


തേര്‍ഡ് ഐ- കമാല്‍ വരദൂര്‍
ചത്ത പിച്ച്
ഇത്തരം പിച്ചിലാണ് മല്‍സരങ്ങളെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റിന് ഭാവിയില്ല... ഇന്നലെ ഒന്നാം ടെസ്‌റ്റിന്റെ അവസാനദിവസത്തില്‍ പട്ടേല്‍ സ്‌റ്റേഡിയത്തില്‍ ആയിരങ്ങളെത്തി എന്നത് സത്യം. അത് ഇന്ത്യയില്‍ മല്‍സരം നടന്നത് കൊണ്ടും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബാറ്റിംഗ് കാണാനുളള താല്‍പ്പര്യവും കൊണ്ടാണ്. ഒന്നാം ഇന്നിംഗ്‌സില്‍ സച്ചിന്‍ പെട്ടെന്ന് പുറത്തായിരുന്നു. രണ്ടാം ഇന്നിംഗ്‌സിലെങ്കിലും മാസ്‌റ്ററുടെ ക്ലാസ് കാണാനുളള മോഹത്തിലാണ് പലരുമെത്തിയത്. കുട്ടി ക്രിക്കറ്റിന്റെ കടന്നുവരവോടെ ടെസ്റ്റ് മല്‍സരങ്ങള്‍ക്ക് ആളില്ലാത്ത അവസ്ഥയില്‍ പഞ്ചദിന മല്‍സരങ്ങളുടെ നടത്തിപ്പില്‍ പല മാറ്റങ്ങളും ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ആലോചിക്കുന്ന സമയത്താണ് അഹമ്മദാബാദിലെ പോരാട്ടം നടന്നത് എന്നതാണ് ശ്രദ്ധേയം. ഈ മല്‍സരത്തെ പോരാട്ടം എന്ന് വിശേഷിപ്പിക്കാനില്ല. ചത്ത പിച്ചില്‍ നടന്ന ബാറ്റിംഗ് മല്‍സരമായിരുന്നു. അഞ്ച് ദിവസത്തില്‍ ഏഴ് സെഞ്ച്വറികള്‍, ആകെ വീണത് 21 വിക്കറ്റുകളും. മുത്തയ്യ മുരളീധരന്‍ എന്ന ലോകത്തിലെ ഏറ്റവും മികച്ച സ്‌പിന്നറെ നോക്കുക-അദ്ദേഹം രണ്ടാം ഇന്നിംഗ്‌സില്‍ എറിഞ്ഞത് 38 ഓവറുകള്‍. ഒരു വിക്കറ്റ് പോലും ലഭിച്ചില്ല. വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന നിലയിലാണ് ബാറ്റ്‌സ്‌മാന്മാര്‍ കളിച്ചത്. രാത്രി കാവല്‍ക്കാരന്‍ അമിത് മിശ്ര പോലും മണിക്കൂറുകള്‍ ബാറ്റ് പിടിച്ചതില്‍ നിന്ന് പിച്ചിന്റെ അവസ്ഥ വ്യക്തം. രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റ് വേട്ടക്ക് മിടുക്കനാണ് മുരളി. അദ്ദേഹത്തിന്റെ ലോക റെക്കോര്‍ഡ് പ്രകടനങ്ങള്‍ മിക്കതും രണ്ടാം ഇന്നിംഗ്‌സിലായിരുന്നു. അത്രയും അപകടകാരിയായ ഒരു ബൗളര്‍ക്ക് ഇവിടെ രണ്ടാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റ് പോലും ലഭിച്ചില്ല എന്ന വാസ്‌തവത്തില്‍ പിച്ചിന്റെ നിര്‍മ്മാണ ചുമതല വഹിച്ച ക്രിക്കറ്റ് ബോര്‍ഡിന്റെ ഗ്രൗണ്ട്‌സ് ആന്‍ഡ് പിച്ച് കമ്മിറ്റിക്കും, ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനും നാണിക്കേണ്ടി വരും. അഞ്ച് ദിവസ മല്‍സരത്തിന്റെ ആദ്യ ദിവസത്തെ അര മണിക്കൂറില്‍ മാത്രമാണ് പിച്ചില്‍ ബൗളര്‍മാര്‍ക്ക് എന്തെങ്കിലും ചെയ്യാനായത്. അതിന് ശേഷം പേസും ബൗണ്‍സും ടേണുമൊന്നുമില്ലാതെ നിര്‍ജീവമായ പിച്ചില്‍ പാവം ബൗളര്‍മാര്‍ പന്തെറിഞ്ഞ് അവശരാവുകയായിരുന്നു. ലങ്കന്‍ സീമര്‍ ധാമിക പ്രസാദിന് പേശീ വലിവ് അനുഭവപ്പെട്ടതില്‍ അല്‍ഭുതപ്പെടാനില്ല.
ഇന്നലെ അവസാന ദിവസത്തെ അവസാന സെഷന്‍ ഇന്ത്യ വലിച്ചൂനീട്ടിയത് സച്ചിന്റെ സെഞ്ച്വറിക്ക് വേണ്ടിയാണ്. ആര്‍ക്കും താല്‍പ്പര്യമുണ്ടായിരുന്നില്ല മല്‍സരം അവസാനം വരെ തുടരാന്‍. സച്ചിന് ടെസ്റ്റ് ക്രിക്കറ്റിലെ നാല്‍പ്പത്തിമൂന്നാമത്തെ സെഞ്ച്വറി നേടാനാവുകയും മല്‍സരത്തില്‍ ഇന്ത്യക്ക് സമനില നല്‍കാനും കഴിഞ്ഞു എന്നത് മാറ്റിനിര്‍ത്തിയാല്‍ അക്ഷരാര്‍ത്ഥത്തില്‍ വിരസമായിരുന്നു അഹമ്മദാബാദ് അങ്കം. രാഹുല്‍ ദ്രാവിഡും എം.എസ് ധോണിയുമായിരുന്നു ആദ്യ ദിനത്തെ ഹീറോകള്‍. രണ്ടാം ദിവസം അത് തിലകരത്‌നെ ദില്‍ഷാന്‍ ഏറ്റെടുത്തു. മൂന്നാം ദിവസം മഹേല ജയവര്‍ദ്ധനയുടെ ഊഴമായിരുന്നു. നാലാം ദിവസത്തില്‍ മഹേലക്കൊപ്പം പ്രസന്ന ജയവര്‍ദ്ധനയും തിളങ്ങിയപ്പോള്‍ അവസാന ദിവസത്തില്‍ ഗൗതം ഗാംഭീറും സച്ചിനും ബൗളര്‍മാരെ പ്രഹരിച്ചു. രണ്ട് ഇന്നിംഗ്‌സിലുമായി അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ ലങ്കന്‍ സീമര്‍ വെലിഗിഡാരയാണ് ശരിക്കും മല്‍സരത്തിലെ ഹീറോ.
ബാറ്റ്‌സ്‌മാനും ബൗളര്‍ക്കും തുല്യസാധ്യതയുള്ള പിച്ചുകളാണ് ടെസ്റ്റിന് ഒരുക്കേണ്ടത്. എന്നാല്‍ പരമ്പരാഗതമായി ഇന്ത്യ ഒരുക്കാറുളളത് സ്‌പിന്‍ കുഴികളാണ്. ഇടക്കാലത്ത് ഇതില്‍ ചെറിയ മാറ്റം വന്നിരുന്നു. മൊഹാലിയിലും നാഗ്‌പ്പൂരിലും ജീവനുളള പിച്ചുകളില്‍ നടന്ന ടെസ്റ്റ് മല്‍സരങ്ങള്‍ ആവേശകരവുമായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യ പരാജയപ്പെട്ട സാഹചര്യത്തില്‍ ടെസ്‌റ്റില്‍ മാനം കാക്കേണ്ട ബാധ്യത ടീമിനൊപ്പം ക്രിക്കറ്റ് ബോര്‍ഡിനുമുണ്ടായിരുന്നു. ഇത് കാരണമാണ് അവര്‍ ചത്ത പിച്ച്‌് ഒരുക്കിയത്. കാണ്‍പ്പൂരില്‍ നാല് ദിവസത്തിനകം രണ്ടാം ടെസ്റ്റ് ആരംഭിക്കുമ്പോള്‍ തീര്‍ച്ചയായും ആളുകള്‍ കുറയും. കാരണം കാണ്‍പ്പൂര്‍ പിച്ചും അഹമ്മദാബാദ് പരമ്പര്യമുളളതാണ്. പരമ്പരയില്‍ എന്തെങ്കിലും ആവേശമുണ്ടാവണമെങ്കില്‍ മുംബൈയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റ് വരെ കാത്തിരിക്കേണ്ടി വരും.
No comments:
Post a Comment