Wednesday, January 13, 2010

IN JCT

ജെ.സി.ടിയെത്തി, ജയിക്കാന്‍
കോഴിക്കോട്‌: ഒമ്പത്‌ മല്‍സരങ്ങളില്‍ നിന്ന്‌ പത്ത്‌ പോയന്റുമായി എട്ടാം സ്ഥാനത്ത്‌ നില്‍ക്കുന്ന ജഗണ്‍ജിത്ത്‌ കോട്ടണ്‍ മില്‍സിന്റെ ലക്ഷ്യത്തില്‍ മൂന്ന്‌ പോയന്റും തകര്‍പ്പന്‍ വിജയവും. പക്ഷേ മുഖ്യതാരങ്ങളുടെ പരുക്കില്‍ വേവലാതിയില്‍ നില്‍ക്കുന്ന ടീമിന്‌ പ്രിയപ്പെട്ട മൈതാനമായ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ എന്ത്‌ ചെയ്യാന്‍ കഴിയുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഐ ലീഗ്‌ ഫുട്‌ബോളില്‍ വിവ കേരളയെ നേരിടാന്‍ ഇന്നലെ ഇവിടെയെത്തിയ പഞ്ചാബി സംഘത്തിന്റെ പരിശീലകന്‍ പര്‍മീന്ദര്‍ സിംഗിന്റെ മുഖത്തും സംസാരത്തിലും വേവലാതി പ്രകടമാണ്‌. വളരെ വര്‍ഷങ്ങളായി കോഴിക്കോട്ടും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും കളിച്ചിട്ടുളള പര്‍മീന്ദറിന്‌ മലബാറിന്റെ ഫുട്‌ബോള്‍ പ്രിയത അറിയാം. നല്ല ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരാണ്‌ മലബാറുകാര്‍. മികച്ച ഫുട്‌ബോളാണ്‌ കാഴ്‌ച്ചവെക്കുന്നതില്‍ കാണികളുടെ പിന്‍ബലത്തില്‍ മികച്ച വിജയം സ്വന്തമാക്കാമെന്നാണ്‌ തന്റെ യുവനിരക്ക്‌ കോച്ച്‌ നല്‍കുന്ന നിര്‍ദ്ദേശവും. ടീമിന്റെ മുന്‍നിരക്കാരായ നാല്‌ പേര്‍ കോഴിക്കോട്ട്‌ കളിക്കുന്നില്ല. ഐ ലീഗ്‌ ഫുട്‌ബോളിനിടെ ഗോവയില്‍ വെച്ച്‌ ബൈക്കപകടത്തില്‍ പരുക്കേറ്റ ബാല്‍ജിത്‌ സിംഗ്‌ സെയ്‌നി, സുനില്‍ കുമാര്‍ എന്നിവര്‍ ഇപ്പോഴും ചികില്‍സയിലാണ്‌. കാല്‍മുട്ടിലെ വേദന കാരണം ജഗ്‌പ്രീത്‌ സിംഗ്‌ പുറത്താണ്‌. കണങ്കാലിലെ വേദനയില്‍ അമന്‍പ്രീത്‌ സിംഗും കളിക്കുന്നില്ല. ടീമിന്റെ ഈ ക്രീം പുറത്തിരിക്കുമ്പോള്‍ വിജയം എളുപ്പമായിരിക്കില്ല. പക്ഷേ നായകനും ഗോള്‍ക്കീപ്പറുമായ കന്‍വല്‍ജിത്‌ സിംഗും ടീമിലെ ഏക വിദേശിയായ മധ്യനിരക്കാരന്‍ പച്ചോനിയും ദാല്‍ജിത്‌ സിംഗ്‌, ഗുരീന്ദര്‍ സിംഗ്‌, ബല്‍വന്ത്‌ സിംഗ്‌, ബാല്‍ദീപ്‌ സിംഗ്‌, ജസ്‌പാല്‍ സിംഗ്‌ എന്നിവരെല്ലാം ഫോമിലാണെന്ന്‌ കോച്ച്‌ പറയുന്നു. ഇവരുടെ മികവിലായിരിക്കും ടീമിന്റെ മുന്നേറ്റം. ഈയിടെ ആസാമില്‍ നടന്ന ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോളില്‍ വിവയുമായി കളിച്ചിരുന്നു. സമനിലയില്‍ അവസാനിച്ച ആ മല്‍സരത്തില്‍ നിന്നും വിവയുടെ കരുത്ത്‌ പര്‍മീന്ദര്‍ മനസ്സിലാക്കിയിട്ടുണ്ട്‌.
ക്യാപ്‌റ്റനും ആത്മവിശ്വാസത്തിലാണ്‌. ഐ ലീഗില്‍ ഇത്‌ വരെ കഴിവിനൊത്ത മികച്ച വിജയം ടീമിന്‌ ലഭിച്ചിട്ടില്ല. ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ഘട്ടം മുതല്‍ അതിന്‌ മാറ്റമുണ്ടാവുമെന്ന്‌ ക്യാപ്‌റ്റന്‍ ഉറപ്പ്‌ നല്‍കുന്നു. രണ്ട്‌ വിജയങ്ങള്‍ മാത്രമാണ്‌ നിലവില്‍ ജെ.സി.ടിയുടെ സമ്പാദ്യം. നാല്‌ സമനിലകളും മൂന്ന്‌ തോല്‍വികളുമാണ്‌ ടീമിന്റെ പട്ടികയിലുള്ളത്‌. അതേ സമയം വിവ എട്ട്‌ കളികളില്‍ നിന്നും അഞ്ച്‌ പോയന്റുമായി പന്ത്രണ്ടാം സ്ഥാനത്താണ്‌. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വിവ പരിശീലനം ആരംഭിച്ചിട്ടുണ്ട്‌. ജെ.സി.ടി നാളെ പരിശീലനത്തിനിറങ്ങും. മല്‍സരം ശനിയാഴ്‌ച്ചയാണ്‌.

ക്രിക്കറ്റ്‌
ധാക്ക: അവസാന കടമ്പയില്‍ എന്നും കലമുടക്കാറുള്ള ഇന്ത്യ ഇന്നലെയും പതിവ്‌ തെറ്റിച്ചില്ല. പക്ഷേ സുരേഷ റൈനയുടെ സെഞ്ച്വറി ടീമിന്റെ മാനം കാത്തു. 106 റണ്‍സ്‌ നേടിയ ഉത്തര്‍ പ്രദേശുകാരനെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ സംഭാവനക്കാര്‍ കുറവായിരുന്നു. നായകന്‍ ധോണിയടക്കം എല്ലാവരും ഉല്‍സവ മൂഡിലായിരുന്നു. വരുക, വെറുതെ പന്തിന്‌ ബാറ്റ്‌ വെക്കുക-മടങ്ങുക... ഇതായിരുന്നു കാഴ്‌ച്ച. ഒരു ഫൈനലാണ്‌ തങ്ങള്‍ കളിക്കുന്നതെന്ന്‌ പലരുമങ്ങ്‌ മറന്നു. ഗൗരവ സമീപനം ഒരു ഭാഗത്ത്‌ നിന്നുമുണ്ടായില്ല. പിച്ച്‌ ബാറ്റിംഗിന്‌്‌ അനുകൂലമായിരുന്നില്ല. അതിവേഗം റണ്‍സ്‌ നേടാനും പ്രയാസമായിരുന്നു. പക്ഷേ അതൊന്നും കാര്യമാക്കാതെ പവര്‍ പ്ലേ ഓറുകളില്‍ പന്തിനെ നിലം തൊടിക്കാതെ പറപ്പിക്കുകയായിരുന്നു എല്ലാവരുടെയും ലക്ഷ്യം. ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ സ്‌ക്കോര്‍ നാല്‌ വിക്കറ്റിന്‌ 47 റണ്‍സായിരുന്നു. ആ സ്‌ക്കോര്‍ തന്നെ നല്‍കിയത്‌ ലക്കും ലഗാനുമില്ലാത്തെ ഷോട്ടുകളിലുടെ വിരേന്ദര്‍ സേവാഗ്‌. നാല്‌ വിക്കറ്റ്‌ പോയിട്ടും തന്റെ പതിവിന്‌ മുടക്കമില്ലാതെ അദ്ദേഹം വീണ്ടും പന്തിനെ പ്രഹരിച്ചപ്പോള്‍ ലങ്കന്‍ നായകന്‍ കുമാര്‍ സങ്കക്കാര ബുദ്ധി പ്രയോഗിച്ചു. പവര്‍ പ്ലേ ഓവറുകളില്‍ നിന്നും പിന്മാറി അദ്ദേഹം സേവാഗിനെ പിടികൂടാന്‍ തന്ത്രമൊരുക്കി. ഇതില്‍ ഇന്ത്യന്‍ താരം വീഴുകയും ചെയ്‌തു. ഈ ഘട്ടത്തില്‍ ഇന്ത്യ മുന്നില്‍ കണ്ടത്‌ ദുരന്തമായിരുന്നു. പക്ഷേ ഭാഗ്യത്തിന്‌ റൈന കരുത്ത്‌ കാട്ടി. ഒപ്പം രവീന്ദു ജഡേജയും. ഈ കൂട്ടുകെട്ട്‌ അല്‍പ്പസമയം പിടിച്ചുനിന്നപ്പോള്‍ റണ്‍നിരക്കിന്‌ മാറ്റമുണ്ടായി. നാല്‍പ്പത്തിയാറാം ഓവറില്‍ 106 റണ്‍സില്‍ റൈന പുറത്തായതോടെ ഇന്ത്യന്‍ ഇന്നിംഗ്‌സിന്‌ നാല്‍പ്പത്തിയാറാം ഓവറില്‍ അന്ത്യവുമായി.
ബാറ്റിംഗിന്‌ പ്രതികൂലമായ സാഹചര്യം മനസ്സിലാക്കി ബൗളിംഗില്‍ മാത്രമല്ല ഫീല്‍ഡിംഗിലും സമീപനത്തിലുമെല്ലാം ലങ്ക മാറ്റം വരുത്തി. പുതിയ പന്തില്‍ വെലിഗിഡാരയും കുലശേഖരയും ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ മോഹിപ്പിക്കുന്ന പന്തുകള്‍ നല്‍കിയപ്പോള്‍ ഫീല്‍ഡിംഗില്‍ ദില്‍ഷാന്‍ ടീമിന്‌ മാതൃകയായി. ഇന്ത്യന്‍ മുന്‍നിര ലക്ഷ്യമില്ലാതെ കളിച്ചപ്പോള്‍ ബൗളര്‍മാര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും തിളങ്ങാന്‍ തുടക്കത്തില്‍ തന്നെ അവസരങ്ങള്‍ ലഭിച്ചു. ആദ്യാ ഓവറില്‍ തന്നെ ഗാംഭീര്‍ പുറത്തായി. കുലശേഖരയുടെ പന്തിനെ പാഡ്‌ കൊണ്ട്‌ ചെറുത്തതാണ്‌ പിഴച്ചത്‌. മികച്ച ഫോമിലുള്ള വിരാത്‌ കോഹ്‌ലിക്ക്‌്‌ ചെറിയ പിഴവ്‌ പറ്റി-വെലിഗിഡാരയെ നിസാരനായി കണ്ടു. അദ്ദേഹത്തിന്റെ വൈഡ്‌ പന്തില്‍ വെറുതെ ബാറ്റ്‌ വെച്ച്‌ കോഹ്‌ലി വിക്കറ്റ്‌ കീപ്പര്‍ സങ്കക്കാരക്ക്‌ എളുപ്പമുളള ക്യാച്ച്‌ സമ്മാനിച്ചു. വളരെ നേരത്തെ തന്നെ ഇന്നിംഗ്‌സ്‌ തുടങ്ങാനെത്തിയ യുവരാജ്‌ സിംഗ്‌ സെക്കന്‍ഡ്‌ സ്ലിപ്പില്‍ തിലാന സമവീരക്ക്‌ ക്യാച്ച്‌ നല്‍കി. ഇവിടെയും വിജയം വെലിഗിഡാരക്കായിരുന്നു. ഇന്നലെ ഏകദിന ക്രിക്കറ്റില്‍ 7000 റണ്‍സ്‌ പിന്നിട്ട സേവാഗ്‌ വിക്കറ്റുകള്‍ നിലംപതിക്കുന്നതിനിടെയും തകര്‍പ്പന്‍ ഷോട്ടുകളുമായി സ്‌ക്കോര്‍ബോര്‍ഡ്‌ നീക്കി. യുവരാജിന്‌ പകരമെത്തിയ നായകന്‍ ധോണി അമിത ആത്മവിശ്വാസവുമായി വൈഡ്‌ പന്തില്‍ ബാറ്റ്‌ വെച്ച്‌ സങ്കക്കാരക്ക്‌ ഏകദിന ക്രിക്കറ്റില്‍ മൂന്നൂറാമത്‌ ക്യാച്ച്‌ നല്‍കി. സേവാഗ്‌ അപകടം വിതറുമെന്ന്‌ മനസ്സിലാക്കി ഈ ഘട്ടത്തില്‍ പവര്‍ പ്ലേ പിന്‍വലിച്ചു. ഈ കെണിയില്‍ സേവാഗും വീണതോടെ ഇന്ത്യ അപകടമുറ്റത്തായി. ആദ്യ 15 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യന്‍ സ്‌ക്കോര്‍ അഞ്ച്‌ വിക്കറ്റിന്‌ 76 റണ്‍സായിരുന്നു. ഇവിടെ നിന്നാണ്‌ റൈനയും ജഡേജയും ഒരുമിച്ചത്‌. 106 റണ്‍സാണ്‌ ഈ സഖ്യം പടുത്തുയര്‍ത്തിയത്‌. തുടക്കത്തില്‍ മന്ദഗതിയില്‍ മുന്നേറിയ സഖ്യം അവസാനത്തിലാണ്‌ ശക്തി പ്രാപിച്ചത്‌. ഗ്യാപ്പുകളില്‍ പന്ത്‌ തട്ടി എളുപ്പത്തില്‍ റൈന റണ്‍സ്‌ നേടിയപ്പോള്‍ ജഡേജ പിന്തുണ നല്‍കുന്ന കാര്യത്തിലാണ്‌ ജാഗ്രത പാലിച്ചത്‌. മുപ്പത്തിയഞ്ചാം ഓവറില്‍ ഇന്ത്യന്‍ സ്‌ക്കോര്‍ അഞ്ച്‌ വിക്കറ്റിന്‌ 166 റണ്‍സായിരുന്നു. ടീം ടോട്ടല്‍ 250 കടക്കുമെന്ന തോന്നിയ ഈ നിമിഷത്തില്‍ ജഡേജയെ (38) ദില്‍ഷാന്‍ കുരുക്കി. ഹര്‍ഭജനും സഹീറും വേഗം പുറത്തായെങ്കിലും റൈന മൂന്നക്കം കടന്നത്‌ ഭാഗ്യമായി.

ഈജിപ്‌ത്‌ കരുത്ത്‌ കാട്ടി
കന്‍ഡാബി (അംഗോള): തുടക്കത്തില്‍ തന്നെ ഒരു ഗോളിന്‌ പിറകിലായിരുന്നു ഈജിപ്‌ത്‌... പക്ഷേ മനോവീര്യം കൈവിടാതെ അവര്‍ മനോഹരമായി കളിച്ചപ്പോള്‍ നേടാനായത്‌ മൂന്ന്‌ ഗോളുകള്‍. ആഫ്രിക്കന്‍ നാഷന്‍സ്‌ കപ്പിലെ നിലവിലെ ജേതാക്കളായ ഈജിപ്‌ത്‌ മറികടന്നത്‌ കരുത്തരായ നൈജീരിയയെ. സ്‌ക്കോര്‍ലൈന്‍ 1-3. ഇത്തവണ സ്വന്തം വന്‍കരയില്‍ നടക്കുന്ന ലോകകപ്പിന്‌ അവസരം നഷ്‌ടമായ ഈജിപ്‌ത്‌ ആ നിരാശ പക്ഷേ പ്രകടിപ്പിച്ചില്ല. ധൈര്യസമേം കളിച്ചാണ്‌ അവര്‍ വിജയം വരിച്ചത്‌. ചിനേഡു ഒബാസലിയാണ്‌ മല്‍സരത്തലെ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. മല്‍സരം പന്ത്രണ്ട്‌ മിനുട്ട്‌ പിന്നിട്ടപ്പോഴായിരുന്നു ഗോള്‍. നൈജീരിയന്‍ ഗോള്‍ക്കീപ്പറുടെ പിഴവില്‍ ഈജിപ്‌ത്‌ ഒപ്പമെത്തിയതോടെ കളി മാറി. കൈപിടിയില്‍ വന്ന പന്ത്‌ ഗോള്‍ക്കീപ്പര്‍ ഇമാദ്‌ മോത്താബിന്റെ കരങ്ങളില്‍ നിന്ന്‌ വഴുതി വലയില്‍ കയറുകയായിരുന്നു. അഹമ്മദ്‌ ഹസന്റെ ശ്രമത്തില്‍ ടീം ലിഡും നേടി ഒന്നാം പകുതിയില്‍. രണ്ടാം പകുതിയില്‍ നൈജീരിയക്കാര്‍ പൊരിഞ്ഞ കളിയാണ്‌ നടത്തിയത്‌. പക്ഷേ സബ്‌സ്റ്റിറ്റിയൂട്ട്‌ മുഹമ്മദ്‌ ഗിദോ നാഗിയുടെ ലോംഗ്‌ റേഞ്ചറില്‍ ഈജിപ്‌ത്‌ വിജയവും ഗ്രൂപ്പ്‌ സിയില്‍ വിലപ്പെട്ട്‌ മൂന്ന്‌ പോയന്റും ഉറപ്പാക്കി.
രണ്ട്‌ മുന്‍ ചാമ്പ്യന്മാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ പ്രതീക്ഷിച്ച പോലെ അതിവേഗ നീക്കങ്ങളാണ്‌ കണ്ടത്‌. ഒബാസിയുടെ ഓട്ടത്തിലുള്ള ഷോട്ടില്‍ നിന്നും പന്ത്‌ ഉയര്‍ന്നത്‌ ഈജിപ്‌ത്‌ ഗോള്‍ക്കീപ്പര്‍ക്ക്‌ കാണാന്‍ പോലും കഴിഞ്ഞിരുന്നില്ല. പതറാതെ കളിച്ചാണ്‌ ഈ ഗോളിന്‌ ഈജിപ്‌ത്‌ മറുപടി നല്‍കിയത്‌. മൊസാംബിക്കും ബെനിനും തമ്മിലുള്ള മല്‍സരം 2-2 ല്‍ അവസാനിച്ചു.


കമറാന്‍ പുറത്ത്‌
ഹൊബാര്‍ട്ട്‌: മൂന്നാം ടെസ്റ്റിന്‌ ഒരു പ്രസക്തിയുമില്ല... പക്ഷേ പാക്കിസ്‌താന്‌ ഇത്‌ അഭിമാന അങ്കമാണ്‌. ഇന്ന്‌ മുതല്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന അവസാന ടെസ്‌റ്റില്‍ അവര്‍ നാല്‌ മാറ്റങ്ങളാണ്‌ വരുത്തിയിരിക്കുന്നത്‌. വിക്കറ്റ്‌കീപ്പര്‍ കമറാന്‍ അക്‌മല്‍ കരിയര്‍ ആരംഭിച്ച ശേഷം ഇതാദ്യമായി വിശ്രമത്തിന്റെ റൂമിലേക്ക്‌ കയറുമ്പോള്‍ സര്‍ഫ്രാസ്‌ അഹമ്മദിനാണ്‌ ഗ്ലൗസ്‌ ലഭിക്കുന്നത്‌. മിസ്‌ബാഹുല്‍ ഹഖ്‌, ഫൈസല്‍ ഇഖ്‌ബാല്‍ എന്നിവര്‍ക്ക്‌ പകരം ഷുഹൈബ്‌ മാലിക്കും ഖുറം മന്‍സൂറും കളിക്കുമ്പോള്‍ ഫാസ്റ്റ്‌ ബൗളര്‍ മുഹമ്മദ്‌ ആമിര്‍ തിരിച്ചുവരുന്നത്‌ ഓള്‍റൗണ്ടര്‍ ഫവാദ്‌ ആലത്തിന്റെ സ്ഥാനത്താണ്‌. സിഡ്‌നിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ തൊട്ട്‌ മുന്നിലെത്തിയ വിജയം തട്ടികളഞ്ഞ പാക്കിസ്‌താനെതിരെ നാട്ടില്‍ അതിരൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഹൊബാര്‍ട്ടില്‍ ഒരു വിജയം നേടാന്‍ കഴിയാത്ത പക്ഷം മുഹമ്മദ്‌ യൂസഫിന്റെ തൊപ്പി തെറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സിഡ്‌നിയില്‍ നാല്‌ ക്യാച്ചുകളും അത്‌ വഴി മല്‍സരവും തുലച്ചതിനാണ്‌ കമറാനെ പുറത്താക്കിയിരിക്കുന്നത്‌. തന്നെ ആരും പുറത്താക്കിയിട്ടില്ലെന്നും ഹൊബാര്‍ട്ടില്‍ കളിക്കുമെന്നും കഴിഞ്ഞ ദിവസം പറഞ്ഞ കമറാനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്ത കാര്യം ഇന്നലെ കോച്ച്‌ ഇന്‍ത്തികാബ്‌ ആലമാണ്‌ വ്യക്തമാക്കിയത്‌. മല്‍സരം പുലര്‍ച്ചെ 4-30 മുതല്‍ ഇ.എസ്‌.പി.എന്നില്‍.

കപ്പിനരികില്‍ കര്‍ണ്ണാടക
മൈസൂര്‍: ജയിക്കുമോ ഇന്ന്‌ കര്‍ണ്ണാടക...? ഇവിടെ നടക്കുന്ന രഞ്‌ജി ട്രോഫി ഫൈനലില്‍ കപ്പ്‌ സ്വന്തമാക്കാന്‍ ഒരു ദിവസം ശേഷിക്കെ ആതിഥേയര്‍ക്ക്‌ 203 റണ്‍സ്‌ കൂടി വേണം. മൂന്ന്‌ വിക്കറ്റുകള്‍ രണ്ടാം ഇന്നിംഗ്‌സില്‍ നിലം പൊത്തിയിട്ടുണ്ട്‌. പക്ഷേ 59 റണ്‍സുമായി മനീഷ്‌ പാണ്ഡെ കളിക്കുന്നതാണ്‌ പ്രതീക്ഷ. വസീം ജാഫര്‍ നായകനായ സമയത്തെല്ലാം മുംബൈക്കാര്‍ കപ്പ്‌ സ്വന്തമാക്കിയിട്ടുണ്ട്‌. അജിത്‌ അഗര്‍ക്കറിനെ പോലുള്ള വെറ്ററന്മാര്‍ രംഗത്തുള്ള സാഹചര്യത്തില്‍ മുംബൈക്ക്‌ ഭയവുമില്ല. ആദ്യ ഇന്നിംഗ്‌സില്‍ 233 റണ്‍സ്‌ നേടിയ മുംബൈ രണ്ടാം ഇന്നിംഗ്‌സില്‍ 234 റണ്‍സാണ്‌ നേടിയത്‌. കര്‍ണ്ണാടക ആദ്യ ഇന്നിംഗ്‌സില്‍ 130 റണ്‍സിന്‌ പുറത്തായപ്പോള്‍ രണ്ടാം ഇന്നിംഗ്‌സിലും ആദ്യ മൂന്ന്‌ വിക്കറ്റുകള്‍ അതിവേഗം പോയിരുന്നു. പക്ഷേ പാണ്ഡെ കരുത്തു കാട്ടിയതാണ്‌ മല്‍സരത്തിന്‌ ആവേശം പകരുന്നത്‌.

No comments: