Tuesday, November 10, 2009

OPEN LETTER TO SREESANTH
തേര്‍ഡ്‌ ഐ
കമാല്‍ വരദൂര്‍
ശ്രീശാന്തിന്‌ തുറന്ന കത്ത്‌.
പ്രിയപ്പെട്ട ശ്രീശാന്ത്‌....,
ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ടീമിലേക്ക്‌ താങ്കള്‍ക്ക്‌ അവസരം ലഭിച്ചതില്‍ സന്തോഷം അറിയിക്കട്ടെ... താങ്കളുടെ ബൗളിംഗ്‌ മികവില്‍ സംശയമില്ല. പക്ഷേ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അവസരം സെലക്ടര്‍മാരുടെ കാരുണ്യമാണ്‌. തികച്ചും നാടകീയമാണ്‌ താങ്കള്‍ ടീമിലെത്തിയിരിക്കുന്നത്‌. ദേശീയ ടീമില്‍ തിരിച്ചെത്താന്‍ മാത്രമുള്ള മികച്ച പ്രകടനം സമീപകാലത്ത്‌ നടത്താന്‍ താങ്കള്‍ക്ക്‌ കഴിഞ്ഞിട്ടില്ല. ഏറ്റവുമൊടുവില്‍ തലശ്ശേരിയില്‍ ആന്ധ്ര പ്രദേശിനെതിരായ രജ്ഞി മല്‍സരത്തില്‍ 26 ഓവറുകള്‍ എറിഞ്ഞിട്ടും ഒരു വിക്കറ്റ്‌ പോലും താങ്കള്‍ക്ക്‌ ലഭിച്ചിരുന്നില്ല. സാധാരണഗതിയില്‍ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിനാണ്‌ സെലക്ടര്‍മാര്‍ മാര്‍ക്ക്‌ നല്‍കാറുളളത്‌. ശ്രീശാന്ത്‌ താങ്കള്‍ കഴിഞ്ഞ പതിനെട്ട്‌ മാസമായി ദേശീയ സംഘത്തില്‍ കളിക്കുന്നില്ല. ചാലഞ്ചര്‍ മല്‍സരങ്ങളിലും ഇറാനി ട്രോഫിയിലും അല്‍ഭുത പ്രകടനങ്ങള്‍ നടത്തിയിട്ടുമില്ല. പക്ഷേ ക്രിക്കറ്റ്‌ വാര്‍ത്തകളില്‍ താങ്കള്‍ക്ക്‌ ഇടമുണ്ടായിരുന്നു-ഒന്നും നല്ല വാര്‍ത്തകളായിരുന്നില്ല. കളിക്കളത്തിലെ വഴക്കിനും കളത്തിന്‌ പുറത്തെ പെരുമാറ്റത്തിനുമെല്ലാം പലവട്ടം പിടിക്കപ്പെട്ടുവെന്ന്‌ മാത്രമല്ല ക്രിക്കറ്റ്‌ ബോര്‍ഡില്‍ നിന്ന്‌ അന്ത്യശാസനവും ലഭിച്ചു. അഭിജിത്‌ കാലേ എന്ന മഹാരാഷ്ട്ര ക്രിക്കറ്ററെ താങ്കള്‍ അറിയുമായിരിക്കും. ടീം സെലക്ഷന്‍ കൈക്കൂലി വിവാദത്തില്‍ അകപ്പെട്ട ആ താരത്തിനാണ്‌ അവസാനമായി ക്രിക്കറ്റ്‌ ബോര്‍ഡ്‌ അന്ത്യശാസനം നല്‍കിയത്‌. ബാംഗ്ലൂരില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ അക്കാദമിയോടനുബന്ധിച്ചുളള ഫ്‌ളാറ്റില്‍ ബഹളം വെച്ചതിന്‌, സഹതാരത്തെ ആക്രമിച്ചതിന്‌ താങ്കള്‍ പിടിക്കപ്പെട്ടു. ഇറാനി മല്‍സരത്തില്‍ മുംബൈ താരം ധവാല്‍ കുല്‍ക്കര്‍ണിയുമായി താങ്കള്‍ വഴക്കിട്ടു. കേരളത്തിന്റെ രജ്ഞി സംഘത്തിന്റെ നായകസ്ഥാനം ലഭിച്ചിട്ടും ക്യാമ്പില്‍ പങ്കെടുക്കാതെ കറങ്ങി നടന്നു. എന്തിന്‌ ചെറിയ കാലയളവില്‍ ഇംഗ്ലീഷ്‌ കൗണ്ടിയില്‍ വാര്‍വിക്ക്‌ഷെയറിനായി കളിക്കാന്‍ അവസരം ലഭിച്ചപ്പോഴും താങ്കള്‍ നിലവിട്ട്‌ പെരുമാറിയെന്ന്‌്‌ അലന്‍ ഡൊണാള്‍ഡ്‌ എന്ന കോച്ചിന്‌ പറയേണ്ടി വന്നു..
ഒരു കാര്യം താങ്കള്‍ ഓര്‍ക്കുന്നത്‌ നന്ന്‌-താങ്കളോട്‌ ഇന്ത്യന്‍ നായകന്‍ എം.എസ്‌ ധോണിക്കോ, സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലുളള സീനിയര്‍ താരങ്ങള്‍ക്കോ താല്‍പ്പര്യമില്ല. താങ്കളുടെ മുഖത്തടിച്ച ഹര്‍ഭജന്‍സിംഗിനെ പോലുള്ളവര്‍ ഇപ്പോഴും ടീമിലുണ്ട്‌. മുമ്പ്‌ ദേശീയ നിരയിലേക്ക്‌ താങ്കളെ കൈപിടിച്ചുയര്‍ത്തിയ എസ്‌.കെ നായര്‍ ക്രിക്കറ്റ്‌ ഭരണത്തിന്റെ ഇടനാഴികകളില്‍ പോലുമില്ല. ഇപ്പോള്‍ പ്രവര്‍ത്തകസമിതിയില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന ടി.സി മാത്യുവിനും, കേരളാ ക്രിക്കറ്റ്‌ അസോസിയേഷനും താങ്കളോട്‌ വലിയ താല്‍പ്പര്യമില്ല. എന്നിട്ടും താങ്കള്‍ക്ക്‌ ദേശീയ നിരയിലേക്ക്‌ തിരിച്ചെത്താന്‍ കഴിഞ്ഞത്‌ സെലക്ടര്‍മാരുടെ കാരുണ്യം കൊണ്ട്‌്‌ മാത്രമാണ്‌. ആശിഷ്‌ നെഹ്‌റയും മുനാഫ്‌ പട്ടേലും സുധിപ്‌ ത്യാഗിയുമെല്ലാം പ്രതീക്ഷയോടെ കാത്തിരുന്നവരായിരുന്നു. താങ്കള്‍ക്ക്‌ പ്രതീക്ഷ പോലുമുണ്ടായിരുന്നില്ലല്ലോ... എന്തായാലും ഇപ്പോള്‍ സെലക്ഷന്‍ ലഭിച്ചിരിക്കുന്നു. അഹമ്മദാബാദ്‌ ടെസ്‌റ്റില്‍ ഇന്ത്യക്കായി സഹീറിനൊപ്പം പുതിയ പന്ത്‌ പങ്കിടാനും താങ്കള്‍ക്ക്‌ അവസരമുണ്ടാവും. ടെസ്റ്റ്‌ ടീമിലിടം കിട്ടാനായി താങ്കള്‍ ഇന്‍ഡോറിലെ ഗണപതി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയും പ്രാര്‍ത്ഥിച്ചതുമെല്ലാം നല്ലത്‌. യഥാര്‍ത്ഥ വിശ്വാസി സമചിത്തനും സല്‍സ്വഭാവിയും നന്മയുളളവനുമായിരിക്കും. ആ ഗുണഗണങ്ങള്‍ ഇനിയെങ്കിലും നിലനിര്‍ത്തുക. താങ്കള്‍ കേരളാ ക്രിക്കറ്റിന്റെ ബ്രാന്‍ഡ്‌ അംബാസിഡറാണ്‌. ആക്രമണകാരിയായ ബൗളറാണ്‌-സംശയമില്ല. കളിക്കളത്തിലെ പെരുമാറ്റം മാത്രം ഒന്ന്‌ മെച്ചപ്പെടുത്തുക. ഇന്നലെ ദേശീയ വാര്‍ത്താ മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ ഹിന്ദിയിലും ഇംഗ്ലീഷിലുമെല്ലാം താങ്കള്‍ വളരെ ഭവ്യതയോടെ സംസാരിച്ചു. ഒരിക്കല്‍ക്കൂടി താങ്കളുടെ മാതാപിതാക്കളെ പ്രാദേശിക ചാനലുകളില്‍ കണ്ടു. അതിലും സന്തോഷം. സന്തോഷനാളുകള്‍ തുടരാന്‍ താങ്കള്‍ തന്നെ വിചാരിക്കണം. ക്രിക്കറ്റിലെ ജെന്റില്‍മാനിസം ഉയര്‍ത്തിപ്പിടിക്കുക-കളത്തിലും കളത്തിന്‌ പുറത്തും മാന്യനാവുക. സച്ചിനെ കണ്ട്‌ പഠിക്കുക-അദ്ദേഹം വിമര്‍ശകര്‍ക്ക്‌ മറുപടി നല്‍കുന്നത്‌ ബാറ്റിലൂടെയാണ്‌. ഒന്നും സംസാരിക്കാറില്ല. ഒരു സഹതാരത്തെയും കുറ്റം പറയാത്ത വ്യക്തിയാണ്‌ സച്ചിന്‍. അദ്ദേഹത്തിന്‌ പോലും താങ്കള്‍ അനഭിമതനാണെങ്കില്‍ അതിനുളള കാരണം മറ്റാരുമല്ലല്ലോ... ഞങ്ങളെല്ലാം താങ്കളുടെ വിമര്‍ശകരാണ്‌-ഞങ്ങള്‍ക്ക്‌ പന്ത്‌ കൊണ്ട്‌ മറുപടി നല്‍കണം. ധാരാളം വിക്കറ്റുകള്‍ നേടണം. അഹന്ത തുടര്‍ന്നാല്‍ ഇനി ടീമില്‍ അവസരം ലഭിക്കില്ല എന്ന സത്യവും തിരിച്ചറിയണം. ഇപ്പോള്‍ ഇഷാന്ത്‌ ശര്‍മ്മ ഫോമില്ലല്ല, മുനാഫ്‌ പട്ടേലിനും വലം കൈയ്യന്‍ സീമര്‍ എന്ന നിലയില്‍ പെര്‍ഫോം ചെയ്യാന്‍ കഴിയുന്നില്ല. ആര്‍.പി സിംഗും ഇര്‍ഫാന്‍ പത്താനുമെല്ലാം മോശം കാലമാണ്‌. അത്‌ കൊണ്ടാണ്‌ താങ്കളെ വിശ്വസിക്കാന്‍ കൃഷ്‌ണമാചാരി ശ്രീകാന്ത്‌ എന്ന സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ തയ്യാറായത.്‌ അദ്ദേഹത്തിന്റെ മകന്റെ വിവാഹചടങ്ങില്‍ താങ്കള്‍ പങ്കെടുത്ത കാര്യവും ഞങ്ങള്‍ മറക്കുന്നില്ല. മഹാരാഷ്ട്ര നവനിര്‍മ്മാണ സേനക്കാരെ പോലെ സ്വന്തം സംസ്ഥാന മുദ്രാവാക്യം മുഴക്കുന്നയാളായ ശ്രീകാന്ത്‌ അയല്‍സംസ്ഥാനത്തെ പരിഗണിച്ചത്‌ അല്‍ഭുതമാണ്‌ എന്ന സത്യവും താങ്കള്‍ തിരിച്ചറിയണം. എന്തായാലും മാന്യത മാത്രം കൈവിടരുത്‌-ഭാവുകങ്ങള്‍...!


ശ്രീ ഈസ്‌ ബാക്‌
മുംബൈ: ശ്രീകുമാരന്‍ ശ്രീശാന്ത്‌ വീണ്ടും ഇന്ത്യന്‍ ടീമില്‍. ശ്രീലങ്കക്കെതിരെ നടക്കാന്‍ പോവുന്ന പരമ്പരയിലെ ആദ്യ രണ്ട്‌ ടെസ്റ്റുകള്‍ക്കുള്ള പതിനഞ്ചംഗ സംഘത്തിലേക്ക്‌ പ്രതീക്ഷിക്കപ്പെട്ട പോലെ സഹീര്‍ഖാനും തിരിച്ചെത്തി. ആശിഷ്‌ നെഹ്‌റ, മുനാഫ്‌ പട്ടേല്‍ എന്നിവര്‍ പുറത്താക്കപ്പെട്ടു. 2008 ഏപ്രിലിലാണ്‌ അവസാനമായി ശ്രീശാന്ത്‌ ഇന്ത്യക്കായി കളിച്ചത്‌. പെരുമാറ്റ പ്രശ്‌നത്തില്‍ പലവട്ടം പിടിക്കപ്പെട്ട കേരളാ താരത്തിന്‌ തീര്‍ത്തും അപ്രതീക്ഷിതമായാണ്‌ ഇന്നലെ സെലക്ടര്‍മാരുടെ കാരുണ്യം ലഭിച്ചത്‌. ഇറാനി ട്രോഫി ക്രിക്കറ്റില്‍ മോശം പെരുമാറ്റത്തിന്റെ പേരില്‍ അന്ത്യശാസനം ലഭിച്ച ശ്രീശാന്തിനെ സെലക്ടര്‍മാരും പരിഗണിക്കില്ല എന്നാണ്‌ കരുതപ്പെട്ടത്‌. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ സീമര്‍മാര്‍ നിരാശാജനകമായ പ്രകടനം നടത്തിയ സാഹചര്യത്തിലാണ്‌ കൃഷ്‌ണമാചാരി ശ്രീകാന്തിന്റെ നേതൃത്ത്വത്തിലുളള സെലക്ഷന്‍ പാനല്‍ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണിയുടെ അഭിപ്രായം മാനിച്ച്‌ ശ്രീശാന്തിന്‌ ഒരവസരം കൂടി നല്‍കിയിരിക്കുന്നത്‌. പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ടീമില്‍ ശ്രീശാന്ത്‌ ഉള്‍പ്പെടെ മൂന്ന്‌ സീമര്‍മാര്‍ മാത്രമാണുളളത്‌. അതിനാല്‍ അഹമ്മദാബാദില്‍ അടുത്തയാഴ്‌ച്ച ആരംഭിക്കുന്ന ഒന്നാം ടെസ്‌റ്റിനുളള ആദ്യ ഇലവനില്‍ സഹീറിനൊപ്പം പുതിയ പന്ത്‌ പങ്കിടാന്‍ ശ്രീശാന്തിന്‌ അവസരം ലഭിക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഇഷാന്ത്‌ശര്‍മ്മയാണ്‌ മൂന്നാം സീമര്‍. സമീപകാലത്തായി വലിയ നിരാശ സമ്മാനിക്കുന്ന ഇഷാന്തിന്‌ ധോണി പ്രഥമ പരിഗണന നല്‍കാന്‍ സാധ്യതയില്ല.
കേരളത്തിന്റെ രജ്ഞി ടീം നായകനായ ശ്രീശാന്ത്‌ ഇപ്പോള്‍ മധ്യപ്രദേശിനെതിരായ മല്‍സരത്തില്‍ കളിക്കുകയാണ്‌. സെലക്ടര്‍മാരുടെ തീരുമാനത്തില്‍ അതിയായ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം തീര്‍ച്ചയായും മികച്ച ഫോമില്‍ കളിച്ച്‌ സെലക്ടര്‍മാര്‍ തന്നിലര്‍പ്പിച്ച വിശ്വാസം കാക്കാന്‍ കഴിയുമെന്ന്‌ പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ നിന്നും പരുക്ക്‌ കാരണം പുറത്തായ ശ്രീശാന്ത്‌ ഇടക്കാലയളവില്‍ കളിച്ച്‌ പത്ത്‌ ഫസ്റ്റ്‌ ക്ലാസ്‌ മല്‍സരങ്ങളില്‍ നിന്നായി 28 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. ഇംഗ്ലീഷ്‌ കൗണ്ടിയില്‍ വാര്‍വിക്ക്‌ഷെയറിനായി കളിച്ചപ്പോള്‍ ഒരു മല്‍സരത്തില്‍ അഞ്ച്‌ വിക്കറ്റ്‌ സ്വന്തമാക്കാനും അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്‌ച്ച തലശ്ശേരിയില്‍ നടന്ന ആന്ധ്ര പ്രദേശിനെതിരായ രജ്ഞി മല്‍സരത്തില്‍ ഒരു വിക്കറ്റും നേടാന്‍ അദ്ദേഹത്തിന്‌ കഴിയാത്തതിനെ തുടര്‍ന്ന്‌ ഇന്ത്യന്‍ ടീം പ്രവേശം സംശയത്തിലായിരുന്നു.
ചുമലില്‍ നടത്തിയ ശസ്‌ത്രക്രിയയെ തുടര്‍ന്ന്‌ ഏതാണ്ട്‌്‌ ഒരു വര്‍ഷത്തോളമായി ടീമിന്‌ പുറത്തായിരുന്ന സഹീറിന്റെ തിരിച്ചുവരവ്‌ പ്രതീക്ഷിക്കപ്പെട്ടതാണ്‌. സയദ്‌ മുഷ്‌താഖ്‌ അലി 20-20 ടൂര്‍ണ്ണമെന്റില്‍ മികച്ച പ്രകടനം നടത്തിയ അദ്ദേഹം മുംബൈയുടെ രജ്ഞി ടീമിലും അംഗമാണ്‌.
തിരിച്ചുവിളിക്കപ്പെട്ടവരില്‍ സ്‌പിന്നര്‍ പ്രഗ്യാന്‍ ഒജ, തമിഴ്‌നാട്ടില്‍ നിന്നുളള ബാറ്റ്‌സ്‌മാന്‍ എസ്‌.ബദരീനാഥ്‌ എന്നിവരും ഉള്‍പ്പെടുന്നു. മറ്റൊരു തമിഴ്‌നാട്ടുകാരനായ എസ്‌.വിജയ്‌ ടീമിലെ തന്റെ സ്ഥാനം നിലനിര്‍ത്തി. ഹൈദരാബാദുകാരനായ ഒജ ഇത്‌ വരെ ഇന്ത്യക്കായി ടെസ്റ്റ്‌ കളിച്ചിട്ടില്ല. 2008 ലെ ശ്രീലങ്കന്‍ പര്യടനത്തില്‍ പങ്കെടുത്ത ഒജക്ക്‌ പിന്നിട്‌ അമിത്‌ മിശ്രക്കായി തന്റെ സ്ഥാനം നല്‍കേണ്ടി വന്നിരുന്നു. 2008-09 ല്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന മൊഹാലി ടെസ്‌റ്റില്‍ അമിത്‌ മിശ്ര തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോല്‍ ഒജക്ക്‌ പിന്നെ തിരിച്ചുവരാനുളള അവസരവും ലഭിച്ചില്ല. ഓസ്‌ട്രേലിയക്കെതിരെ നാഗ്‌പ്പൂര്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച വിജയ്‌ ആകെ ഒരു മല്‍സരത്തിലാണ്‌ കളിച്ചത്‌. നാഗ്‌പ്പൂര്‍ ടെസ്റ്റില്‍ നിന്നും അവസാന നിമിഷത്തില്‍ ഗൗതം ഗാംഭീര്‍ സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ വിജയിന്‌ അവസരം ലഭിച്ചത്‌. അതേ സമയം ബദരീനാഥിന്‌ ഇത്‌ വരെ ടെസ്റ്റ്‌ അരങ്ങേറ്റം നടത്താന്‍ കഴിഞ്ഞിട്ടില്ല.
ആശിഷ്‌ നെഹ്‌റ, മുനാഫ്‌ പട്ടേല്‍ എന്നിവരുടെ പേരുകള്‍ സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. ഏകദിന ക്രിക്കറ്റില്‍ മികവ്‌ പ്രകടിപ്പിച്ച ഡല്‍ഹിക്കാരനായ നെഹ്‌റ ടീമിലിടം പ്രതീക്ഷിച്ചെങ്കിലും ശ്രീശാന്തിനാണ്‌ നറുക്ക്‌ വീണത്‌. മുനാഫ്‌ പട്ടേല്‍ ഓസ്‌ട്രേലിയക്കെതിരെ ഇപ്പോള്‍ നടന്നുവരുന്ന ഏകദിന പരമ്പരയിലുടെയാണ്‌ തിരിച്ചുവന്നത്‌. എന്നാല്‍ കളിക്കാന്‍ അവസരം ലഭിച്ച രണ്ട്‌ മല്‍സരങ്ങളില്‍ അദ്ദേഹം നിരാശപ്പെടുത്തിയതാണ്‌ വിനയായത്‌. ഹൈദരാബാദിലെ ബാറ്റിംഗിന്‌ അനുകൂലമായ ഫ്‌ളാറ്റ്‌ പിച്ചിലാണ്‌ മുനാഫിന്‌ അവസരം നല്‍കിയതെന്ന കാര്യം സെലക്ടര്‍മാര്‍ മറന്നു.
സാധാരണ പതിനാല്‌ പേരെയാണ്‌ സ്വന്തം നാട്ടില്‍ നടക്കുന്ന പരമ്പരക്കായി തെരഞ്ഞെടുക്കാറുളളത്‌. ഇത്തവണ പതിനഞ്ച്‌ പേരെ തെരഞ്ഞെടുത്തു എന്ന്‌ മാത്രമല്ല മൂന്ന്‌ സീമര്‍മാരെ മാത്രമാണ്‌ ഉള്‍പ്പെടുത്തിയത്‌. ടെസ്‌റ്റ്‌ ടീമില്‍ മൂന്നിലധികം സീമര്‍മാര്‍ നിര്‍ബന്ധമാണെന്ന്‌ നിലപാടുകാരനാണ്‌ ധോണി. മൂന്ന്‌ സ്‌പിന്നര്‍മാരെ ടീമിലെടുത്തത്തില്‍ അദ്ദേഹത്തിന്‌ നിരാശയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്‌. റിസര്‍വ്‌ വിക്കറ്റ്‌്‌ കീപ്പറില്ല.
അവസാന ടീം ഇതാണ്‌: എം.എസ്‌ ധോണി (നായകന്‍), വിരേന്ദര്‍ സേവാഗ്‌, ഗൗതം ഗംഭീര്‍, രാഹുല്‍ ദ്രാവിഡ്‌, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ്‌ ലക്ഷ്‌മണ്‍, യുവരാജ്‌ സിംഗ്‌, എം.വിജയ്‌, എസ്‌.ബദരീനാഥ്‌, ഹര്‍ഭജന്‍സിംഗ്‌, സഹീര്‍ഖാന്‍, ഇഷാന്ത്‌ ശര്‍മ്മ, ശ്രീശാന്ത്‌, പ്രഗ്യാന്‍ ഒജ, അമിത്‌ മിശ്ര.

വീണ്ടും തമിഴ്‌ സ്‌നേഹം
മുംബൈ: ഡല്‍ഹിക്കാരനായ ആശിഷ്‌ നെഹ്‌റയും മുംബൈക്കാരനായ മുനാഫ്‌ മൂസ്സ പട്ടേലും പുറത്താക്കപ്പെട്ടപ്പോള്‍ ശ്രീലങ്കക്കെതിരായ ടെസ്‌റ്റ്‌ പരമ്പരക്കുളള ഇന്ത്യന്‍ സംഘത്തില്‍ രണ്ട്‌ തമിഴ്‌നാട്‌ ബാറ്റ്‌സ്‌മാന്മാര്‍ ഇടം കണ്ടു. തമിഴ്‌നാട്ടുകാരനായ കൃഷ്‌ണമാചാരി ശ്രീകാന്തിന്റെ പിന്‍ബലത്തില്‍ എസ്‌.ബദരിനാഥ്‌, എസ്‌.വിജയ്‌ എന്നിവരാണ്‌ ടീമിലെത്തിയത്‌. രണ്ട്‌ പേര്‍ക്കും ആദ്യ ഇലവനില്‍ സ്ഥാനമുണ്ടാവില്ല എന്ന സത്യം നിലനില്‍ക്കുമ്പോള്‍ എന്തിനാണിവരെ ടീമിലെടുത്തത്‌ എന്ന ചോദ്യത്തിന്‌ സെലക്ടര്‍മാര്‍ക്ക്‌ ഉത്തരമില്ല. പതിനാല്‌ പേരെയാണ്‌ സാധാരണ ഗതിയില്‍ ആഭ്യന്തര ടെസ്റ്റ്‌ പരമ്പരക്കായി തെരഞ്ഞെടുക്കാറുള്ളത്‌. ഇത്തവണ പതിനഞ്ച്‌ പേരെയാണ്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌. ഇവരില്‍ പതിനഞ്ചാമന്‍ ബദരിനാഥാണ്‌. ഇന്ത്യന്‍ മധ്യനിര ബാറ്റിംഗ്‌ ലൈനപ്പില്‍ ആര്‍ക്കും അവസരമില്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്‌, വി.വി.എസ്‌ ലക്ഷ്‌മണ്‍, യുവരാജ്‌ സിംഗ്‌, ധോണി എന്നിവര്‍ കളിക്കുമ്പോള്‍ ബദരിനാഥിനോ വിജയിനോ സാധ്യതയില്ല. ഇവരാവട്ടെ ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിനായി കളിക്കുന്നവരാണ്‌. ഇന്ത്യന്‍ ടീമിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ രണ്ട്‌ പേര്‍ക്കും ആഭ്യന്തര ക്രിക്കറ്റും നഷ്ടമാവും. ബാറ്റിംഗ്‌ നിരയിലേക്ക്‌ യു.പി ക്കാരനായ സുരേഷ്‌ റൈനയും മുംബൈക്കാരന്‍ രോഹിത്‌ ശര്‍മ്മയുമെല്ലാം പ്രതീക്ഷയര്‍പ്പിച്ചിരുന്നു. ഇവരെയൊന്നും സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. ബൗളിംഗിലും സെലക്ഷനില്‍ അല്‍ഭുത നീക്കങ്ങളുണ്ടായി. മുനാഫ്‌ പട്ടേലും നെഹ്‌റയും ടീമില്‍ സ്ഥാനം ഉറപ്പിച്ചവരായിരുന്നു. ഇന്ത്യന്‍ നായകന്‍ എം.എസ്‌ ധോണി സീമര്‍മാരോട്‌ താല്‍പ്പര്യമുളളവരാണ്‌. ടെസ്‌റ്റ്‌ സംഘത്തില്‍ മൂന്നിലധികം സീമര്‍മാര്‍ വേണമെന്ന നിര്‍ബന്ധക്കാരനായ അദ്ദേഹത്തിന്‌ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്‌ മൂന്ന്‌ പേരെ മാത്രമാണ്‌. സഹീര്‍ഖാന്‍, ശ്രീശാന്ത്‌, ഇഷാന്ത്‌ ശര്‍മ്മ എന്നിവരില്‍ രണ്ട്‌ പേര്‍ക്ക്‌ അദ്ദേഹം അവസരം നല്‍കേണ്ടി വരും. നാല്‌ സീമര്‍മാര്‍ ഉണ്ടെങ്കില്‍ മൂന്ന്‌ പേര്‍ക്ക്‌ അവസരം നല്‍കാന്‍ ധോണിക്ക്‌ കഴിയുമായിരുന്നു.

ജബാറിന്‌ ലുക്കീമിയ
ലണ്ടന്‍: ബാസ്‌ക്കറ്റ്‌ബോള്‍ രംഗത്തെ ഇതിഹാസതാരമായ കരീം അബ്ദുള്‍ ജബാറിന്‌ ലുക്കീമിയ. 62 കാരനായ പരിശീലകന്‍ തന്നെയാണ്‌ ഈ കാര്യം വ്യക്തമാക്കിയത്‌. അപൂര്‍വ തരത്തിലുളള ലുക്കീമിയക്ക്‌ ചികില്‍സയിലാണിപ്പോള്‍ കരീം. എന്‍.ബി.എ ചരിത്രത്തില്‍ ഇപ്പോഴും കരീമിന്റെ റെക്കോര്‍ഡ്‌ മറികടക്കാന്‍ ആര്‍ക്കുമായിട്ടില്ല. 38, 387 പോയന്റാണ്‌ അദ്ദേഹം നേടിയിട്ടുള്ളത്‌. മില്‍വോക്‌ ബക്‌സിനും ലേക്കേഴ്‌സിനും വേണ്ടി ഇരുപത്‌ വര്‍ഷത്തോളം ബാസ്‌ക്കറ്റ്‌ബോള്‍ രംഗത്ത്‌ നിറഞ്ഞ്‌ നിന്ന കരീം ഇപ്പോള്‍ ലേക്കേഴ്‌സിന്റെ സഹ പരിശീലകനാണ്‌. 1975 മുതല്‍ ലേക്കേഴ്‌്‌സിന്റെ നിരയില്‍ കത്തിനിന്ന കരീം 1989 ല്‍ നാല്‍പ്പത്തിരണ്ട
ാമത്തെ വയസ്സിലാണ്‌ വിരമിച്ചത്‌. ആറ്‌ തവണ എന്‍.ബി.എ യിലെ ഏറ്റവും മികച്ച താരമായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. പത്തൊമ്പത്‌ തവണ അദ്ദേഹം എന്‍.ബി.എ ഓള്‍സ്‌റ്റാര്‍ ടീമിലെത്തുകയും ചെയ്‌തു. സ്വകാര്യ ജീവിതത്തെക്കുറിച്ച്‌ സംസാരിക്കാന്‍ താല്‍പ്പര്യമില്ലെങ്കിലും ക്യാന്‍സര്‍ അവബോധപ്രവര്‍ത്തനങ്ങള്‍ക്ക്‌ താന്‍ മുന്നിട്ടിറങ്ങുമെന്ന്‌ അദ്ദേഹം പറഞ്ഞു.
സ്‌പെയിന്‍, നൈജീരിയ സെമി
ആദിസ്‌ അബാബ: കരുത്തരായ സ്‌പെനിനും ആതിഥേയരായ നൈജീരിയയും ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ സെമി ഫൈനല്‍ ഉറപ്പാക്കി. ഇന്നലെ നടന്ന മല്‍സരങ്ങളില്‍ ഷൂട്ടൗട്ടിലേക്ക്‌ ദീര്‍ഘിച്ച മല്‍സരത്തില്‍ സ്‌പെയിന്‍ 4-2ന്‌ ഉറുഗ്വേയെ പരാജയപ്പെടുത്തിയപ്പോള്‍ നൈജീരിയ 3-1 ന്‌ ദക്ഷിണ കൊറിയയെ വീഴ്‌ത്തി. ലാഗോസില്‍ നാളെ നടക്കുന്ന ആദ്യ സെമിയില്‍ കൊളംബിയ സ്വിറ്റ്‌സര്‍ലാന്‍ഡിനെയും രണ്ടാം സെമിയില്‍ സ്‌പെയിന്‍ നൈജീരിയയെും നേരിടും.
റൈഡര്‍ ചുമതലയേറ്റു
കൊല്‍ക്കത്ത: ഈസ്‌റ്റ്‌ ബംഗാള്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി ബെല്‍ജിയം സ്വദേശി ഫിലിപ്പ്‌ റൈഡര്‍ ചുമതലയേറ്റു. സുഭാഷ്‌ ഭൗമിക്കിനെ പുറത്താക്കിയതിന്‌ ശേഷം നിയമിതനായ റൈഡര്‍ ഇന്നലെ ടീമിനൊപ്പം ചേര്‍ന്നു. എന്നാല്‍ നാളെ നടക്കുന്ന മല്‍സരത്തില്‍ അദ്ദേഹം ഗ്യാലറിയിലായിരിക്കും. ലാംജോംഗ്‌ എഫ്‌.സിക്കെതിരായ മല്‍സരത്തില്‍ തുഷാര്‍ രക്ഷിത്‌ എന്ന സഹ കോച്ച്‌ തന്നെയായിരിക്കും മൈതാനത്ത്‌. മുമ്പ്‌ ഈസ്റ്റ്‌ ബംഗാളിന്റെ പരിശീലകനായിരുന്നു റൈഡര്‍. ബൈജൂംഗ്‌ ബൂട്ടിയ ഉള്‍പ്പെടെ ഇന്ത്യന്‍ സംഘത്തിലെ പ്രമുഖരുടെ സേവനവും കരുത്തും താന്‍ ഉപയോഗപ്പെടുത്തുമെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

മധ്യപ്രദേശിന്‌ നല്ല തുടക്കം
ഇന്‍ഡോര്‍: കേരളത്തിനെതിരായ ചതുര്‍ദിന രജ്ഞി മല്‍സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്യുന്ന മധ്യപ്രദേശ്‌ മഴ കാരണം തടസ്സപ്പെട്ട ആദ്യ ദിനത്തില്‍ ഒരു വിക്കറ്റിന്‌ 134 റണ്‍സ്‌ സ്വന്തമാക്കി. 30 ഓവറുകള്‍ മാത്രമാണ്‌ ഇന്നലെ കളി നടന്നത്‌. മധ്യപ്രദേശിന്‌ വേണ്ടി മുന്‍ ഇന്ത്യന്‍ താരം റിഷികേഷ്‌ കനിത്‌കറും നമാന്‍ ഒജയും അര്‍ദ്ധശതകങ്ങള്‍ നേടി. ഒജ 61 റണ്‍സുമായും കനിത്‌കര്‍ 56 റണ്‍സുമായും കളത്തിലുണ്ട്‌. രണ്ടാം വിക്കറ്റില്‍ ഇതിനകം 120 റണ്‍സ്‌ ഇവര്‍ നേടിയിട്ടുണ്ട്‌.
ഇര്‍ഫാന്‍ ബാറ്റിംഗ്‌
കൊല്‍ക്കത്ത: ബംഗാളിനെതിരായ രഞ്‌ജി മല്‍സരത്തില്‍ നായകന്‍ ഇര്‍ഫാന്‍ പത്താന്റെ ബാറ്റിംഗ്‌ മികവില്‍ ബറോഡ പൊരുതുന്നു. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ബറോഡ ആറ്‌ വിക്കറ്റിന്‌ 219 റണ്‍സ്‌ സ്വന്തമാക്കിയിട്ടുണ്ട്‌. 42 റണ്‍സുമായി ഇര്‍ഫാനും 41 റണ്‍സുമായി പി.ആര്‍ ഷായും ക്രീസിലുണ്ട്‌. യൂസഫ്‌ പത്താന്‍ 29 റണ്‍സുമായി പുറത്തായി. സൗരവ്‌ ഗാംഗുലിയുടെ ബംഗാളിന്‌ വേണ്ടി എസ്‌.എസ്‌ സര്‍ക്കാര്‍, ലക്ഷ്‌മി രത്തന്‍ ശുക്ല എന്നിവര്‍ രണ്ട്‌ വീതം വിക്കറ്റുകള്‍ നേടി.
ഏഷ്യന്‍ ഗ്രാന്‍ഡ്‌ പ്രി പൂനെയില്‍
പൂനെ: ഏഷ്യന്‍ അത്‌ലറ്റിക്‌ അസോസിയേഷന്റെ തലവനായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിന്‌ പിറകെ സുരേഷ്‌ കല്‍മാഡിയുടെ വക സ്വന്തം നാടായ പൂനെക്ക്‌ ഏഷ്യന്‍ ഗ്രാന്‍ഡ്‌ പ്രീ അത്‌ലറ്റിക്‌ മീറ്റ്‌. അടുത്ത വര്‍ഷം ജൂണ്‍ അഞ്ചിനായിരിക്കും മീറ്റ്‌. ഏഷ്യന്‍ കായിക ലോകം തന്നില്‍ വിശ്വാസമര്‍പ്പിച്ചതിലും ഇന്ത്യയെ പ്രധാന വേദിയായി നോക്കി കാണുന്നതിലും കല്‍മാഡി സന്തോഷം പ്രകടിപ്പിച്ചു.

ഇന്ന്‌ വാട്ട്‌്‌സണും മിച്ചലുമില്ല
മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ അപ്രസക്തമായ അവസാന മല്‍സരം ഇന്നിവിടെ നടക്കും. പകല്‍ രാത്രി മല്‍സരത്തില്‍ ഓസീസ്‌ രണ്ടാം നിരയെയാണ്‌ കളിപ്പിക്കുന്നത്‌. തിരക്കേറിയ സീസണ്‍ മുന്‍നിര്‍ത്തി ഷെയിന്‍ വാട്ട്‌സണ്‍, മിച്ചല്‍ ജോണ്‍സണ്‍ എന്നിവര്‍ നാട്ടിലേക്ക്‌ മടങ്ങിയ സാഹചര്യത്തില്‍ റിക്കി പോണ്ടിംഗിന്റെ സംഘത്തില്‍ യുവതാരങ്ങള്‍ക്കാണ്‌ പ്രാമുഖ്യം. പരമ്പര 4-2ന്‌ ഇതിനകം ഓസീസ്‌ സ്വന്തമാക്കിയിട്ടുണ്ട്‌. തുടര്‍ച്ചയായി മൂന്ന്‌ മല്‍സരങ്ങളില്‍ തകര്‍ന്ന ഇന്ത്യക്ക്‌ ഇന്ന്‌ അഭിമാനപോരാട്ടമാണ്‌. പരമ്പര നഷ്ടമായെങ്കിലും ശ്രീലങ്കക്കെതിരായ പരമ്പരക്ക്‌ ഒരുങ്ങാനുളള സമയമാണിത്‌. ഇന്ത്യന്‍ സംഘത്തില്‍ സുദിപ്‌ ത്യാഗി, അമിത്‌ മിശ്ര എന്നിവര്‍ കളിക്കുമെന്ന്‌ നായകന്‍ എം.എസ്‌ ധോണി അറിയിച്ചു. രവിന്ദു ജഡേജ, വിരാത്‌ കോഹ്‌ലി എന്നിവരായിരിക്കും പുറത്താവുക. 55,000 പേര്‍ക്ക്‌ ഇരിപ്പിടമുള്ള ഡി.വൈ പാട്ടില്‍ സ്റ്റേഡിയത്തിലെ പോരാട്ടത്തിന്‌ ഭീഷണിയായി മഴയുണ്ട്‌. കളി തല്‍സമയം ദൂരദര്‍ശനിലും നിയോ സ്‌പോര്‍ട്‌സിലും ഉച്ചതിരിഞ്ഞ്‌ 2-30 മുതല്‍.

2 comments:

പിപഠിഷു | harikrishnan said...

ശ്രീ ശാന്തിനുള്ള കത്തു നന്നായി! ആ പയ്യനിൽ ചുമ്മാ ചെയ്യുന്നതെല്ലാം തെറ്റ് എന്നു പരയ്ന്നവരെ പോലെ ആയില്ലല്ലൊ...! :)

ക്രിസ് ശ്രീകാന്തിനു അങനെ ഒരു മനൊ ഭാവം ഉണ്ടൊ?... അവർ 2 പേർക്കും കളിക്കാൻ സാധിക്കില്ല എന്നു ഉറപ്പുണ്ടായിട്ടും അവരെ എടുത്തു എങ്കിൽ അതു അവരുടെ സേവനം കിട്ടാതെ തമിൾനാടു റ്റീമിനല്ലെ ദോഷം ചെയ്യുക...? അപ്പൊ അതു ശ്രീകാന്തിന്റെ മാത്രം തീരുമാനം ആവില്ലല്ലോ... അല്ലേ?

പിന്നെ T20 ലോകകപ്പിനു എക്ഷ്റ്റ്രാ കീപെർ ആയി കാർതികിനു വേണ്ടി വാദിച്ചതും ധോനി അല്ലെ? ശ്രീകാന്ത് കാർതികിനെ സെലെക്‍റ്റ് ചെയ്തിരുന്നില്ലല്ലൊ? വേറെ ആ റ്റീമിൽ തമിൾനാട്കാർ ആരും ഇല്ലായിരുന്നു എന്നാനു എന്റെ ഓർമ. അറിയില്ല!

Afaiq said...

Mr Kamal Varadoor,,i think this letter will motivate Sresanth,,bcz its nt jus a letter of criticism u hacv given him a warning,,moreover it will wrk as a motivational factor 4 him if he really want 2 improve himself.
grt job,,keep goin
regrdzz