Friday, January 8, 2010

KAMARAN IN QUE

കമറാന്‍ പുറത്തേക്ക്‌
ലാഹോര്‍: കമറാന്‍ അക്‌മല്‍ എന്ന കൊച്ചു വിക്കറ്റ്‌ കീപ്പറെ പാക്കിസ്‌താന്‍ ദേശീയ സംഘത്തില്‍ തല്‍ക്കാലം കണ്ടിട്ടില്ലെങ്കില്‍ അല്‍ഭുതപ്പെടാനില്ല. അദ്ദേഹത്തെ പുറത്താക്കാന്‍ ടീം മാനേജ്‌മെന്റ്‌്‌ തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നു. സിഡ്‌നി ടെസ്റ്റിലെ ദയനീയമായ തോല്‍വിക്ക്‌ പാക്കിസ്‌താന്‍ കണ്ടെത്തിയിരിക്കുന്ന ബലിയാടാണ്‌ അക്‌മല്‍. വിക്കറ്റിന്‌ പിറകില്‍ അക്‌മല്‍ വരുത്തിയ പിഴവുകളാണ്‌ പാക്കിസ്‌താന്‌ ജയത്തിന്റെ വക്കില്‍ നിന്നും തോല്‍വി സമ്മാനിച്ചതെന്നാണ്‌ വിലയിരുത്തല്‍. അതിനാല്‍ തന്നെ കമറാന്‌ പകരക്കാരനായി സര്‍ഫറാസ്‌ അഹമ്മദ്‌ എന്ന വിക്കറ്റ്‌ കീപ്പര്‍ 14ന്‌ ഹൊബാര്‍ട്ടില്‍ ആരംഭിക്കുന്ന അവസാന ടെസ്റ്റില്‍ കളിക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. പാക്കിസ്‌താന്‍ കോച്ച്‌ ഇന്‍ത്തികാബ്‌ തന്നെ ഇത്‌ സംബന്ധിച്ച്‌ സൂചന നല്‍കിയിട്ടുണ്ട്‌. സിഡ്‌നിയില്‍ കമറാന്‍ വരുത്തിയ പിഴവുകള്‍ക്ക്‌ ടീമിന്‌ വലിയ വില നല്‍കേണ്ടി വന്നുവെന്നാണ്‌ കോച്ച്‌ സൂചിപ്പിച്ചത്‌. എന്നാല്‍ കമറാന്‌ പകരം പുതിയ വിക്കറ്റ്‌ കീപ്പറെ ടീമിലെടുക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ലെന്നും കോച്ച്‌ വ്യക്തമാക്കിയിട്ടുണ്ട്‌.
സിഡ്‌നി ടെസ്‌റ്റിലെ തോല്‍വിയോടെ ദേശീയ ടീമിനെതിരെ നാട്ടില്‍ കനത്ത വിമര്‍ശനമാണ്‌. ഓസ്‌ട്രേലിയ പോലെ വലിയ ഒരു ടീമിനെതിരെ വ്യക്തമായ വിജയസാധ്യതയുണ്ടായിരുന്ന മല്‍സരത്തില്‍ ആരെയും നാണിപ്പിക്കുന്ന തരത്തിലാണ്‌ ടീം തോറ്റതെന്ന്‌ പ്രമുഖ മാധ്യമങ്ങള്‍ കുറ്റപ്പെടുത്തിയിരുന്നു. ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത തോല്‍വിയെന്നാണ്‌ മുന്‍ നായകന്‍ ഇമ്രാന്‍ഖാന്‍ സിഡ്‌നി ദുരന്തത്തെ വിശേഷിപ്പിച്ചത്‌.
ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗിസ്‌ ചെറിയ സ്‌ക്കോറില്‍ അവസാനിപ്പിക്കുന്നതില്‍ മുഹമ്മദ്‌ ആസിഫും മുഹമ്മദ്‌ സമിയും വിജയിച്ച ആദ്യ ദിനത്തില്‍ തന്നെ പാക്കിസ്‌താന്‍ വിജയിക്കുമെന്ന വ്യക്തമായ സൂചനകളാണ്‌ സിഡ്‌നി നല്‍കിയത്‌. രണ്ടാം ദിവസം തകര്‍പ്പന്‍ ബാറ്റിംഗിലൂടെ 200 നപ്പുറം ലീഡും ടീം നേടി. രണ്ടാം ഇന്നിംഗ്‌സില്‍ വലിയ സമ്മര്‍ദ്ദത്തിലാണ്‌ ഓസ്‌ട്രേലിയ ബാറ്റ്‌ ചെയ്‌തത്‌. മികച്ച ഓപ്പണിംഗിന്‌ ശേഷം മധ്യനിര വിക്കറ്റുകള്‍ സ്‌പിന്നര്‍ ഡാനിഷ്‌ കനേരിയ വീഴ്‌ത്തിയപ്പോള്‍ പാക്കിസ്‌താന്റെ വിജയപഥം എളുപ്പമായിരുന്നു. എന്നാല്‍ മൈക്‌ ഹസി എന്ന വിശ്വസ്‌തനെ നാല്‌ തവണ വിക്കറ്റിന്‌ പിറകില്‍ കമറാന്‍ വിട്ടത്‌ വലിയ വിനയായി. ഹസി 7 ല്‍ നില്‍ക്കുമ്പോള്‍ മുതലായിരുന്നു അക്‌മലിന്റെ പിഴവുകള്‍. നാല്‌ തവണയും നിര്‍ഭാഗ്യവാനായ ബൗളര്‍ കനേരിയയായിരുന്നു. ഭാഗ്യത്തില്‍ നിന്നും രക്ഷപ്പെട്ട്‌ വന്ന ഹസി ഒമ്പതാം വിക്കറ്റില്‍ പീറ്റര്‍ സിഡിലിനൊപ്പം സെഞ്ച്വറി സഖ്യമാണ്‌ പടുത്തുയര്‍ത്തിയത്‌. പുറത്താവാതെ മൂന്നക്കം നേടിയ ഹസിയുടെ മാത്രം കരുത്തില്‍ ഓസ്‌ട്രേലിയ 175 റണ്‍സ്‌ ലീഡ്‌ നേടിയപ്പോള്‍ എസ്‌.സി.ജിയില്‍ അവസാന ദിവസം കാര്യങ്ങള്‍ പാക്കിസ്‌താന്‌ അത്ര എളുപ്പമായിരുന്നില്ല. ഓസീസ്‌ സ്‌പിന്നര്‍ നതാന്‍ ഹൗറിറ്റ്‌സ്‌ മിന്നിയ കാഴ്‌ച്ചയില്‍ പാക്കിസ്‌താന്‍ തോല്‍ക്കുന്നത്‌ നാടകീയമായി എല്ലാവര്‍ക്കും കാണ്ടേണ്ടി വന്നു. ഒന്നാം ഇന്നിംഗ്‌സില്‍ ചെറിയ സ്‌ക്കോറിന്‌ പുറത്തായിട്ടും ടെസ്‌റ്റില്‍ ഓസ്‌ട്രേലിയ ജയിച്ചുവന്നത്‌ ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിലെ അല്‍ഭുതരകമായ കാഴ്‌ച്ചയായിരുന്നു. ഹസി മാന്‍ ഓഫ്‌ ദ മാച്ചായി മാറുകയും ചെയ്‌തു.
രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും അല്‍പ്പകാലം മാറി നിന്നാല്‍ കമറാന്‍ കരുത്തോടെ തിരിച്ചുവരാന്‍ കഴിയുമെന്നാണ്‌ ആലം പറയുന്നത്‌. ഇപ്പോള്‍ അദ്ദേഹത്തിന്റെ മാനസിക നില രാജ്യാന്തര മല്‍സരത്തിന്‌ അനുയോജ്യമായിരിക്കില്ല. ചെറിയ ബ്രേക്ക്‌ വേണം. ഹൊബാര്‍ട്ടില്‍ പാക്കിസ്‌താന്‍ കളിക്കുമ്പോള്‍ കമറാന്‌ പുറമെ മധ്യനിര ബാറ്റിംഗിലും മാറ്റമുണ്ടാവുമെന്നും സൂചനയുണ്ട്‌. റണ്‍സിന്‌ വിഷമിക്കുന്ന മിസ്‌ബാഹുല്‍ ഹഖിന്‌ പകരം മുന്‍ നായകന്‍ ഷുഹൈബ്‌ മാലിക്‌ ആദ്യ ഇലവനില്‍ വരാനാണ്‌ സാധ്യത. മെല്‍ബണ്‍ ടെസ്‌റ്റില്‍ അര്‍ദ്ധ സെഞ്ച്വറിയോടെ തുടങ്ങിയ മിസ്‌ബക്ക്‌ സിഡ്‌നിയില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ സ്ഥാനത്ത്‌ മാലിക്‌ വന്നാല്‍ ബാറ്റിംഗില്‍ മാത്രമല്ല ബൗളിംഗിലും അദ്ദേഹത്തെ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നാണ്‌ ടീം മാനേജ്‌മെന്റ്‌ കരുതുന്നത്‌. ഉമര്‍ അക്‌മല്‍ എന്ന ബാറ്റ്‌സ്‌മാന്‍ മാത്രമാണ്‌ ഈ പരമ്പരയില്‍ പാക്കിസ്‌താന്‌ പ്രതീക്ഷ നല്‍കുന്നത്‌. ബൗളിംഗില്‍ മുഹമ്മദ്‌ ആമിറുമുണ്ട്‌. എന്നാല്‍ പരുക്ക്‌ കാരണം സിഡ്‌നിയില്‍ ആമിറിന്‌ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.


പന്തില്‍ കളി നടന്നുവെന്ന്‌
കേപ്‌ടൗണ്‍: ചെറിയ ഇടവേളക്ക്‌ ശേഷമിതാ ലോക ക്രിക്കറ്റില്‍ വീണ്ടും പന്തില്‍ കൃത്രിമത്വം കാട്ടിയ വിവാദം. ദക്ഷിണാഫ്രിക്കയാണ്‌ ആരോപണം ഉന്നയിച്ചിരിക്കുന്നത്‌. പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്‌ ഇംഗ്ലണ്ടിന്റെ സീമര്‍മാരായ സ്റ്റ്യൂവര്‍ട്ട്‌ ബ്രോഡും ജെയിംസ്‌ ആന്‍ഡേഴ്‌സണും. ഇംഗ്ലണ്ടിന്റെ വീരോചിത ചെറുത്തുനില്‍പ്പില്‍ സമനിലയില്‍ അവസാനിച്ച മല്‍സരത്തിന്‌ ശേഷമാണ്‌ ദക്ഷിണാഫ്രിക്കയുടെ ആരോപണം. എന്നാല്‍ അവര്‍ ഔദ്യോഗികമായി പരാതിപ്പെട്ടിട്ടില്ല. മല്‍സരത്തിന്റെ മൂന്നാം ദിവസം ഇംഗ്ലീഷ്‌ ബൗളര്‍മാര്‍ പന്തില്‍ കൃത്രിമത്വം കാട്ടിയെന്നാണ്‌ ദക്ഷിണാഫ്രിക്ക പറയുന്നത്‌. ഇതിന്‌ തെളിവായി ചില വീഡിയോ ഫൂട്ടേജുകളും അവര്‍ ഉയര്‍ത്തുന്നുണ്ട്‌. എന്നാല്‍ സംഭവത്തില്‍ ഒരു സത്യവുമില്ലെന്നാണ്‌ ഇംഗ്ലണ്ടിന്റെ നായകന്‍ ആന്‍ഡ്ര്യൂ സ്‌്‌ട്രോസ്‌ പറയുന്നത്‌. മല്‍സരത്തില്‍ ഇംഗ്ലണ്ട്‌ പൂര്‍ണ്ണ സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റോടെയാണ്‌ കളിച്ചത്‌. ടീമിന്റെ കരുത്താണ്‌ സമനിലയില്‍ പ്രകടമായത്‌. വെറുതെ ആരോപണം ഉന്നയിക്കരുത്‌. വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ ദക്ഷിണാഫ്രിക്ക ഹാജരാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നാല്‌ മല്‍സര പരമ്പരയില്‍ ഇംഗ്ലണ്ട്‌ 1-0 ത്തിന്‌ മുന്നിലാണ്‌. ആദ്യ ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്ക നാടകീയ സമനില സ്വന്തമാക്കിയപ്പോള്‍ രണ്ടാം ടെസ്‌റ്റില്‍ ഇംഗ്ലണ്ട്‌ അപ്രതീക്ഷിത വിജയം സ്വന്തമാക്കിയിരുന്നു. മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഏറെകുറെ വിജയമുറപ്പിച്ച മല്‍സരത്തിലാണ്‌ ഇംഗ്ലണ്ട്‌ ഇയാന്‍ ബെല്ലിന്റെ കരുത്തില്‍ തിരിച്ചെത്തിയത്‌.
ഒരു പരമ്പരക്ക്‌ നടുവില്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കരുതായിരുന്നുവെന്നാണ്‌ സ്‌ട്രോസ്‌ പറയുന്നത്‌. പരമ്പരയിപ്പോള്‍ നടക്കുകയാണ്‌. വെറുതെ ആരോപണം ഉന്നയിക്കുമ്പോള്‍ എത്‌ എതിര്‍ ടീമിനെ എങ്ങനെ ബാധിക്കുമെന്ന കാര്യം മനസ്സിലാക്കണം. വീഡിയോ ഫൂട്ടേജുകളില്‍ ഒന്നും വ്യക്തമല്ല. പരമ്പരയെ ബാധിക്കുന്ന തരത്തില്‍ ആരും സംസാരിക്കരുതെന്നും ഇംഗ്ലീഷ്‌ നായകന്‍ അഭ്യര്‍ത്ഥിച്ചു.
അതിനിടെ ന്യൂലാന്‍ഡ്‌ ടെസ്റ്റിലെ സമനിലയോടെ ദക്ഷിണാഫ്രിക്കന്‍ ടീമിനെതിരെ നാട്ടില്‍ പ്രതിഷേധമുയരുകയാണ്‌. ഡര്‍ബന്‍ മല്‍സരത്തില്‍ ടീം തകര്‍ന്നപ്പോള്‍ മാധ്യമങ്ങള്‍ പോലും നായകനെതിരെ രംഗത്ത്‌ വന്നിരുന്നു. എന്നാല്‍ കേപ്‌ടൗണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടും ടീമിന്‌ വിജയിക്കാന്‍ കഴിയാതെ വന്നതോടെ കാര്യങ്ങള്‍ മാറിയിരിക്കയാണ്‌. നാടകീയമായ നിമിഷങ്ങള്‍ക്കൊടുവിലാണ്‌ ഇംഗ്ലണ്ട്‌ വിജയത്തിന്‌ തുല്യമായ സമനില നേടിയത്‌. ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട്‌ 273 റണ്‍സാണ്‌ നേടിയത്‌. ദക്ഷിണാഫ്രിക്ക 291 റണ്‍സും നേടി. രണ്ടാം ഇന്നിംഗ്‌സില്‍ ആതിഥേയര്‍ ഏഴ്‌ വിക്കറ്റിന്‌ 447 റണ്‍സ്‌ നേടിയപ്പോള്‍ ഇംഗ്ലണ്ട്‌ സമര്‍ദ്ദത്തിലായി. പക്ഷേ ഇയാന്‍ ബെല്ലും പോള്‍ കോളിംഗ്‌വുഡും നടത്തി വീരോചിത ശ്രമങ്ങളില്‍ മല്‍സരം നാടകീയ സമനിലയില്‍ അവസാനിക്കുകയായിരുന്നു. നിര്‍ണ്ണായകമായ 78 റണ്‍സാണ്‌ ബെല്‍ പൊരുതി നേടിയത്‌. നാലര മണിക്കൂര്‍ ക്രീസില്‍ നിന്ന പോള്‍ കോളിംഗ്‌വുഡ്‌ 40 റണ്‍സാണ്‌ നേടിയത്‌.
മല്‍സരത്തിന്റെ അവസാന നിമിഷങ്ങളായിരുന്നു ഏറെ ആവേശകരം. മധ്യനിരയിലെ ചെറിയ തകര്‍ച്ചയില്‍ ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട്‌ തോല്‍വിയുമായി മുഖാമുഖം വന്നിരുന്നു. അവസാന ഓവര്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ മോണ്ടി മോര്‍ക്കല്‍ എറിയുമ്പോള്‍ അവസാന ബാറ്റ്‌സ്‌മാന്മാരായിരുന്നു ക്രീസില്‍. നമ്പര്‍ 11 ല്‍ കളിച്ച ഗ്രഹാം ഒനിയന്‍സ്‌ ഒരു വിധംം ആറു പന്തുകളെ അതിജയിച്ചപ്പോള്‍ സ്‌റ്റേഡിയത്തിലെ ഇംഗ്ലീഷ്‌ കാണികള്‍ വിജയം നേടിയ തരത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുകയായിരുന്നു.


ഹോക്കിയില്‍ കലാപം
ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ്‌ അടുത്തെത്തി നില്‍ക്കവെ ദേശീയ ഹോക്കിയില്‍ കലാപക്കൊടി... ക്യാപ്‌റ്റന്‍ രാജ്‌പാല്‍ സിംഗ്‌ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാമ്പ്‌ ബഹിഷ്‌ക്കരിച്ചിരിക്കയാണ്‌. തങ്ങള്‍ക്ക്‌ ലഭിക്കാനുളള മാച്ച്‌ ഫീസ്‌ ലഭിക്കാത്ത പക്ഷം ക്യാമ്പില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ്‌ സീനിയര്‍ താരങ്ങളുടെ തീരുമാനം. ദേശീയ ടീമിലെ പല താരങ്ങള്‍ക്കും ഹോക്കി ഫെഡറേഷന്‍ വലിയ തുക കുടിശ്ശിക നല്‍കാനുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇത്‌ ലഭിക്കാതെ ഒരു തരത്തിലും ദേശീയ ക്യാമ്പില്‍ തങ്ങളുണ്ടാവില്ലെന്ന്‌ താരങ്ങള്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ അടിയന്തിര പരിഹാര നടപടിക്ക്‌ അധികാരികള്‍ നിര്‍ബന്ധിതരായിരിക്കയാണ്‌.
ലോകകപ്പ്‌ മല്‍സരങ്ങള്‍ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച്‌ 13 വരെയാണ്‌ നടക്കുന്നത്‌. ആതിഥേയരായ ഇന്ത്യ ബദ്ധവൈരികളായ പാക്കിസ്‌താനൊപ്പം പൂള്‍ ബിയിലാണ്‌ കളിക്കുന്നത്‌. ശക്തരായ ഓസ്‌ട്രേലിയ, സ്‌പെയിന്‍, ഇംഗ്ലണ്ട്‌, ദക്ഷിണാഫ്രിക്ക തുടങ്ങിയവരാണ്‌ പൂളിലെ മറ്റ്‌ പ്രബലര്‍. പൂള്‍ എ യില്‍ ജര്‍മനിയും ഹോളണ്ടും ദക്ഷിണ കൊറിയയും ന്യൂസിലാന്‍ഡും കാനഡയും അര്‍ജന്റീനയും കളിക്കുന്നു. വലിയ ചാമ്പ്യന്‍ഷിപ്പിന്‌ ഒരുങ്ങുമ്പോള്‍ ടീമിന്‌ ആത്മവിശ്വാസം നല്‍കുന്ന നീക്കങ്ങളാണ്‌ വേണ്ടതെന്നും എന്നാല്‍ ഇത്‌ വരെ അധികാരികളുടെ ഭാഗത്ത്‌ നിന്ന്‌ അത്തരം സമീപനമുണ്ടായിട്ടില്ലെന്നുമാണ്‌ താരങ്ങള്‍ കുറ്റപ്പെടുത്തുന്നത്‌. ഒരു തരത്തിലും ഈ രീതിയില്‍ മുന്നോട്ട്‌ പോവാന്‍ കഴിയില്ല. 2008 ല്‍ ബെയ്‌ജിംഗില്‍ നടന്ന ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ ഇന്ത്യന്‍ ഹോക്കി തകര്‍ന്ന കാഴ്‌ച്ചയില്‍ ദേശീയ ഗെയിമിനെ രക്ഷിക്കാന്‍ ഹോക്കി ഫെഡറേഷനെ പിരിച്ചുവിട്ട്‌ താല്‍കാലിക കമ്മിറ്റിക്ക്‌ ഭരണചുമതല നല്‍കിയത്‌. എന്നാല്‍ ഈ കമ്മിറ്റിയും നിര്‍ജീവമാണെന്നാണ്‌ താരങ്ങള്‍ കുറ്റപ്പെടുത്തുന്നത്‌. താരങ്ങളുടെ പരാതി പരിഗണിക്കുമെന്നും പ്രശ്‌നത്തില്‍ എത്രയും വേഗം പരിഹാരം കാണുമെന്നും ഹോക്കി ഇന്ത്യ പ്രസിഡണ്ട്‌ അശോക്‌ മാട്ടു പറഞ്ഞു. കഴിഞ്ഞ മാസം നടന്ന ചാമ്പ്യന്‍സ്‌ ലീഗിലാണ്‌ ഇന്ത്യ അവസാനമായി കളിച്ചത്‌. ഈ മല്‍സരത്തിന്റെ മാച്ച്‌ ഫീ പോലും തങ്ങള്‍ക്ക്‌ ലഭിച്ചിട്ടില്ലെന്നാണ്‌ താരങ്ങള്‍ പറയുന്നത്‌.

No comments: