Wednesday, November 18, 2009

DAY OF MAHELA

മഹേലയുടെ ദിനം
അഹമ്മദാബാദ്‌: ഇന്ത്യയുടെ തിണ്ണമിടുക്കിന്‌ മഹേല ജയവര്‍ദ്ധനയുടെ തകര്‍പ്പന്‍ മറുപടി.... ലക്കും ലഗാനുമില്ലാതെ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാരുടെ മികവില്‍ കരിയറിലെ ആറാമത്‌ ഡബിള്‍ സെഞ്ച്വറിയുടെ മഹേല കളം നിറഞ്ഞപ്പോള്‍ ഒന്നാം ടെസ്‌റ്റില്‍ ലങ്കക്ക്‌ വ്യക്തമായ മുന്‍കൈ. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ സന്ദര്‍ശകരുടെ സ്‌ക്കോര്‍ അഞ്ച്‌ വിക്കറ്റിന്‌ 591 റണ്‍സ്‌. രണ്ട്‌ ദിവസം ബാക്കി നില്‍ക്കെ 165 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ്‌ ലീഡ്‌. ആദ്യ ഇന്നിംഗ്‌സില്‍ 426 റണ്‍സാണ്‌ ഇന്ത്യ സ്വന്തമാക്കിയത്‌. പട്ടേല്‍ സ്റ്റേഡിയത്തില്‍ ഇന്നലെ മഹേല മാത്രമായിരുന്നില്ല, തിലാന്‍ സമരവീരയും വിക്കറ്റ്‌ കീപ്പര്‍ പ്രസന്ന ജയവര്‍ദ്ധനയുമെല്ലാം നിറഞ്ഞാടിയപ്പോള്‍ പുകള്‍പെറ്റ ഇന്ത്യന്‍ ബൗളിംഗിന്‌ ആകെ സമ്പാദിക്കാനായത്‌ രണ്ട്‌ വിക്കറ്റ്‌. അതിലൊന്നാവട്ടെ അമ്പയറുടെ ദാനവും.
ഇന്ത്യന്‍ മണ്ണില്‍ ഇത്‌ വരെ ഒരു ടെസ്‌്‌റ്റ്‌ ജയം അസാധ്യമായവരാണ്‌ ദ്വീപുകാര്‍. അത്‌ മാത്രമല്ല ഇവിടെ ഒന്നാം ഇന്നിംഗ്‌സ്‌ ലീഡ്‌ സ്വന്തമാക്കാന്‍ അവര്‍ക്ക്‌ മുമ്പ്‌ കഴിഞ്ഞത്‌ ഒരു തവണ മാത്രമായിരുന്നു. അവിടെയും തീര്‍ന്നില്ല ആദ്യമായാണ്‌ അവരുടെ സ്‌ക്കോര്‍ 450 കടക്കുന്നതും. എല്ലാം ഇന്ത്യക്കാരുടെ സംഭാവനയായിരുന്നു. മോയിത്രയിലെ പിച്ച്‌്‌ ഒരു തരത്തിലും ബൗളര്‍മാര്‍ക്ക്‌ അനുകൂലമായിരുന്നില്ല. രാവിലെ മുതല്‍ രണ്ട്‌ സ്‌പിന്നര്‍മാരെ രംഗത്തിറക്കിയും ഉച്ചക്ക്‌ ശേഷം സീമര്‍മാരെ ഇറക്കിയും എം.എസ്‌ ധോണി നടത്തിയ പരീക്ഷണങ്ങളെല്ലാം പാളി. പിച്ച്‌ വളരെ മന്ദഗതിയിലാണ്‌ പ്രതികരിച്ചത്‌. പക്ഷേ ഈ മന്ദഗതിയെ വിക്കറ്റുകളാക്കി മാറ്റുന്നതില്‍ ഹര്‍ഭജന്‍ സിംഗും അമിത്‌ മിശ്രയും പരാജയപ്പെട്ടു. അനുഭവസമ്പന്നനായ ബാജിയെക്കാള്‍ ഭേദം അമിത്‌ മിശ്രയായിരുന്നു.
ഇന്ത്യന്‍ ബൗളര്‍മാര്‍ ഇന്നലെ നിറഞ്ഞ്‌ നിന്നത്‌ രണ്ട്‌ ഓവറുകളില്‍ മാത്രമായിരുന്നു എന്നതാണ്‌ വിചിത്ര വസ്‌തുത. അപകടകാരിയായ തിലാന്‍ സമരവീരക്കെതിരെ സഹീര്‍ഖാന്‍ മനോഹരമായി ഒരു ഓവര്‍ എറിഞ്ഞു. ബൗണ്‍സറുകളും ഷോട്ട്‌ പിച്ചുകളുമായി സമരവീര വിരണ്ട കാഴ്‌ച്ചയില്‍ അടുത്ത ഓവര്‍ എറിഞ്ഞ ഇഷാന്തിന്‌ കാര്യം എളുപ്പമായി. ഈ ഘട്ടം മാറ്റിനിര്‍ത്തിയാല്‍ സമ്പൂര്‍ണ്ണ ബാറ്റിംഗ്‌ ആധിപത്യമാണ്‌ കണ്ടത്‌. ലഞ്ചിന്‌ തൊട്ട്‌ മുമ്പ്‌ ആഞ്ചലോ മാത്യൂസിന്റെ വിക്കറ്റ്‌ ഇന്ത്യക്ക്‌ ലഭിച്ചെങ്കിലും അത്‌ അമ്പയറുടെ ദാനമായിരുന്നു.
ഇന്ത്യന്‍ സ്‌ക്കോറിന്‌ 151 റണ്‍സ്‌ പിറകിലായാണ്‌ ലങ്ക ദിവസം തുടങ്ങിയത്‌. ഫോളോ ഓണ്‍ കടമ്പ കടക്കാന്‍ അവര്‍ക്ക്‌ പ്രയാസമുണ്ടായില്ല. പിച്ചില്‍ രാവിലെ ഉണ്ടാവുന്ന ഈര്‍പ്പം ഉപയോഗപ്പെടുത്താന്‍ സാധാരണ ഗതിയില്‍ സീമര്‍മാരെയാണ്‌ നായകന്മാര്‍ ഉപയോഗിക്കുക. എന്നാല്‍ ധോണി ആദ്യ പത്ത്‌ ഓവര്‍ സ്‌പിന്നര്‍മാര്‍ക്ക്‌ നല്‍കിയപ്പോള്‍ മഹേലക്കും സമരവീരക്കും നിലയുറപ്പിക്കാന്‍ എളുപ്പമായി. മാരത്തോണ്‍ ഇന്നിംഗ്‌സില്‍ മഹേലയെ പുറത്താക്കാന്‍ ഇന്ത്യക്ക്‌ ഒരു അര്‍ദ്ധാവസരമാണ്‌ ലഭിച്ചത്‌. ഇതാവട്ടെ സ്ലിപ്പില്‍ രാഹുല്‍ ദ്രാവിഡിന്‌ ഉപയോഗിക്കാനും കഴിഞ്ഞില്ല. അമിത്‌ മിശ്രയായിരുന്നു നിര്‍ഭാഗ്യവാനായ ബൗളര്‍. സ്‌പിന്നര്‍മാരുടെ ഊഴം കഴിഞ്ഞ വെയിലിന്‌ വീര്യം വര്‍ദ്ധിച്ചപ്പോള്‍ പേസര്‍മാര്‍ വന്നു-സഹീറിനെതിരെ നാല്‌ പന്തില്‍ മൂന്ന്‌ ബൗണ്ടറികള്‍ നേടിയാണ്‌ അപ്പോള്‍ മഹേല പ്രതികരിച്ചത്‌. ഇന്ത്യന്‍ സ്‌പിന്നര്‍മാരെ നേരിട്ട്‌ വലിയ പരിചയമുണ്ടായിരുന്നില്ല ലങ്കന്‍ വിക്കറ്റ്‌ കീപ്പര്‍ പ്രസന്നക്ക്‌. പക്ഷേ മഹേല കൂട്ടിനുണ്ടായിരുന്നതിനാല്‍ ആത്മവിശ്വാസത്തോടെ അദ്ദേഹം കളിച്ചു. മൂന്നാം ദിവസം അവസാനിക്കുമ്പോഴും മഹേല പോരാട്ടം അവസാനിപ്പിച്ചിട്ടില്ല. 204 റണ്‍സുമായി അദ്ദേഹം ക്രീസിലുണ്ട്‌. 84 റണ്‍സുമായി പ്രസന്നയും. ഇന്ത്യന്‍ ബൗളര്‍മാരില്‍ എല്ലാവരും കാര്യമായി ശിക്ഷിക്കപ്പെട്ടു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പോലും ആക്രമണത്തിനിറങ്ങിയിട്ടും രക്ഷയുണ്ടായില്ല.
സ്‌ക്കോര്‍ബോര്‍ഡ്‌്‌
ഇന്ത്യ: ഒന്നാം ഇന്നിംഗ്‌സ്‌. ഗാംഭീര്‍-ബി-വെലിഗിഡാര-1, സേവാഗ്‌-എല്‍.ബി.ഡബ്ല്യു-ബി-വെലിഗിഡാര-16, രാഹുല്‍ ബി-വെലിഗിഡാര-177, സച്ചിന്‍-ബി-വെലിഗിഡാര-4, ലക്ഷ്‌മണ്‍-ബി-പ്രസാദ്‌-0, യുവരാജ്‌സിംഗ്‌-സി-ദില്‍ഷാന്‍-ബി-മുരളി-68, ധോണി-സി-പ്രസന്ന-ബി-പ്രസാദ്‌-110, ഹര്‍ഭജന്‍-ബി-മുരളി-22, സഹീര്‍-എല്‍.ബി.ഡബ്ല്യു-ബി-ഹാറാത്ത്‌-12, അമിത്‌ മിശ്ര-നോട്ടൗട്ട്‌-7, ഇഷാന്ത്‌-സ്‌റ്റംമ്പ്‌ഡ്‌ പ്രസന്ന-ബി-മുരളി-0,എക്‌സ്‌ട്രാസ്‌-9, ആകെ 104.5 ഓവറില്‍ 426. വിക്കറ്റ്‌ പതനം: 1-14 (ഗാംഭീര്‍), 2-27 (സേവാഗ്‌), 3-31 (സച്ചിന്‍), 4-32 (ലക്ഷ്‌മണ്‍), 5-157 (യുവി), 6-381 (ധോണി), 7-389 (ദ്രാവിഡ്‌), 8-414 (സഹീര്‍), 9-426 (ഹര്‍ഭജന്‍), 10-426 (ഇഷാന്ത്‌). ബൗളിംഗ്‌: വെലിഗിഡാര 22-4-87-4, ധാമിക പ്രസാദ്‌ 22-1-106-2, മാത്യൂസ്‌ 12-1-50-0, മുരളി 25.5-4-97-3 22-2-79-1, ദില്‍ഷാന്‍ 1-0-3-0.
ലങ്ക, ഒന്നാം ഇന്നിംഗ്‌സ്‌: ദില്‍ഷാന്‍-സി-ദ്രാവിഡ്‌-ബി-സഹീര്‍-112, പരനവിതാന-സി-ധോണി-ബി-ഇഷാന്ത്‌-35, സങ്കക്കാര-സി-സച്ചിന്‍-ബി-സഹീര്‍-31, ജയവര്‍ദ്ധനെ-നോട്ടൗട്ട്‌-204, സമരവീര-സി-യുവരാജ്‌ സിംഗ്‌-ബി-ഇഷാന്ത്‌-70, ആഞ്ചലോ മാത്യൂസ്‌-സി-ഗാംഭീര്‍-ബി-ഹര്‍ഭജന്‍-17, പ്രസന്ന ജയവര്‍ദ്ധനെ-നോട്ടൗട്ട്‌-84,എക്‌സ്‌ട്രാസ്‌-38, ആകെ 160 ഓവറില്‍ അഞ്ച്‌്‌ വിക്കറ്റിന്‌ 591 . വിക്കറ്റ്‌ വീഴ്‌ച്ച: 1-74 (പരനവിതാന), 2-189 (ദില്‍ഷാന്‍), 3-194 (സങ്കക്കാര), 4-332 (സമരവീര), 5-375 (മാത്യൂസ്‌്‌). ബൗളിംഗ്‌: സഹീര്‍ 30-4-93-2, ഇഷാന്ത്‌ 28-0-108-2, ഹര്‍ഭജന്‍ 39-3-151-1,അമിത്‌ മിശ്ര 43-6-152-0,യുവരാജ്‌ 13-1-49-0 , സച്ചിന്‍ 7-0-20-0.

എവിടെ അച്ചടക്കം
ഒന്നര ദിവസത്തെ ബൗളിംഗില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ എക്‌സ്‌ട്രാ ഇനത്തില്‍ ലങ്കന്‍ സ്‌ക്കോര്‍ബോര്‍ഡിന്‌ സമ്മാനിച്ചത്‌ 38 റണ്‍സ്‌...! വലിയ ടോട്ടല്‍ സ്വന്തമാക്കിയിരിക്കുന്ന ലങ്കന്‍ ബാറ്റിംഗ്‌ നിരയില്‍ മഹേല ജയവര്‍ദ്ധനയും (204 നോട്ടൗട്ട്‌), തിലകരത്‌നെ ദില്‍ഷാനും (112), തിലാന്‍ സമരവീരയും (70), പ്രസന്ന ജയവര്‍ദ്ധനയും (84) കഴിഞ്ഞാല്‍ ഉയര്‍ന്ന സ്‌ക്കോറുകാര്‍ നമ്മുടെ ബൗളര്‍മാരുടെ സംഭാവനയാണ്‌. ലങ്കന്‍ നായകന്‍ കുമാര്‍ സങ്കക്കാരക്കോ, ഓപ്പണര്‍ പരനവിതാനക്കോ ഈ സ്‌ക്കോര്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതും ഓര്‍ക്കണം. ഇന്ത്യ ബാറ്റ്‌ ചെയ്യുമ്പോള്‍ ലങ്ക നല്‍കിയ അധിക റണ്‍സ്‌ കേവലം ഒമ്പത്‌ മാത്രമായിരുന്നു എന്നതും ശ്രദ്ധേയം. ഒരു ടെസ്റ്റ്‌ ഇന്നിംഗ്‌സില്‍ ഇങ്ങനെ അധിക റണ്‍സ്‌ പിറക്കുന്നതിലെ കാര്യം അച്ചടക്കമില്ലായ്‌മ തന്നെ. 160 ഓവറുകളാണ്‌ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞത്‌. സഹീര്‍ മുപ്പതും ഇഷാന്ത്‌ ഇരുപത്തിയെട്ടും ഹര്‍ഭജന്‍ മുപ്പത്തിയൊമ്പതും അമിത്‌ മിശ്ര നാല്‍പ്പത്തിമൂന്നും ഓവറുകള്‍ എറിഞ്ഞപ്പോഴാണ്‌ ഈ അധിക റണ്‍സ്‌ പിറന്നത്‌. സ്വന്തം നാട്ടില്‍ നടക്കുന്ന ടെസ്‌റ്റില്‍ ഇങ്ങനെയൊരു ധാരാളിത്തം ഇന്ത്യന്‍ ബൗളര്‍മാര്‍ മുമ്പ്‌ നല്‍കിയിട്ടില്ല. ഇന്നലെ ഒരു ദിവസം മുഴുവന്‍ പന്തെറിഞ്ഞിട്ടും രണ്ട്‌ വിക്കറ്റുകള്‍ മാത്രം നേടാനായതില്‍ നില്‍ക്കുന്നില്ല ബൗളിംഗ്‌ ആലസ്യം. ആര്‍ക്കും ഒരു താല്‍പ്പര്യവുമുണ്ടായിരുന്നില്ല. എന്തെങ്കിലും സംഭവിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്നു നായകന്‍ ധോണി. മോയിത്രയിലെ പിച്ച്‌ വളരെ പതുക്കെയാണ്‌ പ്രതികരിച്ചത്‌. പിച്ചിലെ കുഴികള്‍ പോലും സ്‌പിന്നര്‍മാര്‍ ഉപയോഗപ്പെടുത്തിയില്ല. ലങ്കന്‍ സ്‌പിന്‍ ജോഡികളായ മുത്തയ്യ മുരളീധരനും ലങ്കാന്‍ ഹെറാത്തും ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരെ നിയന്ത്രിച്ചത്‌ മല്‍സരത്തിന്റെ ആദ്യ ദിവസമായിരുന്നു. അന്ന്‌ പിച്ച്‌ ഇത്ര പതുക്കെയായിരുന്നില്ല. രണ്ടാം ദിവസവും കഴിഞ്ഞ്‌്‌ കളി മൂന്നാം ദിവസത്തിലെത്തിയപ്പോള്‍ പിച്ച്‌ വളരെ മന്ദഗതിയിലായിരുന്നു. ഈ ആനുകൂല്യത്തിലേക്ക്‌ പന്തെറിയാന്‍ ഹര്‍ഭജന്‌ കഴിഞ്ഞില്ല. അദ്ദേഹത്തെക്കാള്‍ ഭേദമായിരുന്നു അമിത്‌ മിശ്ര. മഹേല ജയവര്‍ദ്ധനയുടെ മികവിനെ കാണാതിരിക്കുന്നില്ല. അവസാന സെഷനില്‍ ലെഗ്‌ സൈഡില്‍ ആറ്‌ ഫീല്‍ഡര്‍മാരെ അണിനിരത്തി ധോണി സ്‌പിന്നര്‍മാരെ രംഗത്തിറക്കിയപ്പോള്‍ സാഹസത്തിനൊന്നും മുതിരാതെ മഹേല കളിച്ചു. അദ്ദേഹത്തിന്റെ ഗെയിം പ്ലാനിനൊപ്പമാണ്‌ പ്രസന്ന ജയവര്‍ദ്ധനയും കളിച്ചത്‌. മഹേലയുടെ ഇന്നിംഗ്‌സോടെ ലങ്ക പരാജയം ഒഴിവാക്കിയിട്ടുണ്ട്‌. ഇനി ഇന്ത്യക്കാണ്‌ സമ്മര്‍ദ്ദം. ഇന്ന്‌ നാലാം ദിനം. വലിയ ലീഡാണ്‌ ലങ്കന്‍ ലക്ഷ്യം. ആ ലക്ഷ്യത്തില്‍ അവര്‍ വിജയിച്ചാല്‍ അവസാന ദിവസ ബാറ്റിംഗ്‌ ഇന്ത്യക്ക്‌ എളുപ്പമാവില്ല. ധോണി ഇന്നലെ തുടക്കത്തില്‍ തന്നെ സ്‌പിന്നര്‍മാരെ രംഗത്തിറക്കിയതിലെ രഹസ്യവും വ്യക്തമല്ല. അമിത്‌ മിശ്ര താളം കണ്ടെത്തിയപ്പോള്‍ അദ്ദേഹത്തെ പെട്ടെന്ന്‌ പിന്‍വലിച്ചതും ദൂരുഹത തന്നെ. റിവേഴ്‌സ്‌ സ്വിംഗുകള്‍ക്ക്‌ മിടുക്കനായിരുന്നു സഹീര്‍. ആ ആയുധം പുറത്തെടുത്തിട്ടും സഹീറിന്‌ ലങ്കന്‍ ബാറ്റിംഗിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഒരു ഓവറാണ്‌ ഇന്നലെ മനോഹരമായി സഹീര്‍ എറിഞ്ഞത്‌. അതിന്റെ നേട്ടം കിട്ടിയതാവട്ടെ ഇഷാന്തിനും. ഇപ്പോള്‍ മല്‍സരം ഇന്ത്യന്‍ പിടിയില്‍ നിന്നും അകന്നിരിക്കുന്നു. ഇനി തോല്‍വി ഒഴിവാക്കേണ്ട ബാധ്യതയാണ്‌ എല്ലാവര്‍ക്കും. 20-20 ക്രിക്കറ്റും ഏകദിന ക്രിക്കറ്റും നിരന്തരം കളിച്ച്‌ ടെസ്‌റ്റ്‌ ക്രിക്കറ്റിന്റെ ക്ഷമയിലേക്ക്‌ ഇന്ത്യ തിരിച്ചുവരാന്‍ മടിച്ചപ്പോള്‍ ലങ്കക്ക്‌ ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ സമീപകാലത്ത്‌ അന്യമായിരുന്നില്ല. പാക്കിസ്‌താന്‍, ന്യൂസിലാന്‍ഡ്‌ എന്നിവര്‍ക്കെതിരെ ടെസ്‌റ്റ്‌ കളിച്ചാണ്‌ അവര്‍ എത്തിയത്‌. അത്‌ തന്നെ മാറ്റം....
165 റണ്‍സാണ്‌ ഇപ്പോള്‍ ലങ്കയുടെ ലീഡ്‌. ഇത്‌ 250 കടന്നാല്‍ പ്രശ്‌നമാണ്‌. ഇപ്പോല്‍ തന്നെ ആറാം വിക്കറ്റില്‍ രണ്ട്‌ ജയവര്‍ദ്ധനമാര്‍ ചേര്‍ന്ന്‌ 216 റണ്‍സ്‌ നേടിയിട്ടുണ്ട്‌. ഇന്ത്യ സമ്മര്‍ദ്ദത്തിലാവും. നാലും അഞ്ചും ദിവസം ഈ പിച്ചില്‍ പിടിച്ചുപൊരുതുക എളുപ്പമല്ല. മുത്തയ്യ മുരളീധരന്‍ എന്ന അപകടകാരി ലങ്കന്‍ സംഘത്തിലുണ്ട്‌.

വാറങ്കലില്‍ മഴ
വാറങ്കല്‍, (ആന്ധ്രപ്രദേശ്‌): ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌ മീറ്റിന്റെ രണ്ടാം ദിനം പൂര്‍ണ്ണമായും മഴ കവര്‍ന്നു. ഇന്നലെ ഒരു മല്‍സരവും നടന്നില്ല. തലേ ദിവസം വൈകീട്ട്‌ പെയ്‌ത മഴ കാരണം മൈതാനം ചളികുളമായിരുന്നു. ഇന്നും മല്‍സരം രാവിലെ തുടങ്ങാനാവുമോ എന്നതാണ്‌ സംശയം. ആദ്യ ദിവസം മൂന്ന്‌ സ്വര്‍ണ്ണവും നാല്‌ വെളളിയും രണ്ട്‌ വെങ്കലവും സ്വന്തമാക്കിയ കേരളമാണ്‌ മുന്നില്‍. ഒരു ദിവസം നഷ്ടമായ സാഹചര്യത്തില്‍ മീറ്റ്‌ ദീര്‍ഘിപ്പിക്കാനുളള സാധ്യത സംഘാടകര്‍ തള്ളി. ജൂനിയര്‍ മീറ്റിന്‌ തൊട്ട്‌ പിറകെ അമൃത്‌സറില്‍ ദേശീയ സ്‌ക്കൂള്‍ മീറ്റിന്‌ ആരംഭിക്കാനുണ്ട്‌. 23 നാണ്‌ സ്‌ക്കൂള്‍ മീറ്റ്‌. ഇവിടെ മല്‍സരിക്കുന്ന താരങ്ങള്‍ തന്നെയാണ്‌ സ്‌ക്കൂള്‍ മീറ്റിലും പങ്കെടുക്കുന്നത്‌.
പ്രതീക്ഷയോടെ കേരളം
കൊച്ചി: 23 ന്‌ പഞ്ചാബിലെ അമൃത്‌സറില്‍ ആരംഭിക്കുന്ന ദേശീയ സ്‌ക്കൂള്‍ മീറ്റില്‍ പങ്കെടുക്കാനായി നിലവിലെ ചാമ്പ്യന്മാരായ കേരളം യാത്ര തിരിച്ചു. 220 അംഗ ടീമാണ്‌ കേരളത്തെ പ്രതിനിധീകരിക്കുന്നത്‌. എന്നാല്‍ ഇവരില്‍ പകുതി പേരും ഇപ്പോള്‍ വാറങ്കലില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ മീറ്റില്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുകയാണ്‌. ഇവര്‍ വാറങ്കലില്‍ നിന്നും അമൃത്‌്‌സറിലെത്തും. 105 അത്‌ലറ്റുകളാണ്‌ ഇന്നലെ ഇവിടെ നിന്നും പുറപ്പെട്ടത്‌. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടന്ന മീറ്റില്‍ മിന്നുന്ന പ്രകടനം നടത്തിയ കേരളത്തിന്‌ അതേ പ്രകടനം ആവര്‍ത്തിക്കാനാവുമോ എന്ന സംശയമുണ്ട്‌. സംസ്ഥാന സ്‌ക്കൂള്‍ മീറ്റ്‌ ഇത്‌ വരെ നടന്നിട്ടില്ല. സംസ്ഥാന മീറ്റിന്‌ മുമ്പ്‌ ദേശീയ മീറ്റ്‌ ഷെഡ്യൂള്‍ ചെയ്‌തത്‌ കേരളത്തിന്റെ ആധിപത്യം തകര്‍ക്കാനാണെന്ന പ്രചാരണവുമുണ്ട്‌. വെള്ളിയാഴ്‌ച്ച ടീം അമൃത്‌സറിലെത്തും. രണ്ട്‌ ദിവസത്തെ പരിശീലനത്തിന്‌ ശേഷം 23 ന്‌ മീറ്റില്‍ പ്രതീക്ഷയോടെ പങ്കെടുക്കാനാണ്‌ കേരളത്തിന്റെ പരിപാടികള്‍. പഞ്ചാബില്‍ ഇപ്പോള്‍ തണ്ണുപ്പ്‌ കാലമാണ്‌. കാലാവസ്ഥ ചതിക്കാത്തപക്ഷം ഒരിക്കല്‍ കൂടി കേരളത്തിന്‌ വിജയം വരിക്കാനാവുമെന്നാണ്‌ ടീമിന്റെ കണക്ക്‌ കൂട്ടല്‍.
ഫെഡറേഷന്‍ കപ്പും രാത്രിയില്‍
കോഴിക്കോട്‌: ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ദക്ഷിണ മേഖലാ യോഗ്യതാ മല്‍സരങ്ങളും കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ രാത്രിയിലെ പ്രകാശത്തില്‍. 23 നാണ്‌ ചാമ്പ്യന്‍ഷിപ്പ്‌ ആരംഭിക്കുന്നത്‌. പക്ഷേ സംഘാടകരായ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഒരാഴ്‌ച്ച അധികസമയം ചോദിച്ചിട്ടുണ്ട്‌. ഇത്‌ അംഗീകരിക്കപ്പെട്ടാല്‍ മല്‍സരം ഈ മാസം അവസാനത്തിലായിരിക്കും. കോഴിക്കോട്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ യുനൈറ്റഡ്‌ എഫ്‌.സിയും എസ്‌.ബി.ടി തിരുവനന്തപുരവും തമ്മിലാണ്‌ ഉദ്‌ഘാടന മല്‍സരം. ഐ ലീഗ്‌ ഫുട്‌ബോളില്‍ വിവ കേരളയുടെ ഹോം മല്‍സരങ്ങള്‍ ഫ്‌ളഡ്‌ലിറ്റ്‌ പ്രകാശത്തിലാണ്‌ നടത്തുന്നത്‌. മൂന്ന്‌ മല്‍സരങ്ങളാണ്‌ ഇതിനകം നടന്നത്‌. ചിരാഗ്‌ യുനൈറ്റഡ്‌, സ്‌പോര്‍ട്ടിംഗ്‌ ഗോവ, ഈസ്‌റ്റ്‌ ബംഗാള്‍ എന്നിവര്‍ക്കെതിരായ വിവയുടെ പോരാട്ടം കാണാന്‍ ധാരാളം കാണികള്‍ എത്തിയിരുന്നു.
ഗെയില്‍ നാട്ടില്‍
ബ്രിസ്‌ബെന്‍:ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന മാതാവിനെ കാണാന്‍ നാട്ടിലേക്ക്‌ തിരിച്ച വിന്‍ഡീസ്‌ ക്യാപ്‌റ്റന്‍ ക്രിസ്‌ ഗെയില്‍ 26ന്‌ ബ്രിസ്‌ബെനില്‍ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റില്‍ കളിക്കാനുളള സാധ്യത മങ്ങി. ഇവിടെ കഴിഞ്ഞ ദിവസം ആരംഭിച്ച പരിശീലന മല്‍സരത്തില്‍ പങ്കെടുക്കാതെയാണ്‌ ഗെയില്‍ മടങ്ങിയത്‌. അദ്ദേഹത്തിന്‌ പകരം വൈസ്‌ ക്യാപ്‌റ്റന്‍ ധനേഷ്‌ രാംദിന്‍ ടീമിനെ നയിക്കും. വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡുമായുളള കരാര്‍ പ്രശ്‌നത്തില്‍ അകന്നു നില്‍ക്കുകയായിരുന്ന ഗെയിലിന്‌ വീണ്ടും ക്യാപ്‌റ്റന്‍സി നല്‍കിയത്‌ ലോക ക്രിക്കറ്റില്‍ വിന്‍ഡീസ്‌ സാന്നിദ്ധ്യം തിരിച്ചുകൊണ്ടുവരാനാണ്‌. പുതിയ അദ്ദ്യായത്തിനാണ്‌ ഓസ്‌ട്രേലിയയില്‍ തുടക്കമിടുകയെന്ന്‌ ഗെയില്‍ പറയുകയും ചെയ്‌തിരുന്നു. ഗെയില്‍ മടങ്ങിയതോടെ ടീമിന്റെ ബാറ്റിംഗ്‌ ഭാരം മുഴുവന്‍ സീനിയര്‍ താരങ്ങളായ രാം നരേഷ്‌ സര്‍വന്‍, ശിവനാരായണ്‍ ചന്ദര്‍പോള്‍ എന്നിവരിലായി.
കേരളം തകര്‍ന്നു
ശ്രീനഗര്‍: ജമ്മു കാശ്‌മീരിനെതിരെ ഗ്രൂപ്പ്‌ ബി രജ്ഞി പോരാട്ടത്തില്‍ കേരളത്തിന്‌ ബാറ്റിംഗ്‌ തകര്‍ച്ച. ആതിഥേയരുടെ ഒന്നാം ഇന്നിംഗ്‌സ്‌ 164 ല്‍ അവസാനിപ്പിച്ച്‌ പ്രതീക്ഷ നല്‍കിയ കേരളത്തിന്‌ മറുപടിയില്‍ നേടാനായത്‌ 133 റണ്‍സ്‌. മല്‍സരത്തിന്റെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ കാശ്‌മീര്‍ രണ്ടാം ഇന്നിംഗ്‌സില്‍ ആറ്‌ വിക്കറ്റിന്‌ 157 റണ്‍സ്‌ നേടിയിട്ടുണ്ട്‌. 188 റണ്‍സാണ്‌ ഇപ്പോള്‍ ആതിഥേയരുടെ ലീഡ്‌. കേരളത്തിന്റെ ബാറ്റിംഗ്‌ നിരയില്‍ 39 റണ്‍സ്‌ നേടിയ റൈഫി ഗോമസും 32 റണ്‍സ്‌ നേടിയ സച്ചിന്‍ ബേബിയുമാണ്‌ പിടിച്ചുനിന്നത്‌. കാശ്‌മീരിന്‌ വേണ്ടി ആബിദ്‌ നബി 42 റണ്‍സിന്‌ നാല്‌ വിക്കറ്റ്‌ നേടി. രണ്ടാം ഇന്നിംഗ്‌സില്‍ കാശ്‌മീര്‍ ബാറ്റിംഗ്‌ നിരയില്‍ 57 റണ്‍സുമായി ഹിക്കന്‍ ഷാ പുറത്താവാതെ നില്‍ക്കുകയാണ്‌.
തിരിച്ചുവരും
കറാച്ചി: പാക്കിസ്‌താന്‍ ക്രിക്കറ്റിലേക്ക്‌ നായകനായി തന്നെ താന്‍ തിരിച്ചുവരുമെന്ന്‌ യൂനസ്‌ഖാന്‍. ന്യൂസിലാന്‍ഡിനെതിരെ ടെസ്‌റ്റ്‌ പരമ്പരയില്‍ നിന്നും വ്യക്തിപരമായ കാരണങ്ങളാല്‍ പിന്മാറിയ യൂനസ്‌ ഇപ്പോള്‍ നാട്ടിലാണ്‌. യൂനസിന്‌ പകരം മുഹമ്മദ്‌ യൂസഫിനാണ്‌ നായകത്വം നല്‍കിയിരിക്കുന്നത്‌. എന്നാല്‍ ഒരു പര്യടനത്തിന്‌ മാത്രമായി നായകസ്ഥാനം ഏറ്റെടുക്കാന്‍ തനിക്ക്‌ താല്‍പ്പര്യമില്ലെന്ന്‌ യൂസഫ്‌ പറഞ്ഞതിന്‌ പിറകെയാണ്‌ യൂനസ്‌ തിരിച്ചടിച്ചത്‌. പാക്കിസ്‌താന്‍ ക്രിക്കറ്റിലെ ശീതസമരം ഇനിയും തുടരുമെന്ന്‌ സാരം.

വരുമോ ഫറോവമാര്‍..
ഒംദുര്‍മാന്‍ (സുഡാന്‍): രണ്ട്‌ ആഫ്രിക്കന്‍ അറേബ്യന്‍ രാജ്യങ്ങള്‍ കാത്തിരിക്കുകയാണ്‌....സ്വന്തം ടീം ലോകകപ്പിന്റെ ഫൈനല്‍ റൗണ്ടിലെത്തുമോ..? നിഷ്‌പക്ഷ വേദിയായ സുഡാനിലെ ഒംദുര്‍മാനില്‍ നടക്കുന്ന അങ്കം നേരില്‍ ആസ്വദിക്കാന്‍ അര ലക്ഷത്തോളം പേരും ടെലിവിഷനില്‍ കാണാന്‍ രണ്ട്‌ രാജ്യവും കാത്തിരിക്കുമ്പോള്‍ എന്തും സംഭവിക്കാമെന്നതാണ്‌ സത്യം. നാടകീയമായാണ്‌ രണ്ട്‌ ടീമുകളും ഈ വിധമൊരു പ്ലേ ഓഫിന്‌ യോഗ്യത നേടിയത്‌. ആഫ്രിക്കന്‍ ഗ്രൂപ്പ്‌ സിയില്‍ നിന്ന്‌ അള്‍ജിരിയ കടന്നുവരുകയും നിലവിലെ വന്‍കരാ ചാമ്പ്യന്മാരായ ഈജിപ്‌ത്‌ പുറത്താവുമെന്നാണ്‌ കരുതപ്പെട്ടിരുന്നത്‌. എന്നാല്‍ സംഭവിച്ചത്‌ മറിച്ചും. കെയ്‌റോ സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ ശനിയാഴ്‌ച്ച നടന്ന യോഗ്യതാ ഘട്ടത്തില അവസാന മല്‍സരത്തില്‍ എല്ലാ സാധ്യതകളും അള്‍ജീരിയക്കായിരുന്നു. ഒരു ഗോളിന്‌ തോറ്റാല്‍ പോലും അവര്‍ക്ക്‌ പ്രശ്‌നമുണ്ടായിരുന്നില്ല. പോയന്റ്‌്‌ ടേബിളില്‍ വ്യക്തമായ ലീഡുമായി കളിച്ച അവര്‍ പക്ഷേ സമ്മര്‍ദ്ദത്തില്‍ വീണു. മൂന്ന്‌ പോയന്റ്‌ പിറകിലായിട്ടും രണ്ട്‌ ഗോളിന്‌ ജയിക്കേണ്ട ബാധ്യതയില്‍ ആ ലക്ഷ്യം ഈജിപ്‌തുകാര്‍ നിറവേറി. അങ്ങനയൊണ്‌ ഇങ്ങനെയൊരു പ്ലേ ഓഫ്‌ ആവശ്യമായത്‌.
ഇരുപത്‌ വര്‍ഷം മുമ്പ്‌ ഇത്തരമൊരു സന്ദര്‍ഭമുണ്ടായിരുന്നു. അന്ന്‌ ഇതേ ടീമുകള്‍ തന്നെയായിരുന്നു കളത്തില്‍. മല്‍സരം കെയ്‌റോയില്‍. സ്വന്തം തട്ടകത്ത്‌ നടന്ന ആ മല്‍സരത്തില്‍ ഒരു ഗോളിന്‌ ജയിച്ചത്‌ ഈജിപ്‌ത്‌. അതേ ജയമാണ്‌ ഇത്തവണയും അവര്‍ പ്രതീക്ഷിക്കുന്നതും.
89 ലെ ആ മല്‍സരത്തിന്‌ ദൃക്‌സാക്ഷികളായി കെയ്‌റോ സ്‌റ്റേഡിയത്തില്‍ 1,20,000 പേരാണ്‌ ഉണ്ടായിരുന്നതെന്ന്‌ ആ കളിക്ക്‌ സാക്ഷ്യം വഹിച്ച മുഹമ്മദ്‌ അബ്ദുള്‍ റൗഫ്‌ എന്ന താരം പറയുന്നു. ഇപ്പോള്‍ ഈജിപ്‌ഷ്യന്‍ ദേശീയ ടീമില്‍ കലിക്കുന്ന റൗഫിന്‌ ആ മല്‍സരം മറക്കാനാവില്ല. ഒരു നവംബര്‍ 17 നായിരുന്നു നിര്‍ണ്ണായക മല്‍സരം. മദ്‌ഗര്‍, ബെലോമി തുടങ്ങിയ മികച്ച താരങ്ങളുണ്ടായിരുന്നു അള്‍ജീരിയന്‍ നിരയില്‍. ഈജിപ്‌ഷ്യന്‍ സംഘത്തില്‍ ഹോസാം ഹസനായിരുന്നു സൂപ്പര്‍ താരം. പരിശീലക പദവിയില്‍ വിഖ്യാതനായ മഹമൂദ്‌ അല്‍ ഗോഹാരിയും. ഹസനാണ്‌ മല്‍സരത്തിലെ നിര്‍ണ്ണായക ഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. ആ വിജയത്തിന്റെ ആഹ്ലാദം ദിവസങ്ങളോളം ദീര്‍ഘിച്ചു. അത്തരം ഒരു വിജയമാണ്‌ ഇത്തവണയും റൗഫ്‌ പ്രതീക്ഷിക്കുന്നത്‌. അതിന്‌ കാരണവുമുണ്ട്‌. ഈജിപ്‌ത്‌ തുടര്‍ച്ചയായി രണ്ട്‌ തവണ ആഫ്രിക്കന്‍ നാഷന്‍സ്‌കപ്പ്‌ സ്വന്തമാക്കിയവരാണ്‌. നല്ല ടീം, താരങ്ങളും. സമ്മര്‍ദ്ദ ഘട്ടത്തില്‍ രണ്ട്‌ ഗോളിന്‌ വിജയിച്ചവര്‍. അതിനാല്‍ ജയം ഇത്തവണയും ഈജിപ്‌തിനൊപ്പം നില്‍ക്കുമെന്ന്‌ അദ്ദേഹം ഉറച്ച്‌ വിശ്വസിക്കുന്നു. 1989 ലെ ടീമില്‍ അംഗമായിരുന്ന അഹമ്മദ്‌ അല്‍ കാസിനും ഈജിപ്‌ത്‌ വീണ്ടും വിജയിച്ച്‌ ലോകകപ്പില്‍ കളിക്കുമെന്ന പ്രതീക്ഷ തന്നെ. 89 ലെ മല്‍സരം ദുഷ്‌ക്കരമായിരുന്നു. എന്നാല്‍ ഇപ്പോഴാണ്‌ കൂടുതല്‍ സമ്മര്‍ദ്ദമെന്ന്‌ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ശനിയാഴ്‌ച്ച കളിക്കാന്‍ വരുമ്പോള്‍ ടീമിന്റെ ലക്ഷ്യം വിജയം മാത്രമായിരുന്നില്ല, രണ്ട്‌ ഗോള്‍ നേടണം,ഒന്നും വഴങ്ങരുത്‌. ആ ലക്ഷ്യത്തിലാണ്‌ ടീം വിജയിച്ചത്‌. പ്ലേ ഓഫില്‍ ആത്മവിശ്വാസത്തോടെ ടീമിന്‌ കളിക്കാനാവും. വിജയവും നേടും.
അള്‍ജീരിയക്കാരും പ്രതീക്ഷയില്‍ തന്നെ. നിര്‍ണ്ണായക മല്‍സരം നടക്കുന്നത്‌ നിഷ്‌പക്ഷ വേദിയിലായതിനാല്‍ തങ്ങളുടെ ടീം വിജയം വരിക്കുമെന്ന്‌ തന്നെ അവര്‍ പറയുന്നു. എന്തായാലും രാത്രിയിലെ അങ്കം യുദ്ധം തന്നെയാണ്‌. ഈജിപ്‌തും അള്‍ജീരിയയും രണ്ട്‌ തവണ ലോകകപ്പ്‌ ഫൈനല്‍ റൗണ്ട്‌ കളിച്ചവരാണ്‌. ഈജിപ്‌ത്‌ 1934,90 വര്‍ഷങ്ങളിലും അള്‍ജീരിയ 82ലും 86 ലും. മൂന്നാം തവണ ആരായിരിക്കും കളിക്കുക-കാത്തിരിക്കാം.

No comments: