Thursday, December 24, 2009

YOUNG DAY

കൊല്‍ക്കത്ത: ഈഡനില്‍ ഇന്നലെ യുവരാജാക്കന്മാരുടെ ഊഴമായിരുന്നു.... സീനിയര്‍ താരങ്ങളായ വീരേന്ദര്‍ സേവാഗും സച്ചിന്‍ ടെണ്ടുല്‍ക്കറും പെട്ടെന്ന്‌ കളമൊഴിഞ്ഞപ്പോള്‍ ചെറുപ്പക്കാര്‍ ദൗത്യം നിര്‍വഹിച്ച മനോഹരമായ കാഴ്‌ച്ചയില്‍ ഇന്ത്യക്ക്‌ വിജയവും പരമ്പരയും. രാത്രി വെളിച്ചത്തില്‍, മഞ്ഞ്‌ വീഴ്‌ച്ചയില്‍ 316 റണ്‍സ്‌ എന്ന വിജയലക്ഷ്യത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. വീരുവും സച്ചിനും വേഗം പോയപ്പോള്‍ 1996 ലെ ആ ലോകകപ്പ്‌ സെമി ഫൈനല്‍ ദുരന്തം ആവര്‍ത്തിക്കുമോ എന്ന്‌ തോന്നി.... അസ്‌ഹറുദ്ദീന്‍ നയിച്ച ഇന്ത്യ ഈഡനില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന കാഴ്‌ച്ചയില്‍ കാണികള്‍ കളി തടസ്സപ്പെടുത്തിയ മുഹൂര്‍ത്തങ്ങള്‍ കാണികളുടെ മനസ്സില്‍ മിന്നിമറയവെയാണ്‌ ഗൗതം ഗാംഭീറും വീരാത്‌ കോഹ്‌ലിയും ക്രീസില്‍ വന്നത്‌. വീരനായി വിരാതും ഗംഭീരനായി ഗാംഭീറും കസറിയ കാഴ്‌ച്ചയില്‍ പിന്നെ നിറയെ ഇന്ത്യന്‍ യുവപ്രതാപമായിരുന്നു. ഡബിള്‍ സെഞ്ച്വറി സഖ്യത്തില്‍ അവര്‍ മനോഹരമായി ലങ്കയെ കബളിപ്പിച്ചു. സിംഗിളുകളും ഡബിളുകളുമായി തുടക്കം. പിന്നെ കത്തിക്കയറിയ നിമിഷങ്ങള്‍. ആദ്യം കോഹ്‌ലി സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ അടുത്ത പന്തില്‍ ഗാംഭീറും മൂന്നക്കം തികച്ചു.
ലക്‌മലിന്റെ ഏഴ്‌ പന്തുകള്‍ക്കിടെ വീരുവും സച്ചിനും വീണപ്പോള്‍ ലങ്ക ഹിമാലയത്തിലായിരുന്നു. പക്ഷേ ആ ആഘോഷത്തിന്‌ അല്‍പ്പായുസായിരുന്നു. ഇന്ത്യന്‍ യുവതാരങ്ങള്‍ ഈഡനെ ഭരിച്ചപ്പോള്‍ കാണികള്‍ക്കായിരുന്നു പിന്നെ ആഘോഷം. ടോസ്‌ ഭാഗ്യം ഇന്ത്യക്ക്‌ അനുകൂലമായിരുന്നില്ല. രാത്രിയില്‍ ബാറ്റിംഗ്‌ ദുഷ്‌ക്കരമായ കാലാവസ്ഥയില്‍ കുമാര്‍ സങ്കക്കാര ബാറ്റിംഗ്‌ തെരഞ്ഞെടുത്തത്‌ സ്വാഭാവിക തീരുമാനമായിരുന്നു. ഇന്ത്യന്‍ ന്യൂബോള്‍ ബൗളര്‍മാര്‍ പരമ്പരയില്‍ ഇതാദ്യമായി ലക്ഷ്യബോധം കാണിച്ചിട്ടും ഓപ്പണര്‍ ഉപുല്‍ തരംഗയുടെ സെഞ്ച്വറിയില്‍ ആറ്‌ വിക്കറ്റിന്‌ 315 റണ്‍സെന്ന വലിയ സ്‌ക്കോറാണ്‌ സന്ദര്‍ശകര്‍ സമ്പാദിച്ചത്‌. രാജ്‌ക്കോട്ടിലും നാഗ്‌പ്പൂരിലും കട്ടക്കിലും കണ്ടത്‌ ബൗളര്‍മാര്‍ വിയര്‍ക്കുന്ന കാഴ്‌ച്ചയാണ്‌. എന്നാല്‍ ഈഡനില്‍ വ്യക്തമായ പ്ലാനിലാണ്‌ സഹീര്‍ഖാനും ആശിഷ്‌ നെഹ്‌റയും പന്തെറിഞ്ഞത്‌. ഒരു തരത്തിലും തിലകരത്‌നെ ദില്‍ഷാനും തരംഗക്കും കൈകള്‍ സ്വതന്ത്രമാക്കാന്‍ അവസരം നല്‍കാതെ ഇവര്‍ പന്തെറിഞ്ഞപ്പോള്‍ ആദ്യ അഞ്ച്‌ ഓവറില്‍ ഒരു ബൗണ്ടറി പോലും പിറന്നിരുന്നില്ല. അപകടകാരിയായ ദില്‍ഷാനെ വരച്ച വരയില്‍ നിര്‍ത്തി നെഹ്‌റ പരമ്പരയിലെ ആദ്യ മെയ്‌ഡനും പായിച്ചു. ദില്‍ഷാനെതിരെ പന്തെറിയുമ്പോള്‍ ലെഗ്‌ സൈഡില്‍ രണ്ട്‌ ഫീല്‍ഡര്‍മാരെ ബൗണ്ടറിയില്‍ നിര്‍ത്തിയായിരുന്നു ആക്രമണം. രാജ്‌ക്കോട്ടില്‍ 3.4 ഓവറില്‍ അമ്പത്‌ കടന്നവരായിരുന്നു ലങ്കക്കാര്‍. നാഗ്‌പ്പൂരില്‍ 6.3 ഓവറിായിരുന്നു ഫിഫ്‌റ്റി. കട്ടക്കില്‍ 7.2 ഓവറില്‍ അമ്പത്‌ കടന്ന ദ്വീപുകാര്‍ ഇവിടെ അമ്പത്‌ കടക്കാന്‍ പതിമൂന്ന്‌ ഓവറുകളെടുത്തു. അതിനിടെ ദില്‍ഷാന്‍ പുറത്താവുകയും ചെയ്‌തിരുന്നു. നെഹ്‌റയുടെ പന്തില്‍ കോഹ്‌ലിയാണ്‌ ഓപ്പണറെ പിടികൂടിയത്‌. അടുത്ത ഓവറില്‍ തരംഗ നല്‍കിയ റിട്ടേണ്‍ ക്യാച്ച്‌ പക്ഷേ നെഹ്‌റക്ക്‌ കൈപ്പിടിയില്‍ ഒതുക്കാനായില്ല. ഈ പിഴവിന്‌ ശേഷം അപകടരഹിതമായ ക്രിക്കറ്റാണ്‌ തരംഗ കാഴ്‌ച്ചവെച്ചത്‌. ടീമിലെ സ്ഥാനം ഉറപ്പിക്കാന്‍ അദ്ദേഹത്തിന്‌ വലിയ ഇന്നിംഗ്‌സ്‌ ആവശ്യമായിരുന്നു. കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടെ രാജ്യാന്തര ക്രിക്കറ്റില്‍ ഒരു സെഞ്ച്വറി പോലും നേടാന്‍ കഴിയാതിരുന്ന ഓപ്പണര്‍ ശ്രദ്ധിച്ചാണ്‌ കളിച്ചത്‌. മൂന്നാം നമ്പറില്‍ വന്ന സനത്‌ ജയസൂര്യക്ക്‌ പെട്ടെന്ന്‌ മടങ്ങേണ്ടി വന്നപ്പോള്‍ നായകന്‍ സങ്കയെ കൂട്ടുപിടിച്ചായിരുന്നു തരംഗ മൂന്നക്കത്തിലേക്ക്‌ കുതിച്ചത്‌. ഇഷാന്ത്‌ ആക്രമണത്തിന്‌ വന്നപ്പോള്‍ തരംഗക്ക്‌ ലൂസ്‌ ബോളുകള്‍ ലഭിച്ചു. അതിര്‍ത്തി ഷോട്ടുകള്‍ പിറക്കുകയും ചെയ്‌തു. ഇഷാന്തിനെ പ്രഹരിക്കാനുളള ശ്രമത്തില്‍ പന്ത്‌ പൊങ്ങി തേര്‍ഡ്‌ മാനില്‍ ഹര്‍ഭജന്‌ നേരെ ഉയര്‍ന്നെങ്കിലും അദ്ദേഹം പന്ത്‌ നിലത്തിട്ടു. ഇതിനിടെ സനത്‌ ജയസൂര്യയെ സഹീര്‍ പുറത്താക്കിയിരുന്നു. 23.4 ഓവറുകളാണ്‌ തരംഗയും സങ്കയും കളിച്ചത്‌. കടുത്താക്രമണത്തിന്‌ നില്‍ക്കാതെ 126 റണ്‍സാണ്‌ ഇരുവരും ചേര്‍ന്ന്‌ നേടിയത്‌.
അവസാനത്തില്‍ ആക്രമണത്തിന്‌ തിരിച്ചുവന്ന സഹീറും നെഹ്‌റയും ലങ്കന്‍ സ്‌ക്കോറിംഗിനെ നിയന്ത്രിക്കുന്നതില്‍ വിജയിച്ചെങ്കിലും മഹേലയും പുതിയ താരം പെരേരയും കൂറ്റനടികളുമായി സ്‌ക്കോര്‍ 300 കടത്തി. കട്ടക്കില്‍ തന്റെ ലെഫ്‌റ്റ്‌ ആം സ്‌പിന്നുമായി നാല്‌ വിക്കറ്റും മാന്‍ ഓഫ്‌ ദ മാച്ച്‌ പട്ടവും സ്വന്തമാക്കിയ രവീന്ദു ജഡേജക്ക്‌ ഇവിടെ ഇരകളെ ലഭിച്ചില്ല.

തേര്‍ഡ്‌ ഐ-കമാല്‍ വരദൂര്‍
യുവപ്രതാപം
ബുധനാഴ്‌ച്ച വൈകീട്ട്‌, പരിശീലനത്തിന്‌ ശേഷം മാധ്യമ പ്രവര്‍ത്തകരുമായുള്ള പതിവ്‌ കൂടിക്കാഴ്‌ച്ചയില്‍ ഇന്ത്യന്‍ നായകന്‍ വീരേന്ദര്‍ സേവാഗ്‌ പറഞ്ഞത്‌ ഒരു കാര്യമായിരുന്നു-ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക്‌ നിലയുറപ്പിക്കാനുളള അവസരമാണിത്‌. എം.എസ്‌ ധോണിയും യുവരാജും പുറത്ത്‌. അവര്‍ക്ക്‌ പകരക്കാരായി വന്നവര്‍ക്ക്‌ 2011 ലെ ലോകകപ്പ്‌ മുന്‍നിര്‍ത്തി ടീമിലെ സ്ഥാനം ഉറപ്പിക്കാനുള്ള അവസരത്തെ എത്ര മനോഹരമായാണ്‌ ഗൗതം ഗാംഭീറും വിരാത്‌ കോഹ്‌ലിയും ഉപയോഗപ്പെടുത്തിയത്‌. ഈഡന്‍ ഗാര്‍ഡന്‍സില്‍ രാത്രി വെളിച്ചത്തില്‍ 300 നപ്പുറമുള്ള ചേസിംഗ്‌ ശരിക്കും ദുഷ്‌ക്കരമാണ്‌. പലവട്ടം ഇത്‌ കണ്ടതാണ്‌. 96 ലെ ലോകകപ്പിന്റെ സെമിയില്‍ ഇന്ത്യ ഇതേ പ്രതിയോഗികള്‍ക്ക്‌ മുന്നില്‍ തകര്‍ന്നടിഞ്ഞ കാഴ്‌ച്ച ക്രിക്കറ്റ്‌ ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണിന്നും. അര്‍ജുന രണതുംഗെയും അരവിന്ദ ഡിസില്‍വയും സനത്‌ ജയസൂര്യയും മിന്നിയ ആ ദിനത്തെ ഓര്‍ത്തെടുക്കാന്‍ ആര്‍ക്കുമാവില്ല. വിനോദ്‌ കാംബ്ലിയുടെ കണ്ണീര്‍ ആരും മറന്നിട്ടില്ല. ആ ഓര്‍മ്മകളാണ്‌ ഇന്നലെ തുടക്കത്തില്‍ ഉയര്‍ന്നുവന്നത്‌. സേവാഗും സച്ചിനും തുടക്കത്തില്‍ പുറത്ത്‌. പിന്നെ കളിക്കാനുളളതെല്ലാം യുവതാരങ്ങള്‍. പക്ഷേ അവര്‍ ഗംഭീരമായി തന്നെ കളിച്ചു. സാഹസികത ആവശ്യപ്പെട്ടപ്പോള്‍ അതിനു തയ്യാറായി. പരസ്‌പരം അഭിനന്ദിച്ചുളള കോഹ്‌ലി-ഗാംഭീര്‍ കൂട്ടുകെട്ട്‌ നല്‍കിയത്‌ ഒരു വിജയം മാത്രമല്ല-വലീയ പ്രതീക്ഷയുമാണ്‌. സച്ചിനും സേവാഗിനുമെല്ലാം ശേഷം ഇന്ത്യന്‍ പതാക ഉയര്‍ത്താന്‍ യുവതാരങ്ങളുണ്ട്‌. അവര്‍ക്ക്‌ ഭയമില്ല. നോക്കുക-ലാസിത്‌ മാലിങ്കയെ പോലുള്ള അതിവേഗക്കാരെ എത്ര അനായാസമായാണ്‌ രണ്ട്‌ പേരും നേരിട്ടത്‌. സ്വിഗിംഗ്‌ യോര്‍ക്കറുകളാണ്‌ മാലിങ്കയുടെ കരുത്ത്‌. യുവതാരങ്ങളെ അദ്ദേഹത്തിന്‌ വിറപ്പിച്ചു നിര്‍ത്താനാവും. പക്ഷേ ഈഡനിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌ക്കോറുമായി ഗാംഭീര്‍ നടത്തിയ പ്രകടനം അദ്ദേഹത്തിന്റെ മികച്ച വ്യക്തിഗത ഇന്നിംഗ്‌സുകളില്‍ ഒന്നാണെന്ന്‌ നിസ്സംശയം പറയാം. കോഹ്‌ലി എന്നും പകരക്കാരനാണ്‌-കാര്‍ത്തിക്കിന പോലെ. യുവരാജ്‌ വന്നാല്‍ അദ്ദേഹത്തിന്റെ സ്ഥാനം പോവും. പക്ഷേ ആ ഭയവും സമ്മര്‍ദ്ദവും യുവതാരത്തെ ബാധിച്ചില്ല. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഈഡനിലെ ക്രിസ്‌തുമസ്സ്‌ ജയം വ്യക്തമായ സൂചികയാണ്‌-ശക്തരും പ്രാപ്‌തരുമാണ്‌ നമ്മുടെ യുവനിര.
ഇംഗ്ലീഷ്‌ ഫുട്‌ബോളില്‍ ചൂടേറിയ
ക്രിസ്‌തുമസ്സ്‌ ചര്‍ച്ച
ലണ്ടന്‍: ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ക്രിസ്‌തുമസ്സ്‌ സുദിനമാണിന്ന്‌... കാലിത്തൊഴുത്തില്‍ പിറന്നവനും കരുണ നിറഞ്ഞവനും കരുണാമയനുമായ ഉണ്ണിയേശുവിന്റെ അപദാനങ്ങള്‍ വാഴ്‌ത്തുന്ന നാളുകളില്‍ ഇംഗ്ലീഷ്‌ ഫുട്‌ബോളില്‍ ചൂടേറിയ ചര്‍ച്ച മറ്റൊരു വിഷയത്തിലാണ്‌. പ്രീമിയര്‍ ലീഗിലെ പോയന്റ്‌്‌ ടേബിളോ, ക്ലബുകളുടെ പ്രകടനമോ അല്ല ചര്‍ച്ച-മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ പരിശീലക സ്ഥാനത്ത്‌ നിന്ന്‌ മാര്‍ക്‌ ഹ്യൂഗ്‌സിനെ പുറത്താക്കിയതാണ്‌ ചുടേറിയ ക്രിസ്‌തുമസ്‌ ചര്‍ച്ച. ഇന്നലെ ചര്‍ച്ചകളിലേക്ക്‌ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലകന്‍ അലക്‌സ്‌ ഫെര്‍ഗൂസണും വന്നതോടെ കാര്യങ്ങള്‍ വലിയ തലത്തിലാണിപ്പോള്‍ സംസാരിക്കപ്പെടുന്നത്‌. സംഭവം നിസാരമാണ്‌-ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ടേബിളില്‍ ആറാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി അവരുടെ പരിശീലകന്‍ മാര്‍ക്‌ ഹ്യൂഗ്‌സിനെ പുറത്താക്കി. പകരം ഇറ്റലിക്കാരനായ റോബര്‍ട്ടോ മാന്‍സിനിയെ മുഖ്യ കോച്ചായി നിയമിക്കുകയും ചെയ്‌തു. എന്താണ്‌ ഹ്യൂഗ്‌സ്‌ ചെയ്‌ത തെറ്റ്‌്‌ എന്ന ചോദ്യത്തിനും ക്രിസ്‌തുമസ്സ്‌ തിരക്കില്‍ ഇങ്ങനെയൊരു പുറത്താക്കല്‍ വേണമായിരുന്നോ എന്ന ചോദ്യത്തിനും ഉത്തരമില്ല. മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ ഉടമകളും വക്താക്കളും ഇരുട്ടില്‍ തപ്പുമ്പോള്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഫുട്‌ബോള്‍ ലോകം സിറ്റിക്കാര്‍ക്കെതിരെ ശക്തമായി രംഗത്തുണ്ട്‌. ഒരു തരത്തിലും നിതീകരിക്കാന്‍ കഴിയാത്ത കാര്യമാണ്‌ സിറ്റി ഉടമകള്‍ ചെയ്‌തതെന്നാണ്‌ ഫെര്‍ഗൂസണ്‍ വ്യക്തമാക്കിയിരിക്കുന്നത്‌. രണ്ടാഴ്‌ച്ച മുമ്പാണ്‌ മാഞ്ചസ്റ്ററിലെ രണ്ട്‌ പ്രബലര്‍ തമ്മില്‍ പ്രീമിയര്‍ ലീഗില്‍ മല്‍സരിച്ചത്‌. ആ വാശിയേറിയ പോരാട്ടത്തില്‍ 4-3 ന്റെ വിജയം യുനൈറ്റഡിനായിരുന്നു. അന്ന്‌ പരസ്‌പരം പോരടിച്ചവരാണ്‌ ഫെര്‍ഗിയും ഹ്യൂഗ്‌സും. എന്നാല്‍ ഇപ്പോള്‍ ഹ്യൂഗ്‌സിന്‌ വേണ്ടി ശക്തമായ ഭാഷയില്‍ പ്രതികരിച്ചാണ്‌ ഫെര്‍ഗി രംഗത്ത്‌ വന്നിരിക്കുന്നത്‌. ടീമുകള്‍ക്ക്‌ ജയവും പരാജയങ്ങളും സ്വാഭാവികമാണ്‌. അതിന്റെ പേരില്‍ പരിശീലകരെ പുറത്താക്കുന്നതും സംഭവിക്കുന്ന കാര്യമാണ്‌. എന്നാല്‍ പുറത്താക്കലിനും ഒരു മര്യാദയുണ്ട്‌. അത്‌ ഹ്യൂഗ്‌സിന്റെ കാര്യത്തില്‍ പാലിക്കപ്പെട്ടിട്ടില്ല എന്നാണ്‌ ഫെര്‍ഗ്ഗി പറയുന്നത്‌. ക്രിസ്‌തുമസ്‌ ആസന്നമായ സന്ദര്‍ഭത്തില്‍ വളരെ തിരക്കിട്ട്‌ പുറത്താക്കാന്‍ മാത്രം പാതകം ഹ്യൂഗ്‌സ്‌ ചെയ്‌തതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രീമിയര്‍ ലീഗില്‍ സുതര്‍ലാന്‍ഡിനെതിരായ മല്‍സരത്തില്‍ 4-3 ന്റെ വിജയം സിറ്റി സ്വന്തമാക്കിയതിന്‌ പിറകെയാണ്‌ ഹ്യൂഗ്‌സിനെ പുറത്താക്കിയത്‌. ലോക ഫുട്‌ബോളില്‍ അനുഭവസമ്പന്നനായ പരിശീലകനാണ്‌ ഹ്യൂഗ്‌സ്‌. എട്ട്‌ വര്‍ഷത്തോളം അദ്ദേഹം ബാര്‍സിലോണയിലുണ്ടായിരുന്നു. നിരവധി ഒന്നാം നമ്പര്‍ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്‌. അങ്ങനെയൊരാളെ ഒരു സീസണിന്റെ മധ്യേ പെട്ടെന്ന്‌ പുറത്താക്കിയത്‌ ശരിയായില്ലെന്ന്‌ ഫെര്‍ഗ്ഗിയെ പോലെ പ്രമുഖ പരിശീലകരെല്ലാം പറയുമ്പോള്‍ സിറ്റിക്ക്‌ സ്വന്തം ന്യായീകരണമുണ്ട്‌. 2008 ജൂണില്‍ സ്വന്‍ ഗോരാന്‍ എറിക്‌സണ്‌ പകരമായാണ്‌ ഹ്യൂഗ്‌സിനെ പരിശീലകനാക്കിയത്‌. നിരവധി സൂപ്പര്‍ താരങ്ങള്‍ ടീമിലുണ്ടായിട്ടും പ്രതീക്ഷിച്ച വിജയങ്ങള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിട്ടില്ല. ടോട്ടന്‍ഹാമിനോട്‌ കഴിഞ്ഞ മല്‍സരത്തില്‍ മൂന്ന്‌ ഗോളിന്‌ തോറ്റതോടെ കോച്ചിനെ മാറ്റുന്ന കാര്യം തീരുമാനിച്ചിരുന്നു. അത്‌ നടപ്പാക്കിയത്‌ പോയ വാരത്തില്‍ മാത്രമാണെന്ന്‌ മാനേജ്‌മെന്റ്‌്‌ പറയുന്നു.
യു.എ.ഇ ക്കാരനായ ഷെയ്‌ക്‌ മന്‍സൂറാണ്‌ ഇപ്പോള്‍ ടീമിന്റെ ഉടമ. റോബിഞ്ഞോ, കാര്‍ലോസ്‌ ടെവസ്‌, അബിദേയര്‍ തുടങ്ങിയവരെ വന്‍ വിലക്ക്‌ ക്ലബ്‌ സ്വന്തമാക്കിയിട്ടും ടേബിളില്‍ വളരെ പിറകില്‍ നില്‍ക്കുന്ന അവസ്ഥയില്‍ കോച്ചിനെ മാറ്റാതെ രക്ഷയില്ലെന്നാണ്‌ മാനേജ്‌മെന്റ്‌ തീരുമാനിച്ചത്‌. എന്നാല്‍ മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ സംശയമുണ്ടെന്നാണ്‌ ഫെര്‍ഗ്ഗി പറുന്നത്‌. ടീമിനെ വിജയിപ്പിക്കുക എന്നത്‌ കോച്ചിന്റെ ഉത്തരവാദിത്വമല്ല. ടീമിനെ നന്നായി മാനേജ്‌ ചെയ്യണം. അതില്‍ ഹ്യൂഗ്‌സ്‌ വിജയമാണ്‌. ചിലപ്പോള്‍ ഏത്‌ വമ്പന്‍ ടീമുകള്‍ക്കും പരാജയം സംഭവിക്കാറുണ്ട്‌. അതിന്റെ അടിസ്ഥാനത്തില്‍ മാനേജരെ മാറ്റുന്നത്‌ അന്യായമാണ്‌. ഹ്യൂഗ്‌സിന്‌ പറയാനുളളത്‌ പോലും അവര്‍ കേട്ടില്ലെന്നും ഫെര്‍ഗ്ഗി പറഞ്ഞു. പുറത്താക്കിയതിന്റെ അടുത്ത ദിവസം ഹ്യൂഗ്‌സിനെ താന്‍ വിളിച്ചിരുന്നെന്നും എന്നാല്‍ മറുപടി പറയാന്‍ കഴിയാത്ത രീതിയില്‍ അദ്ദേഹം മാനസികമായി തകര്‍ന്നതായും ഫെര്‍ഗ്ഗി പറഞ്ഞു.
മാഞ്ചസ്റ്റര്‍ സിറ്റി മാനേജ്‌മെന്റിനെതിരെ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയപ്പോള്‍ പത്രങ്ങളെ ക്ലബിന്റെ ഓഫീസില്‍ നിരോധിച്ചാണ്‌ ഉടമകള്‍ പ്രതികരിച്ചത്‌. ഒരു പത്രവും അവിടെ ഇട്ടിരുന്നില്ല. തന്നോട്‌ ഒരക്ഷരം പോലും പുറത്താക്കലിനെ സംബന്ധിച്ച്‌ മാനേജ്‌മെന്റ്‌ പറഞ്ഞിരുന്നില്ലെന്നാണ്‌ ഹ്യൂഗ്‌സ്‌ പറയുന്നത്‌. പോര്‍ട്‌സ്‌മൗത്തിനെതിരായ മല്‍സരം കഴിഞ്ഞ രണ്ട്‌ മണിക്കൂറിന്‌ ശേഷമാണ്‌ പുറത്താക്കുന്ന കാര്യവും ഒപ്പം പുതിയ കോച്ചിനെ നിയമിച്ച കാര്യവും മാനേജ്‌മെന്റ്‌ പ്രഖ്യാപിച്ചത്‌. ഇതില്‍ നിന്ന്‌ ഒരു കാര്യം വ്യക്തമാണ്‌. നേരത്തെ തന്നെ അവര്‍ എന്നെ പുറത്താക്കാനും പുതിയ ആളെ നിയമിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത്‌ സംബന്ധിച്ച്‌ ഒന്നും എന്നോട്‌ സംസാരിച്ചിരുന്നില്ല. അതിലാണ്‌ വിഷമമെന്നും ഹ്യൂഗ്‌സ്‌ പറയുന്നു.
അതേ സമയം പുതിയ കോച്ചായി നിയമിതനായ മാന്‍സിനി താന്‍ അബുദാബിയില്‍ വെച്ച്‌ ക്ലബ്‌ ഉടമ അല്‍ മുബാറക്കിനെ കണ്ടതായി സമ്മതിച്ചു.

ക്രിസ്‌തുമസ്‌ ദുരന്തം
ഗോഹട്ടി: ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവക്ക്‌ ക്രിസ്‌തുമസ്സ്‌ ദുരന്തം....! ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോളില്‍ നിന്ന്‌ തുടര്‍ച്ചയായ രണ്ടാം തോല്‍വിയുമായി അവര്‍ പുറത്തായി. ആദ്യ മല്‍സരത്തില്‍ കനത്ത പരാജയം രുചിച്ച മുന്‍ ചാമ്പ്യന്മാര്‍ ഇന്നലെ ലാജോംഗ്‌ എഫ്‌.സിക്ക്‌ മുന്നിലാണ്‌ തല കുനിച്ചത്‌. ഗ്രൂപ്പ്‌ എ യില്‍ ജെ.സി.ടി മില്‍സിനെ സമനിലയില്‍ തളച്ച്‌ വിവ കേരള സാധ്യത നിലനിര്‍ത്തി. ആദ്യ മല്‍സരത്തില്‍ ഈസ്റ്റ്‌ ബംഗാളിനെയും വിവ സമനിലയില്‍ കുരുക്കിയിരുന്നു.
ഡെംപോയുടേതാണ്‌ ദുരന്തം. ആദ്യ മല്‍സരത്തിലെ തോല്‍വി നല്‍കിയ ക്ഷീണം അകറ്റാന്‍ ആക്രമണ സോക്കറുമായി കളിച്ച അര്‍മാന്‍ഡോ കോളോസോയുടെ ടീം ലാജോംഗ്‌ എഫ്‌.സിയുടെ കുതിപ്പിന്‌ മുന്നില്‍ തളരുകയായിരുന്നു. രണ്ട്‌ മാറ്റങ്ങളുമായാണ്‌ ഡെംപോ ഇന്നലെ കളിച്ചത്‌. പരുക്ക്‌ കാരണം മഹേഷ്‌ ഗാവ്‌ലി, സെന്‍ട്രല്‍ മിഡ്‌ഫീല്‍ഡര്‍ റോബര്‍ട്ടോ മെന്‍ഡസ്‌ സില്‍വ എന്നിവര്‍ക്ക്‌ വിശ്രമം നല്‍കി. ഇവര്‍ക്ക്‌ പകരം ക്രെസന്‍ ആന്റോ, പീറ്റര്‍ കര്‍വാലോ എന്നിവരാണ്‌ കളിച്ചത്‌. അതേ സമയം ലാജോംഗ്‌ വലക്ക്‌ താഴെ അനുഭവ സമ്പന്നനായ ഗുംപെ റിമെ തിരിച്ചെത്തി. കിക്കോഫ്‌ മുതല്‍ ആക്രമിച്ച്‌ കളിച്ച ലാജോംഗ്‌ ഏഴം മിനുട്ടില്‍ തന്നെ മുന്നിലെത്തി. ഷികോ തുബോയി നല്‍കിയ ക്രോസ്‌ അനില്‍ ഗുരുംഗിന്റെ കാലുകളിലേക്കായിരുന്നു. ഒരു പിഴവും വരുത്താതെ ഗുരുംഗ്‌ പന്തിനെ വലയിലാക്കി. എങ്ങനെയെങ്കിലും തിരിച്ചടിക്കാന്‍ രണ്ടും കല്‍പ്പിച്ചുള്ള ശ്രമങ്ങളില്‍ സുനില്‍ ചേത്രിയും റാന്‍ഡി മാര്‍ട്ടിനസും ക്ലൈമാക്‌സ്‌ ലോറന്‍സും തുടര്‍ച്ചയായി അവസരങ്ങള്‍ നഷ്ടമാക്കുന്നത്‌ കണ്ടു. പക്ഷേ ഭാഗ്യത്തിന്‌ ഒന്നാം പകുതിക്ക്‌ തൊട്ട്‌ മുമ്പ്‌ ലാജോംഗിന്റെ സെല്‍ഫ്‌ ഗോളില്‍ ഡെംപോ മാനം കാത്തു. പീറ്റര്‍ കര്‍വാലോ ആന്റണി പെരേരക്ക്‌ നല്‍കിയ പന്ത്‌ ലാജോംഗ്‌ ഡിഫന്‍ഡര്‍ അയനി ബാദാമി ഡാനിയലിന്റെ കാലില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. രണ്ടാം പകുതിയില്‍ വിജയിക്കാനുളള കഠിനാദ്ധ്വാനത്തിലായിരുന്നു ഡെംപോ. പക്ഷേ അവസരങ്ങള്‍ ഒന്നിന്‌ പിറകെ ഒന്നായി അവര്‍ നഷ്ടമാക്കി. എഴുപത്തിയഞ്ചാം മിനുട്ടില്‍ ആന്റണി പെരേര ഗോള്‍ക്കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ പന്ത്‌ പുറത്തേക്കാണടിച്ചത്‌. ലോംഗ്‌ വിസിലിന്‌ എട്ട്‌ മിനുട്ട്‌ മാത്രം ബാക്കിനില്‍ക്കെ ഷുക്കോഹ തുബോയിയുടെ ബൈസിക്കിള്‍ കിക്കില്‍ ലാജോംഗ്‌ നിര്‍ണ്ണായക ഗോളും മൂന്ന്‌ പോയന്റും നേടിയപ്പോള്‍ സുനില്‍ ചേത്രി ഉള്‍പ്പെട്ട ഡെംപോയുടെ സൂപ്പര്‍ നിരക്ക്‌ തല താഴ്‌ത്തി മടങ്ങാനായിരുന്നു വിധി.
സില്‍ച്ചാറില്‍ നടന്ന മല്‍സരത്തില്‍ വിവയുടെ പ്രതിരോധ തന്ത്രമാണ്‌ ജെ.സി.ടിയെ കുരുക്കിയത്‌. ആദ്യ മല്‍സരത്തിലെ അതേ പ്രകടനമാണ്‌ എം.പി സക്കീറിന്റെ ടീം ആവര്‍ത്തിച്ചത്‌.

സ്‌ക്കോര്‍കാര്‍ഡ്‌
ശ്രീലങ്ക: തരംഗ-ബി-സഹീര്‍-118, ദില്‍ഷാന്‍-സി-കോഹ്‌ലി-ബി- നെഹ്‌റ-9, സനത്‌-സി-സച്ചിന്‍-ബി-സഹീര്‍-15, സങ്കക്കാര-സ്‌റ്റംമ്പ്‌ഡ്‌ കാര്‍ത്തിക്‌-ബി-ഹര്‍ഭജന്‍-60, മഹേല-റണ്ണൗട്ട്‌-33, പെരേര-സി-ജഡേജ-ബി-നെഹ്‌റ-31, കാഡംബി-നോട്ടൗട്ട്‌-23, സമരവീര-നോട്ടൗട്ട്‌-13, എക്‌സ്‌ട്രാസ്‌-13, ആകെ 50 ഓവറില്‍ ആറ്‌ വിക്കറ്റിന്‌ 315. വിക്കറ്റ്‌ പതനം: 1-31 (ദില്‍ഷാന്‍), 2-72 (സനത്‌), 3-198 (സങ്ക), 4-234 (തരംഗ), 5-271 (പെരേര), 6-287 (മഹേല). ബൗളിംഗ്‌: സഹീര്‍ 10-0-49-2, നെഹ്‌റ 9-1-68-2, ഇഷാന്ത്‌ 7-0-67-0, ഹര്‍ഭജന്‍ 10-0-53-1, ജഡേജ 9-1-51-0, സേവാഗ്‌ 3-0-15-0, റൈന 2-0-9-0.
ഇന്ത്യ: സേവാഗ്‌-സി-ദില്‍ഷാന്‍-ബി-ലക്‌മാല്‍-10, സച്ചിന്‍-സി-രണ്‍ദീവ്‌-ബി-ലക്‌മാല്‍-8, ഗാംഭീര്‍-നോട്ടൗട്ട്‌-, കോഹ്‌ ലി-സി-സബ്‌-ബി-രണ്‍ധീവ്‌-107, കാര്‍ത്തിക്‌-നോട്ടൗട്ട്‌-
വിക്കറ്റ്‌ വീഴ്‌ച്ച: 1-13 (വീരു), 2-23 (സച്ചിന്‍)

മേയേഴ്‌സ്‌ ചെസ്‌
പോരാട്ടം കനക്കുന്നു
കോഴിക്കോട്‌: മേയേഴ്‌സ്‌ ട്രോഫിക്ക്‌ വേണ്ടിയുളള പതിനെട്ടാമത്‌ ദേശീയ യൂത്ത്‌ ചെസ്‌ അവസാന ഘട്ടത്തിലേക്ക്‌ കടക്കുമ്പോള്‍ പോരാട്ടം ഇഞ്ചോടിഞ്ച്‌. നാളെ അവസാനിക്കുന്ന ചാമ്പ്യന്‍ഷിപ്പ്‌ ഏഴാം റൗണ്ട്‌ പിന്നിടുമ്പോള്‍ തമിഴ്‌നാടിന്റെ പി. കാര്‍ത്തികേയന്‌ തിരിച്ചടിയേറ്റു. തനിച്ച്‌ മുന്നേറുകയായിരുന്ന കാര്‍ത്തികേയനെ ഇന്നലെ മഹാരാഷ്‌ട്രയുടെ അര്‍ജുന്‍ തിവരി സമനിലയില്‍ തളച്ചു. പക്ഷേ ഇപ്പോഴും ആറ്‌ പോയന്റുമായി കാര്‍ത്തികേയന്‍ തന്നെയാണ്‌ മുന്നില്‍. ആറ്‌ പോയന്റുമായി റെയില്‍വേ താരം സോമക്‌ പാലിക്‌ കടുത്ത മല്‍സരം തുടരുകയാണ്‌. അതേ സമയം ഒന്നാം സീഡ്‌ ലളിത്‌ ബാബു അഞ്ചര പോയന്റുമായി രണ്ടാമതാണ്‌. എഴാം റൗണ്ടില്‍ വി.എ.വി രാജേഷിനെയാണ്‌ ബാബു തോല്‍പ്പിച്ചത്‌. അഞ്ച്‌്‌ പോയന്റുള്ള പി. ശരവണകൃഷ്‌ണന്‍, സി.പ്രവീണ്‍ കുമാര്‍, അരുണ്‍ കാര്‍ത്തിക്‌, പുനിദ്‌ ജെയ്‌സ്‌വാള്‍, ശ്യാം നിഖില്‍, മുത്തു അളഗപ്പന്‍ എന്നിവര്‍ സാധ്യത നിലനിര്‍ത്തുന്നുണ്ട്‌. രണ്ട്‌ റൗണ്ട്‌ മല്‍സരങ്ങള്‍ കൂടി ചാമ്പ്യന്‍ഷിപ്പില്‍ അവശേഷിക്കുന്നുണ്ട്‌. ശനിയാഴ്‌ച്ച വൈകീട്ട്‌ മൂന്നിന്‌ നടക്കുന്ന സമാപന ചടങ്ങില്‍ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡണ്ട്‌ ടി.പി ദാസന്‍ മുഖ്യാതിഥിയായിരിക്കുമെന്ന്‌ ചാമ്പ്യന്‍ഷിപ്പിന്റെ വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പി.എം.വി പണിക്കര്‍ അറിയിച്ചു. അന്ന്‌ ചെസ്‌ രംഗത്ത്‌ പ്രതിഭ തെളിയിച്ച താരങ്ങള്‍ക്ക്‌ സ്വീകരണവുമുണ്ട്‌.

നാളെ തകര്‍പ്പന്‍ മല്‍സരങ്ങള്‍
ലണ്ടന്‍: ഇന്ന്‌ ക്രിസ്‌തുമസ്സായതിനാല്‍ പ്രീമിയര്‍ ലീഗില്‍ മല്‍സരങ്ങളില്ല. ബോക്‌സിംഗ്‌ ഡേയായ നാളെ എട്ട്‌ മല്‍സരങ്ങളാണ്‌ ലീഗില്‍ നടക്കുന്നത്‌. ഇതില്‍ ശ്രദ്ധേയം മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ സ്‌റ്റോക്കിനെതിരായ മല്‍സരമാണ്‌. വലിയ വിവാദങ്ങള്‍ക്ക്‌ ശേഷം പുതിയ പരിശീലകന്‌ കീഴില്‍ സിറ്റി കളിക്കുന്ന ആദ്യ മല്‍സരമാണിത്‌. നിലവില്‍ മുന്നില്‍ നില്‍ക്കുന്ന ചെല്‍സി എവേ മല്‍സരത്തില്‍ ബിര്‍മിംഗ്‌ഹാമിനെ നേരിടും. മറ്റ്‌ മല്‍സരങ്ങള്‍ ഇപ്രകാരം: ബേര്‍ണ്‍ലി-ബോള്‍ട്ടണ്‍, ഫുള്‍ഹാം-ടോട്ടന്‍ഹാം, ലിവര്‍പൂള്‍-വോള്‍വര്‍ഹാംടണ്‍, സുതര്‍ലാന്‍ഡ്‌-എവര്‍ട്ടണ്‍, വെസ്‌റ്റ്‌ഹാം-പോര്‍ട്‌സ്‌മൗത്ത്‌, വിഗാന്‍-ബ്ലാക്‌ബേര്‍ണ്‍.
സ്‌പാനിഷ്‌ ലീഗില്‍ ക്രിസ്‌തുമസ്സ്‌ ആഘോഷങ്ങള്‍ക്ക്‌ ശേഷം ഇനി ജനുവരി രണ്ടിന്‌ മാത്രമാണ്‌ മല്‍സരങ്ങള്‍. ഇറ്റാലിയന്‍ ലീഗ്‌ ഇനി ആരംഭിക്കുന്നത്‌ ജനുവരി ആറിനാണ്‌.

No comments: