Wednesday, December 30, 2009

HAPPY 2010

കൊല്ലുന്നു
മെല്‍ബണ്‍: പുതുവര്‍ഷത്തില്‍ പാക്കിസ്‌താന്‍ ക്രിക്കറ്റിന്‌ നായകന്‍ മുഹമ്മദ്‌ യൂസഫിന്റെ ശക്തമായ മുന്നറിയിപ്പ്‌. 20-20 ക്രിക്കറ്റിന്റെ പിറകെ ഓടുന്ന ക്രിക്കറ്റ്‌ ഭരണാധികാരികള്‍ രാജ്യത്തെ ക്രിക്കറ്റിനെ കൊല്ലുകയാണെന്നും ഈ ഗതി തുടര്‍ന്നാല്‍ ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ എന്നൊന്ന്‌ രാജ്യത്തുണ്ടാവില്ലെന്നുമാണ്‌ നായകന്‍ പറുന്നത്‌. എം.സി.ജിയില്‍ കഴിഞ്ഞ ദിവസം പാക്കിസ്‌താന്റെ വന്‍ തോല്‍വിയില്‍ കലാശിച്ച ഒന്നാം ടെസ്‌റ്റിന്‌ ശേഷമാണ്‌ യൂസഫ്‌ ക്രിക്കറ്റ്‌ ഭരണാധികാരികള്‍ക്കെതിരെ തിരിഞ്ഞത്‌. പാക്കിസ്‌താന്‍ 20-20 ക്രിക്കറ്റിലെ ലോക ചാമ്പ്യന്മാരാണ്‌. കുട്ടി ക്രിക്കറ്റില്‍ രാജ്യം ഒന്നാം സ്ഥാനം നേടുമ്പോഴും പഞ്ചമല്‍സര ക്രിക്കറ്റില്‍ കളി മറക്കുകയാണ്‌ പാക്കിസ്‌താന്‍ ബാറ്റ്‌സ്‌മാന്മാര്‍. എം.സി.ജിയില്‍ പാക്കിസ്‌താന്റെ രണ്ട്‌ ഇന്നിംഗ്‌സും പരിശോധിച്ചാല്‍ ഇത്‌ വ്യക്തമാവും. ഓസ്‌ട്രേലിയ രണ്ട്‌ ഇന്നിംഗ്‌സും ഡിക്ലയര്‍ ചെയ്‌തപ്പോള്‍ പാക്കിസ്‌താന്‍ രണ്ട്‌ ഇന്നിംഗ്‌സിലും 260 നപ്പുറം പോയില്ല. ആദ്യ ഇന്നിംഗ്‌സില്‍ 258 ല്‍ പുറത്തായ ടീം രണ്ടാം ഇന്നിംഗ്‌സില്‍ 251 റണ്‍സാണ്‌ നേടിയത്‌. ഉറച്ച ബാറ്റിംഗ്‌ ട്രാക്കാണ്‌ മല്‍സരത്തിനായി ഒരുക്കിയത്‌. എന്നിട്ടും പാക്‌ ബാറ്റിംഗ്‌ നിരയിലെ ആരും കരുത്ത്‌ പ്രകടിപ്പിച്ചില്ല. പതിനേഴുകാരനായ താരം ഉമര്‍ അക്‌മല്‍ മാത്രമാണ്‌ ആധികാരിക ബാറ്റിംഗ്‌ പ്രകടനവുമായി ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്ക്‌ ചെറിയ ഭീഷണി ഉയര്‍ത്തിയത്‌. രണ്ടം ഇന്നിംഗ്‌സില്‍ മൂന്ന്‌ വിക്കറ്റിന്‌ 170 റണ്‍സ്‌ എന്ന ശക്തമായ നിലയില്‍ നിന്നാണ്‌ ടീം 251 ല്‍ തകര്‍ന്നത്‌ എന്നതാണ്‌ അതിശയകരമായ കാര്യം. കഴിഞ്ഞ 14 ടെസ്‌റ്റ്‌ ഇന്നിംഗ്‌സുകളില്‍ ഒരിക്കല്‍പ്പോലും 350 കടക്കാന്‍ പാക്കിസ്‌താന്‌ കഴിഞ്ഞിട്ടുമില്ല. ശ്രീലങ്കന്‍, ന്യൂസിലാന്‍ഡ്‌ പര്യടനങ്ങളില്‍ ബാറ്റിംഗായിരുന്നു വലിയ പരാജയം. രണ്ട്‌ ഓപ്പണര്‍മാരും മൂന്നാം നമ്പറില്‍ കളിക്കുന്ന ബാറ്റ്‌സ്‌മാനും പരാജയമാവുന്നതോടെ സമ്മര്‍ദ്ദം മധ്യനിരക്കാവുന്നു. മധ്യനിരയില്‍ ഉമര്‍ അക്‌മല്‍ മാത്രമാണ്‌ പൊരുതി കളിക്കുന്നത്‌.
ബാറ്റിംഗിലെ പ്രശ്‌നങ്ങളാണ്‌ ടീമിനെ വേട്ടയാടുന്നതെന്ന്‌ യൂസഫ്‌ കുറ്റപ്പെടുത്തുന്നു. കുട്ടി ക്രിക്കറ്റിന്റെ ആധിക്യത്തില്‍ ടെസ്റ്റ്‌ ക്രിക്കറ്റിന്റെ ബാറ്റിംഗ്‌ ശൈലി എല്ലാവരും മറക്കുന്നു. പുതിയ താരങ്ങള്‍ ആക്രമണോത്സുകത മാത്രമാണ്‌ പ്രകടിപ്പിക്കുന്നത്‌. പുതിയ ക്രിക്കറ്റിന്റെ കാര്യത്തില്‍ പാക്കിസ്‌താനാണ്‌ കൂടുതല്‍ നഷ്ടം നേരിടുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പാക്കിസ്‌താന്‍ താരങ്ങളില്‍ മിക്കവരും 20-20 ക്രിക്കറ്റിന്‌ അനുയോജ്യരായവരാണ്‌. ഉമര്‍ ഗുല്‍, സയദ്‌ അജ്‌മല്‍, ഷാഹിദ്‌ അഫ്രീദി, അബ്ദുള്‍ റസാക്ക്‌ തുടങ്ങിയവര്‍ ക്രിക്കറ്റിന്റെ പുതിയ രൂപത്തിന്‌ അനുയോജ്യരായവരാണ്‌. 20-02 ക്രിക്കറ്റില്‍ എല്ലാവരും പാക്കിസ്‌താനെ ആശ്രയിക്കുമ്പോള്‍ അത്‌ രാജ്യത്തെ ക്രിക്കറ്റിനെ ദീര്‍ഘദൂര ഭാവിയില്‍ ദോഷകരമായി ബാധിക്കുന്നുണ്ട്‌. ഇത്‌ ഭരണാധികാരികള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറയുന്നു. 20-20 ക്രിക്കറ്റിലെ ബാറ്റിംഗ്‌ എന്ന്‌ പറഞ്ഞാല്‍ ആക്രമണം മാത്രമാണ്‌. പന്തിനെ ഡിഫന്‍ഡ്‌ ചെയ്യാന്‍ 20-20 ക്രിക്കറ്റ്‌ അനുവദിക്കുന്നില്ല. ടെസ്റ്റ്‌ ക്രിക്കറ്റാവുമ്പോള്‍ ക്ഷമയാണ്‌ പ്രധാനം. എന്നാല്‍ കുട്ടി ക്രിക്കറ്റിന്റെ ആധിക്യത്തില്‍ ക്ഷമയോടെ പന്തിനെ നേരിടാന്‍ യുവതാരങ്ങള്‍ക്ക്‌ കഴിയുന്നില്ല. 20-20 ക്രിക്കറ്റിന്റെ ആധിക്യം കുറച്ച്‌ ആഭ്യന്തര മല്‍സരങ്ങള്‍ വര്‍ദ്ധിപ്പിച്ചാല്‍ മാത്രമാണ്‌ പാക്കിസ്‌താന്‍ ക്രിക്കറ്റിന്‌ രക്ഷയുള്ളൂവെന്നും യൂസഫ്‌ പറഞ്ഞു. പാക്കിസ്‌താന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ മികച്ച ധാരാളം ബാറ്റ്‌സ്‌മാന്മാരുണ്ട്‌. ഇവരില്‍ മുന്‍പന്തിയില്‍ ജാവേദ്‌ മിയാന്‍ദാദും ഇന്‍സമാമും യൂസഫും യൂനസ്‌ഖാനുമാണ്‌. മിയാന്‍ദാദും ഇന്‍സിയും ഇപ്പോള്‍ മല്‍സര രംഗത്തില്ല. യൂസഫിനും യൂനസിനും കൂടുതല്‍ കാലവുമില്ല. പാക്കിസ്‌താന്‍ ക്രിക്കറ്റിനെ നാളെ നയിക്കേണ്ടവര്‍ 20-20 ആധിക്യത്തില്‍ സ്വയം മറന്നാല്‍ അത്‌ രാജ്യത്തെ ക്രിക്കറ്റിനെ ഗുതുതരമായി ബാധിക്കുമെന്ന്‌ ക്രിക്കറ്റ്‌ വിദഗ്‌ദ്ധരും ചൂണ്ടിക്കാട്ടുന്നു.

യൂനസ്‌ വൈകും
ലാഹോര്‍: മെല്‍ബണ്‍ ടെസ്‌റ്റില്‍ പാക്കിസ്‌താന്‍ ബാറ്റിംഗില്‍ തകര്‍ന്നിട്ടും അടിയന്തിരമായി യൂനസ്‌ഖാനെ ഓസ്‌ട്രേലിയയിലേക്ക്‌ അയക്കുന്നതിനോട്‌ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡിനും സെലക്ഷന്‍ കമ്മിറ്റിക്കും വിയോജിപ്പ്‌. യൂനസ്‌ഖാനെ എത്രയും പെട്ടെന്ന്‌ ഓസ്‌ട്രേലിയയിലേക്ക്‌ അയക്കണമെന്ന്‌ ടീം മാനേജ്‌മെന്റാണ്‌ ആവശ്യപ്പെട്ടത്‌. കഴിഞ്ഞ ന്യൂസിലാന്‍ഡ്‌ പര്യടനത്തിലും ഇപ്പോള്‍ ഓസ്‌ട്രേലിയയിലും ബാറ്റിംഗില്‍ ടീം പതറയുകയാണ്‌. അനുഭവ സമ്പന്നരായ ബാറ്റ്‌സ്‌മാന്മാരുടെ കുറവ്‌ ടീമിനെ ബാധിക്കുന്നുണ്ട്‌. സല്‍മാന്‍ ഭട്ട്‌, ഫൈസല്‍ ഇഖ്‌ബാല്‍ തുടങ്ങിയവര്‍ക്ക്‌ രാജ്യാന്തര അനുഭവം കുറവാണ്‌. ഈ സാഹചര്യത്തില്‍ യൂനസിനെ പെട്ടെന്ന്‌ അയക്കണമെന്നാണ്‌ ക്യാപ്‌റ്റന്‍ മുഹമ്മദ്‌ യൂസഫ്‌ ആവശ്യപ്പെട്ടത്‌. എന്നാല്‍ സിഡ്‌നിയില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിലേക്ക്‌ യൂനസിന്റെ സേവനം ടീമിന്‌ ലഭിക്കില്ല എന്നാണ്‌ ഇപ്പോഴുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.


2009
സെമിയുടെ വര്‍ഷം
കായികലോകത്ത്‌ ലയണല്‍ മെസി എന്ന അര്‍ജന്റീനക്കാരന്റേതായിരുന്നു 2009. സുന്ദരമായ ഗെയിമിന്റെ അതിശക്തനായ വക്താവായി മെസി കളം നിറഞ്ഞ കാഴ്‌ച്ചയില്‍ അദ്ദേഹത്തെ മറികടക്കാന്‍ ആര്‍ക്കുമായില്ല. ക്രിക്കറ്റില്‍ ഓസ്‌ട്രേലിയന്‍ സര്‍വാധിപത്യം ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ട്രാക്കില്‍ ഉസൈന്‍ ബോള്‍ട്ട്‌ എന്ന ജമൈക്കക്കാരന്‍ നിറഞ്ഞ്‌ നിന്നു. ടെന്നിസ്‌ ലോകത്ത്‌ റോജര്‍ ഫെഡ്‌റററും റാഫേല്‍ നദാലും തമ്മിലുള്ള ശീതസമരം ശക്തമായി തുടര്‍ന്നപ്പോള്‍ വനിതാ വിഭാഗത്തില്‍ കിം ക്ലൈസ്‌റ്റേഴ്‌സിന്റെ തിരിച്ചുവരവായിരുന്നു രാജകീയം. തിരശ്ശിലക്ക്‌ പിറകില്‍ മറഞ്ഞ വര്‍ഷത്തില്‍ വിവാദങ്ങളിലുടെ സ്വന്തം സല്‍പ്പേര്‌ ടൈഗര്‍ വുഡ്‌സ്‌ ഇല്ലാതാക്കിയപ്പോള്‍ കൃസ്‌റ്റിയാനോ റൊണാള്‍ഡോ എന്ന പോര്‍ച്ചുഗലുകാരന്‌ തിരിച്ചടികള്‍ മാത്രമായിരുന്നു. റോബര്‍ട്ട്‌ എന്‍കെ എ്‌ന ജര്‍മന്‍ താരത്തിന്റെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ ഫുട്‌ബോള്‍ ലോകത്തിന്‌ പുതിയ വര്‍ഷം നല്‍കുന്നത്‌ ലോകകപ്പാണ്‌. 2009 ലെ കായിക ലോകത്തിലൂടെ:
ലോകം
ഫുട്‌ബോള്‍ നിറഞ്ഞുനിന്ന വര്‍ഷത്തില്‍ സ്‌പെയിന്‍ റാങ്കിംഗില്‍ ബ്രസീലിനെ പിന്തള്ളി ഒന്നാമനായി. യൂറോപ്യന്‍ കിരീടത്തിനൊപ്പം ഒരു പറ്റം യുവതാരങ്ങളുമായി ദേശീയ തലത്തില്‍ വന്‍ തിരിച്ചുവരവാണ്‌ അവര്‍ നടത്തിയത്‌. ഫെര്‍ണാണ്ടോ ടോറസ്‌, സെസ്‌ക്‌ ഫാബ്രിഗസ്‌, ആന്ദ്രെ ഇനിയസ്റ്റ തുടങ്ങിയ ഒരു പിടി യുവതാരങ്ങളാണ്‌ ടീമിന്റെ കരുത്ത്‌. ബ്രസീല്‍, ഇംഗ്ലണ്ട്‌ തുടങ്ങിയവര്‍ ആധികാരികത നിലനിര്‍ത്തിയപ്പോള്‍ ടീമെന്ന നിലയില്‍ നിരാശപ്പെടുത്തിയത്‌ ഡിയാഗോ മറഡോണയുടെ അര്‍ജന്റീനയായിരുന്നു. ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളില്‍ തപ്പിതടഞ്ഞ ടീം പ്ലേ ഓഫിലൂടെയാണ്‌ യോഗ്യതാ ടിക്കറ്റ്‌ നേടിയത്‌. മറഡോണയിലെ പരിശീലകന്‍ വിവാദത്തിന്റെ താഴ്‌വാരത്തായിരുന്നു. ഇപ്പോഴാവട്ടെ അദ്ദേഹം സസ്‌പെന്‍ഷനിലും. എങ്കിലും ലയണല്‍ മെസിയിലുടെ അര്‍ജന്റീന ഫുട്‌ബോള്‍ കത്തിനിന്നു. മെസി നേട്ടങ്ങള്‍ സമ്മാനിച്ചതെല്ലാം അദ്ദേഹത്തിന്റെ ക്ലബായ ബാര്‍സക്കായിരുന്നു. മെസി ഒന്നാമത്‌ വന്നപ്പോള്‍ ബാര്‍സയും യൂറോപ്പില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നു. യുവേഫ ചാമ്പ്യന്‍സ്‌ ലീഗും സ്‌പാനിഷ്‌ ലീഗും കിംഗ്‌സ്‌ കപ്പുമെല്ലാം സ്വന്തമാക്കിയ ബാര്‍സ മെസിയുടെ തന്നെ കരുത്തില്‍ അബുദാബിയില്‍ നടന്ന ഫിഫ ലോക ക്ലബ്‌ ഫുട്‌ബോളിലും ഒന്നാമത്‌ വന്നു. മികച്ച പരിശീലകന്‍ എന്ന നിലയില്‍ പെപ്‌ ഗുര്‍ഡിയോളയും വാര്‍ത്തകളില്‍ നിറഞ്ഞു. മെസിയുടെ നേട്ടങ്ങളില്‍ കൃസ്‌റ്റിയാനോ റൊണാള്‍ഡോ മങ്ങിയതും ലോകം കണ്ടു. മെസി യൂറോപ്യന്‍, ലോക ഫുട്‌ബോളര്‍ ഓഫ്‌ ദ ഇയര്‍ പുരസ്‌ക്കാരങ്ങള്‍ നേടിയപ്പോള്‍ റൊണാള്‍ഡോക്ക്‌ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡില്‍ നിന്നും റയല്‍ മാഡ്രിഡിലേക്ക്‌ വന്നിട്ടും കാര്യമായ നേട്ടങ്ങളുണ്ടായില്ല. വര്‍ഷത്തിന്റെ നഷ്‌ടം റോബര്‍ട്ട്‌ ഹെന്‍കെ എന്ന ജര്‍മന്‍ ഗോള്‍ക്കീപ്പറായിരുന്നു.
ട്രാക്കില്‍ ഉസൈന്‍ ബോള്‍ട്ട്‌ മാത്രമായിരുന്നു. ലോകത്തിന്റെ അതിവേഗ താരമായി മാറിയ ബോള്‍ട്ട്‌ പ്രതിയോഗികള്‍ക്ക്‌ ഒരവസരവും നല്‍കാതെയാണ്‌ കുതിക്കുന്നത്‌. ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ കരുത്തനായി നില കൊണ്ട ബോള്‍ട്ട്‌ അതേ കരുത്താണ്‌ 2009 ലും ആവര്‍ത്തിച്ചത്‌. അതേസമയം ലോകത്തോളം ഉയര്‍ന്നിരുന്ന ഓസ്‌ട്രേലിയന്‍ നീന്തല്‍ ഇതിഹാസം ഇയാന്‍ തോര്‍പ്പ്‌ പാതാളത്തോളം താഴുന്നതും ലോകം കണ്ടു. ടെന്നിസിലായിരുന്നു വലിയ നേട്ടങ്ങള്‍. റോജര്‍ ഫെഡ്‌റര്‍ ഒരിക്കല്‍ക്കൂടി തന്റെ ഒന്നാം നമ്പര്‍ പട്ടത്തിലേക്ക്‌ വന്നപ്പോള്‍ കിം ക്ലൈസ്‌റ്റേഴ്‌സ്‌ വനിതാ വിഭാഗത്തില്‍ രാജകീയമായ തിരിച്ചുവരവ്‌ നടത്തി. സറീന വില്ല്യംസ്‌ വിവാദ നായികയായപ്പോള്‍ അമലി മൗറിസ്‌മോ എന്ന ഫ്രഞ്ചുകാരി മല്‍സരരംഗം വിട്ടത്‌ അധികമാരുമറിഞ്ഞില്ല. മരുന്നടി വിവാദത്തില്‍ ആന്ദ്രെ അഗാസി തന്റെ സല്‍പ്പേരിന്‌ നേരെ തിരിഞ്ഞപ്പോള്‍ മൈക്കല്‍ ഷുമാക്കര്‍ എന്ന കാറോട്ടക്കാരന്റെ തിരിച്ചുവരവ്‌ ആഘോഷമാക്കപ്പെട്ടു.

ഇന്ത്യ
ഐ.സി.സി ടെസ്റ്റ്‌ റാങ്കിംഗില്‍ ഒന്നാമത്‌ വന്ന ഇന്ത്യയും എം.എസ്‌ ധോണിയും രാജ്യാന്തര തലത്തില്‍ നിറഞ്ഞ നിന്ന്‌ വര്‍ഷമായിരുന്നു 2009. 20-20 ലോകകപ്പും ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിയിലുമെല്ലാം ടീം നിരാശപ്പെടുത്തിയെങ്കിലും ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ആധികാരിക പ്രകടനവുമായി ഇന്ത്യ റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കയെ പിറകിലാക്കി ഇതാദ്യമായി ഒന്നാം സ്ഥാനത്ത്‌ വന്നു. ധോണിയിലെ നായകന്‍ പക്വതയിലും സമീപനത്തിലും വിത്യസ്‌തത പുലര്‍ത്തി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍ 25 വര്‍ഷം പിന്നിടപ്പോള്‍ സൂപ്പര്‍ താരത്തിന്റെ നേട്ടങ്ങളും റെക്കോര്‍ഡുകളും ആര്‍ക്കും പിടിക്കാന്‍ കഴിയാത്ത ദൂരത്തിലാണിപ്പോള്‍. ഫുട്‌ബോളില്‍ ഇന്ത്യ ഫിഫ റാങ്കിംഗില്‍ നില മെച്ചപ്പെടുത്തി. നെഹ്‌റു ട്രോഫിയില്‍ സിറിയയെ തോല്‍പ്പിച്ച്‌ കിരീടം സ്വന്തമാക്കിയ ടീം സാഫ്‌ ഫുട്‌ബോളിലും ചാമ്പ്യന്മാരായി. ബാര്‍സിലോണയിലും ദൂബായിലും വിജയകരമായ പര്യടനം പൂര്‍ത്തിയാക്കിയ ദേശീയ സീനിയര്‍ ടീമിന്റെ അമരത്ത്‌ ബോബ്‌ ഹൂട്ടണ്‍ എന്ന പരിശീലകനായിരുന്നു ശ്രദ്ധ നേടിയത്‌. ബൈജൂംഗ്‌ ബൂട്ടിയ വിവാദങ്ങളില്‍ അകപ്പെട്ടപ്പോള്‍ മികച്ച ഫുട്‌ബോള്‍ താരമായി മാറിയത്‌്‌ ഗോള്‍ക്കീപ്പര്‍ സുബ്രതോ പാലായിരുന്നു. നെഹ്‌റു കപ്പ്‌ ഫൈനലില്‍ ഇന്ത്യ കരുത്ത്‌ പ്രകടിപ്പിച്ചത്‌ ഗോള്‍ക്കീപ്പറുടെ മികവിലായിരുന്നു. ടെന്നിസില്‍ ഇന്ത്യക്ക്‌ വലിയ നേട്ടങ്ങളുണ്ടായിരുന്നില്ല. സാനിയ മിര്‍സയും ലിയാന്‍ഡര്‍ പെയ്‌സും മഹേഷ്‌ ഭൂപതിയുമെല്ലാം പതിവ്‌ പോലെ ചില മിന്നലാട്ടങ്ങള്‍ നടത്തിയെങ്കിലും ശ്രദ്ധേയമായ നേട്ടങ്ങളുണ്ടായില്ല. ഹോക്കിയില്‍ ഇന്ത്യ സുല്‍ത്താന്‍ അസ്ലം ഷാ കപ്പ്‌ സ്വന്തമാക്കി. ഹോക്കി ഭരണത്തിലും മാറ്റമുണ്ട്‌. അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക്‌ വലിയ നേട്ടങ്ങളുണ്ടായിരുന്നില്ല. ബാഡ്‌മിന്റണില്‍ സൈന നെഹ്‌വാള്‍ എന്ന താരത്തിന്റെ വളര്‍ച്ചയും യുഗി ബാബ്രിയുടെ മികവും ശ്രദ്ധിക്കപ്പെട്ടു. പങ്കജ്‌ അഡ്വാനിയുടെ ബില്ല്യാര്‍ഡസ്‌്‌-സ്‌നൂക്കര്‍ നേട്ടങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞു. വിവാദങ്ങളിലെ നായകനായി ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ സുരേഷ്‌ കല്‍മാഡി മാറി. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ പ്രശ്‌നങ്ങളിലാണ്‌ കല്‍മാഡി വാര്‍ത്തകളില്‍ നായകനായത്‌. ഗെയിംസ്‌ സി.ഇ.ഒ മൈക്‌ ഹൂപ്പറുമായുള്ള ഉടക്കും പ്രശ്‌നം തീര്‍ക്കാന്‍ ലണ്ടനില്‍ നടന്ന യോഗവുമെല്ലാം ശ്രദ്ധിക്കപ്പെട്ടു.

കേരളം
ശക്തമായ എതിര്‍പ്പുണ്ടായിട്ടും പഞ്ചാബില്‍ നടന്ന ദേശീയ സ്‌ക്കൂള്‍ മീറ്റിലും വിജയവാഡയില്‍ നടന്ന ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌ മീറ്റിലും കേരളം നടത്തിയ പ്രകടനം പോയ വര്‍ഷത്തെ വലിയ നേട്ടങ്ങളായി. അവസാന നിമിഷത്തില്‍ ദേശിയ അധികാരികള്‍ ദേശീയ സ്‌ക്കൂള്‍ മീറ്റിന്റെ തിയ്യതികളില്‍ മാറ്റം വരുത്തിയപ്പോള്‍ കേരളത്തിന്‌ അത്‌ തിരിച്ചടിയായിരുന്നു. എന്നാല്‍ തുടര്‍ച്ചയായ മല്‍സരങ്ങളിലും താരങ്ങള്‍ പതറിയില്ല. കേരളാ ഫുട്‌ബോളിന്‌ ഒരു നേട്ടവുമുണ്ടായില്ല. സന്തോഷ്‌ ട്രോഫിയില്‍ ക്ലസ്‌റ്റര്‍ മല്‍സരങ്ങളിലേക്ക്‌ തരം താഴ്‌ത്തപ്പെട്ടിട്ടും മുന്നോട്ട്‌ പോവാനായില്ല. എന്‍.പി പ്രദീപ്‌ എന്ന ഒരേ ഒരു താരത്തിലൂടെ മാത്രമാണിപ്പോള്‍ ഇവിടെ ഫുട്‌ബോളുണ്ട്‌ എന്ന്‌ രാജ്യം തിരിച്ചറിയുന്നത്‌. ഐ ലീഗ്‌ ഫുട്‌ബോളില്‍ വിവ കേരളയുടെ സാന്നിദ്ധ്യമുണ്ട്‌. പക്ഷേ ശരാശരിക്കപ്പുറം പോവാന്‍ അവര്‍ക്കുമാവുന്നില്ല. ക്രിക്കറ്റില്‍ കേരളത്തിന്റെ ശക്തമായ സാന്നിദ്ദ്യമായി എസ്‌.ശ്രീശാന്ത്‌ ഗംഭീര തിരിച്ചുവരവ്‌ നടത്തി. പക്ഷേ രജ്ഞി ക്രിക്കറ്റില്‍ കേരളം മുടന്തി. തിരുവല്ലയില്‍ നടന്ന സ്‌ക്കൂള്‍ മീറ്റില്‍ വലിയ റെക്കോര്‍ഡുകള്‍ പിറന്നില്ല. സിനിമാ താരങ്ങളായ മമ്മുട്ടി വോളിബോളിന്റെയും മോഹന്‍ലാല്‍ അത്‌ലറ്റിക്‌സിന്റെയും സുരേഷ്‌ ഗോപി ഹോക്കിയുടെയും ബ്രാന്‍ഡ്‌ അംബാസിഡര്‍മാരായി വന്നതും ശുഭേതര കാഴ്‌ച്ചയായിരുന്നു.

കാലിക്കറ്റിന്‌ കിരീടം
ചെന്നൈ: അവസാന ദിവസം നേടിയ ഏക സ്വര്‍ണ്ണത്തിന്റെ പിന്‍ബലത്തില്‍ കാലിക്കറ്റ്‌ സര്‍വകലാശാല ദേശീയ കായിക രാജാക്കന്മാരായി. ഇവിടെ ഇന്നലെ സമാപിച്ച അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌ മീറ്റില്‍ ഏഴ്‌ സ്വര്‍ണ്ണവുമായി കാലിക്കറ്റ്‌ ഓവറോള്‍ കിരീടം നേടിയപ്പോള്‍ പോയ വര്‍ഷത്തെ കരുത്തരായ എം.ജി സര്‍വകലാശാലക്ക്‌ ആറ്‌ സ്വര്‍ണ്ണവുമായി രണ്ടാം സ്ഥാനം കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടി വന്നു. ബുധനാഴ്‌ച്ച മൂന്ന്‌ സ്വര്‍ണ്ണ മെഡലുകളുമായി ചാമ്പ്യന്‍ഷിപ്പിലേക്ക്‌ ശക്തമായി തിരിച്ചുവന്ന എം.ജി ഇന്നലെ ഒരു സ്വര്‍ണ്ണം സ്വന്തമാക്കിയെങ്കിലും കാലിക്കറ്റിന്റെ അവസാനദിവസ സ്വര്‍ണ്ണ നേട്ടത്തില്‍ കിരീടം അവര്‍ക്കായി.
മീറ്റിന്റെ ആദ്യ രണ്ട്‌ ദിവസങ്ങളിലും ഏകപക്ഷീയമായി മുന്നേറിയ കാലിക്കറ്റിന്‌ മൂന്നാം ദിവസം എം.ജി യുടെ തിരിച്ചുവരവ്‌ വെല്ലുവിളിയായിരുന്നു. ധനീഷ്‌ സ്റ്റീഫന്‍ റെക്കോര്‍ഡോടെ ഇരട്ട സ്വര്‍ണ്ണം നേടിയപ്പോള്‍ വനിതകളുടെ 4-100 മീറ്റര്‍ റിലേയിലും എം.ജി ഒന്നാമന്മാരായി. കാലിക്കറ്റിനാവട്ടെ മൂന്നാം ദിവസം സ്വര്‍ണ്ണ നേട്ടമുണ്ടായിരുന്നില്ല. ബുധനാഴ്‌ച്ച മല്‍സരങ്ങള്‍ സമാപിച്ചപ്പോള്‍ കേരളത്തിലെ രണ്ട്‌ കലാശാലകള്‍ തമ്മില്‍ ഒരു സ്വര്‍ണ്ണത്തിന്റെ മാറ്റം മാത്രമായിരുന്നു. ഇന്നലെ അവസാന ദിവസത്തില്‍ വനിതകളുടെ 200 മീറ്ററില്‍ ഷംന മുഹമ്മദിലുടെ എം.ജി സ്വര്‍ണ്ണം നേടിയപ്പോള്‍ സ്വര്‍ണ്ണ നേട്ടത്തില്‍ പോരാട്ടം ഒപ്പത്തിനൊപ്പമായി. എന്നാല്‍ ഹെപ്‌ടാത്ത്‌ലണില്‍ നിജ മോള്‍ രാജന്‍ കാലിക്കറ്റിന്റെ അഭിമാനമായി. കാലിക്കറ്റിന്റെ കുഞ്ഞിമുഹമ്മദ്‌ പുരുഷന്മാരുടെ 200 മീറ്ററില്‍ വെള്ളി നേടി.

ബൂട്ടിയയും ബംഗാളും
ഗോഹട്ടി: ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോളിന്റെ ഫൈനല്‍ പോരാട്ടം ലാജോംഗ്‌ എഫ്‌.സിയും ഈസ്റ്റ്‌ ബംഗാളും തമ്മില്‍. ഇന്നലെ നടന്ന രണ്ടാം സെമിയില്‍ ബദ്ധവൈരികളായ മോഹന്‍ ബഗാനെ രണ്ട്‌ ഗോളിന്‌ തോല്‍പ്പിച്ചാണ്‌ ഈസ്റ്റ്‌ ബംഗാള്‍ കരുത്ത്‌ കാട്ടിയത്‌. ബൈജൂംഗ്‌ ബൂട്ടിയയും ബഗാനും തമ്മിലുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ നായകനാണ്‌ വിജയിച്ചത്‌. കഴിഞ്ഞ സീസണില്‍ ബഗാന്‍ വിട്ട്‌ ഈസ്‌റ്റ്‌ ബംഗാളിലേക്ക്‌ ചേക്കേറിയ ബൂട്ടിയ വിവാദത്തിന്‌ ശേഷം ആദ്യമായാണ്‌ ബഗാനെതിരെ കളിക്കാനിറങ്ങിയത്‌. ഗോള്‍രഹിതമായ ഒന്നാം പകുതിക്ക്‌ ശേഷം യൂസഫ്‌ യാക്കൂബ്‌ തകര്‍പ്പന്‍ ഗോളില്‍ ബംഗാളിനെ മുന്നിലെത്തിച്ചു. മല്‍സരം അവസാനിക്കാന്‍ ഒരു മിനുട്ട്‌ ബാക്കി നില്‍ക്കെ മെഹ്‌ത്താബ്‌ ഹുസൈന്‍ വിജയ ഗോളും നേടി.

No comments: