കലാപം അവസാനിക്കുന്നില്ല
ദുബായ്: പാക്കിസ്‌താന്‍ ക്രിക്കറ്റിലെ കലാപം അവസാനിക്കുന്നില്ല. ന്യൂസിലാന്‍ഡ് പര്യടനത്തിനുളള പാക്കിസ്‌താന്‍ സംഘത്തെ നയിക്കാന്‍ മുഹമ്മദ് യൂസഫ് നിയോഗിക്കപ്പെട്ടതാണ് കലാപത്തിന് ശമനമില്ലെന്ന സത്യത്തിന് വ്യക്തമായ സൂചന. ഇപ്പോള്‍ ദുബായിലുളള പാക്കിസ്‌താന്‍ ടീം ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ പരാജയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് യൂനസ് താന്‍ ന്യൂസിലാന്‍ഡില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരക്കില്ലെന്ന് വ്യക്തമാക്കിയത്. ഉടന്‍ പാക്കിസ്‌താന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഇജാസ് ഭട്ട് കപ്പിത്താന്‍ സ്ഥാനം സീനിയര്‍ താരമായ മുഹമ്മദ് യൂസഫിന് നല്‍കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയായി വിക്കറ്റ് കീപ്പര്‍ കമറാന്‍ അക്‌മലിനെയും തെരഞ്ഞെടുത്തു. ന്യൂസിലാന്‍ഡിനെതിരെ രണ്ട് 20-20 മല്‍സരങ്ങള്‍ പാക്കിസ്‌താന്‍ കളിക്കുന്നുണ്ട്. ഈ മല്‍സരങ്ങള്‍ക്ക് ശേഷം ഞായറാഴ്‌ച്ച ടീം ന്യൂസിലാന്‍ഡിലേക്ക് യാത്രയാവും. ഏകദിന പരമ്പരയില്‍ ആദ്യ മല്‍സരം ജയിച്ച ശേഷം പാക്കിസ്‌താന്‍ അടുത്ത രണ്ട് മല്‍സരങ്ങള്‍ നാടകീയമായി തോല്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന അവസാന മല്‍സരത്തില്‍ വലിയ നാണക്കേടില്‍ നിന്നും പാക്കിസ്‌താന്‍ രക്ഷപ്പെട്ടത് പത്താം വിക്കറ്റില്‍ ആമിര്‍ സുഹൈല്‍-സയദ് അജ്‌മല്‍ സഖ്യം നേടിയ സെഞ്ച്വറി പാര്‍ട്ട്‌ണര്‍ഷിപ്പിലാണ്. തനിക്ക് ടീമില്‍ നിന്ന് കാര്യമായ പിന്തുണ ലഭിക്കുന്നില്ലെന്നും തല്‍ക്കാലം ക്രിക്കറ്റില്‍ നിന്നും ബ്രേക്ക് വേണമെന്നും യൂനസ് ആവശ്യപ്പെട്ടതാണെന്നും ഇത് കൊണ്ടാണ് അദ്ദേഹത്തിന് പകരം യൂസഫിനെ നായകനാക്കിയതെന്നുമാണ് പി.സി.ബി വിശദീകരണം. എന്നാല്‍ ടീമിനുളളിലെ കുഴപ്പങ്ങള്‍ക്ക് ഒരു ശമനവുമില്ലെന്നതിന് തെളിവാണ് പുതിയ സംഭവ വികാസങ്ങളെന്ന് താരങ്ങള്‍ തന്നെ പറയുന്നു.
ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ തുടങ്ങിയതാണ് പുതിയ പടല പിണക്കങ്ങള്‍. ഇന്ത്യയെ സെമി ഫൈനല്‍ കാണാതെ പുറത്താക്കാന്‍ ഓസ്‌ട്രേലിയയുമായി പാക്കിസ്‌താന്‍ ഒത്തുകളിച്ചുവെന്ന ആരോപണത്തിനൊപ്പം ന്യൂസിലാന്‍ഡിനെതിരായ സെമിയില്‍ ടീം തോറ്റത് പണം വാങ്ങിയാണെന്ന ആരോപണവും ഉയര്‍ന്നപ്പോള്‍ യൂനസ് രാജി നല്‍കിയിരുന്നു. പാക്കിസ്‌താന്‍ പാര്‍ലമെന്ററി കമ്മിറ്റി മുമ്പാകെ ഹാജരായ വേളയിലായിരുന്നു രാജി. പന്തയവിവാദങ്ങള്‍ തന്നെ ആകെ തളഴത്തുന്നതായി പറഞ്ഞ യൂനസ് ഇനി ഒരിക്കലും നായകനാവിെല്ലന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് നടത്തപ്പെട്ട ഒത്തുതീര്‍പ്പ് ചര്‍ച്ചയെ തുടര്‍ന്ന് രാജിക്കത്ത് പിന്‍വലിക്കാന്‍ യൂനസ് തയ്യാറായി. 2011 ലെ ലോകകപ്പ് വരെ നായകസ്ഥാനത്ത് തുടരാന്‍ യൂനസിനെ അനുവദിക്കുകയും, ടീം മാനേജ്‌മെന്റില്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം മാറ്റങ്ങള്‍ വരുത്താമെന്നും വ്യക്തമാക്കാന്‍ പി.സി.ബി നിര്‍ബന്ധതിമായ സാഹചര്യത്തിലാണ് യൂനസ് രാജിക്കത്ത് പിന്‍വലിച്ചത്. രാജി പിന്‍വലിച്ച് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തില്‍ അദ്ദേഹം പട നയിച്ച് ആദ്യ പരമ്പരയില്‍ തന്നെയാണ് ടീം തകര്‍ന്നത്. ടീമിന്റെ സമീപനത്തില്‍ നിരാശ പ്രകടിപ്പിച്ചാണ് യൂനസ് താന്‍ ന്യൂസിസാന്‍ഡിലേക്കില്ലെന്ന് വ്യക്തമാക്കിയത്. സീനിയര്‍ താരങ്ങളായ ഷാഹിദ് അഫ്രീദി, മുന്‍ ക്യാപ്‌റ്റന്‍ ഷുഹൈബ് മാലിക് എന്നിവരുടെ നിലപാടാണ് യൂനസിന് പ്രശ്‌നം. ഈ കാര്യം അദ്ദേഹം നേരത്തെ തന്നെ പി.സി.ബിയെ അറിയിച്ചിരുന്നു. 20-20 ടീമിനെ നയിക്കുന്നത് അഫ്രീദിയാണ്. 20-20 ലോകകപ്പിലെ വിജയത്തിന് ശേഷം കുട്ടി ക്രിക്കറ്റ് വിടുന്നതായി പ്രഖ്യാപിച്ചിരുന്ന യൂനസ് ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങിയിരിക്കയാണ്. ഇനി എന്തെല്ലാമാണ് പാക്കിസ്‌താന്‍ ക്രിക്കറ്റില്‍ നടക്കാന്‍ പോവുന്നതെന്ന് പ്രവചിക്കാന്‍ ആര്‍ക്കുമാവുന്നില്ല.
മഴ വില്ലന്‍, മല്‍സരങ്ങള്‍ തടസ്സപ്പെട്ടു
മുംബൈ: തകര്‍ത്ത് പെയ്‌ത മഴയിലും കാറ്റിലും ഇന്നലെ മുംബൈയില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മല്‍സരം ഒരു പന്ത് പോലും എറിയാന്‍ കഴിയാതെ ഉപേക്ഷിച്ചു. സന്ദര്‍ശനത്തിനെത്തിയിരിക്കുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ഏക പരിശീലന മല്‍സരത്തിലെ ആദ്യ ദിവസവും മഴ റാഞ്ചി. മുംബൈയില്‍ തന്നെ നടക്കുന്ന രജ്ഞി മല്‍സരങ്ങളെയും മഴ ബാധിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇന്ത്യയുടെ വാണിജ്യാസ്ഥാനത്ത് മഴ തകര്‍ത്തു പെയ്യുകയാണ്. ചൊവാഴ്‌ച്ച തന്നെ ഇന്ത്യ-ഓസീസ് ഏകദിനം നടക്കേണ്ട ഡി.വൈ പാട്ടില്‍ സ്‌റ്റേഡിയം ചെളിക്കുളമായിരുന്നു. ഇന്നലെ മഴ ശമിച്ചെങ്കില്‍ മാത്രമായിരുന്നു മല്‍സരത്തിന് സാധ്യത. എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ കനത്ത മഴയായിരുന്നു. പരമ്പര 4-2 എന്ന നിലയില്‍ നേരത്തെ തന്നെ ഓസ്‌ട്രേലിയ സ്വന്തമാക്കിയതിനാല്‍ ഈ മല്‍സരത്തിന് പ്രസക്തിയുണ്ടായിരുന്നില്ല. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ ടീമുകള്‍ സ്‌റ്റേഡിയത്തിലെത്തിയിരുന്നു. എന്നാല്‍ വൈകീട്ട് അഞ്ച് മണിയോടെ മല്‍സരം ഉപേക്ഷിക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. മല്‍സരം റദ്ദാക്കിയതോടെ ഇന്ത്യ ഐ.സി.സി റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 130 പോയന്റുമായി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് വന്നപ്പോള്‍ ദക്ഷിണാഫ്രിക്കക്കൊപ്പം ഇന്ത്യക്ക് 122 പോയന്റാണുള്ളത്.
കുമാര്‍ സങ്കക്കാര നയിക്കുന്ന ലങ്കന്‍ സംഘം ഇന്ത്യന്‍ സാഹചര്യങ്ങള്‍ പഠിക്കാന്‍ ലഭിക്കുന്ന അവസരം നഷ്ടമാവുന്നതിലെ നിരാശയിലാണ്. ബോര്‍ഡ് പ്രസിഡണ്ട്‌സ് ഇലവനെതിരായ ത്രിദിന പരിശീലന മല്‍സരത്തിന്റെ ആദ്യദിനം ഒരു പന്ത് പോലും എറിയാന്‍ കഴിഞ്ഞില്ല.
കേരളത്തിന് തടസ്സം മഴ
ഇന്‍ഡോര്‍: മധ്യപ്രദേശിനെതിരായ ചതുര്‍ദിന രജ്ഞി മല്‍സരത്തിന്റെ രണ്ടാം ദിവസത്തിലും കേരളത്തിന് വിക്കറ്റില്ല. മഴയില്‍ തടസ്സപ്പെട്ട മല്‍സരത്തിന്റെ രണ്ടാം ദിനത്തില്‍ അല്‍പ്പസമയം മാത്രം കളി നടന്നപ്പോള്‍ ആതിഥേയര്‍ നില മെച്ചപ്പെടുത്തി. ഒരു വിക്കറ്റിന് 172 റണ്‍സാണ് അവരുടെ സ്‌ക്കോര്‍. നമാന്‍ ഒജ, റിഷികേഷ് കനിത്‌കര്‍ എന്നിവര്‍ സെഞ്ച്വറിയിലേക്ക് നീങ്ങുകയാണ്. ഒജ 87 റണ്‍സുമായും കനിത്‌കര്‍ 63 റണ്‍സുമായും ക്രീസിലുണ്ട്. ഓപ്പണര്‍ ജലാജ് സക്‌സേനയുടെ വിക്കറ്റ് ക്യാപ്‌റ്റന്‍ ശ്രീശാന്തിന് ലഭിച്ചത് മാത്രമാണ് കേരളത്തിന്റെ നേട്ടം. ഇന്ത്യന്‍ ടീമിലേക്ക് വിളിക്കപ്പെട്ട ശ്രീശാന്ത് ആകെ പത്ത് ഓവറുകളാണ് എറിഞ്ഞത്. 58 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.
വിക്കറ്റ് വേട്ടയില്‍ ഇര്‍ഫാന്‍
കൊല്‍ക്കത്ത: ആദ്യം ബാറ്റില്‍, പിന്നെ പന്തില്‍.... ബറോഡ-ബംഗാള്‍ രജ്ഞി മല്‍സരത്തില്‍ കളം നിറയുന്നത് ഇര്‍ഫാന്‍ പത്താന്‍. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ പ്രയത്‌നിക്കുന്ന യുവ ഓള്‍റൗണ്ടറുടെ ബാറ്റിംഗ് കരുത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ബറോഡ 307 റണ്‍സ് നേടിയപ്പോള്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ സൗരവ് ഗാംഗുലിയുടെ ബംഗാള്‍ പൊരുതുകയാണ്. മൂന്ന് വിക്കറ്റിന് 102 റണ്‍സാണ് ആതിഥേയര്‍ നേടിയിരിക്കുന്നത്. ഇന്നലെ വീണ മൂന്ന് വിക്കറ്റുകളില്‍ രണ്ടും ഇര്‍ഫാനാണ്. ബംഗാള്‍ ഓപ്പണര്‍ ദിപ് ദാസ് ഗുപ്‌തയെ തുടക്കത്തില്‍ തന്നെ പുറത്താക്കിയ ഇര്‍ഫാന്‍ ജുജന്‍വാലയെയും പെട്ടെന്ന് തിരിച്ചയച്ചു. 23 പന്തില്‍ 15 റണ്‍സുമായി സൗരവ് ക്രീസിലുണ്ട്. 43 റണ്‍സാണ് ഇര്‍ഫാന്‍ നേടിയത്. വാലറ്റത്തില്‍ പി.ആര്‍ ഷാ (63), സ്വപ്‌നില്‍ സിംഗ് (43 നോട്ടൗട്ട്) എന്നിവര്‍ ഇര്‍ഫാന് ഉറച്ച പിന്തുണ നല്‍കി.
ജര്‍മന്‍ ഗോള്‍ക്കീപ്പര്‍ ആത്മഹത്യ ചെയ്‌തു
ഹാനോവര്‍: ജര്‍മന്‍ ദേശീയ ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍ക്കീപ്പര്‍ റോബര്‍ട്ട് എങ്കെ ആത്മഹത്യ ചെയ്‌തു. 32 കാരനായ താരം ഇന്നലെ ഹാനോവറിന് സമീപം ലെവല്‍ ക്രോസില്‍ ട്രെയിനിന് മുന്നില്‍ ചാടുകയായിരുന്നു. ബാര്‍സിലോണ, ബെനഫിക്ക, ഫെനര്‍ബാഷെ തുടങ്ങിയ പ്രമുഖ ക്ലബുകള്‍ക്കായി കളിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് അസുഖത്തെ തുടര്‍ന്ന് രണ്ട് വയസ്സുകാരിയായ മകള്‍ ലാറയെ നഷ്‌ടമായ ശേഷം മാനസികമായി തളര്‍ന്നിരുന്ന എങ്കെ സ്വന്തം കാര്‍ ലെവല്‍ ക്രോസിന് സമീപം നിര്‍ത്തിയാണ് ജീവന്‍ ഒടുക്കിയത്. അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പില്‍ ജര്‍മനിയുടെ ഒന്നാം നമ്പര്‍ ഗോള്‍ക്കീപ്പറായി പരിശീലകന്‍ കണ്ടിരുന്ന എങ്കെ മകളുടെ മരണത്തിന് ശേഷം ആകെ നിരാശനായിരുന്നു. അപൂര്‍വ്വമായ ഹൃദയാസുഖത്തെ തുടര്‍ന്നായിരുന്നു മകളുടെ അന്ത്യം. തുടര്‍ന്ന് അദ്ദേഹം ഒരു പെണ്‍കുട്ടിയെ ദത്തെടുത്തുവെങ്കിലും മാനസികമായ ഉണര്‍വ് താരത്തിനുണ്ടായിരുന്നില്ല. ദേശീയ ടീമിന് വേണ്ടി എട്ട് മല്‍സരങ്ങള്‍ കളിച്ചിരുന്നു. ജര്‍മന്‍ ലീഗില്‍ ഹാനോവര്‍ 96 ടീമിനായി കളിക്കുന്ന എങ്കെ ഒലിവര്‍കാന് ശേഷം ജര്‍മനി കണ്ട ഏറ്റവും മികച്ച ഗോള്‍ക്കീപ്പറായിരുന്നു.
പ്രിയപ്പെട്ട താരത്തിന്റെ ദുരന്തത്തില്‍ ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി. ദേശീയ ടീമിന്റെ പരിശീലന ക്യാമ്പ്‌് മാറ്റിവെച്ചിരിക്കയാണ്. ബുണ്ടേല്‍സ് ലീഗില്‍ ഈയാഴ്‌ച്ച മല്‍സരങ്ങള്‍ ആരംഭിക്കുമ്പോള്‍ രണ്ട് മിനുട്ട് മൗനമാചരിക്കും. പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാന്‍ എങ്കെയുടെ ഏജന്റിന് പോലും കഴിയുന്നില്ല. കാറില്‍ ലെവല്‍ ക്രോസിന് സമീപമെത്തിയ അദ്ദേഹം ട്രെയിനിന് മുന്നില്‍ ചാടി ജീവന്‍ കളയുകയായിരുന്നുവെന്ന് വ്യക്തമായെങ്കിലും ഈ കാര്യത്തില്‍ പോലീസ് വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല. 2004 ലാണ് എങ്കെ ഹാനോവര്‍ ക്ലബില്‍ ചേരുന്നത്. ഇപ്പോള്‍ ടീമിന്റെ നായകനാണ്. അടുത്ത ശനിയാഴ്‌ച്ച ജര്‍മനി സൗഹൃദ മല്‍സരത്തില്‍ ചിലിയുമായി കളിക്കുന്നുണ്ട്. ഈ മല്‍സരം നിലവിലെ സാഹചര്യത്തില്‍ റദ്ദാക്കാനാണ് സാധ്യത. പനി ബാധിതനായതിനാല്‍ ചിലിക്കെതിരായ മല്‍സരത്തിനുളള ടീമില്‍ എങ്കെയെ ഉള്‍പ്പെടുത്തിയിരുന്നില്ല. എങ്കെയുടെ മരണത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തിയ 1974 ലെ ലോകകപ്പ് ജേതാവായ ജര്‍മന്‍ നായകന്‍ ഫ്രാന്‍സ് ബെക്കന്‍ബോവര്‍ ജര്‍മന്‍ ടീമിന് ലോകകപ്പ് സീസണില്‍ വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് പറഞ്ഞു.
റോബര്‍ട്ട് എങ്കെ (1977-2009)
ജനനം: 24-8-1977
അരങ്ങേറ്റം: 1995-96
കളിച്ച ക്ലബുകള്‍: കാള്‍സിസ്, ബൊറുഷ്യ മോന്‍ചാഗ്‌ബാദ്, ബെനഫിക്ക, ബാര്‍സിലോണ, ഫെനര്‍ബാഷെ, ടെനറിഫെ, ഹനോവര്‍ 96.
ദേശീയ അരങ്ങേറ്റം: 27-03-07. ആകെ എട്ട് മല്‍സരങ്ങള്‍
അവാര്‍ഡുകള്‍: 2008-09 സീസണിലെ ബുണ്ടേല്‍സ് ലീഗിലെ ഏറ്റവും മികച്ച ഗോള്‍ക്കീപ്പര്‍
ഇന്ന് വിവ-ഡെംപോ
മഡ്‌ഗാവ്: ഐ ലീഗ് ഫുട്‌ബോളില്‍ ഇന്ന് വിവ കേരളക്ക് ശക്തമായ പരീക്ഷണം. നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തിലെ പ്രതിയോഗികള്‍ മുന്‍ ചാമ്പ്യന്മാരായ ഡെംപോ സ്‌പോര്‍ട്‌സ് ക്ലബ് ഗോവ. ഇന്ന് നടക്കുന്ന മറ്റ് മല്‍സരങ്ങളില്‍ എയര്‍ ഇന്ത്യ മഹീന്ദ്ര യുനൈറ്റഡിനെയും ഈസ്‌റ്റ് ബംഗാള്‍ ഷില്ലോംഗ് ലാജോംഗ് എഫ്‌സിയെയും എതിരിടും. മുംബൈ കൂപ്പറേജില്‍ നടന്ന അവസാന മല്‍സരത്തില്‍ ശക്തരായ മഹീന്ദ്ര യുനൈറ്റഡിനെ 1-1 ല്‍ തളക്കാനായ ആത്മവിശ്വാസത്തിലാണ് എം.പി സക്കീര്‍ നയിക്കുന്ന വിവ. ആറ് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിന് നാല് പോയന്റാണ് സമ്പാദ്യം. ടേബിളില്‍ പതിമൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടീമിന് ഇന്ന് കാര്യമായ പരുക്കിന്റെ പ്രശ്‌നങ്ങളില്ല. നായകന്‍ സക്കീറിനെ കൂടാതെ മുന്‍നിരയില്‍ കളിക്കുന്ന റൂബന്‍ സാനിയോ, തായ്‌ലാന്‍ഡുകാരന്‍ വിസുത് പുന്‍പെംഗ്,ഡിഫന്‍ഡര്‍ ബെല്ലോ റസാക്ക് എന്നിവര്‍ ഫോമിലാണ്. മഹീന്ദ്രക്കെതിരായ പോരാട്ടത്തില്‍ പുറത്തെടുത്ത ആക്രമണ സോക്കര്‍ തന്നെയായിരിക്കും ഇന്നും ടീമിന്റെ ആയുധമെന്ന് കോച്ച് ഏ.എം ശ്രീധരന്‍ പറഞ്ഞു. കൂപ്പറേജില്‍ നടക്കുന്ന മുംബൈ അങ്കത്തിനും പ്രാധാന്യമുണ്ട്. കഴിഞ്ഞ രണ്ട് മല്‍സരങ്ങളില്‍ വിജയിച്ച ഈസ്റ്റ് ബംഗാള്‍ പുതിയ കോച്ച് ഫിലിപ്പ് റൈഡര്‍ ഔദ്യോഗികമായി ചുമതലയേല്‍ക്കും മുമ്പ് കളിക്കുന്ന അവസാന മല്‍സരമാണിത്. പുതിയ കോച്ചിന് വിജയം സമ്മാനിക്കുമെന്നാണ് നായകന്‍ സയദ് റഹീം നബി വ്യക്തമാക്കുന്നത്.
റൊണാള്‍ഡോ ഇല്ല
ലിസ്‌ബണ്‍: നിര്‍ണ്ണായക ലോകകപ്പ് പ്ലേ ഓഫ് മല്‍സരത്തില്‍ ശനിയാഴ്‌ച്ച ബോസ്‌നിയ ഹെര്‍സഗോവിനയെ നേരിടുന്ന പോര്‍ച്ചുഗല്‍ സംഘത്തില്‍ മുന്‍നിരയിലെ സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോ കളിക്കില്ല. ആദ്യപാദ മല്‍സരം ശനിയാഴ്‌ച്ചയും രണ്ടാം പാദ മല്‍സരം ബുധനാഴ്‌ച്ചയുമാണ്. കണങ്കാലിലെ പരുക്ക് കാരണം ചികില്‍സയില്‍ കഴിയുന്ന സൂപ്പര്‍ താരത്തിന്റെ സേവനം ഉറപ്പാക്കാന്‍ കോച്ച് കാര്‍ലോസ് ക്വിറസ് ശ്രമിച്ചുവെങ്കിലും മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇത് വരെ താരത്തിന് ലഭിച്ചിട്ടില്ല. റെക്കോര്‍ഡ് വിലക്ക് ഇത്തവണ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡില്‍ നിന്നും സ്വന്തമാക്കിയ താരത്തെ ആരോഗ്യം വീണ്ടെടുക്കുന്നതിന് മുമ്പ് കളിപ്പിക്കുന്നതിനോട് റൊണാള്‍ഡോയുടെ ക്ലബായ റയല്‍ മാഡ്രിഡ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
അപര്‍ണയും അരുണും നോര്‍വെയിലേക്ക്
കോഴിക്കോട്: നോര്‍വിജിയന്‍ ബാഡ്‌മിന്റണില്‍ കാലിക്കറ്റ് വാഴ്‌സിറ്റി താരങ്ങളായ അപര്‍ണ ബാലനും അരുണ്‍ വിഷ്‌ണുവും പങ്കെടുക്കും. ഇന്ന് ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പ് 15ന് സമാപിക്കും. സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ എ നാസറാണ്‌് പരിശീലകന്‍. ഫാറുഖ് കോളജ് വിദ്യാര്‍ത്ഥിയാണ് അരുണ്‍. അപര്‍ണ്ണ മഞ്ചേരി യുനിറ്റി കോളജിലും. അടുത്ത വര്‍ഷം ഡല്‍ഹി ആതിഥേയത്വം വഹിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുളള ഇന്ത്യന്‍ ബാഡ്‌മിന്റണ്‍ ടീമില്‍ അംഗങ്ങളായ ഇരുവരുമിപ്പോള്‍ ഹൈദരാബാദിലെ ഗോപീചന്ദ് അക്കാദമിയിലെ കോച്ചിംഗ് ക്യാമ്പിലാണ്.
ഇന്ത്യക്ക് നിരാശ
ഗുവാന്‍ ഷു: ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിവസം ഇന്ത്യക്ക് നിരാശ. 5000 മീറ്ററില്‍ കവിത റൗട്ട് സ്വന്തമാക്കിയ വെങ്കലം മാത്രമാണ് ഇന്ത്യയുടെ സമ്പാദ്യം. നിലവിലെ ചാമ്പ്യന്മാരായ ചൈന കുതിപ്പ് തുടങ്ങിയിട്ടുണ്ട്. ഇന്നലെ വിധി നിര്‍ണ്ണയിച്ച അഞ്ച് സ്വര്‍ണ്ണങ്ങളില്‍ രണ്ടും ആതിഥേയര്‍ക്കാണ്. ദോഹ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ സു ഫിക്കാണ് 5000 മീറ്ററില്‍ സ്വര്‍ണ്ണം.
റയലിന് നാണക്കേട്
മാഡ്രിഡ്: സ്‌പാനിഷ് കിംഗ്‌സ് കപ്പ് ഫുട്‌ബോളിന്റെ ആദ്യ റൗണ്ടില്‍ തന്നെ റയല്‍ മാഡ്രിഡ് പുറത്തായി. സീസണില്‍ കോടികള്‍ മുടക്കി വിലപിടിപ്പുളള താരങ്ങളെ സ്വന്തമാക്കിയ റയല്‍ തോറ്റത് മൂന്നാം കിട ടീമിനോട്. കിംഗ്‌സ് കപ്പ് ആദ്യ പാദത്തില്‍ അല്‍കോറോണ്‍ എന്ന ടീമിനോട് നാല് ഗോളിന് തകര്‍ന്ന റയലിന് ഇന്നലെ സ്വന്തം മൈതാനമായ ബെര്‍ണബുവില്‍ തിരിച്ചുവരാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ ഒരു ഗോളിന് ജയിക്കാനാണ് അവര്‍ക്കായത്. ചരിത്രത്തില്‍ ആദ്യമായാണ്‌് കിംഗ്‌സ് കപ്പില്‍ നിന്നും റയല്‍ ആദ്യ റൗണ്ടില്‍ പുറത്താവുന്നത്. അതേ സമയം ബാര്‍സിലോണ ഏഴ് ഗോളിന്റെ വിജയവുമായി അടുത്ത റൗണ്ട്‌് ഉറപ്പാക്കി.
No comments:
Post a Comment