Saturday, November 14, 2009

SACHIN ALL THE BEST
സച്ചിന്‍-ഓള്‍ ദ ബെസ്‌റ്റ്‌
തേര്‍ഡ്‌ ഐ -കമാല്‍ വരദൂര്‍
ഇന്ന്‌ ആ ദിനം-സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍ ലോക ക്രിക്കറ്റില്‍ അരങ്ങേറിയത്‌ ഇരുപത്‌ വര്‍ഷം മുമ്പ്‌ ഒരു നവംബര്‍ പതിനഞ്ചിനായിരുന്നു. 1989 ല്‍ കറാച്ചിയില്‍ പാക്കിസ്‌താനെതിരെ അരങ്ങേറിയ ശേഷം ലോക ക്രിക്കറ്റിലെ എല്ലാ ഗതിവിഗതികള്‍ക്കും സാക്ഷിയായ മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ രാജ്യാന്തര കരിയറിലെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുമ്പോഴും ശാന്തനാണ്‌... സ്വന്തം കാല്‍ നിലത്ത്‌ തന്നെയാണെന്ന്‌ ഉറപ്പിച്ച്‌ അദ്ദേഹം ആശംസകള്‍ക്കെല്ലാം നന്ദി പറയുന്നു.
ലോക കായിക രംഗത്തെ അപര്‍വ്വ പ്രതിഭയാണ്‌ സച്ചിന്‍. ക്രിക്കറ്റ്‌ എന്ന ഗെമിയിന്‌ വേരുകളുളളത്‌ അല്‍പ്പം രാജ്യങ്ങളില്‍ മാത്രമാണെന്നത്‌ സത്യം. പക്ഷേ ഒരു ഗെയിമില്‍ ഇരുപത്‌ വര്‍ഷക്കാലം എല്ലാ സമ്മര്‍ദ്ദവും പേറി അജയ്യനായി കളിക്കുകയെന്നത്‌്‌ സച്ചിന്‌ മാത്രമുള്ള നേട്ടം. ഫുട്‌ബോള്‍ രാജാവ്‌ പെലെക്ക്‌ പോലും പതിനഞ്ച്‌ വര്‍ഷത്തോളം മാത്രമാണ്‌ രാജ്യാന്തര രംഗത്ത്‌ തുടരാന്‍ കഴിഞ്ഞിരുന്നുളളു എന്ന സത്യത്തില്‍ സച്ചിന്റെ മികവ്‌ മനസ്സിലാക്കാം. കായിക താരങ്ങളില്‍ കുറ്റങ്ങളും കുറവുകളും കണ്ടെത്താന്‍ എളുപ്പമാണ്‌. ഏത്‌്‌ ഗെയിമിലെയും സൂപ്പര്‍ താരങ്ങളുടെ പ്രകടനം കൂലംകഷമായി ചര്‍ച്ച ചെയ്യപ്പെടുന്ന കാലത്ത്‌ സച്ചിനില്‍ കാര്യമായ കുറവുകള്‍ കണ്ടെത്താന്‍ ഇത്‌ വരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല എന്നത്‌ അദ്ദേഹത്തിന്റെ മാത്രം സവിശേഷത. ക്രിക്കറ്റിലാണ്‌ ഏറ്റവുമധികം ചര്‍ച്ചകളും അവലോകനങ്ങളും സാങ്കേതിക വിലയിരുത്തലുമെല്ലാം നടക്കുന്നത്‌. ഒരു ടെസ്‌റ്റ്‌ മല്‍സരമാണെങ്കില്‍ അതിന്റെ തല്‍സമയ കവറേജ്‌ അഞ്ച്‌ ദിവസം പൂര്‍ണ്ണമായുണ്ടാവും. ഈ അഞ്ച്‌ ദിവസവും ധാരാളം കമന്റേറ്റര്‍മാര്‍ കളി പറയുന്നതിനൊപ്പം താരങ്ങളെ വിലയിരുത്തും. അവരുടെ പ്ലസുകള്‍, മൈനസുകള്‍ അങ്ങനെ പലതും. ക്രിക്കറ്റിലെ കമന്റേറ്റര്‍മാരെല്ലാം ആ ഗെയിമുമായി അടുത്ത ബന്ധമുളളവരാണ്‌. മുന്‍ കളിക്കാരാണ്‌ കളിയെ പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യാറുളളത്‌. ജെഫ്‌ ബോയ്‌ക്കോട്ടില്‍ തുടങ്ങിയാല്‍ സച്ചിന്റെ പ്രകടനത്തെ അടുത്തിരുന്ന്‌ വിലയിരുത്തിയവരാണ്‌ ഇയാന്‍ ചാപ്പലും സുനില്‍ ഗവാസ്‌ക്കറും രവിശാസ്‌ത്രിയും ഡേവിഡ്‌ ഗവറും ഇയാന്‍ ബോതവും റിച്ചാര്‍ഡ്‌ ഹാഡ്‌ലിയും നാസര്‍ ഹുസൈനും അലിസ്‌റ്റര്‍ കാംപെലും ഹര്‍ഷ ബോഗ്‌ലെയുമെല്ലാം. ഇവരാരും സച്ചിനെക്കുറിച്ച്‌, അദ്ദേഹത്തിന്റെ പ്രകടനത്തെക്കുറിച്ച്‌, അര്‍പ്പണത്തെക്കുറിച്ച്‌, പെരുമാറ്റത്തെക്കുറിച്ച്‌ ഇത്‌ വരെ നെഗറ്റീവായി ഒന്നും പറഞ്ഞിട്ടില്ല എന്നതാണ്‌ ആ താരത്തിന്റെ മഹത്വം വര്‍ദ്ധിപ്പിക്കുന്നത്‌. ഇരുപത്‌ വര്‍ഷത്തെ ക്രിക്കറ്റില്‍ സച്ചിന്‍ ആദ്യ പരമ്പര മുതല്‍ അനുഭവിച്ച യാതനകള്‍ ചെറുതല്ല. 1989 ല്‍ പാക്കിസ്‌താന്‍ പര്യടനത്തിന്‌ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന്‌ പ്രായം പതിനാറ്‌. കപില്‍ദേവും കൃഷ്‌ണമാചാരി ശ്രീകാന്തും ദിലീപ്‌ വെംഗ്‌സാര്‍ക്കറും രവിശാസ്‌ത്രിയും മുഹമ്മദ്‌ അസ്‌ഹറുദ്ദിനുമെല്ലാം കളിക്കുന്ന ഇന്ത്യന്‍ ടീമിലെ ബേബിക്ക്‌ കറാച്ചിയിലും സിയാല്‍ക്കോട്ടിലുമെല്ലാം നടന്ന മല്‍സരങ്ങളില്‍ ദേഹത്താകമാനം ഏറ്‌ കിട്ടിയിരുന്നു. സിയാല്‍ക്കോട്ടില്‍ വഖാര്‍ യൂനസിന്റെ പന്ത്‌ മുക്കില്‍ തട്ടി രക്തം വാര്‍ന്നൊലിച്ച സന്ദര്‍ഭത്തിലും പതറാതെ കളിച്ച സച്ചിന്‍ ഒരു ഘട്ടത്തില്‍ പോലും എതിരാളികള്‍ക്കെതിരെയോ, അമ്പയര്‍മാര്‍ക്കെതിരെയോ ഒരക്ഷരം സംസാരിച്ചിട്ടില്ല. സച്ചിന്റെ ശരീരം ലക്ഷ്യമാക്കി പന്തെറിഞ്ഞവരില്‍ ക്രെയിഗ്‌ മക്‌ഡര്‍മോട്ട്‌ മുതല്‍ കോടനി വാല്‍ഷും കര്‍ട്‌ലി അംബ്രോസും ഗ്ലെന്‍ മക്‌ഗ്രാത്തും ഇമ്രാന്‍ഖാനും വസീം അക്രവും വഖാര്‍ യൂനസും ഷുഹൈബ്‌ അക്തറും ഗ്ലാഡ്‌സണ്‍ സ്‌മാളും അലന്‍ ഡൊണാള്‍ഡുമെല്ലാമുണ്ടായിരുന്നു. സച്ചിന്റെ ബാറ്റില്‍ നിന്നും പ്രവഹിക്കുന്ന ബൗണ്ടറികളും സിക്‌സറുകളും ബൗളര്‍മാരുടെ ഉറക്കം കെടുത്തിയപ്പോള്‍ അവര്‍ക്ക്‌ മറുപടി നല്‍കാന്‍ സച്ചിന്റെ ദേഹമാണുണ്ടായിരുന്നത്‌. അവിടെയും സച്ചിന്‍ ശാന്തനായിരുന്നു. മക്‌ഗ്രാത്തിന്റെ ബൗണ്‍സറില്‍ നിന്നും ഒരു തവണ രക്ഷപ്പെടാന്‍ സച്ചിന്‍ ക്രീസില്‍ കുനിഞ്ഞിരുന്നു. പന്ത്‌ ഹെല്‍മറ്റില്‍ തട്ടിയപ്പോള്‍ ബൗളര്‍ അപ്പീല്‍ ചെയ്‌തു. അമ്പയര്‍ സ്റ്റീവ്‌ ബക്‌നറായിരുന്നു. അദ്ദേഹം വിരലുയര്‍ത്തി. പിന്നീട്‌ ബക്‌നര്‍ തന്നെ തന്റെ വിഡ്ഡിത്ത തിരുമാനത്തില്‍ പരിതപിച്ചത്‌ സച്ചിന്റെ മികവിനുള്ള മറ്റൊരു സാക്ഷ്യപത്രം...
കളിക്കളത്തിലും കളത്തിന്‌ പുറത്തും സച്ചിനോളം ശാന്തനായി കാണപ്പെട്ട മറ്റൊരു ക്രിക്കറ്ററില്ല. ജെന്റില്‍ മാന്‍ ക്രിക്കറ്ററായിരുന്നു സുനില്‍ ഗവാസ്‌ക്കര്‍. അദ്ദേഹം പോലും ഒരു വേള ക്ഷുഭിതനായി തന്റെ ടീമിനെ മൈതാനത്ത്‌ നിന്ന്‌ തിരിച്ചുവിളിച്ചയാളാണ്‌. കളിക്കളത്തില്‍ വേദനയും നിരാശയും പ്രകടിപ്പിക്കാത്ത സ്‌റ്റീവ്‌ വോയും ബ്രയന്‍ ലാറയുമെല്ലാം ചില സന്ദര്‍ഭങ്ങളില്‍ നില വിട്ട്‌ പെരുമാറിയിട്ടുണ്ട്‌. സച്ചിന്റെ കാര്യത്തില്‍ അതൊന്നുമില്ല. പന്തയ വിവാദം ക്രിക്കറ്റിനെ കൊടുങ്കാറ്റിലകപ്പെടുത്തിയപ്പോള്‍ സച്ചിന്‌ മാത്രം ക്ലീന്‍ ചീട്ടായിരുന്നു. ലാറയും അലക്‌സ്‌ സ്‌റ്റിയൂവര്‍ട്ടും അക്രവും അസ്‌ഹറും സലീം മാലിക്കും ഹാന്‍സെ ക്രോണിയയുമെല്ലാം ആരോപണവിധേയരായപ്പോള്‍, പലരെയും സംശയത്താല്‍ ചോദ്യം ചെയ്‌്‌തു. സച്ചിനെ മാത്രം ആരും ചോദ്യം ചെയ്‌തില്ല. ക്രിക്കറ്റില്‍ ടെലിവിഷന്‍ ആധിക്യം വര്‍ദ്ധിച്ചപ്പോള്‍ താരങ്ങളെയും അമ്പയര്‍മാരെയും സ്‌റ്റേഡിയത്തെയുമെല്ലാം വീക്ഷിക്കാനും വിലയിരുത്താനും എളുപ്പമായി. അമ്പയര്‍മാര്‍ക്ക്‌ മൂന്നാം അമ്പയറുടെ സഹായത്തിലും പലവട്ടം പിഴച്ചിട്ടും സച്ചിന്‍ നിരാശ പരസ്യമായി പ്രകടിപ്പിച്ചില്ല. ഒരു മാച്ച്‌ റഫറിയും സച്ചിനെതിരെ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടില്ല. ഒരു ക്രിക്കറ്റ്‌ ഭരണാധികാരിക്കും സച്ചിനെതിരെ സംസാരിക്കേണ്ടിയും വന്നിട്ടില്ല. ശ്രീശാന്ത്‌ എന്ന യുവതാരം ചെറിയ കാലയളവില്‍ എത്ര തവണ മോശം പെരുമാറ്റത്തിനും കളത്തിന്‌ പുറത്തെ കാര്യങ്ങള്‍ക്കും പിടിക്കപ്പെട്ടുവെന്ന്‌ മനസ്സിലാക്കുമ്പോള്‍ സച്ചിന്റെ ശാന്തതക്ക്‌ നൂറില്‍ നൂറ്‌ മാര്‍ക്ക്‌ നല്‍കണം.
എത്രയോ ലോകകപ്പുകളില്‍ സച്ചിന്‍ കളിച്ചു. ഒരു തവണ പോലും അദ്ദേഹത്തിന്‌ കപ്പില്‍ മുത്തമിടാന്‍ കഴിഞ്ഞില്ല. അതിലൊരു പരാതിയും അദ്ദേഹം പ്രകടിപ്പിച്ചിട്ടുമില്ല. 2003 ലെ ലോകകപ്പില്‍ ഇന്ത്യ ഫൈനല്‍ വരെയെത്തി. സച്ചിനായിരുന്നു ആ ലോകകപ്പിന്റെ താരം. ആ ബഹുമതി സ്വീകരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞത്‌ രാജ്യത്തിന്റെ കിരീടനേട്ടമായിരുന്നു പ്രധാനമെന്നാണ്‌. ഈയിടെ ഹൈദരാബാദില്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മല്‍സരത്തില്‍ 17,000 റണ്‍സ്‌ പിന്നിട്ട്‌, ഡബിള്‍ സെഞ്ച്വറികരിക്കിലേക്ക്‌ വന്നപ്പോഴും സച്ചിന്റെ വാക്കുകളില്‍ അഹന്ത കണ്ടില്ല. രാജ്യം തോറ്റതിലായിരുന്നു അദ്ദേഹത്തിന്‌ നിരാശ.
ഉത്തേജകങ്ങള്‍ കായിക ലോകത്തെ വിറപ്പിച്ചപ്പോള്‍ പിടിക്കപ്പെട്ടവരില്‍ മരിയം ജോണ്‍സും ബെന്‍ ജോണ്‍സണുമെല്ലാമുണ്ടായിരുന്നു. കുറ്റം സമ്മതിച്ചവരില്‍ കാള്‍ ലൂയിസും ആന്ദ്രെ അഗാസിയെ പോലുള്ളവരും. ഇവിടെയും സച്ചിന്‍ ക്ലീനായിരുന്നു. ഉത്തേജകങ്ങളുടെ സഹായത്തില്‍ സ്വന്തം മികവിനെ പരിപോഷിപ്പിക്കേണ്ട ആവശ്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല. ടെന്നിസ്‌ എല്‍ബോ പരുക്ക്‌ വേട്ടയാടിയപ്പോള്‍ കരിയറിനെ അത്‌ ബാധിക്കുമെന്ന ഘട്ടത്തില്‍ പോലും മരുന്നുകളില്‍ സച്ചിന്‍ അഭയം തേടിയില്ല. അദ്ദേഹത്തിന്റെ കരിയറില്‍ നിരവധി മിന്നുന്ന മുഹൂര്‍ത്തങ്ങളുണ്ടായിട്ടുണ്ട്‌. ആ മുഹൂര്‍ത്തങ്ങളിലൊന്നിലും അമിതാഹ്ലാദം സച്ചിന്‍ പ്രകടിപ്പിച്ചിട്ടില്ല. എല്ലാം ശാന്തനായി സ്വീകരിക്കുന്നു. പിതാവ്‌ മരിക്കുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹം ലോകകപ്പ്‌ മൈതാനത്തായിരുന്നു. തിരിച്ചുവന്ന്‌ സംസ്‌ക്കാരചടങ്ങില്‍ പങ്കെടുത്ത ശേഷം ടീമില്‍ തിരിച്ചെത്തി സ്വന്തമാക്കിയത്‌ മനോഹരമായ സെഞ്ച്വറി.
സച്ചിന്റെ പ്രകടനം നേരില്‍ കാണാനായത്‌ ഈ തലമുറയുടെ ഭാഗ്യം. എത്രയെത്ര തവണ മഹാനായ താരം നമ്മെ അതിയശയിപ്പിച്ചു. മാന്യനും ശാന്തനും പക്വമതിയുമായി സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍. താങ്കള്‍ ഇനിയും കൂറെ കാലം കളിക്കണം സച്ചിന്‍ -ഓള്‍ ദ ബെസ്റ്റ്‌......

അഭിമാനം-പീറ്റര്‍ റിബക്ക്‌
രണ്ട്‌ ദശാബ്ദം രാജ്യാന്തര ക്രിക്കറ്റിലെ കാറ്റിലും കോളിലും കരുത്തോടെ പിടിച്ചുനില്‍ക്കുക എന്ന വിഷകരമായ ജോലിയില്‍ അപൂര്‍വ്വ വിജയം സ്വന്തമാക്കിയിരിക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റ്‌ എന്ന ഗെയിമിന്റെ അഭിമാനമാണെന്ന്‌ ലോക പ്രശസ്‌ത ക്രിക്കറ്റ്‌ കമന്റേറ്ററും നിരൂപകനുമായ പീറ്റര്‍ റിബക്ക്‌ അഭിപ്രായപ്പെട്ടു. ഇരുപത്‌ വര്‍ഷം മുമ്പ്‌ തുടങ്ങിയ രാജ്യാന്തര ജിവിതത്തിന്റെ ഒരു ഘട്ടത്തിലും സച്ചിന്‍ പിറകോട്ട്‌ പോയില്ല. ഇപ്പോഴും അദ്ദേഹം ഒന്നാമനാണെന്നതിന്‌ തെളിവായിരുന്നു ഹൈദരാബാദിലെ ആ 175 റണ്‍സ്‌...! ബെര്‍ലിന്‍ മതില്‍ ചരിത്രമാവുന്നതിന്‌ ഒരാഴ്‌ച്ച മുമ്പാണ്‌ സച്ചിന്‍ തന്റെ രാജ്യത്തിന്റെ കളറണിഞ്ഞത്‌. അന്ന്‌ നെല്‍സണ്‍ മണ്ടേല ജയിലിനകത്തായിരുന്നു. അലന്‍ ബോര്‍ഡറായിരുന്നു ഓസ്‌ട്രേലിയന്‍ നായകന്‍. ഇന്ത്യ എന്ന രാജ്യമാണെങ്കില്‍ ദാരിദ്ര്യത്തില്‍ തളര്‍ന്നുകിടക്കുന്ന സമയം. ആ കാലത്താണ്‌ എതിരാളികള്‍ക്ക്‌ മുമ്പില്‍ സുര്യശോഭയോടെ സച്ചിന്‍ വിരാജിച്ചത്‌. വസീം അക്രവും മെര്‍വ്‌ ഹ്യൂസുമെല്ലം ബാറ്റ്‌സ്‌മാന്മാരെ വിറപ്പിച്ച കാലത്ത്‌ ടീനേജിന്റെ കരുത്തോടെ അവര്‍ക്ക്‌ മുന്നില്‍ പര്‍വതമായി നിന്ന സച്ചിന്‍ ഇപ്പോഴും യുവത്വം വിടാതെയാണ്‌ കളിക്കുന്നത്‌. കണക്കിലെ വസ്‌തുതയല്ല ഇവിടെ പ്രധാനം, സച്ചിന്‍ എന്ന ക്രിക്കറ്ററാണ്‌. ആയിരകണക്കിന്‌ റണ്‍സ്‌ അദ്ദേഹം നേടി. 87 തവണ മൂന്നക്കം കണ്ടു. അതൊന്നും അദ്ദേഹത്തെ അഹങ്കാരിയാക്കിയില്ല. സച്ചിന്റെ ആവനാഴിയില്‍ എല്ലാ അസ്‌ത്രങ്ങളുമുണ്ട്‌. മക്‌ഗ്രാത്തിനെയും വോണിനെയും ബ്രെട്ട്‌ ലീയെയും നേരിടുമ്പോള്‍ അദ്ദേഹത്തിന്റെ മികവ്‌ പ്രകടമാവും. സച്ചിന്‍ ക്രീസിലേക്ക്‌ വരുന്നത്‌ സമ്മര്‍ദ്ദത്തടക്കത്തായിരിക്കും. ഒരു ടീമിന്റെ മാത്രമല്ല രാജ്യത്തിന്റെ പ്രതീക്ഷയായി വരുമ്പോള്‍ സ്വതസിദ്ധമായ ഫോമില്‍ കളിക്കാന്‍ കഴിയില്ല. എതിരാളികളെ കീഴ്‌പ്പെടുത്തുക എന്നത്‌ മാനിസക ജോലിയാണ്‌. ഇവിടെയാണ്‌ സച്ചിന്‍ വലിയ വിജയം നേടുന്നത്‌. സച്ചിനെതിരെ പന്തെറിയുമ്പോള്‍ ഏത്‌ ബൗളറും മാനസിക സമ്മര്‍ദ്ദത്തിലായിരിക്കും. സച്ചിന്‍ ജന്മനാ ഒരു ബാറ്റ്‌സ്‌മാനാണ്‌. സച്ചിന്റെ പ്രതിഭയെ ബഹുമാനിക്കാത്തവരായി ആരുമില്ല. ബ്രയന്‍ ലാറ പലപ്പോഴായി പറഞ്ഞിട്ടുണ്ട്‌ താന്‍ സച്ചിന്റെ ആരാധകനാണെന്ന്‌. സച്ചിന്‍ പുറത്തായിട്ടുണ്ട്‌ പലവട്ടം. പക്ഷേ അതൊന്നും മോശം ഷോട്ടുകള്‍ക്കായിരുന്നില്ല എന്നതാണ്‌ പ്രസ്‌താവ്യം.

ലാളിത്യമാണ്‌ സച്ചിന്‍
ക്രിക്കറ്റിനെ മതമായി കാണുന്ന രാജ്യത്ത്‌, സച്ചിന്‍ ദൈവമാണ്‌. പക്ഷേ അദ്ദേഹത്തിന്റെ ലാളിത്യമാണ്‌ തന്നെ അല്‍ഭുതപ്പെടുത്തിയതെന്ന്‌ വി.വി.എസ്‌ ലക്ഷ്‌മണ്‍. 1994 ലെ ഒരു യാത്രയില്‍ ട്രെയിനില്‍ വെച്ചാണ്‌ സച്ചിനെ ആദ്യമായി കാണുന്നത്‌. അന്ന്‌ മുതല്‍ ആരംഭിച്ച സൗഹൃദത്തിന്‌ ഇത്‌ വരെ ഒരു കോട്ടവും തട്ടിയിട്ടില്ല. എന്നെ അല്‍ഭുതപ്പെടുത്തുന്ന കാര്യം 94 ല്‍ കണ്ട അതേ സച്ചിനാണ്‌ ഇന്നത്തെ സച്ചിനും. അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ ഒരു മാറ്റവുമില്ല. ലാളിത്യമാണ്‌ അദ്ദേഹത്തിന്റെ മുഖമുദ്ര. സ്വന്തം നേട്ടങ്ങളെക്കുറിച്ച്‌ സച്ചിന്‍ അഹങ്കരിക്കുന്നില്ല. തിരക്കിനിടയിലും കുടുംബത്തെ സ്‌നേഹിക്കുന്ന മഹാനായ മനുഷ്യന്‍. സച്ചിന്റെ നിരവധി മികച്ച ഇന്നിംഗ്‌സുകള്‍ ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്‌. അതില്‍ ഏറ്റവും മികച്ചതായി തോന്നിയത്‌ 1998 ല്‍ ഷാര്‍ജയില്‍ അദ്ദേഹം ഓസ്‌ട്രേലിയക്കെതിരെ നടത്തിയതാണ്‌. അന്ന്‌ മറുഭാഗത്ത്‌ ഞാനായിരുന്നു. സിഡ്‌നിയില്‍ അദ്ദേഹം നേടിയ ഡബിള്‍ സെഞ്ച്വറിയും ചെന്നൈയില്‍ പാക്കിസ്‌താനതിരെ നേടിയ സെഞ്ച്വറിയും കേപ്‌ടൗണ്‍ ടെസ്റ്റിലെ സെഞ്ച്വറിയുമൊന്നും മറക്കാന്‍ കഴിയില്ല.

എല്ലാം മറന്നു-അദ്ദേഹത്തിന്‌ വേണ്ടി
രാജ്യാന്തര ക്രിക്കറ്റില്‍ ഇരുപത്‌ വര്‍ഷം പൂര്‍ത്തിയാക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം കഴിഞ്ഞ പത്തൊമ്പത്‌ വര്‍ഷമായി ഡോ.അജ്ഞലിയുണ്ട്‌... പഠനം കൊണ്ട്‌ ഡോക്‌ടറായ അജ്ഞലി സച്ചിന്‌ വേണ്ടി എല്ലാം മറന്ന്‌ അടക്കവും ഒതുക്കവുമുള്ള വീട്ടമ്മയായി മാറി. ആദ്യം സച്ചിന്റെ അടുത്ത സുഹൃത്തായിരുന്നു. പിന്നീട്‌ ജിവിത പങ്കാളിയായി. കാമുകിയായിരുന്ന കാലത്തെ ഒരു കഥ പറയുകയാണ്‌ അജ്ഞലി. റോജ എന്ന സിനിമ കാണാന്‍ വലിയ ആഗ്രഹം. സച്ചിനോട്‌ കാര്യം പറഞ്ഞു. തിയേറ്ററില്‍ വന്ന്‌ സിനിമ കാണുക പ്രയാസമാണെന്ന്‌ സച്ചിന്‍ പറഞ്ഞു. ആളുകള്‍ തിരിച്ചറിയും. ആരാധകര്‍ക്കിടയില്‍ സിനിമ ആസ്വദിക്കാനാവില്ല. പക്ഷേ അജ്ഞലിയും കൂട്ടുകാരും വേഷം മാറാന്‍ സച്ചിനെ നിര്‍ബന്ധിച്ചു. അങ്ങനെ മുഖത്തൊരു മീശയും വലിയ കൂളിംഗ്‌ ഗ്ലാസും ധരിച്ച്‌ സച്ചിനെത്തി. മണിരത്‌നത്തിന്റെ പ്രണയകഥയായ റോജ ഇടവേള വരെ കണ്ടു. ഇടവേള സമയത്ത്‌ സച്ചിന്‍ കൂളിംഗ്‌ ഗ്ലാസ്‌ വെറുതെയൊന്ന്‌ മാറ്റി. അതോടെ ആരാധകര്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. പിന്നെ സിനിമ കാണാനായില്ല....
സച്ചിനെ പരിചയപ്പെടും വരെ അജ്ഞലിക്ക്‌ ക്രിക്കറ്റ്‌ എന്താണെന്ന്‌ അറിയുമായിരുന്നില്ല. സച്ചിന്റെ ജീവിതത്തിലേക്ക്‌ വന്നപ്പോള്‍ ആദ്യമായി പഠിച്ചത്‌ ക്രിക്കറ്റാണ്‌. പക്ഷേ വീട്ടില്‍ ക്രിക്കറ്റ്‌ ചര്‍ച്ച ചെയ്യുന്നതിനോട്‌ സച്ചിന്‌ താല്‍പ്പര്യമുണ്ടായിരുന്നില്ല. പക്ഷേ കരിയറിലെ വെല്ലുവിളികള്‍ നേരിടുമ്പോള്‍, അല്ലെങ്കില്‍ മൂഡൗട്ടാവുന്ന സമയത്ത്‌ സച്ചിനിലെ ക്രിക്കറ്ററെ പ്രചോദിപ്പിക്കാന്‍ അജ്ഞലിക്കാവും. ഡോക്ടര്‍ ബിരുദം നേടിയത്‌ കഠിനാദ്ധ്വാനം നടത്തിയാണ്‌. പക്ഷേ വിവാഹം കഴിഞ്ഞയുടന്‍ സച്ചിന്‌ വേണ്ടി സ്റ്റെതസ്‌ക്കോപ്പ്‌ താഴെവെച്ചു. സച്ചിനെ പോലെ ഒരാളുടെ ഭാര്യയായിരിക്കുമ്പോള്‍ പരിശോധനയും ആശുപത്രിയുമൊന്നും നടപ്പില്ല എന്നറിയാമായിരുന്നു. കുട്ടിക്കാലത്ത്‌ സച്ചിന്റെ എല്ലാ കാര്യങ്ങളും ചെയ്‌തിരുന്നത്‌ സഹോദരന്‍ അജിതായിരുന്നു. സ്വന്തം കാര്യങ്ങള്‍ മറന്നായിരുന്നു അജിത്‌ സഹോദരന്‌ വേണ്ടി ജീവിച്ചത്‌. അത്‌ തന്നെ ഞാനും ചെയ്യണമെന്ന്‌ എനിക്ക്‌ തോന്നി. ഡോക്ടറായിരുന്നാല്‍ ചിലപ്പോള്‍ അസമയത്ത്‌ രോഗികളെ നോക്കേണ്ടി വരും. അപ്പോള്‍ ആശുപത്രിയില്‍ പോവണം. അത്‌ കഴിയില്ല. സച്ചിന്‍ മിക്കപ്പോഴും ടൂറിലായിരിക്കും. അപ്പോള്‍ കുട്ടികളെ ശ്രദ്ധിക്കണം. സച്ചിന്‍ ബാറ്റ്‌ ചെയ്യുമ്പോള്‍ ഞാന്‍ വീട്ടിലെ പ്രത്യേക സ്ഥാനത്തിരുന്നാണ്‌ കളി കാണാറുള്ളത്‌. എനിക്ക്‌ തൊട്ട്‌ മുമ്പില്‍ ഗണപതിയുണ്ടാവും. ഒരു കണ്ണ്‌്‌ ഗണപതി ഭഗവാനിലും മറു കണ്ണ്‌്‌ സച്ചിനിലുമായിരിക്കും. അദ്ദേഹം കളിക്കുമ്പോള്‍ ഞാന്‍ ഒന്നും കഴിക്കില്ല, ചലിക്കില്ല, ഫോണില്‍ സംസാരിക്കില്ല, എസ്‌.എം.എസുകള്‍ക്ക്‌ പോലും മറുപടി നല്‍കാറില്ല. സച്ചിനെ കഴിഞ്ഞ പത്തൊമ്പത്‌ വര്‍ഷമായി എനിക്കറിയാം. അദ്ദേഹത്തിനൊപ്പം ജീവിക്കാന്‍ കഴിയുന്നത്‌ എന്റെ ഭാഗ്യം.

സച്ചിന്‍ ഇന്‍സ്‌റ്റിറ്റിയൂഷന്‍
സച്ചിന്‍ എന്നാല്‍ അതൊരു ക്രിക്കറ്റ്‌ ഇന്‍സ്‌റ്റിറ്റിയൂഷനാണെന്ന്‌ ജാവേദ്‌ മിയാന്‍ദാദ്‌. ഇന്നും മിയാന്‍ദാദിന്‌്‌ ഓര്‍മ്മയുണ്ട്‌ സച്ചിന്‍ കറാച്ചി ടെസ്‌റ്റില്‍ കളിച്ചത്‌. ഇരുപത്‌ വര്‍ഷം മുമ്പായിരുന്നു അത്‌. ചെറിയ ഒരു പയ്യന്‍ ഇമ്രാന്‍ഖാനെയും വസീം അക്രമിനെയും മനോഹരമായി നേരിടുന്നു. അദ്ദേഹത്തിന്റെ ഓരോ ഇന്നിംഗ്‌സും ബാറ്റിംഗ്‌ എന്ന കലയുടെ അനായാസതയാണ്‌ വ്യക്തമാക്കുന്നത്‌. സച്ചിന്റെ ഏറ്റവും മികച്ച ഇന്നിംഗ്‌സ്‌ ഏതെന്ന്‌ ചോദിച്ചാല്‍ എനിക്ക്‌ പലവട്ടം ഉത്തരം മാറ്റേണ്ടി വരും. കാരണം അദ്ദേഹത്തിന്റെ ഒരു ഇന്നിംഗ്‌സ്‌ ഞാന്‍ ഇഷ്ടപ്പെട്ടുമ്പോള്‍ അടുത്ത മല്‍സരത്തില്‍ അതിലും മനോഹരമായ പ്രകടനം വരും. സത്യം-സച്ചിന്‍ എന്നാല്‍ ഒരു ഇന്‍സ്റ്റിറ്റിയൂഷനാണ്‌.
റണ്‍സ്‌ ദാഹം
സച്ചിന്‌ ഏറെ കാലം കളിച്ചിട്ടുണ്ട്‌ മുഹമ്മദ്‌ അസ്‌ഹറുദ്ദീന്‌ കീഴില്‍. അസ്‌ഹറിന്‌ പറയാനുളളത്‌ സച്ചിന്റെ റണ്‍സ്‌ ദാഹത്തെക്കുറിച്ചാണ്‌. 1989 മുതല്‍ അസ്‌ഹറും സച്ചിനും പ്രിയപ്പെട്ട സുഹൃത്തുക്കളാണ്‌. ക്രീസിലും ക്രീസിന്‌ പുറത്തും അടുത്ത മിത്രങ്ങളായ ഇരുവരും രാജ്യത്തിന്‌ വേണ്ടി മികച്ച കൂട്ടുകെട്ടുകള്‍ക്ക്‌ രൂപം നല്‍കിയിട്ടുണ്ട്‌. ഹീറോ കപ്പ്‌ ക്രിക്കറ്റ്‌ ഫൈനല്‍ കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡന്‍സില്‍ നടക്കുമ്പോള്‍ ദക്ഷിണാഫ്രിക്കക്ക്‌ വിജയിക്കാന്‍ അവസാന ഓവറില്‍ അഞ്ച്‌ റണ്‍്‌സ്‌ മാത്രം വേണ്ട ഘട്ടത്തില്‍ സച്ചിന്‌ പന്ത്‌ നല്‍കിയ കാര്യമാണ്‌ അസ്‌ഹര്‍ ഓര്‍ക്കുന്നത്‌. അന്ന്‌ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. സച്ചിന്‌ പന്ത്‌ നല്‍കി. പിന്നെ കണ്ടത്‌ മാന്ത്രികതയാണ്‌. മൂന്ന്‌ റണ്‍സാണ്‌ സച്ചിന്‍ നല്‍കിയത്‌. സച്ചിനിലെ ക്രിക്കറ്റര്‍ക്ക്‌ എല്ലാ പ്രോല്‍സാഹനവും നല്‍കന്‍ കഴിഞ്ഞതിലെ ചാരിതാര്‍ത്ഥ്യത്തിലാണ്‌ അസ്‌ഹര്‍.

കിവീസിന്‌ ടിക്കറ്റ്‌
വെല്ലിംഗ്‌ടണ്‍: ന്യൂസിലാന്‍ഡ്‌ ചരിത്രത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കി, വെസ്‌റ്റ്‌പാക്‌ സ്‌റ്റേഡിയത്തില്‍ ചരിത്രം പിറന്നു. ബഹറൈനെ ഒരു ഗോളിന്‌ കീഴടക്കി ന്യൂസിലാന്‍ഡ്‌ അടുത്തവര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ്‌ ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടിന്‌ ടിക്കറ്റ്‌ സ്വന്തമാക്കി. ഒന്നാം പകുതിയുടെ അവസാനത്തില്‍ മുന്‍നിരക്കാരന്‍ റോറി ഫാലോണാണ്‌ നിര്‍ണ്ണായക ഗോള്‍ നേടിയത്‌. മനാമയില്‍ നടന്ന ആദ്യപാദ മല്‍സരം ഗോള്‍രഹിത സമനിലയിലാണ്‌ അവസാനിച്ചത്‌. തുടര്‍ച്ചയായി ഇത്‌ രണ്ടാം ലോകകപ്പിലാണ്‌ ബഹറൈന്‍ പ്ലേ ഓഫില്‍ കലമുടക്കുന്നത്‌. നാല്‌ വര്‍ഷം മുമ്പ്‌ ട്രിനിഡാഡിന്‌ മുന്നില്‍ ഇത്‌ പോലെ ഒരു ഗോളിന്‌ തോറ്റ ബഹറൈന്‍ ന്യൂസിലാന്‍ഡിനെതിരെ മികച്ച പ്രകടനം നടത്തിയിരുന്നു. ആദ്യ മൂന്ന്‌ മിനുട്ടിനിടെ രണ്ട്‌ കോര്‍ണര്‍കിക്കുകള്‍ സമ്പാദിച്ച ടീം പക്ഷേ നിര്‍ഭാഗ്യത്തിന്‌ മുന്നിലാണ്‌ തോറ്റത്‌.
പാക്കിസ്‌താന്‌ പരമ്പര
ദുബായ്‌: രണ്ടാം മല്‍സരത്തിലും വിജയം സ്വന്തമാക്കി ന്യൂസിലാന്‍ഡിനെതിരായ 20-20 പരമ്പര ഷാഹിദ്‌ അഫ്രീദിയുടെ പാക്കിസ്‌താന്‍ 2-0 ത്തിന്‌ സ്വന്തമാക്കി. ഏഴ്‌ റണ്‍സിനായിരുന്നു ഇന്നലെ പാക്‌ വിജയം. 153 റണ്‍സാണ്‌ ആദ്യം ബാറ്റ്‌ ചെയ്‌ത പാക്കിസ്‌താന്‍ നേടിയത്‌. പുറത്താവാതെ 56 റണ്‍സ്‌ നേടിയ ഉമര്‍ അക്‌മലായിരുന്നു ടോപ്‌ സ്‌ക്കോറര്‍. കിവിസീന്‌ അഞ്ച്‌ വിക്കറ്റിന്‌ 146 റണ്‍സ്‌ നേടാനാണ്‌ കഴിഞ്ഞത്‌. നായകന്‍ ബ്രെന്‍ഡന്‍ മക്കലം 47 റണ്‍സ്‌ നേടി.
ബഗാന്‌ ജയം
മുംബൈ: മുന്‍നിരക്കാരന്‍ ചിദ്ദി എദ്ദെയുടെ ഹാട്രിക്കില്‍ മോഹന്‍ ബഗാന്‍ ഐ ലീഗ്‌ ഫുട്‌ബോളില്‍ പൂനെ എഫ്‌.സിയെ 3-1ന്‌ പരാജയപ്പെടുത്തി. ഗോവയില്‍ നടന്ന ജെ.സി.ടി മില്‍സ്‌-സാല്‍ഗോക്കര്‍ മല്‍സരത്തില്‍ ഗോളുകള്‍ പിറന്നില്ല.അതിനിടെ ബൈക്കപടകത്തില്‍ പരുക്കേറ്റ ജെ.സി.ടി താരങ്ങളായ ബാല്‍ജിത്‌ സിംഗ്‌ സാഹ്‌നിയും താക്കൂറും സുഖം പ്രാപിച്ചു വരുകയാണ്‌.
സക്കീറിനെ തഴഞ്ഞു
ന്യൂഡല്‍ഹി:അണ്ടര്‍-23 ഇന്ത്യന്‍ ക്യാമ്പില്‍ മോഹന്‍ബഗാന്‍ താരങ്ങളായ മനീഷ്‌ മൈതാനി, ജെയിംസ്‌ ലുക്രം സിംഗ്‌ എന്നിവരെ ഉള്‍പ്പെടുത്തി. വിവ കേരളയുടെ നായകന്‍ എം.പി.സക്കീറിന്‌ അവസരം നല്‍കുമെന്ന്‌ കരുതിയെങ്കിലും കോച്ച്‌ സുഖ്‌വീന്ദര്‍ സിംഗ്‌ ബഗാന്‍ താരങ്ങള്‍ക്കാണ്‌ പരിഗണന നല്‍കിയത്‌. മഡ്‌ഗാവില്‍ കഴിഞ്ഞ ദിവസം നടന്ന വിവ-ഡെംപോ മല്‍സരം കാണാന്‍ സുഖ്‌വീന്ദറുണ്ടായിരുന്നു. ഈ മല്‍സരത്തില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയാത്തതാണ്‌ സക്കീറിന്‌ തിരിച്ചടിയായത്‌.

No comments: