Friday, November 28, 2008

NO PAKISTAN


ഇന്ത്യ പാക്കിസ്‌താനിലേക്കുണ്ടാവില്ല
മുംബൈ: അടുത്ത ജനുവരിയിലെ ഇന്ത്യന്‍ ടീമിന്റെ പാക്കിസ്‌താന്‍ പര്യടനം റദ്ദാക്കാന്‍ സാധ്യത. മുംബൈയിലെ അതിഭീകരമായ സ്‌ഫോടനങ്ങള്‍ക്ക്‌ പിറകില്‍ പാക്കിസ്‌താന്‍ അനുകൂല തീവ്രവാദി സംഘടനകളാണെന്ന്‌ വ്യക്തമായ സാഹചര്യത്തില്‍ ആ രാജ്യത്തേക്ക്‌ ടീമിനെ അയക്കുന്നതിനോട്‌ സര്‍ക്കാരിന്‌ താല്‍പ്പര്യമില്ല. പാക്‌ പര്യടനം സംബന്ധിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ സര്‍ക്കാരിനോട്‌ അഭിപ്രായം തേടിയ സാഹചര്യത്തില്‍ അനുകൂല മറുപടി നിലവിലെ സാഹചര്യത്തില്‍ ലഭിക്കില്ലെന്ന്‌ വ്യക്തമാണ്‌. ഇന്ത്യന്‍ ടീം പാക്കിസ്‌താനിലെത്തുമെന്ന്‌്‌ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡിനും പാക്‌ സര്‍ക്കാരിനും പ്രതീക്ഷയില്ല. മുംബൈ സ്‌ഫോടനങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ പാക്കിസ്‌താന്‍ പര്യടന സാധ്യത ഇല്ലാതാക്കിയിരിക്കയാണെന്ന്‌ പി.സി.ബി തലവന്‍ ഇജാസ്‌ ഭട്ട്‌ തന്നെ സുചിപ്പിച്ചുകഴിഞ്ഞു. ഇന്ത്യന്‍ ടീമിന്റെ പാക്കിസ്‌താന്‍ പര്യടനം ഇത്‌ വരെ ഉറപ്പായിരുന്നെന്നും എന്നാല്‍ മുംബൈയിലെ പ്രശ്‌നങ്ങള്‍ പര്യടനത്തിന്‌ വലിയ ഭീഷണി ഉയര്‍ത്തിയിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പര്യടനം വെട്ടിചുരുക്കി ഇംഗ്ലണ്ട്‌ ടീം നാട്ടിലേക്ക്‌ മടങ്ങിയിരിക്കയാണ്‌. ഇന്ത്യയില്‍ നടത്താനുദ്ദേശിച്ച ചാമ്പ്യന്‍സ്‌ ലീഗ്‌ ക്രിക്കറ്റും മാറ്റിവെച്ചിരിക്കയാണ്‌. ഇംഗ്ലണ്ട്‌ പര്യടനം വെട്ടിചുരുക്കിയതും ചാമ്പ്യന്‍സ്‌ ലീഗും മാറ്റുകയും ചെയ്‌ത പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ടീമിന്റെ പാക്കിസ്‌താന്‍ പര്യടനത്തില്‍ ഒരു ഉറപ്പുമില്ല. പക്ഷേ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ടീമിനെ അയക്കാന്‍ തയ്യാറാവുന്നപക്ഷം എല്ലാ സുരക്ഷയും ടീമിന്‌ നല്‍കുമെന്ന്‌ ഇജാസ്‌ ഉറപ്പ്‌ നല്‍കി. ഇന്ത്യയും പാക്കിസ്‌താനും തമ്മില്‍ നിലവിലുളള സൗഹൃദത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ടീമിനെ പാക്കിസതാനിലേക്ക്‌ അയക്കണമെന്നും ഭീകരവാദികള്‍ക്ക്‌ രണ്ട്‌ രാജ്യങ്ങളും തമ്മിലുളള സൗഹൃദം തകര്‍ക്കാന്‍ കഴിയില്ലെന്ന്‌ തെളിയിക്കുകയാണ്‌ വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ടീമിന്റെ പാക്കിസ്‌താന്‍ പര്യടനം ഉറപ്പാക്കാന്‍ എന്തും ചെയ്യാന്‍ പി.സി.ബി ഒരുക്കമാണ്‌. ഇന്ത്യ വരാത്തപക്ഷം നിഷ്‌പക്ഷ വേദികളില്‍ വെച്ച്‌ കളിക്കാനും പാക്കിസ്‌താന്‍ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന്‌ ടെസ്‌റ്റുകളും അഞ്ച്‌ ഏകദിനങ്ങളും ഒരു 20-20 മല്‍സരവുമാണ്‌ ഇന്ത്യ പാക്കിസ്‌താനില്‍ കളിക്കാനിരിക്കുന്നത്‌. പാക്കിസ്‌താന്‍ താരങ്ങളും ആരാധകരും പ്രതീക്ഷയോടെയാണ്‌ ഇന്ത്യന്‍ പര്യടനത്തെ കണ്ടിരുന്നത്‌. 2007 ഡിസംബറിലാണ്‌ അവസാനമായി പാക്കിസതാനില്‍ ഒരു ടെസ്റ്റ്‌ മല്‍സരം നടന്നത്‌.
മുംബൈ സ്‌ഫോടനങ്ങളില്‍ പാക്കിസ്‌താന്‍ തീവ്രവാദ സംഘടനകള്‍ക്കുളള പങ്കാണ്‌ ഇപ്പോള്‍ തെളിയുന്നത്‌. ഇന്നലെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ്‌ പാക്കിസ്‌താന്‍ സംഘടനകളുടെ പങ്ക്‌ സംബന്ധിച്ച്‌ പാക്കിസ്‌താന്‍ പ്രധാനമന്ത്രിയുമായി ബന്ധപ്പെടുകയും ചെയ്‌തിരുന്നു.

ടെസ്റ്റ്‌ പരമ്പരയും തുലാസില്‍
ബാംഗ്ലൂര്‍: മുംബൈ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട്‌ മല്‍സരങ്ങള്‍ ഉപേക്ഷിച്ച്‌ ഇംഗ്ലീഷ്‌ ടീം ഇന്നലെ പുലര്‍ച്ചെ ഇവിടെ നിന്നും നാട്ടിലേക്ക്‌ മടങ്ങി. ഇരു ടീമുകളും തമ്മിലുളള ടെസ്‌റ്റ്‌ പരമ്പര മുന്‍ നിശ്ചയപ്രകാരം നടക്കുമെന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വ്യക്തമാക്കുന്നുവെങ്കിലും ഇന്ത്യന്‍ സാഹചര്യങ്ങള്‍ മോശമാവുന്ന സാഹചര്യത്തില്‍ കെവിന്‍ പീറ്റേഴ്‌സണും സംഘവും തിരിച്ചുവരാന്‍ സാധ്യതയില്ല. ടെസ്‌റ്റ്‌ പരമ്പരയില്‍ മുംബൈയില്‍ നിശ്ചയിച്ചിരുന്ന രണ്ടാം മല്‍സരം ചെന്നൈയിലേക്ക്‌ മാറ്റിയതായി ബി.സി.സി.ഐ വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌.
നേരത്തെയുളള ഷെഡ്യൂള്‍ പ്രകാരം അവസാന രണ്ട്‌ ഏകദിനങ്ങള്‍ക്ക്‌ ശേഷം ഇംഗ്ലീഷ്‌ ടീം ഇന്ത്യന്‍ ബോര്‍ഡ്‌ പ്രസിഡണ്ട്‌സ്‌ ഇലവനുമായി ത്രിദിന മല്‍സരം ബറോഡയില്‍ കളിക്കാനിരിക്കുകയായിരുന്നു. ഈ പരിശീലന മല്‍സരത്തില്‍ മാറ്റമൊന്നുമില്ലെന്നാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പറയുന്നത്‌. ഇംഗ്ലീഷ്‌ ടീം തിരിച്ചുവരുന്ന പക്ഷം അവര്‍ ഡിസംബര്‍ നാലിന്‌ ഇവിടെയെത്തണം. ഡിസംബര്‍ അഞ്ചിനാണ്‌ പ്രാക്ടീസ്‌ മല്‍സരം ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്‌. കേവലം അഞ്ച്‌ ദിവസത്തിനുളളില്‍ ഇംഗ്ലീഷ്‌ സംഘം ഇന്ത്യയില്‍ തിരിച്ചെത്തണമെങ്കില്‍ സുരക്ഷാ സംബന്ധമായി അവര്‍ക്ക്‌ വ്യക്തമായ ഉറപ്പുകള്‍ ലഭിക്കണം. ഇംഗ്ലീഷ്‌ താരങ്ങളുടെ സംഘടനയായ പി.സി.എ യുടെ തീരുമാനമായിരിക്കും നിര്‍ണ്ണായകം. ടെസ്‌റ്റ്‌ പരമ്പരയില്‍ മാറ്റമില്ലെന്ന്‌ ഇപ്പോള്‍ തറപ്പിച്ചുപറയാന്‍ കഴിയില്ലെന്നാണ്‌ ഇന്നലെ രാത്രി ലണ്ടനിലേക്കുളള വിമാനം കയറും മുമ്പ്‌ കെവിന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞത്‌. താരങ്ങളുടെ സുരക്ഷാ ഉപദേഷ്‌ടാക്കള്‍ നല്‍കുന്ന റിപ്പോര്‍ട്ടായിരിക്കും പ്രധാനമെന്ന്‌ പി.സി.എ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ സിയാന്‍ മോറീസ്‌ പറഞ്ഞു.
ഇന്ത്യയില്‍ പര്യടനത്തിനെത്തിയ ഇംഗ്ലീഷ്‌ സംഘത്തിനൊപ്പം ടീമിന്റെ സുരക്ഷാ ഓഫീസറായി റെഗ്‌ ഡിക്‌സണ്‍ ഉണ്ടായിരുന്നു. അദ്ദേഹം നല്‍കുന്ന റിപ്പോര്‍ട്ടായിരിക്കും സുപ്രധാനമെന്നാണ്‌ മോറിസന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്‌. ഇന്നലെ ഇംഗ്ലീഷ്‌ പത്രമായ ഡെയ്‌ലി ടെലഗ്രാഫുമായി സംസാരിക്കവെ താരങ്ങളുടെ സുരക്ഷയാണ്‌ ഏറെ പ്രധാനമെന്ന്‌ മോറീസ്‌ പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ ചിത്രം വ്യക്തമാവും. സുരക്ഷാ ക്രമീകരണങ്ങളില്‍ ഇംഗ്ലണ്ടിന്‌ സംതൃപ്‌തി തോന്നുന്നപക്ഷം തിരിച്ചെത്തും. അല്ലാതെ താരങ്ങളെ ഇന്ത്യയിലേക്ക്‌ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കാര്യം തന്നെയാണ്‌ പീറ്റേഴ്‌സണ്‍ ആവര്‍ത്തിച്ചത്‌. സുരക്ഷയില്‍ സംതൃപ്‌തി പ്രകടിപ്പിക്കാന്‍ എല്ലാവര്‍ക്കുമായാല്‍ ഇംഗ്ലണ്ട്‌ തിരിച്ചെത്തും. അല്ലാത്തപക്ഷം ടെസ്റ്റ്‌ പരമ്പരയില്‍ കളിക്കുന്ന കാര്യം സംശയത്തിലാണെന്നും സ്‌കൈ ടെലിവിഷനുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം സൂചിപ്പിച്ചിരുന്നു.
മുംബൈയില്‍ സ്‌ഫോടനങ്ങള്‍ നടക്കുമ്പോള്‍ ഇംഗ്ലണ്ട്‌ ടീം ഭൂവനേശ്വറിലെ ഹോട്ടലില്‍ തങ്ങുകയായിരുന്നു. പരമ്പരയിലെ ആറാം ഏകദിന വേദിയായ ഗോഹട്ടിയിലേക്ക്‌ ഇന്നലെ പോവാനിരുന്നതായിരുന്നു ഇവര്‍. മൂന്ന്‌ ദിവസത്തോളം ഭുവനേശ്വറില്‍ തന്നെ തങ്ങി, ഇന്ന്‌ പുലര്‍ച്ചെയോടെയാണ്‌ ഇവിടെ നിന്നും ടീം പുറപ്പെട്ടത്‌. ഇന്ത്യയിലെ സ്ഥിതിഗതികള്‍ ഇംഗ്ലണ്ടിന്റെ മാനേജര്‍ ഹ്യൂഗ്‌ മോറീസ്‌ അപ്പപ്പോള്‍ തന്നെ സ്വന്തം അധികാരികളെ അറിയിക്കുന്നുണ്ട്‌.
ഇന്ത്യ-ഇംഗ്ലണ്ട്‌ പരമ്പരയുടെ ഭാവി സംബന്ധിച്ച്‌ എന്തെങ്കിലും പറയാന്‍ ഐ.സി.സി തയ്യാറായില്ല. ഉഭയ കക്ഷി പരമ്പരകള്‍ അതത്‌ രാജ്യങ്ങള്‍ തമ്മിലുളള കാര്യമാണെന്നും ഇതില്‍ ഇടപെടാന്‍ ഐ.സി.സിക്ക്‌ താല്‍പ്പര്യമില്ലെന്നുമാണ്‌ ഉന്നതര്‍ വ്യക്തമാക്കിയത്‌. പീറ്റേഴ്‌സന്റെ ഏകദിന സംഘത്തിനൊപ്പം ടെസ്റ്റ്‌ സ്‌പെഷ്യലിസ്‌റ്റുകളായി ഇവിടെയെത്തിയ മോണ്ടി പനേസര്‍, മൈക്കല്‍ വോന്‍, ആന്‍ഡ്ര്യൂ സ്‌ട്രോസ്‌ എന്നിവരും മടങ്ങും.

പ്രിന്‍സിന്‌ സെഞ്ച്വറി
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: മധ്യനിര ബാറ്റ്‌സ്‌മാന്മാരായ ആഷ്‌വെല്‍ പ്രിന്‍സ്‌ (162 നോട്ടൗട്ട്‌), മാര്‍ക്ക്‌ ബൗച്ചര്‍ (117) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സില്‍ 429 റണ്‍സ്‌ സ്വന്തമാക്കി. മറുപടി ബാറ്റിംഗില്‍ പതിവ്‌ പോലെ ബംഗ്ലാദേശ്‌ തകര്‍ന്നടിയുകയാണ്‌. മക്കായ എന്‍ടിനി, ഡാലെ സ്‌റ്റൈന്‍, മോര്‍ണെ മോര്‍ക്കല്‍ എന്നീ പേസ്‌ ത്രയങ്ങളുടെ ബൗണ്‍സറുകള്‍ക്ക്‌ മുന്നില്‍ പൂച്ചക്കുട്ടികളെ പോലെ വിറച്ച ബംഗ്ലാനിര ആറ്‌ വിക്കറ്റിന്‌ 95 റണ്‍സ്‌ എന്ന നിലയിലാണ്‌. അടുത്ത മാസം നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ പരമ്പര ലക്ഷ്യമാക്കിയാണ്‌ ദക്ഷിണാഫ്രിക്കന്‍ പ്രകടനം. ക്യാപ്‌റ്റന്‍ മുഹമ്മദ്‌ അഷറഫുള്‍ ഉള്‍പ്പെടെ ബംഗ്ലാ നിരയിലെ ആര്‍ക്കും പേസ്‌ ട്രാക്കില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല.

കിവീസ്‌ തപ്പിതടയുന്നു
അഡലെയ്‌ഡ്‌:ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്‌റ്റിന്റെ ഒന്നാം ദിനം ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്യുന്ന കിവീസ്‌ തപ്പിതടയുന്നു. ആദ്യനാള്‍ സ്റ്റംമ്പിന്‌ പിരിയുമ്പോള്‍ ആറ്‌ വിക്കറ്റിന്‌ 262 റണ്‍സ്‌ എന്ന നിലയിലാണ്‌ സന്ദര്‍ശകര്‍. 83 റണ്‍സ്‌ നേടിയ ആരോണ്‍ റെഡ്‌മോണ്ടാണ്‌ ടോപ്‌ സ്‌ക്കോറര്‍. ആദ്യ ടെസ്‌റ്റില്‍ പരാജിതരായി പരമ്പരയില്‍ പിന്നില്‍ നില്‍ക്കുന്ന കിവീസിന്റെ ബാറ്റിംഗ്‌ നിരക്ക്‌ മുന്നില്‍ വെല്ലുവിളിയായത്‌ ഓസീസ്‌ സ്‌പിന്നര്‍ നതാന്‍ ഹൗറിറ്റ്‌സാണ്‌. പരുക്ക്‌ കാരണം പിന്മാറിയ ജാസോണ്‍ ക്രെസ്‌ജക്ക്‌ പകരം ടീമിലെത്തിയ ഹൗറിറ്റ്‌സ്‌ 62 റണ്‍സ്‌ വഴങ്ങി രണ്ട്‌ വിക്കറ്റ്‌ കരസ്ഥമാക്കി. റോസ്‌ ടെയ്‌ലര്‍ (44), പീറ്റര്‍ ഫുള്‍ടോണ്‍ (29) എന്നിവര്‍ അല്‍പ്പസമയം ചെറുത്തുനിന്നു. 12 റണ്‍സോടെ ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരിയും 30 റണ്‍സുമായി വിക്കറ്റ്‌ കീപ്പര്‍ ബ്രെന്‍ഡന്‍ മക്കുലവമാണ്‌ ഇപ്പോള്‍ ക്രീസില്‍.

ടെസ്‌റ്റ്‌ പരമ്പര തുട
രണമെന്ന്‌ ബോതം, ആതര്‍ട്ടണ്‍
ലണ്ടന്‍: ഇന്ത്യക്കെതിരായ ടെസ്‌റ്റ്‌ പരമ്പരയില്‍ തീര്‍ച്ചയായും ഇംഗ്ലണ്ട്‌ കളിക്കണമെന്നും പരമ്പരയില്‍ നിന്ന്‌ പിന്മാറുന്നത്‌ നാണക്കേടാവുമെന്നും ഇംഗ്ലണ്ടിന്റെ പ്രശസ്‌തരായ രണ്ട്‌ മുന്‍ ക്രിക്കറ്റര്‍മാര്‍-ഇയാന്‍ ബോതവും മൈക്‌ ആതര്‍ട്ടണും അഭിപ്രായപ്പെട്ടു. തീവ്രവാദത്തെ എല്ലാവരും ഒന്നിച്ച്‌ എതിര്‍ക്കേണ്ടതാണ്‌. ഇന്ത്യയിലും ഇംഗ്ലണ്ടിലുമെല്ലാം ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്‌. ഇതിനെ ചെറുക്കണം. ഇന്ത്യയില്‍ തിരിച്ചെത്തി ടെസ്‌റ്റ്‌ മല്‍സരങ്ങള്‍ കളിക്കാന്‍ ഇംഗ്ലീഷ്‌ താരങ്ങള്‍ ധൈര്യം പ്രകടിപ്പിക്കണം-മിറര്‍ പത്രത്തിലെ തന്റെ കോളത്തില്‍ ബോതം ആവശ്യപ്പെട്ടു. ടീമിന്‌ കനത്ത സുരക്ഷയും പിന്തുണയും വാഗ്‌ദാനം ചെയ്യുമ്പോള്‍ അവര്‍ കളിക്കാതിരിക്കുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ടെസ്‌റ്റ്‌ പരമ്പര തുടരാന്‍ ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയില്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പ്രകടിപ്പിച്ച ധൈര്യത്തിനൊപ്പം താരങ്ങള്‍ നില്‍ക്കണമെന്ന്‌ ആതര്‍ട്ടണ്‍ പറഞ്ഞു.

യൂറോപ്പില്‍ തകര്‍പ്പന്‍ മല്‍സരങ്ങള്‍
ലണ്ടന്‍: ഇന്നും നാളെയും യൂറോപ്യന്‍ ലീഗുകളില്‍ മികച്ച മല്‍സരങ്ങള്‍. യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ മികച്ച ടീമുകളെല്ലാം പ്രി ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കിയ സാഹചര്യത്തില്‍ എല്ലാവരുടെയും ശ്രദ്ധ ഇനി സ്വന്തം ലീഗുകളിലാണ്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ഇന്ന്‌ അഞ്ച്‌ മല്‍സരങ്ങളുണ്ട്‌. പക്ഷേ നാളെ നടക്കുന്ന ചെല്‍സി-ആഴ്‌സനല്‍ പോരാട്ടത്തിനാണ്‌ എല്ലാവരും കാത്തിരിക്കുന്നത്‌. ഇന്നത്തെ മല്‍സരങ്ങള്‍ ഇവയാണ്‌: ആസ്‌റ്റ്‌ണ്‍ വില്ല-ഫുള്‍ഹാം, മിഡില്‍സ്‌ ബോറോ-ന്യൂകാസില്‍ യുനൈറ്റഡ്‌, സ്‌റ്റോക്ക്‌ സിറ്റി-ഹള്‍, സുതര്‍ലാന്‍ഡ്‌-ബോള്‍ട്ടണ്‍, വിഗാന്‍-വെസ്‌റ്റ്‌ ബ്രോം.
ഇറ്റാലിയന്‍ ലീഗില്‍ നാളെ നിലവിലെ ചാമ്പ്യന്മാരായ ഇന്റര്‍ മിലാന്‍ നാലാം സ്ഥാനക്കാരായ നാപ്പോളിയുമായി കളിക്കും. ചാമ്പ്യന്‍സ്‌ ലീഗില്‍ ഗ്രിക്കൂകാരായ പനാത്തിനായിക്കോസിനെതിരെ ഒരു ഗോളിന്‌ പരാജയപ്പെട്ട ഇന്ററിന്‌ സ്വന്തം തട്ടകത്ത്‌ തല ഉയര്‍ത്തി നില്‍ക്കണമെങ്കില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയണം. അതേ സമയം ഏ.സി മിലാന്‌ താരതമ്യേന ദുര്‍ബലരായ പ്രതിയോഗികളാണ്‌-പലെര്‍മോ. മൂന്നാം സ്ഥാനക്കാരായ യുവന്തസ്‌ റെജിനക്കെതിരെ കളിക്കും.
ഫ്രാന്‍സില്‍ നാളെ മുഖാമുഖം വരുന്നത്‌ ഒന്നാം സ്ഥാനക്കാരായ ലിയോണും രണ്ടാം സ്ഥാനക്കാരായ ലീസുമാണ്‌. സ്‌പാനിഷ്‌ ലീഗില്‍ ആദ്യ മൂന്ന്‌ സ്ഥാനങ്ങളില്‍ നില്‍ക്കുന്നവരാണ ബാര്‍സിലോണ, വില്ലാ റയല്‍, റയല്‍ മാഡ്രിഡ്‌ എന്നിവര്‍ക്കെല്ലാം വാരത്തില്‍ എവേ മല്‍സരങ്ങളാണ്‌. ബാര്‍സക്ക്‌ മുന്നല്‍ വരുന്നത്‌ കരുത്തരായ സെവിയെയാണ്‌. ലീഗില്‍ ഇത്തവണ ആദ്യ മല്‍സരത്തില്‍ തന്നെ കാലിടറിയ ബാര്‍സ പിന്നീട്‌ കരുത്തോടെ തിരിച്ചെത്തി ഒന്നാം സ്ഥാനത്ത്‌ വന്നിരുന്നു. പക്ഷേ നാളെ അവര്‍ ശരിക്കും പരീക്ഷിക്കപ്പെടും. റയല്‍ മാഡ്രിഡിനും കാര്യങ്ങള്‍ എളുപ്പമല്ല. സ്ഥിരതയോടെ കളിക്കാന്‍ കഴിയാത്ത റയലിന്‌ മുന്നില്‍ വരുന്നത്‌ അട്ടിമറി വീരന്മാരായ ഗറ്റാഫെയാണ്‌. വില്ലാ റയലിന്‌ ലീഗിലെ അവസാന സ്ഥാനക്കാരായ റിക്രിയേറ്റീവോ ഹലൂവയാണ്‌ എതിരാളികള്‍.

പരമ്പരകള്‍, ചാമ്പ്യന്‍ഷിപ്പുകള്‍ തകിടം മറിയുന്നു
മുംബൈ: ഇന്ത്യയിലും പാക്കിസ്‌താനിലുമായി തുടരുന്ന ഭീകര പ്രവര്‍ത്തനങ്ങളില്‍ ക്രിക്കറ്റ്‌ കലണ്ടറുകള്‍ തകിടം മറിയുന്നു. പാക്കിസ്‌താനില്‍ സെപ്‌തംബറില്‍ നടക്കേണ്ടിയിരുന്ന ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റ്‌ മല്‍സരങ്ങള്‍ സ്‌ഫോടനങ്ങളെ തുടര്‍ന്ന്‌ അവസാന നിമിഷം മാറ്റിവെക്കപ്പെട്ടത്‌ ടീമുകള്‍ക്കും സംഘാടകര്‍ക്കും വലിയ തലവേദനയായിരുന്നു. അടുത്ത വര്‍ഷം ചാമ്പ്യന്‍ഷിപ്പ്‌ നടത്താനാണ്‌ അന്ന്‌ തീരുമാനിച്ചിരുന്നത്‌. ഇപ്പോഴിതാ മുംബൈയില്‍ സ്‌ഫോടനങ്ങളെ തുടര്‍ന്ന്‌ ഇന്ത്യ-ഇംഗ്ലണ്ട്‌ ഏകദിന പരമ്പരയിലെ രണ്ട്‌ മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ടെസ്‌റ്റ്‌ പരമ്പര നടക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. പ്രഥമ ചാമ്പ്യന്‍സ്‌ ടൊന്റി 20 ലീഗ്‌ മാറ്റിവെച്ചിരിക്കുന്നു. ഐ.സി.എല്‍ ചാമ്പ്യന്‍സ്‌ ലീഗും മാറ്റിയിരിക്കുന്നു. നടക്കാതെ പോയ ചാമ്പ്യന്‍ഷിപ്പുകളെല്ലാം 2009 ല്‍ നടത്താനാണ്‌ നീക്കം. പക്ഷേ ഇതിനകം തന്നെ 2009 ലെ കലണ്ടര്‍ നിറയെ മല്‍സരങ്ങളാണ്‌.
ചാമ്പ്യന്‍സ്‌ ടൊന്റി 20 ലീഗ്‌ അടുത്ത വര്‍ഷം നടത്താനാവുമെന്നാണ്‌ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത്‌ മോഡി പറഞ്ഞത്‌. എന്നാല്‍ ഈ കാര്യത്തില്‍ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ വിയോജിപ്പ്‌ പ്രകടിപ്പിച്ചിട്ടുണ്ട്‌. ചാമ്പ്യന്‍സ്‌ ലീഗ്‌ അടുത്ത മാസം മൂന്നിന്‌ ആരംഭിക്കാനായിരുന്നു തീരുമാനം. എല്ലാ ടീമുകളും ഇന്ത്യയിലെത്താന്‍ തയ്യാറെടുത്തിരുന്നു. ആ സമയത്താണ്‌ സ്‌ഫോടന പരമ്പരയില്‍ രാജ്യത്തിന്റെ വാണിജ്യ ആസ്ഥാനം വിറച്ചത്‌. ചാമ്പ്യന്‍സ്‌ ലീഗ്‌ ഇനി മുംബൈയില്‍ നടക്കില്ല എന്ന കാര്യം ഉറപ്പാണ്‌. പകരം ചെന്നൈ, ബാംഗ്ലൂര്‍ എന്നീ വേദികളാണ്‌ മോഡി മുന്നില്‍ കാണുന്നത്‌.
അടുത്ത വര്‍ഷമാദ്യം ചാമ്പ്യന്‍സ്‌ ലീഗ്‌ നടത്തിയാല്‍ ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കന്‍ ടീമുകള്‍ക്കും പങ്കെടുക്കാന്‍ കഴിയില്ല. ഇവര്‍ തമ്മിലുളള പരമ്പര ജനുവരിയില്‍ ആരംഭിക്കുകയാണ്‌. ഇന്ത്യന്‍ ടീമിന്റെ പാക്കിസ്‌താന്‍ പര്യടനം ജനുവരിയിലാണ്‌. ഫെബ്രുവരിയില്‍ ഇംഗ്ലണ്ട്‌ വിന്‍ഡീസ്‌ സന്ദര്‍ശനത്തിന്‌ പോവും.
ചാമ്പ്യന്‍ഷിപ്പുകള്‍ പലതും മാറ്റിവെക്കപ്പെടുന്ന സാഹചര്യത്തില്‍ ഐ.സി.സി സമ്മര്‍ദ്ദത്തിലാണ്‌. ഉഭയകക്ഷി പരമ്പരകളുടെ കാര്യത്തില്‍ ഐ.സി.സി ഇടപെടാറില്ലെങ്കിലും ചാമ്പ്യന്‍സ്‌ ലീഗ്‌ പോലുളള ചാമ്പ്യന്‍ഷിപ്പുകളില്‍ കൂടുതല്‍ ടീമുകള്‍ പങ്കെടുക്കുന്നതിനാല്‍ ഐ.സി.സിക്ക്‌ ഇടപെടേണ്ടി വരും. ഐ.സി.സി നേരിട്ടു നടത്തുന്ന ചാമ്പ്യന്‍സ്‌ ട്രോഫി തന്നെ ഇപ്പോള്‍ കലണ്ടറില്‍ ഒതുങ്ങിനില്‍ക്കുകയാണ്‌.

1 comment:

P.C.MADHURAJ said...

What a loss!
I appreciate the title and hope that soon there will be "No Pakistan" on the face of earth.