Thursday, January 21, 2010

INDIA WON

ഇന്ത്യക്ക്‌ വിജയം
ചിറ്റഗോംഗ്‌: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ ടെസ്‌റ്റ്‌ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ ആ സ്ഥാനത്തെ ന്യായീകരിച്ച്‌ കൊണ്ട്‌ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്‌റ്റില്‍ 113 റണ്‍സിന്റെ വിജയം നേടി. വിക്കറ്റ്‌ കീപ്പര്‍ മുഷ്‌ഫിഖുര്‍ റഹീം ഏകദിന ശൈലിയില്‍ സെഞ്ച്വറി നേടിയിട്ടും 411 റണ്‍സ്‌ എന്ന വലിയ വിജയലക്ഷ്യത്തിലേക്ക്‌ അടുക്കാനോ, ഇന്ത്യയെ വെല്ലുവിളിക്കാനോ ബംഗ്ലാദേശിന്‌ കഴിഞ്ഞില്ല. പ്രതികൂലമായ കാലാവസ്ഥയിലും ആദ്യ ഇന്നിംഗ്‌സിലെ ബാറ്റിംഗ്‌ തകര്‍ച്ചയിലും അല്‍പ്പം പിറകിലായ ഇന്ത്യ അവസാന രണ്ട്‌ ദിവസങ്ങളിലും തകര്‍പ്പന്‍ പ്രകടനമാണ്‌ നടത്തിയത്‌. ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഒരു ബംഗ്ലാദേശുകാരന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി സ്വന്തമാക്കിയ മുഷ്‌ഫിഖുര്‍ റഹീമിന്‌ പിന്തുണ നല്‍കാന്‍ ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍ മല്‍സരം ആവേശകരമാവുമായിരുന്നു. പക്ഷേ സഹീര്‍ഖാന്റെ അതിവേഗതയിലും അമിത്‌ മിശ്രയുടെ സ്‌പിന്നിലും ഇന്ത്യക്ക്‌ ഇടവേളകളില്‍ വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞു. ബൗളര്‍മാരില്‍ വലിയ നിരാശ സമ്മാനിച്ചത്‌ മലയാളി സീമര്‍ എസ്‌.ശ്രീശാന്താണ്‌. ക്ലബ്‌ ബൗളര്‍മാരെ നേരിടുന്നത്‌ പോലെയാണ്‌ ശ്രീശാന്തിനെ ബംഗ്ലാ ബാറ്റ്‌സ്‌മാന്മാര്‍ നേരിട്ടത്‌. അവസാനം ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ ശ്രീശാന്ത്‌ മടങ്ങുകയും ചെയ്‌തു.
നാലാം ദിവസം തന്നെ തോല്‍വി മുന്നില്‍ കണ്ടിരുന്നു കടുവകള്‍. അവസാന ദിവസത്തില്‍ അവരുടെ പ്രതീക്ഷയത്രയും കാലാവസ്ഥയിലായിരുന്നു. മൂടല്‍മഞ്ഞിലും വെളിച്ചക്കുറവിലും നിരവധി ഓവറുകള്‍ നഷ്ടമായ മല്‍സരത്തിന്റെ അവസാന ദിവസത്തില്‍ പക്ഷേ ആകാശം ക്രിക്കറ്റിന്‌ അനുകൂലമായിരുന്നു.
മുന്‍ നായകന്‍ മുഹമ്മദ്‌ അഷറഫുലിലായിരുന്നു ബംഗ്ലാദേശ്‌ സമനില നോക്കിക്കണ്ടത്‌. പക്ഷേ നാലാം ദിവസം തന്നെ പലവട്ടം പരിഭ്രാന്തി പ്രകടിപ്പിച്ച അഷറഫുലിന്‌ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ഓപ്പണര്‍ തമീം ഇഖ്‌ബാല്‍ സഹീറിനെയും ഇഷാന്ത്‌ ശര്‍മ്മയെയും ബഹുമാനിച്ചു. പക്ഷേ ശ്രീശാന്തും മിശ്രയും വന്നപ്പോള്‍ അദ്ദേഹം ആക്രമണകാരിയായി. അര്‍ദ്ധസെഞ്ച്വറിക്ക്‌ ശേഷം തമീം പുറത്തായതോടെ വീണ്ടും ബാറ്റ്‌സ്‌മാന്മാരുടെ ഘോഷയാത്രയായിരുന്നു. അതിനിടെയാണ്‌ മുഷ്‌ഫിഖുര്‍ തകര്‍ത്താടിയത്‌. റഖിബുല്‍ ഹസന്‍ അല്‍പ്പസമയം പ്രതിരോധ ക്രിക്കറ്റിന്റെ ശക്തനായ വക്താവായി. പക്ഷേ ഇഷാന്ത്‌ പഴയ ഫോമിലേക്ക്‌ വന്നപ്പോള്‍ അദ്ദേഹത്തിനും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. നായകന്‍ ഷക്കീബ്‌ അല്‍ ഹസനും മഹമൂദ്ദുല്ലയും പിടിച്ചുകളിക്കാന്‍ കരുത്തുള്ളവരായിരുന്നു. മിശ്രയുടെ മികച്ച ഒരു ഗൂഗ്ലിയില്‍ നായകന്‍ വീണപ്പോള്‍ മഹമൂദ്ദുല്ലയും സഹീര്‍ഖാനും തമ്മിലുളള പോരാട്ടം ഗ്യാലറിക്ക്‌ ആവേശമേകി. രണ്ട്‌ പേരും വിട്ടുകൊടുത്തില്ല. ബൗണ്‍സറുകളും യോര്‍ക്കറുകളലും പിന്നെ പരസ്‌പര വാചക കസ്സര്‍ത്തുമായപ്പോള്‍ എന്തും സംഭവിക്കാമെന്ന അവസ്ഥയായിരുന്നു. അവസാനം സഹീര്‍ തന്നെ വിജയിച്ചു. വാലറ്റത്തില്‍ മുഷ്‌ഫിഖിന്‌ പിന്തുണ നല്‍കാന്‍ ആരുമില്ലാതായി. 114 പന്തില്‍ നിന്ന്‌ 101 റണ്‍സ്‌ നേടി ഏറ്റവും അവസാനമാണ്‌ വിക്കറ്റ്‌ കീപ്പര്‍ പുറത്തായത്‌. 17 നിറമുളള ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹം പായിച്ചു. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ബാറ്റിംഗ്‌ തകര്‍ന്ന ഘട്ടത്തില്‍ പക്വതയുടെ അപൂര്‍വതയുമായി സെഞ്ച്വറി സ്വന്തമാക്കിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്‌ കളിയിലെ കേമന്‍. രണ്ടാം ടെസ്റ്റ്‌ 24 ന്‌ ധാക്കയില്‍ ആരംഭിക്കും.
സ്‌ക്കോര്‍ബോര്‍ഡ്‌
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌ 243, രണ്ടാം ഇന്നിംഗ്‌സ്‌ എട്ട്‌ വിക്കറ്റിന്‌ 413 ഡിക്ലയേര്‍ഡ്‌. ബംഗ്ലാദേശ്‌ 242, രണ്ടാം ഇന്നിംഗ്‌സ്‌: തമീം-സി-ദ്രാവിഡ്‌-ബി-സേവാഗ്‌-52, ഇംറുല്‍ ഖൈസ്‌-സി-കാര്‍ത്തിക്‌-ബി-സഹീര്‍-1, ഷഹരിയാര്‍ -സി-സേവാഗ്‌-ബി-ഇഷാന്ത്‌-21, അഷറഫുല്‍-സി-ദ്രാവിഡ്‌-ബി-ഇഷാന്ത്‌-27, റഖീബുല്‍ ഹസന്‍-എല്‍.ബി.ഡബ്ല്യൂ-ബി-ഇഷാന്ത്‌-13, ഷാക്കിബ്‌ അല്‍ ഹസന്‍-സി-സേവാഗ്‌-ബി-മിശ്ര-17, മുഷ്‌ഫിഖുര്‍ റഹീം-സി-സബ്‌-ബി-മിശ്ര-101, മഹമൂദ്ദുല്ല-സി-കാര്‍ത്തിക്‌-ബി-സഹീര്‍-20, ഷഹദാത്ത്‌ ഹുസൈന്‍-ബി-മിശ്ര-24, സൈഫുള്‍ ഇസ്ലാം-സി ആന്‍ഡ്‌ ബി-മിശ്ര-8, റൂബല്‍ ഹുസൈന്‍-നോട്ടൗട്ട്‌-4, എക്‌സ്‌ട്രാസ്‌-13, ആകെ 75.2 ഓവറില്‍ 301. വിക്കറ്റ്‌ പതനം: 1-8 (ഖൈസ്‌), 2-47 (ഷഹരിയാര്‍), 3-79 (അഷറഫുല്‍), 4-97 (റഖീബ്‌), 5-135 (തമീം), 6-145 (ഷക്കീബ്‌), 7-170 (മഹമൂദ്ദുല്ല), 8-230 (ഷഹദാത്ത്‌), 9-258 (സൈഫുല്‍ ഇസ്ലാം), 10-301 (മുഷ്‌ഫിഖുര്‍ റഹീം). ബൗളിംഗ്‌: സഹീര്‍ 20-5-90-2, ശ്രീശാന്ത്‌ 12.2-0-53-0, ഇഷാന്ത്‌ 15-4-48-3, മിശ്ര 22.2-3-92-4, സേവാഗ്‌ 4-1-7-1, യുവരാജ്‌ 1.4-1-4-0.


രാഷ്ട്രീയക്കളി
ന്യൂഡല്‍ഹി: പ്രതീക്ഷിച്ചത്‌ പോലെ തന്നെ കളി രാഷ്‌ട്രീയമാവുന്നു... ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന്‌ പാക്കിസ്‌താന്‍ ക്രിക്കറ്റര്‍മാര അകറ്റിയ സംഭവത്തെ രാഷ്‌ട്രീയമായി തന്നെ നേരിടാന്‍ പാക്കിസ്‌താന്‍ തീരുമാനിച്ചിരിക്കുന്നു. അടുത്ത ദിവസം ഇന്ത്യയിലേക്ക്‌ വരാനിരുന്ന പാര്‍ലമെന്ററി സംഘത്തിന്റെ യാത്ര വിലക്കിയാണ്‌ പാക്കിസ്‌താന്‍ ആദ്യ പന്ത്‌ പായിച്ചിരിക്കുന്നത്‌. ഇന്ത്യയുടെ നടപടിക്ക്‌ അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന പ്രഖ്യാപനവും സര്‍ക്കാര്‍ നടത്തിയിരിക്കുന്നു. എന്നാല്‍ ഐ.പി.എല്‍ പ്രശ്‌നത്തില്‍ ഇന്ത്യന്‍ ഭരണക്കൂടത്തിനെതിരെ പാക്കിസ്‌താന്‍ സര്‍ക്കാര്‍ സംസാരിക്കുന്നതില്‍ കഴമ്പില്ലെന്ന്‌ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്‌.എം കൃഷ്‌ണ വ്യക്തമാക്കി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ടീമുകളാണ്‌ താരങ്ങളെ ലേലത്തില്‍ വിളിച്ചെടുത്തത്‌. ഇത്‌ സര്‍ക്കാര്‍ കാര്യമല്ല. അത്‌ മനസ്സിലാക്കി വേണം പാക്കിസ്‌താന്‍ ഭരണക്കൂടം പ്രതികരിക്കേണ്ടതെന്ന്‌ ശക്തമായ ഭാഷയില്‍ കൃഷ്‌ണ അറിയിച്ചിട്ടുണ്ട്‌.
ഷാഹിദ്‌ അഫ്രീദി ഉള്‍പ്പെടെ 11 പാക്കിസ്‌താന്‍ താരങ്ങള്‍ ലേലത്തിനുണ്ടായിട്ടും അവരില്‍ ആരെയും പരിഗണിക്കാതിരുന്നത്‌്‌ വേദനാജനകമാണെന്ന്‌ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌്‌ ബോര്‍ഡ്‌ തലവന്‍ ഇജാസ്‌ ഭട്ട്‌ പറഞ്ഞു. ഐ.പി.എല്ലിന്റെ മൂന്നാം പതിപ്പില്‍ പാക്കിസ്‌താന്‍ താരങ്ങള്‍ കളിക്കുമെന്നാണ്‌ താന്‍ കരുതിയതെന്ന്‌ അദ്ദേഹം പറഞ്ഞു.
പാക്കിസ്‌താന്‍ താരങ്ങള്‍ ഐ.പി.എല്ലിന്റെ ആദ്യപതിപ്പില്‍ മികച്ച പ്രകടനമാണ്‌ നടത്തിയത്‌. രാജസ്ഥാന്‍ റോയല്‍സിന്‌ ആദ്യ ഐ.പി.എല്‍ കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ചത്‌ പാക്കിസ്‌താന്‍കാരനായ സീമര്‍ തന്‍വീര്‍ സുഹൈലായിരുന്നു. രണ്ടാം ഐ.പി.എല്ലില്‍ രാഷ്‌ട്രീയ കാരണത്താലാണ്‌ പാക്കിസ്‌താന്‍ താരങ്ങളെ അകറ്റിയത്‌. മുംബൈ പ്രശ്‌നങ്ങളെത്തുടര്‍ന്ന്‌ പാക്‌ താരങ്ങളുടെ സുരക്ഷ പ്രശ്‌നമായിരുന്നു. എന്നാല്‍ മൂന്നാം പതിപ്പില്‍ നിര്‍ബന്ധമായും പാക്കിസ്‌താന്‍ താരങ്ങള്‍ വേണമെന്ന്‌ ആദ്യം വ്യക്തമാക്കിയ ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റി അവസാനത്തിലാണ്‌ വാക്ക്‌ മാറ്റിയത്‌. പാക്കിസ്‌താന്‍ താരങ്ങളെ വിളിച്ചെടുത്താല്‍ അത്‌ ടീമുകലെ ബാധിക്കുമോ എന്ന ഭയമാണ്‌ ഫ്രാഞ്ചൈസികള്‍ പ്രകടിപ്പിച്ചത്‌. ഇതോടെ പാക്‌ താരങ്ങള്‍ക്ക്‌ നേരെയുളള വാതില്‍ എല്ലാവരും കൊട്ടിയടച്ചു. ഓസ്‌ട്രേലിയന്‍ താരങ്ങളിലും ടീമുകള്‍ താല്‍പ്പര്യമെടുത്തിരുന്നില്ല.
പാക്കിസ്‌താന്‍ താരങ്ങളെ ഐ.പി.എല്‍ ലേലത്തില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യമായ രേഖകളെല്ലാം പി.സി.ബി നല്‍കിയിരുന്നു. ഇതും പ്രയോജനപ്പെടുത്തിയില്ലെന്നാണ്‌ ഭട്ട്‌ കുറ്റപ്പെടുത്തുന്നത്‌. ഐ.പി.എല്‍ സ്വാകാര്യ സംരഭമാണ്‌ എന്നത്‌ സത്യം. എന്നാല്‍ അധികാരികള്‍ പാക്കിസ്‌താന്‍ താരങ്ങളോട്‌ താല്‍പ്പര്യമില്ല എന്ന്‌ നേരത്തെ പറഞ്ഞിരുന്നെങ്കില്‍ തന്റെ കുട്ടികളോട്‌ അപേക്ഷിക്കേണ്ടതില്ലെന്ന്‌ പറയാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ലോക 20-20 ചാമ്പ്യന്മാരായ ഒരു ടീമിലെ ഒരൊറ്റ താരത്തെയും ഐ.പി.എല്ലില്‍ ഉള്‍പ്പെടുത്തിയില്ല എന്നത്‌ വേദാനജനകമാണെന്നാണ്‌ പാക്കിസ്‌താന്റെ മുന്‍ ക്യാപ്‌റ്റന്മാരായ ഇമ്രാന്‍ഖാനും റമീസ്‌ രാജയുമെല്ലാം പറഞ്ഞത്‌. പാക്കിസതാന്‍ ക്രിക്കറ്റര്‍മാരുടെ മികവ്‌ പലവട്ടം നേരില്‍ കണ്ടവരാണ്‌ ഇന്ത്യക്കാര്‍. അവര്‍ക്ക്‌ ക്രിക്കറ്റിന്റെ സമ്മോഹന മൂഹൂര്‍ത്തങ്ങളാണ്‌ രാഷ്‌ട്രീയ തീരുമാനം വഴി നഷ്‌ടമായിരിക്കുന്നതെന്ന്‌ റമീസ്‌ കുറ്റപ്പെടുത്തി. അതിനിടെ പാക്കിസ്‌താനില്‍ പ്രതിഷേധം പരസ്യമായി പ്രകടിപ്പിക്കാന്‍ ജനങ്ങളും രംഗത്തിറങ്ങിയിട്ടുണ്ട്‌. കറാച്ചിയിലും ലാഹോറിലും ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത്‌ മോഡിയുടെ കോലം കത്തിച്ചു.
ഇന്ത്യ പാക്കിസ്‌താന്‍ താരങ്ങളെ അകറ്റിയ സാഹചര്യത്തില്‍ ഇന്ത്യയെും അകറ്റിനിര്‍ത്താനാണ്‌ ഔദ്യോഗിക തലത്തില്‍ തന്നെ പാക്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്‌. ബോളിവുഡ്‌ സിനിമാ ലോകത്ത്‌ പോലും ഇത്‌ ബാധിക്കുമെന്നാണ്‌ പറയപ്പെടുന്നത്‌. ഇന്ത്യന്‍ മെഗാ താരങ്ങളാണ്‌ പാക്കിസ്‌താനികളുടെയും പ്രിയപ്പെട്ട നായകര്‍. എന്നാല്‍ ഇന്ത്യ പാക്കിസ്‌താന്‍ ക്രിക്കറ്റര്‍മാരെ അപമാനിച്ച സാഹചര്യത്തില്‍ വിട്ടുവീഴ്‌ച്ച വേണ്ടെന്നാണ്‌ പല ഉന്നതരും പറയുന്നത്‌. പാക്കിസ്‌താന്‍ ആഭ്യന്തര മന്ത്രി റഹ്‌മാന്‍ മാലിക്‌ പറഞ്ഞത്‌ പാക്കിസ്‌താന്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നാണ്‌.

ലക്ഷ്‌മണ്‍ മടങ്ങി
ചിറ്റഗോംഗ്‌: ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തതിന്‌ പിറകെ ബാറ്റ്‌സ്‌മാന്‍ വി.വി.എസ്‌ ലക്ഷ്‌മണ്‍ നാട്ടിലേക്ക്‌ മടങ്ങി. മല്‍സരത്തിന്റെ നാലാം ദിവസം ക്യാച്ചിംഗിനിടെ വിരലിന്‌ പറ്റിയ പരുക്ക്‌ കാരണമാണ്‌ രണ്ടാം ടെസ്റ്റില്‍ കളിക്കാതെ വി.വി.എസ്‌ മടങ്ങുന്നത്‌. പകരക്കാരായി ആരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന്‌ ടീം മാനേജര്‍ അര്‍ഷദ്‌ അയ്യൂബ്‌ അറിയിച്ചു. നാലാം ദിവസം രണ്ട്‌ ക്യാച്ചുകള്‍ ലക്ഷ്‌മണ്‍ നഷ്ടമാക്കിയിരുന്നു. അതേ സമയം പരുക്കില്‍ നിന്നും ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ്‌ ധോണിയും സ്‌പിന്നര്‍ ഹര്‍ഭജന്‍സിംഗും പൂര്‍ണ്ണ മുക്തരായി. ഇരുവരും ഇന്നലെ പരിശീലനത്തിനുണ്ടായിരുന്നു. ഇന്നലെ വിരലിന്‌ പരുക്കേറ്റ ശ്രീശാന്തിന്റെ കാര്യത്തില്‍ സംശയമുണ്ട്‌. എന്നാല്‍ ശ്രീശാന്തിന്റെ പരുക്കിനെക്കുറിച്ച്‌ ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ലെന്നാണ്‌ അയ്യൂബ്‌ പറഞ്ഞത്‌.

ഇന്ത്യക്ക്‌ തോല്‍വി
നാളെ പാക്കിസ്‌താനുമായി
വെല്ലിംഗ്‌ടണ്‍:അണ്ടര്‍ 19 ലോകകപ്പ്‌ ക്രിക്കറ്റില്‍ ഇന്ത്യക്ക്‌ ഇംഗ്ലണ്ടിന്റെ പക്കല്‍ നിന്നും തിരിച്ചടി. ചാമ്പ്യന്‍ഷിപ്പിന്റെ ഏഴാം ദിവസം അപ്രതീക്ഷിത കരുത്തുമായി കളിച്ച ഇംഗ്ലണ്ട്‌ ഗ്രൂപ്പ്‌ എ യില്‍ ജേതാക്കളായെങ്കിലും ഇന്ത്യയുടെ ക്വാര്‍ട്ടര്‍ സാധ്യതകളെ തോല്‍വി ബാധിച്ചില്ല. നാളെ നടക്കുന്ന ക്വാര്‍ട്ടര്‍ ലിഗിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ പാക്കിസ്‌താനുമായി കളിക്കും.

പൂനെ എഫ്‌.സിയെത്തി
കോഴിക്കോട്‌: പത്ത്‌ മല്‍സരങ്ങളില്‍ നിന്ന്‌ 12 പോയന്റുമായി ടേബിളില്‍ എട്ടാം സ്ഥാനത്തുളള ഇന്ത്യന്‍ ഫുട്‌ബോളിലെ നവ ശക്തി പൂനെ എഫ്‌.സി ഐ ലീഗ്‌ ഫുട്‌ബോളില്‍ വിവ കേരളയെ നേരിടാനെത്തി. ഞായറാഴ്‌ച്ചയാണ്‌ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ മല്‍സരം. ഒമ്പത്‌ മല്‍സരങ്ങളില്‍ നിന്നും എട്ട്‌ പോയന്റ്‌്‌ സമ്പാദിച്ച്‌ പതിനൊന്നാം സ്ഥാനത്താണ്‌ വിവയിപ്പോള്‍. കഴിഞ്ഞ മല്‍സരത്തില്‍ സാല്‍ഗോക്കര്‍ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവയെ അവരുടെ തട്ടകത്ത്‌ വെച്ച്‌ 3-1ന്‌ തകര്‍ത്തവരാണ്‌ പൂനെ. രണ്ട്‌ വിജയവും രണ്ട്‌ തോല്‍വിയും ആറ്‌ സമനിലകളുമാണ്‌ ടീമിന്റെ സമ്പാദ്യം.

തകര്‍പ്പന്‍ വില്ല
ലണ്ടന്‍: തകര്‍പ്പന്‍ പോരാട്ടത്തില്‍ ബ്ലാക്‌ ബേര്‍ണ്‍ റോവേഴ്‌സിനെ ടൈബ്രേക്കറില്‍ 6-4ന്‌ പരാജയപ്പെടുത്തി ആസ്റ്റണ്‍ വില്ല കാര്‍ലിംഗ്‌ കപ്പ്‌ ഫുട്‌ബോളിന്റെ അവസാന പോരാട്ടത്തിന്‌ യോഗ്യത നേടി. ആദ്യ പാദത്തില്‍ ഒരു ഗോളിന്റെ ലീഡ്‌ നേടിയ വില്ല ഇന്നലെ തുടക്കത്തില്‍ പിറകിലായിരുന്നു. പക്ഷേ ആക്രമണ ഫുട്‌ബോളിന്റെ വന്യമായ കരുത്തില്‍ അവര്‍ നിശ്ചിത സമയത്ത്‌ തിരിച്ചടിച്ചപ്പോള്‍ മല്‍സരം 2-2 ലായി. ടൈബ്രേക്കറില്‍ വില്ല സ്വന്തം ഷോട്ടുകളെല്ലാം വലയിലെത്തിച്ചപ്പോള്‍ ബ്ലാക്‌ബേര്‍ണിന്‌ പിഴച്ചു.

ഗണ്ണേഴ്‌സ്‌ മുന്നില്‍
ലണ്‌ചന്‍: ബോള്‍ട്ടണ്‍ റോവേഴ്‌സിനെ 4-2ന്‌ വീഴ്‌ത്തിയ ആഴ്‌സനല്‍ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളിന്റെ തലപ്പത്ത്‌. 22 മല്‍സരങ്ങളില്‍ നിന്ന്‌ 48 പോയന്റാണ്‌ ടീമിന്റെ സമ്പാദ്യം. ഇത്രയും പോയന്റ്‌ 21 മല്‍സരങ്ങള്‍ കളിച്ച ചെല്‍സിക്കുണ്ട്‌. പക്ഷേ ഗോള്‍ ശരാശരിയില്‍ അവര്‍ പിറകിലാണ്‌. 22 കളികള്‍ പൂര്‍ത്തിയാക്കിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ 47 പോയന്റുമായി മൂന്നാമതാണ്‌. ഇന്നലെ ലിവര്‍പൂള്‍ രണ്ട്‌ ഗോളിന്‌ ടോട്ടന്‍ഹാമിനെ തോല്‍പ്പിച്ച്‌ 37 പോയന്റുമായി ആറാം സ്ഥാനത്തേക്ക്‌ വന്നു

ഫെഡ്‌റര്‍ മുന്നോട്ട്‌
മെല്‍ബണ്‍: ആദ്യ മല്‍സരത്തില്‍ ഒരു സെറ്റ്‌ നഷ്ടമായി ആരാധകര്‍ക്ക്‌ അല്‍പ്പം വേദന സമ്മാനിച്ച സൂപ്പര്‍ താരം റോജര്‍ ഫെഡ്‌റര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ സ്വതസിദ്ധമായ ഫോമിലേക്ക്‌ തിരിച്ചുവരുന്നു. രണ്ടാം റൗണ്ടില്‍ റോഡ്‌ ലീവര്‍ അറീനയില്‍ അദ്ദേഹത്തിന്റെ ആധികാരികതക്ക്‌ മുന്നില്‍ അടിയറവ്‌ പറഞ്ഞത്‌ വിക്ടര്‍ ഹാന്‍ഡസു. സ്‌ക്കോര്‍ 6-2, 6-3, 6-2. മൂന്ന്‌ തവണ ഇവിടെ കിരീടം സ്വന്തമാക്കിയിട്ടുള്ള ഫെഡ്‌റര്‍ 52 വിന്നറുകളാണ്‌ ഇന്നലെ റുമേനിയയില്‍ നിന്നുള്ള പ്രതിയോഗിക്ക്‌ നേരെ പായിച്ചത്‌. മറ്റൊരു മല്‍സരത്തില്‍ 2008 ലെ ചാമ്പ്യന്‍ നോവാക്‌ ജോകോവിച്ച്‌ നാല്‌ സെറ്റ്‌ പോരാട്ടത്തില്‍ മാര്‍കോ ചിദുനെലിയെ പരാജയപ്പെടുത്തി. സ്‌ക്കോര്‍ 3-6, 6-1, 6-1, 6-3. ആറാം സീഡ്‌ നിക്കോളായി ഡെവിഡെങ്കോ മികച്ച പ്രകടനവുമായാണ്‌ ഉക്രൈനില്‍ നിന്നുള്ള ഇലിയ മാര്‍ചെങ്കോയെ വീഴ്‌ത്തിയത്‌. സ്‌ക്കോര്‍ 6-3, 6-3, 6-0. ഉക്രൈന്റെ തന്നെ ഇവാന്‍ സെര്‍ജോവിനെ 6-1, 6-2, 6-2 എന്ന സ്‌ക്കോറിന്‌ തോല്‍പ്പിച്ച്‌ ഒമ്പതാം സീഡ്‌ ഫെര്‍ണാണ്ടോ വെര്‍ദാസ്‌ക്കോയും മൂന്നാം റൗണ്ടിലെത്തി.

No comments: