Wednesday, December 2, 2009

THE GREAT LOT DAY

നറുക്ക്‌ റെഡി
കേപ്‌ടൗണ്‍: നാളെയാണ്‌ നറുക്കെടുപ്പ്‌..... ഫുട്‌ബോള്‍ ലോകത്തിന്റെ ആകാംക്ഷക്ക്‌ അന്ത്യമിടാനുളള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഫിഫ വ്യക്തമാക്കി. വെള്ളിയാഴ്‌ച്ച രാത്രി ഇന്ത്യന്‍ സമയം പന്ത്രണ്ടിനാണ്‌ നറുക്കെടുപ്പ്‌. അടുത്ത വര്‍ഷം ജൂണ്‍ മുതല്‍ ജൂലൈ വരെ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ്‌ ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍ ആരെല്ലാം ഏതെല്ലാം ഗ്രൂപ്പില്‍ കളിക്കുമെന്ന ചിത്രമറിയാന്‍ ലോകം കാത്തിരിക്കുകയാണ്‌.
നറുക്കെടുപ്പ്‌ ക്രമം ഇപ്രകാരമാണ്‌: ഫിഫയുടെ പുതിയ റാങ്കിംഗ്‌ പ്രകാരം ആദ്യ ഏഴ്‌ ടീമുകള്‍ സീഡിംഗ്‌ പട്ടികയില്‍ വരും. ഈ ടീമുകള്‍ വിത്യസ്‌ത ഗ്രൂപ്പിലായിരിക്കും. സീഡിംഗ്‌ ടീമുകള്‍ ഇവയാണ്‌: സ്‌പെയിന്‍, ബ്രസീല്‍, ഹോളണ്ട്‌, ഇറ്റലി, ജര്‍മനി, അര്‍ജന്റീന, ഇംഗ്ലണ്ട്‌. ഇവര്‍ക്കൊപ്പം ആതിഥേയരായ ദക്ഷിണാഫ്രിക്കയെയും ഡീസിംഗ്‌ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌്‌. ആദ്യ പാത്രത്തില്‍ സീഡിംഗ്‌ ടീമുകളായിരിക്കും. അടുത്ത പാത്രത്തില്‍ (പോട്ട്‌-2) ഏഷ്യ, കോണ്‍കാകാഫ്‌, ഓഷ്യാന ടീമുകള്‍. ഏഷ്യയില്‍ നിന്ന്‌ ഓസ്‌ട്രേലിയ, ജപ്പാന്‍, ഉത്തര കൊറിയ, ദക്ഷിണ കൊറിയ എന്നിവരാണ്‌ യോഗ്യത നേടിയവര്‍, കോണ്‍കാകാഫില്‍ നിന്ന്‌ അമേരിക്കയും ഹോണ്ടുറാസും മെക്‌സിക്കോയും. ഓഷ്യാനയുടെ പ്രതിനിധി ന്യൂസിലാന്‍ഡാണ്‌. മൂന്നാം പാത്രത്തില്‍ (പോട്ട്‌-3) ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ ടീമുകളായിരിക്കും. ആഫ്രിക്കയില്‍ നിന്ന്‌ അള്‍ജീരിയ, കാമറൂണ്‍, ഐവറി കോസ്‌റ്റ്‌, ഘാന, നൈജീരിയ എന്നിവരാണ്‌ ടിക്കറ്റ്‌ നേടിയവര്‍. ലാറ്റിനമേരിക്കയില്‍ നിന്ന്‌ ചിലിയും പരാഗ്വേയും ഉറുഗ്വേയും. ( ബ്രസീലും അര്‍ജന്റീനയും സീഡിംഗ്‌ ടീമുകളാണ്‌) നാലാം പാത്രത്തില്‍ (പോട്ട്‌-4) സീഡിംഗില്‍ പെടാത്ത യൂറോപ്യന്‍ ടീമുകള്‍ വരും. (ഡെന്മാര്‍ക്ക്‌, ഫ്രാന്‍സ്‌, ഗ്രീസ്‌, പോര്‍ച്ചുഗല്‍, സെര്‍ബിയ, സ്ലോവാക്യ, സ്ലേവേനിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്‌).
32 ടീമുകളാണ്‌ ഫൈനല്‍ റൗണ്ടില്‍ കളിക്കുന്നത്‌. ഒരു ഗ്രൂപ്പില്‍ നാല്‌ ടീമുകള്‍ കളിക്കും. മൊത്തം എട്ട്‌ ഗ്രൂപ്പുകള്‍. ഇതില്‍ ഗ്രൂപ്പ്‌ ഒന്നിലാണ്‌ ആതിഥേയരായ ദക്ഷിണാഫ്രിക്ക വരുക. ബാക്കി ഏഴ്‌ സീഡിംഗ്‌ ടീമുകള്‍ ബി മുതല്‍ എച്ച്‌ വരെയുളള ഗ്രൂപ്പില്‍ വരും. ഓരോ പാത്രത്തില്‍ നിന്നും ഓരോ ടീമുകള്‍ വരുമ്പോള്‍ ചിത്രം വ്യക്തമാവും. ഒരു വന്‍കരയില്‍ നിന്നുളള ടീമുകള്‍ ഓരോ ഗ്രൂപ്പില്‍ വരുന്നത്‌ ഒഴിവാക്കും. പക്ഷേ യൂറോപ്പില്‍ നിന്ന്‌ കൂടുതല്‍ ടീമുകള്‍ ഉള്ളതിനാല്‍ ഒരു ഗ്രൂപ്പില്‍ രണ്ട്‌ യൂറോപ്യന്‍ ടീമുകള്‍ വന്നേക്കും. ഉദാഹരണത്തിന്‌ ആതിഥേയരായ ദക്ഷിണാഫ്രിക്ക പ്രാഥമിക റൗണ്ടില്‍ സ്വന്തം വന്‍കരയില്‍ നിന്നുളള പ്രതിയോഗികളുമായി കളിക്കേണ്ടി വരില്ല. അത്‌ പോലെ അര്‍ജന്റീനക്കും ബ്രസീലിനും ആദ്യ റൗണ്ടില്‍ ലാറ്റിനമേരിക്കന്‍ ടീമുകളെ നേരിടേണ്ടി വരില്ല.

സ്‌പോര്‍ട്ടിംഗ്‌ ബ്രാബോണ്‍
മുംബൈ: മുപ്പത്തിയാറ്‌ വര്‍ഷത്തിന്‌ ശേഷം ബ്രാബോണ്‍ സ്‌റ്റേഡിയത്തിലേക്ക്‌ ടെസ്റ്റ്‌ ക്രിക്കറ്റ്‌ തിരിച്ചെത്തിയപ്പോള്‍ ഇന്ത്യക്കും ശ്രീലങ്കക്കും ആദ്യദിവസത്തില്‍ സംതൃപ്‌തി. തിലകരത്‌നെ ദില്‍ഷാന്റെ സെഞ്ച്വറിയിലും ഓള്‍റൗണ്ടര്‍ ആഞ്ചലോ മാത്യൂസിന്റെ സെഞ്ച്വറിക്കടുത്ത പ്രകടനത്തിലും (86 നോട്ടൗട്ട്‌) ലങ്ക 366 റണ്‍സ്‌ സ്വന്തമാക്കിയപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ എട്ട്‌ ലങ്കന്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്‌. മല്‍സരം ഏത്‌ വഴിക്കും തിരിയുമെന്ന്‌ രണ്ടാം ദിവസമായ ഇന്നറിയാം. രാവിലെ മുതല്‍ ബൗളര്‍മാര്‍ക്കും ബാറ്റ്‌സ്‌മാന്മാര്‍ക്കും തുല്യസാധ്യത സമ്മാനിച്ച പിച്ചില്‍ ആവേശകരമായ പോരാട്ടമാണ്‌ നടന്നത്‌. ആദ്യ രണ്ട്‌ ടെസ്‌റ്റിലും നല്ല തുടക്കം ലഭിക്കാതിരുന്ന ലങ്ക അതീവ ജാഗ്രതയില്‍ പൊരുതിയപ്പോള്‍ ആദ്യ സെഷനില്‍ ഇന്ത്യക്ക്‌ ഒരു വിക്കറ്റ്‌ മാത്രമാണ്‌ ലഭിച്ചത്‌. എന്നാല്‍ രണ്ടാം സെഷനില്‍ ശ്രീശാന്തും സ്‌പിന്നര്‍മാരും അച്ചടക്കം കാട്ടിയപ്പോള്‍ മൂന്ന്‌ വിക്കറ്റ്‌ അവര്‍ക്കായി. നാലം സെഷനില്‍ ദില്‍ഷാന്‍ ടെസ്‌റ്റ്‌ കരിയറിലെ പതിനൊന്നാം സെഞ്ച്വറി രാജകീയമായി നേടിയപ്പോള്‍ നാല്‌ വിക്കറ്റുകള്‍ കൂടി ഇന്ത്യക്ക്‌ ലഭിച്ചു.
കാണ്‍പ്പൂരില്‍ വിജയം നേടിയ ഇന്ത്യക്ക്‌ ബൗളിംഗില്‍ അച്ചടക്കം പുലര്‍ത്താന്‍ കഴിയാതെ വന്നതാണ്‌ ദില്‍ഷാനും പരണവിതാനയും ഉപയോഗപ്പെടുത്തിയത്‌. റണ്‍ നിരക്ക്‌ നിയന്ത്രിക്കുന്നതിലും ഇന്ത്യ പരാജയപ്പെട്ടു. രണ്ടാം സെഷനില്‍ ദില്‍ഷാനും മഹേല ജയവര്‍ദ്ധനയും ക്രീസിലുളള സമയത്താണ്‌ റണ്‍ നിരക്ക്‌ പിടിച്ചുനിര്‍ത്താന്‍ ഇന്ത്യക്കായത്‌. ആദ്യ സെഷനില്‍ സഹീര്‍ഖാനെയും ശ്രീശാന്തിനെയും ഒരു പോലെ ശിക്ഷിച്ച്‌ 116 റണ്‍സാണ്‌ ലങ്ക നേടിയത്‌. സ്വിംഗ്‌ ലഭിക്കാന്‍ സഹീര്‍ ഓവര്‍ പിച്ച്‌ ഡെലിവറികള്‍ പായിച്ചപ്പോള്‍ പന്ത്‌ ഇടതടവില്ലാതെ അതിര്‍ത്തിയിലേക്ക്‌ പാഞ്ഞു. ബൗണ്‍സ്‌ നിയന്ത്രിക്കാന്‍ ശ്രീശാന്തിനുമായില്ല. രാവിലെ പന്ത്രണ്ടാം ഓവറില്‍ തന്നെ ഹര്‍ഭജന്‍ വന്നപ്പോള്‍ നല്ല തുടക്കമാണ്‌ പഞ്ചാബിക്ക്‌ ലഭിച്ചത്‌. ഹര്‍ഭജന്‌ ടേണ്‍ ലഭിക്കാന്‍ തുടങ്ങിയപ്പോള്‍ ധോണി മറുഭാഗത്ത്‌ പ്രഗ്യാന്‍ ഒജയെയും രംഗത്തിറക്കി. ഇതോടെ പരണവിതാന വീണു. നായകന്‍ കുമാര്‍ സങ്കക്കാര തുടക്കം മുതല്‍ ആത്മവിശ്വാസത്തിലായിരുന്നില്ല. രണ്ടാം സ്‌പെല്ലില്‍ ശ്രീശാന്ത്‌ കരുത്തനായപ്പോള്‍ ഹുക്ക്‌ ഷോട്ടിന്‌ മുതിര്‍ന്ന മഹേല പുറത്തായി.
ചായക്ക്‌ തൊട്ട്‌ മുമ്പ്‌ ഒജയുടെ പന്ത്‌ ഗ്യാലറിയിലെത്തിച്ച്‌ 99 ല്‍ എത്തിയ ദില്‍ഷാന്‍ സുന്ദരമായ ഷോട്ടുകളാണ്‌ ഇന്നിംഗ്‌സിലുടനീളം പുറത്തെടുത്തത്‌. പക്ഷേ സെഞ്ച്വറി നേടിയുടന്‍ അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ അദ്ദേഹം പുറത്തായി. തുടര്‍ന്ന്‌ ആഞ്ചലോ മാത്യൂസും വിക്കറ്റ്‌ കീപ്പര്‍ പ്രസന്ന ജയവര്‍ദ്ധനയും ഒരുമിച്ചു. ഈ സഖ്യം നിലയുറപ്പിച്ചതോടെ ബൗളര്‍മാര്‍ വീണ്ടും വിയര്‍ത്തു. പക്ഷേ അവസാനത്തില്‍ വാലറ്റത്തെ വിറപ്പിക്കാന്‍ ഇന്ത്യക്കായി.
സ്‌ക്കോര്‍കാര്‍ഡ്‌
ശ്രീലങ്ക-ഒന്നാം ഇന്നിംഗ്‌സ്‌:
പരണവിതാന-സി-ദ്രാവിഡ്‌-ബി-ഹര്‍ഭജന്‍-53, ദില്‍ഷാന്‍-സി-വിജയ്‌-ബി-ഹര്‍ഭജന്‍-109, സങ്കക്കാര-സി-ധോണി-ബി-ഒജ-18, മഹേല-സി-സേവാഗ്‌-ബി-ശ്രീശാന്ത്‌-29, സമരവീര-സി-വിജയ്‌-ബി-ഹര്‍ഭജന്‍-1, മാത്യൂസ്‌-നോട്ടൗട്ട്‌-86, പ്രസന്ന-സി-ഹര്‍ഭജന്‍-ബി-ഒജ-43, കുലശേഖര-സി-ധോണി-ബി-സഹീര്‍-12, ഹെറാത്ത്‌-സി-ദ്രാവിഡ്‌-ബി-ഹര്‍ഭജന്‍-1, മുരളി-നോട്ടൗട്ട്‌-0, എക്‌സ്‌ട്രാസ്‌-14, ആകെ 89 ഓവറില്‍ എട്ട്‌ വിക്കറ്റിന്‌ 366. വിക്കറ്റ്‌ പതനം: 1-93 (പരണവിതാന), 2-128 (സങ്ക), 3-187 (മഹേല), 4-188 (സമരവീര), 5-262 (ദില്‍ഷാന്‍), 6-329 (മഹേല), 7-359 (കുലശേഖര), 8-362 (ഹെറാത്ത്‌). ബൗളിംഗ്‌: സഹീര്‍ 19-2-70-1, ശ്രീശാന്ത്‌ 14-1-66-1, ഹര്‍ഭജന്‍ 29-2-107-4, ഒജ 23-1-97-2, യുവരാജ്‌ 4-0-18-0.

ഹെന്‍ട്രിയുടെ ഭാവി ഇന്ന്‌
കേപ്‌ടൗണ്‍: ഫ്രാന്‍സിന്റെ നായകനും ബാര്‍സിലോണയുടെ സൂപ്പര്‍ താരവുമായ തിയറി ഹെന്‍ട്രി ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ കളിക്കുമോ എന്ന കാര്യം ഇന്നറിയാം. റിപ്പബ്ലിക്‌ ഓഫ്‌ അയര്‍ലാന്‍ഡുമായുളള ലോകകപ്പ്‌ പ്ലേ ഓഫ്‌ പോരാട്ടത്തിനിടെ വിവാദത്തില്‍ കുടുങ്ങിയ ഹെന്‍ട്രിക്കെതിരെ നടപടിയാലോചിക്കാന്‍ ഫിഫ അച്ചടക്കസമിതി ഇന്ന്‌ സെപ്‌ ബ്ലാറ്റുടെ അദ്ധ്യക്ഷതയില്‍ നടക്കുന്നുണ്ട്‌. വിവാദ ഗോളില്‍ ലോകകപ്പില്‍ നിന്നും പുറത്തായ അയര്‍ലാന്‍ഡ്‌ പ്രശ്‌നത്തില്‍ നീതി തേടി ഫിഫക്ക്‌ രണ്ട്‌ പരാതികള്‍ നല്‍കിയിരുന്നു. പ്ലേ ഓഫ്‌ രണ്ടാം പാദ മല്‍സരം വീണ്ടും നടത്തണമെന്നും അല്ലെങ്കില്‍ ലോകകപ്പ്‌ ഫൈനല്‍ റൗണ്ടില മുപ്പത്തിമൂന്നാമത്തെ ടീമായി അയര്‍ലാന്‍ഡിനെ ഉള്‍പ്പെടുത്തണമെന്നുമായിരുന്നു ആവശ്യങ്ങള്‍. ഇത്‌ രണ്ടും ഫിഫ തള്ളിയ സാഹചര്യത്തില്‍ ഹെന്‍ട്രിക്കെതിരെ നടപടിക്കാണ്‌ സാധ്യത. പ്ലേ ഓഫ്‌ മല്‍സരത്തിന്റെ രണ്ടാം പാദത്തില്‍ അധിക സമയ പോരാട്ടത്തില്‍ വില്ല്യം ഗല്ലാസ്‌ നേടിയ ഗോളാണ്‌ ഫ്രാന്‍സിനെ തുണച്ചത്‌. എന്നാല്‍ ഗല്ലാസിലേക്ക്‌ പോയ പന്ത്‌ രണ്ട്‌ തവണ ഹെന്‍ട്രിയുടെ കൈകളില്‍ തട്ടിയിരുന്നു. ഇതാവട്ടെ റഫറി കണ്ടതുമില്ല. വിദഗ്‌ദ്ധമായാണ്‌ ഹെന്‍ട്രി കൈ കൊണ്ട്‌ പന്ത്‌ ഗല്ലാസിലേക്ക്‌ തിരിച്ചുവിട്ടതെന്നാണ്‌ ടെലിവിഷന്‍ റിപ്ലേകള്‍ വ്യക്തമാക്കുന്നത്‌. തന്റെ തെറ്റ്‌ ഹെന്‍ട്രി സമ്മതിക്കുകയും ചെയ്‌തതാണ്‌. ഈ സാഹചര്യത്തില്‍ ലോകകപ്പില്‍ നിന്നുളള വിലക്ക്‌ ഉള്‍പ്പെടെയുളള നടപടി വന്നാല്‍ ഫ്രാന്‍സിന്‌ അത്‌ ആഘാതമാവും. ഫിഫയില്‍ നിന്നും നീതി തേടി ഫ്രാന്‍സും രംഗത്ത്‌ വന്നിട്ടുണ്ട്‌.
പാക്‌ താരങ്ങള്‍ക്ക്‌ കളിക്കാം
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിന്റെ മൂന്നാം പതിപ്പില്‍ പാക്കിസ്‌താന്‍ താരങ്ങളുടെ സാന്നിദ്ധ്യമുണ്ടാവും. മുംബൈ ആക്രമണത്തെ തുടര്‍ന്ന്‌ കഴിഞ്ഞ സീസണില്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐ.പി.എല്‍ രണ്ടാം പതിപ്പില്‍ പാക്‌ താരങ്ങള്‍ക്ക്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ അനുമതി നല്‍കിയിരുന്നില്ല.
പ്രൈസ്‌ മണിയില്‍ വര്‍ദ്ധന
തിരുവനന്തപുരം: ദേശീയ സ്‌ക്കൂള്‍ അത്‌ലറ്റിക്‌ മീറ്റില്‍ മെഡലുകള്‍ നേടുന്നവര്‍ക്കുളള പ്രൈസ്‌ മണി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചതായി മുഖ്യമന്ത്രി വി.എസ്‌ അച്ച്യുതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്വര്‍ണ്ണം നേടിയവര്‍ക്ക്‌ കാല്‍ ലക്ഷവും വെള്ളി നേടിയവര്‍ക്ക്‌ 20,000 വും വെങ്കലം നേടിയവര്‍ക്ക്‌ 10,000 രൂപയും ഇനി മുതല്‍ നല്‍കും. ഈയിടെ പഞ്ചാബിലെ അമൃത്സറില്‍ നടന്ന ദേശീയ സ്‌ക്കൂള്‍ മീറ്റില്‍ കേരളം കിരീടം സ്വന്തമാക്കിയിരുന്നു.

ഇന്ത്യന്‍ ഫുട്‌ബോളില്‍ കേരളമില്ല
കോഴിക്കോട്‌: ഇന്ത്യന്‍ ഫുട്‌ബോളില്‍ നിന്ന്‌ കേരളം ക്ലീന്‍ ബൗള്‍ഡാവുന്നു....! ഇന്ന്‌ ധാക്കയില്‍ ആരംഭിക്കുന്ന സാഫ്‌ കപ്പ്‌ ഫുട്‌ബോളില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ അണ്ടര്‍ 23 ടീമില്‍ ഒരു മലയാളി പോലുമില്ല. ദേശീയ സിനിയര്‍ ടീമില്‍ എന്‍.പി പ്രദീപിലുടെ കേരളത്തിന്റെ സാന്നിദ്ധ്യം നാമമാത്രമായെങ്കിലും ഉണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ട സാഫ്‌ ടീമില്‍ പേരിന്‌ പോലും ഒരു മലയാളിയില്ല. ഐ ലീഗില്‍ കളിക്കുന്ന ക്ലബുകളില്‍ നിന്നാണ്‌ ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്‌. ഇരുപത്‌ പേരില്‍ പത്തൊമ്പത്‌ പേരും ഐ ലീഗ്‌ താരങ്ങളാണ്‌. ടാറ്റ ഫുട്‌ബോള്‍ അക്കാദമിയില്‍ നിന്ന്‌ ഒരാളും. കേരളത്തെ ഐ ലീഗില്‍ പ്രതിനിധീകരിക്കുന്ന ഏക ടീമായ വിവ കേരളയുടെ നായകന്‍ എം.പി സക്കീര്‍, സാബിത്ത്‌ തുടങ്ങിയവര്‍ ദേശീയ തലത്തില്‍ ശ്രദ്ധ നേടിയവരായിരുന്നു. എന്നാല്‍ ആരെയും പരിഗണിച്ചില്ല. കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ സ്വന്തം താരങ്ങളുടെ കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയതുമില്ല. വിവയുടെ മികവില്‍ എല്ലാവരും പ്രകീര്‍ത്തിക്കുന്ന അവരുടെ നയകന്‍ സക്കീര്‍ ദേശീയ നിരയില്‍ കളിക്കേണ്ട മധ്യനിരക്കാരനാണ്‌. പക്ഷേ അദ്ദേഹത്തിന്‌ സാധ്യതാ സംഘത്തില്‍ പോലും സ്ഥാനമുണ്ടായില്ല. ഐ ലീഗില്‍ ദേശീയ സെലക്ടര്‍മാരുടെ സാന്നിദ്ദ്യത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന മല്‍സരത്തില്‍ പനി കാരണം സക്കീറിന്‌ കളിക്കാന്‍ കഴിയാത്തതും തിരിച്ചടിയായി. കോച്ച്‌ സുഖ്‌വീന്ദര്‍ സിംഗും സീനിയര്‍ ടീമിന്റെ കോച്ച്‌ ബോബ്‌ ഹൂട്ടണും വീക്ഷിച്ച ഡെംപോ -വിവ ഐ ലീഗ്‌ മല്‍സരത്തിലാവട്ടെ സക്കീറിന്‌ നിലവാരത്തിനൊത്തുയരാനും കഴിഞ്ഞില്ല. സാബിത്തിന്‌ സാധ്യതാ ടീമില്‍ ഇടം ലഭിച്ചിരുന്നു. പക്ഷേ പരുക്ക്‌ കാരണം അദ്ദേഹത്തിന്‌ ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഇരുപതംഗ ടീമിനെയാണ്‌ ഇന്ത്യ പ്രഖ്യാപിച്ചത്‌. ടീം ഇതാണ്‌:
ഗോള്‍ക്കീപ്പര്‍മാര്‍- അരിന്ദം ഭട്ടാചാര്യ (ചര്‍ച്ചില്‍), ലക്ഷ്‌മികാന്ത്‌ കട്ടിമണി (ഡെംപോ). ഡിഫന്‍ഡര്‍മാര്‍- നിര്‍മല്‍ ചേത്രി (ഈസ്‌റ്റ്‌ ബംഗാള്‍), ഡെന്‍സില്‍ ഫ്രാങ്കോ (മഹീന്ദ്ര), റോബര്‍ട്ട്‌ ലാല്‍താമ (ചര്‍ച്ചില്‍), ധര്‍മരാജ്‌ രാവണന്‍ (മഹീന്ദ്ര), റോവില്‍സണ്‍ റോഡ്രിഗസ്‌ (ചര്‍ച്ചില്‍), രവീന്ദര്‍ സിംഗ്‌ (എയര്‍ ഇന്ത്യ), തോക്കോ നാബോ സിംഗ്‌ (ചര്‍ച്ചില്‍). മിഡ്‌ഫീല്‍ഡര്‍മാര്‍- ജോകിം അബ്രാഞ്ചസ്‌ (ഡെംപോ), സുബോധ്‌ കുമാര്‍ (ടാറ്റ), മനീഷ്‌ മൈതാനി (ബഗാന്‍), ഷെയിക്ക്‌ ജെവല്‍ രാജ(ഡെംപോ), ബാല്‍ദീപ്‌ സിംഗ്‌ (ജെ.സി.ടി), ജഗ്‌പ്രീത്‌ സിംഗ്‌ (ജെ.സി.ടി), ജീവന്‍ സിംഗ്‌ (ഈസ്റ്റ്‌ ബംഗാള്‍), മുന്‍നിര- ജെജെ ലാല്‍പികുല (പൂനെ എഫ്‌.സി), ബല്‍വന്ത്‌ സിംഗ്‌ (ജെ.സി.ടി), ജാഗ്‌തര്‍ സിംഗ്‌ (ടാറ്റ), സുശീല്‍ കുമാര്‍ സിംഗ്‌ (മഹീന്ദ്ര). കോച്ച്‌ സുഖ്‌വീന്ദര്‍ സിംഗ്‌, അസി.കോച്ച്‌ സബീര്‍പാഷ, തനുമോയി ബോസ്‌ (ഗോള്‍ക്കീപ്പിംഗ്‌ കോച്ച്‌), ദീലീപ്‌ ചക്രവര്‍ത്തി (മാനേജര്‍).

താരങ്ങള്‍ക്ക്‌ വേണ്ടി ബൂട്ടിയ
കൊല്‍ക്കത്ത: അച്ചടക്ക നടപടിയുടെ പേരില്‍ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ നിന്നും സസ്‌പെന്‍ഡ്‌ ചെയ്‌ത ഡെംപോ താരങ്ങളായ മഹേഷ്‌ ഗാവ്‌ലി, സമീര്‍ നായിക്‌ എന്നിവര്‍ക്ക്‌ വേണ്ടി ക്യാപ്‌റ്റന്‍ ബൈജൂംഗ്‌ ബൂട്ടിയ ഉള്‍പ്പെടെ ദേശീയ താരങ്ങള്‍ രംഗത്ത്‌. എല്ലാവരും ഒപ്പിട്ട പ്രതിഷേധ കത്ത്‌ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ തലവന്‍ പ്രഫുല്‍ പട്ടേലിന്‌ കൈമാറി. കഴിഞ്ഞ ദിവസമാണ്‌ ഗാവ്‌ലി, സമീര്‍ എന്നിവരെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. രണ്ട്‌ പേരും കോച്ചിംഗ്‌ ക്യാമ്പില്‍ പങ്കെടുത്തില്ല എന്നതായിരുന്നു കുറ്റം. എന്നാല്‍ പരുക്ക്‌ കാരണം വിശ്രമിക്കുന്ന രണ്ട്‌ പേരോടും ക്യാമ്പില്‍ പങ്കെടുക്കേണ്ടതില്ലെന്ന്‌ ഡെംപോ മാനേജ്‌മെന്റാണ്‌ നിര്‍ദ്ദേശിച്ചത്‌. ക്ലബുകളും ഫെഡറേഷനും തമ്മിലുള്ള പ്രശ്‌നത്തില്‍ താരങ്ങളെ വലിച്ചിഴക്കരുതെന്നാണ്‌ ബൂട്ടിയ ആവശ്യപ്പെടുന്നത്‌. ഈ കാര്യത്തില്‍ പ്രഫുല്‍ പട്ടേലിന്റെ ഇടപെടലും ഇവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌.

ഇന്ന്‌ ഫൈനല്‍
കോഴിക്കോട്‌: തിരുവനന്തപുരം എസ്‌.ബി.ടിയും ബാംഗ്ലൂര്‍ എച്ച്‌.ഏ.എല്ലും തമ്മിലുളള കലാശ പോരാട്ടത്തോടെ ഫെഡറേഷന്‍ കപ്പ്‌ ദക്ഷിണ മേഖലാ യോഗ്യതാ മല്‍സരങ്ങള്‍ക്ക്‌ ഇന്ന്‌ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ കൊട്ടിക്കലാശം. ഇന്നത്തെ വിജയികള്‍ മുംബൈയില്‍ നടക്കുന്ന മേഖലാ വിജയികളുടെ അങ്കത്തില്‍ പങ്കെടുക്കും. മേഖലാ അങ്കങ്ങളില്‍ നിന്നും യോഗ്യത നേടുന്ന പക്ഷമാണ്‌ ഈ മാസാവസാനം ഗോഹട്ടിയിലും സില്‍ച്ചാറിലുമായി നടക്കുന്ന ഫൈനല്‍ റൗണ്ടിന്‌ യോഗ്യത നേടുക. ഐ ലീഗില്‍ കളിക്കുന്ന പതിനാല്‌ ടീമുകളും മേഖലാ യോഗ്യതാ റൗണ്ടില്‍ നിന്നും വരുന്ന രണ്ട്‌ ടീമുകളുമാണ്‌ ഫൈനല്‍ റൗണ്ടില്‍ കളിക്കുകയെന്ന്‌ ഇന്നലെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. വിവിധ മേഖലാ റൗണ്ടുകള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്‌. ഇനി ദക്ഷിണ മേഖലയില്‍ നിന്നുളള ജേതാക്കളായാല്‍ ഏഴ്‌ മേഖലകളില്‍ നിന്നുമുളള ഒന്നാം സ്ഥാനക്കാരാവും. ഇവര്‍ തമ്മിലുളള മല്‍സരങ്ങളില്‍ ഫൈനല്‍ ബെര്‍ത്ത്‌ നേടുന്നവര്‍ക്കാണ്‌ അവസാന ടിക്കറ്റ്‌.
ഇന്ന്‌ ഇവിടെ നടക്കുന്ന മല്‍സരത്തില്‍ വിജയിക്കുന്നവരുടെ അടുത്ത ഘട്ടം പോരാട്ടം മുംബൈയിലായിരിക്കും. എതിരാളികളായി വരുക വാസ്‌ക്കോ ഗോവയും ഒ.എന്‍.ജി.സിയുമായിരിക്കും. ഇവിടെ നിന്ന്‌ ജയിച്ചാല്‍ ഫൈനല്‍ റൗണ്ടിന്‌ ടിക്കറ്റ്‌ നേടാം. അവിടെ എതിരാളികള്‍ ഐ ലീഗ്‌ ടീമുകളായ ചര്‍ച്ചില്‍ ബ്രദേഴ്‌സും സ്‌പോര്‍ട്ടിംഗ്‌ ക്ലബുമായിരിക്കും. ഗോഹട്ടിയിലായിരിക്കും മേഖലാ ചാമ്പ്യന്മാരുടെ രണ്ടാം ഗ്രൂപ്പ്‌ മല്‍സരം. മുഹമ്മദന്‍സ്‌ സ്‌പോര്‍ട്ടിംഗ്‌, ജോര്‍ജ്‌ ടെലഗ്രാഫ്‌, ജമ്മു കാശ്‌മീര്‍ ബാങ്ക്‌, നിസ മണിപ്പൂര്‍ എന്നിവരാണ്‌ ഇവിടെ കളിക്കുന്നത്‌. ഇവര്‍ ഫൈനല്‍ റൗണ്ടില്‍ മോഹന്‍ ബഗാന്‍, മഹീന്ദ്ര യുനൈറ്റഡ്‌, ചിരാഗ്‌ യുനൈറ്റഡ്‌ എന്നിവരുമായി കളിക്കും.
കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്നത്തെ അങ്കത്തില്‍ എസ്‌.ബി.ടിയുടെ വെറ്ററന്‍ നിരക്ക്‌ കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ ബാംഗ്ലൂര്‍ സംഘത്തിനാവും. രണ്ട്‌ മല്‍സരങ്ങളാണ്‌ എസ്‌.ബി.ടി ഇവിടെ കളിച്ചത്‌. ശരാശരി നിലവാരം പുലര്‍ത്താന്‍ മാത്രമാണ്‌ അവര്‍ക്ക്‌ കഴിഞ്ഞത്‌. അതേ സമയം ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച ബാംഗ്ലൂര്‍ ടീം ടൈറ്റാനിയത്തിനെതിരായ സെമി ഫൈനലില്‍ പ്രൊഫഷണല്‍ ഫുട്‌ബോളുമായി മൂന്ന്‌ ഗോളിനാണ്‌ ജയിച്ചത്‌. രണ്ട്‌ ആഫ്രിക്കന്‍ താരങ്ങളാണ്‌ ടീമിന്റെ കരുത്ത്‌. ടൈറ്റാനിയത്തിനെതിരെ ഡിഫന്‍സില്‍ ഉയര്‍ന്നു നിന്ന നൈജീരിയക്കാരന്‍ ജോസഫ്‌ ഫെമിഡിയോള എസ്‌.ബി.ടിയുടെ മുന്‍നിരക്കാരായ ആസിഫ്‌ സഹീറിനും മാര്‍ട്ടിനും വെല്ലുവിളിയാവും. ആസിഫിന്‌ സെമിയില്‍ മനോഹരമായ രണ്ട്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നു. ക്യാപ്‌റ്റന്‍ അബ്ദുള്‍ നൗഷാദ്‌ നയിക്കുന്ന മധ്യനിരയും ഇത്‌ വരെ പരീക്ഷിക്കപ്പെട്ടിട്ടില്ല. ബാംഗ്ലൂര്‍ മുന്‍നിരയിലെ സതീഷ്‌ കുമാര്‍ ജൂനിയറും നൈജീരിയക്കാരന്‍ ഫ്രെഡറിക്‌ ഒഗ്‌വാബെയും ഗോള്‍ക്കീപ്പര്‍ ഹര്‍ഷല്‍ റഹ്‌മാനും ഡിഫന്‍സിനും വെല്ലുവിളി ഉയര്‍ത്തും.
ഫൈനല്‍ മല്‍സരം വൈകീട്ട്‌ 6-45 ന്‌ ആരംഭിക്കും. ടിക്കറ്റുകള്‍ രാവിലെ മുതല്‍ സ്‌റ്റേഡിയത്തിന്‌ സമീപമുള്ള കോഴിക്കോട്‌ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ആസ്ഥാനത്ത്‌ നിന്ന്‌ ലഭിക്കും.

No comments: