Thursday, November 19, 2009

YES, THE FINAL PICTURE IS READY

ഫൈനല്‍ റൗണ്ട്‌ കളിക്കുന്നവര്‍ ഇവര്‍
യൂറോപ്പ്‌: ഡെന്മാര്‍ക്ക്‌, ഇംഗ്ലണ്ട്‌, ഫ്രാന്‍സ്‌, ജര്‍മനി, ഗ്രീസ്‌, ഇറ്റലി, ഹോളണ്ട്‌, പോര്‍ച്ചുഗല്‍, സെര്‍ബിയ, സ്ലോവാക്യ, സ്ലോവേനിയ, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്‌
ഏഷ്യ: ഓസ്‌ട്രേലിയ, ജപ്പന്‍, ഉത്തര കൊറിയ, ദക്ഷിണ കൊറിയ
ആഫ്രിക്ക: ദക്ഷിണാഫ്രിക്ക (ആതിഥേയര്‍), അള്‍ജീരിയ, കാമറൂണ്‍, ഘാന, ഐവറി കോസ്‌റ്റ്‌, നൈജീരിയ.
ലാറ്റിനമേരിക്ക: അര്‍ജന്റീന, ബ്രസീല്‍, ചിലി, പരാഗ്വേ, ഉറുഗ്വേ
കോണ്‍കാകാഫ്‌: ഹോണ്ടുറാസ്‌, മെക്‌സിക്കോ, അമേരിക്ക.
ഓഷ്യാന: ന്യൂസിലാന്‍ഡ്‌.

അതെ, ചിത്രമായിരിക്കുന്നു
ലണ്ടന്‍: അതെ, അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ്‌ ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടിനുള്ള 32 ടീമുകളുമായിരിക്കുന്നു. ഇന്നലെ നടന്ന പ്ലേ ഓഫ്‌ മല്‍സരങ്ങളില്‍ നിന്നായി ആറ്‌ ടീമുകള്‍ കൂടി യോഗ്യത നേടിയതോടെയാണ്‌ ചിത്രം വ്യക്തമായിരിക്കുന്നത്‌. യൂറോപ്യന്‍ പ്ലേ ഓഫില്‍ നിന്ന്‌ നിലവിലുളള റണ്ണേഴ്‌സ്‌ അപ്പ്‌ ഫ്രാന്‍സ്‌,പോര്‍ച്ചുഗല്‍,സ്ലോവേനിയ, ഗ്രീസ്‌ എന്നിവര്‍ ടിക്കറ്റ്‌ നേടിയപ്പോള്‍ ആഫ്രിക്കയിലെ അതിശക്ത പോരാട്ടത്തില്‍ ഈജിപ്‌തിനെ ഒരു ഗോളിന്‌ തോല്‍പ്പിച്ച്‌ അള്‍ജീരിയ ടിക്കറ്റ്‌ നേടി. കോണ്‍കാകാഫിലെ നാലാം സ്ഥാനക്കാരായ കോസ്‌റ്റാറിക്കയും ലാറ്റിനമേരിക്കയിലെ അഞ്ചാം സ്ഥാനക്കാരായ ഉറുഗ്വേയും തമ്മിലുളള അങ്കത്തിലെ മേല്‍കൈയുമായി ആദ്യ രണ്ട്‌ ലോകകപ്പിലെ ജേതാക്കളായ ലാറ്റിനമേരിക്കക്കാര്‍ ദക്ഷിണാഫ്രിക്കന്‍ ടിക്കറ്റ്‌ നേടി. പ്ലേ ഓഫ്‌ പോരാട്ടങ്ങളിലെ നാടകീയതയിലുടെ:

ഫ്രാന്‍സിന്‌ ദൈവത്തിന്റെ കൈ
പാരീസ്‌: ഫ്രാന്‍സ്‌ നന്ദി പറയേണ്ടത്‌ റഫറിയോടാണ്‌.... അധിക സമയത്തേക്ക്‌ ദീര്‍ഘിച്ച പ്ലേ ഓഫ്‌ രണ്ടാം പാദത്തില്‍ വില്ല്യം ഗലാസിന്റെ ഗോളില്‍ ആതിഥേയര്‍ യോഗ്യത നേടിയതിന്‌ പിറകില്‍, മല്‍സരത്തിലെ കളിയേക്കാള്‍ കളത്തിന്‌ പുറത്തെ കളിയാണെന്ന്‌ അയര്‍ലാന്‍ഡ്‌ ആരോപിക്കുന്നുവെങ്കില്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ഗല്ലാസ്‌ നേടിയ ഗോളിന്‌ പന്ത്‌ നല്‍കിയ ഹെന്‍ട്രിയുടെ കൈകളിലുടെയാണ്‌ പന്ത്‌ ഗല്ലാസിലേക്ക്‌ വന്നത്‌. ഐറിഷ്‌ നഗരമായ ഡുബ്ലിനില്‍ നടന്ന ആദ്യപാദ മല്‍സരത്തില്‍ നേടിയ ഒരു ഗോളിന്റെ ലീഡുമായി സ്വന്തം മൈതാനത്ത്‌ രണ്ടാം പാദത്തിനിറങ്ങിയ ഫ്രാന്‍സിന്‌ തന്നെയായിരുന്നു മല്‍സരത്തില്‍ വ്യക്തമായ സാധ്യതകള്‍. എന്നാല്‍ ഐറിഷുകാര്‍ രണ്ടും കല്‍പ്പിച്ചാണ്‌ കളിച്ചത്‌. മുപ്പത്തിരണ്ടാം മിനുട്ടില്‍ നായകന്‍ റോബി കീനിലുടെ അവര്‍ സമനില നേടിയതോടെ മല്‍സരം അത്യാവേശകരമായി. ഒരു തരത്തിലും വിട്ടുകൊടുക്കാത്ത പ്രകടനമായിരുന്നു അയര്‍ലാന്‍ഡിന്റേത്‌. ആദ്യ പാദത്തിലെ തോല്‍വിക്ക്‌ ശക്തമായ മറുപടി അവര്‍ നല്‍കിയതോടെ ഫ്രാന്‍സ്‌ വിറച്ചു. നിശ്ചിത 90 മിനുട്ടില്‍ ഗോള്‍ മടക്കാന്‍ ഫ്രാന്‍സിന്‌ കഴിയാതെ വന്നതോടെ പോരാട്ടം അധികസമയത്തേക്ക്‌ ദീര്‍ഘിച്ചു. ഇവിടെയാണ്‌ ഹെന്‍ട്രി പണ്ട്‌ മറഡോണയുടെ ദൈവത്തിന്റെ ഗോള്‍ പോലെ കൈ കൊണ്ട്‌ വിവാദ ഗോളിന്‌ വഴിയൊരുക്കിയത്‌. നായകന്‍ തിയറി ഹെന്‍ട്രിയിലേക്ക്‌്‌ വന്ന ക്രോസ്‌ വ്യക്തമായും അദ്ദേഹത്തിന്റെ കൈകളില്‍ തട്ടിയാണ്‌ വലയിലെത്തിയത്‌. ടെലിവിഷന്‍ റിപ്ലേകളില്‍ ഇത്‌ വ്യക്തമായിരുന്നു. എന്നാല്‍ റഫറി അനുവദിച്ചില്ല. തുടര്‍ച്ചയായ നാലാം ലോകകപ്പിന്റെ ഫൈനല്‍ റൗണ്ടിലെത്തിയ ആഹ്ലാദത്തിലും ഫ്രാന്‍സിന്‌ അഹങ്കരിക്കാന്‍ ഒന്നുമില്ല. യോഗ്യതാ ഘട്ടത്തില്‍ തട്ടിമുട്ടിയ ടീമിന്‌ പ്ലേ ഓഫിലും അതേ പ്രകടനമാണ്‌ നടത്താന്‍ കഴിഞ്ഞത്‌. തോല്‍വിയില്‍ നിന്ന്‌ ഫ്രാന്‍സിനെ രക്ഷിച്ചത്‌ ഗോള്‍ക്കീപ്പര്‍ ഹൂഗോ ലോറസാണ്‌. അദ്ദേഹം തന്നെയാണ്‌ കളിയിലെ കേമനും.

പോര്‍ച്ചുഗല്‍ ആധികാരികമായി
കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ അഭാവത്തിലും ആധികാരിക പ്രകടനവുമായാണ്‌ പോര്‍ച്ചുഗല്‍ ഫൈനല്‍ റൗണ്ട്‌ ടിക്കറ്റ്‌ സ്വന്തമാക്കിയത്‌. സ്വന്തം നഗരമായ ലിസ്‌ബണില്‍ ഒരാഴ്‌ച്ച മുമ്പ്‌ ഒരു ഗോള്‍ മാര്‍ജിനില്‍ മുന്നിലെത്തിയ ടീം ഇന്നലെ ബോസ്‌നിയക്കാരുടെ മൈതാനത്തും അതേ പ്രകടനം ആവര്‍ത്തിച്ചു. അമ്പത്തിയാറാം മിനുട്ടില്‍ റൗള്‍ മിയര്‍ലെസാണ്‌ വിജയഗോള്‍ നേടിയത്‌. ഇതോടെ രണ്ട്‌ പാദങ്ങളിലായി രണ്ട്‌ ഗോളിന്റെ വിജയമാണ്‌ പറങ്കിപ്പട കരസ്ഥമാക്കിയത്‌. പോര്‍ച്ചുഗലിന്റെ മുന്‍നിരക്കാരന്‍ നാനിയാണ്‌ കളിയിലെ കേമന്‍.
പാവം റഷ്യ
ഇത്‌ റഷ്യയും ലോകവും പ്രതീക്ഷിച്ചതല്ല. സ്വന്തം മൈതാനത്ത്‌ നടന്ന ആദ്യപാദ മല്‍സരത്തില്‍ 2-1 ന്റെ വിജയം നേടിയിട്ടും പുറത്താവേണ്ടി വന്നതിന്റെ വേദനയിലാണ്‌ റഷ്യക്കാര്‍. ഇന്നലെ നടന്ന രണ്ടാം പാദ മല്‍സരത്തില്‍ ഒരു ഗോളിനാണ്‌ സ്ലോവേനിയക്കാര്‍ ജയിച്ചത്‌. ഇരുപാദങ്ങളിലായി നോക്കുമ്പോള്‍ 2-2 ലാണ്‌ മല്‍സരം. പക്ഷേ സ്ലോവേനിയക്കാരെ തുണച്ചത്‌ എവേ ഗോള്‍ നിയമം. റഷ്യക്കാര്‍ക്കെതിരെ ആദ്യ പാദത്തില്‍ അവരുടെ മൈതാനത്ത്‌ നേടാനായ ഗോളാണ്‌ സ്ലോവേനിയന്‍ ടിക്കറ്റിന്‌ ആധാരം. നാല്‍പ്പത്തിനാലാം മിനുട്ടില്‍ സാള്‍ഡെക്‌ ഡെകിച്ചാണ്‌ നിര്‍ണ്ണായക ഗോള്‍ നേടിയത്‌.

കടന്നുകയറി ഗ്രീസ്‌
ഓട്ടോ റാഗേല്‍ വീണ്ടും അല്‍ഭുത കോച്ചായി. ഉക്രൈനെതിരെ യോഗ്യതാ പോരാട്ടത്തിന്റെ രണ്ടാം പാദത്തില്‍ ഒരു ഗോളിന്റെ വിജയവുമായാണ്‌ ഗ്രീസ്‌ ടിക്കറ്റ്‌ സ്വന്തമാക്കിയത്‌. ഇരുവരും തമ്മിലുളള ആദ്യപാദ മല്‍സരത്തില്‍ ഗോള്‍ പിറന്നിരുന്നില്ല. ഏതന്‍സിലെ രണ്ടാം പാദത്തില്‍ നാട്ടുകാരുടെ സജീവ പിന്തുണയില്‍ കളിച്ച ഗ്രീസ്‌ മുപ്പത്തിയൊന്നാം മിനുട്ടില്‍ ഡിമിത്രോസ്‌ സാല്‍പിഗിനിലുടെയാണ്‌ നിര്‍ണ്ണായക ഗോള്‍ നേടിയത്‌.

വീണ്ടും ഉറുഗ്വേ
ആദ്യ പാദത്തില്‍ നേടിയ ഒരു ഗോള്‍ വിജയത്തിന്‌ പിറകെ രണ്ടാം പാദത്തില്‍ 1-1 സമനിലയുമായി ആകെ 2-1 ന്റെ ആനുകൂല്യത്തില്‍ ഉറുഗ്വേ ലോകകപ്പ്‌ ഫൈനല്‍ റൗണ്ടിന്‌ ഒരിക്കല്‍ക്കൂടി യോഗ്യത നേടിയപ്പോള്‍ കരയാനായിരുന്നു കോസ്‌റ്റാറിക്കക്കാരുടെ വിധി. സാന്‍ജോസില്‍ നടന്ന ആദ്യപാദ മല്‍സരത്തില്‍ ഒരു ഗോളിന്‌ വിജയിക്കാന്‍ കഴിഞ്ഞതാണ്‌ ഉറുഗ്വേക്ക്‌ കരുത്തായത്‌. ഇന്നലെ നടന്ന രണ്ടാം പാദത്തില്‍ സെബാസ്റ്റ്യന്‍ അബ്രുവിന്റെ ഗോളില്‍ തുടക്കത്തില്‍ തന്നെ ഉറുഗ്വേ മുന്നിലെത്തി. എന്നാല്‍ വാള്‍ട്ടര്‍ സെനിറ്റോ ഗോള്‍ തിരിച്ചടിച്ചതോടെ കോസറ്റാറിക്കന്‍ ക്യാമ്പില്‍ പ്രതീക്ഷയായി. പക്ഷേ സ്വന്തം ഡിഫന്‍സ്‌ ഭദ്രമാക്കി അപകടരഹിതമായി കളിക്കുന്നതില്‍ ഉറുഗ്വേ രണ്ടാം പകുതിയില്‍ വിജയിച്ചു.

ഫറോവമാര്‍ ഇല്ല
ഒംദുര്‍മാന്‍ (സുഡാന്‍): കരയുകയാണ്‌ ഈജിപ്‌ത്‌..... വലിയ പ്രതീക്ഷകളുമായി ലോകകപ്പിന്റെ പ്ലേ ഓഫില്‍അള്‍ജീരിയക്കെതിരെ രംഗത്തിറങ്ങിയവര്‍ക്ക്‌ മുന്നില്‍ നിര്‍ഭാഗ്യം വില്ലനായി. ഒരു ഗോളിന്റെ വിജയവുമായി അള്‍ജീരിയ ടിക്കറ്റും സ്വന്തമാക്കി. ആദ്യാവസാനം നാടകീയത നിറഞ്ഞ മല്‍സരം ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നായിരുന്നു. അയല്‍ക്കാരുടെ പോരാട്ടത്തിന്‌ കിക്കോഫ്‌ മുതല്‍ വര്‍ദ്ദിതവീര്യമായിരുന്നു. ഒന്നാം പകുതിയുടെ അവസാനത്തില്‍ സെന്റര്‍ ബാക്‌ അന്‍താര്‍ യാഹിയയാണ്‌ രണ്ട്‌ ടീമുകളും തമ്മിലുളള വിത്യാസമായത്‌. ഗോള്‍ തിരിച്ചടിക്കാന്‍ ഈജിപ്‌ത്‌ രണ്ടും കല്‍പ്പിച്ച്‌ അവസാന സെക്കന്‍ഡ്‌ വരെ പൊരുതിയെങ്കെിലും ഗോള്‍ക്കീപ്പര്‍ ഫവാസി ജോവാച്ചി അള്‍ജീരിയയുടെ അഭിമാനമായി. മല്‍സരത്തിന്‌ ശേഷം കരഞ്ഞ്‌ കലങ്ങിയ കണ്ണുകളുമായാണ്‌ ഈജിപ്‌ത്‌ ആരാധകര്‍ സുഡാന്‍ വിട്ടത്‌.
രണ്ട്‌ രാജ്യങ്ങളിലെയും ഫുട്‌ബോള്‍ പ്രേമികളെ കൊണ്ട്‌ നിറഞ്ഞ്‌ കവിഞ്ഞിരുന്നു സ്‌റ്റേഡിയം. ഈജിപ്‌തുകാരായിരുന്നു വര്‍ദ്ധിത പ്രതീക്ഷയില്‍. ലോകകപ്പ്‌ യോഗ്യതാ റൗണ്ടിന്റെ ആദ്യഘട്ടത്തില്‍ പിറകിലായിരുന്ന ഈജിപ്‌ത്‌ നിര്‍ണ്ണായകമായ അവസാന യോഗ്യതാ മല്‍സരത്തില്‍ അള്‍ജീരിയയെ രണ്ട്‌്‌ ഗോള്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചതോടെയാണ്‌ പ്ലേ ഓഫിന്‌ അവസരമൊരുങ്ങിയത്‌. ഒരാഴ്‌ച്ച മുമ്പ്‌ നടന്ന അവസാന യോഗ്യതാ പോരാട്ടത്തില്‍ രണ്ട്‌ ഗോളിന്റെ വ്യക്തമായ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമായിരുന്നു ഈജിപ്‌തിന്‌ പ്ലേ ഓഫ്‌ സാധ്യത. രണ്ട്‌ ഗോളിന്‌ അവര്‍ ജയിച്ചതോടെ പ്ലേ ഓഫ്‌ നിര്‍ബന്ധമായി. അങ്ങനെയാണ്‌ നിഷ്‌പക്ഷ വേദിയില്‍ പ്ലേ ഓഫ്‌ നിശ്ചയിച്ചത്‌.
1986 ലാണ്‌ അള്‍ജീരിയ അവസാനമായി ലോകകപ്പിന്റെ ഫൈനല്‍ റൗണ്ട്‌ കളിച്ചത്‌. അന്ന്‌ ടീമിന്റെ പരിശീലകനായിരുന്ന റബാ സദാന തന്നെയാണ്‌ ഇത്തവണയും ടീമിന്റെ അമരത്ത്‌. സ്വന്തം വന്‍കരയില്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കാന്‍ ഈജിപ്‌തിന്‌ വലിയ മോഹമുണ്ടായിരുന്നു. തുടര്‍ച്ചയായി രണ്ട്‌ തവണ വന്‍കരയിലെ ചാമ്പ്യന്മാരായിട്ടും പക്ഷേ അവര്‍ നിര്‍ഭാഗ്യവാന്മാരായിരുന്നു. ലോകോത്തര താരങ്ങളുണ്ടായിട്ടും യോഗ്യതാ റൗണ്ടിലെ ആലസ്യമാണ്‌ ടീമിനെ ചതിച്ചത്‌.
മുഹമ്മദ്‌ അബ്ദുറിക്ക എന്ന സൂപ്പര്‍ താരത്തിലായിരുന്നു ഈജിപ്‌തിന്റെ പ്രതീക്ഷകള്‍. ആദ്യ പകുതിയില്‍ അദ്ദേഹത്തിന്റെ എണ്ണം പറഞ്ഞ രണ്ട്‌ ഫ്രീ കിക്കുകള്‍ അള്‍ജീരിയന്‍ ഗോല്‍ക്കീപ്പര്‍ കുത്തിയകറ്റിയത്‌ അവിശ്വസനീയമായ മെയ്‌വഴക്കത്തിലായിരുന്നു. നാല്‍പ്പതാം മിനുട്ടില്‍ പായിച്ച ഫ്രീകിക്കില്‍ നിന്നും തല കൊണ്ട്‌ പന്ത്‌ ചെത്തിയാണ്‌ യാഹിയ വിജയഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. രണ്ടാം പകുതിയില്‍ ഫറോവമാര്‍ ലോംഗ്‌ പാസുകളിലുടെ രംഗത്ത്‌ വന്നു. ഒട്ടേറെ അവസരങ്ങളും അവര്‍ക്ക്‌ ലഭിച്ചു. പക്ഷേ ഗോള്‍ക്കീപ്പര്‍ മല പോലെ എല്ലാ നീക്കങ്ങള്‍ക്കും തടസ്സമായി.

ഇത്‌ ചതി....
പാരീസ്‌: ഫ്രാന്‍സ്‌ ചതിയിലുടെയാണ്‌ തങ്ങളെ ലോകകപ്പില്‍ നിന്നും പുറത്താക്കിയതെന്ന്‌ അയര്‍ലാന്‍ഡിന്റെ ശക്തമായ ആരോപണം. പ്ലേ ഓഫ്‌ മല്‍സരത്തിന്റെ രണ്ടാം പാദം അധികസമയത്തേക്ക്‌ ദീര്‍ഘിച്ച ഘട്ടത്തില്‍ ഫ്രാന്‍സിന്‌ അനുകൂലമായി വിധിക്കപ്പെട്ട ഗോള്‍ നിമയലംഘനമാണെന്നാണ്‌ ടീമിന്റെ നായകന്‍ റോബി കീനും കോച്ച്‌ ട്രപ്പറ്റോണിയുമെല്ലാം വ്യക്തമാക്കുന്നത്‌. ഗോളിലേക്ക്‌ ഗല്ലാസ്‌ പായിച്ച പന്ത്‌ ഫ്രഞ്ച്‌ ക്യാപ്‌റ്റന്‍ തിയറി ഹെന്‍ട്രിയുടെ കൈകളില്‍ തട്ടിയാണ്‌ വന്നത്‌. വളരെ വ്യക്തമായും കൈപാദത്തില്‍ പന്ത്‌ തട്ടി. ഹെന്‍ട്രി തന്നെ ഇത്‌ സമ്മതിച്ചു. പക്ഷേ റഫറി മാത്രം വഴങ്ങിയില്ലെന്നാണ്‌ ഐറിഷുകാര്‍ കുറ്റപ്പെടുത്തുന്നത്‌.
ഞാന്‍ റഫറിയല്ലല്ലോ..
പാരീസ്‌: ഫ്രഞ്ച്‌ ക്യാപ്‌റ്റന്‍ തിയറി ഹെന്‍ട്രി സത്യം തുറന്ന്‌ സമ്മതിക്കുന്നു. വില്ല്യം ഗല്ലാസ്‌ നേടിയ ഗോളിലേക്ക്‌ പോയ പന്ത്‌ തന്റെ കൈകളില്‍ തട്ടിയിരുന്നു. വ്യക്തമായും കൈപാദത്തില്‍ തട്ടി. എന്നാല്‍ റഫറി ഗോള്‍ അനുവദിച്ചതിനാല്‍ തനിക്ക്‌ പരാതിയില്ലെന്നാണ്‌ ഹെന്‍്‌ട്രി പറയുന്നത്‌. ഞാന്‍ റഫറിയല്ല. തെറ്റ്‌ പറ്റിയിട്ടുണ്ടെന്ന്‌ കണ്ടെത്തേണ്ടത്‌ റഫറിയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ സമ്മര്‍ദ്ദക്കൂട്ടില്‍
അഹമ്മദാബാദ്‌: ഇന്ത്യന്‍ മണ്ണില്‍ ശ്രീലങ്ക ആദ്യമായി ഒരു ടെസ്‌റ്റ്‌ വിജയം സ്വന്തമാക്കുമോ..? അതിനുളള സാധ്യതയാണ്‌ ഇന്ന്‌ മുന്നില്‍. ഒന്നാം ടെസ്‌റ്റിനെ രക്ഷിക്കാന്‍ ഒരു ദിവസും 90 ഓവറുകളും ഒപ്പം മാന്‍ഡേറ്ററി ഓവറുകളും നിലനില്‍ക്കവെ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ പൊരുതേണ്ടി വരും. 334 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ്‌ ലീഡ്‌ വഴങ്ങിയ ഇന്ത്യ നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ട്‌ വിക്കറ്റിന്‌ 190 റണ്‍സ്‌ എന്ന നിലയിലാണ്‌. ഇപ്പോഴും 144 റണ്‍സ്‌ പിറകില്‍ നില്‍ക്കുമ്പോള്‍ സമ്മര്‍ദ്ദക്കൂട്ടില്‍ ടീമിനെ രക്ഷിക്കാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ്‌സിംഗ്‌, ഗൗതം ഗാംഭീര്‍, എം.എസ്‌ ധോണി എന്നിവര്‍ക്ക്‌ കഴിയണം. 51 റണ്‍സ്‌ നേടിയ ഓപ്പണര്‍ വിരേന്ദര്‍ സേവാഗും 385 റണ്‍സുമായി രാഹുല്‍ ദ്രാവിഡും പുറത്തായിക്കഴിഞ്ഞു. 74 റണ്‍സുമായി ക്രീസിലുളള ഗംഭീറിനൊപ്പം നൈറ്റ്‌വാച്ച്‌മാന്‍ അമിത്‌ മിശ്രയാണുള്ളത്‌. മോയിത്രയിലെ പിച്ച്‌ വില്ലനല്ല എന്നതാണ്‌ ഇന്ത്യക്ക്‌ ആശ്വാസം. പിച്ച്‌ ഏറ്റവും പതുക്കെയാണ്‌ പ്രതികരിക്കുന്നത്‌. അതിനാല്‍ തന്നെ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ വലിയ വെല്ലുവിളിയില്ല. മുത്തയ്യ മുരളീധരന്‍, ലങ്കാന ഹെറാത്ത്‌ എന്നീ ലങ്കന്‍ സ്‌പിന്നര്‍മാരെ ധൈര്യസമേതം നേരിടാനായാല്‍ സമനിലയുമായി ഇന്ത്യക്ക്‌ മുഖം രക്ഷിക്കാം.
പുതിയ ലോക റെക്കോര്‍ഡുമായി, ഏഴ്‌ വിക്കറ്റിന്‌ 760 റണ്‍സ്‌ എന്ന പടുകൂറ്റന്‍ സ്‌ക്കോറുമായാണ്‌ ലങ്ക ഒന്നാം ഇന്നിംഗ്‌സ്‌ ഡിക്ലയര്‍ ചെയ്‌തത്‌. മഹേല ജയവര്‍ദ്ദനെ 275 റണ്‍സ്‌ നേടിയപ്പോള്‍ വിക്കറ്റ്‌ കീപ്പര്‍ പ്രസന്ന ജയവര്‍ദ്ദനെ 154 റണ്‍സുമായി പുറത്താവാതെ നിന്നു. ആറാം വിക്കറ്റില്‍ ഇരുവരും നേടിയ 351 റണ്‍സിന്റെ ലോക റെക്കോര്‍ഡാണ്‌ നാലാം ദിവസത്തെ സവിശേഷത. വര്‍ഷങ്ങള്‍ പഴക്കമുളള ഡോണ്‍ ബ്രാഡ്‌മാന്റെ റെക്കോര്‍ഡാണ്‌ ഇവിടെ തകര്‍ന്നത്‌.
വലിയ സമ്മര്‍ദ്ദത്തില്‍ രണ്ടാം ഇന്നിംഗ്‌സ്‌ തുടങ്ങിയ ഇന്ത്യ പലപ്പോഴും രക്ഷപ്പെടുകയായിരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ സേവാഗ്‌ അര്‍ദ്ധശതകം പിന്നിട്ടെങ്കിലും മൂന്ന്‌ തവണ അദ്ദേഹം ഭാഗ്യത്തിനാണ്‌ രക്ഷപ്പെട്ടത്‌. ആദ്യ ഓവറില്‍ തന്നെ ഫീല്‍ഡര്‍ക്ക്‌ സേവാഗ്‌ പിടി നല്‍കിയപ്പോള്‍ പന്ത്‌ നോബോളായിരുന്നു. രണ്ടാം തവണ ബാറ്റില്‍ തട്ടി ഉയര്‍ന്ന പന്ത്‌ വിക്കറ്റ്‌ കീപ്പര്‍ക്കും ഒന്നാം സ്ലിപ്പിനും മധ്യേ പാഞ്ഞു. മറ്റൊരു ഘട്ടത്തില്‍ ഇല്ലാത്ത സിംഗിളിനായി ഓടി വിക്കറ്റ്‌ തുലക്കുമായിരുന്നു. ഭാഗ്യത്തിന്റെ സമ്പൂര്‍ണ്ണ അകമ്പടിയില്‍ കളിച്ചിട്ടും നാലാം ദിവസത്തെ അതിജയിക്കാന്‍ സേവാഗിന്‌ കഴിഞ്ഞില്ല. ഹെറാത്തിന്റെ പന്തില്‍ അദ്ദേഹം പിടി നല്‍കി. പക്ഷേ ഇന്ത്യക്ക്‌ ആഘാതമായത്‌ ദ്രാവിഡ്‌ പുറത്തായതാണ്‌. ഗാംഭീര്‍ മനോഹരമായി കളിക്കുന്നുണ്ട്‌. സച്ചിനും യുവരാജും ധോണിയും വരാനിരിക്കെ അതിസാഹസികമായി കളിക്കാത്തപക്ഷം ഇന്ത്യക്ക്‌ സമനില നേടാനാവും.
ഇന്ത്യ: ഒന്നാം ഇന്നിംഗ്‌സ്‌. ഗാംഭീര്‍-ബി-വെലിഗിഡാര-1, സേവാഗ്‌-എല്‍.ബി.ഡബ്ല്യു-ബി-വെലിഗിഡാര-16, രാഹുല്‍ ബി-വെലിഗിഡാര-177, സച്ചിന്‍-ബി-വെലിഗിഡാര-4, ലക്ഷ്‌മണ്‍-ബി-പ്രസാദ്‌-0, യുവരാജ്‌സിംഗ്‌-സി-ദില്‍ഷാന്‍-ബി-മുരളി-68, ധോണി-സി-പ്രസന്ന-ബി-പ്രസാദ്‌-110, ഹര്‍ഭജന്‍-ബി-മുരളി-22, സഹീര്‍-എല്‍.ബി.ഡബ്ല്യു-ബി-ഹാറാത്ത്‌-12, അമിത്‌ മിശ്ര-നോട്ടൗട്ട്‌-7, ഇഷാന്ത്‌-സ്‌റ്റംമ്പ്‌ഡ്‌ പ്രസന്ന-ബി-മുരളി-0,എക്‌സ്‌ട്രാസ്‌-9, ആകെ 104.5 ഓവറില്‍ 426. വിക്കറ്റ്‌ പതനം: 1-14 (ഗാംഭീര്‍), 2-27 (സേവാഗ്‌), 3-31 (സച്ചിന്‍), 4-32 (ലക്ഷ്‌മണ്‍), 5-157 (യുവി), 6-381 (ധോണി), 7-389 (ദ്രാവിഡ്‌), 8-414 (സഹീര്‍), 9-426 (ഹര്‍ഭജന്‍), 10-426 (ഇഷാന്ത്‌). ബൗളിംഗ്‌: വെലിഗിഡാര 22-4-87-4, ധാമിക പ്രസാദ്‌ 22-1-106-2, മാത്യൂസ്‌ 12-1-50-0, മുരളി 25.5-4-97-3 22-2-79-1, ദില്‍ഷാന്‍ 1-0-3-0.
ലങ്ക, ഒന്നാം ഇന്നിംഗ്‌സ്‌: ദില്‍ഷാന്‍-സി-ദ്രാവിഡ്‌-ബി-സഹീര്‍-112, പരനവിതാന-സി-ധോണി-ബി-ഇഷാന്ത്‌-35, സങ്കക്കാര-സി-സച്ചിന്‍-ബി-സഹീര്‍-31, ജയവര്‍ദ്ധനെ-ബി-മിശ്ര-275, സമരവീര-സി-യുവരാജ്‌ സിംഗ്‌-ബി-ഇഷാന്ത്‌-70, ആഞ്ചലോ മാത്യൂസ്‌-സി-ഗാംഭീര്‍-ബി-ഹര്‍ഭജന്‍-17, പ്രസന്ന ജയവര്‍ദ്ധനെ-നോട്ടൗട്ട്‌-154, ധാമിക പ്രസാദ്‌-സി-മിശ്ര-ബി-ഹര്‍ഭജന്‍-21 എക്‌സ്‌ട്രാസ്‌-45, ആകെ 202.4 ഓവറില്‍ ഏഴ്‌ വിക്കറ്റിന്‌ 760 ഡിക്ലയേര്‍ഡ്‌ . വിക്കറ്റ്‌ വീഴ്‌ച്ച: 1-74 (പരനവിതാന), 2-189 (ദില്‍ഷാന്‍), 3-194 (സങ്കക്കാര), 4-332 (സമരവീര), 5-375 (മാത്യൂസ്‌്‌). 6-726 (മഹേല), 7-760 (പ്രസാദ്‌) ബൗളിംഗ്‌: സഹീര്‍ 36-6-109-2 ഇഷാന്ത്‌ 33-0-135-2, ഹര്‍ഭജന്‍ 48.4-4-189-2,അമിത്‌ മിശ്ര 58-6-203-1,യുവരാജ്‌ 16-1-64-0 , സച്ചിന്‍ 7-0-20-0, സേവാഗ്‌ 4-1-19-0
ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ്‌: ഗാംഭീര്‍-നോട്ടൗട്ട്‌-74, സേവാഗ്‌-സി-മാത്യൂസ്‌-ബി-ഹെറാത്ത്‌-51, ദ്രാവിഡ്‌-എല്‍.ബി.ഡബ്ല്യൂ-ബി-വെലിഗിഡാര-38, മിശ്ര-നോട്ടൗട്ട്‌-12, എക്‌സ്‌ട്രാസ്‌-15, ആകെ 45 ഓവറില്‍ രണ്ട വിക്കറ്റിന്‌ 190. വിക്കറ്റ്‌ പതനം : 1-81 (സേവാഗ്‌), 2-169 (ദ്രാവിഡ്‌). ബൗളിംഗ്‌: വെലിഗിഡാര 9-0-31-1, പ്രസാദ്‌ 9-0-49-0, ഹെറാത്ത്‌ 13-0-47-1, മുരളി 14-0-56-0.

തേര്‍ഡ്‌ ഐ
സൂക്ഷിക്കുക മുരളിയെ
ഇന്ത്യക്ക്‌ ഇന്നലെ ആഘാതമായത്‌ രാഹുല്‍ ദ്രാവിഡിനെ നഷ്ടമായതാണ്‌. നാലാം ദിവസം കാര്യമായ ആഘാതമില്ലാതെ ഇന്ത്യ രക്ഷപ്പെടുമെന്ന ഘട്ടത്തിലാണ്‌ വെലിഗിഡാരയുടെ പന്തില്‍ ദ്രാവിഡ്‌ പുറത്തായത്‌. ഒന്നാം ഇന്നിംഗ്‌സില്‍ നന്നായി കളിച്ച താരമാണ്‌ ദ്രാവിഡ്‌. ഇന്ന്‌ അവസാന ദിവസത്തില്‍ ഇന്ത്യക്ക്‌ ഭീഷണിയുണ്ട്‌. പക്ഷേ സമചിത്തതയോടെ കളിക്കാന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ കഴിഞ്ഞാല്‍ പ്രശ്‌നങ്ങളുണ്ടാവില്ല. ഇതിന്‌ വ്യക്തമായ ഉദാഹരണമാണ്‌ നമ്മുടെ രാത്രി കാവല്‍ക്കാരന്‍ അമിത്‌ മിശ്ര പതിനഞ്ച്‌ ഓവര്‍ പിടിച്ചുനിന്നത്‌. പിച്ച്‌ പൊട്ടി പൊളിഞ്ഞ്‌ ഏറ്റവും മന്ദഗതിയിലാണ്‌ പ്രതികരിക്കുന്നത്‌. ഈ മന്ദഗതിയെ പ്രയോജനപ്പെടുത്താന്‍ സ്‌പിന്നര്‍മാര്‍ക്ക്‌ കഴിയുന്നുമില്ല. ഇന്നലെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്‍ 27 ഓവറുകളാണ്‌ സ്‌പിന്നര്‍മാര്‍ പന്തെറിഞ്ഞത്‌്‌. ഹെറാത്ത്‌ 13 ഓവര്‍ എറിഞ്ഞപ്പോള്‍ മുരളി 14 ഓവറുകള്‍ പായിച്ചു. രണ്ട്‌ പേര്‍ക്കും കാര്യമായ പ്രയാസങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. പന്തിനെ വേഗത്തില്‍ സമീപിക്കാതെ, ഏറ്റവും അവസാനം പ്രതികരിക്കുന്നതാണ്‌ ഈ ഘട്ടത്തില്‍ നല്ലത്‌ എന്ന്‌ ദ്രാവിഡും ഗാംഭീറും തെളിയിച്ചിട്ടുണ്ട്‌. ഈ സമീപനമാണ്‌ നല്ലത്‌. തിടുക്കത്തില്‍ പന്തിനെ സമീപിച്ചാല്‍ കാര്യങ്ങള്‍ അപകടത്തിലാവും. ഇന്ത്യക്ക്‌ വിജയ പ്രതീക്ഷ തെല്ലുമില്ല. അതിനാല്‍ സമനിലക്കായി ക്ഷമയോടെ കളിക്കണം. ലങ്കന്‍ ആവനാഴിയിലെ വജ്രായുധമാണ്‌ മുരളി. കഴിഞ്ഞ നാല്‌ ദിവസങ്ങളില്‍ കണ്ട മുരളിയായിരിക്കില്ല ചിലപ്പോള്‍ അവസാന ദിവസത്തിലെ മുരളി. ബാറ്റ്‌സ്‌മാന്മാര്‍ സമ്മര്‍ദ്ദത്തില്‍ കളിക്കുമ്പോള്‍ മുരളിക്ക്‌ വിക്കറ്റ്‌ ലഭിക്കാന്‍ വ്യക്തമായ സാധ്യതകളുണ്ട്‌. സച്ചിനെ പോലെ അനുഭവസമ്പന്നരായ താരങ്ങളുളളപ്പോള്‍ സമ്മര്‍ദ്ദത്തിന്റെ പുതപ്പില്‍ പ്രതിരോധത്തെ മാത്രം ആയുധമാക്കുന്ന ബുദ്ധിശൂന്യത ആരും കാണിക്കില്ല എന്ന്‌ കരുതാം. ലങ്കയെ അഭിനന്ദിക്കാതെ വയ്യ. ഒന്നാം ദിവസം ഇന്ത്യ സ്വന്തമാക്കിയ ടെസ്‌റ്റാണ്‌ അവര്‍ അടുത്ത മൂന്ന്‌ ദിവസങ്ങളിലായി സ്വന്തം നിയന്ത്രണത്തിലാക്കിയത്‌. മഹേല ജയവര്‍ദ്ധനയെന്ന അനുഭവസമ്പന്നന്‍ 610 മിനുട്ടാണ്‌-അതായത്‌ രണ്ട്‌ ദിവസത്തോളമാണ്‌ ക്രീസില്‍ ക്ഷമയോടെ കളിച്ചത്‌. 435 പന്തുകള്‍ അദ്ദേഹം നേരിട്ടു. 27 ബൗണ്ടറികളും ഒരു സിക്‌സറും. പ്രസന്ന ജയവര്‍ദ്ധനെ എന്ന വിക്കറ്റ്‌ കീപ്പര്‍ ആദ്യമായാണ്‌ ഇന്ത്യയില്‍ ടെസ്റ്റ്‌ കളിക്കുന്നത്‌. അദ്ദേഹവും സ്വന്തം റോള്‍ മനോഹരമാക്കി.

ഫെഡറേഷന്‍ കപ്പ്‌ 27 മുതല്‍
കോഴിക്കോട്‌: ഫെഡറേഷന്‍ കപ്പ്‌ ദക്ഷിണ മേഖലാ യോഗ്യതാ മല്‍സരങ്ങള്‍ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ 27 മുതല്‍ ആരംഭിക്കും. 23 ന്‌ തുടങ്ങാനിരുന്ന ചാമ്പ്യന്‍ഷിപ്പ്‌ സംഘാടകരുടെ അഭ്യര്‍ത്ഥന പ്രകാരം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഒരാഴ്‌ച്ച നീട്ടി നല്‍കുകയായിരുന്നു. ഫ്‌ളഡ്‌ലിറ്റിന്‌ കീഴിലാണ്‌ എല്ലാ മല്‍സരങ്ങളും. 27ന്‌ ആദ്യ മല്‍സരത്തില്‍ മലബാര്‍ യുനൈറ്റഡ്‌ എസ്‌.ബി.ടി തിരുവനന്തപുരത്തെ നേരിടും. 28ന്‌ തമിഴ്‌നാട്ടിലെ ചാമ്പ്യന്‍ ക്ലബായ നേതാജി സ്‌പോര്‍ട്‌സ്‌ ക്ലബ്‌ പോണ്ടിച്ചേരി ടീമായ യംഗ്‌ ചാലഞ്ചേഴ്‌സിനെ എതിരിടും. 29ന്‌ കോഴിക്കോടന്‍ ടീമായ ചാന്ദ്‌നി എഫ്‌.സിയും തിരുവനന്തപുരത്തെ ടൈറ്റാനിയവും കളിക്കും. എച്ച്‌.എ.എല്‍ ബാംഗ്ലൂര്‍ ആദ്യ റൗണ്ട്‌ കളിക്കാതെ ബൈ ടീമായി സെമി കളിക്കും. ആദ്യ സെമി 30 നാണ്‌. രണ്ടാം സെമി ഡിസംബര്‍ ഒന്നിനും. രണ്ടിന്‌ കളിയില്ല. മൂന്നിന്‌ ഫൈനല്‍. ഫൈനലില്‍ വിജയിക്കുന്ന ടീമായിരിക്കും ഫെഡറേഷന്‍ കപ്പ്‌ ഫൈനല്‍ റൗണ്ടിന്‌ യോഗ്യത നേടുക. മല്‍സര ടിക്കറ്റ്‌്‌ നിരക്ക്‌- ഗ്യാലറി 20 രൂപ, സീസണ്‍ 100 രൂപ. ഗ്രാന്‍ഡ്‌ സ്‌റ്റാന്‍ഡ്‌ ടിക്കറ്റില്ലെന്ന്‌ കെ.ഡി.എഫ്‌.എ സെക്രട്ടറി പി.ഹരിദാസ്‌ അറിയിച്ചു.
കേരളം മുന്നോട്ട്‌
വാറങ്കല്‍: മഴ ഭീഷണിയിലും കേരളം കുതിക്കുന്നു. ഇവിടെ നടക്കുന്ന ദേശീയ ജൂനിയര്‍ മീറ്റ്‌ ഫ്‌ളഡ്‌ലിറ്റിന്‌ കീഴെ രാത്രിയിലും നടക്കുമ്പോള്‍ ചാമ്പ്യന്മാരായ കേരളം ആറ്‌ സ്വര്‍ണ്ണവുമായി ഒന്നാം സ്ഥാനത്താണ്‌. മീറ്റിന്റെ ആദ്യദിവസം മൂന്ന്‌ സ്വര്‍ണ്ണമാണ്‌ കേരളം നേടിയത്‌. ഇന്നലെ മൂന്ന്‌ സ്വര്‍ണ്ണം കൂടി കേരളത്തിന്റെ കൂട്ടികള്‍ സ്വന്തമാക്കി. അണ്ടര്‍ 14 ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ അബ്ദുള്‍ സമദ്‌, അണ്ടര്‍ 15 പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ മെര്‍ലിന്‍, പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ ആര്‍.രമ്യ എന്നിവരാണ്‌ സ്വര്‍ണ്ണ ജേതാക്കള്‍. പത്ത്‌ വെളളിയും അഞ്ച്‌ വെങ്കലവും കേരളത്തിന്റെ സമ്പാദ്യ പെട്ടിയിലുണ്ട്‌.
കേരളം തകര്‍ന്നു.
ശ്രീനഗര്‍: രജ്ഞി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്‌ ആദ്യ തോല്‍വി. പ്ലേറ്റ്‌ ഗ്രൂപ്പിലെ ആദ്യ മല്‍സരങ്ങളില്‍ ആന്ധ്ര പ്രദേശിനോടും മധ്യപ്രദേശിനോടും സമനില വഴങ്ങിയ കേരളം ദുര്‍ബലരെന്ന്‌ കരുതിയ ജമ്മു കാശ്‌മീരിന്‌ മുന്നിലാണ്‌ തകര്‍ന്നത്‌. ബാറ്റിംഗ്‌ തകര്‍ച്ച പ്രകടമായി കണ്ട പോരാട്ടത്തില്‍ കേരളത്തിന്റെ രണ്ടാം ഇന്നിംഗ്‌സ്‌ 81 റണ്‍സില്‍ അവസാനിപ്പിച്ചാണ്‌ കാശ്‌മീര്‍ കരുത്ത്‌ കാട്ടിയത്‌. ബൗളിംഗിലും ബാറ്റിംഗിലും മികവു കാട്ടിയ മുന്‍ നായകന്‍ സോണി ചെറുവത്തൂര്‍ മാത്രമാണ്‌ പിടിച്ചുനിന്നത്‌. രണ്ടാം ഇന്നിംഗ്‌സില്‍ കാശ്‌മീര്‍ മികവ്‌ കാട്ടിയപ്പോള്‍ അതിന്റെ അയലത്തെത്താന്‍ കേരളത്തിനായില്ല.
ക്ലാര്‍ക്ക്‌ ടീമില്‍
ബ്രിസ്‌ബെന്‍: പരുക്കില്‍ നിന്നും മോചിതനായി മൈക്കല്‍ ക്ലാര്‍ക്ക്‌ തിരിച്ചുവരുന്നു. വിന്‍ഡീസിനെതിരെ നടക്കുന്ന ടെസ്റ്റ്‌ പരമ്പരക്കുള്ള ഓസീസ്‌ ടീമില്‍ വൈസ്‌ ക്യാപ്‌റ്റന്‍ തിരിച്ചെത്തി. ടീം ഇതാണ്‌: സൈമണ്‍ കാറ്റിച്ച്‌, ഷെയിന്‍ വാട്ട്‌സണ്‍, റിക്കി പോണ്ടിംഗ്‌, മൈക്കല്‍ ഹസി, മൈക്കല്‍ ക്ലാര്‍ക്ക്‌, മാര്‍ക്കസ്‌ നോര്‍ത്ത്‌, ബ്രാഡ്‌ ഹാദ്ദീന്‍, മിച്ചല്‍ ജോണ്‍സണ്‍, നതാന്‍ ഹൗറിറ്റ്‌സ്‌, പീറ്റര്‍ സിഡില്‍, ബെന്‍ ഹില്‍ഫാന്‍ഹസ്‌, ഡഫ്‌ ബൊളിഗ്നര്‍.

No comments: