Monday, November 30, 2009

BARCA DAY

ബാര്‍സക്ക്‌ ജയ.ം
ബാര്‍സലിലോണ: നുവോ കാമ്പിലെ ബാര്‍സിലോണയുടെ മൈതാനം.... ഒരൊറ്റ ഇരിപ്പിടം പോലും ഒഴിവില്ല. ഒരു ലക്ഷത്തിലോളം സീറ്റുകളിലും നിറയെ ഫുട്‌ബോള്‍ പ്രേമികള്‍.... മൈതാനത്ത്‌ ലോക ഫുട്‌ബോളിലെ രണ്ട്‌ പ്രബലര്‍. സ്വന്തം മൈതാനത്തിന്റെ പരിചയക്കരുത്തില്‍ ബാര്‍സിലോണ. അവരുടെ നിരയില്‍ കളിക്കാന്‍ അര്‍ജന്റീനക്കാരന്‍ ലയണല്‍ മെസി, സ്വീഡന്‍കാരന്‍ സുല്‍ത്താന്‍ ഇബ്രാഹീമോവിച്ച്‌, ഫ്രഞ്ചുകാരന്‍ തിയറി ഹെന്‍ട്രി തുടങ്ങിയവര്‍. ജോസഫ്‌ ഗുര്‍ഡിയോള എന്ന പരിശീലകന്റെ കരുത്തില്‍ എന്തും നേരിടാന്‍ തയ്യാറായാണ്‌ ബാര്‍സ രംഗത്തിറങ്ങിയത്‌. മറുഭാഗത്ത്‌ സ്‌പാനിഷ്‌ ലീഗില്‍ ഒന്നാം സ്ഥാനത്തുളള റയല്‍ മാഡ്രിഡ്‌. പോര്‍ച്ചുഗലുകാരന്‍ കൃസ്‌റ്റിയാനോ റൊണാള്‍ഡോ, ഫ്രാന്‍സില്‍ നിന്നും വന്‍ തുകക്ക്‌ വന്ന കരീം ബെന്‍സാമ, ഡച്ചുകാരന്‍ റുഡ്‌വാന്‍ നിസ്റ്റര്‍ റൂയി, അനുഭവ സമ്പന്നനായ നായകന്‍ റൗള്‍ ഗോണ്‍സാലസ്‌ അങ്ങനെ എല്ലാവരും...
ആര്‍പ്പുവിളികള്‍ക്കിടെ കിക്കോഫ്‌. ആദ്യ നീക്കത്തില്‍ റയല്‍ മാഡ്രിഡിന്റെ തകര്‍പ്പന്‍ കുതിപ്പ്‌. പക്ഷേ ബാര്‍സ തളര്‍ന്നില്ല. ഒപ്പത്തിനൊപ്പമുളള പോരാട്ടത്തില്‍ കാണികള്‍ക്ക്‌ സ്വന്തം കാശ്‌ മുതലായ നിമിഷങ്ങള്‍. പരസ്‌പരം വിട്ടുകൊടുക്കാതെയുളള പ്രകടനത്തില്‍ അല്‍പ്പം മുന്‍ത്തൂക്കം ആതിഥേയര്‍ക്കായിരുന്നു. ഇബ്രാഹീമോവിച്ചായിരുന്നു അവരുടെ തുരുപ്പുചീട്ട്‌. മെസിയെ റയല്‍ ഡിഫന്‍സ്‌ കാര്യമായി നോട്ടമിട്ടതിനാല്‍ സ്വീഡന്‍കാരനായിരുന്നു മുന്നേറ്റങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചത്‌. ഒന്നാം പകുതിയിലെ 45 മിനുട്ടുകള്‍ക്ക്‌ റഫറി അന്ത്യമിടുമ്പോള്‍ പ്രതീക്ഷിക്കപ്പെട്ടത്‌ പോലെ ബലാബല പോരാട്ടത്തില്‍ ആരും ഗോള്‍ സ്‌ക്കോര്‍ ചെയ്‌തില്ല.
രണ്ടാം പകുതിയിലും റയലാണ്‌ ഗോള്‍ നീക്കവുമായി തുടങ്ങിയത്‌. ഹെന്‍ട്രിയെ പിന്‍വലിച്ച്‌ ബാര്‍സ ഇബ്രാഹീമോവിച്ചിനെ രംഗത്തിറക്കുന്നു. അമ്പത്തിയൊമ്പതാം മിനുട്ട്‌- ഡാനി ആല്‍വസിന്റെ കാലില്‍ പന്ത്‌. അദ്ദേഹം കുതിച്ചു കയറി പെനാല്‍ട്ടി ബോക്‌സിന്റെ വലത്‌ ഭാഗത്ത്‌ എത്തുന്നു. അവിടെ നിന്നും റയല്‍ ഡിഫന്‍ഡറുടെ ഇടപെടലില്‍ പന്ത്‌ ഇബ്രാഹീമോവിച്ചിന്‌ കൈമാറുന്നു. ഞൊടിയിടയില്‍ പന്തുമായി ഒന്ന്‌ മുന്നോട്ട്‌ നീങ്ങിയ ഇബ്രാഹീമോവിച്ച്‌ ഗോള്‍ക്കീപ്പര്‍ ഇകാര്‍ കാസിയാസിനെ നോക്കി. അദ്ദേഹത്തിന്റെ വലത്‌ ഭാഗത്തേക്ക്‌ ചാട്ടുളി കണക്കെ പായിച്ച ഷോട്ട്‌ അതിവേഗതയിലായിരുന്നു-ഗോള്‍....! റയലിനും ബാര്‍സ ആരാധകര്‍ക്കും അത്‌ വിശ്വസിക്കാനായില്ല. കാലില്‍ പരുക്കുള്ള ഇബ്രാഹീമോവിച്ചിന്റെ ആഘോഷങ്ങളില്‍ മെസിയും സംഘവും പങ്കെടുത്തപ്പോഴാണ്‌ അത്‌ ഗോളാണെന്ന്‌ കാണികളും തിരിച്ചറിഞ്ഞത്‌. പിന്നെയായിരുന്നു യഥാര്‍ത്ഥ ആഘോഷം...
തുടര്‍ന്നുള്ള നിമിഷങ്ങളില്‍ തിരിച്ചടിക്കാനുളള റയലിന്റെ നെട്ടോട്ടമായിരുന്നു. പക്ഷേ സമീപകാലത്ത്‌ അവര്‍ക്ക്‌ പറ്റിയ ആഘാതം പോലെ ഗോള്‍മുഖം വരെ പന്ത്‌ എത്തിച്ച്‌ നിരാശരായി മടങ്ങുന്ന പതിവ്‌ കാഴ്‌ച്ച. അതിനിടെ മല്‍സരത്തിലെ രണ്ടാം മഞ്ഞകാര്‍ഡുമായി സെര്‍ജിയോ ബാസ്‌ക്കിറ്റസ്‌ പുറത്ത്‌. ബാര്‍സയുടെ നിരയില്‍ പത്ത്‌ പേര്‍ മാത്രം. രണ്ട്‌ സുവര്‍ണ്ണാവസരങ്ങള്‍ കരീം പാഴാക്കുന്നു. കൃസ്‌റ്റിയാനോക്കും തുറന്ന നെറ്റില്‍ പന്ത്‌ എത്തിക്കാനായില്ല. അതിനിടെ മാര്‍സിലോയുടെ ഒറ്റയാന്‍ നീക്കത്തിന്‌ കാര്‍ലോസ്‌ പുയോള്‍ തടയിടുന്നു. പെലിഗ്രിനി എന്ന കോച്ചിന്റെ തന്ത്രങ്ങളില്‍ രക്ഷയില്ല എന്ന്‌ ഒരിക്കല്‍കൂടി റയല്‍ തിരിച്ചറിഞ്ഞ നിമിഷങ്ങളില്‍ ലോംഗ്‌ വിസില്‍.... ജയം ബാര്‍സക്ക്‌. ജയം മാത്രമല്ല അത്‌ വഴി പോയന്റ്‌ ടേബിളില്‍ വ്യക്തമായ ലീഡും.
ഇതാണ്‌ ഇപ്പോഴത്തെ പോയന്റ്‌ നില: ബാര്‍സിലോണ 30, റയല്‍ മാഡ്രിഡ്‌ 28, സെവിയെ 26. ഈ മൂന്ന്‌ പേരും മുന്നില്‍ നില്‍ക്കുമ്പോള്‍ അവസാന സ്ഥാനത്ത്‌ നില്‍ക്കുന്നത്‌ മലാഗയും റേസിംഗ്‌ സാന്‍ഡറും സിറെക്‌സുമാണ്‌. ഇവര്‍ക്കെല്ലാം ഏഴ്‌ പോയന്റാണുള്ളത്‌. ഗോള്‍വേട്ടക്കാരുടെ പട്ടികയിലെ ഒന്നാമന്‍ ഡേവിഡ്‌ വിയയാണ്‌. പത്ത്‌ ഗോളുകളാണ്‌ അദ്ദേഹം സ്‌ക്കോര്‍ ചെയ്‌തിരിക്കുന്നത്‌. എട്ട്‌ ഗോളുകളുമായി സുല്‍ത്താന്‍ ഇബ്രാഹീമോവിച്ചും ഏഴ്‌ ഗോളുകള്‍ വീതം സ്‌ക്കോര്‍ ചെയ്‌ത്‌ ലൂയിസ്‌ ഫാബിയാനോ, ലയണല്‍ മെസി, റോബര്‍ട്ടോ സോല്‍ഡാഡോ എന്നിവര്‍ മൂന്നാമതുമാണ്‌.

പോയന്റ്‌ നില
(എല്ലാ ടീമുകളും 12 മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍)
1- ബാര്‍സിലോണ-30
2-റയല്‍ മാഡ്രിഡ്‌-28
3- സെവിയെ-26
4-വലന്‍സിയ-25
5-ഡിപ്പോര്‍ട്ടീവോ-25

ചെല്‍സി കുതിക്കുന്നു
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ചെല്‍സിയുടെ നീലപ്പട കുതികുതിക്കുകയാണ്‌..... ഞായറിന്റെ അവധി ദിവസത്തില്‍ അവര്‍ തരിപ്പണമാക്കിയത്‌ ആഴ്‌സന്‍ വെംഗറുടെ ആഴ്‌സനലിനെ-അതും മൂന്ന്‌ ഗോളിന്‌...! തട്ടുതകര്‍പ്പന്‍ ഫുട്‌ബോളുമായി കാര്‍ലോസ്‌ അന്‍സലോയിട്ടുടെ സംഘം മുന്നേറുമ്പോള്‍ അത്‌ വിഷമത്തോടെ കണ്ടിരിക്കാന്‍ വിധിക്കപ്പെട്ടിരിക്കയാണ്‌ നിലവിലെ ലീഗ്‌ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌. രണ്ട്‌ പ്രബലരും തമ്മിലുളള പോയന്റ്‌്‌ അന്തരം ഓരോ മല്‍സരം കഴിയും തോറും കൂടുകയാണ്‌. ഗോള്‍ ശരാശരിയിലും ചെല്‍സിക്കാരാണ്‌ ബഹുദൂരം മുന്നില്‍. 36 പോയന്റാണ്‌ ചെല്‍സിയുടെ ഇത്‌ വരെയുളള സമ്പാദ്യം. ആകെ ഒരു തോല്‍വി മാത്രം. അതേ സമയം മാഞ്ചസ്‌റ്ററിന്റെ ചെമ്പടക്ക്‌ 31 പോയന്റാണുള്ളത്‌. ചെല്‍സി രണ്ട്‌ കളികള്‍ തോറ്റാലും മാഞ്ചസ്‌റ്ററിന്‌ ഒപ്പമെത്താന്‍ മാത്രം കഴിയുന്ന അവസ്ഥ.
ദിദീയര്‍ ദ്രോഗ്‌ബെ എന്ന ഐവറി കോസ്‌റ്റുകാരനായിരുന്നു ഞായറിലെ ചെല്‍സി ഹീറോ. രണ്ട്‌ സുന്ദര ഗോളുകളുമായി ദ്രോഗ്‌ബെ തന്റെ കരുത്ത്‌ തെളിയിച്ചപ്പോള്‍ ഒരു ഗോള്‍ ആഴ്‌സനലുകാരുടെ വകയായിരുന്നു. ആഷ്‌ലി കോളിന്റെ ക്രോസില്‍ നിന്നായിരുന്നു ദ്രോഗ്‌ബെയുടെ ആദ്യ ഗോള്‍. കോള്‍ തന്നെയായിരുന്നു രണ്ടാം ഗോളിന്റെ വഴികാട്ടി. അദ്ദേഹത്തിന്റെ ക്രോസ്‌ അബദ്ധത്തില്‍ ആഴ്‌സനല്‍ ഡിഫന്‍ഡര്‍ തോമസ്‌ വെര്‍മുലാന്റെ കാലില്‍ത്തട്ടി വലയില്‍ കയറി. 25 വാര അകലെനിന്നും പായിച്ച തട്ടുതകര്‍പ്പന്‍ ഫ്രീകിക്കിലാണ്‌ ദ്രോഗ്‌ബെ ടീമിന്റെ മൂന്നാം ഗോളും തന്റെ രണ്ടാം ഗോളും സ്‌ക്കോര്‍ ചെയ്‌തത്‌. പ്രീമിയര്‍ ലീഗില്‍ ചെല്‍സിയോട്‌ കളിച്ചപ്പോഴെല്ലാം വിറച്ചിട്ടുളള ഗണ്ണേഴ്‌സിന്‌ ഇത്‌ വലിയ ആഘാതമാണ്‌. സ്വന്തം മൈതാനത്താണ്‌ അവര്‍ മൂന്ന്‌ ഗോളുകള്‍ വാങ്ങിയത്‌. അവസാനമായി സ്വന്തം മൈതാനത്ത്‌ വെച്ച്‌ ഗണ്ണേഴ്‌സ്‌ തോല്‍വിയറിഞ്ഞതും ചെല്‍സിയില്‍ നിന്ന്‌ തന്നെയായിരുന്നു. കഴിഞ്ഞ മെയിലായിരുന്നു ഇത്‌.
പോയ വാരം മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്‌ മോശമായിരുന്നില്ല. അവര്‍ 4-1ന്‌ പോര്‍ട്‌സ്‌മൗത്തിനെ തോല്‍പ്പിച്ചിരുന്നു. സൂപ്പര്‍ താരം വെയിന്‍ റൂണി ഹാട്രിക്കും സ്വന്തമാക്കി. പക്ഷേ ചെല്‍സി ഈ വിധം കുതിക്കുമ്പോള്‍ അവരെ പിടിച്ചുകെട്ടാന്‍ ആരുമില്ലാത്ത അവസ്ഥയില്‍ അലക്‌സ്‌ ഫെര്‍ഗൂസണ്‍ ആശയക്കുഴപ്പത്തിലാണ്‌. ടോട്ടന്‍ഹാമും ആസ്‌റ്റണ്‍വില്ലയും തമ്മിലുളള മല്‍സരം 1-1 ല്‍ അവസാനിച്ചു. യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ നിന്നും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ ലിവര്‍പൂള്‍ പക്ഷേ എവര്‍ട്ടണെ തോല്‍പ്പിക്കാന്‍ വിയര്‍പ്പൊഴുകി. ടേബിളിലെ ആദ്യ മൂന്ന്‌ സ്ഥാനക്കാര്‍ ഇവരാണ്‌: 1-ചെല്‍സി 36, 2- മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ 31, 3-ടോട്ടന്‍ഹം 26. പതിനൊന്ന്‌ ഗോളുകളുമായി ജെറമൈന്‍ ഡെഫോ, ദിദീയര്‍ ദ്രോഗ്‌ബെ എന്നിവരാണ്‌ ഒന്നാം സ്ഥാനത്ത്‌. ഫെര്‍ണാണ്ടോ ടോറസ്‌, വെയിന്‍ റൂണി എന്നിവര്‍ പത്ത്‌ വീതം ഗോളുകളുമായി പിറകിലുണ്ട്‌. ടേബിളിലെ അവസാന സ്ഥാനക്കാര്‍ ഇവരാണ്‌: ബോള്‍ട്ടണ്‍ വാണ്ടറേഴ്‌സ്‌, വോള്‍വര്‍ഹാംടണ്‍, പോര്‍ട്‌സ്‌മൗത്ത്‌.
പോയന്റ്‌്‌ ടേബിള്‍
(എല്ലാ ടീമുകളും പതിനാല്‌ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍)
1-ചെല്‍സി 36
2-മാഞ്ചസ്‌റ്റര്‍ 31
3-ടോട്ടന്‍ഹാം 26
4-ആഴ്‌സനല്‍ 25
5-ലിവര്‍പൂള്‍ 23

ബഡാ ബയര്‍
ബോണ്‍: ജര്‍മന്‍ ബുണ്ടേല്‍സ്‌ ലീഗില്‍ ബയര്‍ ലെവര്‍കൂസണ്‍ കുതിക്കുന്നു.... ലീഗില്‍ ഇത്‌ വരെ തോല്‍വിയറിഞ്ഞിട്ടില്ല അവര്‍. ഇപ്പോള്‍ പോയന്റ്‌്‌ ടേബിളിലെ സമ്പാദ്യം 30. തൊട്ടരികില്‍ ആരുമില്ല. 27 ല്‍ നില്‍ക്കുന്ന വെര്‍ഡര്‍ ബ്രെഹ്മനാണ്‌ ചെറിയ വെല്ലുവിളി. ഷാല്‍ക്കെ 25 പോയന്റുമായി മൂന്നാം സ്ഥാനത്താണ്‌. സൂപ്പര്‍ താരങ്ങളുമായി കളിക്കുന്ന ബയേണ്‍ മ്യൂണിച്ച്‌ പിറകിലാണ്‌. ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യുന്ന കാര്യത്തിലും ഗോളുകള്‍ കുറച്ച്‌ വാങ്ങുന്നതിലും ലെവര്‍കൂസണ്‍ തന്നെയാണ്‌ മുന്നില്‍. ഇന്നലെയവര്‍ തോല്‍പ്പിച്ചത്‌ സ്റ്റട്ട്‌ഗര്‍ട്ടിനെ, അതും നാല്‌ ഗോളിന്‌. അതേ സമയം വെര്‍ഡര്‍ ബ്രെഹ്‌്‌മന്‌ സ്വന്തം മൈതാനത്ത്‌ 2-2 സമനില വഴങ്ങേണ്ടി വന്നു. നിലവിലെ ചാമ്പ്യന്മാരായ വോള്‍വ്‌സ്‌ബര്‍ഗാണ്‌ ബ്രെമനെ തളച്ചത്‌. ഹാംബര്‍ഗും മെയിന്‍സും തമ്മിലുളള മല്‍സരം 1-1 ല്‍ അവസാനിച്ചപ്പോള്‍ ഷാല്‍ക്കെ ഒരു ഗോളിന്‌ മോന്‍ചാലാബാച്ചിനോട്‌ തോറ്റു.
പോയന്റ്‌്‌ ടേബിള്‍
(എല്ലാ ടീമുകളും 14 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍)
1-ബയര്‍ ലെവര്‍കൂസണ്‍ 30
2-വെര്‍ഡര്‍ ബ്രെഹ്‌മന്‍ 27
3-ഷാല്‍ക്കെ 25
4-ബയേണ്‍ മ്യൂണിച്ച്‌ 24
5-ഹാംബര്‍ഗ്ഗ്‌ 24

ഇന്റര്‍ മുന്നില്‍
റോം: ഇറ്റാലിയന്‍ സിരിയ എ യില്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാന്‍ വ്യക്തമായ വിജയവുമായി മുന്നേറുമ്പോള്‍ യുവന്തസിന്‌ സീസണിലെ മൂന്നാം തോല്‍വി. പൊരുതിക്കളിച്ച ഫിയോന്റീനയെ മല്‍സരം അവസാനിക്കാന്‍ അഞ്ച്‌ മിനുട്ടുളളപ്പോള്‍ നേടിയ ഗോളിലാണ്‌ ഇന്റര്‍ തോല്‍പ്പിച്ചത്‌. ഇതോടെ ഇന്ററിന്‌ 35 പോയന്റായി. 28 പോയന്റുമായി ഏ.സി മിലാന്‍ രണ്ടാം സ്ഥാനത്തും 27 പോയന്റുമായി യുവന്തസ്‌ മൂന്നാം സ്ഥാനത്തുമാണ്‌. ഫിയോറന്റീനക്ക്‌ മുന്നില്‍ ഇന്‍ര്‍ വിറച്ചിരുന്നു. എന്നാല്‍ ലോംഗ്‌ വിസിലിന്‌ അഞ്ച്‌ മിനുട്ട്‌ മുമ്പ്‌ ലഭിച്ച പെനാല്‍ട്ടി കിക്ക്‌ ചാമ്പ്യന്മാര്‍ക്ക്‌ തുണയായി. അര്‍ജന്റീനക്കാരന്‍ ഡിയാഗോ മീലീഷ്യോയാണ്‌ സ്‌പോട്ട്‌ കിക്ക്‌ പായിച്ചത്‌. അദ്ദേഹത്തിന്‌ പിഴച്ചില്ല. അതേ സമയം യുവന്തസ്‌ കാഗിലാരിക്ക്‌ മുന്നില്‍ രണ്ട്‌ ഗോളുകളാണ്‌ വാങ്ങിയത്‌. മറ്റൊരു ശക്തരായ ഏ.സി മിലാന്‍ രണ്ട്‌ ഗോളിന്‌ കറ്റാനിയയെ തോല്‍പ്പിച്ചു. ഡച്ച്‌ താരം ജാന്‍ ക്ലാസ്‌ ഹണ്ടലറായിരുന്നു മിലാന്റെ രണ്ട്‌ ഗോളും സ്‌ക്കോര്‍ ചെയ്‌തത്‌.
പോയന്‍ര്‌ ടേബിള്‍
(എല്ലാ ടീമുകളും 14 മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍)
1-ഇന്റര്‍ മിലാന്‍ 35
2-ഏ.സി മിലാന്‍ 28
3-യുവന്തസ്‌ 27
4-സാംപദോറിയോ 24
5-പാര്‍മ 24

ഫ്രാന്‍സില്‍ ബോറോഡോക്‌സ്‌
പാരീസ്‌: ഫ്രഞ്ച്‌ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ബോറോഡ്‌ക്‌ മുന്നേറുന്നു. 28 പോയന്റാണ്‌ ചാമ്പ്യന്മാരുടെ സമ്പാദ്യം. 26 പോയന്റുമായി ലിയോണ്‍, ഓക്‌സിറെ എന്നിവര്‍ പിറകിലുണ്ട്‌. ഇന്നലെ നടന്ന മല്‍സരത്തില്‍ ബോറോഡോക്‌സ്‌ മൂന്ന്‌ ഗോളിന്‌ നാന്‍സിയെ തോല്‍പ്പിച്ചപ്പോള്‍ ലിയോണിനെ റെനസ്സ 1-1 ല്‍ കുരുക്കി.
പോയന്‍ര്‌ ടേബിള്‍
(എല്ല ടീമുകളും 14 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍)
1-ബോറോഡോക്‌സ്‌ 28
2- ലിയോണ്‍ 26
3-ഓക്‌സിറെ 26
4-ലോറിന്റ്‌ 25
5-മോണ്ട്‌പെലാര്‍ 24

എസ്‌.ബി.ടിയുടെ ഗോള്‍മഴ
കോഴിക്കോട്‌: ഗോള്‍ വേട്ടയോടെ എസ്‌.ബി.ടി തിരുവനന്തപുരം ഫെഡറേഷന്‍ കപ്പ്‌ ഫൈനല്‍ റൗണ്ടിന്‌ തൊട്ടരികിലെത്തി. ഇന്നലെ നടന്ന ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ട്‌ സെമി ഫൈനലില്‍ അവര്‍ ഒന്നിനെതിരെ ഏഴ്‌ ഗോളുകള്‍ക്ക്‌ ക്ക്‌ പോണ്ടിച്ചേരിയില്‍ നിന്നുമെത്തിയ യംഗ്‌ ചാലഞ്ചേഴ്‌സിനെ തരിപ്പണമാക്കി. ആദ്യ പകുതിയില്‍ നാല്‌ ഗോളിന്‌ മുന്നിട്ട്‌ നിന്ന ബാങ്ക്‌ ടീം ഒരു ഘട്ടത്തിലും വെല്ലുവിളിക്കപ്പെട്ടില്ല. ഗോള്‍ക്കീപ്പര്‍ ഹര്‍ഷല്‍ റഹ്‌മാന്‌ പൂര്‍ണ്ണസമയ വിശ്രമമായിരുന്നു. ആദ്യ മല്‍സരത്തില്‍ മലബാര്‍ യുനൈറ്റഡ്‌ എഫ്‌.സി യില്‍ നിന്നും കാര്യമായ വെല്ലുവിളി നേരിട്ട എസ്‌.ബി.ടിക്ക്‌ ഇന്നലെ കാര്യങ്ങളെല്ലാം വളരെ എളുപ്പമായിരുന്നു. അഞ്ചാം മിനുട്ടില്‍ നായകന്‍ അബ്ദുള്‍ നൗഷാദാണ്‌ ഗോള്‍ വേട്ടക്ക്‌ തുടക്കമിട്ടത്‌. സ്വന്തം പെനാല്‍ട്ടി ബോക്‌സിലെത്തിയ പന്ത്‌ അടിച്ചകറ്റുന്നതില്‍ പോണ്ടി പ്രതിരോധം സമയമെടുത്തപ്പോള്‍ നൗഷാദിന്റെ ഷോട്ട്‌ ഗോള്‍ക്കീപ്പര്‍ മുത്തുരാമന്‌ തടയാനായില്ല. മുപ്പത്തിനാലാം മിനുട്ടിലായിരുന്നു രണ്ടാം ഗോള്‍. ഇവിടെയും പ്രതിരോധത്തിനാണ്‌ പിഴച്ചത്‌. ആസിഫ്‌ സഹീറിന്റെ വലത്‌ വിംഗില്‍ നിന്നുളള ക്രോസ്‌ തടയാന്‍ ആരുമുണ്ടായിരുന്നില്ല. മുന്നോട്ട്‌ കയറിയ മാര്‍ട്ടിന്‍ ജോണിന്റെ ഹെഡ്ഡര്‍ ഗോള്‍ക്കീപ്പറുടെ കരങ്ങളിലുടെ വലയില്‍. ആസിഫിന്റെ ഊഴമായിരുന്നു പിന്നെ. ആദ്യ മല്‍സരത്തില്‍ ലക്ഷ്യം കാണാന്‍ കഴിയാതിരുന്ന മമ്പാട്‌ മറഡോണ രണ്ട്‌ മിനുട്ടിനിടെ രണ്ട്‌ വട്ടം വല ചലിപ്പിച്ചു. പാഴായി പോയ ഒരു സിസര്‍ കട്ടിന്‌ ശേഷം മുപ്പത്തിയേഴാം മിനുട്ടിലായിരുന്നു ആദ്യ ഗോള്‍. നൗഷാദിന്റെ ക്രോസില്‍ നിന്നുമുളള ഹെഡ്ഡര്‍. രണ്ട്‌ മിനുട്ടിനിടെ ഒരു ഗ്രൗണ്ടറിലുടെ ആസിഫ്‌ വീണ്ടും വല ചലിപ്പിച്ചു.
രണ്ടാം പകുതിയില്‍ പൊരുതാനുള്ള ഊര്‍ജ്ജം പോണ്ടിക്കാര്‍ക്കുണ്ടായിരുന്നില്ല. ഗോളടിക്കാനുളള താല്‍പ്പര്യം ബാങ്കുക്കാര്‍ക്കും. പക്ഷേ മുഹമ്മദ്‌ ഷാഫി അമ്പത്തിമൂന്നാം മിനുട്ടിലും അബ്ദുള്‍ ഹക്കീം എഴുപതാം മിനുട്ടിലും രാകേഷ്‌ എണ്‍പത്തിയൊന്നാം മിനുട്ടിലും വല ചലിപ്പിച്ചു. ലോംഗ്‌ വിസിലിന്‌ തൊട്ട്‌ മുമ്പു്‌ പത്താം നമ്പറുകാരന്‍ ഫെര്‍ണാണ്ടോ ഫ്രിഡോണ്‍ പോണ്ടിക്കാരുടെ മാനം കാത്തു. ഇന്ന്‌ നടക്കുന്ന രണ്ടാം സെമിയില്‍ ടൈറ്റാനിയം തിരുവനന്തപുരം ബാംഗ്ലൂര്‍ എച്ച്‌. ഏ.എല്ലിനെ എതിരിടും. രണ്ട്‌ ആഫ്രിക്കന്‍ താരങ്ങളുമായി എത്തിയിരിക്കുന്ന ബാംഗ്ലൂര്‍ ശക്തരാണ്‌. ആദ്യ റൗണ്ടില്‍ അവര്‍ കളിച്ചിട്ടില്ല. ബൈ ആയാണ്‌ സെമി ടിക്കറ്റ്‌ നേടിയത്‌. നാളെ മല്‍സരമില്ല. വ്യാഴാഴ്‌ച്ചയാണ്‌ ഫൈനല്‍.
രണ്ടാം ടെസ്റ്റിന്‌ നാളെ തുടക്കം
മുംബൈ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുളള ടെസ്റ്റ്‌ പരമ്പരയിലെ അവസാന മല്‍സരം നാളെ ഇവിടെ ആരംഭിക്കും. കാണ്‍പ്പൂരില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സ്‌ വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയില്‍ 1-0 ത്തിന്‌ മുന്നിട്ട്‌ നില്‍ക്കുകയാണ്‌. മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ഓപ്പണര്‍ ഗൗതം ഗാംഭീര്‍ കളിക്കില്ല. സഹോദരിയുടെ വിവാഹം പ്രമാണിച്ച്‌ അദ്ദേഹം നാട്ടിലാണ്‌. പകരം മുരളി വിജയ്‌ ആയിരിക്കും വിരേന്ദര്‍ സേവാഗിനൊപ്പം ഇന്നിംഗ്‌സിന്‌ തുടക്കമിടുക.

No comments: