികളുടെ പ്രവാഹമായിരുന്നു. കാലിക്കറ്റ്‌ വാഴ്‌സിറ്റിയുടെ മുന്‍കാല താരങ്ങളുടെ സംഘടന വര്‍ഷം തോറും നടത്തിവരുന്ന അവധികാല ക്യാമ്പിലേക്ക്‌ സംസ്ഥാന തലത്തില്‍ സെലക്ഷന്‍ നടന്നപ്പോഴും, ജില്ലാ തലങ്ങളില്‍ ഡി.എഫ്‌.എ കള്‍ നടത്തിയ സെലക്ഷനിലും കുട്ടികളുടെ ആധിക്യമായിരുന്നു. കളിക്കാന്‍ മൈതാനമില്ലാത്തത്‌ മാത്രമാണ്‌ സംഘാടകരെ വലക്കുന്നത്‌.
ഔഗ്യോഗിക തണലും സ്‌പോണ്‍സര്‍മാരുടെ പിന്തുണയമില്ലാതെ ഫുട്‌ബോള്‍ വികസന ലക്ഷ്യത്തില്‍ ട്രസ്‌റ്റുകളും അക്കാദമികളും ക്ലബുകളും ചാമ്പ്യന്‍ഷിപ്പുകളും വരുകയാണ്‌. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടുമായി കുരുന്നു പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക്‌ ശിക്ഷണം നല്‍കാനും വളര്‍ത്താനുമായി ആറോളം സ്വകാര്യ സംരഭകരുടെ ട്രസ്‌റ്റുകള്‍ രൂപമെടുത്തിട്ടുണ്ട്‌. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ നടത്തുന്ന ഐ ലീഗ്‌ ഫുട്‌ബോളില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക്‌ നിര്‍ബന്ധമായും ജൂനിയര്‍ അക്കാദമികള്‍ വേണമെന്ന നിര്‍ബന്ധത്തില്‍ ദേശീയ തലത്തില്‍ ടാറ്റാ ഫുട്‌ബോള്‍ അക്കാദമി മാതൃകയില്‍ ജൂനിയര്‍ പരിശീലന കേന്ദ്രങ്ങള്‍ വരുമ്പോള്‍ ആ ചുവടുപിടിച്ചാണ്‌ കേരളത്തിലും സോക്കര്‍ വികസനത്തിന്റെ പുതിയ മാതൃകകള്‍ പരീക്ഷിക്കപ്പെടുന്നത്‌. കോഴിക്കോട്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ എഡ്യുക്കേഷന്‍ പ്രൊമോഷന്‍ ട്രസ്റ്റ്‌ (സെപ്‌റ്റ്‌) 2004 ലാണ്‌ സ്ഥാപിതമായത്‌. അഞ്ച്‌ ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സില്‍ ഉടലെടുത്ത ആശയത്തില്‍ ഇന്ന്‌ സെപ്‌റ്റിന്‌ സംസ്ഥാനത്ത്‌ മാത്രം 22 സെന്ററുകളുണ്ട്‌. ഈ സെന്ററുകളിലായി അയ്യായിരത്തോളം പേരാണ്‌ സെലക്ഷനായി വന്നത്‌. ഇവരില്‍ 540 പേര്‍ക്കാണ്‌ സെലക്ഷന്‍ ലഭിച്ചത്‌. സെപ്‌റ്റിന്റെ ടീം സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തി കരുത്തരായ പ്രതിയോഗികളെ തോല്‍പ്പിക്കുകയും ചെയ്‌തു. സെപ്‌റ്റിന്റെ രണ്ട്‌ കുട്ടികള്‍ ഈയിടെ രാജ്യത്തിനായി കളിക്കുകയും ചെയ്‌തു. സ്‌പോണ്‍സര്‍മാരില്ലാതെയാണ്‌ ഇത്തരം ടീമുകള്‍ വളരുന്നതും കളിക്കുന്നതും. (ശേഷിക്കുന്ന ഭാഗം നാളെ)

മെല്‍ബണില്‍ എന്തും സംഭവിക്കാം
മെല്‍ബണ്‍: ഉമര്‍ അക്‌മല്‍ എന്ന യുവ ബാറ്റ്‌സ്‌മാന്‍ ക്രീസിലുണ്ട്‌-അതിനാല്‍ തന്നെ ഓസ്‌ട്രേലിയക്ക്‌ ഭയവുമുണ്ട്‌. പാക്കിസ്‌താനെതിരായ ഒന്നാം ടെസ്റ്റിന്റെ അവസാന ദിനമാണിന്ന്‌ എം.സി.ജിയില്‍. കാര്യങ്ങള്‍ ഓസ്‌ട്രേലിയക്ക്‌ അനൂകൂലമാണെങ്കിലും ഉമര്‍ മൈതാനത്ത്‌ നില്‍ക്കുന്നതിനാല്‍ റിക്കി പോണ്ടിംഗിന്റെ മനസ്സില്‍ വേവലാതിയുണ്ട്‌-കാരണം അത്രമാത്രം കരുത്തനാണ്‌ ഈ യുവതാരം. 422 റണ്‍സാണ്‌ വിജയിക്കാന്‍ മുഹമ്മദ്‌ യൂസഫിന്റെ സംഘത്തിന്‌ വേണ്ടത്‌. എം.സി.ജിയില്‍ ഇത്ര വലിയ സ്‌ക്കോര്‍ ഒരു ടീമും അവസാന ദിവസം നേടിയിട്ടില്ല. പക്ഷേ ഇപ്പോള്‍ പാക്കിസ്‌താന്റെ രണ്ടാം ഇന്നിംഗ്‌സ്‌ സ്‌ക്കോര്‍ മൂന്ന്‌ വിക്കറ്റിന്‌ 170 റണ്‍സാണ്‌. അതായത്‌ ജയിക്കാന്‍ ഇനി വേണ്ടത്‌ 252 റണ്‍സ്‌ കൂടി. നായകനൊപ്പം (45) ഉമര്‍ കളിക്കുമ്പോള്‍ പാക്‌ ക്യാമ്പിലും പ്രതീക്ഷകള്‍ സജീവമാണ്‌. പക്ഷേ ഉമര്‍ പുറത്തായാല്‍ കാര്യങ്ങള്‍ പെട്ടെന്ന്‌ മാറും. മധ്യനിരയിലും വാലറ്റത്തിലും പിടിച്ചുനില്‍ക്കാന്‍ ആരുമില്ല. ഇന്നലെ തന്നെ ഉമറിനെ ഓസ്‌ട്രേലിയക്ക്‌ ലഭിക്കുമായിരുന്നു. സൈമണ്‍ കാറ്റിച്ച്‌ എന്ന പാര്‍ട്ട്‌ ടൈമറുടെ ഓഫ്‌ സ്‌പിന്നിന്‌ മുന്നില്‍ രണ്ട്‌ അവസരങ്ങളാണ്‌ ഓസ്‌ട്രേലിയക്കാര്‍ക്ക്‌ ലഭിച്ചത്‌. രണ്ടും പക്ഷേ ഫീല്‍ഡര്‍മാര്‍ പാഴാക്കി. കാറ്റിച്ചിന്റെ ആദ്യ പന്തിലെ ക്യാച്ച്‌ നതാന്‍ ഹൗറിറ്റ്‌സ്‌ പാഴാക്കിയപ്പോള്‍ അടുത്ത പന്തിലെ സ്റ്റംമ്പിംഗ്‌ അവസരം വിക്കറ്റ്‌ കീപ്പറും പാഴാക്കി.
രണ്ട്‌ സവിശേഷതകള്‍ നാലാം ദിവസത്തെ പോരാട്ടത്തിനുണ്ടായിരുന്നു. ഓസീസ്‌ ഓപ്പണര്‍ ഷെയിന്‍ വാട്ട്‌സണ്‍ കന്നി ടെസ്റ്റ്‌ സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ മുഹമ്മദ്‌ ആമീര്‍ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ അഞ്ച്‌ വിക്കറ്റ്‌ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ബൗളറായി. വാട്ട്‌സണ്‍ ഈ സീസണില്‍ മാത്രം മൂന്ന്‌ തവണ 90 കളില്‍ പുറത്തായിരുന്നു. ഈ ടെസ്‌റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ തന്നെ അദ്ദേഹം സെഞ്ച്വറിക്‌ തൊട്ടരികെയാണ്‌ വീണത്‌. തൊണ്ണൂറുകളിലെ ഈ പരിഭ്രമം ഇന്നലെയും അദ്ദേഹത്തെ വേട്ടയാടിയിരുന്നു. 99 ല്‍ നില്‍ക്കവെ വാട്ട്‌സണ്‍ നല്‍കിയ ക്യാച്ച്‌ ഫീല്‍ഡര്‍ വിട്ടു. ഒടുവില്‍ തട്ടിമുട്ടി നേടിയ റണ്‍സിലാണ്‌ ഓപ്പണര്‍ മൂന്നക്കം തികച്ചത്‌. 90 ല്‍ നിന്നും 100 ലെത്താന്‍ അദ്ദേഹം 66 മിനുട്ട്‌ എടുത്തു. പുറത്താവാതെ വാട്ട്‌സണ്‍ 120 റണ്‍സ്‌ നേടിയപ്പോള്‍ ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സ്‌ എട്ട്‌ വിക്കറ്റിന്‌ 225 റണ്‍സ്‌ എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. പാക്‌ ബൗളിംഗ്‌ നിരയിലെ പുതിയ താരമായ മുഹമ്മദ്‌ ആമിര്‍ ആദ്യ ഇന്നിംഗ്‌സിലെന്ന പോലെ തകര്‍പ്പന്‍ ഇന്‍സ്വിംഗറുകളുമായി അഞ്ച്‌ വിക്കറ്റാണ്‌ ഒറ്റയടിക്ക്‌ നേടിയത്‌. ടെസ്‌റ്റ്‌ ചരിത്രത്തിലെ ഏറഅറവും പ്രായം കുറഞ്ഞ്‌ അഞ്ച്‌ വിക്കറ്ര്‌ നേട്ടക്കാരന്‍ പാക്കിസ്‌താന്‍രെ നസിമുല്‍ ഖനിയാണ്‌. 1958 ല്‍ ജോര്‍ജ്‌ടൗണില്‍ വിന്‍ഡിസിനമെതിരായ ടെസ്‌റ്റില്‍ അഞ്ച്‌ വിക്കറ്റ്‌ നേട്ടം കൈവരിക്കുമ്പോള്‍ നസീമിന്‌ പ്രായം 16 വയസ്സും 303 ദിവസവുമായിരുന്നു. ഇന്നലെ അഞ്ച്‌ വിക്കറ്റ്‌ നേടുമ്പോള്‍ ആമിറിന്‌ പ്രായം 17 വയസ്സും 257 ദിവസവും.

ദക്ഷിണാഫ്രിക്കക്ക്‌ മരണബെല്‍
ഡര്‍ബന്‍: ഇയാന്‍ ബെല്‍ എന്ന ഇംഗ്ലീഷ്‌ മധ്യനിരക്കാരന്‍ ദക്ഷിണാഫ്രിക്കക്ക്‌ രണ്ടാം ടെസ്റ്റില്‍ മരണ ബെല്‍ മുഴക്കുന്നു. രണ്ടാം ടെസ്‌്‌റ്റില്‍ അവസാന റിപ്പോര്‍ട്ട്‌ ലഭിക്കുമ്പോള്‍ ആതിഥേയര്‍ പതറുകയാണ്‌. ബെല്ലിന്റെ സെഞ്ച്വറിയില്‍ (141) ഇംഗ്ലണ്ട്‌ രണ്ടാം ഇന്നിംഗ്‌സ്‌ ഒമ്പത്‌ വിക്കറ്റിന്‌ 575 റണ്‍സ്‌ എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്‌തപ്പോള്‍ വലിയ കമ്മിയില്‍ രണ്ടാം ഇന്നിംഗ്‌സ്‌ ആരംഭിച്ച ദക്ഷിണാഫ്രിക്കക്ക്‌ തുടക്കത്തില്‍ തന്നെ രണ്ട്‌ വിലപ്പെട്ട വിക്കറ്റുകള്‍ നഷ്‌ടമായിട്ടുണ്ട്‌. 195 റണ്‍സ്‌ കൂടി നേടിയാല്‍ മാത്രമാണ്‌ ഗ്രയീം സ്‌മിത്തിന്റെ സംഘത്തിന്‌ ഇന്നിംഗ്‌സ്‌ പരാജയം ഒഴിവാക്കാന്‍ കഴിയൂ. ഇന്നലെ രാവിലെ മുതല്‍ തകര്‍പ്പന്‍ ബാറ്റിംഗാണ്‌ ബെല്‍ നടത്തിയത്‌. ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ വലിയ സ്‌ക്കോര്‍ ആവശ്യമായ താരം അവസരത്തിനൊത്തുയരുകയായിരുന്നു. അദ്ദേഹം നല്‍കിയ ഈര്‍ജ്ജം ഉപയോഗപ്പെടുത്തി സ്‌പിന്നര്‍ ഗ്രയീം സ്വാന്‍ 14 പന്തുകള്‍ക്കിടെ രണ്ട്‌ വിക്കറ്റാണ്‌ വീഴത്തിയത്‌. ആഷ്‌വെല്‍ പ്രിന്‍സ്‌, ഹാഷിം അംല എന്നിവരാണ്‌ പുറത്തായവര്‍.

തമ്മിലടി
ന്യൂഡല്‍ഹി: ഫിറോസ്‌ ഷാ കോട്‌ല ഇന്ത്യന്‍ ക്രിക്കറ്റിന്‌ സമ്മാനിച്ചത്‌ വലിയ നാണക്കേടാണെങ്കില്‍ ഇന്നലെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഡല്‍ഹി ക്രിക്കറ്റ്‌ അസോസിയേഷന്‍ വാര്‍ഷിക യോഗം തമ്മിലടിയിലും പരസ്‌പര പഴിചാരലിലും അവസാനിച്ചു. പിച്ച്‌ മോശമായത്‌ മൂലം ഇന്ത്യ-ലങ്ക പരമ്പരയിലെ അവസാന മല്‍സരം പകുതി വഴിയില്‍ ഉപേക്ഷിക്കാനുണ്ടായ സാഹചര്യം വലിയ നാണക്കേടാണെന്ന്‌ 1983 ല്‍ ലോകകപ്പ്‌ നേടിയ ഇന്ത്യന്‍ സംഘത്തില്‍ അംഗമായിരുന്ന കീര്‍ത്തി ആസാദ്‌ ആരോപിച്ചപ്പോള്‍ അദ്ദേഹത്തിനെതിരെ ബി.ജെ.പി ക്കാരനായ പ്രസിഡണ്ട്‌ അരുണ്‍ ജെയ്‌റ്റ്‌ലി രംഗത്ത്‌ വന്നു. തനിക്കെതിരെ വാക്കേറ്റം നടന്നപ്പോള്‍ അതില്‍ പ്രതിഷേധിച്ച്‌ ആസാദ്‌ യോഗം ബഹിഷ്‌ക്കരിച്ചു. എന്നാല്‍ ഇത്തരത്തില്‍ ഒരു സംഭവം നടന്നിട്ടില്ല ന്നൊണ്‌ ജെയ്‌റ്റ്‌ലി വീശദീകരിച്ചത്‌. ആസാദ്‌ പറയുന്നതില്‍ കാര്യമില്ലെന്നാണ്‌ അസോസിയേഷന്‍ സെക്രട്ടറി സുനില്‍ ദേവും പറഞ്ഞത്‌. എന്നാല്‍ താന്‍ ശരിക്കും അപമാനിക്കപ്പെട്ടതായാണ്‌ ആസാദ്‌ പറയുന്നത്‌. നിര്‍ണ്ണായകമായ ഒരു യോഗത്തില്‍ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം അനുവദിക്കാത്തത്‌ ഗുരുതരമായ കുറ്റമാണ്‌. ഇത്‌ ജനാധിപത്യം ഇന്ത്യയല്ലേ എന്നും ആസാദ്‌ ചോദിച്ചു.
പ്രശ്‌നത്തില്‍ താന്‍ കുറ്റകാരനാണെന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ ഗ്രൗണ്ട്‌ ആന്‍ഡ്‌ പിച്ചസ്‌ കമ്മിറ്റിയുടെ തലവന്‍ ദാല്‍ജിത്‌ സിംഗ്‌ പറഞ്ഞു. കോട്‌ലയിലെ സംഭവത്തിന്‌ ശേഷം സ്ഥാനം നഷ്‌ടമായ ദാല്‍ജിത്‌ ഇന്നലെയാണ്‌ ആദ്യമായി ഈ വിഷയത്തില്‍ സംസാരിച്ചത്‌. രാജ്യാന്തര മല്‍സരം കോട്‌ലയില്‍ നടത്തുന്നതിന്‌ മുമ്പ്‌ പരിശീലന മല്‍സരങ്ങള്‍ നടത്താതിരുന്നത്‌ കുറ്റകരമായതായി അദ്ദേഹം സമ്മതിച്ചു. പരിശീലന മല്‍സരങ്ങള്‍ നടത്തിയിരുന്നെങ്കില്‍ തീര്‍ച്ചയായും പിച്ചിന്റെ നിലവാരം മനസ്സിലാക്കാന്‍ കഴിയുമായിരുന്നു.

ചെല്‍സിക്ക്‌ ദ്രോഗ്‌ബയില്ല
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ഫുള്‍ഹാമിനെ 2-1 ന്‌ തോല്‍പ്പിച്ച്‌ കരുത്ത്‌ തിരിച്ചുപിടിച്ച ചെല്‍സിക്ക്‌ കുറച്ചു ദിവസങ്ങളില്‍ ഇനി സൂപ്പര്‍ സ്‌ട്രൈക്കര്‍ ദിദിയര്‍ ദ്രോഗ്‌ബെയുടെ സേവനം ലഭിക്കില്ല. ആഫ്രിക്കന്‍ നാഷന്‍സ്‌ കപ്പില്‍ ഐവറി കോസ്‌റ്റിനെ പ്രതിനിധീകരിക്കാന്‍ നാട്ടിലേക്ക്‌ പോവുകയാണ്‌ ദ്രോഗ്‌ബയും സഹതാരമായ സലോമാന്‍ കാലുവും. ഘാനക്കാരനായ മൈക്കല്‍ എസ്സീനും നൈജീരിയയുടെ ജോണ്‍ മികെ ഒബിയും ചെല്‍സിക്ക്‌ വേണ്ടി കുറച്ചുനാളുകള്‍ കളിക്കാനുണ്ടാവില്ല. കഴിഞ്ഞ എട്ട്‌ മല്‍സരങ്ങളില്‍ ചെല്‍സി നേടുന്ന രണ്ടാമത്തെ വിജയാണ്‌ ഇന്നലെ ഫുള്‍ഹാമിനെതിരെ സ്വന്തമാക്കാന്‍ കഴിഞ്ഞത്‌. ഈ മല്‍സരത്തില്‍ ദ്രോഗ്‌ബെ ഗോള്‍ നേടുകയും ചെയ്‌തിരുന്നു. 19 ഗോളുകള്‍ ഈ സീസണില്‍ ദ്രോഗ്‌ബെ സ്‌ക്കോര്‍ ചെയ്‌തിട്ടുണ്ട്‌. പക്ഷേ അദ്ദേഹത്തിന്റെ അഭാവത്തിലും മെച്ചപ്പെട്ട പ്രകടനം നടത്താന്‍ ടീമിന്‌ കഴിയുമെന്നാണ്‌ കോച്ച്‌ കാര്‍ലോസ്‌ അന്‍സലോട്ടി പറയുന്നത്‌. അംഗോളയിലാണ്‌ ആഫ്രിക്കന്‍ നാഷന്‍സ്‌ കപ്പ്‌ ജനുവരി പത്ത്‌ മുതല്‍ ആരംഭിക്കുന്നത്‌.
പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മല്‍സരങ്ങളില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്‌ മാഞ്ചസ്റ്റര്‍ സിറ്റിയാണ്‌. പുതിയ പരിശീലകന്‍ മാന്‍സിനിക്ക്‌ കീഴില്‍ രണ്ടാമത്‌ മല്‍സരം കളിക്കുന്ന സിറ്റി മൂന്ന്‌ ഗോളിന്‌ വോള്‍വര്‍ഹാംടണെ തകര്‍ത്തു. പ്രീമിയര്‍ ലീഗില്‍ ഇത്തവണ കിരീടമാണ്‌ ടീമിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മറ്റ്‌ മല്‍സരങ്ങളില്‍ ടോട്ടന്‍ഹാം രണ്ട്‌്‌ ഗോളിന്‌ വെസ്റ്റ്‌ഹാമിനെ തോല്‍പ്പിച്ചപ്പോള്‍ എവര്‍ട്ടണ്‍ ഇതേ മാര്‍ജിനില്‍ ബേര്‍ണ്‍ലിയെ വീഴ്‌ത്തി. ബിര്‍മിംഗ്‌ഹാം സിറ്റി ഒരു ഗോളിന്‌ സ്‌റ്റോക്ക്‌ സിറ്റിയെ തോല്‍പ്പിച്ചപ്പോള്‍ ബ്ലാക്‌ബര്‍ണ്‍-സുതര്‍ലാന്‍ഡ്‌ മല്‍സരം 2-2 ല്‍ അവസാനിച്ചു. പോയന്റ്‌്‌ ടേബിളില്‍ ചെല്‍സി 45 പോയന്റുമായി ഒന്നാമതാണ്‌. 40 ല്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡും 38 ല്‍ ആഴ്‌സനല്‍ മൂന്നാമതും നില്‍ക്കുന്നു.

ടിന്റുവിന്‌ ഡബിള്‍
ചെന്നൈ: അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌ മീറ്റില്‍ കാലിക്കറ്റ്‌ വാഴ്‌സിറ്റിയുടെ സൂപ്പര്‍ താരം ടിന്റു ലൂക്കക്ക്‌ ഗോള്‍ഡന്‍ ഡബിള്‍. ആദ്യ ദിവസം മീറ്റ്‌ റെക്കോര്‍ഡോടെ 800 മീറ്ററില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ ടിന്റു ഇന്നലെ നടന്ന 400 മീറ്ററിലും മീറ്റ്‌ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേട്ടം ആവര്‍ത്തിച്ചു. 53.02 സെക്കന്‍ഡിലാണ്‌ ടിന്റു സ്വര്‍ണ്ണം നേടിയത്‌. ഈ ഇനത്തില്‍ കണ്ണൂരിന്റെ നിലവിലെ ജേതാവ്‌ അനു മറിയം ജോസ്‌ രണ്ടാമത്‌ വന്നു. പോയന്റ്‌ ടേബിളില്‍ കാലിക്കറ്റ്‌ മുന്നേറ്റം തുടരുകയാണ്‌. ആദ്യ ദിവസം മൂന്നും സ്വര്‍ണ്ണവും രണ്ട്‌ വെളളിയും ഒരു വെങ്കലവും സ്വന്തമാക്കിയ കാലിക്കറ്റ്‌ ഇന്നലെയും മൂന്ന്‌ മെഡലുകള്‍ സ്വന്തമാക്കി. ഇതില്‍ രണ്ട്‌ സ്വര്‍ണ്ണമുണ്ട്‌. പുരുഷന്മാരുടെ 400 മീറ്ററില്‍ കുഞ്ഞിമുഹമ്മദാണ്‌ രണ്ടാം സ്വര്‍ണ്ണം നേടിയത്‌. മൂന്ന്‌ സ്വര്‍ണ്ണവുമായി ഗുരുനാനാക്ക്‌ സര്‍വകലാശാലയാണ്‌ രണ്ടാമത്‌. മുന്‍ ചാമ്പ്യന്മാരായ എം.ജിക്ക്‌ രണ്ടാം ദിവസം കാര്യമായ നേട്ടങ്ങളില്ല. മീറ്റിലെ ഏറ്റവും വേഗതയേറിയ താരമായി മാറിയ നീതു രാജന്‍ നല്‍കിയ നേട്ടത്തില്‍ തന്നെയാണ്‌ എം.ജി. ഒരു സ്വര്‍ണ്ണവും വെള്ളിയും വെങ്കലവുമാണ്‌ ടീമിന്റെ സമ്പാദ്യം. കേരളാ കലാശാലക്ക്‌ രണ്ട്‌ മെഡലും കണ്ണൂരിന്‌ ഒന്നുമാണുള്ളത്‌.
ആദ്യ ദിവസം റെക്കോര്‍ഡോടെ സ്വര്‍ണ്ണം സ്വന്തമാക്കാന്‍ കഴിഞ്ഞതാണ്‌ രണ്ടാം ദിവസവും കരുത്ത്‌ പ്രകടിപ്പിക്കാന്‍ തന്നെ സഹായിച്ചതെന്ന്‌ ടിന്റു പറഞ്ഞു.

കപ്പടിക്കുമെന്ന്‌ ബൂട്ടിയ
ഗോഹട്ടി: ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോളില്‍ ഇത്തവണ ഈസ്‌റ്റ്‌ ബംഗാളിന്‌ വ്യക്തമായ സാധ്യതയുളളതായി നായകന്‍ ബൈജൂംഗ്‌ ബൂട്ടിയ. ഇന്നാണ്‌ ഫെഡറേഷന്‍ കപ്പില്‍ സെമി മല്‍സരങ്ങള്‍. ബൂട്ടിയയും സംഘവും നേരിടുന്നത്‌ മോഹന്‍ ബഗാനെയാണ്‌. ബഗാനില്‍ നിന്നും വന്‍ വിവാദത്തിലുടെ ഇത്തവണ ഈസ്‌റ്റ്‌ ബംഗാളിലെത്തിയ ബൂട്ടിയക്ക്‌ ഇന്നത്തെ മല്‍സരം കനത്ത വെല്ലുവിളിയാണ്‌.

No comments: