
ഇന്ത്യ തകര്‍ത്തു
കട്ടക്ക്: വിരന്ദര്‍ സേവാഗിന്റെ ഇന്ത്യ ആധികാരിക പ്രകടനത്തില്‍ തകര്‍പ്പന്‍ വിജയവുമായി ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ 2-1 ന് മുന്നിലെത്തി. തുടക്കത്തില്‍ ലങ്കന്‍ ബാറ്റിംഗ് സംഹാരത്തിന് ഇരയായെങ്കിലും സ്‌പിന്നര്‍മാരുടെ മികവില്‍ തിരിച്ചെത്തി സന്ദര്‍ശകരുടെ സ്‌ക്കോര്‍ 239 ല്‍ നിയന്ത്രിച്ച ശേഷം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പക്വതയിലും സേവാഗിന്റെ മിന്നലിലും ടീം വിജയിക്കുകയായിരുന്നു. രാജ്‌ക്കോട്ടിലും നാഗ്‌പ്പൂരിലും വലിയ സ്‌ക്കോറുകള്‍ പിറന്നപ്പോള്‍ ബാരാബതി സറ്റേഡിയത്തില്‍ തുടക്കത്തില്‍ അതേ പ്രതീതിയുണ്ടായിരുന്നു. പക്ഷേ ഇരുപത്തിമൂന്നാം ഓവറില്‍ ഒരു വിക്കറ്റിന് 165 ലെത്തിയ ലങ്കയെ നാല്‍പ്പത്തിയഞ്ചാം ഓവറില്‍ 239 ല്‍ ഓള്‍ഔട്ടാക്കിയ ഇന്ത്യ പരമ്പരയില്‍ ആദ്യമായി ബൗളിംഗ് മികവു കാട്ടി. സഹീര്‍ഖാനും ഇഷാന്ത് ശര്‍മ്മയും തുടക്കത്തില്‍ അടി വാങ്ങിയപ്പോള്‍ പാര്‍ട്ട് ടൈം സ്‌പിന്നര്‍ രവിന്ദു ജഡേജയാണ് നാല് വിക്കറ്റുമായി കളം വാണത്. രാത്രി വെളിച്ചത്തില്‍ ഇന്ത്യ ബാറ്റ് ചെയ്‌തപ്പോള്‍ 28 പന്തില്‍ 44 റണ്‍സുമായി സേവാഗ് തകര്‍പ്പന്‍ തുടക്കം ടീമിന് നല്‍കി. ഒമ്പത് ബൗണ്ടറികള്‍ നായകന്റെ ഇന്നിംഗ്‌സിന് ചാരുതയേകി. സേവാഗിന് ശേഷം ആക്രമണം ഏറ്റെടുത്ത സച്ചിന്‍ പിഴവുകളില്ലാത്ത ഇന്നിംഗ്‌സില്‍ ടീമിന്റെ വിജയമുറപ്പിച്ചു. ഗാംഭീര്‍ (32), യുവരാജ് സിംഗ് (23) എന്നിവരും പൊരുതിക്കളിച്ചു. അവസാനത്തില്‍ ദിനേശ് കാര്‍ത്തിക്കായിരുന്നു സച്ചിന് കൂട്ട്.
ഞെട്ടിപ്പിക്കുന്ന തുടക്കമായിരുന്നു ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്കക്ക് ലഭിച്ചത്. തിലകരത്‌നെ ദില്‍ഷാന്‍ എന്ന തട്ടുതകര്‍പ്പന്‍ ബാറ്റ്‌സ്‌മാന്‍ തൊട്ടതെല്ലാം ബൗണ്ടറികളും സിക്‌സറുകളുമാക്കി മാറ്റിയപ്പോള്‍ ലങ്കന്‍ സ്‌ക്കോര്‍ബോര്‍ഡ് കുതികുതിക്കുകയായിരുന്നു. ദില്‍ഷാനെ പിടിച്ചുകെട്ടാന്‍ ആര്‍ക്കുമായില്ല. പുതിയ പന്തെടുത്ത സഹീര്‍ഖാന്‍ രണ്ടാമത്തെ ഓവറില്‍ നാല് ബൗണ്ടറികള്‍ നല്‍കിയപ്പോള്‍ പ്രവീണ്‍ കുമാറിന് പകരം കളിച്ച ഇഷാന്ത് ശര്‍മ്മയും പിശുക്ക് കാട്ടിയില്ല. ഡല്‍ഹിക്കാരനും നല്‍കി ആദ്യ ഓവറില്‍ നാല് അതിര്‍ത്തി ഷോട്ടുകള്‍. രാജ്‌ക്കോട്ടിലും നാഗ്ഗ്‌പ്പൂരിലും കൂറ്റന്‍ സ്‌ക്കോറുക്കള്‍ സ്വന്തമാക്കിയ ദില്‍ഷാന്‍ അതിലും വേഗതയേറിയ സെഞ്ച്വറി ഇവിടെ നേടുമെന്ന പ്രതീതിയായിരുന്നു. പത്ത് ബൗണ്ടറികളുമായി അദ്ദേഹം കത്തിയാളിയ നിമിഷത്തില്‍ ഒരു തവണ പുറത്താക്കാന്‍ അവസരം ലഭിച്ചു. അതാവട്ടെ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് മനോഹരമായി തുലക്കുകയും ചെയ്‌തു. മിഡ്‌വിക്കറ്റിലേക്ക് പന്ത് തട്ടി മിന്നല്‍ സിംഗിളിന് ദില്‍ഷാന്‍ ശ്രമിച്ചപ്പോള്‍ മറുഭാഗത്ത് ഉപുല്‍ തരംഗ പ്രതികരിച്ചില്ല. ഉടന്‍ സ്വന്തം ക്രീസില്‍ മടങ്ങിയെത്താനുളള ശ്രമത്തില്‍ ദില്‍ഷാന്‍ തിരിക്കുമ്പോഴേക്കും ഗാംഭീറിന്റെ ത്രോ കാര്‍ത്തികിന്റെ കൈകളിലെത്തിയിരുന്നു. പക്ഷേ തുടക്കത്തില്‍ അദ്ദേഹം ചെയ്‌തത് വലിയ പാതകമായിരുന്നു. സ്റ്റംമ്പിന് തൊട്ട് മുമ്പേ നിന്ന് പന്ത് പുറത്തേക്കെറിഞ്ഞു.... പക്ഷേ ഈ ഭാഗ്യം ഉപയോഗപ്പെടുത്താന്‍ ദില്‍ഷാന് കഴിഞ്ഞില്ല. ആശിഷ് നെഹ്‌റയെ ഗ്യാലറിയിലെത്തിക്കാനുളള ശ്രമത്തില്‍ ഷോട്ട് പിച്ച് പന്ത് നേരെ പൊന്തി കാര്‍ത്തിക്കിന്റെ തന്നെ കരങ്ങളിലെത്തി. ഇന്ത്യന്‍ നായകന്‍ സേവാഗും ഫീല്‍ഡര്‍മാരും ബൗളര്‍മാരും ശ്വാസം നേരെ വിട്ടത് അപ്പോള്‍ മാത്രമാണ്. പകരം വന്ന സങ്കക്കാര തിടുക്കത്തിലുളള ഗെയിമിന് ശ്രമിച്ചില്ല. മികച്ച റണ്‍റേറ്റ് ദില്‍ഷാന്‍ നല്‍കിയതിനാല്‍ പക്വമായ ഇന്നിംഗ്‌സായിരുന്നു നായകന്റേത്. കേവലം 18 പന്തില്‍ നിന്ന് 41 റണ്‍സ് നേടി പുറത്തായ ദില്‍ഷാന്റെ പാതയിലായി പിന്നെ തരംഗ. സങ്കക്കാരയെ സാക്ഷി നിര്‍ത്തി മോശം പന്തുകളെ അദ്ദേഹം ശിക്ഷിക്കാന്‍ തുടങ്ങിയപ്പോള്‍ സ്‌ക്കോര്‍ അതിവേഗം വിണ്ടും കുതിക്കാന്‍ തുടങ്ങി. 22.2 ഓവറില്‍ സ്‌ക്കോര്‍ ഒരു വിക്കറ്റിന് 165 റണ്‍സായിരുന്നു. അവിടെ നിന്നാണ് ഇന്നിംഗ്‌സിന് ദിശ നഷ്ടമായത്. അടുത്ത 74 റണ്‍സിനിടെ അടുത്ത എല്ലാ ബാറ്റ്‌സ്‌മാന്മാരും പുറത്തായി.
സേവാഗിന്റെ സ്‌പിന്നില്‍ ഇല്ലാത്ത ഷോട്ടിന് സങ്ക ശ്രമിച്ചപ്പോള്‍ നായകനെ സ്‌റ്റംമ്പ് ചെയ്യാന്‍ അല്‍പ്പം പ്രയാസപ്പെട്ടാണെങ്കിലും കാര്‍ത്തിക്കിനായി. ആദ്യ ശ്രമത്തില്‍ കാര്‍ത്തിക് പരാജയപ്പെട്ടിരുന്നു. പക്ഷേ സങ്കക്കാര ക്രിസ് വിട്ട് കൂടുതല്‍ ദൂരം കയറിയതിനാല്‍ രണ്ടാം ശ്രമത്തില്‍ കാര്‍ത്തിക്കിന് ബെയില്‍ തെറിപ്പിക്കാനായി. സങ്ക പുറത്തായതോടെ ഇഷാന്ത് തിരിച്ചുവന്നു. ആദ്യ മൂന്ന് ഓവറില്‍ 46 റണ്‍സ് വഴങ്ങിയ ഇഷാന്ത് രണ്ട് പന്തിനിടെ രണ്ട് വിക്കറ്റാണ് നേടിയത്. രവീന്ദു ജഡേജ എന്ന് പാര്‍ട്ട് ടൈം സ്‌പിന്നറാണ് മധ്യനിരയെയും വാലറ്റത്തെയും തകര്‍ത്തത്. വിലപ്പെട്ട നാല് വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കി. മഹേല ജയവര്‍ദ്ധനക്ക് പരമ്പരയിലെ കഷ്ടകാലം തുടരുകയാണ്. തുടക്കത്തില്‍ തന്നെ പതറിയ അദ്ദേഹം രണ്ട് റണ്‍സില്‍ പുറത്തായി. തിലാന കാഡംബിക്കും ചമര കപ്പുഗുഡേരക്കും അല്‍പ്പസമയം സ്‌പിന്നിനെ ചെറുത്തുനില്‍ക്കാനായി. പക്ഷേ റണ്‍സ് കുറഞ്ഞപ്പോള്‍ അവരും സാഹസികമായി നീങ്ങി. കപ്പുഗുഡേര ജഡേജയുടെ പന്തില്‍ പുറത്തായപ്പോള്‍ കാഡംബിയെ ഇഷാന്ത് മടക്കി. നുവാന്‍ കുലശേഖര, അജാന്ത മെന്‍ഡിസ് എന്നീ വാലറ്റക്കാര്‍ക്ക് ജഡേജയുടെ പന്തുകള്‍ റീഡ് ചെയ്യാനായില്ല.
സ്‌ക്കോര്‍കാര്‍ഡ്
ശ്രീലങ്ക: തരംഗ-ബി-ജഡേജ-73, ദില്‍ഷാന്‍-സി-കാര്‍ത്തിക്-ബി-നെഹ്‌റ-41, സങ്കക്കാര-സ്‌റ്റംമ്പ്‌ഡ് കാര്‍ത്തിക്-ബി-സേവാഗ്-46, മഹേല-സി-റൈന-ബി-ഹര്‍ഭജന്‍-2, കാഡംബി-ബി-ഇഷാന്ത്-22, കപ്പുഗുഡേര-ബി-ജഡേജ-15, കുലശേഖര-എല്‍.ബി.ഡബ്ല്യൂ-ബി-ജഡേജ-10, രണ്‍ദീവ്-സി-കാര്‍ത്തിക്-ബി-ഇഷാന്ത്-0, മാലിങ്ക-ബി-നെഹ്‌റ-13, മെന്‍ഡിസ്-ബി-ജഡേജ-6, വെലിഗിഡാര-നോട്ടൗട്ട്-2, എക്‌സ്‌ട്രാസ്-9, ആകെ 44.2 ഓവറില്‍ പത്ത് വിക്കറ്റിന് 239. വിക്കറ്റ് പതനം: 1-65 (ദില്‍ഷാന്‍), 2-165 (സങ്ക), 3-169 (തരംഗ), 4-173 (മഹേല), 5-204 (കപ്പുഗുഡേര), 6-210 (കാഡംബി), 7-210 (രണ്‍ധീവ്), 8-218 (കുലശേഖര), 9-236 (മെന്‍ഡീസ്), 10-239 (മാലിങ്ക). ബൗളിംഗ്: സഹീര്‍ 7-0-49-0, ഇഷാന്ത് 7-0-63-2, നെഹ്‌റ 6.2-0-32-2, ഹര്‍ഭജന്‍ 9-0-29-1, സേവാഗ് 4-0-26-1, ജഡേജ 10-0-32-4, യുവരാജ് 1-0-5-0.
ഇന്ത്യ: സേവാഗ്-സി-ദില്‍ഷാന്‍-ബി-വെലഗിഡാര-44, സച്ചിന്‍-നോട്ടൗട്ട്, ഗാംഭീര്‍-സി ആന്‍ഡ് ബി രണ്‍ധീവ്-32, യുവരാജ്-സി-സങ്ക-ബി-വെലിഗിഡാര-23, കാര്‍ത്തിക്-നോട്ടൗട്ട്-, എക്‌സ്‌ട്രാസ്-11, ആകെ മൂന്ന് വിക്കറ്റിന് 240. വിക്കറ്റ് പതനം: 1-55 (സേവാഗ്), 2-127 (ഗാംഭീര്‍), 3-169 (യുവരാജ് ). ബൗളിംഗ്: വെലിഗിഡാര 8-1-35-2, കുലശേഖര 8-0-47-0, മാലിങ്ക 9-1-46-0, മെന്‍ഡിസ് 9-0-67-0, രണ്‍ധീവ് 8-1-33-1
മെസി-പെര്‍ഫെക്ട് ഇയര്‍
ലോകം വീണ്ടും മണലാരണ്യത്തിന്റെ കായികസംഘാടനത്തിന് നൂറില്‍ നൂറ് മാര്‍ക്ക് നല്‍കുകയാണ്.... അബൂദാബിയില്‍ കഴിഞ്ഞ ദിവസം ബാര്‍സിലോണയുടെ വിജയത്തില്‍ കലാശിച്ച ഫിഫ ക്ലബ് ഫുട്‌ബോള്‍ ലോകത്തിന് മുന്നില്‍ തെളിയിച്ചത് മറ്റൊന്നല്ല-വലിയ മേളകള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ റെഡിയാണ്. ദൂബായ് നഗരം ഫിഫ ബീച്ച് ഫുട്‌ബോളിന് വിജയകരമായി ആതിഥേയത്വം വഹിച്ചതിന് പിറകെയാണ് അരികിലുള്ള എമിറേറ്റ്‌സായ അബുദാബി ക്ലബ് ഫുട്‌ബോളിന് പ്രതികൂല കാലാവസ്ഥയിലും മനോഹരമായി വേദിയൊരുക്കിയത്. അബുദാബിയിലെ രണ്ട് മല്‍സരങ്ങള്‍ സായിദ് സ്‌റ്റേഡിയത്തില്‍ വെച്ച് ഞാന്‍ കണ്ടിരുന്നു. അവിടെ ഒരുക്കിയ സൗകര്യങ്ങളും മല്‍സരകളവും അപാരമായിരുന്നു. ഒരു താരം പോലും വേദിയെ സംബന്ധിച്ചും പരിശീലന-താമസ സൗകര്യങ്ങളെക്കുറിച്ചും പരാതിപ്പെട്ടിട്ടില്ല. വന്‍കരകളിലെ ചാമ്പ്യന്മാര്‍ വര്‍ദ്ധിത വീര്യത്തോടെയാണ് എല്ലാ മല്‍സരങ്ങളിലും കളിച്ചത്. ആദ്യ മല്‍സരത്തില്‍ തന്നെ ആതിഥേയ ടീം പുറത്തായിട്ടും അത് ചാമ്പ്യന്‍ഷിപ്പിനെ ബാധിച്ചില്ല. അറ്റ്‌ലാന്റയും എസ്റ്റൂഡിയന്‍സും പ്രതീക്ഷകളെ തകിടം മറിക്കുന്ന പ്രകടനമാണ് നടത്തിയത്. അല്‍പ്പം നിരാശപ്പെടുത്തിയത് ഏ.എഫ്.സി കപ്പ് ജേതാക്കളായ പോഹാംഗ് മാത്രമാണ്. ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ബാര്‍സ കപ്പ് സ്വന്തമാക്കുമെന്നായിരുന്നു സംസാരം. പക്ഷേ പ്രതീക്ഷിക്കപ്പെട്ട പോലെ എളുപ്പമായിരുന്നില്ല അവര്‍ക്ക് കാര്യങ്ങള്‍. ഫൈനലില്‍ എസ്റ്റൂഡിയന്‍സിന് മുമ്പാകെ ശരിക്കും രക്ഷപ്പെടുകയായിരുന്നു അവര്‍.
ലയണല്‍ മെസിയുടെ കളി നേരില്‍ കാണാന്‍ കഴിഞ്ഞതാണ് അറബ് ജനതക്ക് വലിയ ആഹ്ലാം നല്‍കുന്നത്. സ്‌പാനിഷ് ലീഗില്‍ എസ്‌പാനിയോളിനെതിരായ മല്‍സരത്തിനിടെ പരുക്കേറ്റ മെസി ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കില്ലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ പരുക്കിലും മെസി വന്നു. രണ്ട് മല്‍സരങ്ങളിലും കളിച്ചുവെന്ന് മാത്രമല്ല മനോഹരമായ രണ്ട് ഗോളുകളും സ്‌ക്കോര്‍ ചെയ്‌തു. അറ്റ്‌ലാന്റക്കെതിരായ മല്‍സരത്തില്‍ നേടിയ ഗോളിനേക്കാള്‍ മനോഹരമായിരുന്നു ഫൈനലിലെ മെസിയുടെ ഗോള്‍. അറ്റ്‌ലാന്റക്കെതിരെ ടീം സമനിലയില്‍ നില്‍ക്കുന്ന ഘട്ടത്തിലായിരുന്നു കോച്ച് പെപ് ഗുര്‍ഡിയോള മെസിയെ രംഗത്തിറക്കിയത്. ആ നീക്കം ഉടന്‍ ഫലിച്ചു.
ബാര്‍സയെ സംബന്ധിച്ച് പെര്‍ഫെക്ട് വര്‍ഷമാണ് 2009. ഏഴ് ലോകോത്തര കിരീടങ്ങളാണ് അവര്‍ സ്വന്തമാക്കിയിരിക്കുന്നത്. സ്‌പാനിഷ് ലീഗും യുവേഫ ചാമ്പ്യന്‍സ് ലീഗും കിംഗ്‌സ് കപ്പുമെല്ലാം നല്‍കിയ അതേ സന്തോഷത്തിലാണ് ടീം ക്ലബ് കപ്പിലും മുത്തമിട്ടിരിക്കുന്നത്. ബാര്‍സക്ക് ഇത് വരെ അകന്നു നില്‍ക്കുന്ന കിരീടം പിടിച്ചതിനൊപ്പം ചാമ്പ്യന്‍ഷിപ്പിലെ താരമായി മെസി തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പട്ടം പ്രതിയോഗികളെ ബഹുദൂരം പിറകിലാക്കി സ്വന്തമാക്കിയ മെസിക്ക് തന്നെയാണ് ഇന്ന് പുലര്‍ച്ചെ നടക്കുന്ന ഫിഫ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പട്ടവും ലഭിക്കുകയെന്നത് ഏറെ കുറെ ഉറപ്പാണ്. ക്ലബ് കപ്പിലും മികച്ച താരം മറ്റാരുമല്ല. അഡിഡാസ് സ്വര്‍ണ്ണ പന്താണ് മെസിക്ക് ലഭിച്ചിരിക്കുന്നത്.
ഖത്തറിലെ ദോഹയിലുളള ഖലീഫ സ്‌റ്റേഡിയത്തില്‍ നടന്ന ബ്രസീല്‍-ഇംഗ്ലണ്ട് സൗഹൃദ ഫുട്‌ബോളിലുടെ യൂറോപ്പിനും ലാറ്റിനമേരിക്കക്കും ഗള്‍ഫ് നാടുകളുടെ സംഘാടക കരുത്ത് മനസ്സിലായിരുന്നു. അതിന് പിറകെയാണ് ക്ലബ് ഫുട്‌ബോളും വിജയകരകമായി സംഘടിപ്പിക്കാന്‍ കഴിഞ്ഞത്. അബുദാബിയിലെ സംഘാടകര്‍ക്കും സായിദ് സ്‌പോര്‍ട്‌സ് സിറ്റിയിലെ സൗകര്യങ്ങള്‍ക്കും മെസിയെ പോലുള്ള താരങ്ങള്‍ വലിയ മാര്‍ക്ക് നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ സമീപഭാവിയില്‍ തന്നെ വലിയ ഫുട്‌ബോള്‍ മേളകള്‍ മണലാരണ്യത്തിലേക്ക് വരുമെന്ന പ്രതീക്ഷകളിലാണ് അറബ് ലോകം. 2022 ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഇപ്പോള്‍ തന്നെ ഖത്തര്‍ രംഗത്തുണ്ട്. ബീച്ച് ഫുട്‌ബോളിനും ക്ലബ് ഫുട്‌ബോളിനും ആതിഥേയരായി യു.എ.ഇയും കരുത്ത് തെളിയിച്ച് കഴിഞ്ഞു. ഫിഫ തലവന്‍ സെപ് ബ്ലാറ്റര്‍ പറഞ്ഞിരിക്കുന്നത് അറബ് നാടിന്റെ മികവിനെ മറക്കാന്‍ കഴിയില്ലെന്നാണ്. 2006 ലെ ദോഹ ഏഷ്യന്‍ ഗെയിംസിന്റെ സമയത്ത് ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി തലവന്‍ ജാക്വസ് റോജിയും ഇത് തന്നെയാണ് പറഞ്ഞത്-അധികകാലം അറേബ്യന്‍ നാടിന്റെ മികവിനു നേരെ കണ്ണടക്കാന്‍ കഴിയില്ലെന്ന്.
ചെല്‍സിയും രക്ഷപ്പെട്ടു
ലണ്ടന്‍: അട്ടിമറികളുടെ വാരത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയും രക്ഷപ്പെട്ടു. വെസ്റ്റ്‌ഹാം യുനൈറ്റഡിനെതിരായ മല്‍സരത്തില്‍ ഭാഗ്യം മാത്രമാണ് നീലപ്പടയെ തുണച്ചത്. ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫുള്‍ഹാമിനോട് പരാജയപ്പെട്ടതിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തി ടേബിളിലെ നില മെച്ചപ്പെടുത്താന്‍ ലഭിച്ച സുവര്‍ണ്ണാവസരം ഉപയോഗപ്പെടുത്താന്‍ ജോണ്‍ ടെറിക്കും സംഘത്തിനും കഴിഞ്ഞില്ല. വെസ്‌റ്റ് ഹാമിനോട് 1-1 വഴങ്ങിയിട്ടും ടേബിളില്‍ നാല് പോയന്റിന്റെ വിത്യാസത്തില്‍ ചെല്‍സി തന്നെയാണ് ഒന്നാമത്. ഇടവേളക്ക് തൊട്ട് മുമ്പ് ജാക് കോലിസണ്‍ പെനാല്‍ട്ടിയില്‍ നിന്നും വെസ്റ്റ് ഹാമിനെ മുന്നിലെത്തിച്ചിരുന്നു. എന്നാല്‍ രണ്ടാം പകുതിയിലെ സമനിലക്ക് ചെല്‍സി റഫറിയോട് നന്ദി പറയണം. ഇല്ലാത്ത ഫൗളിനാണ് റഫറി ചെല്‍സിക്ക് അനുകൂലമായി പെനാല്‍ട്ടി വിധിച്ചത്. മൂന്ന് തവണയാണ് ഫ്രാങ്ക് ലംപാര്‍ഡ് പെനാല്‍ട്ടി കിക്ക് എടുത്തത്. മൂന്ന് തവണയും അനുഭവസമ്പന്നനായ താരത്തിന് പിഴച്ചില്ല. ആദ്യ രണ്ട് തവണയും കിക്കെടുക്കുന്നതിന് മുമ്പ് തന്നെ താരങ്ങള്‍ ബോക്‌സില്‍ പ്രവേശിച്ചത് കാരണമാണ് മൂന്നാമതും കിക്കെടുത്തത്.
അവസാന പോയന്റ് നില
ചെല്‍സി 41
മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ് 37
ആഴ്‌സനല്‍ 35
ആസ്‌റ്റണ്‍ വില്ല 35
ടോട്ടന്‍ഹാം 33
ബഗാന് തകര്‍പ്പന്‍ വിജയം
ഗോഹട്ടി: ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളില്‍ മോഹന്‍ ബഗാനും മഹീന്ദ്ര യുനൈറ്റഡിനും മുംബൈ എഫ്.സിക്കും ചര്‍ച്ചില്‍ ബ്രദേഴ്‌സിനും തകര്‍പ്പന്‍ വിജയങ്ങള്‍. നാട്ടുകാരായ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗിനെ 4-1 നാണ് നിലവിലെ ജേതാക്കളായ ബഗാന്‍ കശക്കിയത്. യോഗ്യതാ റൗണ്ട് കടന്നുവന്ന മുഹമ്മദന്‍സ് ഒന്നാം പകുതിയില്‍ പോരാട്ട വീര്യം കാട്ടി. എന്നാല്‍ രണ്ടാം പകുതിയില്‍ ടീം തളര്‍ന്നു. ആറാം മിനുട്ടില്‍ ജോസ് റാമിറസ് ബരാറ്റോയാണ് ബഗാന് വേണ്ടി ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്. മുപ്പത്തിമൂന്നാം മിനുട്ടില്‍ മിന്നല്‍ നീക്കത്തില്‍ ജ്യോതികുമാര്‍ മുഹമ്മദന്‍സിന് വേണ്ടി സമനില നേടിയപ്പോള്‍ കൊല്‍ക്കത്താ വൈരികളുടെ ബലാബലത്തിന് കരുത്തായി. എന്നാല്‍ ഒന്നാം പകുതിക്ക് തൊട്ട് മുമ്പ് റിജു സലുയോ ബഗാനെ വീണ്ടും മുന്നിലെത്തിച്ചു. തിരിച്ചടികള്‍ക്കുളള മുഹമ്മദന്‍സ് ശ്രമങ്ങള്‍ക്കിടെ തൊണ്ണൂറാം മിനുട്ടില്‍ ബരാറ്റോ അവസരവാദിയായി ടീമിന്റെ വിജയമുറപ്പിച്ചു. ഇഞ്ച്വറി ടൈമില്‍ ചിദി എദ്ദെ നാലാം ഗോളും നേടി. മുന്‍നിരയില്‍ ചിദി എദെയും ബരാറ്റോയും തമ്മിലുള്ള അപകടകരമായ സഖ്യമാണ് മുഹമ്മദന്‍സിന് വിനയായത്.
ചിരാഗ് യുനൈറ്റഡിനെ 1-2 ന് തോല്‍പ്പിച്ചാണ് ഉദ്‌ഘാടന ദിവസത്തില്‍ മഹീന്ദ്ര യുനൈറ്റഡ് കരുത്ത് പ്രകടിപ്പിച്ചത്. ഐ ലീഗില്‍ കരുത്തോടെ കളിക്കുന്ന ചിരാഗിന് ജീപ്പുകാര്‍ക്കെതിരെ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ഒന്നാം പകുതിയുടെ അവസാനത്തില്‍ ഇന്ത്യന്‍ നായകനായ സൂശീല്‍ കുമാര്‍ മഹീന്ദ്രയെ മുന്നിലെത്തിച്ചു. അറുപത്തിമൂന്നാം മിനുട്ടില്‍ എന്‍.പി പ്രദീപ് ലീഡ് ഉയര്‍ത്തി. പെനാല്‍ട്ടിയില്‍ നിന്ന് എഡ്‌മില്‍സണ്‍ ചിരാഗിന് വേണ്ടി ഒരു ഗോള്‍ മടക്കിയെങ്കിലും സമനിലക്കായുള്ള അവരുടെ സമ്മര്‍ദ്ദങ്ങള്‍ ഫലിച്ചില്ല.
സില്‍ച്ചാറില്‍ നടന്ന മല്‍സരത്തില്‍ 2-1ന് മുംബൈ എഫ്.സി സ്‌പോര്‍ട്ടിംഗ് ക്ലബ് ഗോവയെ പരാജയപ്പെടുത്തി. അദിസ ആമോസ് സ്‌പോര്‍ട്ടിംഗിനായി ഇരുപത്തിയേഴാം മിനുട്ടില്‍ ഗോള്‍ നേടി. എന്നാല്‍ പത്ത് മിനുട്ടിനകം ലോയിഡ് പെരേര മുംബൈ എഫ്.സിക്കായി സമനില സമ്പാദിച്ചു. എഴുപത്തിയഞ്ചാം മിനുട്ടില്‍ സുഭാഷ് ചക്രവര്‍ത്തിയാണ് വിജയഗോള്‍ നേടിയത്. യോഗ്യതാ റൗണ്ട് കടന്നെത്തിയ എച്ച്.ഏ. എല്‍ ബാംഗ്ലൂരിനെ മൂന്ന് ഗോളിന് മുക്കി ആദ്യദിവസ വിജയം ചര്‍ച്ചില്‍ ബ്രദേഴ്‌സും ആഘോഷമാക്കി. 25 ാം മിനുട്ടില്‍ കതാംഗ് പൈതെയും 67 ാം മിനുട്ടില്‍ ഒഡാഫെ ഒനാകെയും 83 ാം മിനുട്ടില്‍ വീണ്ടും പൈതെയും ഗോളുകള്‍ നേടി.
ഇന്ന് വിവ
ഗോഹട്ടി: ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ന് നടക്കുന്ന മല്‍സരത്തില്‍ വിവ കേരള ഈസ്റ്റ് ബംഗാളുമായി കളിക്കും. ഐ ലീഗില്‍ തപ്പിതടയുന്ന കേരളാ ടീമിന് കനത്ത വെല്ലുവിളിയാണ് ബൈജൂംഗ് ബൂട്ടിയ കളിക്കുന്ന ഈസ്റ്റ് ബംഗാള്‍. ഇത്തവണ യോഗ്യതാ റൗണ്ടില്‍ കേരളത്തിന്റെ പ്രതിനിധികളാണ എസ്.ബി.ടി വേഗത്തില്‍ പുറത്തായ സാഹചര്യത്തില്‍ വിവയാണ് കാര്യമായ പ്രതീക്ഷ. പക്ഷേ ഐ ലീഗില്‍ നിരാശ സമ്മാനിക്കുന്ന വിവക്ക് മെച്ചപ്പെട്ട പ്രകടനം നടത്തിയാല്‍ മാത്രമാണ് രക്ഷപ്പെടാന്‍ കഴിയുക. ശക്തരായ പ്രതിയോഗികള്‍ക്കെതിരെ മികച്ച പ്രകടനം നടത്തിയ റെക്കോര്‍ഡ് തന്റെ ടീമിനുണ്ടെന്നാണ് നായകന്‍ എം.പി സക്കീര്‍ പറയുന്നത്.
No comments:
Post a Comment