Thursday, November 12, 2009

AGAIN VIVA UNLUCKY

വിവക്ക്‌ തോല്‍വി
മഡ്‌ഗാവ്‌: പതിനെട്ട്‌ മിനുട്ടില്‍ മൂന്ന്‌ ഗോളുകള്‍ വഴങ്ങി വിവ കേരള ഐ ലീഗ്‌ ഫുട്‌ബോളില്‍ ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവയോട്‌ 1-3 ന്‌ പരാജയപ്പെട്ടു. പതിനേഴാം മിനുട്ടില്‍ മധ്യനിരക്കാരനായ കര്‍മയിലുടെ ലീഡ്‌ നേടിയ വിവ സംഘം തകര്‍പ്പന്‍ പ്രകടനമാണ്‌ നടത്തിയത്‌. പക്ഷേ മല്‍സരത്തിന്റെ അവസാന ഘട്ടത്തില്‍ പ്രതിരോധനിരക്ക്‌ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. മാന്‍ ഓഫ്‌ ദ മാച്ച്‌ സുനില്‍ ചേത്രി എഴുപത്തി രണ്ടാം മിനുട്ടില്‍ ഡെംപോക്കായി സമനില ഗോള്‍ കരസ്ഥമാക്കി. ഒമ്പത്‌ മിനുട്ടിനകം ഗോവന്‍ സംഘത്തിന്‌്‌ നിര്‍ണ്ണായക ലീഡ്‌ നല്‍കി റാന്‍ഡി മര്‍ട്ടിനസ്‌ തന്റെ സ്‌ക്കോറിംഗ്‌ പാടവം വീണ്ടും തെളിയിച്ചു. ഈ ഗോളിന്‌ മറുപടി നല്‍കാന്‍ വിവ രണ്ടും കല്‍പ്പിച്ച്‌ ആക്രമിച്ച ഘട്ടത്തില്‍ മല്‍സരത്തിന്റെ എണ്‍പത്തിയാറാം മിനുട്ടില്‍ മൂന്നാം ഗോളും ഡെംപോ നേടി. ജോക്കീം അബ്രാഞ്ചസായിരുന്നു സ്‌ക്കോറര്‍. വിജയത്തോടെ പോയന്റ്‌്‌ ടേബിളില്‍ ചിരാഗ്‌ യുനൈറ്റഡിനെ പിറകിലാക്കി ഡെംപോ ഒന്നാം സ്ഥാനത്തെത്തി. ഏഴ്‌ മല്‍സരങ്ങള്‍ കളിച്ച വിവയുടെ അഞ്ചാമത്തെ തോല്‍വിയാണിത്‌.
ഇന്ത്യന്‍ താരം സുനില്‍ ചേത്രിയെയും കഴിഞ്ഞ ലീഗിലെ ടോപ്‌ സ്‌ക്കോറര്‍ റാന്‍ഡി മാര്‍ട്ടിനസിനെയും മുന്‍നിരയില്‍ കളിപ്പിച്ചാണ്‌ ഡെംപോ ഇറങ്ങിയത്‌. പക്ഷേ നെഹ്‌റു സ്‌റ്റേഡിത്തില്‍ മഴയുടെ ഭീഷണിയിലും ഇവരെ ഞെട്ടിക്കുന്ന പ്രകടനമാണ്‌ എം.പി സക്കീര്‍ നയിച്ച വിവ കാഴ്‌ച്ചവെച്ചത്‌. കഴിഞ്ഞ മല്‍സരങ്ങളില്ലെല്ലാം തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങി സമ്മര്‍ദ്ദം ക്ഷണിച്ചു വരുത്തുന്ന പതിവിന്‌ പകരം ആക്രമണ സോക്കറായിരുന്നു വിവ കാഴ്‌ച്ചവെച്ചത്‌. ഈ തന്ത്രത്തില്‍ ഡെംപോ പതറി. റൂബന്‍ സാനിയോ, വിസുത്‌ പുന്‍പാംഗ്‌ എന്നിവരായിരുന്നു മുന്‍നിരയില്‍ കളിച്ചത്‌. ഇവര്‍ക്ക്‌ നിരന്തരം പന്തെത്തിക്കുന്നതില്‍ സക്കീറും അനീഷും കര്‍മയും വിജയിച്ചപ്പോള്‍ പലവട്ടം ഡെംപോ ഗോള്‍മുഖം വിറച്ചു. പതിനേഴാം മിനുട്ടില്‍ വിവ അര്‍ഹിച്ച ഗോളും നേടി. സാനിയോ നല്‍കിയ ക്രോസിന്‌ കര്‍മ തല വെക്കുമ്പോള്‍ ഡെംപോ ഗോള്‍മുഖത്ത്‌ പ്രതിരോധക്കാര്‍ കുറവായിരുന്നു. ഈ ലീഡില്‍ പിടിച്ചുനില്‍ക്കാന്‍ വിവക്കായി. ഡെംപോ കനത്ത സമ്മര്‍ദ്ദം ചെലുത്തിയിട്ടും അവര്‍ വഴങ്ങിയില്ല. രണ്ടാം പകുതിയിലും ആക്രമണത്തില്‍ നിന്നും വിവ പിറകോട്ട്‌ പോയില്ല. സുനില്‍ ചേത്രി പലവട്ടം ഒറ്റയാള്‍ ആക്രമണം നടത്തിയെങ്കിലും ഫലം ചെയ്‌തില്ല. എഴുപത്തിരണ്ടാം മിനുട്ടില്‍ ചേത്രിയുടെ കുതിപ്പില്‍ സമനില ഗോള്‍ പിറന്നതോടെ ഡെംപോക്ക്‌ ആത്മവിശ്വാസമായി. ഈ തോല്‍വിയോടെ വിവ നാല്‌ പോയന്റില്‍ തന്നെ തളക്കപ്പെട്ടു. വിവയുടെ അടുത്ത മല്‍സരം ഇനി ജനുവരി മൂന്നിന്‌ കോഴിക്കോട്ട്‌ ജെ.സി.ടി മില്‍സുമായാണ്‌.
മുംബൈ കൂപ്പറേജില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ മഹീന്ദ്ര യുനൈറ്റഡ്‌ നാല്‌ ഗോളിന്‌ എയര്‍ ഇന്ത്യയെ തകര്‍ത്തു. ഹാട്രിക്‌ സ്വന്തമാക്കിയ സുബൈര്‍ അലിയാണ്‌ കളിയിലെ കേമന്‍. മഴയുടെ ഭീഷണിയില്‍ നേരത്തെ തുടങ്ങിയ മല്‍സരത്തിന്റെ ഒരു ഘട്ടത്തിലും ജീപ്പുകാരെ വിറപ്പിക്കാന്‍ എയര്‍ ഇന്ത്യക്കായില്ല. തണുപ്പന്‍ പ്രകടനമാണ്‌ അവര്‍ നടത്തിയത്‌. പത്താം മിനുട്ടില്‍ തൃക്കരിപ്പൂരുകാരന്‍ മുഹമ്മദ്‌ റാഫി മഹീന്ദ്രയുടെ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തതോടെ കളി ഏകപക്ഷീയമായി. ചാമ്പ്യന്‍ഷിപ്പിലുടനീളം തകര്‍പ്പന്‍ പ്രകടനം നടത്തുന്ന റാഫിക്ക്‌ മികച്ച പിന്തുണ നല്‍കിയ സുബൈര്‍ നാല്‍പ്പത്തിയൊന്നാം മിനുട്ടില്‍ ലീഡ്‌ ഉയര്‍ത്തി. രണ്ടാം പകുതിയിലായിരുന്നു സുബൈറിന്റെ അടുത്ത്‌ രണ്ട്‌ ഗോളുകള്‍. നാല്‍പ്പത്തിയൊമ്പതാം മിനുട്ടില്‍ വീണ്ടും സ്‌ക്കോര്‍ ചെയ്‌ത സുബൈര്‍ ഹാട്രിക്‌ തികച്ചത്‌ അമ്പത്തിയെട്ടാം മിനുട്ടിലാിരുന്നു.
കൊല്‍ക്കത്തയില്‍ നടന്ന മല്‍സരത്തില്‍ ഈസ്‌റ്റ്‌ ബംഗാള്‍ തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കി. മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്കവര്‍ ലാജോംഗ്‌ എഫ്‌.സിയെ തകര്‍ത്തു. ആബേല്‍ ഹാമോണ്ട്‌ രണ്ട്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തപ്പോള്‍ മൂന്നാം ഗോള്‍ യൂസഫ്‌ യാക്കൂബിന്റെ ബൂട്ടില്‍ നിന്നായിരുന്നു. മുപ്പത്തിയഞ്ചാം മിനുട്ടിലിരുന്നു ആദ്യ ഗോള്‍. 90, 93 മിനുട്ടികളിലായിരുന്നു അടുത്ത ഗോളുകള്‍. ഈസ്‌റ്റ്‌ ബംഗാല്‍ ഡിഫന്‍ഡര്‍ ഉഗ ഒക്‌പരയാണ്‌ കളിയിലെ കേമന്‍.
പോയന്റ്‌്‌ ടേബിള്‍
1- ഡെംപോ ഗോവ-15
2-ചിരാഗ്‌ യുനൈറ്റഡ്‌ -15
3-മഹീന്ദ്ര യുനൈറ്റഡ്‌-14
4-ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌-13
5-മോഹന്‍ ബഗാന്‍-13
6-ഈസ്‌റ്റ്‌ ബംഗാള്‍-12
7-ജെ.സി.ടി മില്‍സ്‌-9
8-മുംബൈ എഫ്‌.സി-9
9- ലാജോംഗ്‌ എഫ്‌.സി-8
10-പൂനെ എഫ്‌.സി-6
11-സാല്‍ഗോക്കര്‍-6
12-എയര്‍ ഇന്ത്യ-5
13-വിവ കേരള-4
14-സ്‌പോര്‍ട്ടിംഗ്‌ ഗോവ-3
ജെ.സി.ടി താരങ്ങള്‍ക്ക്‌ അപകടത്തില്‍ പരുക്ക്‌
മഡ്‌ഗാവ്‌: അണ്ടര്‍ 23 ഇന്ത്യന്‍ ക്യാമ്പിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ജെ.സി.ടി മില്‍സ്‌ മുന്‍നിരക്കാരന്‍ ബാല്‍ജിംത്‌ സിംഗ്‌ സാഹ്നിക്ക്‌ ബൈക്കപകടത്തില്‍ ഗുരുതരമായ പരുക്ക്‌. ബുധനാഴ്‌ച്ച രാത്രിയില്‍ മഡ്‌ഗാവ്‌ റെയില്‍വേ സ്‌റ്റേഷന്‌ സമീപമുണ്ടായ ബൈക്കപടത്തില്‍ സാഹ്നിയെ കൂടാതെ ജെ.സി.ടി ഡിഫന്‍ഡര്‍ സുനില്‍ താക്കൂറിനും കാര്യമായ പരുക്കുണ്ട്‌. രണ്ട്‌ പേരും ആശുപത്രിയില്‍ ചികില്‍സയിലാണ്‌. കൈക്കുഴയില്‍ കാര്യമായ പരുക്കേറ്റ സാഹ്‌നിക്ക്‌ 25 തുന്നലുകളാണ്‌ വേണ്ടിവന്നത്‌. താക്കൂറിന്റെ താടിയെല്ലിനാണ്‌ പരുക്ക്‌. ഇന്നലെ തന്നെ താടിയെല്ലില്‍ ശസ്‌ത്രക്രിയ നടത്തി.
രണ്ട്‌ പേര്‍ക്കും രണ്ട്‌ മാസത്തോളം കളിക്കളം വിടേണ്ടി വരും. സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന താരമാണ്‌ സാഹ്നി. ജെ.സി.ടി ഇതിനകം കളിച്ച ഏഴ്‌ മല്‍സരങ്ങളില്‍ നിന്നായി ആറ്‌ ഗോളുകളാണ്‌ മുന്‍നിരക്കാരന്‍ സ്വന്തമാക്കിയത്‌. ഈ മികവില്‍ ദേശീയ ക്യാമ്പിലേക്ക്‌ ക്ഷണിക്കപ്പെട്ട അദ്ദേഹത്തിന്‌ പരുക്ക്‌ കനത്ത തിരിച്ചടിയാണ്‌. രാത്രിയില്‍ ബൈക്കുമായി പുത്തിറങ്ങിയതായിരുന്നു ഇരുവരുമെന്ന്‌ ടീം മാനേജ്‌മെന്റ്‌്‌ അറിയിച്ചു. അപകടകാരണം വ്യക്തമല്ല. കനത്ത മഴ കാരണം റോഡ്‌ നനഞ്ഞ്‌ കിടന്നതിനാല്‍ ബൈക്ക്‌ സ്‌കിഡ്‌ ചെയ്‌തുവെന്നാണ്‌ കരുതുന്നത്‌. രണ്ട്‌ പേരും അബോധാവസ്ഥയില്‍ റോഡില്‍ കിടക്കുന്നത്‌ കണ്ട പോലീസാണ്‌ രക്ഷകരായത്‌. ടീമിലെ രണ്ട്‌ പ്രമുഖ താരങ്ങള്‍ക്ക്‌ പരുക്കേറ്റത്‌ വലിയ ആഘാതമാണെന്ന്‌ കോച്ച്‌ പര്‍മീന്ദര്‍ സിംഗ്‌ പറഞ്ഞു. ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന സുഖ്‌വീന്ദര്‍ സിംഗ്‌ ദേശീയ കോച്ചായി മാറിയതിനെ തുടര്‍ന്നാണ്‌ ടീമിന്റെ ചുമതല പര്‍മീന്ദറിന്‌ ലഭിച്ചത്‌. ഏഴ്‌ മല്‍സരങ്ങളില്‍ നിന്ന്‌ ഒമ്പത്‌ പോയന്റ്‌ കരസ്ഥമാക്കിയ ജെ.സി.ടി സാല്‍ഗോക്കറിനെതിരെ നാളെ നടക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കാനായാണ്‌ ഇവിടെയെത്തിയത്‌.

സൗഹൃദ മല്‍സരം റദ്ദാക്കി, സംസ്‌ക്കാരം ഞായറാഴ്‌ച്ച
ഹാനോവര്‍:ജര്‍മന്‍ ഗോള്‍ക്കീപ്പര്‍ റോബര്‍ട്ട്‌ എങ്കെയുടെ ശവസംസ്‌ക്കാരം ഞായറാഴ്‌ച്ച. ഹാനോവര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന അനുസ്‌മരണ ചടങ്ങിനും പ്രാര്‍ത്ഥനക്കും ശേഷം അദ്ദേഹത്തിന്റെ വീടിനടുത്തുളള സെമിത്തേരിയിലാണ്‌ സംസ്‌ക്കാരം. എങ്കെയുടെ മരണത്തില്‍ അനുശോചിച്ച്‌, നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന ജര്‍മനി-ചിലി സൗഹൃദമല്‍സരം റദ്ദാക്കി. ഇന്നലെ ഹാനോവര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങില്‍ നാല്‍പ്പതിനായിരത്തോളം ഫുട്‌ബോള്‍ പ്രേമികളാണ്‌ പങ്കെടുത്തത്‌. ദേശീയ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട എങ്കെയുടെ വിധവ തെരേസ ഭര്‍ത്താവ്‌ കഴിഞ്ഞ ആറ്‌ വര്‍ഷമായി വിഷാദരോഗത്തിന്‌ അടിമയായിരുന്നുവെന്ന്‌ പറഞ്ഞു. രണ്ട്‌ വയസ്സുകാരിയായ മകള്‍ മരിച്ചതിലെ നിരാശയില്‍ പലപ്പോഴും അദ്ദേഹം ചികില്‍സയിലായിരുന്നുവെന്ന്‌ ഭാര്യ പറഞ്ഞു. ഇന്നലെ നടന്ന പ്രാര്‍ത്ഥനാ ചടങ്ങില്‍ ജര്‍മന്‍ ദേശീയ ടീമിന്റെ നായകന്‍ മൈക്കല്‍ ബലാക്ക്‌, കോച്ച്‌ ജോക്കീം ലോ, ജര്‍മന്‍ ഫുബോള്‍ ഫെഡറേഷന്‍ പ്രസിഡണ്ട്‌ തിയോ സ്വന്‍സിംഗര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പില്‍ ജര്‍മന്‍ ദേശീയ ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍ക്കീപ്പറായി മാറുമെന്ന്‌ കരുതിയ എങ്കെ ചൊവാഴ്‌ച്ച രാത്രിയാണ്‌ ട്രെയിനിന്‌ മുന്നില്‍ ചാടി ആത്മഹത്യ ചെയ്‌തത്‌. പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരങ്ങള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദത്തിന്റെ ഇരയാണ്‌ എങ്കെയെന്ന്‌ കരുതപ്പെടുന്നു.
മകളുടെ മരണം അദ്ദേഹത്തെ ഉലച്ചിരുന്നു. അതിനൊപ്പം പ്രൊഫഷണല്‍ രംഗത്തെ സമ്മര്‍ദ്ദവും പലപ്പോഴും അദ്ദേഹത്തിന്‌ താങ്ങാനായിരുന്നില്ലെന്നാണ്‌ പറയപ്പെടുന്നത്‌. താന്‍ വിഷാദ രോഗിയാണെന്ന്‌ ലോകമറിഞ്ഞാല്‍ ദത്തുപുത്രിയെ പോലും നഷ്ടമാവുമോ എന്ന്‌ എങ്കെ ഭയന്നിരുന്നു. ഇതിനൊപ്പം അദ്ദേഹത്തിന്റെ പ്രൊഫഷണല്‍ കരിയറിലും പല തിരിച്ചടികളുമുണ്ടായി. ബാര്‍സിലോണ, ഫെനര്‍ബാഷെ, ബെനഫിക്ക തുടങ്ങിയ വലിയ ക്ലബുകളില്‍ അവസരം ലഭിച്ചിട്ടും തനിക്ക്‌ അംഗീകാരം ലഭിച്ചില്ല എന്ന പരാതി അദ്ദേഹത്തിനുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. ജര്‍മന്‍ ദേശീയ ടീമിനായി എട്ട്‌ മല്‍സരങ്ങളാണ്‌ കളിച്ചത്‌. അതിനിടെ പലപ്പോഴും പുറത്തിരുന്നു. നാളെ നിശ്ചയിച്ചിരുന്ന സൗഹൃദ മല്‍സരത്തില്‍ അദ്ദേഹത്തിന്‌ അവസരമുണ്ടായിരുന്നില്ല. അസുഖമായിരുന്നു ഇതിന്‌ കാരണം. ലോകകപ്പില്‍ കളിക്കാന്‍ അതിയായി മോഹിച്ച എങ്കെ തന്റെ സ്ഥാനം ഏതെങ്കിലും യുവഗോള്‍ക്കീപ്പര്‍ റാഞ്ചുമോ എന്നും ഭയന്നിരുന്നത്രെ....

ഫെല്‍പ്‌സ്‌ തളരുന്നു
സ്റ്റോക്ക്‌ഹാം: ബെയ്‌ജിംഗ്‌ ഒളിംപ്‌കിസില്‍ ലോകത്തെ വിസ്‌മയിപ്പിച്ച അമേരിക്കന്‍ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്‌സ്‌ തളരുന്നു. ഇവിടെ നടക്കുന്ന ഷോട്ട്‌ കോഴ്‌സ്‌ ലോകകപ്പില്‍ തപ്പിതടയുകയാണ്‌ സൂപ്പര്‍ താരം. കഴിഞ്ഞ ദിവസം നടന്ന ബട്ടര്‍ഫ്‌ളൈ ഹീറ്റ്‌സില്‍ പതിനൊന്നാം സ്ഥാനത്തായി നിരാശ നല്‍കിയ ഫെല്‍പ്‌സിന്‌ ഇന്നലെ 200 മീറ്റര്‍ മെഡ്‌ലി ഫൈനലില്‍ രണ്ടാം സ്ഥാനമാണ്‌ ലഭിച്ചത്‌. ഡാരിയന്‍ ടൗണ്‍സ്‌റ്റാന്‍ഡ്‌ സ്വര്‍ണ്ണം നേടിയപ്പോള്‍ രണ്ട്‌ സെക്കന്‍ഡ്‌ പിറകിലാണ്‌ ഒളിംപിക്‌ ചാമ്പ്യന്‌ ഫിനിഷ്‌ ചെയ്യാന്‍ കഴിഞ്ഞത്‌. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തിലും അദ്ദേഹത്തിന്‌ ഫൈനല്‍ ബെര്‍ത്തുണ്ടായിരുന്നില്ല. ഫ്രീ സ്റ്റൈലിലും തിരിച്ചടിയായിരുന്നു. ബാക്‌സ്‌ട്രോക്കിലാവട്ടെ അയോഗ്യത കല്‍പ്പിക്കപ്പെടുകയും ചെയ്‌തു. ഓഗസ്‌റ്റില്‍ നടന്ന ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പിന്‌ ശേഷം ഫെല്‍പ്‌സ്‌ പങ്കെടുക്കുന്ന ആദ്യ രാജ്യാന്തര ചാമ്പ്യന്‍ഷിപ്പാണിത്‌. കൂടാതെ സാധാരണഗതിയിലുളള സിം സ്യൂട്ടാണ്‌ അദ്ദേഹം അണിഞ്ഞിരുന്നതും. ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ ഫെല്‍പ്‌സ്‌ എട്ട്‌ സ്വര്‍ണ്ണം സ്വന്തമാക്കിയത്‌ ഹൈടെക്‌ സിം സ്യൂട്ട്‌്‌ ധരിച്ച്‌ മല്‍സരിച്ചായിരുന്നു. 2006 ലാണ്‌ അവസാനമായി ഷോട്ട്‌ കോഴ്‌സ്‌ മല്‍സരങ്ങളില്‍ ഫെല്‍പ്‌സ്‌ പങ്കെടുക്കുന്നത്‌. യൂറോപ്പില്‍ അദ്ദേഹം അവസാനമായി ഷോട്ട്‌ കോഴ്‌സില്‍ മല്‍സരിച്ചതാവട്ടെ 2001 ലും.

ഇനിയില്ല
കറാച്ചി: യൂനസ്‌ഖാന്‌ ഇത്‌ വരെയുണ്ടായിരുന്നത്‌ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ പിന്തുണയായിരുന്നു. ഇപ്പോള്‍ അതും നഷ്‌ടമായ സ്ഥിതിക്ക്‌ യൂനസിന്‌ ഇനി പാക്കിസ്‌താന്‍ ദേശീയ ടീമിന്റെ നായകനാവാന്‍ കഴിയില്ല. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ തോല്‍വിക്ക്‌ ശേഷം യൂനസ്‌ വിശ്രമം തേടിയപ്പോള്‍ വളരെ പെട്ടെന്ന്‌ പി.സി.ബി അതനുവദിച്ചത്‌ ടീമിന്റെ അവസ്ഥ മനസ്സിലാക്കി തന്നെയാണ്‌. സീനിയര്‍ താരങ്ങളായ ഷാഹിദ്‌ അഫ്രീദി, ഷുഹൈബ്‌ മാലിക്‌, കമറാന്‍ അക്‌മല്‍ എന്നിവരുള്‍പ്പെടെ ടീമിലെ എട്ട്‌ പേര്‍ യൂനസിനെതിരെയായിരുന്നു. മുന്‍ ക്യാപ്‌റ്റനും ദേശീയ ടീമിന്റെ അടുത്ത പരിശീലകനാവുമെന്ന്‌ കരുതപ്പെടുന്ന ഇന്‍സമാമുല്‍ഹഖും യൂനസിനെതിരെ പരസ്യമായി രംഗത്ത്‌ വന്ന പശ്ചാത്തലത്തിലാണ്‌ പി.സി.ബി ഇനിയും യൂനസിന്‌ സംരക്ഷണ കവചം നല്‍കേണ്ടെന്ന്‌ തീരുമാനിച്ചത്‌. ന്യൂസിലാന്‍ഡിനെതിരെ നടന്ന അവസാന ഏകദിനത്തില്‍ പാക്കിസ്‌താന്‍ തകര്‍ന്നത്‌ സീനിയര്‍ താരങ്ങള്‍ യൂനസിനോടുളള അമര്‍ഷം പരസ്യമായി മൈതാനത്ത്‌ പ്രകടിപ്പിച്ചത്‌ കൊണ്ടാണെന്നാണ്‌ പറയപ്പെടുന്നത്‌. ഉറച്ച ബാറ്റിംഗ്‌ വിക്കറ്റില്‍ പാക്‌ ബാറ്റിംഗ്‌ നിരയിലെ ഒമ്പത്‌ പേര്‍ മടങ്ങുമ്പോള്‍ സ്‌ക്കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്‌ കേവലം 101 റണ്‍സായിരുന്നു. അഫ്രീദി ഉള്‍പ്പെടെ പലരും ബോധപൂര്‍വമാണ്‌ പുറത്തായതെന്നാണ്‌ യൂനസ്‌ ക്യാമ്പ്‌ കുറ്റപ്പെടുത്തുന്നത്‌. അവസാന വിക്കറ്റില്‍ ബൗളര്‍മാരായ സയദ്‌ അജ്‌മലും മുഹമ്മദ്‌ ആമിറും നടത്തിയ റെക്കോര്‍ഡ്‌ പ്രകടനത്തിലാണ്‌ വന്‍ തോല്‍വിയില്‍ നിന്നും ടീം രക്ഷപ്പെട്ടത്‌. ഈ മല്‍സരത്തിന്‌ ശേഷം തനിക്ക്‌ ടീമിന്റെ പിന്തുണ പൂര്‍ണ്ണമായും നഷ്ടപ്പെട്ട സത്യം മനസ്സിലാക്കിയാണ്‌ യൂനസ്‌ വിശ്രമം തേടിയത്‌. 2011 ലെ ലോകകപ്പ്‌ വരെ അദ്ദേഹത്തിന്‌ ക്യാപ്‌റ്റന്‍സി വാഗ്‌ദാനം ചെയ്‌ത പി.സി.ബി യാവട്ടെ എല്ലാം മനസ്സിലാക്കി തന്നെ നീങ്ങി. ഇനിയിപ്പോള്‍ യൂനസിന്റെ ഭാവി വ്യക്തമല്ല. ന്യൂസിലാന്‍ഡിനെതിരെ മൂന്ന്‌ ടെസ്‌റ്റുകളിലാണ്‌ പാക്കിസ്‌താന്‍ പങ്കെടുക്കുന്നത്‌. അതിന്‌ ശേഷം ഡിസംബര്‍ അവസാനം ടീം ഓസ്‌ട്രേലിയയിലേക്ക്‌ തിരിക്കുന്നുണ്ട്‌. രാജ്യാന്തര ക്രിക്കറ്റില്‍ തുടരാന്‍ യൂനസിന്‌ താല്‍പ്പര്യമുണ്ട്‌. ഓസ്‌ട്രേലിയന്‍ പര്യടനം മുന്‍നിര്‍ത്തി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച്‌ പരിശീലനം നേടാന്‍ അദ്ദേഹം ഒരുങ്ങുമെന്നാണ്‌ കരുതപ്പെടുന്നത്‌.
മുഹമ്മദ്‌ യൂസഫിനെ നായകനാക്കിയത്‌ കലാപം തല്‍ക്കാലം അകറ്റിയിട്ടുണ്ട്‌. യൂസഫും മുന്‍ ക്യാപ്‌റ്റന്‍ ഷുഹൈബ്‌ മാലിക്കും നല്ല ബന്ധത്തില്ലല്ല. നേരത്തെ യൂസഫിനെ ടീമില്‍ നിന്ന്‌ പുറത്താക്കിയപ്പോള്‍ അദ്ദേഹം അന്നത്തെ നായകന്‍ മാലിക്കിനെതിരെ പരസ്യമായി പ്രതികരിച്ചിരുന്നു. മാലിക്കിനെയും പി.സി.ബിയെയും കുറ്റപ്പെടുത്തിയാണ്‌ യൂസഫ്‌ വിവാദ ഐ.സി.എല്ലിലേക്ക്‌ ചേക്കേറിയത്‌. ഈയിടെയാണ്‌ അദ്ദേഹം മുഖ്യധാരാ ക്രിക്കറ്റിലേക്ക്‌ തിരിച്ചുവന്നത്‌. യൂസഫ്‌ ക്യാപ്‌റ്റന്‍സി ഏറ്റെടുത്തത്‌ തന്നെ ഇന്‍സമാമിന്റെ സമ്മതം തേടിതയിന്‌ ശേഷമാണ്‌. യൂനസിന്‌ പകരം അഫ്രീദിയെ നായകനാക്കണമെന്നാണ്‌ ഇത്‌ വരെ ഇന്‍സി ആവശ്യപ്പെട്ടിരുന്നത്‌.
പാക്കിസ്‌താന്‍ ക്രിക്കറ്റില്‍ ഇത്തരം സംഭവങ്ങളൊന്നും പുതിയതല്ല. 1981-82 സീസണിലാണ്‌ അന്നത്തെ നായകന്‍ ജാവേദ്‌ മിയാന്‍ദാദിനെ മാറ്റാന്‍ മറ്റ്‌ താരങ്ങളെല്ലാം ഒരുമിച്ചത്‌. മിയാന്‍ദാദിന്‌ കീഴില്‍ കളിക്കില്ലെന്ന്‌ ടീമിലെ പതിനൊന്ന്‌ പേരും പ്രഖ്യാപിച്ചപ്പോള്‍ രണ്ടാം നിരയെയാണ്‌ തെരഞ്ഞെടുത്തത്‌. എന്നാല്‍ പിന്നീട്‌ മിയാന്‍ദാദിന്‌ രാജി നല്‍കേണ്ടി വന്നു. അങ്ങനെയാണ്‌ ഇമ്രാന്‍ഖാന്‍ നായകനാവുന്നത്‌. 1992-93 സീസണില്‍ മിയാന്‍ദാദ്‌ തന്നെ വീണ്ടും കലാപത്തിനിരയായി. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലായിരുന്നു സംഭവം. മിയാന്‍ദാദിന്‌ കീഴില്‍ കളിക്കാന്‍ പലരും വിസമ്മതിച്ചപ്പോള്‍ വസീം അക്രം നായകനായി. അധികം താമസിയാതെ അക്രമിനെതിരെ ചില താരങ്ങള്‍ തിരിഞ്ഞപ്പോള്‍ വഖാര്‍ യൂനസ്‌ നായകനായി. കലാപം തുടരുമ്പോള്‍ മുഹമ്മദ്‌ യൂസഫിന്റെ കസേരക്കുമിപ്പോള്‍ സുരക്ഷയില്ല.
ദാദ 76
കൊല്‍ക്കത്ത: പ്രായം സൗരവ്‌ ദാദയെ തളര്‍ത്തിയിട്ടില്ല. ബറോഡക്കെതിരായ രജ്ഞി പോരാട്ടത്തില്‍ ബംഗാള്‍ ഒന്നാം ഇന്നിംഗ്‌സ്‌ ലീഡ്‌ വഴങ്ങിയെങ്കിലും സൗരവ്‌ വിലപ്പെട്ട 76 റണ്‍സ്‌ സ്വന്തമാക്കി. കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ നായകനായി അവരോധിക്കപ്പെട്ട സൗരവ്‌ ഐ.പി.എല്ലിന്‌ മുന്നോടിയായി പരിശീലനം തേടിയാണ്‌ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നത്‌. ബറോഡ ഒന്നാം ഇന്നിംഗ്‌സില്‍ നേടിയ 307 റണ്‍സിന്‌ മറുപടിയായി ബംഗാള്‍ 293 റണ്‍സിന്‌ പുറത്തായി. ബംഗാളിന്റെ ടോപ്‌ സ്‌ക്കോറര്‍ സൗരവ്‌ തന്നെയാണ്‌. യൂസഫ്‌ പത്താന്റെ പന്തില്‍ സ്‌റ്റംമ്പ്‌ നഷ്ടമായാണ്‌ അദ്ദേഹം പുറത്തായത്‌. ബറോഡ നായകന്‍ ഇര്‍ഫാന്‍ പത്താന്‍ 90 റണ്‍സിന്‌ മുന്ന്‌ വിക്കറ്റ്‌ നേടി. എം.വൈ വഹോര 35 റണ്‍സിന്‌ നാല്‌ പേരെ പുറത്താക്കി. മികച്ച പ്രകടനം നടത്തി. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ബറോഡ രണ്ടാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റിന്‌ 58 റണ്‍സ്‌ നേടിയിട്ടുണ്ട്‌.

പ്ലേ ഓഫ്‌
വെല്ലിഗ്‌ടണ്‍: അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ്‌ ഫൈനല്‍ റൗണ്ടില്‍
അവശേഷിക്കുന്ന ബെര്‍ത്തുകള്‍ക്കായി ആഫ്രിക്കയില്‍ യോഗ്യതാ മല്‍സരങ്ങളും യൂറോപ്പിലും ഏഷ്യയിലും പ്ലേ ഓഫ്‌ മല്‍സരങ്ങളും നാളെ മുതല്‍. പ്ലേ ഓഫ്‌ പോരാട്ടങ്ങളുടെ ആദ്യപാദമാണ്‌ നാളെ നടക്കുന്നത്‌. രണ്ടാം പാദം 18 നും. വെല്ലിംഗ്‌ടണില്‍ നടക്കുന്നത്‌ ചരിത്ര പോരാട്ടമാണ്‌. ഓഷ്യാന ചാമ്പ്യന്മാരായ ന്യൂസിലാന്‍ഡും ഏഷ്യന്‍ കരുത്തരായ ബഹറൈനുമാണ്‌ നേര്‍ക്കുനേര്‍ വരുന്നത്‌. ഇവര്‍ തമ്മില്‍ മനാമയില്‍ നടന്ന ആദ്യപാദ മല്‍സരം ഗോള്‍രഹിത സമനിലയിലാണ്‌ അവസാനിച്ചത്‌. നാളെ ജയിച്ചാല്‍ കിവിസീന്‌ 28 വര്‍ഷത്തിന്‌ ലോക ഫുട്‌ബോളിലെ പ്രധാന ചാമ്പ്യന്‍ഷിപ്പില്‍ സ്വന്തം വന്‍കരയെ പ്രതിനിധീകരിക്കാം. ബഹറൈനാണ്‌ ജയമെങ്കില്‍ ലോകകപ്പ്‌ ഫൈനല്‍ റൗണ്ടില്‍ കളിക്കുന്ന ഏറ്റവും ചെറിയ രാജ്യമെന്ന ബഹുമതി അവര്‍ക്ക്‌ സ്വന്തമാക്കാം. ബഹറൈന്‍ ഇത്‌ വരെ ലോകകപ്പ്‌ ഫൈനല്‍ റൗണ്ട്‌ കളിച്ചിട്ടില്ല. നാല്‌ വര്‍ഷം മുമ്പ്‌ അവര്‍ പ്ലേ ഓഫ്‌ ടിക്കറ്റ്‌ സ്വന്തമാക്കിയിരുന്നു. അന്ന്‌ പക്ഷേ ട്രിനിഡാഡിന്‌ മുന്നില്‍ തോല്‍ക്കുകയായിരുന്നു. ഗോള്‍രഹിത സമനിലയില്‍ കലാശിച്ച ആദ്യപാദത്തിന്‌ ശേഷം രണ്ടാം പാദത്തില്‍ ഡെന്നിസ്‌ ലോറന്‍സിന്റെ ഹെഡ്ഡര്‍ ഗോളാണ്‌ അന്ന്‌ ട്രിനിഡാഡിനെ തുണച്ചത്‌. സ്വന്തം മൈതാനത്ത്‌ നടക്കുന്ന മല്‍സരമായതിനാല്‍ വലിയ പ്രതീക്ഷയിലാണ്‌ കിവീസ്‌.
യൂറോപ്പിലെ പ്ലേ ഓഫ്‌ മല്‍സരങ്ങളില്‍ നാളെ റഷ്യ മോസ്‌ക്കോയില്‍ സ്ലോവേനിയയുമായും, ഡുബ്ലിനില്‍ റിപ്പബ്ലിക്‌ ഓഫ്‌ അയര്‍ലാന്‍ഡ്‌ ഫ്രാന്‍സുമായും ഏതന്‍സില്‍ ഗ്രീസ്‌ ഉക്രൈനുമായും ലിസ്‌ബണില്‍ പോര്‍ച്ചുഗല്‍ ബോസ്‌നിയയുമായും കളിക്കും.
ആഫ്രിക്കയില്‍ നാളെ നടക്കുന്ന മല്‍സരങ്ങള്‍: മൊസാംബിക്‌-ടുണിഷ്യ, ടോംഗോ-ഗാബോണ്‍, മൊറോക്കോ-കാമറൂണ്‍, റുവാന്‍ഡ-സാംബിയ, കെനിയ-നൈജീരിയ, ബുര്‍ക്കിനോഫാസോ-മലാവി, ഐവറി കോസ്‌റ്റ്‌-ഗുനിയ, ഈജിപ്‌ത്‌-അള്‍ജിരിയ, സുഡാന്‍-ബെനിന്‍. പ്ലേ ഓഫ്‌: കോസ്‌റ്റാറിക്ക-ഉറുഗ്വേ

No comments: