Saturday, November 21, 2009

AGAIN KERALA

വീണ്ടും കേരളം
വാറങ്കല്‍ (ആന്ധ്രപ്രദേശ്‌): തമിഴ്‌നാടിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ച കേരളം ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി പതിമൂന്നാം തവണയും കിരീടം സ്വന്തമാക്കി. ഇവിടെ പ്രതികൂല കാലാവസ്ഥയിലും കഴിഞ്ഞ അഞ്ച്‌ ദിവസങ്ങളായി നടക്കുന്ന മീറ്റില്‍ 24 സ്വര്‍ണ്ണമാണ്‌ കേരളം സ്വന്തമാക്കിയത്‌. തൊട്ട്‌ പിറകില്‍ 22 സ്വര്‍ണ്ണവുമായി അയല്‍ക്കാരായ തമിഴ്‌നാട്‌ രണ്ടാം സ്ഥാനത്തെത്തി. ഇന്നലെ ചാമ്പ്യന്‍ഷിപ്പ്‌ അവസാന ദിവസത്തേക്ക്‌ പ്രവേശിക്കുമ്പോള്‍ കേരളത്തിനൊപ്പം 22 സ്വര്‍ണ്ണവുമായി തമിഴ്‌നാടുമുണ്ടായിരുന്നു. ആദ്യ മൂന്ന്‌ നാളുകളില്‍ (രണ്ടാം നാള്‍ മഴ കാരണം മല്‍സരങ്ങള്‍ നടന്നിരുന്നില്ല) കേരളത്തിന്റെ ഏകാധിപത്യം ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ വെള്ളിയാഴ്‌ച്ച അഞ്ച്‌ സ്വര്‍ണ്ണവുമായി തമിഴ്‌നാട്‌ കുതിച്ചുകയറുകയായിരുന്നു. ഇന്നലെ അവസാനദിവസത്തില്‍ കേരളം രണ്ട്‌ സ്വര്‍ണ്ണം സ്വന്തമാക്കി. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ഹൈജംമ്പില്‍ മരിയയും അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയിലുമാണ്‌ ഇന്നലെ കേരളത്തിന്‌ സ്വര്‍ണ്ണം സ്വന്തമാക്കാന്‍ കഴിഞ്ഞത്‌.
ഇത്‌ വരെ കാര്യമായി വെല്ലുവിളിക്കപ്പെടാതിരുന്ന കേരളത്തിന്‌ ഇത്തവണ കനത്ത വെല്ലുവിളി ഉയരാന്‍ കാരണങ്ങള്‍ രണ്ടാണ്‌- ഒന്ന്‌ പ്രതികൂല കാലാവസ്ഥയും മോശം മൈതാനവും. രണ്ട്‌ ദേശീയ സ്‌ക്കൂള്‍ മീറ്റില്‍ പങ്കെടുക്കാനായി കേരളത്തിന്റെ മിക്ക താരങ്ങളും അമൃത്‌സറിലേക്ക്‌ തിരിച്ചു. നാളെയാണ്‌ അമൃത്‌സറില്‍ സ്‌ക്കൂള്‍ മീറ്റ്‌ ആരംഭിക്കുന്നത്‌.
പരമ്പരാഗതമായി കേരളത്തിന്റെ ആധിപത്യം കണ്ടിരുന്ന പല ഇനങ്ങളിലും കേരളം പിറകോട്ട്‌ പോയതും പ്രശ്‌നമായി. സ്‌പ്രിന്റ്‌്‌ ഇനങ്ങളില്‍ സാധാരണ ഗതിയില്‍ കേരളത്തെ മാത്രമാണ്‌ കാണാറുളളത്‌. എന്നാല്‍ ഇത്തവണ തമിഴ്‌നാടും പഞ്ചാബും വെല്ലുവിളി ഉയര്‍ത്തി. റിലേ ഇനങ്ങളില്‍ കേരളത്തിന്റെ ആധിപത്യം സമ്പൂര്‍ണ്ണമായിരുന്നു. ഇന്നലെ മീറ്റിന്റെ അവസാന ഇനമായി നടന്ന പെണ്‍കുട്ടികളുടെ (അണ്ടര്‍ 20) സ്‌പ്രിന്റ്‌്‌ റിലേയില്‍ അനായാസമായാണ്‌ കേരളം സ്വര്‍ണ്ണം സ്വന്തമാക്കിയത്‌. ഈ സ്വര്‍ണ്ണമാണ്‌ കേരളത്തിന്റെ ഓവറോള്‍ കിരീടം ഉറപ്പിച്ചതും. നടത്തത്തില്‍ കേരളം ആധിപത്യം നിലനിര്‍ത്തി. പാലക്കാട പറളി സ്‌ക്കൂളിലെ കുട്ടികള്‍ തന്നെയാണ്‌ ഇത്തവണയും നടത്തത്തില്‍ തങ്ങളെ പിറകിലാക്കാന്‍ ആരുമില്ലെന്ന്‌ തെളിയിച്ചത്‌. കെ.എം മീഷ്‌മ, കെ.ടി നീന എന്നിവര്‍ സ്വന്തം ഇനങ്ങളില്‍ സ്വര്‍ണ്ണം നേടി. 18ന്‌ താഴെയുളള പെണ്‍കുട്ടികളുടെ നടത്തത്തില്‍ മീഷ്‌മ തുടക്കം മുതല്‍ കൈവരിച്ച ലീഡ്‌ അവസാനം വരെ നിലനിര്‍ത്തിയപ്പോള്‍ സ്വന്തം സ്‌ക്കൂളിലെ എന്‍.സി ഷീബ രണ്ടാം സ്ഥാനത്ത്‌ വന്നു. 3000 മീറ്ററിലായിരുന്നു നീനയുടെ നേട്ടം.

വാറങ്കലിലെ ചൂടില്‍ നിന്ന്‌ ഇനി അമൃത്‌സറിലെ തണ്ണുപ്പിലേക്ക്‌
കോഴിക്കോട്‌: ഇത്‌ വരെ കേരളത്തിന്റെ കൗമാരതാരങ്ങള്‍ വാറങ്കലിലെ കൊടും ചൂടിലായിരുന്നു. ഇനി അമൃത്‌സറിലെ കൊടും തണ്ണുപ്പിലേക്കാണ്‌ അവരുടെ യാത്രയും മല്‍സരങ്ങളും. നാളെ അമൃത്‌സറില്‍ ആരംഭിക്കുന്ന ദേശീയ സ്‌ക്കൂള്‍ മീറ്റില്‍ പങ്കെടുക്കേണ്ട കേരളത്തിന്റെ ആദ്യ സംഘം പഞ്ചാബില്‍ എത്തിയിട്ടുണ്ട്‌. ഇന്നലെ വാറങ്കലില്‍ പൂര്‍ത്തിയായ ദേശീയ ജൂനിയര്‍ മീറ്റില്‍ പങ്കെടുത്ത സ്‌ക്കൂള്‍ താരങ്ങളാണ്‌ ക്ഷീണം തീരും മുമ്പ്‌ പഞ്ചാബിലേക്ക്‌ തിരിച്ചിരിക്കുന്നത്‌. ജൂനിയര്‍ മീറ്റില്‍ കേരളം ശക്തമായ വെല്ലുവിളിയില്‍ അകപെട്ടിരുന്നു. തമിഴ്‌നാടാണ്‌ പ്രധാന വെല്ലുവിളിയായത്‌. അമൃത്‌സറിലും പ്രശ്‌നങ്ങളുണ്ടാവും. കാലാവസ്‌ഥ തന്നെ പ്രശ്‌നം. ഉത്തരേന്ത്യയില്‍ ഇപ്പോള്‍ നല്ല തണ്ണുപ്പാണ്‌. തണ്ണുപ്പില്‍ മല്‍സരിക്കുമ്പോള്‍ അത്‌ താരങ്ങളെ ബാധിക്കുമെന്ന്‌ പരിശീലകര്‍ ഭയപ്പെടുന്നുണ്ട്‌. വാറങ്കലില്‍ നിന്നും പോയ താരങ്ങള്‍ക്കാണ്‌ വലിയ ആഘാതമുണ്ടാവുക. ആന്ധ്രയിലെ കൊടും ചൂടിലാണ്‌ ഇവരെല്ലാം മല്‍സരിച്ചത്‌. ഇടക്ക്‌ ഒരു ദിവസം പെയ്‌ത മഴ മാത്രമായിരുന്നു വാറങ്കലില്‍ വലിയ ആശ്വാസമായതെങ്കില്‍ അമൃത്‌സറില്‍ നല്ല തണ്ണുപ്പാണ്‌.
കേരളത്തിന്റെ കായിക കുത്തക തകര്‍ക്കുക എന്ന ലക്ഷ്യത്തിലാണ്‌ ദേശീയ സ്‌ക്കൂള്‍ മീറ്റ്‌ നേരത്തെയാക്കിയിരിക്കുന്നത്‌. സംസ്ഥാന കായിക മേള ഇത്‌ വരെ നടന്നിട്ടില്ല. അതിന്‌ മുമ്പാണ്‌ താരങ്ങള്‍ ദേശീയ മീറ്റില്‍ പങ്കെടുക്കുന്നത്‌. പഞ്ചാബില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക്‌ തെരഞ്ഞെടുപ്പ്‌ വരുന്ന പശ്ചാത്തലത്തിലാണ്‌ മേള നേരത്തെ നടത്തുന്നത്‌ എന്നാണ്‌ ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇതില്‍ കഴമ്പില്ലെന്ന്‌ കേരളം വ്യക്തമാക്കുന്നു. വര്‍ഷങ്ങളായി കേരളത്തിന്റെ കുത്തകയാണ്‌ സ്‌ക്കൂള്‍ മീറ്റില്‍. കഴിഞ്ഞ വര്‍ഷം കൊച്ചിയിലാണ്‌ മല്‍സരങ്ങള്‍ നടന്നത്‌. അന്ന്‌ 42 സ്വര്‍ണ്ണ മെഡലുകളാണ്‌ കേരളത്തിന്റെ കായിക പ്രതിഭകള്‍ നേടിയത്‌. ഇത്തവണ അത്രയും മെഡലുകള്‍ സ്വന്തമാക്കാനുള്ള അവസരമുണ്ടാവുമോ എന്ന കാര്യം സംശയമാണ്‌. സംസ്ഥാന സ്‌ക്കൂള്‍ മീറ്റ്‌ നടക്കാത്ത സാഹചര്യത്തില്‍ വലിയ തയ്യാറെടുപ്പ്‌ ആര്‍ക്കും ലഭിച്ചിട്ടില്ല. വെള്ളിയാഴ്‌ച്ചയാണ്‌ കേരളാ ടീം അമൃത്‌സറിലെത്തിയത്‌. രണ്ട്‌ നാള്‍ അവര്‍ക്ക്‌ കാലാവസ്ഥയുമായി പരിചയിക്കാന്‍ അവസരമുണ്ട്‌. വാറങ്കലില്‍ നിന്നും വരുന്നവര്‍ക്കാണ്‌ ഒരു സൗകര്യവും ലഭിക്കാതെ വരുക. പരിശീലനമോ തയ്യാറെടുപ്പോ കൂടാതെയാവും ഇവര്‍ മല്‍സരിക്കാനിറങ്ങുക.

വിദേശികള്‍ പുറത്ത്‌
കോഴിക്കോട്‌: ഐ ലീഗ്‌ ഫുട്‌ബോളില്‍ പതിനാലാം സ്ഥാനത്ത്‌ വിയര്‍ത്തു നില്‍ക്കുന്ന വിവ കേരളാ സംഘത്തില്‍ നിന്നും രണ്ട്‌ വിദേശികള്‍ പുറത്ത്‌. ടീമിന്റെ ഏഷ്യന്‍ റിക്രൂട്ടായ തായ്‌ലാന്‍ഡുകാരന്‍ വിസൂത്‌ ബുന്‍പെംഗ്‌, മധ്യനിരക്കാരനായ ഇംഗ്ലീഷുകാരന്‍ പാട്രിക്‌ ശിശുപാലന്‍ എന്നിവരാണ്‌ പുറത്താക്കപ്പെടുന്നത്‌. പരുക്ക്‌ മറച്ചുവെച്ചു എന്നതാണ്‌ തായ്‌ലാന്‍ഡുകാരന്റെ പേരിലുളള കുറ്റം. പാട്രിക്‌ ശിശുപാലനാവട്ടെ ഇത്‌ വരെ ടീമിന്റെ കൊച്ചി ക്യാമ്പില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.
ഐ ലീഗ്‌ ഫുട്‌ബോളില്‍ തപ്പിതടയുകയാണ്‌ കേരളാ ടീം. ടീമിന്റെ വലിയ പ്രശ്‌നമായി മാറിയത്‌ മുന്‍നിരയില്‍ അപകടകാരികള്‍ ഇല്ലത്താതായിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാനാണ്‌ വന്‍വില നല്‍കി തായ്‌ലാന്‍ഡില്‍ നിന്നും വിസൂതിനെ രംഗത്തിറക്കിയത്‌. കോഴിക്കോട്‌ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ടീമിന്റെ ആദ്യ ഹോം മല്‍സരങ്ങളില്‍ തന്നെ വിസൂതിന്‌ കളിക്കാനാവുമെന്നാണ്‌ കരുതപ്പെട്ടത്‌. എന്നാല്‍ ഇവിടെ എത്തിയ ശേഷം കടലാസ്‌ ജോലികളിലെ പ്രശ്‌നങ്ങള്‍ മൂലം പുറത്തിരിക്കേണ്ടി വന്നു. ഒരു ഹോം മല്‍സരത്തില്‍ മാത്രമാണ്‌ വിസൂതിന്‌ കളിക്കാനായത്‌. ഈ മല്‍സരത്തിലാവട്ടെ കാര്യമായി ഒന്നും ചെയ്യാനും കഴിഞ്ഞില്ല. മുംബൈയില്‍ മഹീന്ദ്രക്കെതിരെ നടന്ന ഡ്രോ മല്‍സരത്തില്‍ വിസൂത്‌ ടീമിനായി ഗോള്‍ നേടിയിരുന്നു. എന്നാല്‍ മഡ്‌ഗാവില്‍ ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവക്കെതിരെ നടന്ന മല്‍സരത്തിനിടെ പരുക്കേറ്റ താരത്തെ ആദ്യപകുതിയില്‍ തന്നെ പിന്‍വലിക്കുകയായിരുന്നു. പരുക്ക്‌ മറച്ചുവെച്ചാണ്‌ വിസൂത്‌ ക്ലബില്‍ അംഗമായതെന്നാണ്‌ കോച്ച്‌ ഏ.എം ശ്രീധരന്‍ പുറയുന്നത്‌. ഡെംപോക്കെതിരായ മല്‍സരത്തിനിടെ പരുക്കേറ്റപ്പോള്‍ നിവര്‍ന്നുനില്‍ക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലായിരുന്നു വീസുത്‌. ഇന്ന്‌ അദ്ദേഹം തായ്‌ലാന്‍ഡിലേക്ക്‌ മടങ്ങും. വിസൂത്‌ ഒരിക്കലും 100 ശതമാനം ശാരീരിക യോഗ്യത നേടിയിരുന്നില്ലെന്ന്‌ കോച്ച്‌ പറഞ്ഞു. പരുക്കുമായാണ്‌ അദ്ദേഹം വന്നത്‌. ഈ കാര്യം ടീമിനെ അറിയിച്ചുമില്ല. വിസൂതിന്റെ നഷ്ടം വിവക്ക്‌ പ്രശ്‌നമാവില്ല എന്നാണ്‌ ശ്രീധരന്‍ വിലയിരുത്തുന്നത്‌. മുന്‍നിരയില്‍ അദ്ദേഹത്തിന്‌ പകരം സാബിത്തിന്‌ കളിക്കാനാവും. വിവയുടെ മുന്‍നിരക്കാരില്‍ പ്രമുഖനായ സാബിത്ത്‌ ഇപ്പോള്‍ പരുക്കുമായി ചികില്‍സയിലാണ്‌. ഇന്ത്യന്‍ അണ്ടര്‍ 23 ടീമിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട സാബിത്ത്‌ ജനുവരിയോടെ ടീമിനൊപ്പമെത്തും. ഐ ലീഗില്‍ ഇനി വിവയുടെ മല്‍സരങ്ങള്‍ ജനുവരിയില്‍ മാത്രമാണ്‌. ജനുവരി മൂന്നിന്‌ ജെ.സി.ടിക്കെതിരെയാണ്‌ ടീമിന്റെ ആദ്യ മല്‍സരം വരുന്നത്‌. അത്‌ വരെ ടീം കൊച്ചിയില്‍ പരിശീലനം നടത്തും.
ഇന്ത്യന്‍ വംശജനായ പാട്രിക്‌ ശിശുപാലന്‍ ടീം ഗോവയില്‍ നിന്നും തിരിച്ചെത്തിയ ശേഷം ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. അദ്ദേഹത്തിന്‌ കഴിഞ്ഞ ഒരു മാസത്തെ പ്രതിഫലം നല്‍കാനുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. എന്നാല്‍ ഇതില്‍ കഴമ്പില്ലെന്ന്‌ ക്ലബ്‌ സെക്രട്ടറി ലിയാഖത്ത്‌ അലി വ്യക്തമാക്കി. എല്ലാ താരങ്ങള്‍ക്കും അവരുടെ പ്രതിഫലം കൃത്യമായി നല്‍കിയിട്ടുണ്ട്‌. ഒരു മുന്നറിയിപ്പുമില്ലാതെയാണ്‌ ശിശുപാലന്‍ ക്യാമ്പ്‌ വിട്ടത്‌. ടീമിനൊപ്പം ക്യാമ്പില്‍ പോലും അദ്ദേഹമെത്തിയിട്ടില്ല.
ഇവര്‍ക്ക്‌ പകരം കെ.പി നിഷാദ്‌, അഹമ്മദ്‌ മാലിക്‌ എന്നിവരെ ടീമിലെടുക്കാനാണ്‌ നീക്കം.

ഗദ്ദാഫിക്ക്‌ അമ്പത്‌
ലാഹോര്‍: ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ്‌ വേദികളില്‍ ഒന്നായ ലാഹോറിലെ ഗദ്ദാഫി സ്‌റ്റേഡിയത്തിന്‌ രാജ്യാന്തര ക്രിക്കറ്റില്‍ അമ്പത്‌ വയസ്സ്‌. 1959 ല്‍ പാക്കിസ്‌താനും ഓസ്‌ട്രേലിയയും തമ്മില്‍ ടെസ്‌റ്റിലുടെ രാജ്യാന്തര വേദിയായി മാറിയ ഈ കളിമുറ്റത്തിന്‌ 1974 ലാണ്‌ ലിബിയന്‍ നേതാവ്‌ മുഅമര്‍ ഗദ്ദാഫിയുടെ പേരിട്ടത്‌. അമ്പത്‌ വര്‍ഷത്തെ ആഘോഷത്തില്‍ പക്ഷേ വേദനയും ഗദ്ദാഫി സ്‌റ്റേഡിയത്തിനുണ്ട്‌. അമ്പതാം വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ്‌ സ്‌റ്റേഡിയത്തില്‍ രക്തം വീണത്‌. കഴിഞ്ഞ മാര്‍ച്ചില്‍ ഇവിടെ നടന്ന പാക്കിസ്‌താന്‍-ശ്രീലങ്ക രണ്ടാം ടെസ്റ്റിനിടെ തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നു. ലങ്കന്‍ താരങ്ങള്‍ യാത്ര ചെയ്‌ത ബസ്‌ ആക്രമിക്കപ്പെടുകയും പല താരങ്ങള്‍ക്കും പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ഈ പ്രശ്‌നത്തോടെ 2011 ലെ ലോകകപ്പിന്‌ വേദിയൊരുക്കാനുളള അവസരവും ഗദ്ദാഫി സ്‌റ്റേഡിയത്തിന്‌ നഷ്‌ടമായി. 1996 ലെ ലോകകപ്പ്‌ ഫൈനല്‍ ഇവിടെയാണ്‌ നടന്നിരുന്നത്‌. 1959 മുതല്‍ ഇന്ന്‌ വരെ ഇവിടെയുളള സ്റ്റാഫില്‍ അംഗമായ ഗ്രൗണ്ട്‌സ്‌മാന്‍ ഹാജി ബഷീര്‍ പറയുന്നത്‌ ലോക ക്രിക്കറ്റില്‍ ഇത്ര മികച്ച മൈതാനമില്ലെന്നാണ്‌. ലോക ക്രിക്കറ്റിന്റെ പല ഗതിവിഗതികള്‍ക്കും ഗദ്ദാഫി സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചിട്ടുണ്ട്‌്‌. 1978 ല്‍ ഇവിടെ ഇന്ത്യ കളിച്ചിരുന്നു ആവേശകരമായ ടെസ്റ്റിന്റെ അവസാന ദിവസത്തില്‍ പാക്കിസ്‌താന്‍ എട്ട്‌ വിക്കറ്റിന്‌ വിജയിച്ചു. ഇതാണ്‌ എന്നും താന്‍ ഓര്‍മ്മിക്കുന്ന വിജയമെന്നും ബഷീര്‍ ഓര്‍ക്കുന്നു.

കാലിസ്‌ പുറത്ത്‌
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്‌മാന്‍ ജാക്‌ കാലിസിന്‌ നഷ്ടമാവും. കാലിലെ പരുക്കാണ്‌ പ്രശ്‌നം. സെഞ്ചൂറിയന്‍ പാര്‍ക്കില്‍ ഡിസംബര്‍ 16ന്‌ നടക്കുന്ന ഒന്നാം ടെസ്റ്റും കാലിസിന്‌ നഷ്ടമാവാനാണ്‌ സാധ്യതകള്‍. ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം കഴിഞ്ഞ ദിവസം കനത്ത മഴ കാരണം ഉപേക്ഷിച്ചിരുന്നു. കാലിസിന്‌ പരുക്കേറ്റത്‌ കഴിഞ്ഞ ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിക്കിടെയായിരുന്നു. എന്നാല്‍ പരുക്കിന്റെ ഗുരുതരാവസ്ഥ ഇപ്പോഴാണ്‌ ബോധ്യമായതെന്ന്‌ ടീം മാനേജ്‌മെന്റ്‌്‌ അറിയിച്ചു. കാലിസിന്റെ പരുക്കും അഭാവവും ടീമിന്‌ വലിയ ആഘാതമാണ്‌. ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ്‌ നിരയിലും ബൗളിംഗ്‌ നിരയിലും വ്യക്തമായ സാന്നിദ്ധ്യമുളളയാളാണ്‌ കാലിസ്‌. ഏകദിന മല്‍സരങ്ങളില്‍ ക്യാപ്‌റ്റന്‍ ഗ്രയീം സ്‌മിത്തിനൊപ്പം ഇന്നിംഗ്‌സ്‌ തുടങ്ങാന്‍ നിയോഗിക്കപ്പെട്ടയാളാണ്‌ കാലിസ്‌. കാലിസിന്‌ പകരം ഹാഷിം അംല ടീമിന്റെ ഓപ്പണറാവും.

ദില്‍ഷാന്‌ പരുക്ക്‌
കാണ്‍പ്പൂര്‍: ചൊവാഴ്‌ച്ച ഇവിടെ ആരംഭിക്കുന്ന ഇന്ത്യക്കെതിരായ രണ്ടാം ടെസ്‌റ്റില്‍ ശ്രീലങ്കന്‍ ഓപ്പണര്‍ തിലക രത്‌നെ ദില്‍ഷാന്‍ കളിക്കുന്ന കാര്യം സംശയത്തില്‍. അഹമ്മദാബാദില്‍ സമനിലയില്‍ അവസാനിച്ച ഒന്നാം ടെസ്‌റ്റിനിടെ പരിശീലനം നടത്തുമ്പോള്‍ മൂക്കിന്‌ പരുക്കേറ്റ ദില്‍ഷാന്‍ ഇന്നലെ സ്‌കാനിംഗിന്‌ വിധേയനായി. പരുക്ക്‌ ഗുരുതരമല്ലെങ്കിലും ദില്‍ഷാന്‍ കാണ്‍പ്പൂര്‍ ടെസ്റ്റില്‍ കളിക്കുന്ന കാര്യത്തില്‍ വ്യക്തമായ ഉറപ്പ്‌ നല്‍കാന്‍ ടീം മാനേജര്‍ ബ്രെന്‍ഡന്‍ കുറുപ്പ്‌ തയ്യാറായില്ല. പരിശീലന ഫുട്‌ബോളില്‍ കളിക്കവെ സഹതാരവുമായി കൂട്ടിയിടിച്ചാണ്‌ പരുക്ക്‌. മൂക്കില്‍ വേദനയുണ്ടെങ്കിലും ദില്‍ഷാന്‌ പ്രശ്‌നങ്ങളില്ലെന്ന്‌ നായകന്‍ കുമാര്‍ സങ്കക്കാരയും പറഞ്ഞു. അഹമ്മദാബാദ്‌ ടെസ്‌റ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ദില്‍ഷാന്‍ ലങ്കന്‍ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. അദ്ദേഹം നല്‍കിയ തുടക്കമാണ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌ മഹേല ജയവര്‍ദ്ധനയും വിക്കറ്റ്‌ കീപ്പര്‍ പ്രസന്ന ജയവര്‍ദ്ധനയുമെല്ലാം ഉപയോഗപ്പെടുത്തിയത്‌.

ശ്രീശാന്ത്‌ വേണം
മുംബൈ: കാണ്‍പ്പൂരില്‍ ശ്രീലങ്കക്കെതിരെ ചൊവാഴ്‌ച്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുളള ആദ്യ ഇലവനില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്തണമെന്ന്‌ മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌ക്കര്‍ നിര്‍ദ്ദേശിച്ചു. സ്വന്തം കോളത്തിലാണ്‌ ഗവാസ്‌ക്കര്‍ ശ്രീശാന്തിന്‌ വേണ്ടി ബാറ്റ്‌ ചെയ്‌തത്‌. എവേ സ്വിംഗറുകള്‍ പായിക്കാന്‍ ശ്രീശാന്ത്‌ മിടുക്കനാണെന്നാണ്‌ ഗവാസ്‌ക്കറുടെ വിലയിരുത്തല്‍. അഹമ്മദാബാദ്‌ ടെസ്‌റ്റില്‍ ബൗളര്‍മാര്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇഷാന്ത്‌ ശര്‍മ്മയുടെ പ്രകടനമായിരുന്നു വലിയ നിരാശ സമ്മാനിച്ചത്‌. ഇഷാന്തിന്‌ പകരം ശ്രീശാന്തിനെ ഉള്‍പ്പെടുത്തന്നതാണ്‌ നല്ലതെന്ന്‌ ഗവാസ്‌ക്കര്‍ പറയുന്നു. എന്നാല്‍ ടീം കോമ്പിനേഷന്‍ തീരുമാനിച്ചിട്ടില്ലെന്ന്‌ നായകന്‍ എം.എസ്‌ ധോണി അറിയിച്ചു. ചൊവാഴ്‌ച്ച രാവിലെ മാത്രമേ അന്തിമ ഇലവനെ തീരുമാനിക്കു.

No comments: