Saturday, December 26, 2009

MAMMOOTTY AND MOHANLAL ONLY
വിവാദങ്ങളാണ്‌ വാര്‍ത്തകള്‍... വിവാദങ്ങളും വാര്‍ത്തകളുമായിരുന്നു 2009 ല്‍ മലയാള സിനിമ... കലാമൂല്യത്തിന്റെ വെള്ളിത്തിരാവിഷ്‌ക്കാരങ്ങള്‍ നിഷ്‌കരുണം തഴയപ്പെട്ടപ്പോള്‍ ഫാന്‍സുകാരുടെ കോമാളിത്തരങ്ങളില്‍ നിലയില്ലാ കയത്തിലേക്ക്‌ മുങ്ങിയ സിനിമാലോകത്ത്‌ വിശേഷങ്ങള്‍ക്ക്‌ കുറവുണ്ടായിരുന്നില്ല. പക്ഷേ വിശേഷങ്ങളിലേക്ക്‌ വിവാദങ്ങള്‍ അതിഥികളായി വന്ന കാഴ്‌ച്ചയില്‍ എല്ലാം വെറും പുറം ജാഡകളായി മാറി. കേരളവര്‍മ്മ പഴശ്ശിരാജ എന്ന ചരിത്ര ചിത്രം ചര്‍ച്ച ചെയ്യപ്പെട്ടത്‌ വിവാദങ്ങളുടെ പേരിലായിരുന്നു. അടൂര്‍ ഗോപാലകൃഷ്‌ണന്‍ എന്ന വിഖ്യാതനായ ചലച്ചിത്രകാരന്റെ സിനിമകളും വിവാദകോണിലാണ്‌ ചര്‍ച്ചകളിലേക്ക്‌ വന്നത്‌. സൂപ്പര്‍ -മെഗാ താരങ്ങള്‍ ഫാന്‍സുകാരുടെ വലയത്തില്‍ കൃത്യമ സംസ്‌ക്കാരത്തിന്റെ വക്താക്കളായി മാറിയപ്പോള്‍ നല്ല സിനിമകള്‍ പിറന്നിട്ടും അതിനെ സ്വീകരിക്കാന്‍ ആളില്ലാതെ പോയി.
തമിഴ്‌ സിനിമകളെ ചൂണ്ടിക്കാട്ടി അത്‌ കണ്ടില്ലേ എന്ന്‌ ചോദിക്കേണ്ട ഗതിക്കേടിലേക്ക്‌ മലയാള സിനിമ കൂപ്പുകുത്തിയ വര്‍ഷത്തില്‍ തിയേറ്റുകാരും വിതരണക്കാരും മാക്ടയും ഫെഫ്‌ക്കയും അമ്മയുമെല്ലാം സ്വന്തം റോള്‍ മനോഹരമായി അഭിനയിച്ചു. വെളളിത്തരയില്‍ കാണുന്ന സ്‌റ്റണ്ടുകള്‍ നേരില്‍ ലൈവായി ടെലിവിഷനില്‍ കാണാനായപ്പോള്‍ വിനയനും മാക്ടയും ബൈജു കൊട്ടാരക്കരയുമെല്ലാം ടെലിവിഷന്‍ ചര്‍ച്ചകള്‍ക്ക്‌ ചൂടുളള നായകന്മാരായി. ആരും നല്ല സിനിമകളെ ഗൗരവതരം ചര്‍ച്ച ചെയ്‌തില്ല എന്നതാണ്‌ 2009 ന്റെ അപരാധം. അടൂരിന്റെ ഒരു പെണ്ണും രണ്ടാണ്ണും മനോഹരമായ സിനിമയായിരുന്നു എന്നതിന്‌ സാക്ഷികളാവാന്‍ തിയേറ്ററുകളില്‍ അധികാരുമെത്തിയിരുന്നില്ല. ലോകത്തിന്‌ മുന്നില്‍ മലയാളത്തിന്റെ വിളക്കായി പരിലസിക്കുന്ന വിഖ്യാത സംവിധായകന്‌ തന്റെ സിനിമകള്‍ കാണാന്‍ ജനങ്ങളോട്‌ അഭ്യര്‍ത്ഥിക്കേണ്ടി വന്നെങ്കില്‍ അത്‌ നമ്മുടെ ആസ്വാദനാ സംസ്‌ക്കാരത്തിന്റെ തകര്‍ച്ചയാണ്‌ സൂചിപ്പിക്കുന്നത്‌. മലയാളത്തിനും ഇന്ത്യന്‍ സിനിമക്കും ഒട്ടനവധി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച അടൂരിനെ തേടി അവാര്‍ഡുകള്‍ വീണ്ടും വന്നപ്പോള്‍ അതിനെതിരെ പട നയിക്കാന്‍ പോലും പരസ്യമായി സിനിമാപ്രവര്‍ത്തകര്‍ തന്നെ രംഗത്ത്‌ വന്നു. അവര്‍ വിവാദത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു. രാമാനം എന്ന സിനിമ ഒരുക്കിയ എം.പി സുകുമാരന്‍ നായര്‍ പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കാനും പറയാനും ആഗ്രഹിച്ചത്‌ നന്മയായിരുന്നു. പക്ഷേ നന്മകള്‍ക്കൊപ്പം സഞ്ചരിക്കാനും അതിലെ സന്തോഷം നുകരാനും ആര്‍ക്കും താല്‍പ്പര്യമില്ലായിരുന്നു. കുടുംബ ചിത്രങ്ങള്‍ നല്‍കിയ ജോഷി മാത്യൂ ഇന്നസെന്റ്‌്‌ എന്ന നടന്‌ പുതിയ മുഖവും മലയാളത്തിന്‌ പുതിയ വിഷയവും സമ്മാനിച്ചപ്പോള്‍ തിയേറ്ററുകളില്‍ പത്താം നിലയിലെ തീവണ്ടി ഒരു ദിവസം പോലും പിന്നിട്ടില്ല. മധു കൈതപ്രം ഏറ്റവും മികച്ച കന്നി സംവിധായകനുളള ദേശീയ പുരസ്‌ക്കാരം നേടിയ യുവപ്രതിഭയാണ്‌. അദ്ദേഹത്തിന്റെ മധ്യവേനല്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. ജയരാജിന്റെ ലൗഡ്‌ സ്‌പീക്കര്‍ എല്ലാവരും വെറുതെ തള്ളി. ബ്ലെസിയുടെ ഭ്രമരത്തിനും ആസ്വാദകരുടെ ഗുഡ്‌ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചില്ല.
പകരം കോമാളി ചിത്രങ്ങളും സൂപ്പര്‍താര ഗിമിക്കുകളുമാണ്‌ ആസ്വാദനത്തിന്റെ ഉന്നതങ്ങളില്‍ ടിക്കറ്റുകളായി മാറിയത്‌. മലായാളിക്ക്‌ നല്ല സിനിമ കാണാനുളള ക്ഷമയില്ലാതായിരിക്കുന്നു. ചിന്തിക്കാനും കരയാനുമല്ല ചിരിക്കാനാണ്‌ കാശ്‌ മുടക്കുന്നത്‌ എന്ന്‌ പരസ്യമായി പറയുന്ന പ്രേക്ഷകന്‌ മുന്നില്‍ പരീക്ഷണ വസ്‌തുവാകാന്‍ ധൈര്യമുളള നിര്‍മ്മാതാക്കളില്ല. 2010 ല്‍ പരീക്ഷണ ചിത്രങ്ങള്‍ വന്നില്ലെങ്കില്‍ അല്‍ഭുതപ്പെടാനില്ല. ഇറക്കുമതി ചിത്രങ്ങളായ 2012 ഉം അവതാറുമെല്ലാം കാണാന്‍ ജനം ക്യൂ നില്‍ക്കുകയാണ്‌. അവര്‍ക്ക്‌ വേണ്ടത്‌ സാഹസികതയും സസ്‌പെന്‍സും ആക്ഷനുമാണ്‌. അത്‌്‌ വാരികോരി നല്‍കണമെങ്കില്‍ പണം വേണം. അങ്ങനെ പണം മുടക്കി ബിഗ്‌ ബഡ്‌ജറ്റ്‌ ചിത്രങ്ങള്‍ നിര്‍മ്മിച്ചാല്‍ തന്നെ അതിന്‌ ഗ്യാരണ്ടിയുമില്ല. പഴശ്ശിരാജ എന്ന ചിത്രം വലിയ ഉദാഹരണമാണ്‌. ഗോകുലം ഗോപാലന്റെ വലിയ പ്രയത്‌നത്തിലും ഹരിഹരന്‍, എം.ടി വാസുദേവന്‍ നായര്‍, മമ്മുട്ടി ടീമിന്റെ മികവിലും നല്ല സിനിമയായി മാറിയ പഴശ്ശി പക്ഷേ ചര്‍ച്ചകളിലേക്ക്‌ വന്നത്‌ പനോരമ സെലക്ഷനില്‍ തളളപ്പെട്ടതിലും പഴശ്ശി കുടുംബക്കാരുടെ കേസുകളിലും മറ്റുമാണ്‌. സിനിമ എന്ന തലത്തില്‍ പഴശ്ശിരാജ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. ഒരു ചരിത്ര കഥാപാത്രത്തെ ആസ്‌പദമാക്കി വലിയ ബഡ്‌ജറ്റില്‍ ഒരു സിനിമ നിര്‍മ്മിക്കുമ്പോള്‍ അതിന്റെ പോരായ്‌മകള്‍ ചൂണ്ടിക്കാട്ടാം. പക്ഷേ ഇവിടെ നടന്നത്‌ പോരായ്‌മകളെ പര്‍വതീകരിച്ചുളള വാര്‍ത്താ സംഭവങ്ങളായിരുന്നു. 2009 ലെ മികച്ച വിജയ ചിത്രമായി മാറിയ ടു ഹരിഹര്‍ നഗര്‍ വെറുമൊരു തമാശക്കൂട്ടമായിരുന്നു. അതിനായിരുന്നു തിക്കും തിരക്കും. സിനിമ കണ്ടു കഴിഞ്ഞാല്‍ ഓര്‍ക്കുവാന്‍ ഒന്നുമുണ്ടായിരുന്നില്ല ആ ലാല്‍ ചിത്രത്തിന്‌. പക്ഷേ പണം വാരാനുളള എല്ലാ മസാലകളും സമരസമായി കൂട്ടിചേര്‍ക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു. തിരശ്ശീലക്ക്‌ പിറകിലേക്ക്‌ പോവുന്ന വര്‍ഷത്തിലെ രണ്ട്‌്‌ വിജയ ചിത്രങ്ങളായി പഴശ്ശിരാജയും ടു ഹരിഹര്‍ നഗറും മാറിയപ്പോള്‍ ആ വിജയങ്ങള്‍ നല്‍കുന്നത്‌ സുഗന്ധമല്ല എന്ന സത്യം 2010 ലെങ്കിലും നമ്മുടെ ചലച്ചിത്ര വ്യവസായത്തെ നയിക്കുന്നവര്‍ മനസ്സിലാക്കുമെന്ന്‌ കരുതാം.
മമ്മുട്ടിയും മോഹന്‍ലാലും തന്നെയാണ്‌ ഇന്നും മലയാള സിനിമയുടെ നട്ടെല്ല്‌. മമ്മുട്ടിക്ക്‌ അഭിമാനിക്കാം. പഴശ്ശിരാജയിലും പാലേരി മാണിക്ക്യം ഒരു പാതിരാ കൊലപാതകത്തിലും കേരള കഫേയിലും അദ്ദേഹത്തിന്‌ മികച്ച പ്രകടനത്തിനൊപ്പം നല്ല സിനിമയോടുളള സ്‌നേഹം പ്രകടിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്‌. പാതിരാ കൊലപാതകത്തിലെ വില്ലന്‍ ഹാജിയാരുടെ വേഷത്തെ തേടി പുരസ്‌ക്കാരങ്ങള്‍ വരും എന്ന്‌ മമ്മുട്ടി ഫാന്‍സുകാര്‍ ആഗ്രഹിക്കുമ്പോഴും സ്വന്തം താരത്തിന്റെ നല്ല ചിത്രങ്ങളെ സംരക്ഷിക്കാന്‍ ഫാന്‍സുകാര്‍ ഒന്നും ചെയ്യുന്നില്ല എന്ന സത്യത്തിന്‌ തെളിവായി പലതും ചൂണ്ടികാണിക്കാനാവും. പാലേരി മാണിക്ക്യത്തിന്റെ കലാമൂല്യം ചര്‍ച്ച ചെയ്യപ്പെടാതെ പോവുന്നത്‌ അപരാധമാണ്‌. പഴശ്ശിരാജയില്‍ മമ്മുട്ടിക്ക്‌ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല വടക്കന്‍വീരഗാഥയില്‍ മികച്ച ഡയലോഗ്‌്‌ പ്രസന്റേഷനിലുടെ തന്റെ സാന്നിദ്ധ്യം തെളിയിക്കാന്‍ അദ്ദേഹത്തിനായെങ്കില്‍ പഴശ്ശിയില്‍ ആ ഒരു ശബ്ദ സാന്നിദ്ധ്യമുണ്ടായിരുന്നില്ല. പഴശ്ശിരാജ ശരിക്കും സംവിധായകന്റെ വിജയമാണ്‌. വലിയ ഒരു സംഘം ആര്‍ട്ടിസ്‌റ്റുകളെ കോര്‍ത്തിണക്കി, വര്‍ഷങ്ങള്‍ ദീര്‍ഘിച്ച കാത്തിരിപ്പില്‍ ഒരുങ്ങിയ ചിത്രം ശരിക്കും ദ്യശ്യാനുഭവമായിരുന്നു. അവിടെ റസൂല്‍ പുക്കുട്ടിക്കും ഇളയരാജക്കും എം.ടി വാസുദേവന്‍ നായര്‍ക്കും ഒ.എന്‍.വി കുറുപ്പിനുമെല്ലാം മാര്‍ക്ക്‌ നല്‍കണം. അതേ മമ്മുട്ടി തന്നെ കോമാളി വേഷത്തില്‍ പ്രേക്ഷകരെ വെല്ലുവിളിച്ച ചിത്രങ്ങളായിരുന്നു ലവ്‌ ഇന്‍ സിംഗപ്പൂരും പട്ടണത്തില്‍ ഭൂതവും ചട്ടമ്പിനാടും ഡാഡി കൂളുമെല്ലാം.
മോഹന്‍ലാല്‍ അന്ന അനുഗ്രഹീത നടന്റെ വിസ്‌മയഭാവം ഭ്രമരത്തില്‍ മാത്രമാണ്‌ കാണാനായത്‌. ബ്ലെസിയുടെ ചിത്രത്തില്‍ ശരിക്കും അദ്ദേഹം ജീവിക്കുകയായിരുന്നു. ആ വേഷം അത്ര തന്മയത്ത്വത്തോടെ ചെയ്യാന്‍ മലയാളത്തിലെന്നല്ല ഇന്ത്യന്‍ സിനിമയില്‍ പോലും ആര്‍ക്കുമാവില്ല. അതേ ലാലാണ്‌ റെഡ്‌ ചീല്ലിസിലും എയ്‌ഞ്ചല്‍ ജോണിലും സാഗര്‍ എലിയാസ്‌ ജാക്കിയിലുമെല്ലാം മൂന്നാം കിടക്കാരനായത്‌. ചിത്രങ്ങള്‍ സെലക്ട്‌ ചെയ്യുന്ന കാര്യത്തില്‍ ഇപ്പോഴും ലാല്‍ ജാഗ്രത പാലിക്കുന്നില്ല എന്നതിന്‌ വ്യക്തമായ ഉദാഹരണങ്ങളാണ്‌ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. ടെലിവിഷനുകളിലെ പരസ്യത്തില്‍ ലാലിനെ കാണാന്‍ രസമുണ്ട്‌. അതേ ലാലിനെ ലാലാക്കിയത്‌ സിനിമയാണ്‌. പക്ഷേ സിനിമയിലെ ലാല്‍ വെറും കഥാപാത്രങ്ങളായി മാറുകയാണ്‌. പഴയ ആ ടച്ച്‌ തിരികെ പ്രേക്ഷകന്‌ നല്‍കാന്‍ അദ്ദേഹത്തിനാവുന്നില്ല. ദിലീപ്‌, പ്രിഥിരാജ്‌, മുകേഷ്‌, ജയറാം, സുരേഷ്‌ ഗോപി തുടങ്ങിയവരെല്ലാം മലയാള സിനിമയില്‍ അതിഥികളെ പോലെയാണ്‌. മുകേഷിന്‌ വലിയ ഹിറ്റ്‌ സമ്മാനിക്കാനായി. പക്ഷേ അത്‌ അദ്ദേഹത്തിന്റെ ക്രെഡിറ്റിലേക്ക്‌ ആരും നല്‍കില്ല.
20-20 എന്ന വന്‍ ഹിറ്റിന്റെ നിര്‍മ്മാതാവായ ദിലിപീന്‌ സ്വന്തമായി ഒരു ചിത്രം പോലും 09 ല്‍ വിജയിപ്പിക്കാനായില്ല. ക്രേസി ഗോപാലനെ പോലുളള അദ്ദേഹത്തിന്റെ കോമളിത്തരങ്ങള്‍ക്ക്‌ ആരും മാര്‍ക്ക്‌ നല്‍കില്ല. സുരേഷ്‌ ഗോപി തോക്കെടുത്തിട്ടും രക്ഷയില്ല. ജയറാമിന്‌ പോയ വര്‍ഷം നല്ല ഒരു കുടുംബ ചിത്രത്തമുണ്ടായിരുന്നു. ഇത്തവണ ഒന്നുമില്ല. നടിമാരുടെ കാര്യത്തില്‍ എല്ലാം പതിവ്‌ പോലെ. കനീഹയുടെ പഴശ്ശിരാജയിലെ വേഷമാണ്‌ ശ്രദ്ധിക്കപ്പെട്ടത്‌.
സംവിധായകരുടെ കാര്യവും ഇത്തരത്തില്‍ തന്നെ. ഗതകാല സൂപ്പറുകളായ ഐ.വി ശശിയും ഫാസിലും രാജസേനനും ജോഷിയും റാഫി മെക്കാര്‍ട്ടിനും ഷാജി കൈലാസുമെല്ലാം വലിയ ദുരന്തങ്ങളാണ്‌ സമ്മാനിച്ചത്‌. ശശിയുടെ വെളളത്തൂവല്‍ ആരും കണ്ടില്ല. ഫാസിലിന്റെ മൗസ്‌ ആന്‍ഡ്‌ ക്യാറ്റ്‌ വന്‍ ദുരന്തമായിരുന്നെങ്കില്‍ ജോഷിയുടെ റോബിന്‍ ഹുഡ്‌ അദ്ദേഹത്തിന്റെ കവിരുത്‌ തെളിയിച്ചു. പക്ഷേ പ്രേക്ഷകരെ ആകര്‍ഷിച്ചില്ല. രാജസേനന്‍ സംവിധായകനായും നായകനായും വന്ന ഭാര്യ ഒന്ന്‌, മക്കള്‍ മൂന്ന്‌ ആത്മഹത്യപരമായിരുന്നു. ചില സംവിധായകര്‍ പക്ഷേ വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്‌. പാസഞ്ചര്‍ എന്ന ചിത്രം ഒരുക്കിയ രണ്‍്‌ജിത്‌ ശങ്കറാണ്‌ ഇവരില്‍ ഒന്നാമന്‍. മികച്ച ചിത്രമായിരുന്നു പാസഞ്ചര്‍. ഓര്‍ക്കുക വല്ലപ്പോഴും എന്ന ചിത്രം സംവിധാനം ചെയ്‌ത സോഹന്‍ലാലും നാളെയുടെ വാഗ്‌ദാനമാണ്‌. വര്‍ഷത്തിന്റെ നഷ്ടങ്ങളായി ലോഹിതദാസും അടൂര്‍ ഭവാനിയും രാജന്‍ പി ദേവും മുരളിയുമുണ്ട്‌.
2010 ലേക്ക്‌ മലയാള സിനിമ നീങ്ങുമ്പോള്‍ ഒരു പിടി നല്ല ചിത്രങ്ങള്‍ പതിവ്‌ പോലെ അണിയറയില്‍ ഒരുങ്ങുന്നുണ്ട്‌. ഷാജി എന്‍ കരുണിന്റെ കുട്ടിസ്രാങ്ക്‌്‌ ചിലര്‍ മാത്രമാണ്‌ കണ്ടത്‌. അടുരിനെ പോലുള്ളവരും പുതിയ സിനിമയുടെ പിന്നണിയിലാണ്‌. പക്ഷേ ഫാന്‍സുകാരുടെ പിന്തിരിപ്പന്‍ നയം മാറാത്തപക്ഷം നല്ല ചിത്രങ്ങള്‍ വിജയിക്കില്ല. അല്ലെങ്കില്‍ നല്ല സിനിമകളെ വിജയിപ്പിക്കാന്‍ ഒരു പുതിയ ഫാന്‍സ്‌ തന്നെ വേണ്ടിയിരിക്കുന്നു. നല്ല ചിത്രത്തിന്‌ വേണ്ടി പണം മുടക്കാനും തിയേറ്ററുകള്‍ നല്‍കാനും സര്‍ക്കാരും ചലച്ചിത്ര വികസന കോര്‍പ്പറേഷനും രംഗത്ത്‌ വരുന്ന പക്ഷം മാത്രമാണ്‌ പഴയ നല്ല നാളുകള്‍ നമുക്ക്‌ തിരികെ ലഭിക്കുകയുളളു. അല്ലാത്തപക്ഷം എല്ലാം പതിവ്‌ പോലെ കലാശിക്കും. നമുക്ക്‌ ചര്‍ച്ച ചെയ്യാന്‍ മമ്മുട്ടിയും മോഹന്‍ലാലും മാത്രമായി ഒതുങ്ങും.

No comments: