Tuesday, November 17, 2009
WORLD IS WAITING FOR THE PLAY OFF RESULTS
ചിത്രം ഇന്ന് വ്യക്തമാവും
ലണ്ടന്‍: അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടിനുള്ള പൂര്‍ണ്ണചിത്രം ഇന്ന് ലഭിക്കും. 32 ടീമുകള്‍ മാറ്റുരക്കുന്ന ഫൈനല്‍സില്‍ ഇനി ആറ് ബെര്‍ത്തുകളാണ് ശേഷിക്കുന്നത്. ഈ കസേരകളിലേക്ക് ഇന്ന് രാത്രിയോടെ അവകാശികളെത്തും. യൂറോപ്പില്‍ നാലും ആഫ്രിക്കയില്‍ ഒന്നും ലാറ്റിനമേരിക്കയിലും കോണ്‍കാകാഫിലുമായി ഒന്നും പ്ലേ ഓഫ് മല്‍സരങ്ങളാണ് ഇന്ന് നടക്കുന്നത്. ആതിഥേയരായ ദക്ഷിണാഫ്രിക്ക, ഘാന, കാമറൂണ്‍, നൈജീരിയ, ഐവറി കോസ്‌റ്റ് എന്നിവര്‍ ആഫ്രിക്കയില്‍ നിന്നും ഓഷ്യാനയില്‍ നിന്ന് ന്യൂസിലാന്‍ഡും ഏഷ്യയില്‍ നിന്ന് ഓസ്‌ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ, ഉത്തര കൊറിയ എന്നിവരും കോണ്‍കാകാഫില്‍ നിന്ന് അമേരിക്ക, മെക്‌സിക്കോ, ഹോണ്ടുറാസ് എന്നിവരും ലാറ്റിനമേരിക്കയില്‍ നിന്ന് ബ്രസീല്‍, പരാഗ്വേ, ചിലി, അര്‍ജന്റീന എന്നിവരും യൂറോപ്പില്‍ നിന്ന് സ്ലോവാക്യ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇറ്റലി, സെര്‍ബിയ, ഡെന്മാര്‍ക്ക്, ജര്‍മനി, സ്‌പെയിന്‍, ഇംഗ്ലണ്ട്, ഹോളണ്ട് എന്നിവരും യോഗ്യത സ്വന്തമാക്കി കഴിഞ്ഞു.
യൂറോപ്പില്‍ എന്തും സംഭവിക്കാം എന്നതാണ് ഇന്നത്തെ പ്ലേ ഓഫിലെ അവസ്ഥ. ആദ്യപാദത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ജയിച്ച ടീമുകളെല്ലാം ഒരു ഗോള്‍ മാര്‍ജിനിലാണ് ലീഡ് ചെയ്യുന്നത്. ഫ്രാന്‍സ് മാത്രമാണ് എവേ മല്‍സരത്തില്‍ ജയിച്ചത്. റിപ്പബ്ലിക് ഓഫ് അയര്‍ലാന്‍ഡിനെതിരെ അവരുടെ മൈതാനമായ ഡുബ്ലിനില്‍ നേടിയ ഏക ഗോള്‍ വിജയത്തെ സംരക്ഷിക്കാന്‍ സ്വന്തം മൈതാനമായ പാരീസിലെ സ്റ്റഡെ ഡി ഫ്രാന്‍സില്‍ തിയറി ഹെന്‍ട്രിക്കും സംഘത്തിനും കഴിയുമെന്നാണ് കരുതപ്പെടുന്നത്. പോര്‍ച്ചുഗലിന് ബോസ്‌നിയ ഹെര്‍സഗോവിനക്കെതിരെ ഒരു ഗോള്‍ ലീഡ് മാത്രമാണുളളത്. റഷ്യക്കും അഹങ്കരിക്കാന്‍ കഴിയില്ല. സ്ലോവേനിയക്കെതിരെ ഒരു ഗോള്‍ ലീഡാണ് (1-2) അവര്‍ക്കുള്ളത്. ഗ്രീസും ഉക്രൈനും തമ്മിലുളള ആദ്യപാദത്തില്‍ ആരുമാരും ഗോളടിച്ചിട്ടില്ല. ഇന്ന് ഏതന്‍സിലെ സ്വന്തം മൈതാനത്ത് കളിക്കുന്ന ഗ്രിസിനാണ് മുന്‍ത്തൂക്കം.
ബോസ്‌നിയന്‍ നഗരമായ സെനിക്കയിലാണ് ഇന്ന് പോര്‍ച്ചുഗല്‍ കളിക്കുന്നത്. മല്‍സരത്തില്‍ സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോ കളിക്കുന്നില്ല. ലിസ്‌ബണിലെ സ്വന്തം മൈതാനത്ത് തപ്പിതടഞ്ഞവരാണ് കാര്‍ലോസ് ക്വിറസിന്റെ പറങ്കിസംഘം. ഇന്ന് അവരെ ഞെട്ടിക്കാന്‍ പോവുന്ന തന്ത്രങ്ങള്‍ തന്റെ പക്കലുണ്ടെന്നാണ് ബോസ്‌നിയന്‍ കോച്ച് മിറോസ്ലാവ് ബെലിസേവിച്ച് വ്യക്തമാക്കിയിരിക്കുന്നത്. പക്ഷേ സസ്‌പെന്‍ഷന്‍ കാരണം ആമിര്‍ സാഫിക്, അല്‍വീര്‍ റഹിമിച്ച്, സാമിര്‍ മുര്‍ത്തോവിച്ച് എന്നിവരുടെ സേവനം ഇന്ന് ടീമിന് ലഭിക്കില്ല. പോര്‍ച്ചുഗലിനെതിരെ മൂന്ന് തവണ ബോസ്‌നിയക്ക് തടസ്സമായത് ക്രോസ് ബാറാണെന്ന സത്യം നിലനില്‍ക്കെ മല്‍സരം കടുത്തതായിരിക്കും.
ഫ്രാന്‍സിന് ആശങ്കയില്ല. എവേ മല്‍സരത്തിലെ വിജയം നല്‍കുന്ന ആത്മവിശ്വാസത്തിനൊപ്പം സ്വന്തം മൈതാനത്ത് നടന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി അവര്‍ തോല്‍വി രുചിച്ചിട്ടില്ല. കാല്‍ ലക്ഷത്തോളം ഐറിഷുകാരാണ് സ്വന്തം ടീമിനെ പ്രോല്‍സാഹിപ്പിക്കാന്‍ പാരീസില്‍ എത്തിയിരിക്കുന്നത്. ഇവര്‍ക്കൊപ്പം തന്റെ താരങ്ങളും അവസരത്തിനൊത്തുയരുമെന്നാണ് കോച്ച് ജിയോവനി ട്രപ്പറ്റോണി വ്യക്തമാക്കുന്നത്. ഫ്രഞ്ച് നിരയില്‍ ഡിഫന്‍ഡര്‍ എറിക് അബിദാല്‍ പരുക്ക് കാരണം ഇന്ന് കളിക്കുന്നില്ല.
സ്വന്തം വേദിയില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ വിജയിക്കാമെന്ന പ്രതീക്ഷയിലാണ് സ്ലോവേനിയക്കാര്‍. ഗ്രൂപ്പ് മല്‍സരങ്ങളില്‍ സ്വന്തം തട്ടകത്ത് തുടര്‍ച്ചയായി നാല് തവണ ജയിച്ച കരുത്തും സ്ലോവേനിയക്കുണ്ട്. ആന്ദ്രെ അര്‍ഷവിന്‍, പൗലോചെങ്കോ എന്നീ റഷ്യന്‍ വില്ലന്മാരെ നിയന്ത്രിക്കാനായാല്‍ സ്ലോവേനിയക്ക് തിരിച്ചുവരാം. ഉക്രൈനെതിരെ ഏതന്‍സില്‍ ഇന്ന് ഗ്രീസ് വിജയിക്കുമെന്ന് ഉറപ്പ് നല്‍കുന്നത് അവരുടെ കോച്ച് ഓട്ടോ റാഫേലാണ്. ഉക്രൈനാവട്ടെ സൂപ്പര്‍ താരം ആന്ദ്രെ ഷെവ്‌ചെങ്കോവിലാണ് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്.
കോസ്‌റ്റാറിക്കക്കെതിരായ ആദ്യ പാദത്തില്‍ ഒരു ഗോളിന് ലീഡ് ചെയ്യുന്ന ഉറുഗ്വേ ഇന്ന് സ്വന്തം മൈതാനത്താണ് കളിക്കുന്നത്. ആഫ്രിക്കയിലാണ് യഥാര്‍ത്ഥ യുദ്ധം. നിഷ്‌പക്ഷ വേദിയായ സുഡാനിലെ ഓംദുര്‍മാനില്‍ കളിക്കുന്നത് ഈജിപ്‌തും അള്‍ജീരിയയും.
ഇന്നത്തെ മല്‍സരങ്ങള്‍
ഉക്രൈന്‍-ഗ്രീസ് (ആദ്യപാദം 0-0)
ഫ്രാന്‍സ്-റിപ്പബ്ലിക് ഓഫ് അയര്‍ലാന്‍ഡ് (1-0)
സ്ലോവേനിയ-റഷ്യ (1-2)
ബോസ്‌നിയ-പോര്‍ച്ചുഗല്‍ (0-1)
അള്‍ജീരിയ-ഈജിപ്‌ത് (0-0)
ഉറുഗ്വേ-കോസ്‌റ്റാറിക്ക (1-0)
ആഫ്രിക്കന്‍ യുദ്ധം
ഒംദുര്‍മാന്‍, (സുഡാന്‍): ഇന്ന് യുദ്ധം നടക്കുന്നത് ഈ ഡുഡാന്‍ നഗരത്തിലാണ്. ആഫ്രിക്കയില്‍ നിന്നുളളഅവസാന ലോകകപ്പ് ടിക്കറ്റിനായി അയല്‍വാസികള്‍ നേര്‍ക്കുനേര്‍. ഈ പ്ലേ ഓഫ് അങ്കത്തില്‍ രണ്ട് പാദങ്ങളില്ല-ഒന്ന് മാത്രം. ഇന്ന് ജയിക്കുന്നവര്‍ക്ക് സ്വന്തം വന്‍കരയില്‍ ആദ്യമായി നടക്കുന്ന ലോകകപ്പില്‍ അഭിമാനത്തോടെ കളിക്കാം. ഇതിനകം ഘാന, ഐവറികോസ്‌റ്റ്, കാമറൂണ്‍, നൈജീരിയ, ആതിഥേയര്‍ എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക എന്നിവര്‍ ടിക്കറ്റ് സ്വന്തമാക്കി കഴിഞ്ഞു. അവസാന ടീം വന്‍കരാ ചാമ്പ്യന്മാരായ ഈജിപ്‌തോ അതോ അട്ടിമറിക്കാരായ അള്‍ജീരിയയാണോ എന്നതാണ് ഇന്നത്തെ ചോദ്യം. നാല് ദിവസം മുമ്പ് സ്വന്തം മൈതാനമായ കെയ്‌റോയില്‍ വെച്ച് അതിനാടകീയ വിജയം സ്വന്തമാക്കിയാണ് ഈജിപ്‌ത് പ്ലേ ഓഫ് ടിക്കറ്റ് സ്വന്തമാക്കിയത്. അള്‍ജീരിയ തന്നെയായിരുന്നു എതിരാളികള്‍. ആഫ്രിക്കന്‍ സി ഗ്രൂപ്പില്‍ അവസാന മല്‍സരത്തിന് തൊട്ട് മുമ്പ് വരെ മൂന്ന് പോയന്റിന്റെ വ്യക്തമായ ലീഡിലായിരുന്നു അള്‍ജീരിയ. ഈജിപ്‌തിനെതിരെ ഒരു ഗോളിന് തോറ്റാല്‍ പോലും അവര്‍ക്ക് യോഗ്യത ലഭിക്കുമായിരുന്നു. അതേ സമയം രണ്ട് ഗോളിന് ജയിച്ചാല്‍ മാത്രമായിരുന്നു ഈജിപ്‌തിന് സാധ്യത. ലക്ഷകണക്കിന് സ്വന്തം കാണികളെ സാക്ഷിനിര്‍ത്തി രണ്ട് ഗോളിന് തന്നെ ഈജിപ്‌ത് ജയിച്ചപ്പോള്‍ രണ്ട് ടീമുകളും ഗോള്‍നിലയിലും തുല്യതയിലെത്തി. തുടര്‍ന്നാണ് പ്ലേ ഓഫ് നിഷ്‌പക്ഷ വേദിയിലാക്കിയത്. കനത്ത സുരക്ഷയിലാണ് ഇന്നത്തെ അങ്കം. കഴിഞ്ഞ ദിവസം അള്‍ജീരിയന്‍ ടീം കെയ്‌റോയിലെത്തിയേേപ്പാള്‍ അവര്‍ക്കെതിരെയുണ്ടായ നീക്കം മുന്‍നിര്‍ത്തിയാണ് ഫിഫ കര്‍ശന സുരക്ഷക്ക് ഉത്തരവിട്ടിരിക്കുന്ന്‌ത. രണ്ട് ടീമുകളോടും ആരാധകരോടും മാന്യത പാലിക്കാനും ഫിഫ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ദില്‍ഷാന്റെ മറുപടി
അഹമ്മദാബാദ്: പട്ടേല്‍ സ്‌റ്റേഡിയത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ബാറ്റിംഗ് ആധിപത്യം. രാഹുല്‍ ദ്രാവിഡും എം.എസ് ധോണിയും സെഞ്ച്വറികള്‍ സ്വന്തമാക്കിയ ആദ്യദിനത്തിന് പിറകെ രണ്ടാം ദിനത്തില്‍ തിലകരത്‌നെ ദില്‍ഷാന്റെ ഊഴമായിരുന്നു. ഇന്ത്യ സ്വന്തമാക്കിയ 426 റണ്‍സിന് മറുപടിയായി രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ലങ്ക മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 275 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 112 റണ്‍സ് നേടിയ ദില്‍ഷാനാണ് ലങ്കന്‍ നിരയില്‍ മിന്നിയത്. ആദ്യദിനം 177 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ദ്രാവിഡിന് രണ്ടാം ദിവസം അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ല. 41 റണ്‍സിനിടെ ഇന്ത്യയുടെ ശേഷിക്കുന്ന നാല് വിക്കറ്റുകളും സ്വന്തമാക്കിയ ലങ്കക്കായിരുന്നു മല്‍സരത്തില്‍ വ്യക്തമായ ആധിപത്യം.
ഇന്ത്യയില്‍ ഇത് വരെ ഒരു ടെസ്‌റ്റ് ജയം സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ലങ്കക്കാര്‍ വ്യക്തമായ ഗെയിം പ്ലാനിലാണ് കളിച്ചത്. 1997 ന് ശേഷം ഇന്ത്യയില്‍ ആദ്യ സെഞ്ച്വറി സ്വന്തമാക്കുന്ന ലങ്കന്‍ ബാറ്റ്‌സ്‌മാന്‍ എന്ന ബഹുമതിയുമായി ദില്‍ഷാനാണ് പട നയിച്ചത്. ഒന്നാം വിക്കറ്റില്‍ ദില്‍ഷാനും പരാനവിതാനയും ചേര്‍ന്ന് 72 റണ്‍സ് നേടിയപ്പോള്‍ തന്നെ പിച്ചില്‍ ഭൂതങ്ങള്‍ ഇല്ലെന്ന് തെളിഞ്ഞിരുന്നു. സ്വതസിദ്ധമായ ശൈലി വിട്ട് തന്ത്രപരമായാണ് ദില്‍ഷാന്‍ കളിച്ചത്. തട്ടു തകര്‍പ്പന്‍ ബാറ്റ്‌സ്‌മാന്‍ എന്ന ഖ്യാതിയുളള മുപ്പത്തിമൂന്നുകാരന്‍ ക്രീസില്‍ വന്നയുടന്‍ സഹീര്‍ഖാന്‍ പായിച്ചത് തുടര്‍ച്ചയായ മൂന്ന് ബൗണ്‍സറുകളാണ്. ഇതിലൊന്ന് ദേഹത്ത് തട്ടുകയും ചെയ്‌തു. സാധാരണ ഗതിയില്‍ ഉരുളക്ക് ഉപ്പേരി എന്ന തരത്തില്‍ മറുപടി നല്‍കാറുളള ദില്‍ഷാന്‍ പക്ഷേ പ്രതികരിച്ചില്ല. സിംഗിളുകളും ഡബിളുകളുമായി അദ്ദേഹം സ്‌ക്കോര്‍ബോര്‍ഡ് ചലിപ്പിച്ചു. ഇന്ത്യന്‍ ബൗളര്‍മാര്‍ ദില്‍ഷാനെ ടാര്‍ജറ്റ് ചെയ്‌തപ്പോള്‍ പരനവിതാന സമ്മര്‍ദ്ദമില്ലാതെ കളിച്ചു.
ലഞ്ചിന് ശേഷം ഇഷാന്തിന്റെ പന്തില്‍ ധോണിയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ പരനവിതാന പുറത്തായി. പക്ഷേ ദില്‍ഷാനും സങ്കക്കാരയും പിടി കൊടുക്കാതെ ലങ്കന്‍ ആധിപത്യമുറപ്പിച്ചു. അവസാന സെഷനിലാണ് മല്‍സരത്തിലേക്ക് തിരിച്ചുവരാന്‍ ഇന്ത്യക്കായത്. സെഞ്ച്വറി സ്വന്തമാക്കിയ ദില്‍ഷാനെയും സങ്കക്കാരയെയും അഞ്ച് റണ്‍സ്‌് വിത്യാസത്തിന് സഹീര്‍ പുറത്താക്കി. പുതിയ ബാറ്റ്‌സ്‌മാന്മാരെ ഹര്‍ഭജനും അമിത് മിശ്രയും കുഴക്കുകയും ചെയ്‌തപ്പോള്‍ റണ്‍സൊഴുക്ക് നിന്നു. എങ്കിലും മല്‍സരത്തില്‍ മുന്‍ത്തൂക്കമിപ്പോള്‍ ലങ്കക്ക് തന്നെയാണ്. അനുഭവ സമ്പന്നനായ മഹേല ജയവര്‍ദ്ധനയും ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ തിലാന്‍ സമരവീരയുമാണ് ക്രീസില്‍. രാവിലെ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക് രകാര്യമായി ഒന്നും ചെയ്യാനാഇരുന്നില്ല. ദ്രാവിഡിലായിരുന്നു പ്രതീക്ഷകള്‍. പക്ഷേ അദ്ദേഹത്തിന് തലേദവിസ സ്‌ക്കോറിനോട് ഒന്നും കൂട്ടിചേര്‍ക്കാന്‍ കഴിഞ്ഞില്ല. ഹര്‍ഭജനും സഹീര്‍ഖാനും അല്‍പ്പസമയം മാത്രമാണ് പൊരുതിയത്. ലങ്കന്‍ ബൗളര്‍മാരില്‍ വെലിഗിഡാരയാണ് ഒന്നാമനായത്. ദ്രാവിഡിന്റെ വിക്കറ്റ് ഉള്‍പ്പെടെ 87 റണ്‍സിന് നാല് വിക്കറ്റ് അദ്ദേഹം സ്വന്തമാക്കി. മുത്തയ്യ മുരളീധരന്‍ മൂന്ന് വിക്കറ്റുകള്‍ നേടി.
ഇന്ത്യ: ഒന്നാം ഇന്നിംഗ്‌സ്. ഗാംഭീര്‍-ബി-വെലിഗിഡാര-1, സേവാഗ്-എല്‍.ബി.ഡബ്ല്യു-ബി-വെലിഗിഡാര-16, രാഹുല്‍ ബി-വെലിഗിഡാര-177, സച്ചിന്‍-ബി-വെലിഗിഡാര-4, ലക്ഷ്‌മണ്‍-ബി-പ്രസാദ്-0, യുവരാജ്‌സിംഗ്-സി-ദില്‍ഷാന്‍-ബി-മുരളി-68, ധോണി-സി-പ്രസന്ന-ബി-പ്രസാദ്-110, ഹര്‍ഭജന്‍-ബി-മുരളി-22, സഹീര്‍-എല്‍.ബി.ഡബ്ല്യു-ബി-ഹാറാത്ത്-12, അമിത് മിശ്ര-നോട്ടൗട്ട്-7, ഇഷാന്ത്-സ്‌റ്റംമ്പ്‌ഡ് പ്രസന്ന-ബി-മുരളി-0,എക്‌സ്‌ട്രാസ്-9, ആകെ 104.5 ഓവറില്‍ 426. വിക്കറ്റ് പതനം: 1-14 (ഗാംഭീര്‍), 2-27 (സേവാഗ്), 3-31 (സച്ചിന്‍), 4-32 (ലക്ഷ്‌മണ്‍), 5-157 (യുവി), 6-381 (ധോണി), 7-389 (ദ്രാവിഡ്), 8-414 (സഹീര്‍), 9-426 (ഹര്‍ഭജന്‍), 10-426 (ഇഷാന്ത്). ബൗളിംഗ്: വെലിഗിഡാര 22-4-87-4, ധാമിക പ്രസാദ് 22-1-106-2, മാത്യൂസ് 12-1-50-0, മുരളി 25.5-4-97-3 22-2-79-1, ദില്‍ഷാന്‍ 1-0-3-0.
ലങ്ക, ഒന്നാം ഇന്നിംഗ്‌സ്: ദില്‍ഷാന്‍-സി-ദ്രാവിഡ്-ബി-സഹീര്‍-112, പരനവിതാന-സി-ധോണി-ബി-ഇഷാന്ത്-35, സങ്കക്കാര-സി-സച്ചിന്-ബി-സഹീര്‍-31, ജയവര്‍ദ്ധനെ-നോട്ടൗട്ട്-36, സമരവീര-നോട്ടൗട്ട്-45, എക്‌സ്‌ട്രാസ്-16, ആകെ 70 ഓവറില്‍ മൂന്ന് വിക്കറ്റിന് 275. വിക്കറ്റ് വീഴ്‌ച്ച: 1-74 (പരനവിതാന), 2-189 (ദില്‍ഷാന്‍), 3-194 (സങ്കക്കാര). ബൗളിംഗ്: സഹീര്‍ 15-2-45-2, ഇഷാന്ത് 14-0-53-1, ഹര്‍ഭജന്‍ 20-2-72-0,അമിത് മിശ്ര 18-0-89-0,യുവരാജ് 3-0-11-0.
തേര്‍ഡ് ഐ
രണ്ട് ദിവസം,രണ്ട് ശൈലി
പട്ടേല്‍ സ്റ്റേഡിയത്തില്‍ രണ്ട് ദിവസങ്ങളിലായി കണ്ടത് ബാറ്റിംഗ് ആധിപത്യം. അതിലൊരു സവിശേഷതയുണ്ട്. രണ്ട് ദിവസവും കാണാനായത് വിത്യസ്‌തമായ ശൈലികളാണ്. ഒന്നാം ദിവസം ക്രീസ് വാണത് ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡായിരുന്നു. പ്രതിരോധ മികവിന്റെ വക്താവായ ദ്രാവിഡ് അതിവേഗതയില്‍ പേസ് ചെയ്‌ത ഇന്നിംഗ്‌സിലുടെയാണ് ശ്രദ്ധിക്കപ്പെട്ടതെങ്കില്‍ ഇന്നലെ കണ്ടത് തിലകരത്‌നെ ദില്‍ഷാന്റെ വേറിട്ട ശൈലിയാണ്. ദില്‍ഷാന്‍ ലങ്കന്‍ ഓപ്പണറായത് തന്നെ അദ്ദേഹത്തിന്റെ ആക്രമണഭാവത്തിലാണ്. ആദ്യം 20-20 യിലും പിന്നെ ഏകദിനങ്ങളിലും ഓപ്പണറായി മാറിയ ദില്‍ഷാന്‍ ടെസ്റ്റിലും പുതിയ പന്ത് നേരിടാന്‍ നിയോഗിക്കപ്പെട്ടത് അദ്ദേഹത്തിന്റെ കൂസലില്ലാത്ത നിലപാടിലാണ്. എന്നാല്‍ ഇന്നലെ കണ്ടത് മറ്റൊരു ദില്‍ഷാനെയാണ്. ശാന്തനും തന്ത്രശാലിയുമായിരുന്നു ദില്‍ഷാന്‍. സഹീര്‍ഖാന് പുതിയ പന്ത് നല്‍കിയ ഉടന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി ഒരുക്കിയ ഫീല്‍ഡിംഗ് കൗതുകകരമായിരുന്നു. ഡീപ്പ് പോയന്റിലും ഡീപ്പ് ഫൈന്‍ ലെഗിലും ഡിപ്പ് സ്‌ക്വയര്‍ ലെഗ്ഗിലും ഫീല്‍ഡര്‍മാര്‍. സഹീറിനോട് ധോണി പറഞ്ഞത് ബൗണ്‍സറുകള്‍ പായിക്കാന്‍. ബൗണ്‍സറുകളെ സാധാരണ ദില്‍ഷാന്‍ ഹുക് ചെയ്യാറുണ്ട്. ഇത് പ്രതീക്ഷിച്ചാണ് ബൗണ്‍സര്‍ യുദ്ധത്തിന് സഹീര്‍ തുടക്കമിട്ടത്. ആദ്യ മൂന്ന് പന്തും ബൗണ്‍സറുകള്‍. പക്ഷേ ദില്‍ഷാന്‍ പ്രതികരിച്ചില്ല. ആദ്യ മൂന്ന് ഓവറുകളിലായി രണ്ട് സിംഗിളുകള്‍ മാത്രമാണ് അദ്ദേഹം നേടിയത്. നേരിട്ട ആദ്യ 18 പന്തുകളില്‍ ഒരു ബൗണ്ടറി പോലുമില്ല. ലഞ്ചിന് മുമ്പ് രണ്ട് തവണ പന്തിനെ അതിര്‍ത്തിയിലേക്ക് പായിച്ചത് മാത്രമായിരുന്നു ദില്‍ഷാന്റെ സംഭാവന. ലഞ്ചിന് ശേഷം നേരിട്ട് ആദ്യ 24 പന്തുകളിലും ബൗണ്ടറികളുണ്ടായിരുന്നില്ല. 44 പന്തില്‍ നിന്നായിരുന്നു ദില്‍ഷാന്‍ 26 റണ്‍സ് നേടിയത്. ഒരിക്കലും സാഹസികതയുള്ള ഷോട്ടുകള്‍ ദില്‍ഷാന്റെ ഇന്നിംഗ്‌സില്‍ കണ്ടില്ല. സ്‌പിന്നര്‍മാര്‍ വന്നപ്പോഴും ക്രിസ് വിട്ടുളള പതിവ് ഷോട്ടുകളുണ്ടായിരുന്നില്ല. സങ്കക്കാരയുടെ സാന്നിദ്ധ്യമായിരുന്നു ദില്‍ഷാന്റെ സമചിത്തതക്ക് കാരണം. 97 ലാണ് അവസാനമായി ഒരു ലങ്കന്‍ ബാറ്റ്‌സ്‌മാന്‍ ഇന്ത്യന്‍ മണ്ണില്‍ സെഞ്ച്വറി സ്വന്തമാക്കിയത്. അതിന് ശേഷം തുടര്‍ച്ചയായ പരാജയങ്ങള്‍ നേരിട്ട ലങ്കന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക് ആത്മവിശ്വാസമേകാന്‍ ദില്‍ഷാന് കഴിഞ്ഞതോടെ അഹമ്മദാബാദ് ടെസ്‌റ്റ് ആവേശ ഘട്ടത്തിലാണ്. ഇന്ത്യ വലിയ സ്‌ക്കോര്‍ നേടുമെന്ന് കരുതിയെങ്കിലും ദ്രാവിഡിന്റെ പിഴവ് പ്രതികൂലമായി. ദ്രാവിഡ് കളിച്ചിരുന്നെങ്കില്‍ മാത്രമായിരുന്നു സ്‌ക്കോര്‍ ബോര്‍ഡിന് ചലനമുണ്ടാവുക. വെലിഗിഡാര ഇന്നലെ ഏറിഞ്ഞ ഏറ്റവും മികച്ച പന്തിലാണ് ദ്രാവിഡ് പുറത്തായത്. ഹര്‍ഭജന്‍ സമീപകാലത്തായി ബാറ്റിംഗില്‍ പ്രകടിപ്പിക്കുന്ന മികവിനെ അംഗീകരിരിക്കുമ്പോള്‍ തന്നെ ഇന്നലെ അദ്ദേഹം മുത്തയ്യ മുരളീധരനെ പോലെ ഒരു ബൗളര്‍ക്കെതിരെ റിവേഴ്‌സ് സ്വീപ്പിന് മുതിര്‍ന്നത് കടന്ന കൈയ്യായിരുന്നു. ഇന്ന് മൂന്നാം ദിനത്തില്‍ സമരവീരയുടെ സാന്നിദ്ധ്യമാണ് ഇന്ത്യക്ക് വെല്ലുവിളി. സങ്കക്കാര, മഹേല തുടങ്ങിയ ബാറ്റ്‌സ്‌മാന്മാരുടെ സാന്നിദ്ധ്യത്തില്‍ സമരവീരയുടെ സേവനം ഇത് വരെ ആരും കാര്യമായി ഗൗനിച്ചിട്ടില്ല. ഈ കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് പിന്നിട ഏക ബാറ്റ്‌സ്‌മാനാണ് അദ്ദേഹം.
സ്വര്‍ണ്ണം മൂന്ന്
വാറങ്കല്‍: ദേശീയ ജൂനിയര്‍ മീറ്റില്‍ പ്രതീക്ഷിക്കപ്പെട്ട പോലെ കേരളത്തിന്റെ ആധിപത്യം ആദ്യ ദിവസം തന്നെ. മൂന്ന് സ്വര്‍ണ്ണവും നാല് വെള്ളിയും രണ്ട് വെങ്കലവുമാണ് ആന്ധ്ര നഗരത്തില്‍ കേരളം നേടിയിരിക്കുന്നത്. കേരളത്തിന്റെ സ്വര്‍ണ്ണ നേട്ടത്തില്‍ ഒരു റെക്കോര്‍ഡുമുണ്ട്. അണ്ടര്‍ 14 ഷോട്ട്‌പുട്ടില്‍ നിഖില്‍ നിതാനാണ് പുതിയ ദുരം കണ്ടെത്തി സ്വര്‍ണ്ണം നേടിയത്. 16ന് താഴെയുളള പെണ്‍കുട്ടികളുടെ ലോംഗ് ജംമ്പില്‍ പ്രിയങ്ക സ്വര്‍ണ്ണം നേടി. ഇതേ ഇനത്തില്‍ നിനോ ജോസ് വെങ്കലം നേടി. പ്രതികൂല സാഹചര്യത്തിലാണ് കേരളം മികവ് കാട്ടിയത്. കനത്ത ചൂടില്‍, തകര്‍ന്ന കളിമണ്‍ മൈതാനത്താണ് എതിരാളികളെ പിറകിലാക്കുന്ന കേരളത്തിന്റെ പ്രകടനം.
കേരളം ഇന്ന് അമൃത്‌സറിലേക്ക്
കൊച്ചി: പഞ്ചാബിലെ അമൃത്‌സറില്‍ ഈ മാസം 23 ന് ആരംഭിക്കുന്ന ദേശീയ സ്‌ക്കൂള്‍ കായിക മേളയില്‍ പങ്കെടുക്കാനുളള കേരളാ സംഘം ഇന്ന് പുറപ്പെടും. 220 അംഗ സംഘമാണ് നിലവില്‍ ചാമ്പ്യന്മാരായ കേരളത്തെ പ്രതിനിധീകരിക്കുന്നത്. ഇവരില്‍ കൂടുതല്‍ പേരും ഇപ്പോള്‍ വാറങ്കലില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ മീറ്റില്‍ പങ്കെടുക്കുകയാണ്. ഈ മീറ്റിന് ശേഷം അവിടെ നിന്ന് ഇവര്‍ അമൃത്‌സറിലെത്തും. പോയ വര്‍ഷം 43 സ്വര്‍ണ്ണം നേടി പ്രതിയോഗികളെ ബഹുദുരം പിറകിലാക്കിയാണ് കേരളം ചാമ്പ്യന്മാരായത്.
ബി.എസ്.എന്‍.എല്‍ ഫുട്‌ബോള്‍
കണ്ണൂര്‍: അഖിലേന്ത്യാ ബി.എസ്.എന്‍.എല്‍ ഫുട്‌ബോളിന് ഇന്ന് കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ തുടക്കം. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരളാ സംഘത്തെ എം.കെ സുരേഷ് (തൃശൂര്‍) നയിക്കും. കേരളാ ടീം ഇതാണ്: കെ.സുനില്‍ കുമാര്‍, കെ.രവീന്ദ്രന്‍, എ.അബ്ദുള്‍ നാസര്‍, സി.പി സലീം, കെ.ഉബൈദുള്ള, പി.പി സന്തോഷ് കുമാര്‍, കെ.അഫ്‌സല്‍, കെ.വി സന്തോഷ്, എം.കെ സുരേഷ്, കെ.സുനില്‍ കുമാര്‍, എം.എന്‍ സേതുരാജ്, എന്‍.രാജിവന്‍, എ.ഷബീര്‍, പ്രസാദ് പന്നിയങ്കര, ബൈജു. കോച്ച് സി.പി.എം ഇല്ല്യാസ് അഹമ്മദ്, മാനേജര്‍-പി.ടി ഗോപാലകൃഷ്‌ണന്‍.
തിരുവനന്തപുരം ചാമ്പ്യന്മാര്‍
കൊച്ചി: മുപ്പത്തിയാറാമത് സംസ്ഥാന അന്തര്‍ ജില്ലാ ജുനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ (അണ്ടര്‍ 19) തിരുവനന്തപുരം ജേതാക്കള്‍. ഇന്നലെ നടന്ന ഫൈനല്‍ പോരാട്ടത്തിലവര്‍ സഡന്‍ഡെത്തില്‍ 5-4ന് തൃശൂരിനെ പരാജയപ്പെടുത്തി. നിശ്ചിത സമയ മല്‍സരം 1-1 ലായിരുന്നു. അഞ്ചാം മിനുട്ടില്‍ തന്നെ സുധീരനിലുടെ തിരുവനന്തപുരം ലീഡ് നേടി. എന്നാല്‍ മൂന്ന് മിനുട്ടിനകം പ്രവീണ്‍ തൃശൂരിന് വേണ്ടി സമനില നേടി. നേരത്തെ നടന്ന ലൂസേഴ്‌സ് ഫൈനലില്‍ പാലക്കാട് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മലപ്പുറത്തെ പരാജയപ്പെടുത്തി.
കൂട്ടരാജി
ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ട് മാസത്തിനിടെ എട്ട് തവണ ഇന്ത്യന്‍ ഗുസ്‌തി താരങ്ങള്‍ ഉത്തേജക വിവാദത്തില്‍ അകപ്പെട്ട പശ്ചാത്തലത്തില്‍ അതിന്റെ ധാര്‍മിക ഉത്തരവാദിത്ത്വം ഏറ്റെടുത്ത് ഇന്ത്യന്‍ റസ്‌ലിംഗ് ഫെഡറേഷന്‍ (ഐ.ഡബ്ല്യു.എഫ്) എക്‌സിക്യൂട്ടീവ് സമിതിയിലെ എല്ലാവരും രാജി വെച്ചു. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡണ്ട് സുരേഷ് കല്‍മാഡിക്കാണ് രാജി നല്‍കിയിരിക്കുന്നത്. അടുത്ത വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ഗുസ്‌തിയെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് രാജിക്കത്ത് നല്‍കിയിരിക്കുന്നത്. ഉത്തേജക വിവാദത്തില്‍ നിരവധി ഇന്ത്യന്‍ താരങ്ങള്‍ പിടിക്കപ്പെട്ട സാഹചര്യത്തില്‍ ഇന്റര്‍നാഷണല്‍ റസ്‌ലിംഗ് ഫെഡറേഷന്‍ ഇന്ത്യന്‍ ഫെഡറേഷന് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ലീ പുറത്തേക്ക്
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ സീമര്‍ ബ്രെട്ട് ലീ ക്രിക്കറ്റില്‍ നിന്നും അകലുന്നു. പരുക്കില്‍ തളരുന്ന സീമര്‍ തല്‍ക്കാലം ക്രിക്കറ്റ് വിടാന്‍ തീരുമാനിച്ചിരിക്കയാണ്. പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കും വരെ ഭാവി തീരുമാനങ്ങളെടുത്തിട്ടില്ല. വിദഗ്‌ദ്ധനായ ഡോക്ടറെ കണ്ട ശേഷം ചികില്‍സ തീരുമാനിക്കുമെന്ന് ലി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 76 ടെസ്‌റ്റുകളില്‍ നിന്നായി 310 വിക്കറ്റുകള്‍ നേടിയിട്ടുള്ള ലീ 2008 ഡിസംബറിലാണ് അവസാനമായി ടെസ്‌റ്റ് കളിച്ചത്. ക്രിസ് ഗെയില്‍ നയിക്കുന്ന വിന്‍ഡീസ് ടീം ഓസ്‌ട്രേലിയക്കെതിരെ ടെസ്‌റ്റ് പരമ്പരക്കായി നാട്ടിലെത്തിയ വേളയിലാണ് ലീ പരുക്കുമായി പുറത്ത് പോവുന്നത്.
സംഘടിക്കുന്നു
മുംബൈ: ഷാറുഖ്‌ഖാനും മുകേഷ് അംബാനിയും വിജയ് മല്ലിയയുമെല്ലാം ഒരുമിക്കുന്നു. ലക്ഷ്യം ക്രിക്കറ്റ് ബോര്‍ഡിനെതിരെ നീങ്ങുക തന്നെ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്ലബുകളുടെ ഉടമകള്‍ ഈ മാസം യോഗം ചേരുമ്പോള്‍ അതൊരു വിലപേശല്‍ തന്നെയായി മാറും. ഐ.പി.എല്‍ രണ്ട് സീസണുകള്‍ വന്‍വിജയമായ സാഹചര്യത്തില്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഏകപക്ഷീയ നയങ്ങള്‍ക്കെതിരെ ഒരുമിക്കുകയാണ് യോഗത്തിന്റെ ഉദ്ദേശം.
Subscribe to:
Post Comments (Atom)
No comments:
Post a Comment