Wednesday, November 4, 2009

AUSSI INJURY

ഫെഡറേഷന്‍ കപ്പ്‌
ന്യൂഡല്‍ഹി:ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോള്‍ യോഗ്യതാ മല്‍സരങ്ങള്‍ ആസാമിലെ ദുലിജാനിലും മധ്യപ്രദേശിലെ ജബല്‍പ്പൂരിലും ഒറീസയിലെ റൂര്‍ക്കല, ഗൂര്‍ഗവോണ്‍ എന്നിവിടങ്ങളിലായി ഈ മാസം 16ന്‌ ആരംഭിക്കും. ഉത്തരേന്ത്യയിലുള്ള ടീമുകളെയാണ്‌ യോഗ്യതാ റൗണ്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ദക്ഷിണേന്ത്യന്‍ ടീമുകളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന്‌ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. ഉത്തര്‍ പ്രദേശ്‌, മിസോറാം, ഗോവ,ഗുജറാത്ത്‌ എന്നിവിടങ്ങളിലെ ടീമുകളെയും ഉടന്‍ പ്രഖ്യാപിക്കും. ഫൈനല്‍ റൗണ്ട്‌ മല്‍സരങ്ങള്‍ ഗോഹട്ടിയിലാണ്‌ നടക്കുക.
കാറോട്ടത്തിന്‌ ടൊയോട്ടയില്ല
ടോക്കിയോ: ലോകത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാണ കമ്പനിയായ ടൊയോട്ട ഫോര്‍മുല വണ്‍ കാറോട്ട മല്‍സര രംഗത്ത്‌ നിന്ന്‌ പിന്മാറി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടതിനാലാണ്‌ അതിനാടകീയമായി ജപ്പാനീസ്‌ കമ്പനി പിന്മാറിയിരിക്കുന്നത്‌. ടൊയോട്ടയുടെ പിന്മാറ്റത്തോടെ ജപ്പാനില്‍ നിന്നും ഫോര്‍മുല വണ്‍ മല്‍സരങ്ങളില്‍ ആരുമില്ലാതായി. കാര്‍ കച്ചവടമാണ്‌ നല്ലതെന്നും കാറോട്ടത്തിനായി ഇനി കളയാന്‍ പണമില്ലെന്നുമാണ്‌ ടോയോട്ട തലവന്‍ അകീകോ ടോയോഡ പറയുന്നത്‌. രാജ്യവും കമ്പനിയും സാമ്പത്തികമായി വലിയ പ്രതിസന്ധി മുഖത്ത്‌ നില്‍ക്കുമ്പോള്‍ വലിയ മല്‍സരങ്ങളില്‍ കോടികള്‍ ചെലവഴിക്കാനില്ല. അതിനാലാണ്‌ പിന്മാറുന്നത്‌-ചെയര്‍മാന്റെ വാക്കുകള്‍. 2002 മുതല്‍ ഫോര്‍മുല വണ്‍ രംഗത്തുണ്ട്‌ ടൊയോട്ട. 139 റേസുകളില്‍ ഇതിനകം അവര്‍ പങ്കെടുത്തു. ഈ വര്‍ഷത്തെ കണ്‍സ്‌ട്രക്ടേഴ്‌സ്‌ ചാമ്പ്യന്‍ഷിപ്പില്‍ നേടിയ അഞ്ചാം സ്ഥാനമാണ്‌ ടീമിന്റെ വലിയ നേട്ടം.
ഈ വര്‍ഷം ഫോര്‍മുല വണ്‍ രംഗം വിടുന്ന രണ്ടാമത്തെ ജപ്പാന്‍ കമ്പനി കൂടിയാണ്‌ ടൊയോട്ട. സീസണിന്റെ തുടക്കത്തിലാണ്‌ ഹോണ്ട രംഗം വിട്ടത്‌. ഹോണ്ടക്ക്‌ പകരം ബ്രൗണ്‍ മല്‍സര രംഗത്ത്‌ വന്നിട്ടുണ്ട്‌. ജെന്‍സണ്‍ ബട്ടണിന്റെ നേതൃത്ത്വത്തില്‍ കണ്‍സ്‌ട്രക്ടേഴ്‌സ്‌ ചാമ്പ്യന്‍ഷിപ്പില്‍ ഡ്രൈവേഴ്‌സ്‌ ചാമ്പ്യന്‍ഷിപ്പും ബ്രൗണ്‍ സ്വന്തമാക്കിയിരുന്നു.സീസണിന്റെ തുടക്കത്തില്‍ ബി.എം.ഡബ്ല്യുവും രംഗം വിട്ടിരുന്നു.
ഈ വര്‍ഷം വലിയ നഷ്ടമാണ്‌ കമ്പനി നേരിടുന്നതെന്ന്‌ ടൊയോട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രണ്ടായിരത്തിലധികം കോടിയുടെ നഷ്ടമാണ്‌ കമ്പനിക്കുണ്ടായത്‌. ഈ വര്‍ഷം സെപ്‌തംബര്‍ വരെ അതിലും വലിയ നഷ്ടമാണ്‌ കമ്പനി ഭയപ്പെടുന്നത്‌. പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പിന്മാറുന്നതില്‍ തനിക്ക്‌്‌ വലിയ നിരാശയുണ്ടെന്നും ഈ കാര്യം ആരാധകര്‍ മനസ്സിലാക്കുമെന്നും ടൊയോഡ പറഞ്ഞു.
ജപ്പാനില്‍ നിന്നുളള കാറോട്ട മല്‍സരക്കാരുടെ ഇഷ്ട ടീമായിരുന്നു ഇത്‌ വരെ ടൊയോട്ട. ഇത്‌ വരെ മല്‍സര രംഗത്ത്‌ തുടര്‍ന്നത്‌ നഷ്ടം പരിഗണിക്കാതെയാണ്‌. എന്നാല്‍ ഇനിയും കണ്ണടച്ചാല്‍ കമ്പനി തന്നെ പൂട്ടേണ്ടി വരുമെന്നും അതിനാലാണ്‌ ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ആരാധകരോടും ജപ്പാന്‍ ജനതയോടും അദ്ദേഹം മാപ്പ്‌ പറയാനും തയ്യാറായി. കമ്പനിയുടെ എഞ്ചിനുകള്‍ മറ്റാര്‍ക്കും കൈമാറില്ല. പൂര്‍ണ്ണമായും ഫോര്‍മുല വണ്‍ രംഗത്ത്‌ നിന്ന്‌ പിന്മാറാന്‍ തന്നെയാണ്‌ ടൊയോട്ട തീരുമാനിച്ചിരിക്കുന്നത്‌.
നല്ല തുടക്കം ഈ സീസണില്‍ ടൊയോട്ടക്ക്‌ ലഭിച്ചിരുന്നു. സീസണിന്റെ തുടക്കമായി വിശേഷിപ്പിക്കപ്പെടുന്ന ഓസ്‌ട്രേലിയന്‍ ഗ്രാന്‍ഡ്‌ പ്രിയില്‍ മൂന്നാം സ്ഥാനത്താണ്‌ ജര്‍ഡാനോ ട്രൂലി ഡ്രൈവറായ ടീമെത്തിയത്‌. ബഹറൈന്‍ ഗ്രാന്‍ഡ്‌ പ്രിയില്‍ പോള്‍ പൊസിഷനില്‍ നാലാം സഥാനത്തായിരുന്ന ടൊയോട്ട ഫൈനല്‍ പോരാട്ടത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. മലേഷ്യന്‍ ഗ്രാന്‍ഡ്‌ പ്രിയിലും ടീമിന്റെ പ്രകടനം മോശമായിരുന്നില്ല. ലോക പ്രശസ്‌ത ഡ്രൈവര്‍മാരില്‍ പലരും ടൊയോട്ടയുടെ താരങ്ങളായിരുന്നു. ജര്‍മനിയുടെ റാല്‍ഫ്‌ ഷുമാക്കര്‍, ഫ്രാന്‍സിന്റെ ഒലിവര്‍ പാനിസ്‌, ബ്രിട്ടന്റെ അലന്‍ മക്‌നിഷ്‌ എന്നിവരെല്ലാം ഒരു കാലത്ത്‌ ടൊയോട്ടയുടെ താരങ്ങളായിരുന്നു. ടൊയോട്ടക്ക്‌ ടയര്‍ നല്‍കിയിരുന്നത്‌ ജപ്പാനിലെ പ്രമുഖ ടയര്‍ നിര്‍മ്മാണ കമ്പനിയായ ബ്രിഡ്‌ജ്‌സ്റ്റോണായിരുന്നു. അടുത്ത സീസണ്‍ മുതല്‍ ടൊയോട്ടക്ക്‌ ടയറുകള്‍ നല്‍കില്ലെന്നും ഈ വര്‍ഷത്തെ കരാര്‍ പുതുക്കില്ലെന്നും അവര്‍ അറിയിച്ചപ്പോള്‍ തന്നെ ചിത്രം വ്യക്തമായി തുടങ്ങിയിരുന്നു. അടുത്ത വര്‍ഷത്തെ ജപ്പാന്‍ ഗ്രാന്‍ഡ്‌ പ്രി ടൊയോട്ടയുടെ സ്വന്തം വേദിയായ ഫൂജി സ്‌പീഡ്‌ വേയില്‍ നടത്താന്‍ നിര്‍ദ്ദേശമുണ്ടായപ്പോള്‍ ടൊയോട്ട അതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല.
ജപ്പാനില്‍ ഈ സീസണില്‍ കാര്‍,ബൈക്ക്‌ നിര്‍മ്മാണ കമ്പനികളെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്‌. രണ്ട്‌ കമ്പനികള്‍ ഫോര്‍മുല വണില്‍ നിന്നും പിന്മാറിയപ്പോള്‍ മോട്ടോര്‍ ഗ്രാന്‍ഡ്‌ പ്രിയില്‍ നിന്ന്‌ കവസാക്കിയും സുസുക്കിയുമെല്ലാം പിന്മാറിയിട്ടുണ്ട്‌്‌.
ജോര്‍ദ്ദാന്‌ നിരാശ
ലണ്ടന്‍: കാറോട്ട മല്‍സരത്തെ നെഞ്ചിലേറ്റുന്നവര്‍ ആരും ഇത്‌ പ്രതീക്ഷിച്ചിരുന്നില്ല... ടൊയോട്ട ജപ്പാന്റെ മാത്രം കരുത്തായിരുന്നില്ല-ഏഷ്യയുടെ മുഖമായിരുന്നു. ടൊയോട്ടയുടെ ഡ്രൈവര്‍ പട്ടത്തിനായി മല്‍സരിച്ചിരുന്നവരില്‍ പ്രമുഖര്‍ പലരുമുണ്ടായിരുന്നു. മൈക്കല്‍ ഷുമാക്കറിന്റെ സഹോദരനായ റാല്‍ഫ്‌ ഷുമാക്കറിനെ പോലുളളവര്‍ പ്രതിനിധീകരിച്ച ടീം മല്‍സര രംഗത്ത്‌ നിന്ന്‌ പിന്മാറാന്‍ അന്തിമമായി തീരുമാനിച്ചപ്പോള്‍ അത്‌ പലരിലും ആശ്ചര്യമുണ്ടാക്കി. ഫോര്‍മുല വണ്‍ രംഗത്തെ അതികായന്മാരില്‍ ഒരാളായ എഡ്ഡി ജോര്‍ദ്ദാന്‌ തുടക്കത്തില്‍ വാര്‍ത്ത വിശ്വസിക്കാനായില്ല. ഹോണ്ട കമ്പനി സിസണിന്റെ തുടക്കത്തില്‍ പിന്മാറിയപ്പോള്‍ ജപ്പാനിലെ പ്രതിസന്ധി മനസിലാക്കിയിരുന്നു. എന്നാല്‍ ടൊയോട്ട പോലെ വലിയ ഒരു കമ്പനി മല്‍സര രംഗത്ത്‌ നിന്ന്‌ പിന്മാറുമെന്ന്‌ കരുതിയിരുന്നില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ഫോര്‍മുല വണ്‍ രംഗത്ത്‌ 2012 വരെ തുടരാനുളള കരാര്‍ ടൊയോട്ട നേരത്തെ തന്നെ ഒപ്പ്‌ വെച്ചിട്ടുണ്ട്‌. അതിനാല്‍ നഷ്ടം നികത്തി ടൊയോട്ട തിരിച്ചുവരുമെന്നാണ്‌ ജോര്‍ദ്ദാന്റെ പ്രതീക്ഷ.

പരുക്കാണ്‌ ഓസീസ്‌
ഹൈദരാബാദ്‌: പകരക്കാരനായി വന്ന മോയിസസ്‌ ഹെന്‍ട്രിക്‌സും പരുക്കിന്റെ പിടിയിലകപ്പെട്ടതോടെ ഓസ്‌ട്രേലിയ വിഷമ വൃത്തത്തിലായി. ഇന്ന്‌ ഇന്ത്യക്കെതിരെ ഇവിടെ നടക്കുന്ന അഞ്ചാം ഏകദിനത്തില്‍ പതിനൊന്ന്‌ പേരെ തട്ടിക്കുടേണ്ട അവസ്ഥയിലാണ്‌ റിക്കി പോണ്ടിംഗ്‌. ടീമില്‍ ആകെ ആരോഗ്യവാന്മാരായി പതിമൂന്ന്‌ പേര്‍ മാത്രമാണ്‌ നിലവിലുളളത്‌. ഇവരില്‍ നിന്നും പതിനൊന്ന്‌ പേരെ തെരഞ്ഞെടുക്കുമ്പോള്‍ പരമ്പരയിലെ ശേഷിക്കുന്ന രണ്ട്‌ മല്‍സരങ്ങളിലേക്ക്‌ റിസര്‍വ്‌ പട്ടികയില്‍ പോലും ആളില്ലാത്ത അവസ്ഥയാണ്‌. മൊഹാലിയില്‍ നടന്ന പരമ്പരയിലെ നാലാം മല്‍സരത്തിനിടെയാണ്‌ ഹെന്‍ട്രിക്‌സിന്‌ പരുക്കേറ്റത്‌. അദ്ദേഹം ഇന്ന്‌ നാട്ടിലേക്ക്‌ മടങ്ങും. ജെയിംസ്‌ ഹോപ്‌സ്‌ എന്ന ഓള്‍റൗണ്ടര്‍ക്ക്‌ പരുക്കേറ്റതിനെ തുടര്‍ന്നാണ്‌ ഹെന്‍ട്രിക്‌സിനെ വിളിപ്പിച്ചത്‌.
പരുക്ക്‌ കാരണം ഓസ്‌ട്രേലിയക്ക്‌ ഇതിനകം നഷ്ടമായവരുടെ എണ്ണം ഒമ്പതാണ്‌. ബ്രെട്ട്‌ ലീ (എല്‍ബോ), ജെയിംസ്‌ ഹോപ്‌സ്‌ (പേശീവലിവ്‌), ടീം പെയിനെ (വിരല്‍), പീറ്റര്‍ സിഡില്‍ (പേശി വലിവ്‌), ഹെന്‍ട്രിക്‌സ്‌ (എല്‍ബോ) എന്നിവര്‍ നാട്ടിലേക്ക്‌ മടങ്ങിയത്‌ ഇവിടെയെത്തിയതിന്‌ ശേഷമാണ്‌. മൈക്കല്‍ ക്ലാര്‍ക്ക്‌, ബ്രാഡ്‌ ഹാദ്ദിന്‍,നതാന്‍ ബ്രാക്കന്‍, കാലം ഫെര്‍ഗൂസണ്‍ എന്നിവര്‍ ഇങ്ങോട്ട്‌ വന്നിട്ടില്ല. പരുക്ക്‌ ഈ വിധം വേട്ടയാടുമ്പോള്‍ ഇന്നത്തെ മല്‍സരത്തില്‍ കന്നിക്കാരായ സ്‌പിന്നര്‍ ജോണ്‍ ഹോളണ്ട്‌, ഫാസ്റ്റ്‌ ബൗളര്‍ ക്ലിന്റ്‌ മക്കേ എന്നിവരില്‍ ഒരാള്‍ക്ക്‌ അവസരം ഉറപ്പാണ്‌. രണ്ട്‌ പേരും വിക്ടോറിയക്കാരാണ്‌. ചാമ്പ്യന്‍സ്‌ ലീഗ്‌ 20-20 ക്കെത്തിയവരായിരുന്നു ഇവര്‍.
വലിയ ഒരു പരമ്പരക്കിടെ പ്രധാനപ്പെട്ട പല താരങ്ങളെയും നഷ്ടമാവുന്നത്‌ നിരാശാജനകമാണെന്ന്‌ പോണ്ടിംഗ്‌ പറഞ്ഞു. എല്ലാവരും ഏറ്റവും മികച്ച പ്രകടനം നടത്താന്‍ വന്നവരാണ്‌. അവരുടെ സേവനമാണ്‌ ഇടക്ക്‌ വെച്ച്‌ നഷ്ടമാവുന്നത്‌. ഹെന്‍ട്രിക്‌സിന്‌ പകരക്കാരെ തേടണമോ എന്ന കാര്യത്തില്‍ പോണ്ടിംഗിന്‌ ഉറപ്പില്ല. പരമ്പരയില്‍ ഇനി മൂന്ന്‌ മല്‍സരങ്ങളുണ്ട്‌. ഓസ്‌ട്രേലിയയില്‍ നിന്ന്‌ പകരക്കാരനെത്തിയാല്‍ തന്നെ അയാള്‍ക്ക്‌ മല്‍സരത്തില്‍ പങ്കെടുക്കാന്‍ സമയമുണ്ടാവില്ല. ജെയിംസ്‌ ഹോപ്‌സ്‌, മോയിസസ്‌ എന്നിവരെ ആറും ഏഴും സ്ഥാനങ്ങളില്‍ കളിപ്പിക്കാനാണ്‌ തീരുമാനിച്ചത്‌. പക്ഷേ പദ്ധതികളെല്ലാം പാഴാവുന്നായി കോച്ച്‌ ടീം നെല്‍സണ്‍ പറഞ്ഞു.
ഓസ്‌ട്രേലിയന്‍ പരുക്കുകള്‍ ഇന്ത്യക്ക്‌ കാര്യങ്ങള്‍ എളുപ്പമാക്കും. എം.എസ്‌ ധോണിയുടെ സംഘത്തില്‍ പരുക്ക്‌ കാര്യമായ പ്രശ്‌നമല്ല. പരമ്പരയിപ്പോള്‍ 2-2 ല്‍ നില്‍ക്കവെ ഇന്ത്യക്ക്‌ മുന്നിലെത്താന്‍ കനകാവസരമാണ്‌. ഗൗതം ഗാഭീറിന്റെ പരുക്ക്‌ മാത്രമാണ്‌ ഇന്ത്യക്ക്‌ പ്രശ്‌നം. അത്‌ കാര്യമുളളതല്ല. സേവാഗ്‌, സച്ചിന്‍, ധോണി, യുവരാജ്‌ എന്നിവര്‍ ഫോമില്‍ നില്‍ക്കുമ്പോള്‍ ബാറ്റിംഗില്‍ വേവലാതിയില്ല. ബൗളിംഗാണ്‌ ധോണിയുടെ പ്രശ്‌നം. ഹര്‍ഭജനും മറ്റ്‌ സ്‌പിന്നര്‍മാരും പകല്‍ രാത്രി പോരാട്ടത്തില്‍ ജാഗ്രത പാലിക്കേണ്ടി വരും. മല്‍സരം ഉച്ചക്ക്‌ 2-30 മുതല്‍ നിയോ സ്‌പോര്‍ട്‌സിലും ദൂരദര്‍ശനിലും.

സര്‍വീസസിന്റെ പിന്മാറ്റം, പ്രശ്‌നം രൂക്ഷം
ന്യൂഡല്‍ഹി: സുരക്ഷാ കാരണങ്ങളുടെ പേരില്‍ ശ്രീനഗറില്‍ നിശ്ചയിച്ച രഞ്‌ജി ട്രോഫി മല്‍സരത്തില്‍ നിന്നും പിന്മാറിയ സര്‍വീസസ്‌ ക്രിക്കറ്റ്‌ ടീമിന്റെ നടപടി വലിയ രാഷട്രീയ വിഷയമാവുന്നു. ചൊവാഴ്‌ച്ച ശ്രീനഗറിലെ ഷേര്‍ ഇ കാശ്‌്‌മീര്‍ സ്‌റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന മല്‍സരത്തില്‍ നിന്നും ഒരു മുന്നറിയിപ്പുമില്ലാതെയാണ്‌ സര്‍വീസസ്‌ ടീം പിന്മാറിയത്‌. സര്‍വീസസ്‌ ടീമിന്റെ നടപടിയില്‍ കുപിതരായ ഇന്ത്യന്‍ ക്രിക്കറ്റ്‌്‌ ബോര്‍ഡ്‌ അവരെ അയോഗ്യരാക്കുകയും ചെയ്‌തിരുന്നു.
സര്‍വീസസ്‌ ക്രിക്കറ്റ്‌ ടീമിന്‌ വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരവും പ്രതിരോധ സഹമന്ത്രി എം.എം പല്ലം രാജുവും ഇന്നലെ രംഗത്ത്‌ വന്നു. സര്‍വീസസ്‌ ടീമിന്റെ നടപടി തെറ്റാണെന്നും അവരെ അയോഗ്യരാക്കുന്നതിന്‌ പകരം ശ്രീനഗറില്‍ തന്നെ കളിക്കാന്‍ മറ്റൊരവസരമാണ്‌ നല്‍കേണ്ടതെന്ന്‌്‌ ചിദംബരം അഭിപ്രായപ്പെട്ടു. അതേ സമയം മുകളില്‍ നിന്നുളള നിര്‍ദ്ദേശത്തെ തുടര്‍ന്നല്ല ടീം പിന്മാറിയതെന്ന്‌ രാജു വ്യക്തമാക്കി. ടീമിന്റെ തീരുമാനം നിര്‍ഭാഗ്യകരമാണ്‌. അവര്‍ ശ്രീനഗറില്‍ തന്നെ കളിക്കണം. അയോഗ്യതക്ക്‌ പകരം പുതിയ തിയ്യതിയാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സര്‍വീസസ്‌ ടീമിന്‌ ശ്രീനഗറില്‍ ഭീഷണിയുളളതായി റിപ്പോര്‍ട്ടില്ല. രണ്ട്‌ രാജ്യാന്തര മല്‍സരങ്ങള്‍ ഉള്‍പ്പെടെ നിരവധി മല്‍സരങ്ങള്‍ നടന്നിട്ടുണ്ട്‌ ഈ സ്‌റ്റേഡിയത്തില്‍. 1983 ല്‍ ഇന്ത്യ ലോകകപ്പ്‌ സ്വന്തമാക്കിയ വര്‍ഷത്തില്‍ ഇവിടെ വെച്ച്‌ ഇന്ത്യ-വിന്‍ഡീസ്‌ രാജ്യാന്തര ഏകദിനമുണ്ടായിരുന്നു. 1986 ല്‍ ഇതേ മൈതാനത്ത്‌ ഇന്ത്യ ഓസ്‌ട്രേലിയയുമായി കളിച്ചു. 2004 ലാണ്‌ അവസാനമായി ഇവിടെ രഞ്‌ജി മല്‍സരം നടന്നത്‌. കാശ്‌മീരില്‍ സുരക്ഷാ പാലനത്തിന്‌ ലക്ഷകണക്കിന്‌ സൈനീകരുണ്ട്‌. അവരെ വിശ്വാസമില്ലാതെയാണോ സര്‍വീസസ്‌ ടീം മടങ്ങിയതെന്നാണ്‌ കാശ്‌മീര്‍ സര്‍ക്കാര്‍ ചോദിക്കുന്നത്‌. ടീമിന്‌ ഭീഷണിയുള്ളതായി വെറുതെ പറയുകയാണെന്നാണ്‌ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്‌. പുതിയ വിവാദം കളിക്കളത്തില്‍ നിന്നും രാഷ്ട്രീയത്തിലേക്ക്‌ നീങ്ങുമ്പോഴും കാശ്‌്‌മീരിലെ ക്രിക്കറ്റ്‌ പ്രേമികള്‍ മല്‍സരത്തിനായി കാതോര്‍ക്കുകയാണ്‌.

മുന്നോട്ട്‌
ലണ്ടന്‍: ഫ്രഞ്ച്‌ ചാമ്പ്യന്‍ ക്ലബായ ബോറോഡോക്‌സ്‌, ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ കരുത്തരായ ചെല്‍സി, മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌, പോര്‍ച്ചുഗല്‍ ക്ലബായ. എഫ്‌.സി പോര്‍ട്ടോ എന്നിവര്‍ യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോളില്‍ നോക്കൗട്ട്‌ ഘട്ടം ഉറപ്പാക്കി. ഗ്രൂപ്പ്‌ സിയില്‍ 1-1 ല്‍ പിരിഞ്ഞ റയല്‍ മാഡ്രിഡും ഏ.സി മിലാനും യോഗ്യതക്ക്‌ അരികിലാണ്‌. ബോറോഡോക്‌സിന്‌ മുന്നില്‍ രണ്ട്‌്‌ ഗോളിന്‌ തകര്‍ന്ന ജര്‍മന്‍ പ്രബലരായ ബയേണ്‍ മ്യൂണിച്ച്‌ പുറത്തേക്കുള്ള പാതയിലാണ്‌. ഇന്നലെ നടന്ന മല്‍സരങ്ങളില്‍ ഗ്രൂപ്പ്‌ എ യില്‍ ബോറോഡോക്‌സ്‌ രണ്ട്‌ ഗോളിന്‌ ബയേണിനെ തോല്‍പ്പിച്ചപ്പോള്‍ യുവന്തസ്‌ ഒരു ഗോളിന്‌ മക്കാബി ഹൈഫയെ തോല്‍പ്പിച്ചു. ഗ്രൂപ്പില്‍ ബോറോഡോക്‌സും യുവന്തസുമാണ്‌ ആദ്യ രണ്ട്‌ സ്ഥാനങ്ങളില്‍. ആദ്യ രണ്ട്‌ സ്ഥാനക്കാര്‍ക്കാണ്‌ നോക്കൗട്ട്‌ ബെര്‍ത്ത്‌. ഗ്രൂപ്പ്‌ ബിയില്‍ മാഞ്ചസ്റ്ററും സി.എസ്‌.കെ.ഇ മോസ്‌ക്കോയും 3-3 ല്‍ പിരിഞ്ഞു. വോള്‍ഫ്‌സ്‌ബര്‍ഗ്ഗ്‌ മൂന്ന്‌ ഗോളിന്‌ ബെസിക്കറ്റാസിനെ പരാജയപ്പെടുത്തി. മാഞ്ചസ്റ്ററും വോള്‍ഫ്‌സ്‌ബര്‍ഗ്ഗുമാണ്‌ ഗ്രൂപ്പില്‍ മുന്നില്‍. ഗ്രൂപ്പ്‌ സിയില്‍ മാര്‍സലി 6-1ന്‌ സൂറിച്ചിനെ തകര്‍ത്തപ്പോള്‍ ഏ.സി മിലാനും റയല്‍ മാഡ്രിഡും 1-1 ല്‍ പിരിഞ്ഞു. റയലും മിലാനുമാണ്‌ മുന്നില്‍. കരീം ബെന്‍സാമ റയലിന്റെ ഗോള്‍ നേടിയപ്പോള്‍ പെനാല്‍ട്ടി കിക്കില്‍ നിന്നും റൊണാള്‍ഡിഞ്ഞോ മിലാനെ രക്ഷിച്ചു. ആറ്‌ മിനുട്ടിനിടെയായിരുന്നു രണ്ട്‌്‌ ഗോളുകളും. ഗ്രൂപ്പ്‌ ഡിയില്‍ അത്‌ലറ്റികോ മാഡ്രിഡ്‌-ചെല്‍സി മല്‍സരം 2-2 ല്‍ അവസാനിച്ചു. പോര്‍ട്ടോ ഒരു ഗോളിന്‌ അപോല്‍ നിക്കോഷ്യയെ പരാജയപ്പെടുത്തി.

No comments: