Monday, November 16, 2009

THAKARYS HIT WICKET, COUNTRY BATS FOR SACHIN





സച്ചിനെതിരെ താക്കറെ
മുംബൈ: രാജ്യാന്തര ക്രിക്കറ്റില്‍ വിജയകരമായ ഇരുപത്‌ വര്‍ഷം പൂര്‍ത്തിയാക്കിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരെ ശിവസേനാ മേധാവി ബല്‍താക്കറെ.. കഴിഞ്ഞ വാരത്തില്‍ മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സച്ചിന്‍ പറഞ്ഞ ചില വാക്കുകളാണ്‌ താക്കറെയെ പ്രകോപിപ്പിച്ചത്‌. താന്‍ ആദ്യം ഒരു ഇന്ത്യക്കാരനാണെന്നും മറാത്തിയായതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ മുംബൈ എല്ലാവര്‍ക്കുമുള്ളതാണെന്നുമുള്ള സച്ചിന്റെ പരാമര്‍ശത്തിലുളള പ്രതിഷേധം അറിയാക്കാന്‍ സൂപ്പര്‍ താരത്തിന്‌ നേരിട്ട്‌ കത്തെഴുതിയിരിക്കയാണ്‌ 83 കാരനായ താക്കറെ. കത്ത്‌ പാര്‍ട്ടി മുഖപത്രമായ സാംനയില്‍ ഇന്നലെ മുഖപ്രസംഗമായി നല്‍കുകയും ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ താക്കറെക്കെതിരെ ശക്തമായ ഭാഷയില്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും മറ്റ്‌്‌ രാഷ്ട്രീയ കക്ഷികളും രംഗത്ത്‌ വന്നിട്ടുണ്ട്‌. അഹമ്മദാബാദില്‍ നടക്കുന്ന ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റില്‍ പങ്കെടുക്കുന്ന സച്ചിന്‍ പക്ഷേ പ്രതികരിച്ചിട്ടില്ല.
രാഷ്‌ട്രീയത്തില്‍ നിന്ന്‌ അകന്ന്‌ നില്‍ക്കാനാണ്‌ താക്കറെ സച്ചിനെ ഉപദേശിക്കുന്നത്‌. മറാത്തികള്‍ക്കെതിരെ സച്ചിന്‍ നടത്തിയ ഒരു പരാമര്‍ശം വഴി അദ്ദേഹം ജനമനസ്സില്‍ നിന്ന്‌ അകന്നതായും താക്കറെ കുറ്റപ്പെടുത്തുന്നു. ഒരു രാഷ്ട്രീയ സിംഗിള്‍ റണ്ണിലുടെ മറാത്തി മനസ്സുകളില്‍ നിന്ന്‌ താങ്കള്‍ റണ്ണൗട്ടായിരിക്കുന്നു. മുംബൈ സ്വന്തമാക്കാന്‍ മറാത്തികള്‍ നടത്തിയ സമരത്തെക്കുറിച്ചൊന്നും താങ്കള്‍ക്ക്‌ അറിയില്ല. അന്ന്‌ താങ്കള്‍ ജനിച്ചിട്ട്‌്‌ പോലുമുണ്ടാവില്ല. കളിക്കാര്‍ രാഷ്‌ട്രീയത്തില്‍ നിന്ന്‌ അകന്നു നില്‍ക്കുന്നതാണ്‌ നല്ലത്‌. അനാവശ്യമായി രാഷ്ട്രീയത്തില്‍ ഇടപ്പെട്ടാല്‍ അത്‌ വലിയ നഷ്ടത്തിലായിരിക്കും കലാശിക്കുക. എനിക്ക്‌ താങ്കള്‍ക്ക്‌ നല്‍കാനുളള സൗഹാര്‍ദ്ദ ഉപദേശം ഇത്‌ മാത്രമാണ്‌-രാഷ്‌ട്രീയം വേണ്ട. താങ്കള്‍ക്ക്‌ ക്രിക്കറ്റ്‌ മൈതാനത്ത്‌ വളരെ എളുപ്പത്തില്‍ ബൗണ്ടറികളും സിക്‌സറുകളും പായിക്കാം. എന്നാല്‍ രാഷ്ട്രീയ പിച്ചില്‍ അത്‌ വേണ്ട. താങ്കള്‍ മഹാനായ താരമായതും കോടികള്‍ സമ്പാദിച്ചതും താങ്കളുടെ പ്രതിഭ കൊണ്ടാണെന്ന കാര്യത്തില്‍ സംശയമില്ല. താങ്കള്‍ രാജ്യത്തിന്‌ നല്‍കിയ നേട്ടങ്ങളില്‍ അഭിമാനവുമുണ്ട്‌. എന്നാല്‍ താങ്കള്‍ രാഷ്ട്രീയം പറയുമ്പോള്‍ അത്‌ മഹാരാഷ്‌ട്രക്കാര്‍ക്ക്‌ രുചിക്കില്ല. ഒരേ ഒരു പ്രസ്‌താവനയിലുടെ താങ്കള്‍ മറാത്താ മനസ്സുകളില്‍ നിന്ന്‌ റണ്ണൗട്ടായിരിക്കയാണ്‌. 105 പേരോളം ജിവന്‍ നല്‍കിയാണ്‌ മുംബൈ മറാത്തികള്‍ സ്വന്തമാക്കിയത്‌. ആ കാലത്ത്‌ താങ്കള്‍ ജനിച്ചിട്ട്‌ പോലുമുണ്ടാവില്ല. താങ്കളെ പോലെ ക്രിക്കറ്റര്‍മാരെല്ലാം അല്ലെങ്കിലും സ്വന്തം കാര്യത്തിനാണ്‌ മുന്‍ഗണന നല്‍കാറുള്ളത്‌. രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ ഏതെങ്കിലും താങ്കള്‍ക്ക്‌ അറിയുമോ... നാണയപെരുപ്പവും മുംബൈയിലെ തെരുവുകളിലുളളവരുടെ പ്രശ്‌നങ്ങളും ഉത്തര്‍ പ്രദേശിലെയും ബിഹാറിലെയും ജനങ്ങളുടെ പ്രശ്‌നങ്ങളും താങ്കളറിയുന്നുണ്ടോ-താക്കറെ ചോദിക്കുന്നു. താങ്കളുടെ തന്നെ താല്‍പ്പര്യത്തിന്‌ വേണ്ടിയുളള ഒരു സുഹൃത്തിന്റെ ഉപദേശമായി മാത്രം ഇതിനെ കണ്ടാല്‍ മതിയെന്ന്‌ പറഞ്ഞാണ്‌ താക്കറെ കത്ത്‌ അവസാനിപ്പിച്ചത്‌.
രാജ്യാന്തര ക്രിക്കറ്റില്‍ ഇരുപത്‌ വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സച്ചിന്‍ മനസ്സ്‌ തുറന്നപ്പോള്‍ മഹാരാഷ്‌ട്ര നിര്‍വാണ്‍ സേനയുടെ മറാത്തി വാദത്തെക്കുറിച്ച്‌ ചോദ്യമുയര്‍ന്നിരുന്നു. ഇതിന്‌ ഉത്തരമായാണ്‌ താന്‍ ഇന്ത്യക്കാരനാണെന്നും മറാത്തിയാണെന്നും എന്നാല്‍ മുംബൈ എല്ലാവരുടെയും നഗരമാണെന്നും സച്ചിന്‍ രാഷ്ട്രീയമില്ലാതെ പറഞ്ഞത്‌. മഹാരാഷ്‌ട്രയില്‍ മറാത്തികള്‍ മാത്രമേ പാടുളളുവെന്നാണ്‌ ശിവസേനയുടെ നിലപാട്‌. ഈ വിഷയത്തില്‍ പലവിധ കലാപങ്ങള്‍ സംസ്ഥാനത്ത്‌ നടന്നിട്ടുണ്ട്‌. ഈയിടെയാണ്‌ പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭാ സാമാജികരുടെ പ്രഥമ സമ്മേളനത്തില്‍ മറാത്തിയില്‍ സത്യപ്രതിജ്ഞാ വാചകം ചൊല്ലാത്ത വിഷയത്തില്‍ സമാജ്‌വാദി പാര്‍ട്ടി എം.എല്‍.എ യെ എം.എന്‍.എസ്‌ അംഗങ്ങള്‍ കയ്യേറ്റം ചെയ്‌തത്‌.

താക്കറെയാരാ, ജിന്നയോ...
ന്യൂഡല്‍ഹി: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരെ ശിവസേനാ മേധാവി ബല്‍താക്കറെ നടത്തിയ പരാമര്‍ശങ്ങളെ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ അതിരൂക്ഷമായി വിമര്‍ശിച്ചു. താക്കറെ സംസാരിക്കുന്നത്‌ മുഹമ്മദലി ജിന്നയെ പോലെയാണെന്നും സച്ചിനെ പോലെ രാജ്യത്തെ സ്‌നേഹിക്കുന്ന മഹാനായ ഒരു താരത്തെ ഈ വിധം അധിക്ഷേപിക്കുന്നത്‌ മാപ്പര്‍ഹിക്കുന്നില്ലെന്നും ബി.സി.സി.ഐ ഫൈനാന്‍സ്‌ കമ്മിറ്റി ചെയര്‍മാനും ബോര്‍ഡ്‌്‌ വക്താവുമായ രാജിവ്‌ ശുക്ല പറഞ്ഞു. ഇത്തരത്തിലുളള അഭിപ്രായ പ്രകടനങ്ങള്‍ ആര്‍ക്കും നിരക്കുന്നതല്ല. ശിവസേനക്കാര്‍ക്ക്‌ ഈ വിധം സംസാരിക്കാന്‍ അധികാരവുമില്ല. ടെണ്ടുല്‍ക്കര്‍ ഒരു ദേശീയവാദിയാണ്‌. അദ്ദേഹം ഒരു മഹാരാഷ്‌ട്രക്കാരനുമാണ്‌. ആധികാരികമായി അദ്ദേഹം ഇന്ത്യയുടെ സ്വന്തമാണ്‌. ആരെങ്കിലും താനൊരു ഇന്ത്യക്കാരനാണെന്ന്‌ പറയുന്നത്‌ കുറ്റമാണോയെന്നും ശുക്ല ചോദിച്ചു. സച്ചിനെക്കുറിച്ച്‌ സംസാരിക്കുമ്പോള്‍ താക്കറെ സ്വന്തം നാവിനെ നിയന്ത്രിക്കുന്നത്‌ നല്ലതാണെന്നും ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഉപദേശിച്ചു. സച്ചിന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്ന്‌ മഹാരാഷ്‌ട്ര മുഖ്യമന്ത്രി അശോക്‌ ചവാനും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറും കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും ആര്‍.ജെ.ഡി നേതാവ്‌ ലാലു പ്രസാദ്‌ യാദവും പറഞ്ഞു. താന്‍ ഒരു ഇന്ത്യക്കാരനാണെന്നും മുംബൈ എല്ലാവര്‍ക്കുമുളളതാണെന്നും പറഞ്ഞത്‌ വഴി സച്ചിന്‍ രാജ്യത്തിന്റെ ഐക്യമാണ്‌ ഉദ്‌ഘോഷിച്ചതെന്ന്‌ ചവാന്‍ പറഞ്ഞു. സച്ചിന്റെ വാക്കുകള്‍ അദ്ദേഹത്തോടുളള രാജ്യത്തിന്റെ ബഹുമാനം വര്‍ദ്ധിപ്പിക്കുമെന്നാണ്‌ നിതീഷ്‌ കുമാര്‍ അഭിപ്രായപ്പെട്ടത്‌. സച്ചിന്‍ നല്ല വ്യക്തിയാണ്‌. താക്കറെയാണ്‌ പലപ്പോഴും അനാവശ്യ പരാമര്‍ശങ്ങളുമായി രാജ്യത്തെ ശിഥീലികരിക്കുന്നതെന്നും ക്രിക്കറ്റ്‌ തല്‍പ്പരനായ നിതീഷ്‌ പറഞ്ഞു. തന്റെ പരാമര്‍ശം വഴി സച്ചിന്‍ താക്കറെയെ ക്ലീന്‍ ബൗള്‍ഡ്‌ ചെയ്‌തിരിക്കയാണെന്നും ഇനി കരയാന്‍ മാത്രമാണ്‌ താക്കറെക്ക്‌ കഴിയുകയെന്നും സല്‍മാന്‍ ഖുര്‍ഷിദ്‌ പറഞ്ഞു. സച്ചിന്‌ മാത്രമല്ല ഇന്ത്യയിലെ എല്ലാവര്‍ക്കുമറിയാം മുംബൈ എല്ലാവര്‍ക്കുമുളളതാണെന്ന്‌ സി.പി.എം നേതാവ്‌ വൃന്ദ കാരാട്ട്‌ പറഞ്ഞു. മഹാരാഷ്‌ട്ര മഹാരാഷ്ട്രക്കാര്‍ക്കും ജമ്മു കാശ്‌മീര്‍ കാശ്‌മീരികള്‍ക്കുമുളളതാണെന്നും എന്നാല്‍ ഇന്ത്യ ഇന്ത്യക്കാരുടെതാണെന്നാണ്‌ തന്റെ പിതാവ്‌ ചന്ദ്രന്‍ തരൂര്‍ തന്നെ പഠിപ്പിച്ചതെന്നായിരുന്നു കേന്ദ്ര മന്ത്രി ശശി തരൂരിന്റെ പ്രതികരണം. സച്ചിന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നാണ്‌ മഹാരാഷ്‌ട്രയില്‍ ശിവസേനയുടെ സഖ്യകക്ഷിയായ ബി.ജെ.പി വ്യക്തമാക്കിയത്‌. താന്‍ ആദ്യം ഇന്ത്യക്കാരനും പിന്നെയാണ്‌ മഹാരാഷ്‌ട്രക്കാരനെന്നുമുളള സച്ചിന്റെ അഭിപ്രായ പ്രകടനത്തില്‍ ഒരു തെറ്റുമില്ലെന്നും ബി.ജെ.പി നേതാവ്‌ അരുണ്‍ ജെയ്‌റ്റ്‌ലി പറഞ്ഞു. താക്കറെയുടെ അഭിപ്രായം പ്രതികരണം പോലും അര്‍ഹിക്കുന്നില്ലെന്നാണ്‌ കോണ്‍ഗ്രസ്‌ വക്താവ്‌ മനീഷ്‌ തിവാരി പറഞ്ഞത്‌.

ദി റോക്ക്‌
അഹമ്മദാബാദ്‌: തന്നെ എഴുതിത്തള്ളിയവര്‍ക്ക്‌ മുന്നില്‍ പാറ പോലെ വീണ്ടും രാഹുല്‍ ദ്രാവിഡ്‌...! മുന്‍ നായകന്‍ പുറത്താവാതെ നേടിയ 177 റണ്‍സും ക്യാപ്‌റ്റന്‍ എം.എസ്‌ ധോണിയുടെ 110 ലും യുവരാജ്‌സിംഗിന്റെ 68 ലും ഇന്ത്യ ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം ആറ്‌്‌ വിക്കറ്റിന്‌ 385 റണ്‍സ്‌ സ്വന്തമാക്കി. 32 റണ്‍സ്‌ നേടുന്നതിനിടെ നാല്‌ വിക്കറ്റുകള്‍ നഷ്ടമായ ശേഷമാണ്‌ ദ്രാവിഡിന്റെ കീഴില്‍ പട്ടേല്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ്‌ വിശ്വരൂപം പ്രകടിപ്പിച്ചത്‌. ഒരു ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ സമ്പാദിക്കുന്ന ഉയര്‍ന്ന സ്‌ക്കോറാണ്‌ ഇന്നലെ അഹമ്മദാബാദില്‍ പിറന്നത്‌. തകര്‍പ്പന്‍ പ്രകടനം വഴി ടെസ്റ്റ്‌ ക്രിക്കറ്റില്‍ പതിനൊന്നായിരം റണ്‍സും ദ്രാവിഡ്‌ പൂര്‍ത്തിയാക്കി.
ദി റോക്ക്‌ എന്ന പേരില്‍ അറിയപ്പെടുന്ന ദ്രാവിഡിന്റെ ദിനമായിരുന്നു ഇന്നലെ. ടോസ്‌ നേടി ധോണി ബാറ്റിംഗ്‌ തെരഞ്ഞെടുത്തയുടന്‍ കണ്ടത്‌ ദുരന്തമായിരുന്നു. ഗൗതം ഗാംഭീര്‍, വീരേന്ദര്‍ സേവാഗ്‌, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ്‌ ലക്ഷ്‌മണ്‍ എന്നീ നാല്‌ മുന്‍നിരക്കാര്‍ അതിവേഗം കൂടാരം കയറി. നുവാന്‍ കുലശേഖരക്ക്‌ പകരം അവസാന നിമിഷം ടീമിലെത്തിയ ചനക വെലിഗിഡേരയാണ്‌ പിച്ചിലെ ഈര്‍പ്പം ഉപയോഗപ്പെടുത്തി മൂന്ന്‌ വിക്കറ്റുകള്‍ നേടിയത്‌. തിലാന്‍ തുഷാരക്ക്‌ പകരമെത്തിയ ധാമിക പ്രസാദും പുതിയ പന്തിനെ ഉപയോഗപ്പെടുത്തി. നാല്‌ വിക്കറ്റുകള്‍ പെട്ടെന്ന്‌ നഷ്ടമായെങ്കിലും ആദ്യം യുവരാജിനൊപ്പവും പിന്നെ ധോണിക്കൊപ്പവും ദ്രാവിഡ്‌ നടത്തിയ രക്ഷാപ്രകടനം ലങ്കന്‍ പ്രതീക്ഷകളെ തകിടം മറിക്കുകയായിരുന്നു. പാര്‍ട്ട്‌ണര്‍ഷിപ്പുകളില്‍ ലോക റെക്കോര്‍ഡാണ്‌ ഇന്നലെ ദ്രാവിഡ്‌ സ്വന്തമാക്കിയത്‌. യുവരാജിനൊപ്പം 125 റണ്‍സാണ്‌ അഞ്ചാം വിക്കറ്റില്‍ ദ്രാവിഡ്‌ നേടിയത്‌. ആറാം വിക്കറ്റില്‍ ധോണിക്കൊപ്പം 224 റണ്‍സും. ടെസ്‌റ്റ്‌ ചരിത്രത്തില്‍ ഇതോടെ ദ്രാവിഡിന്റെ സെഞ്ച്വറി സഖ്യങ്ങളുടെ എണ്ണം 78 ആയി ഉയര്‍ന്നു.
ദുരന്തം പോലെയായിരുന്നു ഇന്ത്യന്‍ തുടക്കം. മുമ്പ്‌ ഇതേ മൈതാനത്ത്‌ ദക്ഷിണാഫ്രിക്കക്കെതിരെ 20 ഓവറിനിടെ 100 റണ്‍സ്‌ പോലും തികക്കാന്‍ കഴിയാത്ത അനുഭവം ആവര്‍ത്തിക്കുമോ എന്ന ഭയമാണ്‌ രാവിലെ ഉയര്‍ന്നത്‌. സ്‌ക്കോര്‍ബോര്‍ഡില്‍ 14 റണ്‍സുളളപ്പോള്‍ ഗാംഭീര്‍ പുറത്ത്‌. ഒരു റണ്ണായിരുന്നു ഓപ്പണറുടെ സമ്പാദ്യം. 27 ല്‍ എത്തിയപ്പോള്‍ സേവാഗിനും മടക്കം. 31 ല്‍ വിലപ്പെട്ട സച്ചിന്റെ വിക്കറ്റും വീണു-അതും വെലിഗിഡാരക്കായിരുന്നു. ലക്ഷ്‌മണ്‍ വന്നതും പോയതും ഒരുമിച്ചായിരുന്നു. ധാമിക പ്രസാദിനായിരുന്നു വിക്കറ്റ്‌. 32 ല്‍ ഒരുമിച്ച ദ്രാവിഡും യുവരാജും സമ്മര്‍ദ്ദം പ്രകടിപ്പിക്കാതെ കളിച്ചു. 157 ലാണ്‌ ഈ സഖ്യം തകര്‍ന്നത്‌. അതിന്‌ ശേഷം ധോണിയായിരുന്നു ദ്രാവിഡിന്‌ കൂട്ട്‌. 381 ലാണ്‌ ഈ സഖ്യം തകര്‍ന്നത്‌. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ദ്രാവിഡിന്‌ കൂട്ട്‌ ഹര്‍ഭജനാണ്‌. ഇന്ത്യന്‍ ഇലവനില്‍ ശ്രീശാന്തിന്‌ സ്ഥാനം ലഭിച്ചില്ല. സഹീര്‍ഖാനൊപ്പം ഇഷാന്ത്‌ ശര്‍മ്മയാണ്‌ പുതിയ പന്ത്‌ പങ്കിടാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്‌. രണ്ട്‌ സ്‌പിന്നര്‍മാരായി ഹര്‍ഭജനും അമിത്‌ മിശ്രയും. രാവിലെ ഗുജറാത്ത്‌ മുഖ്യമന്ത്രിയും സംസ്ഥാന ക്രിക്കറ്റ്‌ അസോസിയേഷന്റെ തലവനുമായി നരേന്ദ്രമോഡി കളിക്കാരെ പരിചയപ്പെട്ടു. രാജ്യാന്തര ക്രിക്കറ്റില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ സച്ചിന്‌ പ്രത്യേക ഉപഹാരവും അദ്ദേഹം നല്‍കി.
സ്‌ക്കോര്‍ബോര്‍ഡ്‌
ഇന്ത്യ: ഒന്നാം ഇന്നിംഗ്‌സ്‌.
ഗാംഭീര്‍-ബി-വെലിഗിഡാര-1, സേവാഗ്‌-എല്‍.ബി.ഡബ്ല്യു-ബി-വെലിഗിഡാര-16, രാഹുല്‍ ദ്രാവിഡ്‌-നോട്ടൗട്ട്‌-177, സച്ചിന്‍-ബി-വെലിഗിഡാര-4, ലക്ഷ്‌മണ്‍-ബി-പ്രസാദ്‌-0, യുവരാജ്‌സിംഗ്‌-സി-ദില്‍ഷാന്‍-ബി-മുരളി-68, ധോണി-സി-പ്രസന്ന-ബി-പ്രസാദ്‌-110, ഹര്‍ഭജന്‍-നോട്ടൗട്ട്‌-2, എക്‌സ്‌ട്രാസ്‌-7, ആകെ 90 ഓവറില്‍ ആറ്‌ വിക്കറ്റിന്‌ 385. വിക്കറ്റ്‌ പതനം: 1-14 (ഗാംഭീര്‍), 2-27 (സേവാഗ്‌), 3-31 (സച്ചിന്‍), 4-32 (ലക്ഷ്‌മണ്‍), 5-157 (യുവി), 6-381 (ധോണി). ബൗളിംഗ്‌: വെലിഗിഡാര 17-3-75-3, ധാമിക പ്രസാദ്‌ 18-1-90-2, മാത്യൂസ്‌ 12-1-50-0, മുരളി 23-3-90-1, ഹെറാത്ത്‌ 19-1-73-0, ദില്‍ഷാന്‍ 1-0-3-0.

തേര്‍ഡ്‌ ഐ
ക്രിക്കറ്റിലെ മാറ്റങ്ങള്‍ ടെസ്‌റ്റ്‌ മല്‍സരങ്ങളില്‍ മാത്രമല്ല രാഹുല്‍ ദ്രാവിഡിനെ പോലെ സാങ്കേതിക തികവുളള ഒരു ബാറ്റ്‌സ്‌മാന്റെ ശൈലിയെ പോലും സ്വാധീനിച്ചിരിക്കുന്നു എന്ന സത്യമാണ്‌ അഹമ്മദാബാദ്‌ ടെസ്‌റ്റിലെ ആദ്യദിനം തെളിയിക്കുന്നത്‌. ഇന്ത്യ ഒരു ദിനം കൊണ്ട്‌ സ്വന്തമാക്കിയത്‌ 385 റണ്‍സ്‌. ദ്രാവിഡ്‌ നേടിയിരിക്കുന്നത്‌ പുറത്താവാതെ 177 റണ്‍സ്‌. രണ്ടും റെക്കോര്‍ഡാണ്‌. ഇതിന്‌ മുമ്പ്‌ ഇങ്ങനെയൊരു വലിയ സ്‌ക്കോര്‍ ആദ്യദിനം സ്വന്തമാക്കാന്‍ ഇന്ത്യക്ക്‌ കഴിഞ്ഞിട്ടില്ല. അതും 32 റണ്‍സിനിടെ നാല്‌ വിക്കറ്റ്‌ നഷ്ടമായ ശേഷം. മതിലെന്നും പാറയെന്നുമെല്ലാം ക്രിക്കറ്റ്‌ ലോകം വിശേഷിപ്പിക്കുന്ന ദ്രാവിഡ്‌ 251 പന്ത്‌ നേരിട്ടാണ്‌ 177 റണ്‍സ്‌ നേടിയത്‌. ദ്രാവിഡിന്റെ ബാറ്റില്‍ നിന്ന്‌ 26 ബൗണ്ടറികളും ഒരു സിക്‌സറും പിറന്നു. സ്‌ക്കോര്‍ബോര്‍ഡില്‍ 14 റണ്‍സുളളപ്പോഴാണ്‌ ദ്രാവിഡ്‌ വരുന്നത്‌-മൂന്നാം ഓവറില്‍. നമുക്കറിയുന്ന ദ്രാവിഡ്‌ പ്രതിരോധ വക്താവാണ്‌. പക്ഷേ തനിക്കെതിരെ ഉയരുന്ന പ്രധാന വിമര്‍ശനമായ പ്രതിരോധത്തെ ഇല്ലാതാക്കാന്‍ തുടക്കം മുതല്‍ ആക്രമണമായിരുന്നു അദ്ദേഹം. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇതേ മൈതാനത്ത്‌ 20 ഓവറിനിടെ കേവലം 76 റണ്‍സില്‍ ഇന്ത്യ പുറത്തായ കാഴ്‌ച്ച ദ്രാവിഡ്‌ കണ്ടതാണ്‌. അത്‌ കൊണ്ടാവാം പ്രതിരോധ മറുമരുന്നിന്‌ പിറകെ പോവാതെ അദ്ദേഹം പ്രത്യാക്രമണമെന്ന മരുന്നില്‍ അഭയം തേടി. അതാണ്‌ കരുത്തായതും. സച്ചിനും ലക്ഷ്‌മണും സേവാഗും വീണപ്പോഴും പന്തിനെ ആക്രമിക്കുന്ന കാര്യത്തില്‍ ദ്രാവിഡ്‌ പിറകോട്ട്‌ പോയില്ല. വെലിഗിഡാര എന്ന ലങ്കന്‍ സീമറുടെ തന്ത്രത്തെ അനുഭവസമ്പത്തെന്ന ആയുധത്തിലാണ്‌ ദ്രാവിഡ്‌ നേരിട്ടത്‌. പന്ത്‌ നന്നായി സ്വിംഗ്‌ ചെയ്യിക്കാന്‍ ബൗളര്‍ക്ക്‌ കഴിയുന്നു എന്ന്‌ മനസ്സിലാക്കിയുള്ള സ്‌ട്രെയിറ്റ്‌ ഡ്രൈവ്‌ ആക്രമണത്തില്‍ നല്ല റിസല്‍ട്ടും ദ്രാവിഡിന്‌ കിട്ടി. സ്റ്റംമ്പിലേക്ക്‌ മാത്രമായിരുന്നു വെലിഗിഡാരയുടെ നോട്ടം. നാല്‌ വിക്കറ്റും അങ്ങനെയാണ്‌ ലഭിച്ചതും.
ഒരു പക്ഷേ ആക്രമണമെന്ന ആയുധത്തില്‍ വിശ്വസിക്കാന്‍ ദ്രാവിഡിനെ പ്രേരിപ്പിച്ചത്‌ യുവരാജിന്റെ സാന്നിദ്ധ്യമാവാം. ലങ്കന്‍ സീമര്‍മാരും സ്‌പിന്നര്‍മാരും നിലയുറപ്പിച്ചാല്‍ അത്‌ അപകടമാണെന്ന്‌ മനസ്സിലാക്കിയാണ്‌ യുവരാജ്‌ കളിച്ചത്‌. ഇന്ത്യന്‍ മികവിലും പലപ്പോഴും ലങ്കന്‍ നായകന്‍ കുമാര്‍ സങ്കക്കാരക്ക്‌ പിഴക്കുകയും ചെയ്‌തു. ആദ്യ ഇലവനില്‍ അജാന്ത മെന്‍ഡിസിനെ ഉള്‍പ്പെടുത്താത്തത്‌ അബദ്ധമായിരുന്നു. ലങ്കാന്‍ ഹെറാത്തിനാണ്‌ മെന്‍ഡിസിന്‌്‌ പകരം അദ്ദേഹം അവസരം നല്‍കിയത്‌. അത്‌ പോലെ നാല്‌ ഇന്ത്യന്‍ വിക്കറ്റുകള്‍ വീണ ശേഷം ആഞ്ചലോ മാത്യൂസിനെ കൊണ്ടുവന്നപ്പോള്‍ നിലയുറപ്പിക്കാന്‍ യുവരാജിനായി. യുവിയുടെ അപ്പര്‍ കട്ടുകളും പുള്‍ ഷോട്ടുകളും അതിമനോഹരമായിരുന്നു. ദ്രാവിഡ്‌ 11,000 റണ്‍സാണ്‌ ടെസ്റ്റില്‍ പിന്നിട്ടിരിക്കുന്നത്‌. ഇന്നലെ അദ്ദേഹം പിറകിലാക്കിയത്‌ സ്റ്റീവ്‌ വോയെ. സെഞ്ച്വറി സഖ്യങ്ങളുടെ കാര്യത്തിലും അദ്ദേഹം റെക്കോര്‍ഡിട്ടിരിക്കുന്നു.
ധോണിയിലെ ബാറ്റ്‌സ്‌മാന്‍ കാഴ്‌ച്ചയില്‍ വിചിത്രമാണ്‌. പക്ഷേ അദ്ദേഹത്തിന്‌ റണ്‍സ്‌ നേടാന്‍ കഴിയുന്നു. ദ്രാവിഡും യുവരാജും പായിച്ച ക്ലാസിക്‌ ഷോട്ടുകള്‍ ധോണിയുടെ ബാറ്റില്‍ നിന്ന്‌ പിറന്നിരുന്നില്ല. പക്ഷേ കഠിനാദ്ധ്വാനിയായി സെഞ്ച്വറിയിലെത്താന്‍ ക്യാപ്‌റ്റനായി.
ഇന്ത്യ ഇന്ന്‌ ഒരു സെഷന്‍ കൂടി ബാറ്റ്‌ ചെയ്‌താല്‍ തീര്‍ച്ചയായും ടീമിന്‌ തോല്‍വി ഒഴിവാക്കാം. വിജയത്തിനായി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യാം. സഹീര്‍ഖാനാണ്‌ പ്രധാനി. റിവേഴ്‌സ്‌ സ്വിംഗുകള്‍ പട്ടേല്‍ സ്‌റ്റേഡിയത്തിന്റെ സവിശേഷതയാണ്‌. സഹീറാവട്ടെ റിവേഴ്‌സ്‌ സ്വിംഗിന്റെ ആശാനുമാണ്‌. ഐ.സി.സി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള ശ്രമത്തില്‍ ഇന്ത്യക്ക്‌ നല്ല തുടക്കമാണ്‌ ലഭിച്ചിരിക്കുന്നത്‌.

ജൂനിയര്‍ മീറ്റ്‌ ഇന്ന്‌ മുതല്‍
വാറങ്കല്‍: ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌ മീറ്റിന്‌ ആന്ധ്രയുടെ തീരദേശ നഗരമായ വാറങ്കലില്‍ ഇന്ന്‌ ആരംഭം. ദേശീയ സ്‌ക്കൂള്‍ ഗെയിംസ്‌ ആരംഭിക്കാനിരിക്കെ നടക്കുന്ന ജൂനിയര്‍ മീറ്റില്‍ കേരളത്തെ പ്രതിനിധീകരിക്കുന്നത്‌ 173 അംഗ സംഘമാണ്‌. കഴിഞ്ഞ 13 വര്‍ഷമായി ജൂനിയര്‍ കിരീടം സ്വന്തമാക്കുന്ന കേരളത്തിന്‌ കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നത്‌ തമിഴ്‌നാടും പഞ്ചാബുമാണ്‌. കേരളത്തെ ഇല്ലാതാക്കാന്‍ ദേശീയ സ്‌ക്കൂള്‍ ഗെയിംസ്‌ ഇത്തവണ നേരത്തെയാക്കിയ അധികാരികളുടെ നടപടികള്‍ക്ക്‌ മറുപടി നല്‍കാനുമാണ്‌ വാറങ്കലില്‍ അവസരമൊരുങ്ങുന്നത്‌.
പൊറുക്കണം
മാഡ്രിഡ്‌: നാവിനെ നിയന്ത്രിക്കാന്‍ ഇനി താന്‍ ശ്രമിക്കുമെന്ന്‌ അര്‍ജന്റീനയുടെ കോച്ച്‌ ഡിയാഗോ മറഡോണ. ഫിഫ ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തിനിടെ നടത്തിയ വിലയില്ലാത്ത പരാമര്‍ശങ്ങളുടെ പേരില്‍ രണ്ട്‌ മാസത്തെ വിലക്കും വലിയ തുക പിഴയും ലഭിച്ചതിന്‌ ശേഷമായിരുന്നു മറഡോണയുടെ ഖേദ പ്രകടനം. ഞാന്‍ ആരെയും കുറ്റം പറഞ്ഞിട്ടില്ല. ഞങ്ങളുടെ ടീമിനെതിരെ കാര്യമായ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ അതിനെതിരെ പ്രതികരിക്കുക മാത്രമാണ്‌ ചെയ്‌തത്‌. ഇനി എന്തായാലും അതിനില്ല. അച്ചടക്കമുളള ഫുട്‌ബോളറാവും. കഴിഞ്ഞ ദിവസം സ്‌പെയിനിനെതിരായ സൗഹൃദ മല്‍സരത്തില്‍ തോറ്റതിന്‌ ശേഷമാണ്‌ മറഡോണ മാപ്പിന്റെ വഴി തേടിയത്‌.
അവസാന അവസരം
ലണ്ടന്‍: ലോകകപ്പ്‌ പ്ലേ ഓഫ്‌ മല്‍സരങ്ങളില്‍ ആദ്യപാദത്തില്‍ പിറകോട്ട്‌ പോയ ടീമുകള്‍ക്ക്‌ നാളെ അവസാന അവസരം. അഞ്ച്‌ പ്ലേ ഓഫ്‌ പോരാട്ടങ്ങളും ആഫ്രിക്കയിലെ അവസാന പ്രതിനിധിയെ നിശ്ചയിക്കാനുളള ഈജിപ്‌ത്‌-അള്‍ജീരിയ പോരാട്ടവുമാണ്‌ നാളെ നടക്കുന്നത്‌. പോര്‍ച്ചുഗല്‍, ഫ്രാന്‍സ്‌, റഷ്യ എന്നിവരാണ്‌ ആദ്യപാദത്തില്‍ വിജയം വരിച്ച യൂറോപ്യന്‍ ടീമുകള്‍. പോര്‍ച്ചുഗല്‍ നാളെ ബോസ്‌നിയെ ഹെര്‍സഗോവിനെയെ നേരിടുന്നത്‌ അവരുടെ തടക്കത്തിലാണ്‌. ഒരു ഗോളിന്റെ ലീഡാണ്‌ പറങ്കികള്‍ക്കുളളത്‌. ഫ്രാന്‍സിനാണ്‌ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പം. എവേ മല്‍സരത്തില്‍ റിപ്പബ്ലിക്‌ ഓഫ്‌ അയര്‍ലാന്‍ഡിനെതിരെ ഒരു ഗോള്‍ വിജയം നേടിയ ഫ്രഞ്ചുകാര്‍ക്ക്‌ പാരീസില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ സമനില മാത്രം മതി. സ്ലോവേനിയക്കെതിരെ 1-2 ന്റെ ആദ്യപാദ വിജയം നേടിയ റഷ്യക്ക്‌ നാളെത്തെ മല്‍സരം മാരിബോറില്‍ വെച്ചാണ്‌. ഉക്രൈന്‍-ഗ്രീസ്‌ പ്ലേ ഓഫ്‌ ആദ്യപാദത്തില്‍ ഗോള്‍ പിറന്നിരുന്നില്ല. രണ്ടാം പാദം ഉക്രൈന്‍ നഗരത്തില്‍ വെച്ചാണ്‌. ഈ മല്‍സരത്തില്‍ ഗോളടിച്ച്‌ സമനില സ്വന്തമാക്കിയാലും ഗ്രീസിന്‌ കയറാം. ഉക്രൈന്‌ ജയിക്കുക തന്നെ വേണം. കോസ്‌റ്റാറിക്ക-ഉറുഗ്വേ പ്ലേ ഓഫിന്റെ രണ്ടാം പാദത്തില്‍ ഉറുഗ്വേക്കാണ്‌ സാധ്യത. ആദ്യപാദത്തില്‍ ഒരു ഗോള്‍ ലീഡ്‌ നേടിയ ടീമിന്‌ നാളത്തെ മല്‍സരം സ്വന്തം തട്ടകമായ മോണ്ടിവിഡിയോയിലാണ്‌. ആഫ്രിക്കയില്‍ നിന്നുളള അവസാന ബെര്‍ത്തിനായി ഈജിപ്‌തും അള്‍ജീരിയയും നാളെ പ്ലേ ഓഫ്‌ കളിക്കുന്നത്‌ സുഡാന്‍ നഗരമായ ഓംധുര്‍മാനിലാണ്‌.
ഇനി ഓര്‍മ്മ
ഹാനോവര്‍: ജര്‍മന്‍ ഗോള്‍ക്കീപ്പര്‍ റോബര്‍ട്ട്‌ എങ്കെ ഇനി വേദനിക്കുന്ന ഓര്‍മ്മകള്‍ മാത്രം. മാനസിക സമ്മര്‍ദ്ദത്തില്‍ ജീവിതത്തോട്‌ വിട പറഞ്ഞ എങ്കെയുടെ ഭൗതിക ശരീരം സോക്കര്‍ പ്രതിഭകളെ സാക്ഷിയാക്കി സംസ്‌ക്കരിച്ചു. ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌ എങ്കെ ട്രെയിനിന്‌ മുന്നില്‍ ചാടി ആത്മഹത്യ ചെയ്‌തത്‌. ജര്‍മന്‍ നായകന്‍ മൈക്കല്‍ ബലാക്ക്‌, ഫ്രാന്‍സ്‌ ബെക്കന്‍ ബോവര്‍, റൂഡി വോളര്‍, ജുര്‍ഗന്‍ ക്ലിന്‍സ്‌മാന്‍ തുടങ്ങി പ്രമുഖര്‍ അന്തിമ ശ്രുശ്രൂഷാ ചടങ്ങുകള്‍ക്ക്‌ എത്തിയിരുന്നു.
സ്വിസ്‌ കിരീടം
ലാഗോസ്‌: നിലവിലുളള ജേതാക്കളും ആതിഥേയരുമായ നൈജീരിയയെ ഏക ഗോളിന്‌ പരാജയപ്പെടുത്തി സ്വിറ്റ്‌സര്‍ലാന്‍ഡ്‌ ഫിഫ അണ്ടര്‍ 17 ലോകകപ്പ്‌ ഫുട്‌ബോളില്‍ കിരീടം സ്വന്തമാക്കി. കൊളംബിയയെ ഒരു ഗോളിന്‌ തോല്‍പ്പിച്ച സ്‌പെയിനിനാണ്‌ മൂന്നാം സ്ഥാനം. അറുപതിനായിരത്തോളം നൈജീരിയന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക്‌ മുന്നില്‍ വില്ലനായി വന്നത്‌ സ്വിസ്‌ മുന്‍നിരക്കാരന്‍ ഹാരിസ്‌ സെഫറോവിച്ച്‌. അറുപത്തി മൂന്നാം മിനുട്ടിലായിരുന്നു ഗോള്‍. ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കം മുതല്‍ തന്നെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയ സ്വിസുകാര്‍ ബ്രസീല്‍, മെക്‌സിക്കോ, ജര്‍മനി, ഇറ്റലി എന്നീ പ്രബലരെയെല്ലാം അട്ടിമറിച്ചിരുന്നു. പക്ഷേ ഫൈനലില്‍ ഈഗിള്‍സിന്‌ മുന്നില്‍ ആരും സ്വിസുകാര്‍ക്ക്‌ സാധ്യത കല്‍പ്പിച്ചിരുന്നില്ല. പക്ഷേ നൈജീരിയക്കാരുടെ അമിത ആത്മവിശ്വാസത്തിന്‌ മുന്നിലാണ്‌ സ്വിസുകാര്‍ തന്ത്രപരമായി ജയിച്ചത്‌. സ്വിറ്റ്‌സര്‍ലാന്‍ഡ്‌ സ്വന്തമാക്കുന്ന ആദ്യ ഫിഫ അംഗീകാരമാണിത്‌.

No comments: