അന്നും.... ഇന്നും
മുംബൈ: സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍ നാളെ ചരിത്രത്തിലേക്ക് നടന്നുകയറുകയാണ്... രാജ്യാന്തര ക്രിക്കറ്റില്‍ ഇരുപത് മഹത്തായ വര്‍ഷങ്ങള്‍ നാളെ പൂര്‍ത്തിയാക്കുന്നു ഇന്ത്യയുടെ ഒരേ ഒരു സച്ചിന്‍. 1989 നവംബര്‍ 19ന് പാക്കിസ്‌താന്റെ തുറമുഖ നഗരമായ കറാച്ചിയില്‍ ഇമ്രാന്‍ഖാനും വസീം അക്രവും വഖാര്‍ യൂനസുമെല്ലാം അണിനിരന്ന പാക് പടക്ക് മുന്നില്‍ വെളുത്ത ഹെല്‍മറ്റും പൊടി മീശയും ചുണ്ടില്‍ അല്‍പ്പം ലിപ്‌സ്റ്റിക്കുമായി കളിച്ച ആ കൊച്ചു പയ്യനില്‍ നിന്നും സച്ചിന്‍ വളര്‍ന്നു വലുതായിരിക്കുന്നു. പാക് പേസ് പടയുടെ പന്തുകളോട് സമരം പ്രഖ്യാപിച്ച് തുടങ്ങിയ ഇന്റര്‍നാഷണല്‍ കരിയിര്‍ ഇരുപത് വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ സച്ചിന്റെ പേരിലാണ് ക്രിക്കറ്റ് ലോകത്തെ ബാറ്റിംഗ് റെക്കോര്‍ഡുകളെല്ലാം. ഇരുപത് വര്‍ഷത്തെ കരിയറിന്റെ നിറവില്‍ സച്ചിന്‍ മനസ്സ് തുറക്കുകയാണിവിടെ:
ആ അരങ്ങേറ്റ നാളുകള്‍ ഇന്നും മറക്കാന്‍ കഴിയില്ല. പതിനഞ്ചാം വയസ്സില്‍ ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റ്. തുടരെ സെഞ്ച്വറികള്‍. ഇറാനി ട്രോഫിയിലും മികവ്. അങ്ങനെ ദേശീയ ടീമില്‍. ഒപ്പം കപില്‍ദേവും ഗവാസ്‌ക്കറുമെല്ലാം. പഴയ നാളുകളിലേക്ക് മനസ്സ് സഞ്ചരിച്ചാല്‍....
ഒന്നും മറക്കാന്‍ എനിക്കാവില്ല. വലിയ സ്വപ്‌നമായിരുന്നു ഇന്ത്യയുടെ ക്യാപ്പ് അണിയുക എന്നത്. ഇന്ത്യക്കായി കളിക്കുന്നത് എന്നും ഞാന്‍ സ്വപ്‌നം കണ്ടിട്ടുണ്ട്. ആ സ്വപ്‌നമാണ് കറാച്ചിയില്‍ സത്യമായത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ അന്ന് വിഖ്യാതരായ താരങ്ങള്‍ പലരുമുണ്ട്. ദിലീപ് വെംഗ്‌സാര്‍ക്കര്‍ക്ക് കിഴിലാണ് ഞാന്‍ രജ്ഞി മല്‍സരങ്ങളില്‍ മുംബൈക്കായി കളിച്ചത്. കപില്‍ പാജിയും രവിശാസ്‌ത്രിയും അസ്‌ഹറും സണ്ണിയുമെല്ലാമുളള സംഘത്തിന്റെ നായകന്‍ ശ്രീകാന്തായിരുന്നു. ഇന്ത്യക്കായി കളിക്കുക എന്ന സ്വപ്‌നം സത്യമായ ദിവസം, സത്യം പറയാം ഞാന്‍ ആകാശത്തായിരുന്നു. പതുക്കെ കറാച്ചിയിലെ നാഷണല്‍ സ്‌റ്റേഡിയത്തിലേക്ക് വെളുത്ത വസ്‌ത്രത്തില്‍ ഇറങ്ങിയത് ഇപ്പോഴും മനസ്സിലുണ്ട്. ഒരിക്കലും എളുപ്പമായിരുന്നില്ല ആ പര്യടനം. പാക്കിസ്‌താന്‍ ടീമില്‍ ശക്തരുണ്ടായിരുന്നു. ഇന്ത്യ-പാക്കിസ്‌താന്‍ മല്‍സരങ്ങളെന്ന് വെച്ചാല്‍ അത് ഇതിലുമേറെ ശൗര്യമുള്ളതായിരുന്നു. 45 ദിവസമാണ് ആ പരമ്പരയില്‍ പാക്കിസ്‌താനില്‍ തങ്ങിയത്. പലപ്പോഴും എനിക്ക് തന്നെ വിശ്വസിക്കാന്‍ പ്രയാസമായ കാര്യങ്ങളായിരുന്നു പലതും. ദിവസവും മല്‍സരങ്ങള്‍, ആഘോഷങ്ങള്‍.
1989 ല്‍ നിന്നും 2009 ലേക്ക് വരുമ്പോള്‍ ക്രിക്കറ്റില്‍ പലതും മാറിയിരിക്കുന്നു. അരങ്ങേറ്റ സമയത്ത് താങ്കള്‍ക്കൊപ്പമുണ്ടായിരുന്ന പലരും ഇപ്പോള്‍ വിരമിച്ചിരിക്കുന്നു.
1989 ല്‍ നിന്നും കാര്യങ്ങള്‍ ആകെ മാറിയിരിക്കുന്നു. ഏറ്റവും വലിയ മാറ്റം 20-20 ക്രിക്കറ്റാണ്. ടെലിവിഷന്‍ അമ്പയര്‍മാരും അതിവേഗ ക്രിക്കറ്റുമെല്ലാം വന്നു. 20-20 ക്രിക്കറ്റ് വ്യാപകമായതോടെ ബാറ്റ്‌സ്‌മാന്റെ സമീപനത്തില്‍ തന്നെ മാറ്റം വന്നു. ടെസ്‌റ്റ് ക്രിക്കറ്റാണ് വര്‍ദ്ധിക്കേണ്ടത്. ഒരു ബാറ്റ്‌സ്‌മാനായാലും ബൗളറായാലും അയാള്‍ ശരിക്കും പരീക്ഷിക്കപ്പെടുന്നത് ടെസ്റ്റ് മല്‍സരങ്ങളിലാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ശൈലിയില്‍ ഏകദിനങ്ങളില്‍ കളിക്കാന്‍ കഴിയില്ല. ഏകദിന ശൈലിയില്‍ 20-20 യില്‍ കളിക്കാനാവുന്നില്ല. ബാറ്റ്‌സ്‌മാന്മാര്‍ എല്ലാ പരീക്ഷണങ്ങളും നടത്തുകയാണിപ്പോള്‍. ഞാന്‍ എന്നും ഒരേ ശൈലിക്കാരനായിരുന്നില്ല. ക്രിക്കറ്റിലെ മാറ്റങ്ങള്‍ ഉള്‍കൊണ്ട് ബാറ്റിംഗ് ശൈലിയിലും മാറ്റം വരുത്തിയിട്ടുണ്ട്. പരിശീലനമാണ് എന്റെ പ്രധാന കളരി. എത്ര വര്‍ഷം ക്രിക്കറ്റ് കളിച്ചാലും പരീശീലനം തുടരണം. ഓരോ ദിവസത്തെ പരിശീലനവും നല്‍കുന്നത് പുതിയ ഊര്‍ജ്ജമാണ്.
വലിയ ഈ ഇന്നിംഗ്‌സില്‍ സഹായങ്ങളുമായി പലരുമുണ്ടാവും. ഒരു ക്രിക്കറ്റര്‍ക്ക് മല്‍സരക്കളത്തില്‍ അര്‍പ്പണബോധത്തില്‍ കളിക്കണമെങ്കില്‍ മനസ്സ് ശാന്തമായിരിക്കണം. എന്താണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ബാറ്റ്‌സ്‌മാന്റെ മാനസിക ശാന്തതക്ക് കാരണം
കഠിനാദ്ധ്വാനമാണ് പ്രധാനം. പരിശീലനത്തില്‍ മാത്രമല്ല സമീപനത്തിലും കളത്തിലുമെല്ലാം കഠിനമായി അദ്ധ്വാനിക്കണം. ഒരു നേട്ടവും എളുപ്പത്തില്‍ സ്വന്തമാക്കാന്‍ കഴിയില്ല. ഏത് സ്‌പോര്‍ട്‌സ് താരങ്ങളും പിന്തുടരേണ്ട ചില സത്യങ്ങളുണ്ട്. എന്റെ കാര്യത്തില്‍ കുടംുബമാണ് എന്റെ സ്വത്ത്. അമ്മ എനിക്ക്‌് നല്ല ഭക്ഷണം നല്‍കിയിരുന്നു. പിതാവ് എല്ലാ പിന്തുണയും നല്‍കി. സഹോദരനായിരുന്നു എന്റെ പ്രചോദനം. എന്റെ കുടുംബത്തയാണ് ഞാന്‍ ആദ്യം പ്രതിനിധീകരിക്കുന്നത്. ഭാര്യ അഞ്‌ജലിയും മക്കളായ സൈറയും അര്‍ജനും, എല്ലാവരും വളരെ സപ്പോര്‍ട്ടീവാണ്. കുടുംബത്തിന്റെ പിന്തുണ ലഭിക്കാതെ കൂടുതല്‍ സമയം കളിക്കാന്‍ കഴിയില്ല. ഓരോ ഇന്നിംഗ്‌സിലും കൂടുതല്‍ സമയം പിടിച്ചുനിന്ന് കളിക്കാനാണ് ഞാന്‍ ശ്രമിക്കാറുളളത്. എന്നും ലാളിത്യമാണ് എന്റെ വഴി. ഒരിക്കലും ലാളിത്യം ഞാന്‍ അഭിനയിക്കുന്നില്ല. എന്റെ കുടംുബത്തിലെ ആരും സച്ചിന്റെ ബന്ധു എന്ന തരത്തില്‍ മതി മറക്കുന്നില്ല. എപ്പോഴും എന്റെ കാല്‍പാദങ്ങള്‍ നിലത്ത് തന്നെയാണെന്ന് ഞാന്‍ മാത്രമല്ല എന്റെ കുടുംബവും ഉറപ്പ്‌വരുത്താറുണ്ട്. എന്റെ ബാറ്റിംഗിനെക്കുറിച്ച് വ്യക്തമായ കാഴ്‌ച്ചപ്പാട് ഉള്ളത് സഹോദരന്‍ അജിതിനാണ്. അദ്ദേഹത്തിലുടെയാണ് ബാറ്റിംഗ് ഞാന്‍ പഠിച്ചത്. സുനില്‍ ഗവാസ്‌ക്കര്‍, രവിശാസ്‌ത്രി എന്നിവരുടെ ഉപദേശവും ആദ്യകാലത്ത് തേടിയിരുന്നു. എല്ലാവരുടെ പിന്തുണയും ദൈവത്തിന്റെ അനുഗ്രഹവര്‍ഷവുമാണ് എന്നെ മികച്ച ക്രിക്കറ്ററാക്കിയത്. ഓസ്‌ട്രേലിയയില്‍ വെച്ച് ഡേവിഡ് ബൂണിന്റെ ഉപദേശം തേടിയിരുന്നു. 91 ലാണ് ബൂണിനെ കണ്ടത്. വിന്‍ഡീസ് സീമര്‍മാരെ അത് വരെ നേരിട്ടിരുന്നില്ല. ഓസ്‌ട്രേലിയയും ഇന്ത്യയും വിന്‍ഡീസും കളിക്കുന്ന ത്രിരാഷ്‌ട്ര പരമ്പരയില്‍ കളിക്കുന്നതിന് മുമ്പ് വിന്‍ഡീസ് സീമര്‍മാരെക്കുറിച്ചുളള ബൂണിന്റെ ഉപദേശങ്ങള്‍ സഹായകമാവുകയും ചെയ്‌തു.
സച്ചിന്‍ എന്നും മാന്യനായ ക്രിക്കറ്ററാണ്. ആക്രമണകാരിയായ ബാറ്റ്‌സ്‌മാനാവുമ്പോഴും കളിക്കളത്തില്‍ ശാന്തനാണ് സച്ചിന്‍. ഇതാണോ വിജയരഹസ്യം
ആക്രമണാത്മകത നല്ലതാണ്. പക്ഷേ അത് പുറത്തുകാണിക്കരുത്. അകത്ത് സൂക്ഷിക്കണം. ആക്രമണ തല്‍പ്പരത അകത്ത് സൂക്ഷിച്ചാല്‍ അത് മികച്ച പ്രകടനത്തിന് സഹായകമാവും. അതേസമയം ആക്രമണം പുറത്തു കാണിച്ചാല്‍ അത് എതിരാളികളെ സഹായിക്കും.
ക്യാപ്‌റ്റന്‍സി സച്ചിന്‍ കാര്യമായി ആസ്വദിച്ചിട്ടില്ല. നിരവധി നായകര്‍ക്ക് കീഴില്‍ സച്ചിന്‍ കളിച്ചിട്ടുണ്ട്. ടീമിനെ നയിക്കുക ഭാരമാണോ...
ഭാരമല്ല-പക്ഷേ കരുത്ത് വേണം. എനിക്ക് നായകനാവുന്നതിനോട് വിരോധമില്ല. പക്ഷേ ഒരു ബാറ്റ്‌സ്‌മാനായി കളിക്കുമ്പോള്‍ തന്നെ സമ്മര്‍ദ്ദമുണ്ട്. ക്യാപ്‌റ്റന്‍സി കൂടിയാവുമ്പോള്‍ സമ്മര്‍ദ്ദം ഇരട്ടിക്കും. ഏത് ക്യാപ്‌റ്റന്മാര്‍ക്ക് കീഴില്‍ കളിക്കാനും ഒരുക്കമാണ്.
ഷെയിന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍-ലോക ക്രിക്കറ്റിലെ കരുത്തരായ രണ്ട് സ്‌പിന്നര്‍മാര്‍. ഇവരില്‍ ആരെ നേരിടുമ്പോഴാണ് കൂടുതല്‍ വിഷമം തോന്നിയത്
രണ്ട് പേരും നല്ല ബൗളര്‍മാരാണ്. വോണിനെ നേരിടാന്‍ ഞാന്‍ പ്രത്യേക പരിശീലനം തേടിയിരുന്നു. എന്റെ സഹതാരങ്ങളോട് ലെഗ് സ്‌പിന്‍ എറിയാന്‍ ആവശ്യപ്പെടാറുണ്ടായിരുന്നു. റൗണ്ട് ദ വിക്കറ്റില്‍ ലെഗ് സ്റ്റംമ്പിലേക്ക് പന്തെറിഞ്ഞാണ് ഞാന്‍ വോണിനെ നേരിടാന്‍ പഠിച്ചത്. വോണും മുരളിയും ബാറ്റ്‌സ്‌മാനെ മനോഹരമായി പഠിക്കുന്നവരാണ്. ഇവരില്‍ രണ്ട് പേരില്‍ ഒന്നാമന്‍ ആരാണെന്ന ചോദ്യത്തില്‍ പ്രസക്തിയില്ല. ലോക ക്രിക്കറ്റില്‍ 500-600 വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ഏത് ബൗളറും മിടുക്കനാണ്. എല്ലാ ബൗളര്‍മാരെയും ഞാന്‍ ബഹുമാനിക്കാറുണ്ട്. എല്ലാവരും മിടുക്കരാണ്. തുടക്കത്തില്‍ ഞാന്‍ എല്ലാ പന്തുകളും ആക്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് മനസ്സിലായി സെലക്ടിവാകണമെന്ന്.
ഇപ്പോള്‍ ലോക ക്രിക്കറ്റില്‍ 20 വര്‍ഷമാവുന്നു. നിരവധി മുഹൂര്‍ത്തങ്ങള്‍. ഹിറോ കപ്പിലെ അവസാന ഓവര്‍ മാസ്‌മരികത, ഷാര്‍ജയിലെ മിന്നല്‍ പ്രകടനങ്ങള്‍, ചെന്നൈയില്‍ പാക്കിസ്‌താനെതിരെ നടത്തിയ ആ ചരിത്ര പ്രകടനം, ഓസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍ നടത്തിയ പ്രകടനങ്ങള്‍.....ഒരിക്കലും മറക്കാനാവാത്ത നിമിഷം
എന്റെ ആദ്യ പരമ്പര. പാക്കിസ്‌താനാണ് എതിരാളികള്‍. കരിയറിലെ മറക്കാനാവാത്ത നിമിഷങ്ങള്‍ പാക്കിസ്‌താനിലാണ്. സിയാല്‍ക്കോട്ട് ടെസ്‌റ്റില്‍ വഖാര്‍ യൂനസിന്റെ പന്ത് മുക്കില്‍ തട്ടിയപ്പോള്‍ എല്ലാവരും ഓടി വന്നു. പക്ഷേ പിന്തിരിഞ്ഞോടാന്‍ എനിക്ക് കഴിയുമായിരുന്നില്ല. പാക്കിസ്‌താന്‍ പര്യടനത്തിന് മുമ്പായിരുന്നു വിന്‍ഡീസ് പര്യടനം. ഈ സംഘത്തില്‍ ഞാനുണ്ടാവുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാല്‍ അന്നത്തെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ രാജു ഭായി (രാജ്‌സിംഗ് ദുംഗാര്‍പ്പൂര്‍) എന്റെ പഠനത്തിനാണ് മുന്‍ഗണന നല്‍കിയത്. ഡല്‍ഹിക്കെതിരെ രജ്ഞി സെമി കളിക്കുമ്പോള്‍ രാജ് ഭായി എന്റെ അരികിലെത്തി പത്താം ക്ലാസ് പരീക്ഷ പൂര്‍ത്തിയാക്കാന്‍ പറഞ്ഞു. അങ്ങനെയാണ് വിന്‍ഡീസ് പര്യടനം നഷ്ടമായത്. 2003 ലെ ലോകകപ്പില്‍ പാക്കിസ്‌താനെതിരെ നടത്തിയ പ്രകടനവും മറക്കാന്‍ കഴിയില്ല.
പന്തയ വിവാദം ലോക ക്രിക്കറ്റിനെ ബാധിച്ച സന്ദര്‍ഭത്തില്‍ മൈതാനങ്ങളിലേക്ക് പ്രേക്ഷകരെ കൊണ്ടുവരാന്‍ താങ്കള്‍ നടത്തിയ ശ്രമം
പന്തയ വിവാദം-അത് ലോക ക്രിക്കറ്റിലെ കറുത്ത അദ്ധ്യായമായിരുന്നു. ഒരിക്കലും ഞാന്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കാത്ത വിഷയമാണത്. ആ ദുരന്തത്തിന് ശേഷമാണ് ഇന്ത്യ-ാേസ്‌ട്രേലിയ പരമ്പര വന്നത്. ഈ പരമ്പരയാണ് കാണികളെ വീണ്ടും മൈതാനത്ത് എത്തിച്ചത്.
കരിയറിലെ വേദനകള്‍
പലതുമുണ്ട്‌്. 2003 ലെ ലോകകപ്പിന് മുമ്പാണ് പിതാവിനെ നഷ്‌ടമായത്. വലിയ വേദനയായിരുന്നു അത്. വ്യക്തിഗതമായ പല റെക്കോര്‍ഡുകള്‍ സ്വന്തമാക്കാന്‍ കഴിയുമ്പോഴും ചിലപ്പോള്‍ ടീം പതറും. അത് നല്‍കുന്നത് വേദനയാണ്. ആദ്യവസാനം ഞാന്‍ ഒരു ഇന്ത്യക്കാരനാണ്. ഇന്ത്യയാണ് വിജയിക്കേണ്ടത്. വ്യക്തിഗത നേട്ടങ്ങള്‍ ടീമിന്റെ നേട്ടത്തില്‍ മാത്രമാണ് പ്രസക്തമാവുന്നത്. 2003 ലെ ലോകകപ്പ് ഫൈനലില്‍ ടീമെത്തി. പക്ഷേ പരാജയപ്പെട്ടു. ടെന്നിസ് എല്‍ബോ പരുക്ക് വന്നപ്പോള്‍ കളിക്കാന്‍ കഴിയാതെ വരുമെന്ന് തോന്നി. പക്ഷേ എല്ലാ സന്ദര്‍ഭങ്ങളിലും ദൈവം എനിക്കൊപ്പമായിരുന്നു.
ഇന്ന് പ്ലേ ഓഫ്
ലണ്ടന്‍: ഇന്ന് പ്ലേ ഓഫ് ദിനം..... ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കാന്‍ കൊതിക്കുന്ന യൂറോപ്പിലെ എട്ട് പ്രബലര്‍, ഏഷ്യയിലെ അഞ്ചാം സ്ഥാനക്കാരായ ബഹറൈനും ഓഷ്യാനയിലെ ഒന്നാമന്മാരായ ന്യൂസിലാന്‍ഡും, കോണ്‍കാഫിലെ നാലാം സ്ഥാനക്കാരായ കോസ്‌റ്റാറിക്കയും ലാറ്റിനമേരിക്കയിലെ അഞ്ചാം സ്ഥാനക്കാരായ ഉറുഗ്വേയും-പ്ലേ ഓഫിന്റെ ആരവങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. ഇന്ന് ആദ്യ പാദമാണ്. രണ്ടാം പാദം 18 നും. ആഫ്രിക്കയിലും ഇന്ന് ലോകകപ്പ് ആരവമുണ്ട്.
യൂറോപ്പിലാണ് തീ പാറുന്നത്. ഒമ്പത് ടീമുകള്‍ ഇതിനകം യൂറോപ്പില്‍ നിന്ന് ടിക്കറ്റ് നേടിയിട്ടുണ്ട്. ലോക ചാമ്പ്യന്മാരായ ഇറ്റലി, യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍, ഇംഗ്ലണ്ട്, ജര്‍മനി, ഡെന്മാര്‍ക്ക്, ഹോളണ്ട്‌്, സ്ലോവാക്യ, സെര്‍ബിയ,സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവര്‍ക്കൊപ്പം വന്‍കരയെ അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ പ്രതിനിധീകരിക്കാന്‍ കൊതിക്കുന്നവരുടെ സംഘത്തില്‍ ലോകോത്തര താരങ്ങളും ടീമുകളുമുണ്ട്.
ഫ്രാന്‍സ്-അയര്‍ലാന്‍ഡ്
ഫ്രാന്‍സും റിപ്പബ്ലിക് ഓഫ് അയര്‍ലാന്‍ഡും തമ്മിലാണ് പ്രധാന മല്‍സരം. 1998 ല്‍ ലോകകപ്പ് സ്വന്തമാക്കിയവരാണ് ഫ്രാന്‍സ്. കഴിഞ്ഞ തവണ ജര്‍മനിയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയവരും അവര്‍ തന്നെ. പക്ഷേ സൈനുദ്ദിന്‍ സിദാന്‍ എന്ന മാസ്‌മരിക താരം കളം വിട്ടതോടെ തപ്പിതടയുന്ന ഫ്രാന്‍സിന് ഇത്തവണ യോഗ്യതാ ഘട്ടത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അത് കൊണ്ടാണവര്‍ പ്ലേ ഓഫിലേക്ക് തരം താഴ്‌ത്തപ്പെട്ടത്. ടീം പട്ടികയില്‍ കരുത്തരുണ്ട്. നായകന്‍ തിയറി ഹെന്‍്‌ട്രി സ്‌പെയിനില്‍ ബാര്‍സിലോണക്കായി കളിക്കുന്നു. കരീം ബെന്‍സാമ റയല്‍ മാഡ്രിഡിന്റെ താരം, വില്ല്യം ഗല്ലാസ് ചെല്‍സിക്കായി കളിക്കുന്നു-പക്ഷേ ടീമെന്ന നിലയില്‍ ഇന്ന് കരുത്ത് പ്രകടിപ്പിക്കാന്‍ കഴിയാത്തപക്ഷം ഫ്രാന്‍സിന് കാര്യങ്ങള്‍ എളുപ്പമാവില്ല. ഡുബ്ലിനിലെ ലോകകപ്പ് സ്‌റ്റേഡിയത്തില്‍ 77,000 ത്തോളം ഐറിഷ് കാണികള്‍ സ്വന്തം ടീമിനെ പിന്തുണക്കാനുണ്ടാവും. ഗ്രൂപ്പ് എട്ടില്‍ നടന്ന യോഗ്യതാ മല്‍സരങ്ങളിലൊന്നും തോല്‍ക്കാത്തവരാണ് അയര്‍ലാന്‍ഡ്. നാല് വിജയങ്ങളും ആറ് സമനിലകളുമാണ് അവരുടെ സമ്പാദ്യം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന താരങ്ങളാണ് ടീമിന്റെ കരുത്ത്. ഫ്രാന്‍സിന് ഗ്രൂപ്പ് ഏഴില്‍ നിന്ന് ആറ് വിജയങ്ങളും മൂന്ന് സമനിലകളുമാണ് സമ്പാദിക്കാന്‍ കഴിഞ്ഞത്. ഇതിന് മുമ്പ് 28 തവണ ഇവര്‍ മുഖാമുഖം വന്നിട്ടുണ്ട്. ഇതില്‍ കൂടുതല്‍ വിജയം ഫ്രാന്‍സിനായിരുന്നു. കഴിഞ്ഞ ലോകകപ്പിനുളള യോഗ്യതാ മല്‍സരങ്ങളില്‍ ഫ്രാന്‍സ് ഏക ഗോളിന് അയര്‍ലാന്‍ഡിനെ തോല്‍പ്പിച്ചിട്ടുമുണ്ട്. ഗോള്‍ക്കീപ്പര്‍ ഷേ ഗിവണ്‍, ഡിഫന്‍ഡര്‍ റിച്ചാര്‍ഡ് ചുനെ, വിംഗര്‍ ഡാമിയന്‍ ഡഫ്, ക്യാപ്‌റ്റന്‍ റോബി കിയാന്‍ എന്നിവരാണ് ഐറിഷ് സംഘത്തിലെ പ്രബലര്‍. രാജ്യത്തിന് വേണ്ടി 115 മല്‍സരങ്ങളില്‍ നിന്നായി 51 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌ത ഹെന്‍ട്രിയും കരീം ബെന്‍സാമയുമാണ് ഫ്രാന്‍സിന്റെ തുരുപ്പുചീട്ടുകള്‍. ജിയോവനി ട്രപ്പറ്റോണി എന്ന ഇറ്റലിക്കാരനാണ് ഐറിഷുകാരെ പരിശീലിപ്പിക്കുന്നതെങ്കില്‍ ഫ്രാന്‍സിന്റെ പിന്‍ബലം റെയ്‌മോണ്ട് ഡൊമന്‍ച്ചെയാണ്.
പോര്‍ച്ചുഗല്‍-ബോസ്‌നിയ
ലോകകപ്പ് ഫൈനല്‍ റൗണ്ടിന് നേരിട്ട് യോഗ്യത നേടുമെന്ന് കരുതപ്പെട്ടവരാണ് പോര്‍ച്ചുഗല്‍. പക്ഷേ അവര്‍ തപ്പിതടഞ്ഞു. സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ സേവനം ടീമിന് ലഭിച്ചില്ല. ഇന്നും റൊണാള്‍ഡോ ഇല്ല. യൂറോപ്യന്‍ ഗ്രൂപ്പ് ഒന്നില്‍ പോര്‍ച്ചുഗല്‍ സ്വീഡനെ പിന്തള്ളി രണ്ടാം സ്ഥാനത്ത് വന്നത് അവസാന ഘട്ടത്തിലായിരുന്നു. ബോസ്‌നിയയാവട്ടെ തകര്‍പ്പന്‍ പ്രകടനം നടത്തി മുന്നേറി വന്നവരാണ്. ഡിഫന്‍ഡര്‍ റിക്കാര്‍ഡോ കാര്‍വാലോ, മിഡ്‌ഫില്‍ഡര്‍ ഡെക്കോ, പുതിയ മുന്‍നിരക്കാരന്‍ ലിഡ്‌സണ്‍ എന്നിവരാണ് പറങ്കിപ്പടയിലെ പ്രമുഖര്‍. എഡിന്‍ സിസ്‌ക്കോയെന്ന അപകടകാരിയുണ്ട് ബോസ്‌നിയക്ക്. 74 കാരനായ മിറോസ്ലാവ് ബ്ലാസെവിച്ചാണ് ബോസ്‌നിയന്‍ ടീമിനെ പരിശീലിപ്പിക്കുന്നത്. പോര്‍ച്ചുഗല്‍ സംഘത്തെ കാര്‍ലോസ് ക്വിറസും.
ഗ്രീസ്-ഉക്രൈന്‍
യോഗ്യതാ മല്‍സരങ്ങളില്‍ തപ്പിതടഞ്ഞവരാണ് ഗ്രീസ്. രണ്ട് തവണ അവര്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനോട് തോറ്റു. മോള്‍ദോവക്ക് മുന്നില്‍ സമനില വഴങ്ങി. മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാര്‍ പക്ഷേ അവസാനത്തില്‍ തിരിച്ചുവന്നാണ് പ്ലേ ഓഫിന് ടിക്കറ്റ് നേടിയത്. ഉക്രൈനാവട്ടെ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചവരാണ്. ഗ്രൂപ്പ് ആറില്‍ ആറ് വിജയങ്ങളും മൂന്ന് സമനിലകളും സ്വന്തമാക്കിയ ഉക്രൈനുകാരുടെ നിരയില്‍ ആന്ദ്രെ ഷെവ്‌ചെങ്കോ എന്ന സൂപ്പര്‍ താരമുണ്ട്. 37 കാരനായ ഗോള്‍ക്കീപ്പര്‍ നിക്കോ പോളിഡിസാണ് ഗ്രീസിനെ നയിക്കുന്നത്. ജര്‍മന്‍കാരന്‍ ഓട്ടോ റാഗേലാണ് ഗ്രീസിനെ പരിശീലിപ്പിക്കുന്നത്. ഉക്രൈനെ പരിശീലിപ്പിക്കുന്നത് അലക്‌സി മിലിചെങ്കോയും.
റഷ്യ-സ്ലോവേനിയ
യൂറോപ്യന്‍ ഗ്രൂപ്പ് നാലില്‍ സ്വന്തം തട്ടകമായ മോസ്‌ക്കോയില്‍ ജര്‍മനിയോട് പരാജയപ്പെട്ടതാണ് റഷ്യക്ക് ആഘാതമായത്. ആ തോല്‍വിയില്‍ പ്ലേ ഓഫ് കളിക്കേണ്ടി വന്ന അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ഗ്രൂപ്പ് മൂന്നില്‍ സ്ലോവാക്യക്കാരെ ഒപ്പത്തിനൊപ്പം പിടിച്ചവരാണ് സ്ലോവേനിയക്കാര്‍. ആന്ദ്രെ അര്‍ഷവിന്‍, റോമന്‍ പൗലോചെങ്കോ എന്നിവരുടെ മികവുണ്ട് റഷ്യക്ക്. സ്ലോവേനിയന്‍ കരുത്ത് ഗോള്‍ക്കീപ്പര്‍ സാമിര്‍ ഹാന്‍ഡോവിച്ചാണ്.
ന്യൂസിലാന്‍ഡ്-ബഹറൈന്‍
വെല്ലിംഗ്‌ടണില്‍ നടക്കുന്ന ഈ മല്‍സരത്തില്‍ വ്യക്തമായ സാധ്യത ആതിഥേയരായ ന്യൂസിലാന്‍ഡിനാണ്. മനാമയില്‍ നടന്ന ആദ്യ പാദ മല്‍സരം ഗോള്‍രഹിത സമനിലയിലായിരുന്നു. ഇന്ന് ജയിച്ചാല്‍ 28 വര്‍ഷത്തിന് ശേഷം ന്യൂസിലാന്‍ഡിന് ലോകകപ്പ് കളിക്കാം. ബഹറൈന്‍ ഇത് വരെ ഫൈനല്‍ റൗണ്ട് കളിച്ചിട്ടില്ല. ഇന്നത്തെ മല്‍സരവും സമനിലയില്‍ കലാശിച്ചാല്‍ ഷൂട്ടൗട്ട് വിജയിയെ നിശ്ചയിക്കും.എന്നാല്‍ 1-1 ലാണ് സമനിലയെങ്കില്‍ ബഹറൈന്‍ കയറും.
കോസ്‌റ്റാറിക്ക-ഉറുഗ്വേ
ലാറ്റിനമേരിക്കയില്‍ അവസാന മല്‍സരത്തില്‍ പതറിയവരാണ് ഉറുഗ്വേ. മറഡോണയുടെ അര്‍ജന്റീന കടന്നുകയറുന്നത് നോക്കി നില്‍ക്കേണ്ടി വന്ന ഉറുഗ്വേക്കാര്‍ക്ക് ഇന്ന് കാര്യങ്ങള്‍ എളുപ്പമല്ല. കോസ്‌റ്റാറിക്ക കോണ്‍കാകാഫിലെ പ്രബലരാണ്. അമേരിക്ക, മെക്‌സിക്കോ എന്നിവര്‍ക്ക് മുന്നില്‍ മാത്രമാണ് അവര്‍ പതറിയത്.
ആഫ്രിക്കയില്‍ ഇന്ന് നിരവധി മല്‍സരങ്ങളുണ്ട്.
തിരിച്ചുവരുമെന്ന് മക്കലം
അബുദാബി: പാക്കിസ്‌താനെതിരായ ആദ്യ 20-20 മല്‍സരം തോറ്റതില്‍ നിരാശയില്ലെന്ന് ന്യൂസിലാന്‍ഡ് നായകന്‍ ബ്രെന്‍ഡന്‍ മക്കലം. 49 റണ്‍സിനാണ് ഷാഹിദ് അഫ്രീദിയുടെ പാക്കിസ്‌താന്‍ ജയിച്ചത്. പരുക്ക് കാരണം പല സീനിയര്‍ താരങ്ങളെയും നഷ്ടമായ കിവീസ് ജൂനിയര്‍ താരങ്ങളുമായാണ് കളിച്ചത്. സ്ഥിരം നായകന്‍ ഡാനിയല്‍ വെട്ടോരി, സീമര്‍ കൈല്‍ മില്‍സ് എന്നിവരെ അവസാന നിമിഷത്തിലാണ് പരുക്കില്‍ നഷ്ടമായത്. 38 പന്തില്‍ നിന്നും 58 റണ്‍സ് നേടിയ ഓപ്പണര്‍ ഇംറാന്‍ നസീറിന്റെ മികവില്‍ പാക്കിസ്‌താന്‍ 160 റണ്‍സാണ് നേടിയത്. മറുപടിയില്‍ തുടക്കത്തില്‍ തന്നെ തളര്‍ന്ന കിവീസിന് പിടിച്ചുപൊരുതാന്‍ അനുഭവ സമ്പന്നര്‍ ആരുമുണ്ടായിരുന്നില്ല. ആദ്യ ഓവറില്‍ തന്നെ മക്കലവും മാര്‍ട്ടിന്‍ ഗുപ്‌ടിലും ചേര്‍ന്ന് 17 റണ്‍സ് നേടി. പക്ഷേ അടുത്ത പതിനഞ്ച് പന്തുകള്‍ക്കിടെ ബാറ്റിംഗ് തകര്‍ന്നു.
യൂസഫിന്റെ ഈഴം
കൊല്‍ക്കത്ത: ബറോഡ-ബംഗാള്‍ രജ്ഞി ട്രോഫി സൂപ്പര്‍ ലീഗ് മല്‍സരം സമനിലയില്‍ അവസാനിച്ചു. ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ പിന്‍ബലത്തില്‍ ഇര്‍ഫാന്‍ പത്താന്‍ നയിച്ച ബറോഡ മൂന്ന് പോയന്റ് നേടിയപ്പോള്‍ സൗരവ് ഗാംഗുലിയുടെ ബംഗാളിന് ഒരു പോയന്റാണ് ലഭിച്ചത്. ഒന്നാം ഇന്നിംഗ്‌സില്‍ ബറോഡ 307 റണ്‍സ് നേടിയപ്പോള്‍ ബംഗാള്‍ 293 ല്‍ പുറത്തായിരുന്നു. ഇന്നലെ രണ്ടാം ഇന്നിംഗ്‌സില്‍ എട്ട് വിക്കറ്റിന് 458 റണ്‍സാണ് ബറോഡ നേടിയത്. ഓപ്പണര്‍ എസ്.എസ് പരബ് 154 റണ്‍സ് നേടിയപ്പോള്‍ യൂസഫ് പത്താന്‍ 48 പന്തില്‍ 63 റണ്‍സുമായി കാണികളുടെ കൈയ്യടി നേടി. ഇര്‍ഫാന്‍ 28 റണ്‍സാണ് നേടിയത്. ഇന്‍ഡോറില്‍ നടന്ന കേരളം-മധ്യപ്രദേശ് പ്ലേറ്റ് മല്‍സരത്തില്‍ ഇന്നലെയും മഴ വില്ലനായി. മല്‍സരം സമനിലയില്‍ അവസാനിച്ചു. മുംബൈയില്‍ നടത്താന്‍ നിശ്ചയിച്ച ബോര്‍ഡ് പ്രസിഡണ്ട്‌സ് ഇലവന്‍-ശ്രീലങ്ക ത്രിദിന മല്‍സരത്തിന്റെ മൂന്നാം നാളിലും കളി നടന്നില്ല.
മറഡോണ-സ്‌പെയിന്‍
മാഡ്രിഡ്: ലോകകപ്പ് പ്ലേ ഓഫ് മല്‍സരങ്ങളുടെ ദിവസമായ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോകകപ്പ് മുന്നൊരുക്ക സൗഹൃദ മല്‍സരങ്ങള്‍. 19 സൗഹൃദ മല്‍സരങ്ങളാണ് ഇന്ന് നടക്കുന്നത്. ഇതില്‍ ഗോള്‍ക്കീപ്പര്‍ റോബര്‍ട്ട് എങ്കെയുടെ മരണത്തെ തുടര്‍ന്ന് ജര്‍മനി-ചിലി മല്‍സരം റദ്ദാക്കിയിട്ടുണ്ട്. മാഡ്രിഡില്‍ നടക്കുന്ന അര്‍ജന്റീന-സ്‌പെയിന്‍ മല്‍സരമാണ് ലോകം ഉറ്റുനോക്കുന്നത്. തപ്പിതടഞ്ഞ് ലോകകപ്പ് യോഗ്യത നേടിയ മറഡോണയുടെ അര്‍ജന്റീനക്ക് തല്‍ക്കാലം പ്രശ്‌നങ്ങളില്ല. പക്ഷേ വലിയ മല്‍സരങ്ങള്‍ക്ക് മുന്നോടിയായി അവര്‍ക്ക് യഥാര്‍ത്ഥ തയ്യാറെടുപ്പ് നടത്താന്‍ കഴിയും. ഖത്തറിലെ ദോഹയില്‍ ഇന്ന് ബ്രസീലും ഇംഗ്ലണ്ടുമാണ് കളിക്കുന്നത്. ഈ മല്‍സരത്തിലും തീപ്പാറും. സ്‌റ്റീവന്‍ ജെറാര്‍ഡ്, ഫ്രാങ്ക് ലംപാര്‍ഡ് എന്നിവര്‍ പരുക്ക് കാരണം ഇംഗ്ലീഷ് സംഘത്തില്‍ കളിക്കുന്നില്ല. ഡുംഗെ പരിശീലിപ്പിക്കുന്ന ബ്രസീല്‍ സംഘത്തില്‍ എല്ലാ പ്രമുഖരുമുണ്ട്. ലോക ചാമ്പ്യന്മാരായ ഇറ്റലിയും ഹോളണ്ടും തമ്മിലുളള മല്‍സരത്തിലും പോരാട്ടം നടക്കും. ഇന്നത്തെ മല്‍സരങ്ങള്‍ ഇവയാണ്: സ്‌പെയിന്‍-അര്‍ജന്റീന, ദക്ഷിണാഫ്രിക്ക-ജപ്പാന്‍, ഡെന്മാര്‍ക്ക്-കൊറിയ, സ്ലോവാക്യ-അമേരിക്ക, ബ്രസീല്‍-ഇംഗ്ലണ്ട്, ഇറ്റലി-ഹോളണ്ട്, ഹോണ്ടുറാസ്-ലാത്‌വിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്-നോര്‍വെ, ഉത്തര അയര്‍ലാന്‍ഡ്-സെര്‍ബിയ, പരാഗ്വേ-ഖത്തര്‍, വെയില്‍സ്-സ്‌ക്കോട്ട്‌ലാന്‍ഡ്, മാസിഡോണിയ-കാനഡ, എസ്‌റ്റോണിയ-അല്‍ബേനിയ, അംഗോള-കോംഗോ, സൗദി-ബെലാറൂസ്, കോംഗോ-ഹെയ്‌തി, പോളണ്ട്-റുമേനിയ, ക്രൊയേഷ്യ-ലൈഞ്ചസ്‌റ്റിന്‍, ലക്‌സംബര്‍ഗ്ഗ്-ഐസ്‌ലാന്‍ഡ്, ബെല്‍ജിയം-ഹംഗറി.
No comments:
Post a Comment