പ്രശ്‌നങ്ങളില്ല
ന്യൂഡല്‍ഹി: വീരേന്ദര്‍ സേവാഗിന്റെ രോഷത്തിന് കാര്യമുണ്ടായി.... ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെയും ജില്ലാ ക്രിക്കറ്റ് ഭരണക്കൂടത്തിന്റെയും ഇടപെടലുകള്‍ ടീം സെലക്ഷനെ ബാധിച്ചതായി ഡി.ഡി.സി.എ തലവനും ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്‌റ്റ്‌ലി സമ്മതിച്ചതോടെ മഞ്ഞുരുകുകയാണ്. ഇന്നലെ സേവാഗും ജെയ്‌റ്റ്‌ലിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്‌ച്ചയില്‍ പരസ്‌പര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. എല്ലാ പ്രശ്‌നങ്ങളും അവസാനിപ്പിച്ച് പരസ്‌പരം ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ ക്രിക്കറ്റ് അസോസിയേഷനും സൂപ്പര്‍ താരങ്ങളും തീരുമാനിച്ചതോടെ വിജയം സേവാഗിന് മാത്രമായി. ഡല്‍ഹി രഞ്‌ജി ടീം സെലക്ഷനിലും ജൂനിയര്‍ ടീമുകളുടെ സെലക്ഷനിലും അതിയായ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്നും ഈ രീതി തുടരുന്ന പക്ഷം ഡല്‍ഹിക്കായി കളിക്കാന്‍ താനുണ്ടാവില്ലെന്നും സേവാഗ് തുറന്നടിച്ചത് വലിയ വിവാദമായിരുന്നു. സേവാഗിന് പിന്തുണ പ്രഖ്യാപിച്ച് ഡല്‍ഹിക്കാരായ ഇന്ത്യന്‍ താരങ്ങളും രംഗത്തെത്തിയിരുന്നു. ഗൗതം ഗാംഭീര്‍, ഇഷാന്ത്‌് ശര്‍മ്മ, മിഥുന്‍ മന്‍ഹാസ്, ആശിഷ് നെഹ്‌റ തുടങ്ങിയവരെല്ലാം സംസ്ഥാനത്തിനായി കളിക്കാനില്ലെന്ന് വ്യക്തമാക്കിയപ്പോള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഒഴുക്കന്‍ മറുപടിയാണ് നല്‍കിയിരുന്നത്. സേവാഗിന്റെ ബന്ധത്തില്‍പ്പെട്ട ഒരാളെ ടീമില്‍ ഉള്‍പ്പെടുത്താത്തതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചതെന്നായിരുന്നു അസോസിയേഷന്റെ മറുപടി. എന്നാല്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ സേവാഗിന്റെ വാക്കുകളില്‍ കഴമ്പുണ്ടെന്ന് മനസ്സിലായി. തുടര്‍ന്നാണ് ജെയ്‌റ്റ്‌ലി പ്രശ്‌നത്തില്‍ ഇടപ്പെട്ടത്. ടീം സെലക്ഷന്‍ പ്രക്രിയയില്‍ ആരെയും ഇടപെടാന്‍ അനുവദിക്കില്ലെന്നും ഈ കാര്യത്തില്‍ ഒരു വീട്ടുവീഴ്‌ച്ചയുമില്ലെന്നും ജെയ്‌റ്റ്‌ലി പറഞ്ഞു. സെലക്ഷന്‍ പ്രക്രിയ നിഷ്‌പക്ഷമായിരിക്കണം. അര്‍ഹതയുള്ളവര്‍ക്കായിരിക്കണം അംഗീകാരം. ഈ കാര്യത്തില്‍ വിട്ടുവീഴ്‌ച്ചയില്ല. ആരെങ്കിലും സെലക്ഷനില്‍ ഇടപെടുന്നപക്ഷം അത് ഗൗരവതരമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ജൂനിയര്‍ തലത്തിലും ഇടപെടലുകള്‍ നടക്കുന്നുവെന്നതാണ് വേദനാജനകമെന്ന് അദ്ദേഹം പറഞ്ഞു. ജൂനിയര്‍ തലത്തില്‍ മികവ്‌് പ്രകടിപ്പിക്കുന്ന കുട്ടികള്‍ അംഗീകാരം അര്‍ഹിക്കുന്നവരാണ്. ഇവരെ മറ്റ് കാരണങ്ങളാല്‍ അകറ്റിനിര്‍ത്തുന്നത് വലിയ തെറ്റാണ്. ജൂനിയര്‍ താരങ്ങളെ അവര്‍ വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ തന്നെ നേര്‍വഴിയിലേക്ക് നയിക്കണം. ഈ കാര്യത്തില്‍ സെലക്ടര്‍മാര്‍ അവിഹിതമായി എന്തെങ്കിലും ചെയ്യുമെന്ന് താന്‍ കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സെലക്ഷന്‍ കമ്മിറ്റിയുടെ അംഗസംഖ്യ കുറക്കാനുളള നിര്‍ദ്ദേശമുണ്ട്. ഇത് പരിഗണിക്കും. സെലക്ടര്‍മാരുടെ എണ്ണത്തില്‍ നിയന്ത്രണം വേണം. ജൂനിയര്‍ തലത്തിലുളള സെലക്ഷനില്‍ ഇടപെടാന്‍ സ്‌പോര്‍ട്‌സ് കമ്മിറ്റി ശ്രമിക്കുന്നുണ്ടെന്നതാണ് വലിയ പരാതി. സ്‌പോര്‍ട്‌സ് കമ്മിറ്റിയാണ് പല കാര്യങ്ങളിലും ഇടപെടുന്നത്. സ്‌പോര്‍ട്‌സ് കമ്മിറ്റിയിലെ അംഗങ്ങള്‍ സ്വന്തക്കാരെ ടീമിലെടുക്കാന്‍ സെലക്ടര്‍മാരില്‍ സമ്മര്‍ദ്ദം ചെലുത്താറുണ്ട്. ഇത് അവസാനിപ്പിക്കണം. സെലക്‌ഷന്‍ പ്രക്രിയയില്‍ നിന്ന് ബന്ധപ്പെട്ട എല്ലാവരും സ്വയം മാറിനിന്നാല്‍ മാത്രം ഈ പ്രശ്‌നം പരിഹരിക്കാനാവും. സെലക്ഷന്‍ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ക്രിക്കറ്റ് ഉപദേശക സമിതി രൂപികരിക്കുന്ന കാര്യവും പരിഗണിക്കണം. സീനിയര്‍ താരങ്ങളുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തണം. ജൂനിയര്‍ താരങ്ങളെ സഹായിക്കാനും അവര്‍ക്ക് ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും തല്‍പ്പരരായി ധാരാളം പേര്‍ രംഗത്തുണ്ട്. ഇവരുടെ സേവനം അസോസിയേഷന്‍ ഉപയോഗപ്പെടുത്തുമെന്നും ജെയ്‌റ്റ്‌ലി പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതായി സേവാഗും സൂചന നല്‍കി. അണ്ടര്‍ 16, 19, 15 ടീം സെലക്ഷനിലാണ് കാര്യമായ ഇടപെടലുകള്‍ നടക്കുന്നതെന്നാണ് സേവാഗ് പറഞ്ഞിരുന്നത്.
സെമാനിയ നാട്ടില്‍, വിവാദങ്ങള്‍ ഒപ്പം
ജോഹന്നാസ്‌ബര്‍ഗ്ഗ്: ബെര്‍ലിനില്‍ സമാപിച്ച ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 800 മീറ്ററില്‍ പുതിയ റെക്കോര്‍ഡുമായി സ്വര്‍ണ്ണം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കന്‍ താരം കാസ്റ്റര്‍ സെമാനിയക്ക് നാട്ടില്‍ വീരോചിത സ്വീകരണം. പക്ഷേ വിവാദം വിട്ടൊഴിയുന്നില്ല. സെമാനിയ പെണ്‍കുട്ടിയല്ല എന്ന വാദം നിലനില്‍ക്കെ ലിംഗ പരിശോധന നടന്നിട്ടുണ്ട്. ഇതിന്റെ ഫലം അറിവായിട്ടില്ല. സെമാനിയുടെ ടെസ്റ്റോസ്‌റ്റിറോണ്‍ നിരക്ക് സാധാരണ വനിതകളില്‍ നിന്നും മുന്നിരട്ടി കൂടുതലാണെന്നാണ് ആദ്യ പരിശോധനയില്‍ വ്യക്തമായതെന്നാണ് സ്ഥിരീകരിക്കപ്പെടാത്ത സൂചന. സാധാരണ വനിതകളില്‍ കാണുന്ന ടെസ്റ്റോസ്‌റ്റിറോണ്‍ നിരക്കില്‍ നിന്നും സെമാനിയയുടെ ശരീരം വര്‍ദ്ധനവ് കാണിക്കുന്നത് സംശയകരമാണ്. ഈ കാര്യത്തില്‍ കൂടുതല്‍ പരിശോധന നടത്തും.
ഇന്നലെ ജോഹന്നാസ്‌ബര്‍ഗ്ഗ് വിമാനത്താവളത്തില്‍ സെമാനിയയെ സ്വീകരിക്കാന്‍ ആയിരക്കണക്കിന് കായികാരാധകരാണ് ദേശീയ പതാകകളുമായി എത്തിയത്. ബെര്‍ലിനില്‍ 1:55.45 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌ത് വാര്‍ത്തകളില്‍ ഇടം നേടിയ താരത്തെ ദക്ഷിണാഫ്രിക്കയില്‍ ആരും സംശയിക്കുന്നില്ലെന്നതിന് തെളിവായിരുന്നു സൂപ്പര്‍ താരത്തിന് ലഭിച്ച സ്വീകരണം. ജൂലൈയില്‍ നടന്ന ആഫ്രിക്കന്‍ ജൂനിയര്‍ മീറ്റില്‍ 1: 56.72 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌താണ് സെമാനിയ ലോക മീറ്റിന് യോഗ്യത നേടിയത്. 800 മീറ്ററിലെ ദക്ഷിണാഫ്രിക്കന്‍ റെക്കോര്‍ഡുകാരി ദീര്‍ഘകാലമായി സോളാ ബെഡാണ്. സോളയുടെ റെക്കോര്‍ഡാണ് സെമാനിയ തകര്‍ത്തത്. ബെര്‍ലിനില്‍ സെമാനിയയെ വെല്ലുവിളിക്കന്‍ നിലവിലെ ലോക ജേതാവ് ജെനത്ത് ജെപ്‌കോസ്‌ഗി ഉള്‍പ്പെടെ ഉന്നത താരങ്ങളുണ്ടായിരുന്നു. അവരെയെല്ലാം ബഹുദൂരം പിറകിലാക്കിയാണ് സെമാനിയ സ്വര്‍്‌ണ്ണം നേടിയത്. 800 മീറ്ററിന്റെ ഫൈനല്‍ മല്‍സരം നടക്കാന്‍ പോവുന്നതിന്റെ തൊട്ട്‌് മുമ്പായിരുന്നു സെമാനിയയുടെ ലിംഗ പരിശോധന സംബന്ധിച്ച് വിവാദം ഉയര്‍ന്നത്. രാജ്യാന്തര അത്‌ലറ്റിക് അസോസിയേഷന്‍ സെമാനിയയെ മല്‍സരിപ്പിക്കില്ലെന്നും പ്രചരിക്കപ്പെട്ടിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ അത്‌ലറ്റിക് അസോസിയേഷനും സെമാനിയയുടെ രക്ഷിതാക്കളും രംഗത്ത് വന്നതോടെ കാര്യങ്ങള്‍ മാറി. സെമാനിയ 100 ശതമാനം വനിതയാണെന്നാണ് ദക്ഷിണാഫ്രിക്ക തുടക്കം മുതല്‍ വ്യക്തമാക്കിയത്. ദക്ഷിണാഫ്രിക്കയിലെ ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സും താരത്തിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.
ഇന്നലെ വിമാനത്താവളത്തില്‍ സെമാനിയയെ സ്വീകരിക്കന്‍ കുടുംബാഗങ്ങളെല്ലാം എത്തിയിരുന്നു. സെമാനിയ വനിത തന്നെയാണ്. ഈ വിവാദത്തില്‍ ആശങ്കപ്പെടാന്‍ ഞാനില്ല-വിമാനത്താവളത്തില്‍ വെച്ച് താരത്തിന്റെ അമ്മാവന്‍ പറഞ്ഞു. പോളണ്ടില്‍ നടന്ന ലോക ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സെമാനിയ പങ്കെടുത്തിരുന്നു. അപ്പോഴൊന്നും ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. ഇപ്പോള്‍ സംശയവുമായി രംഗത്തു വരുന്നവരോട് മറുപടി പറയാന്‍ ദക്ഷിണാഫ്രിക്ക ആഗ്രഹിക്കുന്നില്ലെന്നാണ് ദക്ഷിണാഫ്രിക്കന്‍ അത്‌ലറ്റിക് അസോസിയേഷന്‍ പ്രസിഡണ്ട് ലിയനാര്‍ഡ് ചുവാമി പറഞ്ഞത്. സെമാനിയയുടെ ജനന സര്‍ട്ടിഫിക്കറ്റ് ആര്‍ക്കും പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ലെബനോണ് സമനില
ന്യൂഡല്‍ഹി: നെഹ്‌റു കപ്പ് രാജ്യാന്തര ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ ബെര്‍ത്തിനുളള ഇന്ത്യന്‍ സാധ്യതകള്‍ സജീവമാക്കി കിര്‍ഗിസ്ഥാന്‍ ശക്തരായ ലെബനോണെ 1-1 ല്‍ തളച്ചു. ലെബനോണ്‍ വിജയിച്ചിരുന്നെങ്കില്‍ കനത്ത സമ്മര്‍ദ്ദത്തിലകപ്പെടുമായിരുന്ന ഇന്ത്യക്ക് ഇന്ന് ശ്രീലങ്കയെ തോല്‍പ്പിക്കാനായാല്‍ സിറിയക്ക് പിറകില്‍ ടേബിളില്‍ രണ്ടാമത് വരാനാവും. റൗണ്ട് റോബിന്‍ ലീഗില്‍ രണ്ട് മല്‍സരങ്ങള്‍ മാത്രം ശേഷിക്കവെ സിറിയ ഒന്നാമതും ലെബനോണ്‍ രണ്ടാമതുമാണ്.
കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും പരാജയം പിണഞ്ഞ കിര്‍ഗിസ്ഥാന്‍ ഇന്നലെ തുടക്കത്തില്‍ തന്നെ ലെബനോണുകാരെ ഞെട്ടിച്ചു. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം നാല്‍പ്പത്തിയെട്ടാം മിനുട്ടില്‍ ആന്റണ്‍ സെംലിയ നുഹിന്‍ ലെബനോണ്‍ വലയില്‍ നിറയൊഴിച്ചു. ലെബനീസ്‌് ഡിഫന്‍സിന്റെ പിഴവില്‍ നിന്നും പന്ത് ലഭിച്ച നുഹിന്‍ തകര്‍പ്പന്‍ വോളി പായിച്ചപ്പോള്‍ ഗോള്‍ക്കീപ്പര്‍ കാഴ്‌ച്ചക്കാരനായിരുന്നു. പക്ഷേ ആറ് മിനുട്ടിനിടെ ലെബനോണ്‍ തിരിച്ചെത്തി. അബാസ് അഹമ്മദ് അത്‌വിയായിരുന്നു സ്‌ക്കോറര്‍. ഹസ്സന്‍ മാത്തുക്കാണ് ഗോള്‍നീക്കത്തിന് തുടക്കമിട്ടത്. മധ്യവരക്കരികില്‍ നിന്നും പന്തുമായി കുതിച്ച അദ്ദേഹം മഹമൂദ് അല്‍വിക്ക് തന്ത്രപരമായി പന്ത് കൈമാറി. ഈ സമയം സമാന്തരമായി കുതിച്ച അത്‌വിയെ മാര്‍ക്ക് ചെയ്യുന്നതില്‍ കിര്‍ഗുകാര്‍ വീഴ്‌ച്ച വരുത്തി.
സമനിലക്ക് ശേഷം മല്‍സരത്തിന്റെ നിയന്ത്രണം ലെബനോണായിരുന്നു. അത്‌വിയുടെ സുന്ദരമായ നീക്കം ഗോളാവാതിരുന്നത് കിര്‍ഗിസ്ഥാന്റെ ഭാഗ്യത്തിലായിരുന്നു. അറുപത്തിമൂന്നാം മിനുട്ടിലെ നീക്കത്തില്‍ അത്‌വിക്ക് മുന്നില്‍ ഗോള്‍ക്കീപ്പര്‍ മാത്രമാണുണ്ടായിരുന്നത്. പക്ഷേ ഷോട്ട് അല്‍പ്പം കൊണ്ട് പിഴച്ചു.
1 comment:
ക്രിക്കറ്റില്‍ ഇത്രയും രാഷ്ടീയക്കാര്‍ എങ്ങനെ കയറി കുടി.
നെഹ്‌റു കപ്പു വഴിപാടായിട്ട് വര്‍ഷങ്ങളായി.
Post a Comment