ഇന്ത്യന്‍ മുന്നേറ്റം
പൂനെ: ലോക ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ മുന്നേറ്റം തുടരുന്നു. ഗ്രൂപ്പ് തലത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഇന്ത്യന്‍ ടീം ക്വാര്‍ട്ടര്‍ ഫൈനല്‍ ലീഗിലെ ആദ്യ മല്‍സരത്തില്‍ ശക്തരായ റഷ്യയെ വീഴ്‌ത്തി. സ്‌ക്കോര്‍ 25-22, 26-28,33-31,22-25, 15-12. ബെലിവാഡി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ നവീന്‍ രാജ, ഗുരീന്ദര്‍ സിംഗ് എന്നിവരുടെ മികവാണ് ഇന്ത്യക്ക് വിജയം നല്‍കിയത്. ശക്തരായ റഷ്യക്കാര്‍ക്കെതിരെ തുടക്കം മുതല്‍ പതറാതെ നീങ്ങിയ ഇന്ത്യന്‍ സംഘത്തിനെ അവസാനം വരെ മല്‍സരത്തില്‍ നിലനിര്‍ത്തിയത് നവീനും ഗൂരീന്ദറുമായിരുന്നു. ഗ്രൂപ്പ് ഇ യിലെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കാണികളുടെ ശക്തമായ പിന്തുണയില്‍ ഇന്ത്യ കളിച്ചപ്പോള്‍ അവസാന സെറ്റില്‍ റഷ്യക്കാര്‍ സമ്മര്‍ദ്ദത്തിലായി. രണ്ട് മണിക്കൂര്‍ ഇരുപത്തിരണ്ട് മിനുട്ടും ദീര്‍ഘിച്ച പോരാട്ടത്തിനൊടുവില്‍ കാണികള്‍ ജയ്‌ഹോ മുദ്രാവാക്യങ്ങളുമായി ടീമിനെ അഭിനന്ദിച്ചു. മറ്റ് മല്‍സരങ്ങളില്‍ ബെല്‍ജിയം അര്‍ജന്റീനയെയും (22-25, 25-21, 28-26,21-25, 15-9) ബ്രസീല്‍ അമേരിക്കയെയും (25-21, 25-21,22-25,25-17) ക്യൂബ ഇറാനെയും (25-18, 25-23, 25-22) തോല്‍പ്പിച്ചു.
ജാമ്യത്തുകയും നിഷക്കില്ല
റായ്‌പ്പൂര്‍: ഒരു മല്‍സരത്തില്‍ തല കാണിച്ചാല്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ക്ക് ലഭിക്കുന്നത് ലക്ഷങ്ങള്‍...! ദേശീയ ഗെയിംസില്‍ പങ്കെടുത്ത് മെഡല്‍ സ്വന്തമാക്കിയ ഒരു ഇന്ത്യന്‍ താരത്തിന് ജീവിക്കാന്‍ വില്‍ക്കേണ്ടി വന്നത് സ്വന്തം ശരീരം...!- ഈ വിരോധാഭാസങ്ങള്‍ ഇന്ത്യയിലാണ്. ഇന്ത്യന്‍ ക്രിക്കറ്റര്‍ വിമാനത്തില്ലല്ലാതെ യാത്ര ചെയ്യില്ല.. പാവം അത്‌ലറ്റുകള്‍ക്ക് സഞ്ചരിക്കാന്‍ ട്രെയിനിലെ സെക്കന്‍ഡ് ക്ലാസ് കംമ്പാര്‍ട്ട്‌മെന്റ്‌് പോലും ലഭിക്കുന്നില്ല....! -ഇതും ഇന്ത്യയില്‍ തന്നെ. ഉത്തേജക മരുന്നുകളെ മൈതാനത്ത് നിന്നകറ്റാന്‍ വാഡ കൊണ്ടുവന്ന നിയമത്തെ ഇന്ത്യന്‍ അത്‌ലറ്റുകളും മറ്റ് കായിക താരങ്ങളും അനുകൂലിക്കുമ്പോള്‍ എതിര്‍പ്പിന്റെ പുതിയ മുദ്രാവാക്യവുമായി രംഗത്തുണ്ട്‌് നമ്മുടെ ക്രിക്കറ്റര്‍മാര്‍.....
1998 ലെ ദേശീയ ഗെയിംസില്‍ വനിതകളുടെ ഹൈജംമ്പില്‍ വെള്ളി മെഡല്‍ നേടിയ താരമായ നിഷാ ഷെട്ടിയെ സെക്‌സ് റാക്കറ്റില്‍ അംഗമായി പിടിക്കപ്പെട്ട് ജയിലിലായ കാഴ്‌ച്ചയില്‍ ഇന്ത്യന്‍ കായിക ലോകത്തിന്റെ ദുരവസ്ഥയാണ് ഉയര്‍ന്നുനില്‍ക്കുന്നത്. ജീവിക്കാന്‍ വേണ്ടി ശരീരം വില്‍ക്കാന്‍ നിര്‍ബന്ധിതയായ നിഷക്ക് കോടതി ജാമ്യം അനുവദിച്ചു. പക്ഷേ ജാമ്യ തുകയായ 5000 രൂപ അടക്കാന്‍ പോലും അവരുടെ കൈവശം കാശില്ല. ഇത് കാരണം ഇപ്പോഴും റായ്‌പ്പൂരിലെ ജയിലിലാണ് നിഷ. ദേശീയ ഫുട്‌ബോള്‍ ടീമില്‍ കളിച്ച സുനില്‍ ഷെട്ടിയുടെ ഭാര്യയാണ് നിഷ. കിഡ്‌നി സംബന്ധമായ രോഗങ്ങളെത്തുടര്‍ന്ന് സുനില്‍ മരിച്ചതിന് ശേഷം ഒറ്റപ്പെട്ട നിലയിലായ നിഷക്ക് അഞ്ച് വയസ്സായ ഒരു പെണ്‍കുട്ടിയാണുളളത്. മകളെ വളര്‍ത്താന്‍ ഒരു വഴിയും ഇല്ലാതെ വന്നപ്പോഴാണ് നിഷ ശരീരം വില്‍ക്കാന്‍ തീരുമാനിച്ചത്. ദേശീയ ഗെയിംസ് ജേതാവായിട്ടും ഒരു ജോലിക്കായി മുട്ടാത്ത വാതിലുകളില്ല. കായിക മന്ത്രാലയത്തിന്റെയും കായിക സംഘടനകളുടെയും സഹായം തേടി. പക്ഷേ ആരും തിരിഞ്ഞ് നോക്കിയില്ല. തുടര്‍ന്നാണ് ശരീരം വില്‍ക്കാനുളള വഴിയില്‍ സെക്‌സ് റാക്കറ്റിന്റെ പിടിയിലായത്. മുംബൈയിലായിരുന്നു നിഷയെ റാക്കറ്റുകാര്‍ എത്തിച്ചത്. മുംബൈയിലെ ചില വ്യവസായികള്‍ 50,000 രൂപക്കാണ് നിഷയെ ബുക്ക് ചെയ്‌തിരുന്നത്.
2007 ലാണ് ഭര്‍ത്താവ് മരിച്ചതെന്നും അതിന് ശേഷം ജീവിതം തന്നെ സാഹസമായിരുന്നെന്നും ജയിലില്‍ പോലീസ് ഉദ്യോഗസഥാരോട് നിഷ പറഞ്ഞു. ജൂലൈ 31 നായിരുന്നു മുംബൈയിലെ പോഷ് ഏരിയയില്‍ വെച്ച് നിഷയെ പിടികൂടിയത്.
കായിക സംഘടകള്‍ നിഷയെ ജാമ്യത്തിലെടുക്കാന്‍ രംഗത്ത് വന്നിട്ടുണ്ട്. പക്ഷേ ഇനി എങ്ങനെ പുറത്തിറങ്ങുമെന്ന ചോദ്യവുമായി ജിവിതത്തിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് പഴയ താരം. ദേശീയ മേളകളില്‍ മെഡലുകള്‍ നേടിയ താരങ്ങള്‍ക്ക് ജോലിയും സുരക്ഷയും സര്‍ക്കാരുകള്‍ വാഗ്‌ദാനം ചെയ്യാറുണ്ട്. പക്ഷേ വാഗ്‌ദാനങ്ങള്‍ എപ്പോഴും ജലരേഖയായി മാറും. ചത്തിസുഗറുകാരിയായ നിഷയെ ഭാവിയുടെ വാഗ്‌ദാനമായി വിശേഷിപ്പിച്ചത് സംസ്ഥാനത്തെ അത്‌ലറ്റിക് അസോസിയേഷനാണ്. ഇപ്പോള്‍ അവര്‍ പീടിക്കപ്പെട്ടപ്പോള്‍ അസോസിയേഷന്‍ കൈമലര്‍ത്തുന്നു.
പന്തയ വിവാദവും
കറാച്ചി: ശ്രീലങ്കക്കെതിരായ ടെസ്‌റ്റ്-ഏകദിന പരമ്പരയിലെ ദയനീയ തോല്‍വികളുടെ പശ്ചാത്തലത്തില്‍ വിമര്‍ശനങ്ങളുടെ മുള്‍മുനയില്‍ നില്‍ക്കുന്ന പാക്കിസ്‌താന്‍ ടീമിനെ തേടി പന്തയ വിവാദവും. ലങ്കക്കെതിരായ ടെസ്റ്റ്-ഏകദിന പരമ്പരകളില്‍ പാക്കിസ്‌താന്‍ ടീം തോല്‍ക്കാന്‍ കാരണം പന്തയക്കാരുടെ ഇടപെടല്‍ മൂലമാണെന്ന് കുറ്റപ്പെടുത്തുന്നത് ദേശീയ സെലക്ഷന്‍ കമ്മിറ്റിയുടെ മുന്‍ തലവനും സ്‌പിന്‍ ഇതിഹാസവുമായ അബ്ദുള്‍ ഖാദിര്‍. ഇന്ത്യക്കാരായ പന്തയക്കാര്‍ ടീമിനെ സമീപിച്ചതായാണ് അദ്ദേഹം പറയുന്നത്. ടെസ്‌റ്റ് പരമ്പരയില്‍ തോറ്റ രണ്ട് മല്‍സരങ്ങളിലും പാക്കിസ്‌താന്‍ ശക്തമായ നിലയിലായിരുന്നു. വിജയിക്കാന്‍ കഴിയുമായിരുന്ന മല്‍സരങ്ങളിലാണ് ടീം പരാജയപ്പെട്ടത്. ഇതാണ് സംശയത്തിന് കാരണമെന്ന് ഖാദിര്‍ പറയുമ്പോള്‍ പാക്കിസ്‌താന്‍ ക്രിക്കറ്റ് ബോര്‍ഡും ടീം മാനേജ്‌മെന്റും ആരോപണം നിഷേധിക്കുന്നു.
എല്ലാവരും തെളിവുകളില്ലാതെ ആകാശത്തേക്ക് വെടിവെക്കുകയാണെന്നാണ് ഖാദിറിന്റെ ആരോപണത്തെക്കുറിച്ച് ടീം മാനേജര്‍ സല്‍മാന്‍ അഹമ്മദ് പറയുന്നത്. എല്ലാവര്‍ക്കും സ്വന്തം അഭിപ്രായങ്ങളുണ്ടാവും. അതാണവര്‍ പറയുന്നത്. ഖാദിര്‍ അങ്ങനെ പറയാന്‍ ചിലപ്പോള്‍ അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാരണങ്ങളുണ്ടാവാം. പക്ഷേ എവിടെ തെളിവുകള്‍... ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ സീസണില്‍ പാക്കിസ്‌താന്‍ താരങ്ങളെ തേടിയെത്തിയ പന്തയക്കാര്‍ തന്നെയാണ് ലങ്കയിലുമെത്തിയതെന്നാണ് ഖാദിര്‍ പറയുന്നത്. ഇതില്‍ ചിലപ്പോള്‍ നേരിയ സത്യമെങ്കിലും ഉണ്ടായേക്കാവുന്നത് ഐ.പി.എല്‍ സീസണില്‍ പന്തയക്കാര്‍ താരങ്ങളെ സമീപിച്ചിട്ടുണ്ടാവാം എന്നതാണ്. പ്രഥമ ഐ.പി.എല്‍ സീസണില്‍ കണ്ടുവെന്ന് പറയപ്പെടുന്ന പന്തയക്കാര്‍ ദക്ഷിണാഫ്രിക്കയിലും പാക്കിസ്‌താനിലും എത്തിയിരുന്നു. പാക്കിസ്‌താനില്‍ നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിനിടെ പന്തയക്കാര്‍ എത്തിയതായി പറയപ്പെടുന്നുണ്ട്. കൊളംബോയില്‍ ഈ പന്തയക്കാര്‍ എത്തിയതായും പറയപ്പെട്ടിട്ടുണ്ട്. പക്ഷേ പന്തയക്കാര്‍ താരങ്ങളുമായി ബന്ധപ്പെട്ടതിന്‌് തെളിവില്ല. ഈ പന്തയക്കാരെ ഐ.പി.എല്‍ മല്‍സരങ്ങള്‍ക്കിടെ പലവട്ടം കണ്ടിട്ടുണ്ട്. അവരുമായി ഞങ്ങള്‍ക്ക് ബന്ധമില്ല. പന്തയക്കാരുമായി ക്രിക്കറ്റര്‍മാര്‍ക്ക് ബന്ധമില്ല എന്ന് പറയാന്‍ ഞാനാളല്ല. പക്ഷേ ഈ ടീമിന് പന്തയക്കാരുമായി ബന്ധമില്ല എന്ന് വ്യക്തമായി പറയാന്‍ എനിക്കാവും. ഇംഗ്ലണ്ടില്‍ നടന്ന 20-20 ലോകകപ്പില്‍ വിജയിക്കാനായതോടെ പാക്കിസ്‌താന്‍ താരങ്ങളുടെ മേലാണ് കണ്ണുകള്‍. അതിനാല്‍ താരങ്ങള്‍ വഴിവിട്ട് നീങ്ങില്ലെന്നും അഹമ്മദ് ഉറപ്പിച്ചുപറയുന്നു.
പാക്കിസ്‌താന്‍ താരങ്ങള്‍ പന്തയക്കാരുമായി ബന്ധപ്പെട്ടു എന്ന് പറയുന്നതില്‍ എനിക്ക് വിശ്വാസമില്ല. കാരണം ദിനേന എല്ലാ താരങ്ങളുമായി ബന്ധപ്പെടാറും സംസാരിക്കാറുമുണ്ട്. ഇപ്പോഴത്തെ വിവാദം ചിലര്‍ മെനഞ്ഞതാണ്. അതില്‍ സത്യമില്ലെന്നും അഹമ്മദ് പറയുന്നു.
പാക്കിസ്‌താന്‍ ക്രിക്കറ്റ് ടീം ലങ്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മല്‍സരങ്ങളില്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് മാനേജര്‍ ഉറപ്പ് നല്‍കുന്നത്. ഇപ്പോള്‍ ടീമിന്റെ പ്രശ്‌നം ഭാഗ്യക്കുറവാണ്. അത് മാറിയാല്‍ തീര്‍ച്ചയായും മികവ് തെളിയിക്കാനാവും.
അതേ സമയം വിവാദങ്ങളില്‍ പ്രതികരിക്കാന്‍ ക്യാപ്‌റ്റന്‍ യൂനസ്‌ഖാന്‍ തയ്യാറായില്ല. ഏകദിന പരമ്പരയിലെ രണ്ട് മല്‍സരങ്ങളിലാണ് തന്റെ ശ്രദ്ധയെന്നും അനാവശ്യ കാര്യങ്ങളില്‍ ഇടപെടാന്‍ താല്‍പ്പര്യക്കുറവുണ്ട്‌്.
ഇഞ്ചക്ഷന്‍ മാന്‍
ലീഡ്‌സ്: രണ്ട് ടെസ്റ്റുകളില്‍ കൂടി മാത്രമാണ് ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫിന് ഇനി കളിക്കാനാവുക. കാല്‍മുട്ടിലെ വേദന കാരണം ടെസ്‌റ്റ് ക്രിക്കറ്റിനോട് വിട പറയാന്‍ തീരുമാനിച്ച ഓള്‍റൗണ്ടര്‍ക്ക് പക്ഷേ നാളെ ഹെഡിംഗ് ലിയില്‍ ആരംഭിക്കുന്ന ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ കളിക്കാനാവുന്ന കാര്യം സംശയത്തിലാണ്. കാല്‍മുട്ടിലെ വേദന കാര്യമായി അലട്ടുന്നു എന്ന് മാത്രമല്ല ഇഞ്ചക്ഷനുകളാണ് ഇപ്പോള്‍ ഫ്രെഡ്ഡിയുടെ ക്രിക്കറ്റ്. കഴിഞ്ഞ 18 ദിവസങ്ങളിലായി ആറ് ഇഞ്ചക്ഷനുകളാണ് അദ്ദേഹം എടുത്തിരിക്കുന്നത്. കാല്‍മുട്ടിലെ വേദന അകറ്റാനായിരുന്നു ഇത്രയും ഇഞ്ചക്ഷനുകള്‍. എജ്‌ബാസ്റ്റണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇഞ്ചക്ഷനുകളുടെ സഹായത്തില്‍ മാത്രമാണ് അദ്ദേഹം കളിച്ചത്. ഈ സാഹസം ഹെഡിംഗ്‌ലിയില്‍ കഴിയില്ലെന്നാണ് ഇംഗ്ലീഷ് കോച്ച് ആന്‍ഡി ഫ്‌ളവര്‍ പറയുന്നത്. കരിയറിലെ അവസാന രണ്ട് ടെസ്റ്റുകള്‍ കളിക്കാന്‍ അദ്ദേഹത്തിന് അതിയായ താല്‍പ്പര്യമുണ്ട്. പക്ഷേ അഞ്ച് ദിവസം തുടര്‍ച്ചയായി കളിക്കാന്‍ വലത് കാല്‍മുട്ട് അനുവദിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്‌റ്റില്‍ ഇംഗ്ലണ്ട് വിജയം രുചിച്ചത്‌് ഫ്രെഡ്ഡിയുടെ മികവിലാണ്. ഈ മല്‍സരത്തിനിടെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം നടത്തി മാന്‍ ഓഫ് ദ മാച്ച് പട്ടം നേടിയ ചാമ്പ്യന്‍ താരം അഞ്ച് ഇഞ്ചക്ഷനുകളാണ് എടുത്തത്. എജ്‌ബാസ്റ്റണ്‍ ടെസ്റ്റില്‍ കളിക്കാനുളള ആരോഗ്യം ഫ്രെഡ്ഡിക്കുണ്ടായിരുന്നില്ലെന്നാണ് ഫ്‌ളവര്‍ പറഞ്ഞത്. പക്ഷേ അദ്ദേഹത്തിന് കളിക്കാന്‍ അതിയായ താല്‍പ്പര്യമുണ്ടായിരുന്നു. നാലാം ടെസ്റ്റില്‍ ഫ്രെഡ്ഡി ചിലപ്പോള്‍ കളിച്ചേക്കാം. പക്ഷേ ആ കാര്യത്തില്‍ അന്തിമ നിമിഷം മാത്രമായിരിക്കും തീരുമാനമെന്നും ഫ്‌ളവര്‍ പറഞ്ഞു.
വാഡ-പോരാട്ടം തുടരുന്നു
മുംബൈ: ലോക ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) യുടെ പുത്തന്‍ വ്യവസ്ഥകളുമായി സഹകരിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്‌്‌ചക്കില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ ആവര്‍ത്തിക്കുമ്പോള്‍ ക്രിക്കറ്റര്‍മാരോട് വഴിക്ക് വരാന്‍ സാനിയ മിര്‍സയും മഹേഷ് ഭൂപതിയും സുശീല്‍ കുമാറുമെല്ലാം ആവശ്യപ്പെടുന്നു. ഇന്ത്യയില്‍ മറ്റ് കായിക താരങ്ങളുമായി ക്രിക്കറ്റര്‍മാരെ താരതമ്യം ചെയ്യരുതെന്ന നിലപാടുമായി യുവരാജ് സിംഗ് രംഗത്ത് വന്ന ദിവസമാണ് സാനിയയും ഭൂപതിയുമെല്ലാം ക്രിക്കറ്റര്‍മാരെ ചോദ്യം ചെയ്‌തിരിക്കുന്നത്. വര്‍ഷത്തില്‍ ഒമ്പത്-പത്ത് മാസങ്ങളിലായി ക്രിക്കറ്റര്‍മാര്‍ പരമ്പരകളിലും പോരാട്ടങ്ങളിലുമാണ്. അതിനിടെ ലഭിക്കുന്ന അല്‍പ്പം ദിവസങ്ങളില്‍ സ്വകാര്യത അത്യാവശ്യമാണ്. ആ സ്വകാര്യത ചോദ്യം ചെയ്യാന്‍ പാടില്ല. എല്ലാവരും എവിടെയാണെന്ന് പരസ്യപ്പെടുത്തിയാല്‍ സ്വകാര്യത ലഭിക്കില്ല. രാജ്യാന്തര രംഗത്തുളളവര്‍ക്ക് ഈ കാര്യം ബോധ്യപ്പെടുമെന്നാണ് യുവരാജിന്റെ ഭാഷ്യം. കുടുംബവുമായി ചെലവഴിക്കാന്‍ അല്‍പ്പം സമയം -അതാണ് ക്രിക്കറ്റര്‍മാര്‍ ആവശ്യപ്പെടുന്നത്. ഈ കാര്യമാണ് ക്രിക്കറ്റ് ബോര്‍ഡുമായുളള ചര്‍ച്ചയില്‍ പറഞ്ഞതും. ക്രിക്കറ്റ് ബോര്‍ഡ് ഈ കാര്യം ഐ.സി.സിയെ ധരിപ്പിക്കുമെന്നാണ് കരുതുന്നതെന്നും യുവരാജ് പറഞ്ഞു. നിയമം നിയമമാണ്. പക്ഷേ ഞങ്ങളുടെ അഭിപ്രായവും കൂടി എല്ലാവരും കേള്‍ക്കണം. കളിയില്ലാത്ത അവസരങ്ങളില്‍ ലഭിക്കുന്ന സ്വകാര്യ നിമിഷങ്ങളുടെ വില ബി.സി.സി.ഐ ക്കറിയാം. അവരത് ഐ.സി.സിയെ ധരിപ്പിക്കുന്നതില്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് യുവിയും സച്ചിനുമെല്ലാം.
അതേ സമയം ക്രിക്കറ്റര്‍മാരുടെ നിലപാടിനോട് യോജിക്കാന്‍ കഴിയില്ലെന്നാണ് സാനിയ മിര്‍സയും മഹേഷ് ഭൂപതിയും പറയുന്നത്. കായികരംഗം ഉത്തേജക മുക്തമാക്കാനാണ് വാഡ ശ്രമിക്കുന്നത്. അതിന് പൂര്‍ണ്ണ പിന്തുണ നല്‍കണം. ഉത്തേജകങ്ങളാണ് സമീപകാലത്ത് കായിക ലോകത്തിന്റെ അന്തസ്സിനെ ചോദ്യം ചെയ്‌തിരിക്കുന്നത്. ഈ രംഗത്ത് ശക്തമായ ഇടപെടലുകള്‍ അത്യാവശ്യമാണ്. കളിയില്ലാത്ത സമയങ്ങളില്‍ താരങ്ങള്‍ എവിടെയാണെന്ന് വാഡയെ അറിയിക്കുന്നതില്‍ കുഴപ്പമില്ല. കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ എവിടെയാണെന്ന് വാഡയെ കൃത്യമായി അറിയിക്കാറുണ്ടെന്ന് ഭൂപതി പറഞ്ഞു. ടെന്നിസ് താരങ്ങളായ റാഫേല്‍ നദാല്‍, സറീന വില്ല്യംസ് എന്നിവര്‍ക്ക് വാഡ നിബന്ധനകളോട് താല്‍പ്പര്യമുണ്ടായിരുന്നില്ല. പക്ഷേ അവരെല്ലാം കരാറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിരായതായി ഭൂപതി വ്യക്തമാക്കി. നിയമം എല്ലാവര്‍ക്കും തുല്യമാണെന്നാണ് സാനിയ പറഞ്ഞത്. ക്രിക്കറ്റര്‍മാര്‍ പരാതികള്‍ മാറ്റിവെച്ച് കരാറില്‍ ഒപ്പിടുമെന്നാണ് സാനിയ കരുതുന്നത്. നമ്മളെല്ലാം ലോക കായികരംഗത്തിന്റെ ഭാഗമാണ്. ഉത്തേജകങ്ങളെ അകറ്റനിര്‍ത്തേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ട്. ലോക റാങ്കിംഗില്‍ ആദ്യ അമ്പതില്‍ വരുന്ന താരങ്ങള്‍ നിര്‍ബന്ധമായ വാഡയുടെ വ്യവസ്ഥകളില്‍ ഒപ്പിടണം. താന്‍ റാങ്കിംഗില്‍ ആദ്യ അമ്പതില്‍ വന്ന സമയത്ത് വാഡ വ്യവസ്ഥകളില്‍ ഒപ്പിട്ടിരുന്നതായും സാനിയ വെളിപ്പെടുത്തി. ലിയാന്‍ഡര്‍ പെയ്‌സും ഇതേ അഭിപ്രായക്കാരനാണ്.
വാഡ കരാറില്‍ ഒപ്പിടാന്‍ ബെയ്‌ജിംഗ് ഒളിംപിക്‌്‌സില്‍ ഇന്ത്യക്ക് ഗുസ്‌തിയില്‍ വെങ്കലം സമ്മാനിച്ച സൂശീല്‍ കുമാറും ക്രിക്കറ്റ് താരങ്ങളോട് ആവശ്യപ്പെട്ടു. താരങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ സ്വകാര്യമായി നിലനിര്‍ത്തുമെന്ന ഉറപ്പ് വാഡ നല്‍കുന്നുണ്ട്. ഈ അവസ്ഥയില്‍ ക്രിക്കറ്റര്‍മാര്‍ ആശങ്ക പ്രകടിപ്പിക്കുന്നതില്‍ കാര്യമില്ല. വാഡ വ്യവസ്ഥകളില്‍ താന്‍ ഒപ്പിട്ടിട്ടുണ്ടെന്നും വ്യവസ്ഥകള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും സൂശീല്‍ പറഞ്ഞു. ലോകത്തെ മിക്ക കായിക സംഘടനകളും താരങ്ങളും കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. താരങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ വാഡ പരസ്യപ്പെടുത്താറില്ല. ഇംഗ്ലീഷ്, ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങള്‍ കരാറില്‍ ഒപ്പിട്ടവരാണ്. ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ സത്യം മനസ്സിലാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
1 comment:
i accidentally stumbled upon ur blog..good job..nice descriptions too..Keep going..
It would be interesting if u can air some suggestions also to improve the quality of sports in India (nt cricket,I hate the pomposity of indian crcketers )
Three Cheers !
Post a Comment