Wednesday, August 26, 2009

CHAKDEEEEE........ INDIA

ചക്‌്‌ദേ ഇന്ത്യ.....
ന്യൂഡല്‍ഹി: ചക്‌ദേ ഇന്ത്യ.....! ശ്രീലങ്കന്‍ സിംഹങ്ങളെ 1-3 ല്‍ തകര്‍ത്ത്‌ ഇന്ത്യ നെഹ്‌റു കപ്പ്‌ രാജ്യാന്തര ഫുട്‌ബോളിലെ രണ്ടാമത്തെ വിജയത്തിനൊപ്പം ഫൈനലിലേക്ക്‌ അടുത്തു. റൗണ്ട്‌ റോബിന്‍ ലീഗിലെ അവസാന മല്‍സരത്തില്‍ സിറിയയെ സമനിലയില്‍ തളച്ചാല്‍ ഇന്ത്യക്ക്‌ ഫൈനല്‍ കളിക്കാം. ഇപ്പോള്‍ ഇന്ത്യക്കും സിറിയക്കും ആറ്‌ പോയന്റ്‌്‌ വീതമുണ്ട്‌. സിറിയ രണ്ട്‌ മല്‍സരങ്ങള്‍ മാത്രം കളിച്ചപ്പോള്‍ ഇന്ത്യ മൂന്ന്‌ മല്‍സരങ്ങള്‍ കളിച്ചു. ലീഗില്‍ ഏറ്റവും കൂടുതല്‍ പോയന്റ്‌്‌ സ്വന്തമാക്കുന്ന രണ്ട്‌ ടീമുകള്‍ തമ്മിലാണ്‌ 31 ലെ ഫൈനല്‍. സിറിയക്കും ഇന്ത്യക്കും പിറകില്‍ ലെബനോണ്‍ നാല്‌ പോയന്റുമായി മൂന്നാമതാണ്‌. ലങ്കക്ക്‌ രണ്ടും കിര്‍ഗിസ്ഥാന്‌ ഒന്നും പോയന്റാണുളളത്‌. ഇന്ന്‌ സിറിയയും ലെബനോണുമാണ്‌ കളിക്കുന്നത്‌. ഈ മല്‍സരത്തില്‍ ലെബനോണ്‍ പരാജയപ്പെട്ടാല്‍ ഇന്ത്യക്ക്‌ കാര്യങ്ങള്‍ എളുപ്പമാവും.
ഒന്നാം പകുതിയില്‍ ക്യാപ്‌റ്റന്‍ ബൂട്ടിയയുടെ ഗോളില്‍ ലീഡ്‌ നേടിയ ഇന്ത്യക്ക്‌ വേണ്ടി രണ്ടാം പകുതിയില്‍ ഗുര്‍മാംഗോ സിംഗ്‌, സ്‌റ്റീവന്‍ ഡയസ്‌ എന്നിവരാണ്‌ ഗോളുകള്‍ നേടിയത്‌. ലങ്കക്ക്‌ വേണ്ടി മധ്യനിരക്കാരന്‍
ദിനേശ്‌ രുവാന്‍തിലകെ ഒരു ഗോള്‍ മടക്കി.
ഒന്നാം പകുതിയില്‍ ഇന്ത്യ ബൂട്ടിയ സ്വന്തമാക്കിയ തകര്‍പ്പന്‍ ഗോളില്‍ മുന്നിലായിരുന്നു. കഴിഞ്ഞ ഒരാഴ്‌ച്ചയായി അംബേദ്‌ക്കര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന രാജ്യാന്തര ചാമ്പ്യന്‍ഷിപ്പ്‌ ദര്‍ശിച്ച ഏറ്റവും മികച്ച ഗോളാണ്‌ ഇന്ത്യന്‍ നായകന്‍ സ്വന്തം പേരില്‍ കുറിച്ചത്‌. രാജ്യത്തിന്‌ വേണ്ടി 101-ാമത്‌ മല്‍സരം കളിക്കുന്ന ബൂട്ടിയക്ക്‌ സ്വപ്‌ന ഗോളിലേക്ക്‌ പന്ത്‌ നല്‍കിയത്‌ സ്റ്റീവന്‍ ഡയസ്‌. ഇന്ത്യന്‍ ആധിപത്യത്തില്‍ മല്‍സരം പുരോഗമിക്കവെ അര്‍ഹമായ ഗോളായിരുന്നു ഇത്‌. മധ്യവരയില്‍ നിന്നും പന്തുമായി കുതിച്ച സുര്‍കുമാര്‍ സിംഗ്‌ ഓട്ടത്തിനിടയില്‍ പന്ത്‌ സ്റ്റീവന്‍ ഡയസിന്‌ കൈമാറി. ഡയസ്‌ നോക്കുമ്പോള്‍ വലത്‌ ഫ്‌ളാങ്കില്‍ എന്തിനും തയ്യാറായി ബൂട്ടിയ. സ്റ്റീവന്‍ ഞൊടിയിടയില്‍ പന്ത്‌ ഉയര്‍ത്തി നല്‍കി. പെനാല്‍ട്ടി ബോക്‌സിന്‌ മധ്യേ ബൂട്ടിയ പന്തിനായി ഉയര്‍ന്നു പൊന്തിയപ്പോള്‍ തടസ്സം നില്‍ക്കാന്‍ ശ്രമിച്ച രണ്ട്‌ ലങ്കന്‍ ഡിഫന്‍ഡര്‍മാര്‍ക്ക്‌ ഒന്നും ചെയ്യാനായില്ല. പന്തിനെ തല കൊണ്ട്‌ ചെത്തിയ ബൂട്ടിയ തന്റെ പഴയ നാളുകളാണ്‌ ഓര്‍മ്മിപ്പിച്ചത്‌. കിര്‍ഗിസ്ഥാനെതിരായ മല്‍സരത്തില്‍ ബൂട്ടിയ ഗോള്‍ നേടിയിരുന്നെങ്കിലും അതിനൊരു ക്ലാസിക്‌ ടച്ചുണ്ടായിരുന്നില്ല. ലങ്കന്‍ വലയിലേക്ക്‌ ബൂട്ടിയ ചെത്തിയ പന്തിലും ഗോളിലും ഒരു സൂപ്പര്‍ മുഖമുണ്ടായിരുന്നു. പൊതുവെ ആഹ്ലാദം പരസ്യമായി പ്രകടിപ്പിക്കാത്ത കോച്ച്‌ ബോബ്‌ ഹൂട്ടണ്‍ പോലും ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ്‌ കൈകളടിച്ചു.
കിക്കോഫ്‌ മുതല്‍ ആക്രമണ സോക്കിറിന്റെ സുന്ദര മുഖമാണ്‌ ഇന്ത്യന്‍ താരങ്ങള്‍ പ്രകടിപ്പിച്ചത്‌. ചാമ്പ്യന്‍ഷിപ്പിലെ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ ലെബനോണെ 4-3 ന്‌്‌ തോല്‍പ്പിച്ച ശ്രീലങ്കക്ക്‌ രണ്ടാം മല്‍സരത്തില്‍ സിറിയയോട്‌ വാങ്ങിയ നാല്‌ ഗോളുകള്‍ക്ക്‌ മറുപടി നല്‍കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു. പക്ഷേ അവരുടെ ഡിഫന്‍സിലെ പാളിച്ചകള്‍ ഇന്ത്യന്‍ മധ്യനിരയും മുന്‍നിരയും തുടക്കത്തില്‍ തന്നെ തുറന്നുകാട്ടി. ഒന്നാം മിനുട്ടില്‍ തന്നെ ഇന്ത്യക്ക്‌ അനുകൂലമായി ലങ്കന്‍ പെനാല്‍ട്ടി ബോക്‌സിന്‌ അരികില്‍ വെച്ച്‌ ഫ്രികിക്ക്‌ ലഭിച്ചു. സ്റ്റീവന്‍ ഡയസ്‌ പായിച്ച ഷോട്ട്‌ പക്ഷേ ഗോള്‍ക്കീപ്പര്‍ കുത്തിയകറ്റി. ക്ലൈമാക്‌സ്‌ ലോറന്‍സ്‌-ആന്റണി പെരേര സഖ്യത്തിന്റെ മുന്നേറ്റമായിരുന്നു പിന്നെ കണ്ടത്‌. മൂന്ന്‌ തവണ ഈ ഗോവന്‍ ജോഡി അപകടം വിതറി. ലെബനോണെതിരായ മല്‍സരത്തില്‍ മൂന്ന്‌ ഗോളുകള്‍ സ്വന്തമാക്കിയ ലങ്കന്‍ മുന്‍നിരക്കാരന്‍ മുഹമ്മദ്‌ ഇസാദാന്‍െ നീക്കത്തില്‍ എഴാം മിനുട്ടിലാണ്‌ ഇന്ത്യന്‍ ഗോള്‍ക്കീപ്പര്‍ സുബ്രതോ പാലിന്‌ പന്ത്‌ തൊടാനായത്‌.
ഇന്ത്യന്‍ കടന്നാക്രമണത്തില്‍ ഞെട്ടിയ ലങ്ക പെട്ടെന്ന്‌ അപകടം മനസ്സിലാക്കി ഡിഫന്‍സില്‍ താല്‍പ്പര്യമെടുത്തു. ഇതോടെ പൂര്‍ണ്ണമായും കളി ലങ്കന്‍ ഹാഫില്‍ തന്നെയായി. പന്ത്രണ്ടാം മിനുട്ടില്‍ ലങ്കന്‍ വലയില്‍ പന്തെത്തിയിരുന്നു. സ്റ്റീവന്‍ ഡയസ്‌ പായിച്ച ഫ്രി ക്കിക്കില്‍ നിന്നും പന്ത്‌ ഹെഡ്‌ ചെയ്‌ത്‌ സുനില്‍ ചേത്രി വലയിലാക്കി. പക്ഷേ ലൈന്‍ റഫറിയുടെ ഓഫ്‌ സൈഡ്‌ വിസില്‍ ഗ്യാലറികളെ നിരാശപ്പെടുത്തി.
യഥാര്‍ത്ഥ ചാമ്പ്യന്മാരെ പോലെയാണ്‌ ഇന്ത്യ കളിച്ചത്‌. മഹേഷ്‌ ഗാവ്‌ലിയും പ്രദീപുമെല്ലാം ആക്രമണങ്ങളുടെ പരമ്പരകളുമായി കാണികള്‍ക്ക്‌ മഴക്കോളിലും ആവേശമുയര്‍ത്താനുള്ള അവസരങ്ങളേകി. പലപ്പോഴും ലങ്ക ചിത്രത്തില്‍ തന്നെയുണ്ടായിരുന്നില്ല. സ്‌റ്റീവന്‍ ഡയസായിരുന്നു തീപ്പൊരിയായി നടന്നിരുന്നത്‌. ഇരുപതാം മിനുട്ടില്‍ സ്റ്റീവന്റെ മികവ്‌ ഗോളിലെത്തുമായിരുന്നു. സുര്‍കുമാറിന്റെ ത്രോയില്‍ നിന്നും ലഭിച്ച പന്തുമായി പെനാല്‍ട്ടി ബോക്‌സില്‍ കടന്നുകയറി സ്‌റ്റീവന്‍ പായിച്ച മിന്നല്‍ ഷോട്ട്‌ ഭാഗ്യത്തിന്‌ മാത്രമാണ്‌ ലങ്കന്‍ ഗോള്‍ക്കീപ്പറുടെ കൈകളില്‍ തട്ടി പുറത്തേക്ക്‌ പോയത്‌. ഇന്ത്യന്‍ ആധിപത്യം സമ്പൂര്‍ണ്ണമായ ഘട്ടത്തിലായിരുന്നു ബൂട്ടിയയുടെ ഗോള്‍.
ആദ്യ പകുതിയില്‍ ഇന്ത്യ നിരന്തരം ആക്രമണം തുടര്‍ന്നെങ്കിലും കൂടുതല്‍ ഗോളുകള്‍ പിറന്നില്ല. രണ്ടാം പകുതിയില്‍ പ്രദീപിന്‌ ഗോളിലേക്ക്‌ അവസരം ലഭിച്ചു. അമ്പതാം മിനുട്ടിലായിരുന്നു ഇത്‌. സ്റ്റിവന്‍ ഡയസ്‌ എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നും പന്ത്‌ ലഭിച്ച സുര്‍കുമാര്‍ സിംഗ്‌ ബൂട്ടിയയെ ലക്ഷ്യമാക്കി കൃത്യമായ ക്രോസ്‌ നല്‍കി. ഇന്ത്യന്‍ നായകന്റെ ഹെഡ്ഡര്‍ ഗോള്‍ക്കീപ്പറെ പരാജയപ്പെടുത്തിയെങ്കിലും പന്ത്‌ ഇടത്‌ പോസ്‌റ്റില്‍ തട്ടി പ്രദീപിന്‌ മുന്നിലാണ്‌ എത്തിയത്‌. പ്രദീപിന്റെ ഷോട്ട്‌ പക്ഷേ ഗോള്‍ക്കീപ്പര്‍ പിടിച്ചു. ഒരു ഗോള്‍ ലീഡിലെ അപകടം മനസ്സിലാക്കി ഇന്ത്യ കളിക്കവെ ഭയന്നത്‌ സംഭവിച്ചു. കോര്‍ണര്‍ കിക്കില്‍ നിന്നും ലങ്കന്‍ ഗോള്‍. കോര്‍ണര്‍ കിക്കില്‍ നിന്നും പന്ത്‌ ഉയര്‍ന്നപ്പോള്‍ ദിനേശ്‌ രുവാന്‍തിലകെ മാര്‍ക്ക്‌ ചെയ്യപ്പെടാതെ നില്‍കുകയായിരുന്നു. അദ്ദേഹത്തിന്റെ ഹെഡ്ഡര്‍ സുബ്രതോ പാലിനെ കബളിപ്പിച്ചു. മല്‍സരം 1-1 ല്‍. ഗ്യാലറികള്‍ നിശബ്ദം....
ഉടന്‍ തന്നെ ഇന്ത്യ ആന്റണി പെരേരയെ പിന്‍വലിച്ച്‌ റെനഡി സിംഗിനെ ഇറക്കി. അറുപത്തിയൊമ്പതാം മിനുട്ടില്‍ ഇന്ത്യ ലീഡ്‌ തിരിച്ചുപിടിച്ചു. ഗുര്‍മാംഗി സിംഗായിരു്‌ന്നു സ്‌ക്കോറര്‍. ഫ്രി കിക്കില്‍ നിന്നായിരുന്നു തുടക്കം. സ്റ്റിവന്‍ ഡയസിന്റെ കിക്കില്‍ നിന്നും പന്ത്‌ പ്രദീപിന്‌. കേരളാ താരത്തിന്റെ കനമുള്ള ഷോട്ട്‌ രക്ഷപ്പെടുത്താന്‍ ലങ്കന്‍ ഗോള്‍ക്കീപ്പര്‍ക്ക്‌ കഴിഞ്ഞെങ്കിലും പന്ത്‌ തെറിച്ചു വീണത്‌ ഗുര്‍മാംഗിയുടെ മുന്നില്‍. അദ്ദേഹത്തിന്‌ കാര്യമായ ജോലിയുണ്ടായിരുന്നില്ല. ഗ്യാലറികളില്‍ വീണ്ടും ചക്‌ദേ ആരവം....
റെനഡി സിംഗും പ്രദീപും തമ്മിലുള്ള കോമ്പിനേഷനില്‍ ഇന്ത്യ വീണ്ടും അവസരങ്ങള്‍ നെയ്‌തു. എഴുപത്തിയേഴാം മിനുട്ടില്‍ ചേത്രിയുടെ ക്രോസില്‍ നിന്നും പന്ത്‌ ലഭിച്ച പ്രദീപ്‌ ആഞ്ഞടിച്ചെങ്കിലും പോസ്‌റ്റില്‍
തട്ടി തെറിച്ചു. എണ്‍പത്തിയഞ്ചാം മിനുട്ടില്‍ മല്‍സരം ഉറപ്പാക്കി പ്രദിപിന്റെ പാസില്‍ നിന്നും സ്റ്റീവന്‍ ഡയസ്‌ ഇന്ത്യയുടെ മൂന്നാം ഗോള്‍ നേടി.
സമ്പൂര്‍ണ്ണ സംതൃപ്‌തിയില്‍ ഗ്യാലറികള്‍ പിരിഞ്ഞപ്പോള്‍ ഇന്ത്യ മറ്റൊരു ഫൈനലിലേക്കുള്ള തയ്യാറെടുപ്പിലാണ്‌....


തേര്‍ഡ്‌ ഐ
കോച്ച്‌ ഡേവ്‌ ഹൂട്ടന്റെ തന്ത്രങ്ങള്‍ക്കും ഇന്ത്യന്‍ താരങ്ങളുടെ സമീപനത്തിനുമാണ്‌ ഫുള്‍ മാര്‍ക്ക്‌....സിറിയ-ശ്രീലങ്ക മല്‍സരം ഹൂട്ടണ്‍ പൂര്‍ണ്ണസമയവും കണ്ടിരുന്നു. ലങ്കന്‍ പ്രതിരോധത്തിന്റെ പാളിച്ചകള്‍ ഈ മല്‍സരത്തില്‍ നിന്നും മനസ്സിലാക്കുന്നതില്‍ അദ്ദേഹം വിജയിച്ചുവെന്ന്‌ മാത്രമല്ല അതിന്‌ അനുസൃതമായി ഗെയിം പ്ലാന്‍ നടത്തുകയും ചെയ്‌തു. ലങ്കന്‍ മുന്‍നിരയിലെ അപകടകാരിയായ മുഹമ്മദ്‌ ഇസാദാനെ മാര്‍ക്ക്‌ ചെയ്യാന്‍ അന്‍വര്‍ അലിയെ ഏല്‍പ്പിച്ച ഹൂട്ടണ്‍ മധ്യനിരക്കും മുന്‍നിരക്കും ആക്രമണത്തിനുള്ള സര്‍വ സ്വാതന്ത്ര്യവും നല്‍കി. താരങ്ങളുടെ ശരീരഭാഷയിലും സമീപനത്തിലും കാതലമായ മാറ്റമുണ്ടായിരുന്നു. കിക്കോഫ്‌ മുതല്‍ ആക്രമണം. ലങ്ക പതറിയ സന്ദര്‍ഭങ്ങളില്‍ കടന്നാക്രമണം. 90 മിനുട്ടും പൊരുതി മാച്ച്‌ ഫിറ്റ്‌നസ്‌ തെളിയിക്കുന്നതില്‍ ബൂട്ടിയ പോലും വിജയിച്ചു. ഇന്ത്യ നേടിയ മൂന്ന്‌ ഗോളുകളും സുന്ദരമായിരുന്നു. ഗോള്‍ക്കീപ്പര്‍ സുബ്രതോപാല്‍, മധ്യനിരക്കാരന്‍ സ്റ്റീവന്‍ ബെനഡിക്ട്‌ ഡയസ്‌, ആന്റണി പെരേര എന്നിവരെ പ്രത്യേകം അഭിനന്ദിക്കണം.
ലങ്കന്‍ ക്യാമ്പിന്‌ ഒരു തരത്തിലുമുള്ള പ്രതീക്ഷ നല്‍കാതിരിക്കാന്‍ ബൂട്ടിയ ശ്രദ്ധിച്ചു. ലെബനോണെ തോല്‍പ്പിച്ച ടീമാണ്‌ ലങ്ക. അവസരങ്ങള്‍ നല്‍കിയാല്‍ അത്‌ അപകടമാവുമെന്ന്‌ ബൂട്ടിയ മനസ്സിലാക്കി. തുടക്കത്തില്‍ തന്നെ ആക്രമണം നടത്തിയാല്‍ ലങ്ക പിന്‍പാദത്തിലാവുമെന്ന്‌ മനസ്സിലാക്കിയുള്ള ഗെയിമില്‍ ബൂട്ടിയകൊപ്പം സ്റ്റീവന്‍ ഡയസ്‌ പ്രകടിപ്പിച്ച കരുത്തായിരുന്നു പ്രധാനം. മുന്‍നിരയില്‍ സുനില്‍ ചേത്രിയും മധ്യനിരയില്‍ എന്‍.പി പ്രദീപും കൂട്ടുകാരുടെ അദ്ധ്വാനത്തിനൊപ്പം നില കൊണ്ടു.
ചില ഘട്ടങ്ങളില്‍ ടീം പ്രകടിപ്പിക്കുന്ന ആലസ്യത്തില്‍ രണ്ട്‌ കളികളില്‍ രണ്ട്‌ ഗോളുകളാണ്‌ ഇന്ത്യന്‍ വലയില്‍ വീഴ്‌ത്തിയത്‌. കിര്‍ഗിസ്ഥാനെതിരായ മല്‍സരത്തിന്റെ അവസാനത്തില്‍ പ്രതിരോധനിര പ്രകടിപ്പിച്ച ആലസ്യമാണ്‌ ഗോളായി മാറിയത്‌. ഇന്ത്യന്‍ ഹോക്കി ടീമാണ്‌ സാധരണ അവസാന നിമിഷങ്ങളില്‍ ആലസ്യം പ്രകടിപ്പിച്ച്‌ തോല്‍വികള്‍ വാങ്ങാറുളളത്‌. ഇന്നലെ ലങ്കക്ക്‌ ഒരു ഗോള്‍ മടക്കാന്‍ അവസരമേകിയതും ഈ ആലസ്യമാണ്‌. കോര്‍ണര്‍ കിക്കുകള്‍ എന്നും അപകടം വിതറാറുണ്ട്‌. പ്രത്യേകിച്ച്‌ എതിര്‍നിരക്കാര്‍ ഉയരക്കാരാവുമ്പോള്‍. ലങ്കന്‍ കോര്‍ണര്‍ കിക്കിനെ ഇന്ത്യന്‍ പ്രതിരോധം അലസമായി കണ്ടു. ഗോളും വാങ്ങി. ഈ ഗോളിന്‌ ശേഷം വീണ്ടും ഇന്ത്യ ഉണര്‍ന്നപ്പോഴാണ്‌ ഗുര്‍മാംഗി സിംഗും സ്‌റ്റീവനും ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. ഇന്നലെ രാവിലെ ഡല്‍ഹിയില്‍ മഴ പെയ്‌തത്‌ കാരണം കളി നടക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലായിരുന്നു. എന്നിട്ടും ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന തലസ്ഥാനവാസികള്‍ കൂട്ടത്തോടെ അംബേദ്‌ക്കര്‍ സ്‌റ്റേഡിയത്തിലെത്തി. ഈ ഫുട്‌ബോള്‍ താല്‍പ്പര്യത്തിന്‌ സാക്ഷികളാവാന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ തലപ്പത്തുള്ളവരെല്ലാമുണ്ടായിരുന്നു എന്നതാണ്‌ ആശ്വാസം. മൈതാനം മഴയില്‍ ചളിപിളിയായിരുന്നു. അത്‌ കാര്യമാക്കാതെയാണ്‌ ഇന്ത്യ കളിച്ചതും ജയിച്ചതും. ഇനി രണ്ട്‌ മല്‍സരങ്ങളാണ്‌ ഇന്ത്യയെ കാത്തിരിക്കുന്നത്‌. രണ്ട്‌ മല്‍സരത്തിലും എതിരാളികള്‍ സിറിയക്കാരായിരിക്കും. ലീഗിലെ അവസാന മല്‍സരത്തില്‍ സിറിയയുമായാണ്‌്‌ കളി. മല്‍സരത്തില്‍ സമനില മാത്രം മതി ഫൈനല്‍ കളിക്കാന്‍. ഫൈനലിലും ഇന്ത്യയുടെ പ്രതിയോഗികളാവാന്‍ സാധ്യത സിറിയയാണ്‌്‌. അതിനാല്‍ ഇനി വേണ്ടത്‌ സിറിയന്‍ ഹോം വര്‍ക്കാണ്‌....

സല്‍മാനും....
മുംബൈ: ഷാറുഖ്‌ ഖാന്‍, ജൂഹി ചൗള (കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌), പ്രീതി സിന്റ (കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്‌), ശില്‍പ്പാ ഷെട്ടി (രാജസ്ഥാന്‍ റോയല്‍സ്‌ ) എന്നിവര്‍ക്ക്‌ പിറകെ ഇതാ ബോളിവുഡില്‍ നിന്നും ക്രിക്കറ്റ്‌-ഐ.പി.എല്‍ ആവേശവുമായി സല്‍മാന്‍ ഖാനും. 2011 ലെ ഐ.പി.എല്ലില്‍ സ്വന്തമായി ഒരു ടീമിനെ രംഗത്തിറക്കാന്‍ മസില്‍ഖാന്‌ താല്‍പ്പര്യമുണ്ടത്രെ...! ഇത്‌ സംബന്ധിച്ച്‌ അദ്ദേഹം ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത്‌ മോഡിയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. 2011 ലെ ലീഗില്‍ പത്ത്‌ ടീമുകള്‍ക്ക്‌ അവസരം നല്‍കാനാണ്‌ തീരുമാനം. നിലവില്‍ എട്ട്‌ ടീമുകളാണ്‌ ഐ.പി.എല്ലില്‍ കളിക്കുന്നത്‌. സല്‍മാനുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തതായി മോഡി പറഞ്ഞു.
വെട്ടോരി 300
കൊളംബോ: ന്യൂസിലാന്‍ഡ്‌ ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരിക്ക്‌ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ 300 വിക്കറ്റ്‌. ഇവിടെ ശ്രീലങ്കക്കെതിരെ നടക്കുന്ന രണ്ടാം ടെസ്‌റ്റിന്റെ ഒന്നാം ദിവസമാണ്‌ വെട്ടോരി റെക്കോര്‍ഡ്‌ ബുക്കില്‍ ഇടം നേടിയത്‌. 3000 റണ്‍സും 300 വിക്കറ്റും സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയിലെ എട്ടാമനാണിപ്പോള്‍ വെട്ടോരി.

1 comment:

പാവപ്പെട്ടവൻ said...

എന്താ മാഷേ എന്തെങ്കിലും ആത്മാര്‍ഥമായി ഉറപ്പിച്ചു പറയാന്‍ കഴിയുമോ
ഓണാശംസകള്‍