Friday, November 20, 2009

BORAN DRAW

വിരസ സമനില
അഹമ്മദാബാദ്‌: ബാറ്റ്‌സ്‌മാന്മാരുടെ പറുദീസയില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക ഒന്നാം ടെസ്‌റ്റ്‌്‌ പ്രതീക്ഷിക്കപ്പെട്ട പോലെ വിരസമായ സമനിലയില്‍ അവസാനിച്ചു. ഒന്നം ഇന്നിംഗ്‌സില്‍ വലിയ ലീഡ്‌ വഴങ്ങിയ ഇന്ത്യ പതറുമോ എന്ന അവസാന ദിവസത്തെ ചോദ്യത്തിന്‌ മുന്നില്‍ ഗൗതം ഗാംഭീറും സച്ചിന്‍ ടെണ്ടുല്‍ക്കറും സെഞ്ച്വറികളോടെ മറുപടി നല്‍കിയപ്പോള്‍ ബൗളര്‍മാര്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും വെറുതെ വിയര്‍പ്പൊഴുക്കി. ഇന്ത്യന്‍ രണ്ടാം ഇന്നിംഗ്‌സ്‌ സ്‌ക്കോര്‍ നാല്‌ വിക്കറ്റിന്‌ 341 റണ്‍സ്‌ എന്ന നിലയിലെത്തിയപ്പോള്‍ ഇരു നായകന്മാരും സമനിലക്ക്‌ സമ്മതിക്കുകയായിരുന്നു. ഇന്നലെ മല്‍സരത്തിന്റെ അവസാന ദിവസത്തില്‍ ഇന്ത്യ ബാറ്റേന്തുമ്പോള്‍ 144 റണ്‍സിന്റെ കമ്മിയുണ്ടായിരുന്നു. ഇതായിരുന്നു ലങ്കയുടെ പ്രതീക്ഷ. പക്ഷേ രണ്ട്‌ വിക്കറ്റുകള്‍ മാത്രമാണ്‌ ഇന്നലെ വീണത്‌. അതിലൊന്ന്‌ നൈറ്റ്‌വാച്ച്‌മാന്‍ അമിത്‌ മിശ്രയുടേതായിരുന്നു. സെഞ്ച്വറി സ്വന്തമാക്കിയ ശേഷം ലങ്കാന്‍ ഹെറാത്തിനെതിരെ കൂറ്റന്‍ ഷോട്ടിന്‌ മുതിര്‍ന്ന്‌ സ്വന്തം പിഴവില്‍ പുറത്തായ ഗൗതം ഗാംഭീറിന്റേതായിരുന്നു രണ്ടാമത്തെ പതനം. ഈ വര്‍ഷമാദ്യം നേപ്പിയറില്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന ടെസ്‌റ്റിലെ രണ്ടാം ഇന്നിംഗ്‌സിലെ ഉറച്ച പ്രകടനം വഴി ടീമിന്‌ സമനില സമ്മാനിച്ച ഗാംഭീര്‍ അതേ പ്രകടനമാണ്‌ ആവര്‍ത്തിച്ചത്‌. 114 റണ്‍സാണ്‌ അദ്ദേഹം നേടിയത്‌. മിശ്രക്ക്‌ പകരം വന്ന സച്ചിനും സാഹസത്തിനൊത്തും മുതിര്‍ന്നില്ല. അനുഭവസമ്പത്തിന്റെ പക്വതയില്‍ ഒരു തരത്തിലും അദ്ദേഹം സ്വന്തം താല്‍പ്പര്യത്തിനായി കളിച്ചില്ല. അവസാനത്തില്‍ സച്ചിന്റെ സെഞ്ച്വറിക്കായി മാത്രം മല്‍സരം ദീര്‍ഘിപ്പിച്ചപ്പോള്‍ മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ക്ക്‌ തന്റെ രാജ്യാന്തര കരിയറിന്റെ ഇരുപതാം വാര്‍ഷികത്തിലെ ആദ്യ മല്‍സരത്തില്‍ തന്നെ ക്ലാസ്‌ ആവര്‍ത്തിക്കാനായി. നാല്‍പ്പത്തിമൂന്നാം ടെസ്റ്റ്‌ സെഞ്ച്വറിക്കൊപ്പം രാജ്യാന്തര ക്രിക്കറ്റില്‍ സച്ചിന്‍ 30,000 റണ്‍സും പൂര്‍ത്തിയാക്കി.
ബൗളര്‍മാരെ ഒരു തരത്തിലും പിച്ച്‌ പിന്തുണച്ചില്ല. വെലിഗിഡാര, മുത്തയ്യ മുരളീധരന്‍, ലങ്കാന ഹെറാത്ത്‌ എന്നിവര്‍ക്കൊപ്പം ആഞ്ചലോ മാത്യൂസും ദിവസം മുഴുവന്‍ പന്തെറിഞ്ഞിട്ടും മന്ദഗതിയില്‍ പ്രതികരിച്ച പിച്ചിലെ രാജാക്കന്മാരാവാന്‍ കഴിഞ്ഞില്ല. രാവിലെ ആദ്യ മണിക്കൂറായിരുന്നു നിര്‍ണ്ണായകം. ഈ സമയത്ത്‌ കാര്യമായി ഒന്നും സംഭവിച്ചില്ല. ലഞ്ചിന്‌ ശേഷം ഗാംഭീറും സച്ചിനുമായിരുന്നു ക്രീസില്‍. രണ്ട്‌ പേരും സ്വന്തം ദൗത്യത്തില്‍ വിജയിച്ചു. മൂന്നാം സെഷനില്‍ സച്ചിനൊപ്പം ലക്ഷ്‌മണായിരുന്നു. അദ്ദേഹത്തിനും പ്രശ്‌നങ്ങളുണ്ടായില്ല. സ്‌ക്കോര്‍ അവസാനത്തില്‍: ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌-426 (ദ്രാവിഡ്‌ 177, ധോണി -110, വെലിഗിഡാര 87 ന്‌ 4). ശ്രീലങ്ക-ഒന്നാം ഇന്നിംഗ്‌സ്‌-ഏഴ്‌ വിക്കറ്റിന്‌ 760 ഡിക്ലയേര്‍ഡ്‌. (മഹേല 275, പ്രസന്ന പുറത്താവാതെ 154, ദില്‍ഷാന്‍ 112). ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ്‌-നാലിന്‌ 341 (ഗാംഭീര്‍ 114, സച്ചിന്‍ പുറത്താവാതെ 100).

സോറീ...
സൂറിച്ച്‌: റിപ്പബ്ലിക്‌ ഓഫ്‌ അയര്‍ലാന്‍ഡിന്റെ പ്രതീക്ഷയാവുന്ന റീപ്ലേ ആവശ്യങ്ങള്‍ക്ക്‌ മുന്നില്‍ ഫിഫ വാതില്‍ കൊട്ടിയടച്ചു. ഫ്രാന്‍സിനെതിരായ ലോകകപ്പ്‌ പ്ലേ ഓഫ്‌ രണ്ടാം പാദ മല്‍സരം ഒരിക്കല്‍കൂടി നടത്തണമെന്ന ഐറിഷ്‌ വാദം ലോക ഫുട്‌ബോളിനെ ഭരിക്കുന്ന ഫിഫ നിഷ്‌കരുണം തള്ളി. ഒരു തരത്തിലും പുനര്‍ മല്‍സരം എന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല എന്ന നിലപാട്‌ വളരെ വ്യക്തമായാണ്‌ ഫിഫ പ്രഖ്യാപിച്ചത്‌. ബുധനാഴ്‌ച്ച രാത്രി പാരീസിലെ സ്‌റ്റഡെ ഡി ഫ്രാന്‍സ്‌ സ്‌റ്റേഡിയത്തില്‍ നടന്ന ലോകകപ്പ്‌ പ്ലേ ഓഫ്‌ രണ്ടാം പാദം അധിക സമയത്തേക്ക്‌ ദീര്‍ഘിച്ചപ്പോള്‍ പിറന്ന വിവാദ ഗോളിലാണ്‌ ഫ്രാന്‍സ്‌ അയര്‍ലാന്‍ഡിനെ തോല്‍പ്പിച്ചത്‌. ഡിഫന്‍ഡര്‍ വില്ല്യം ഗല്ലാസാണ്‌ ഗോള്‍ നേടിയത്‌. എന്നാല്‍ ഗോളിലേക്ക്‌ പന്ത്‌ നല്‍കുന്നതിന്‌ മുമ്പ്‌്‌ ക്യാപ്‌റ്റന്‍ തിയറി ഹെന്‍ട്രിയുടെ കൈപാദത്തില്‍ വ്യക്തമായും പന്ത്‌ തട്ടിയിരുന്നു. ടെലിവിഷന്‍ റിപ്ലേകളില്‍ ഇത്‌ വ്യക്തമായിരുന്നു. മല്‍സരത്തിന്‌ ശേഷം ഹെന്‍ട്രി ഇത്‌ സമ്മതിക്കുകയും ചെയ്‌തിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ അയര്‍ലാന്‍ഡ്‌ ടീം ഔദ്യോഗികമായി മല്‍സരം വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട്‌ ഫിഫക്ക്‌്‌ പരാതി നല്‍കിയത്‌. അയര്‍ലാന്‍ഡ്‌ ഭരണക്കൂടവും പ്രശ്‌നത്തില്‍ ഇടപ്പെട്ട്‌്‌ ഫിഫക്ക്‌ കത്ത്‌ നല്‍കിയിരുന്നു. എന്നാല്‍ ഒരു തരത്തിലും റിപ്ലേ നടത്താന്‍ കഴിയില്ല എന്നാണ്‌ ഫിഫ വ്യക്തമാക്കിയത്‌. മല്‍സരം വീണ്ടും നടത്താന്‍ ഫ്രഞ്ച്‌ ഫുട്‌ബോള്‍ അസോസിയേഷന്‍ താല്‍പ്പര്യമെടുത്താല്‍ മാത്രമാണ്‌ എന്തെങ്കിലും സാധ്യത അവശേഷിച്ചിരുന്നത്‌. എന്നാല്‍ അങ്ങനെയൊരു നീക്കത്തിന്‌ തങ്ങള്‍ക്ക്‌ താല്‍പ്പര്യമില്ല എന്ന്‌ ഫ്രഞ്ച്‌ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഫ്‌.എഫ്‌.എഫ്‌) അറിയിച്ചതോടെ ആ വാതിലും അടഞ്ഞു.
പൂര്‍ണ്ണമായ ഒരു മല്‍സരം ഒരിക്കലും ഇത്‌ വരെ വീണ്ടും നടത്തിയിട്ടില്ല. അത്‌ തെറ്റായ കീഴ്‌വഴക്കമുണ്ടാക്കുമെന്നാണ്‌ ഫിഫ കേന്ദ്രങ്ങള്‍ പറയുന്നത്‌. ഒരു മല്‍സരം വീണ്ടും നടത്തിയാല്‍ പിന്നെ അത്തരം ആവശ്യങ്ങള്‍ ആവര്‍ത്തിക്കപ്പെടും. മല്‍സരത്തില്‍ റഫറിയുടെ തീരുമാനം അന്തിമമാണ്‌. ചിലപ്പോള്‍ റഫറിക്ക്‌ തെറ്റ്‌ പറ്റിയേക്കാം. എന്നാല്‍ റഫറിയുടെ തീരുമാനം മല്‍സരത്തില്‍ അന്തിമവും ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്തതുമാണ്‌-ഫിഫ വ്യക്തമാക്കി. ഫുട്‌ബോളിന്റെ അന്തസ്സ്‌ ഉയര്‍ത്തിപിടിക്കാന്‍ ഒരിക്കല്‍കൂടി മല്‍സരം നടത്തണമെന്നാണ്‌ ഫ്രാന്‍സിന്റെ ആവശ്യം. ഐറിഷ്‌ പ്രധാനമന്ത്രി ബ്രയന്‍ കോവന്‍ ഈ കാര്യത്തില്‍ ഫ്രഞ്ച്‌ പ്രസിഡണ്ട്‌ നിക്കോളാസ്‌ സര്‍ക്കോസിയുമായി കൂടികാഴ്‌ച്ചക്ക്‌ പോലും തയ്യാറായിരുന്നു. എന്നാല്‍ കളിക്കളത്തിലെ കാര്യങ്ങള്‍ക്ക്‌ രാഷ്ട്രീയ പരിഹാരം തേടരുതെന്ന്‌ ഫ്രഞ്ച്‌ പ്രധാനമന്ത്രി ഫ്രാന്‍കോയിസ്‌ ഫിലോണ്‍ അയര്‍ലാന്‍ഡിനോട്‌ പറഞ്ഞിട്ടുണ്ട്‌.
അതേ സമയം ഒരു തവണ അവസാനിച്ച മല്‍സരം ഏതൊരു സാഹചര്യത്തിലും വീണ്ടും നടത്തുകയില്ലെന്ന വിശ്വാസം തനിക്കുണ്ടെന്ന്‌ അയര്‍ലാന്‍ഡ്‌ കോച്ച്‌ ജിയോവന്നി ട്രപ്പറ്റോണി പറഞ്ഞു. റഫറിയുടെ തീരുമാനം അന്തിമമാണ്‌. അദ്ദേഹം വിസിലൂതിയാല്‍ പിന്നെ മല്‍സരമില്ല. എന്നാല്‍ വലിയ മല്‍സരങ്ങളില്‍ റഫറിമാര്‍ തെറ്റുകള്‍ ചെയ്യുന്നതെന്ന്‌ അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. പാരീസില്‍ നടന്ന രണ്ടാം പാദ മല്‍സരത്തില്‍ തന്റെ ടീമിന്‌ വ്യക്തമായ സാധ്യതയുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. ഡുബ്ലിനില്‍ നടന്ന ആദ്യ പാദത്തിലെ തോല്‍വിയില്‍ നിന്നും മുക്തി തേടിയാണ്‌ കളിച്ചത്‌. എല്ലാവരും നന്നായി കളിച്ചു. റോയ്‌ കീന്‍ നേടിയ ഗോള്‍ ടീമിന്റെ കരുത്തായിരുന്നു. മല്‍സരം അധികസമയത്തേക്ക്‌ ദീര്‍ഘിച്ചപ്പോള്‍ വിവാദ ഗോളെത്തി. എന്നാല്‍ മല്‍സരത്തില്‍ നീതി തന്റെ ടീമിന്‌ ലഭിച്ചില്ല എന്ന കാര്യത്തില്‍ രണ്ട്‌ അഭിപ്രായമില്ലെന്ന്‌ കോച്ച്‌ പറഞ്ഞു.
ഫിഫ അച്ചടക്കസമിതിക്ക്‌ പരാതി നല്‍കാന്‍ അയര്‍ലാന്‍ഡ്‌ തീരുമാനിച്ചിട്ടുണ്ട്‌. 2005 ല്‍ ഫിഫ അച്ചടക്കസമിതി കൈകൊണ്ട ഒരു തീരുമാനത്തിലാണ്‌ അയര്‍ലാന്‍ഡിന്റെ പ്രതീക്ഷ. ആ വര്‍ഷം ഉസ്‌ബെക്കിസ്ഥാനും ബഹറൈനും തമ്മിലുളള ലോകകപ്പ്‌ യോഗ്യതാ മല്‍സരം ഫിഫ റദ്ദാക്കിയിരുന്നു. ആ മല്‍സരത്തില്‍ റഫറിക്ക്‌ സംഭവിച്ച സാങ്കേതിക പിഴവിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന്‌ കളി റദ്ദാക്കിയത്‌. തിയറി ഹെന്‍ട്രിയെ പോലെ ഒരു താരം വിവാദ ഗോളിന്റെ പേരില്‍ അറിയപ്പെടുന്നത്‌ ഫ്രാന്‍സിനും ആ താരത്തിനും ദോഷം ചെയ്യുമെന്നും അയര്‍ലാന്‍ഡ്‌ പറയുന്നു.

അസംബന്ധം
ലണ്ടന്‍: വിധി നിര്‍ണ്ണയിക്കപ്പെട്ട ഒരു മല്‍സരം വീണ്ടും നടത്തണമെന്നാവശ്യപ്പെടുന്നത്‌ അസംബന്ധമാണെന്ന്‌ അയര്‍ലാന്‍ഡിന്റെ മുന്‍ ക്യാപ്‌റ്റനും ഇപ്പോള്‍ ഐപ്‌സ്‌വിച്ച്‌ കോച്ചുമായ റോയ്‌ കീന്‍. മല്‍സരം അവസാനിച്ചുകഴിഞ്ഞു. ഫ്രാന്‍സാണ്‌ വിജയികള്‍. അവര്‍ ലോകകപ്പ്‌ കളിക്കണം. അതില്‍ മാറ്റമില്ല. രാജ്യത്തിന്‌ വേണ്ടി 65 മല്‍സരങ്ങള്‍ കളിച്ച റോയ്‌ ഐറിഷ്‌ ഫുട്‌ബോള്‍ അധികാരികളുടെ നീക്കത്തില്‍ അസംതൃപ്‌തനാണ്‌. ഞാന്‍ ഡ്രസ്സിംഗ്‌ റൂമിലുണ്ടായിരുന്നെങ്കില്‍ അത്തരം ഒരു ചര്‍ച്ചക്ക്‌ തന്നെ അവസരം നല്‍കില്ല. എന്തായിരുന്നു ഐറിഷ്‌ ഡിഫന്‍ഡര്‍മാര്‍ ഗല്ലാസിന്റെ ഗോള്‍ സമയത്ത്‌ ചെയ്‌തത്‌. അവര്‍ പന്ത്‌ അടിച്ചകറ്റേണ്ടവരല്ലേ, അല്ലെങ്കില്‍ ഗോള്‍ക്കീപ്പര്‍ ആ സമയത്ത്‌ എവിടെയായിരുന്നു-റോയ്‌ ചോദിക്കുന്നു. അയര്‍ലാന്‍ഡിന്‌ അവസരങ്ങള്‍ ധാരാളം ലഭിച്ചിരുന്നു. അത്‌ ഉപയോഗപ്പെടുത്തിയിട്ടില്ല. അവസാനത്തില്‍ തങ്ങള്‍ വഞ്ചിതരായി എന്ന്‌ പറയുന്നതില്‍ കാര്യമില്ല-റോയ്‌ തുറന്നടിച്ചു.

കേണല്‍ വന്നില്ല
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡുമായും മുംബൈ ക്രിക്കറ്റ്‌ അസോസിയേഷനുമായും അകന്ന്‌ നില്‍ക്കുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റനും കോച്ചും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന ദീലിപ്‌ വെംഗ്‌സാര്‍ക്കര്‍ അധികാരികളുമായി അകന്ന്‌ തന്നെ നില്‍ക്കുന്നു. കേണലിനെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരാന്‍ സുനില്‍ ഗവാസ്‌ക്കര്‍ ഒരു ശ്രമം നടത്തിയിരുന്നു. മുംബൈ ക്രിക്കറ്റ്‌ അസോസിയേഷന്റെ ക്രിക്കറ്റ്‌ ഇംപ്രൂവ്‌മെന്റ്‌്‌ കമ്മിറ്റിയില്‍ അദ്ദേഹത്തെ അംഗമാക്കി. എന്നാല്‍ കഴിഞ്ഞ ദിവസം ഈ കമ്മിറ്റിയുടെ ആദ്യ യോഗം നടന്നപ്പോള്‍ ആ ഭാഗത്തേക്ക്‌ തന്നെ കേണല്‍ വന്നില്ല. പലവിധ പ്രശ്‌നങ്ങളാലാണ്‌ കേണല്‍ അകന്നുനില്‍ക്കുന്നത്‌. അദ്ദേഹം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന കാലത്ത്‌ കൈകൊണ്ട പല തീരുമാനങ്ങളും വിവാദത്തിലായിരുന്നു.

ഇന്ത്യ 135
സൂറിച്ച്‌: ഫിഫയുടെ പുതിയ റാങ്കിംഗില്‍ ഇന്ത്യക്ക്‌ സ്ഥാനക്കയറ്റം. മൂന്ന്‌ സ്ഥാനം കയറി ഇന്ത്യ ഇപ്പോള്‍ 135 ലെത്തി. കഴിഞ്ഞ റാങ്കിംഗില്‍ ഇന്ത്യ 138 ലായിരുന്നു. ഇന്ത്യന്‍ ദേശീയ ടീം കഴിഞ്ഞ മാസങ്ങളില്‍ രാജ്യാന്തര ഫുട്‌ബോള്‍ കളിച്ചിട്ടെലെങ്കിലും ഇന്ത്യക്ക്‌ മുന്നിലായിരുന്ന ഹോംഗ്‌കോംഗ്‌, സുരിനാം, കിര്‍ഗിസ്ഥാന്‍ എന്നിവര്‍ക്ക്‌ കൂടുതല്‍ പോയന്റുകള്‍ നഷ്ടമായതാണ്‌ ഇന്ത്യക്ക്‌ ഗുണം ചെയ്‌തത്‌. മൂന്ന്‌ പോയന്റാണ്‌ ഇന്ത്യക്ക്‌ കൂടുതല്‍ ലഭിച്ചത്‌. ഇപ്പോഴത്തെ പോയന്റ സമ്പാദ്യം 163. ഏഷ്യയില്‍ ഇന്ത്യ 23 ല്‍ തന്നെ നില്‍ക്കുന്നു. ദേശീയ സീനിയര്‍ ടീമിന്‌ അടുത്തൊന്നും മല്‍സരങ്ങളില്ലാത്ത സാഹചര്യത്തില്‍ റാങ്കിംഗില്‍ ഇന്ത്യ ഇനി മുന്നേറാന്‍ സാധ്യതയില്ല. അടുത്ത മാസം നടക്കുന്ന സാഫ്‌ കപ്പില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നത്‌ അണ്ടര്‍ 23 ടീമാണ്‌. ലോക റാങ്കിംഗില്‍ ആദ്യ മൂന്ന്‌ സ്ഥാനങ്ങളില്‍ സ്‌പെയിന്‍, ബ്രസീല്‍, ഹോളണ്ട്‌ എന്നിവരാണ്‌. ഏഷ്യന്‍ ടീമുകളില്‍ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്നത്‌ 21 ലുള്ള ഓസ്‌ട്രേലിയയാണ്‌.

സംശയം തന്നെ
ലണ്ടന്‍: ലിംഗ വിവാദത്തില്‍ അകപ്പെട്ട ദക്ഷിണാഫ്രിക്കന്‍ അത്‌ലറ്റ്‌ കാസ്‌റ്റര്‍ സെമന്യയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന്‌ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ്‌ അത്‌ലറ്റിക്‌ ഫെഡറേഷന്‍സ്‌ വ്യക്തമാക്കി. ഓഗസ്‌റ്റില്‍ നടന്ന ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗം 800 മീറ്ററില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ സെമന്യയുടെ ലിംഗ നിര്‍ണ്ണയ പരിശോധനാ ഫലങ്ങള്‍ ഇനിയും പുറത്ത്‌ വന്നിട്ടില്ലെന്നും സെമന്യ നിരപരാധിയാണെന്ന ദക്ഷിണാഫ്രിക്കന്‍ വാദം പൂര്‍ണ്ണമല്ലെന്നും ഫെഡറേഷന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്ക സെമന്യയുടെ കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടായതായി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സെമന്യ കുറ്റമുക്തയായതായുളള വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ പ്രസീദ്ധീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും സെമന്യ സംശയക്കൂട്ടില്‍ തന്നെയാണെന്നാണ്‌ ലോക അത്‌ലറ്റിക്‌സിനെ ഭരിക്കുന്ന സംഘടന വ്യക്തമാക്കിയിരിക്കുന്നത്‌.

ലീഗുകള്‍ പുനരാരംഭിക്കുന്നു
ലണ്ടന്‍: ഫിഫ ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങള്‍ പൂര്‍ത്തിയായതോടെ യൂറോപ്പില്‍ വീണ്ടും ലീഗ്‌ ഫുട്‌ബോള്‍ ആരവങ്ങള്‍. ഇന്നും നാളെയുമായി എല്ലാ മേജര്‍ ലീഗുകളിലും തകര്‍പ്പന്‍ മല്‍സരങ്ങള്‍ തിരിച്ചുവരുകയാണ്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ഇന്ന്‌ തകര്‍പ്പനൊരു മല്‍സരമുണ്ട്‌. ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മില്‍. ലീഗില്‍ തപ്പിതടയുകയാണ്‌ റാഫേല്‍ ബെനിറ്റസിന്റെ ലിവര്‍പൂള്‍. നിരവധി പരാജയങ്ങളുമായി ടേബിളില്‍ പിറകിലുളള ടീമിന്‌ മുന്നില്‍ വരുന്ന സിറ്റിക്കാരാവട്ടെ അട്ടിമറിക്കാരാണ്‌. ഇത്‌ വരെ 12 മല്‍സരങ്ങളാണ്‌ ലിവര്‍ ലീഗില്‍ കളിച്ചത്‌. ഇതില്‍ അഞ്ചിലും തോറ്റു. അതിനിടെ ടീമിന്റെ സൂുപ്പര്‍ താരം ഫെര്‍ണാണ്ടോ ടോറസിനെ വില്‍ക്കാനുള്ള നീക്കവും നടക്കുന്നു. ചാമ്പ്യന്മാരായ മാഞ്ചസറ്റര്‍ യുനൈറ്റഡും നിലവില്‍ ഒന്നാം സ്ഥാനത്തുളള ചെല്‍സിയുമെല്ലം ഇന്ന്‌ കളിക്കുന്നുണ്ട്‌. പ്രീമിയര്‍ ലീഗില്‍ ഇന്നത്തെ മല്‍സരങ്ങള്‍: ബിര്‍മിംഗ്‌ഹാം-ഫുള്‍ഹാം, ബേര്‍ണ്‍ലി-ആസ്റ്റണ്‍വില്ല, ചെല്‍സി-വോള്‍വര്‍ഹാംടണ്‍, ഹള്‍സിറ്റി-വെസ്റ്റ്‌്‌ഹാം, ലിവര്‍പൂള്‍-മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌-എവര്‍ട്ടണ്‍, സുതര്‍ലാന്‍ഡ്‌-ആഴ്‌സനല്‍.
സ്‌പാനിഷ്‌ ലീഗില്‍ ഇന്ന്‌ റയലും ബാര്‍സയും അരങ്ങേറുന്നുണ്ട്‌. റയലിന്റെ പ്രതിയോഗികള്‍ റേസിംഗ്‌ സാന്‍ഡറും ബാര്‍സയുടേത്‌ അത്‌ലറ്റികോ ബില്‍ബവോയുമാണ്‌. സ്‌പാനിഷ്‌ ലീഗിലെ ഇന്നത്തെ മല്‍സരങ്ങള്‍: അത്‌ലറ്റികോ ബില്‍ബാവോ-ബാര്‍സ, ഡിപ്പോര്‍ട്ടീവോ-അത്‌ലറ്റികോ മാഡ്രിഡ്‌, റയല്‍-റേസിംഗ്‌ സാന്‍ഡര്‍, ടെനറിഫെ-സെവിയ.
ഇറ്റലിയില്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാന്‍ ബോളോഗ്‌നയുമായി കളിക്കുന്നു. ഇറ്റാലിയന്‍ സീരിയ എ യില്‍ ഇന്ന്‌: ബോളോഗ്‌ന-ഇന്റര്‍ മിലാന്‍, ഫിയോറന്റീന-പാര്‍മ.
ജര്‍മന്‍ ബുണ്ടേല്‍സ്‌ ലീഗില്‍ ഇന്നത്തെ എല്ലാ മല്‍സരങ്ങള്‍ക്കും മുമ്പ്‌ മരണപ്പെട്ട ഗോള്‍ക്കീപ്പര്‍ റോബര്‍ട്ട്‌ എങ്കെയോടുളള ആദരസൂചകമായി ഒരു മിനുട്ട്‌ മൗനം പാലിക്കും. എങ്കെയുടെ ക്ലബായ ഹാനോവര്‍ ഇന്ന്‌ ഷാല്‍ക്കെ 04 നെ നേരിടുന്നത്‌ പ്രിയപ്പെട്ട നായകനെ കൂടാതെയാണ്‌.

കേരളം കിരിടം ഉറപ്പിച്ചു
വാറങ്കല്‍: ഇന്ന്‌ ഇവിടെ അവസാനിക്കുന്ന ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌ മീറ്റില്‍ കേരളം കിരീടം ഉറപ്പാക്കി. പതിമൂന്ന്‌ വര്‍ഷമായി ജൂനിയര്‍ മീറ്റില്‍ ആധിപത്യം തുടരുന്ന കേരളം ഇതിനകം 25 സ്വര്‍ണ്ണ മെഡലുകള്‍ സ്വന്തമാക്കിക്കഴിഞ്ഞു. 200, 400 മീറ്ററുകളില്‍ കേരളം നിരാശ നല്‍കിയപ്പോള്‍ റിലേ ഇനങ്ങളിലാണ്‌ ടീമിന്‌ കരുത്ത്‌ പ്രകടിപ്പിക്കാന്‍ കഴിഞ്ഞത്‌. 22 വെള്ളിയും 21 വെങ്കലവും കേരളത്തിനുണ്ട്‌. അണ്ടര്‍ 14 ആണ്‍കുട്ടികളുടെ സ്‌പ്രിന്റില്‍ അബ്ദുള്‍ സമദ്‌ ഇരട്ട സ്വര്‍ണ്ണം നേടി.

No comments: