Tuesday, December 22, 2009

MESSI-THE GREAT
തേര്‍ഡ്‌ ഐ- കമാല്‍ വരദൂര്‍
ഹംമ്പിള്‍, സിംമ്പിള്‍, നോബിള്‍....
ഒരാഴ്‌ച്ച മുമ്പ്‌ ഷെയിക്‌ സായിദ്‌ സ്‌പോര്‍ട്‌സ്‌ സിറ്റയില്‍ വെച്ച്‌ പരിശീലനത്തിനിടെ കണ്ടപ്പോള്‍ ലയണല്‍ മെസിക്ക്‌ പറയാനുണ്ടായിരുന്നതത്രയും സ്വന്തം ക്ലബായ ബാര്‍സിലോണയെക്കുറിച്ചായിരുന്നു. വ്യക്തിഗത നേട്ടങ്ങളെ പരാമര്‍ശിക്കാന്‍ താല്‍പ്പര്യമെടുക്കാതെ വലിയ ഒരു ടീമിന്റെ ഭാഗമാവാന്‍ കഴിഞ്ഞതിലെ സന്തോഷമാണ്‌ ഫിഫ ക്ലബ്‌ ഫുട്‌ബോള്‍ മല്‍സരങ്ങളില്‍ പങ്കെടുക്കാനെത്തിയ വേളയില്‍ അബുദാബിയില്‍ വെച്ച്‌ അദ്ദേഹം പറഞ്ഞത്‌. ഫിഫ ഫുട്‌ബോളര്‍ ഓഫ്‌ ദ ഇയര്‍ പട്ടം ഉറപ്പല്ലേ എന്ന അന്നത്തെ ചോദ്യത്തിന്‌ അതൊന്നും താന്‍ വലുതായി കാണുന്നില്ല എന്ന മറുപടി നല്‍കിയ യുവതാരം ഇന്നലെ വലിയ ബഹുമതി ലഭിച്ചപ്പോഴും അത്‌ തന്നെയാണ്‌ ആവര്‍ത്തിച്ചത്‌. അവിടെയാണ്‌ മെസിയുടെ മാറ്റം. വളരെ എളിമയിലാണ്‌ അദ്ദേഹം സംസാരിക്കുന്നത്‌. പെരുമാറ്റത്തില്‍ ലാളിത്യം. സംസാരങ്ങളില്‍ ആരെയും വേദനിപ്പിക്കാത്ത ആഢ്യത്വം. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്കുളള ബഹുമതി അദ്ദേഹം മാത്രമാണ്‌ അര്‍ഹിക്കുന്നത്‌. ദേശീയ തലത്തില്‍ അര്‍ജന്റീനക്കായി വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും ബാര്‍സിലോണയുടെ 2009 ലെ നേട്ടങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചത്‌ മറ്റാരുമായിരുന്നില്ല. ഫിഫ ക്ലബ്‌ ലോകകപ്പില്‍ അദ്ദേഹം കളിക്കില്ലെന്ന ആദ്യ റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ സംഘാടകര്‍ തന്നെ വിഷമിച്ചിരുന്നു. പെപ്‌ ഗുര്‍ഡിയോളയും സംഘവും സായിദ്‌ സ്‌പോര്‍ട്‌സ്‌ സിറ്റിയില്‍ എത്തിയപ്പോള്‍ മാത്രമാണ്‌ എല്ലാവര്‍ക്കും ആശ്വാസമായത്‌. എസ്‌പാനിയോളിനെതിരായ ലീഗ്‌ മല്‍സരത്തിനിടെ കണങ്കാലിനേറ്റ പരുക്ക്‌ പോലും മറന്നാണ്‌ തന്റെ സാന്നിദ്ധ്യം ആഗ്രഹിക്കുന്ന വേദിയിലേക്ക്‌ അദ്ദേഹമെത്തിയത്‌. ലോകകപ്പ്‌ ആസന്നമായ ഘട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ സാധാരണ കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കാറില്ല. ഫിഫ ക്ലബ്‌ ലോകകപ്പിന്‌ വലിയ ടീമുകള്‍ മുഖ്യസ്ഥാനം നല്‍കാത്ത സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ മെസിക്ക്‌ വിശ്രമം ലഭിക്കുമായിരുന്നു. പക്ഷേ അദ്ദേഹം അതിന്‌ തയ്യാറായില്ല. 2009 ല്‍ ബാര്‍സ ധാരാളം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്‌. ഇത്‌ വരെ അകന്നു നില്‍ക്കുന്ന ക്ലബ്‌ ലോകകപ്പ്‌ സ്വന്തമാക്കാനുളള സുവര്‍ണ്ണാവസരത്തില്‍ ടീമിനൊപ്പം നില്‍ക്കാനാണ്‌ ഞാനെത്തിയതെന്നാണ്‌ അന്ന്‌ അദ്ദേഹം പറഞ്ഞത്‌. ക്ലബിന്‌ വേണ്ടി സ്വയം സമര്‍പ്പിക്കുന്നതിന്‌ ഉദാഹരണമായിരുന്നു അറ്റ്‌ലാന്റക്കെതിരായ മല്‍സരത്തിലെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം. ടീം സമനിലയില്‍ നില്‍ക്കുമ്പോള്‍ മൈതാനത്തിറങ്ങി മനോഹരമായ ഒരു ഗോള്‍ നേടി. ഫൈനലിലും അതേ പ്രകടനം മെസി ആവര്‍ത്തിച്ചു. യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെയും അദ്ദേഹം ഗോള്‍ സ്‌ക്കോര്‍ ചെയ്‌തിരുന്നു. പെലെ, മറഡോണ, സിദാന്‍ തുടങ്ങിയവരോടൊപ്പം തന്നെ താരതമ്യം ചെയ്യുന്നതില്‍ മെസിക്ക്‌ താല്‍പ്പര്യമില്ല. ലോകത്തോളം ഉയരാനല്ല, തന്നെ വിശ്വസിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുകയെന്നതാണ്‌ അദ്ദേഹത്തിന്റെ നിലപാട്‌. വലിയ കാര്യങ്ങള്‍ ഞാന്‍ ചിന്തിക്കാറില്ല, ബാര്‍സയും അര്‍ജന്റീനയും, ആ ടീമുകളുടെ ആവശ്യത്തിനൊപ്പമാണ്‌ എന്റെ നോട്ടം-മെസിയുടെ വാക്കുകള്‍. ലോക സോക്കറില്‍ ഇത്ര ലാളിത്വത്തില്‍, എളിമയോടെ, ആഢ്യനായി സംസാരിക്കുന്ന ഒരു താരമുണ്ടാവില്ല. എല്ലാവരും വലിയ കാര്യങ്ങള്‍ ചിന്തിക്കുമ്പോള്‍, സംസാരിക്കുമ്പോള്‍ മെസി ചെറിയ കാര്യങ്ങളാണ്‌ സംസാരിക്കുന്നത്‌. അടുത്ത വര്‍ഷം അര്‍ജന്റീന ലോകകപ്പ്‌ നേടില്ലേ എന്ന ചോദ്യത്തിന്‌ ലോകകപ്പ്‌ ചിന്തകള്‍ക്ക്‌ സമയമായിട്ടില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇപ്പോള്‍ ബാര്‍സയുടെ വിജയങ്ങളാണ്‌ പ്രധാനം. ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടം നിലനിര്‍ത്തണം, സ്‌പാനിഷ്‌ ലാ ലീഗിലും കിരീടം കാക്കണം-നിലവിലെ ചാമ്പ്യന്മാര്‍ എന്ന ബഹുമതി നിലനിര്‍ത്തണം. മെസിയുടെ ചിന്തകളിലും സംസാരങ്ങളിലും ആദ്യം ബാര്‍സയാണ്‌, പിന്നെ അര്‍ജന്റീനയും. അതിനപ്പുറം അദ്ദേഹത്തിന്‌ സംസാരിക്കാനുണ്ടായിരുന്നില്ല.

മെസി തന്നെ
സൂറിച്ച്‌: അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല...! ലയണല്‍ മെസി തന്നെ ലോകത്തിന്റെ താരം. വലിയ മാര്‍ജിനില്‍ പ്രതിയോഗികളായ നാല്‌ പേരെ പിന്തള്ളിയ അര്‍ജന്റീനക്കാരന്‍ 2009 ലെ സുവര്‍ണ്ണ നേട്ടങ്ങള്‍ക്ക്‌ രാജകീയമായി അന്ത്യമിട്ടു. ഈ വര്‍ഷത്തില്‍ ലോക, യൂറോപ്യന്‍ ഫുട്‌ബോളിലെ കനക നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്‌ മെസിയുടെ ബാര്‍സിലോണയായിരുന്നു. ക്ലബിന്റെ നേട്ടങ്ങള്‍ക്കെല്ലാം പിറകില്‍ പന്ത്‌ തട്ടിയ താരത്തിന്‌ ഫിഫ ഫുട്‌ബോളര്‍ ഓഫ്‌ ദ ഇയര്‍ വോട്ടെടുപ്പില്‍ മാരകമായ ഭൂരിപക്ഷമാണ്‌ ലഭിച്ചത്‌. ദേശീയ നായകരും മുഖ്യ പരിശീലകരും പങ്കെടുത്ത വോട്ടെടുപ്പില്‍ മെസിക്ക്‌ അനുകൂലമായി വീണത്‌ 1,073 വോട്ടുകളാണ്‌. രണ്ടാം സ്ഥാനത്ത്‌ വന്ന പോര്‍ച്ചുഗലിന്റെ റയല്‍ മാഡ്രിഡ്‌ താരമായ കൃസ്‌റ്റിയാനോ റൊണാള്‍ഡോക്ക്‌ കേവലം 352 പേരാണ്‌ വോട്ട്‌ ചെയ്‌തത്‌. പോയ വര്‍ഷം ഈ ബഹുമതി സ്വന്തമാക്കിയ റൊണാള്‍ഡോക്ക്‌ യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ്‌ ദ ഇയര്‍ പുരസ്‌ക്കാരത്തില്‍ ഇത്തവണ കുറഞ്ഞ വോട്ടാണ്‌ ലഭിച്ചത്‌. മൂന്നാം സ്ഥാനത്ത്‌ വന്നത്‌ സ്‌പാനിഷ്‌ ദേശീയ താരമായ സാവിയാണ്‌-അദ്ദേഹത്തിന്‌ ലഭിച്ചതാവട്ടെ 196 വോട്ടുകള്‍. ബ്രസിലിന്റെ റയല്‍ മാഡ്രിഡ്‌ താരം കക്കക്ക്‌ 190 പേര്‍ വോട്ട്‌ ചെയ്‌തപ്പോള്‍ ആന്ദ്രെ ഇനിയസ്‌റ്റ എന്ന സ്‌പാനിഷ്‌ താരത്തിന്‌ 134 വോട്ടുകളാണ്‌ ലഭിച്ചത്‌.
യൂറോപ്യന്‍ ബഹുമതി ഈ മാസമാദ്യമാണ്‌ വലിയ മാര്‍ജിനില്‍ മെസി സ്വന്തമാക്കിയത്‌. അന്ന്‌ തന്നെ ഫിഫ പട്ടവും അദ്ദേഹത്തിനുറപ്പായിരുന്നു. യൂറോപ്യന്‍ പട്ടം ലഭിച്ചതിന്‌ ശേഷമാണ്‌ അദ്ദേഹം അബുദാബിയില്‍ നടന്ന ലോക ക്ലബ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്‌. ഷെയിക്‌ സായിദ്‌ സ്‌റ്റേഡിയത്തില്‍ ശനിയാഴ്‌ച്ച നടന്ന ഫൈനലില്‍ എസ്‌റ്റൂഡിയന്‍സിനെ തോല്‍പ്പിക്കുന്നതില്‍ നിര്‍ണ്ണായക ഗോളോടെ വലിയ പങ്ക്‌ വഹിച്ച ശേഷം അദ്ദേഹം പറന്നത്‌ ഫിഫയുടെ ആസ്ഥാനമായ സൂറിച്ചിലേക്കായിരുന്നു. അവിടെ നിന്നാണ്‌ ബഹുമതി ഫിഫ തലവന്‍ സെപ്‌ ബ്ലാറ്റര്‍, യുവേഫ തലവന്‍ മിഷല്‍ പ്ലാറ്റിനി എന്നിവരില്‍ നിന്നും ഏറ്റുവാങ്ങിയത്‌.
ഈ വര്‍ഷം ആറ്‌ വലിയ കിരീടങ്ങളാണ്‌ ബാര്‍സ നേടിയത്‌. മെസിയാവട്ടെ വ്യക്തിഗതമായി മൂന്ന്‌ വലിയ പട്ടങ്ങളും. 2009 ലെ സൂവര്‍ണ്ണ നേട്ടങ്ങള്‍ക്കൊപ്പം ക്രിസ്‌തുമസ്സ്‌ ആഘോഷിക്കാന്‍ കഴിയുന്നതിലെ സന്തോഷമാണ്‌ മെസി അവാര്‍ഡ്‌ സ്വീകരിച്ച ശേഷം നടത്തിയ സംസാരത്തില്‍ പ്രകടിപ്പിച്ചത്‌. 1991 ലാണ്‌ ഫിഫ ഫു്‌ടബോളര്‍ പട്ടം എന്ന അവാര്‍ഡ്‌ നല്‍കാന്‍ തുടങ്ങിയത്‌. പത്തൊമ്പത്‌ വര്‍ഷത്തെ ചരിത്രത്തില്‍ ഇത്‌ വരെ ഒരു അര്‍ജന്റീനക്കാരനും ഈ പുരസ്‌ക്കാരം നേടാന്‍ കഴിഞ്ഞിട്ടില്ല എന്നത്‌ മെസിയുടെ നേട്ടത്തിന്‌ കൂടുതല്‍ പൊലിമ നല്‍കുന്നു. യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ പോയ സീസണില്‍ ബാര്‍സക്ക്‌ കിരീടം സമ്മാനിക്കാന്‍ മെസിയും സംഘവും തോല്‍പ്പിച്ചത്‌ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെയായിരുന്നു. ലാ ലീഗില്‍ റയല്‍ മാഡ്രിഡിന്റെ ശക്തമായ എതിര്‍പ്പുകളെ അവഗണിച്ചാണ്‌ കിരീടം സ്വന്തമാക്കിയത്‌. സ്‌പാനിഷ്‌ കപ്പിലും സ്‌പാനിഷ്‌ സൂപ്പര്‍ കപ്പിലും യൂറോപ്യന്‍ സൂപ്പര്‍ കപ്പിലും ഫിഫ ക്ലബ്‌ ലോകകപ്പിലുമെല്ലാം ശക്തരായ പ്രതിയോഗികള്‍ക്കെതിരെ മികച്ച പ്രകടനം നടത്തിയ മെസി നിര്‍ണ്ണായക വേളകളില്‍ ഗോളുകളും സ്‌ക്കോര്‍ ചെയ്‌താണ്‌ കരുത്ത്‌ ആവര്‍ത്തിച്ചു തെളിയിച്ചത്‌. യൂറോപ്യന്‍ പട്ടം ലഭിക്കുമ്പോള്‍ 473 വോട്ടുകളായിരുന്നു അദ്ദേഹത്തിന്‌ അനുകൂലമായി ലഭിച്ചത്‌. അന്ന്‌ റൊണാള്‍ഡോക്ക്‌ ലഭിച്ചത്‌ 233 വോട്ടുകള്‍. അതേ വലിയ മാര്‍ജിന്‍ ഫിഫ പട്ടത്തിലും മെസിക്ക്‌ നിലനിര്‍ത്താനായി. പക്ഷേ ഈ വലിയ നേട്ടത്തിലും ലോകത്തോളം ഉയര്‍ന്നവനായി കരുതുന്നില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.
ഫിഫ ഫെയര്‍ പ്ലേ പുരസ്‌ക്കാരം ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം സര്‍ ബോബി റോബ്‌സണാണ്‌ നല്‍കിയത്‌. ഈ വര്‍ഷം ജൂലൈയില്‍ നിര്യാതനായ മഹാനായ താരത്തിന്‌ വേണ്ടി അദ്ദേഹത്തിന്റെ വിധവ എല്‍സി റോബ്‌സണ്‍ യുവേഫ വൈസ്‌ പ്രസിഡണ്ട്‌ സെനസ്‌ എര്‍സിക്കതില്‍ നിന്ന്‌ പുരസ്‌ക്കാരം ഏറ്റുവാങ്ങി. പോയ വര്‍ഷത്തെ ഏറ്റവും മികച്ച ഗോളിനുളള ഫിഫ പുഷ്‌ക്കാസ്‌ പുരസ്‌ക്കാരം കൃസ്റ്റിയാനോ റൊണാള്‍ഡോ സ്വന്തമാക്കി. യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‌ വേണ്ടി പോര്‍ച്ചുഗല്‍ ക്ലബായ എഫ്‌.സി പോര്‍ട്ടോക്കെതിരെ നേടിയ ഗോളാണ്‌ റൊണാള്‍ഡോക്ക്‌ പുരസ്‌ക്കാരം സമ്മാനിച്ചത്‌.

ഫിഫ ലോക ഇലവന്‍
സൂറിച്ച്‌: ഫിഫ ലോക ഇലവനില്‍ സ്‌പാനിഷ്‌ താരങ്ങളുടെ ആധിപത്യം. യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിനില്‍ നിന്നും ധാരാളം താരങ്ങള്‍ അവസാന ഇലവനില്‍ വന്നപ്പോള്‍ ഇംഗ്ലണ്ടിന്റെ പ്രാതിനിധ്യം രണ്ടില്‍ ഒതുങ്ങി. ടീം ഇതാണ്‌: ഗോള്‍ക്കീപ്പര്‍-ഇകാര്‍ കാസിയാസ്‌. ഡിഫന്‍സ്‌- ഡാനി ആല്‍വസ്‌, പാട്രിക്‌ ഇവാര, ജോണ്‍ ടെറി, നുമാന്‍ജ വിദിക്‌. മിഡ്‌ഫീല്‍ഡ്‌-സാവി അലോണ്‍സോ, ആന്ദ്രിയാസ്‌ ഇനിയസ്‌റ്റ, സ്‌റ്റീവന്‍ ജെറാര്‍ഡ്‌. മുന്‍നിര-ലയണല്‍ മെസി, കൃസ്‌റ്റിയാനോ റൊണാള്‍ഡോ, ഫെര്‍ണാണ്ടോ ടോറസ്‌.

മാര്‍ത്ത നാലാമതും
സൂറിച്ച്‌: ഫിഫ ഫുട്‌ബോളര്‍ ഓഫ്‌ ദ ഇയര്‍ പട്ടം ലയണല്‍ മെസി സ്വന്തമാക്കിയപ്പോള്‍ വനിതാ വിഭാഗത്തില്‍ ഈ ബഹുമതി തുടര്‍ച്ചയായി നാലാം വര്‍ഷത്തിലും ബ്രസീലിന്റെ മധ്യനിരക്കാരി മാര്‍ത്ത സ്വന്തമാക്കി. കാര്യമായി എതിര്‍പ്പൊന്നുമില്ലാതെയാണ്‌ മാര്‍ത്ത ഒന്നാമത്‌ വന്നത്‌. നാലാമതും ലഭിച്ച പുരസ്‌ക്കാരം മാര്‍ത്ത ബ്രസീല്‍ ദേശീയ ടീമിലെ സഹതാരങ്ങള്‍ക്ക്‌ സമര്‍പ്പിച്ചു. അവരില്ലാതെ ഈ പുരസ്‌ക്കാരം തനിക്ക്‌ ലഭിക്കില്ലായിരുന്നുവെന്ന്‌ അവര്‍ പറഞ്ഞു.

വിവ ഈസ്‌റ്റ്‌ ബംഗാളിനെ തളച്ചു
ഗോഹട്ടി: ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോളില്‍ വിവ കേരള ശക്തരായ ഈസ്‌റ്റ്‌ ബംഗാളിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചപ്പോള്‍ പൂനെ എഫ്‌.സി ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവയെ തകര്‍ത്ത്‌ മൂന്ന്‌ പോയന്റ്‌്‌ സ്വന്തമാക്കി. ഐ ലീഗ്‌ ഫുട്‌ബോളില്‍ തപ്പിതടയുന്ന എം.പി സക്കീറിന്റെ ടീം പ്രതിരോധവും ആക്രമണവും കൂട്ടികലര്‍ത്തിയ ഫുട്‌ബോളിലാണ്‌ വിദേശ പരിശീലകന്‌ കീഴില്‍ കളിച്ച കൊല്‍ക്കത്താ സംഘത്തെ വരച്ച വരയില്‍ നിര്‍ത്തിയത്‌. സില്‍ച്ചാറില്‍ നടന്ന മല്‍സരത്തിന്റെ ആദ്യ പകുതി ഈസ്റ്റ്‌ ബംഗാളിന്‌ അനുകൂലമായിരുന്നു. പക്ഷേ രണ്ടാം പകുതിയില്‍ മികച്ച മുന്നേറ്റങ്ങളുമായി വിവ തിരിച്ചുവന്നപ്പോള്‍ രണ്ട്‌ തവണ ഭാഗ്യത്തിനാണ്‌ ഈസ്‌റ്റ്‌ ബംഗാള്‍ രക്ഷപ്പെട്ടത്‌. പൂനെ എഫ്‌.സി സ്വന്തം ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ്‌ നെഹ്‌റു സ്റ്റേഡിയത്തില്‍ സ്വന്തമാക്കിയത്‌. സൂപ്പര്‍ താരങ്ങളുമായി വന്ന ഡെംപോയെ ഒന്നാം പകുതിയില്‍ പിടിച്ചുനിര്‍ത്തിയ അവര്‍ എഴുപത്തിയഞ്ചാം മിനുട്ടില്‍ പിറകിലായി. ക്ലിഫോര്‍ഡ്‌ മിറാന്‍ഡയുടെ അവസരവാദ ഗോളില്‍ ഡെംപോ ലീഡ്‌ നേടി. പക്ഷേ രണ്ട്‌ മിനുട്ടിനകം അരാത ഇസൂമിയിലുടെ പൂനെ സമനില നേടി. കളി അവസാനിക്കാന്‍ മൂന്ന്‌ മിനുട്ട്‌ ശേഷിക്കെ എഡ്‌മാര്‍ ഫിഗേര വിജയഗോളും നേടി.
ഗ്രൂപ്പ്‌ എ യില്‍ ജെ.സി.ടി, സാല്‍ഗോക്കര്‍ എന്നിവരാണ്‌ വിവയുടെ അടുത്ത എതിരാളികള്‍. നാളെ ജെ.സി.ടിയുമായി മല്‍സരമുണ്ട്‌. ഇന്ന്‌ നടക്കുന്ന മല്‍സരങ്ങളില്‍ ഗ്രൂപ്പ്‌ ബി യില്‍ ചിരാഗ്‌ യുനൈറ്റഡ്‌ മോഹന്‍ ബഗാനെയും മുഹമ്മദന്‍സ്‌ സ്‌പോര്‍ട്ടിംഗ്‌ മഹീന്ദ്ര യുനൈറ്റഡിനെയും ഗ്രൂപ്പ്‌ സിയില്‍ മുംബൈ എഫ്‌.സി ചര്‍ച്ചില്‍ ബ്രദേഴ്‌സിനെയും എച്ച്‌.ഏ.എല്‍ സ്‌പോര്‍ട്ടിംഗ്‌ ഗോവയെയും നേരിടും. നാല്‌ ഗ്രൂപ്പുകളിലായാണ്‌ ചാമ്പ്യന്‍ഷിപ്പ്‌. ഓരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാര്‍ 30, 31 തിയ്യതികളില്‍ നടക്കുന്ന സെമി ഫൈനല്‍ കളിക്കും. ജനുവരി മൂന്നിനാണ്‌ ഫൈനല്‍.

യുവരാജ്‌ പുറത്ത്‌
മുംബൈ: മൊഹാലിയില്‍ നടന്ന ശ്രീലങ്കക്കെതിരായ 20-20 പരമ്പരയിലെ രണ്ടാം മല്‍സരത്തിനിടെ വിരലിനു പരുക്കേറ്റ യുവരാജ്‌സിംഗിന്റെ സേവനം ഇന്ത്യന്‍ ടീമിന്‌ ഒരു മാസത്തിലധികം നഷ്ടമാവും. പരുക്ക്‌ അവഗണിച്ച്‌ കഴിഞ്ഞ ദിവസം കട്ടക്കില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ കളിച്ച യുവിയോട്‌ കലശലായ വേദനയെ തുടര്‍ന്ന്‌ കൂടുതല്‍ വിശ്രമത്തിന്‌ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കയാണ്‌. കൊല്‍ക്കത്ത, ഡല്‍ഹി എകദിനങ്ങള്‍ക്ക്‌ പുറമെ ബംഗ്ലാദേശില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയും പഞ്ചാബുകാരന്‌ നഷ്ടമാവാനാണ്‌ സാധ്യതകള്‍. കട്ടക്കിലെ മല്‍സരത്തില്‍ 40 പന്തില്‍ നിന്ന്‌ 23 റണ്‍സാണ്‌ യുവി നേടിയത്‌. ഈ വര്‍ഷം യുവിക്ക്‌ സംഭവിക്കുന്ന രണ്ടാമത്‌ പരുക്കാണിത്‌. ചാമ്പ്യന്‍സ്‌ ട്രോഫി മല്‍സരങ്ങള്‍ക്കിടെ പരുക്ക്‌ കാരണം അദ്ദേഹം പുറത്തായിരുന്നു.

ലളിത്‌ ബാബു മുന്നില്‍
കോഴിക്കോട്‌:മേയേഴ്‌സ്‌ ട്രോഫി ദേശീയ ചെസ്‌ ചാമ്പ്യന്‍ഷിപ്പ്‌ നാലാം റൗണ്ട്‌ പിന്നിടുമ്പോള്‍ പി.എസ്‌.പി.ബി.യുടെ എം.ആര്‍ ലളിത്‌ ബാബുവും ഇന്ത്യന്‍ റെയില്‍വേ താരം പാലിറ്റ്‌ സോമയും നാല്‌ പോയന്റുമായി മുന്നില്‍. ഇന്നലെ നടന്ന മല്‍സരങ്ങളില്‍ ലളിത്‌ ബാബു തമിഴ്‌നാടിന്റെ ശരവണ കൃഷ്‌ണനെയും സോമ മഹാരാഷ്‌ട്രയുടെ തിവാരി അര്‍ജുനെയും പരാജയപ്പെടുത്തി. ഇന്ന്‌ ഇവര്‍ തമ്മില്‍ കളിക്കും. ആന്ധ്രയുടെ സി.ആര്‍.ജി കൃഷ്‌ണയെ പരാജയപ്പെടുത്തിയ തമിഴ്‌നാടിന്റെ രാജ്യാന്തര മാസ്റ്റര്‍ പി.കാര്‍ത്തികേയന്‍ രണ്ടാം സ്ഥാനത്താണ്‌. സി പ്രവീണ്‍ കുമാര്‍, സി.ആര്‍.ജി കൃഷ്‌ണ, എം. മുത്തു അളങ്കപ്പന്‍, പി.ശ്യാം നിഖില്‍, എം.എല്‍ അഭിലാഷ്‌ റെഡി, ആര്‍.അരുണ്‍ കാര്‍ത്തിക്‌, എസ്‌.രവിതേജ, പി.ശരവണ കൃഷ്‌ണന്‍, വി.ശ്രീനിവാസ്‌, തിവാരി അര്‍ജുന്‍, പി.അയ്യപ്പന്‍, ജെയ്‌സ്‌ വാള്‍ പുനീറ്റ്‌, വി.സന്‍ജീവ്‌ എന്നിവര്‍ മൂന്ന്‌ പോയന്റുമായി മൂന്നാമതമാണ്‌. കേരളത്തിന്റെ പി.കെ അര്‍ജുന്‍ രണ്ടര പോയന്റുമായി പിറകിലാണ്‌. ഒമ്പത്‌ റൗണ്ട്‌ ദീര്‍ഘിക്കുന്ന ചാമ്പ്യന്‍ഷിപ്പ്‌ ശനിയാഴ്‌ച്ച അവസാനിക്കും.

മൊര്‍ത്തസ നയിക്കും
ധാക്ക: ജനുവരി നാലിന്‌ ഇവിടെ ആരംഭിക്കുന്ന ത്രിരാഷ്‌ട്ര കപ്പിനുളള ബംഗ്ലാദേശ്‌ ടീമിനെ ഓള്‍റൗണ്ടര്‍ മഷ്‌റഫെ മൊര്‍ത്തസ നയിക്കും. മുഹമ്മദ്‌ അഷറഫുലിന്റെ പിന്‍ഗാമിയായി നായകസ്ഥാനത്ത്‌ അവരോധിക്കപ്പെട്ട മൊര്‍ത്തസക്ക്‌ പരുക്ക്‌ കാരണം സിംബാബ്‌വെക്കെതിരായ പരമ്പര നഷ്ടമായിരുന്നു. പകരം വൈസ്‌ ക്യാപ്‌റ്റന്‍ ഷാക്കിബ്‌ അല്‍ ഹസനാണ്‌ ടീമിനെ നയിച്ചത്‌. ത്രിരാഷ്ട്ര കപ്പില്‍ ഇന്ത്യയും ശ്രീലങ്കയുമാണ്‌ കളിക്കുന്നത്‌. തുടര്‍ന്ന്‌ ഇന്ത്യ രണ്ട്‌ ടെസ്റ്റുകള്‍ ചിറ്റഗോംഗിലും (ജനുവരി 17-21 ), ധാക്കയിലും (ജനുവരി 24-28 ) കളിക്കുന്നുണ്ട്‌.

കാര്‍ത്തിക്‌ അത്‌ ചെയ്യരുതായിരുന്നു
മുംബൈ: ഇന്ത്യയെ വിജയത്തിലേക്ക്‌ നയിച്ച ഒരു സിക്‌സറും ബൗണ്ടറിയും... ! സാധാരണ ഗതിയില്‍ ഒരു താരം ഈ ഷോട്ടുകള്‍ കൊണ്ട്‌ മാത്രം അഭിനന്ദിക്കപ്പെടേണ്ടവനാണ്‌. പക്ഷേ ഇന്ത്യന്‍ വിക്കറ്റ്‌ കീപ്പര്‍ ദിനേശ്‌ കാര്‍ത്തിക്കിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്‌ മറിച്ചാണ്‌... കട്ടക്കില്‍ ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഏഴ്‌ വിക്കറ്റിന്റെ വലിയ വിജയത്തിലേക്ക്‌ ഇന്ത്യയെ നയിച്ചതില്‍ തമിഴ്‌നാട്ടുകാരനായ കാര്‍ത്തിക്കിന്‌ പങ്കുണ്ട്‌്‌. അദ്ദേഹത്തിന്റേതായിരുന്നു വിജയ ഷോട്ടുകള്‍. പക്ഷേ മഹേന്ദ്രസിംഗ്‌ ധോണിയുടെ സസ്‌പെന്‍ഷന്‍ കാരണം മാത്രം ടീമിലിടം ലഭിച്ച കാര്‍ത്തിക്‌ വിജയറണ്‍ പായിക്കുമ്പോള്‍ മറുഭാഗത്ത്‌ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന മഹാനായ താരം സെഞ്ച്വറിക്‌ അരികിലായിരുന്നു. സച്ചിന്‌ സെഞ്ച്വറി സ്വന്തമാക്കാന്‍ അവസരം നല്‍കാതെയാണ്‌ സിക്‌സറും ബൗണ്ടറിയുമായി കാര്‍ത്തിക്‌ ടീമിനെ വിജയിപ്പിച്ചത്‌. മല്‍സരത്തില്‍ ഇന്ത്യക്ക്‌ വിജയം ഉറപ്പായിരുന്നു. ധാരാളം പന്തുകള്‍ ബാക്കിനില്‍ക്കവെ സച്ചിന്‌ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കുകയായിരുന്നു കാര്‍ത്തിക്‌ ചെയ്യേണ്ടിയിരുന്നതെന്ന്‌ പ്രമുഖ ക്രിക്കറ്റര്‍മാര്‍ അഭിപ്രായപ്പെട്ടു. കാര്‍ത്തിക്കിന്‌ കാര്യമായി നേട്ടങ്ങള്‍ ്‌അവിടെയുണ്ടായിരുന്നില്ല. പക്ഷേ സച്ചിന്‌ സ്‌ട്രൈക്ക്‌ കൂടുതല്‍ നല്‍കിയിരുന്നുവെങ്കില്‍ അദ്ദേഹത്തിന്‌ ഏകദിന കരിയറിലെ നാല്‍പ്പത്തിയാറാമത്‌ സെഞ്ച്വറി സ്വന്തമാക്കാന്‍ കഴിയുമായിരുന്നുവെന്ന്‌ ബാപ്പു നദ്‌കര്‍ണിയെ പോലുള്ള സീനിയര്‍ ക്രിക്കറ്റര്‍മാര്‍ പറയുന്നു. വിക്കറ്റ്‌ കീപ്പര്‍ എന്ന നിലയില്‍ കാര്‍ത്തിക്കിന്റെ പ്രകടനം നിരാശാജനകമായിരുന്നു. ലങ്കന്‍ ഓപ്പണര്‍ തിലകരത്‌ന ദില്‍ഷാനെ റണ്ണൗട്ടാക്കാന്‍ ലഭിച്ച എളുപ്പാവസരം അദ്ദേഹം പാഴാക്കിയിരുന്നു. അതിന്‌ ശേഷം സങ്കക്കാരയെ സ്റ്റംമ്പ്‌ ചെയ്യാനുളള കാര്യത്തിലും ആദ്യം വീഴ്‌ച്ച വരുത്തിയിരുന്നു.

No comments: