500 സ്‌റ്റിക്കുകള്‍ നല്‍കാന്‍ സുരേഷ് ഗോപി
കോഴിക്കോട്:ഇതാ മെഗാസ്‌റ്റാര്‍ ഭരത് സുരേഷ് ഗോപിയെന്ന ഹോക്കി അംബാസിഡര്‍ കോഴിക്കോട്ടേക്കും വരുന്നു.... വെറുതെ വരുകയല്ല അദ്ദേഹം- ഹോക്കിയിലെ ഭാവി താരങ്ങള്‍ക്ക് സ്‌റ്റിക്ക് നല്‍കാനാണ്. ഹോക്കി കേരളയും കേരളാ ഒളിംപിക് അസോസിയേഷനും സംഘടിപ്പിക്കുന്നതാണ് ചടങ്ങ്. ഇന്ത്യന്‍ ഹോക്കി ഫെഡറേഷന് പകരം രൂപം കൊണ്ട ഹോക്കി ഇന്ത്യയുടെ സംസ്ഥാന ഘടകമാണ് ഹോക്കി കേരള. സുനില്‍ കുമാറാണ് സംഘടനയുടെ പ്രസിഡണ്ട്. രമേഷ് കോലപ്പ സെക്രട്ടറിയും. കേരളത്തില്‍ തകര്‍ന്നു കൊണ്ടിരിക്കുന്ന ഹോക്കിയെ സംരക്ഷിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തിലാണ് ഹോക്കി കേരള ഒളിംപിക് അസോസിയേഷനുമായി സഹകരിച്ച് 5000 കുട്ടികള്‍ക്ക് സംസ്ഥാന വ്യാപകമായി സ്റ്റിക്കുകള്‍ നല്‍കുന്നത്. മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളിലൊരാളായ സുരേഷ് ഗോപിയെ ബ്രാന്‍ഡ് അംബാസിഡറായി ലഭിച്ചത് ഹോക്കിക്ക്‌് ഗുണം ചെയ്യുമെന്നാണ് കേരളാ ഒളിംപിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ പി.എ ഹംസ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. രാജ്യത്ത് ഹോക്കിയുടെ കരുത്ത് തിരിച്ചുവരുമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയമില്ല. സംസ്ഥാനത്ത് ഇതിനകം രണ്ട് ഘട്ടങ്ങളിലായി ഹോക്കി സ്‌റ്റിക്കുകള്‍ വിതരണം ചെയ്‌തു. മൂന്നാം ഘട്ടമാണ് കോഴിക്കോട്ട് നടക്കാന്‍ പോവുന്നതെന്നും അദ്ദേഹം അറിയിച്ചു.സ്‌റ്റിക്ക് മാത്രമല്ല നല്‍കുന്നത് കുട്ടികളെ പരിശീലിപ്പിക്കാന്‍ സീനിയര്‍ പരിശീലകരെയും നിയോഗിക്കുന്നുണ്ടെന്ന് ഹോക്കി കേരളാ സീനിയര്‍ വൈസ് പ്രസിഡണ്ട് എം.എ കരീം അറിയിച്ചു. സംസ്ഥാന ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇത്തവണ വര്‍ദ്ധിപ്പിച്ച പ്രൈസ് മണിയാണ് നല്‍കിയത്. സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ മികവ് പ്രകടിപ്പിച്ച 60 കളിക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. മൈതാനത്തിന്റെ അപര്യപ്‌തത മാത്രമാണ് നിലവില്‍ പ്രശ്‌നം. ഇത് പരിഹരിക്കാന്‍ ഭരണത്തലത്തില്‍ ശ്രമം വേണമെന്ന് ഇവര്‍ പറുന്നു. 13 ന് സുരേഷ് ഗോപി ഹോക്കി സ്‌റ്റിക്ക് നല്‍കുന്നത് നടക്കാവ് ഗേള്‍സ് ഹൈസ്‌ക്കൂളില്‍ വെച്ചാണ്. ചടങ്ങില്‍ പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകരായ കെ.അബൂബക്കര്‍, കമാല്‍ വരദൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും പി.എ ഹംസ അറിയിച്ചു.
ചാപ്പല്‍ ഇല്ല
മെല്‍ബണ്‍: പാക്കിസ്‌താന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസ താരവും ഇന്ത്യയുടെ മുന്‍ പരിശീലകനുമായ ഗ്രെഗ് ചാപ്പലിന് ക്ഷണം. എന്നാല്‍ പാക്കിസ്‌താന്റെ വഴിയിലേക്ക് താനില്ലെന്ന് വ്യക്തമാക്കി ചാപ്പല്‍ വാതിലടക്കുകയും ചെയ്‌തു. പാക്കിസ്‌താന്‍ ദേശിയ ടീമിന്റെ ദുരവസ്ഥയില്‍ ക്രിക്കറ്റ് ബോര്‍ഡ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെ ഭാഗമായാണ് ചാപ്പലിനെ സമീപിച്ചത്. പക്ഷേ ഇന്ത്യയിലെ വിവാദ കാലത്തിന് ശേഷം സ്വന്തം രാജ്യത്ത് തന്നെ ശ്രദ്ധിക്കുന്ന ചാപ്പല്‍ പിടികൊടുത്തില്ല. പാക്കിസ്‌താന്‍കാരനായ ഇന്‍ത്തികാബ് ആലമാണ് ഇപ്പോള്‍ ദേശീയ ടീമിന്റെ കോച്ച്. എന്നാല്‍ ആലമിന്റെ സേവനത്തില്‍ ക്രിക്കറ്റ് ബോര്‍ഡിന് താല്‍പ്പര്യമില്ല. ഓസീസ് പര്യടനത്തില്‍ പാക്കിസ്‌താന്‍ ടീം തകര്‍ന്നടിഞ്ഞിരുന്നു. കളിച്ച മൂന്ന് ടെസ്റ്റിലും തകര്‍ന്നടിഞ്ഞപ്പോള്‍ അഞ്ച് ഏകദിനങ്ങളിലും തോറ്റ് തൊപ്പിയിടുകയായിരുന്നു. അവശേഷിച്ച പ്രതീക്ഷ 20-20 മല്‍സരമായിരുന്നു. അതിലും ടീം നാണംകെട്ടാണ് നാട്ടിലേക്ക് മടങ്ങിയത്. ഈ സാഹചര്യത്തില്‍ വിദേശ കോച്ചിന് മാത്രമേ ടീമിനെ രക്ഷിക്കാനാവു എന്നാണ് പി.സി.ബി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വസീം ബാരി പ്രഖ്യാപിച്ചിരിക്കുന്നത്.
കുറ്റസമ്മതം
ചെന്നൈ: ഐ.സി.സി ടെസ്‌റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ നാഗ്‌പ്പൂര്‍ ടെസ്‌റ്റില്‍ ഇന്നിംഗ്‌സിനും ആറ് റണ്‍സിനും ദയനീയമായി തോറ്റതിന്റെ ഉത്തരവാദിത്ത്വം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൃഷണമാചാരി ശ്രീകാന്ത് ഏറ്റെടുത്തു.... സെലക്‌ഷന്‍ കമ്മിറ്റിക്ക് പറ്റിയ ഭീമാബദ്ധമാണ് തോല്‍വിക്ക് കാരണമായതെന്ന് ഇന്നലെ ഇവിടെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ മുന്‍ ഇന്ത്യന്‍ ഓപ്പണറായ ശ്രീകാന്ത് പറഞ്ഞു. പരുക്കില്‍ നിന്നും പൂര്‍ണ്ണ മുക്തി നേടാതെ തന്നെ വി.വി.എസ് ലക്ഷ്‌മണെ ടീമിലെടുത്തതാണ് വലിയ തെറ്റ്. ലക്ഷ്‌മണിന്റെ കാര്യത്തില്‍ സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് അവസാന നിമിഷത്തില്‍ രോഹിത് ശര്‍മ്മയെ ടീമിലെടുത്തത്. എന്നാല്‍ നാഗ്‌പ്പൂര്‍ ടെസ്റ്റിന്റെ തലേദിവസം പരുക്കുമായി ശര്‍മ്മയും പുറത്തായി. അങ്ങനെയാണ് ബാറ്റിംഗില്‍ കാര്യമായ വിലാസമില്ലാത്ത വൃദിമാന്‍ സാഹയെന്ന റിസര്‍വ് വിക്കറ്റ് കീപ്പറെ ടീമിലെടുത്തത്. ടീമില്‍ ഒരു സ്‌പെഷ്യലിസ്‌റ്റ് ബാറ്റ്‌സ്‌മാന്‍ അത്യാവശ്യമായിരുന്നെന്നും ശ്രീകാന്ത് സമ്മതിക്കുന്നു. തോല്‍വി ധാരാളം പാഠങ്ങള്‍ നല്‍കിയിട്ടുണ്ട്. അത് ടീം മുഖവിലക്കെടുക്കണം. കൊല്‍ക്കത്തയില്‍ നടക്കുന്ന രണ്ടാം ടെസ്‌റ്റില്‍ തീര്‍ച്ചയായും വി.വി.എസ് ലക്ഷ്‌മണ്‍ കളിക്കും. അദ്ദേഹം പരുക്കില്‍ നിന്നും മുക്തനായിട്ടുണ്ട്. നൂറ് ശതമാനം ആരോഗ്യവാനായതായി ലക്ഷ്‌മണ്‍ അറിയിച്ചിട്ടുണ്ട്. നാഗ്‌പ്പൂര്‍ ടെസ്റ്റില്‍ ആദ്യദിവസം എല്ലാം കൊണ്ടും മോശമായിരുന്നു. അതില്‍ ഞങ്ങള്‍ക്കെല്ലാം പങ്കുണ്ട്. ഒരു നിര്‍ണ്ണായക മല്‍സരത്തിന്റെ പതിനഞ്ച് മിനുട്ട് മുമ്പ് ഒരു പ്രമുഖ താരത്തിന് പരുക്കേല്‍ക്കുമ്പോള്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ല. ഉളളവരെ കളിപ്പിക്കേണ്ടി വരും. ടീമില്‍ ഇനി മുതല്‍ നല്ല ഒരു ഓപ്പണറും മധ്യനിര ബാറ്റ്‌സമാനും സീമറും റിസര്‍വ് പട്ടികയില്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.
തേര്‍ഡ് ഐ
കമാല്‍ വരദൂര്‍
ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൃഷ്‌ണമാചാരി ശ്രീകാന്ത് ഒടുവില്‍ കുറ്റസമ്മതം നടത്തിയത് നന്നായി. പക്ഷേ നാണംകെട്ട വലിയ ഒരു തോല്‍വിക്ക് ശേഷം നടത്തിയ ഈ കുറ്റസമതം കൊണ്ട് ഇന്ത്യക്ക് ഐ.സി.സി ടെസ്‌റ്റ് റാങ്കിംഗ് പോയന്റ്‌് ടേബിളില്‍ ഒന്നും കിട്ടാനില്ല. സെലക്ടര്‍മാര്‍ മറുപടി നല്‍കട്ടെ എന്ന തലക്കെട്ടില്‍ എഴുതിയ ഈ പംക്തിയിലെ കഴിഞ്ഞ രണ്ട് ദിവസത്തെ കോളത്തിലും ഇന്ത്യന്‍ സെലക്ടര്‍മാരുടെ അനീതിയെക്കുറിച്ചാണ് പറഞ്ഞത്. ഇപ്പോള്‍ ശ്രീകാന്ത് കുറ്റസമ്മതം നടത്തുമ്പോഴും ടീം സെലക്ഷനിലെ പാളിച്ചകള്‍ പകല്‍ പോലെ തെളിച്ചുനില്‍ക്കുകയാണ്. വി.വി.എസ് ലക്ഷ്‌മണിന് പരുക്കേറ്റിട്ടും അദ്ദേഹത്തെ ടീമിലെടുത്തത് ചെയര്‍മാന്റെ വ്യക്തമായ രാഷ്ട്രീയത്തിലാണ്... അദ്ദേഹം മാപ്പ് പറയുമ്പോഴും സുരേഷ് റൈനയും മുഹമ്മദ് കൈഫും ദിനേശ് കാര്‍ത്തിക്കുമെല്ലാം എന്താണ് പിഴച്ചത് എന്ന് വ്യക്തമാക്കിയിട്ടില്ല. നമ്മുടെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന് ഇപ്പോഴാണ് ടീമിന്റെ റിസര്‍വ് ലിസ്‌റ്റിനെക്കുറിച്ച് ബോധ്യമുണ്ടായിരിക്കുന്നത്. റിസര്‍വ് പട്ടികയില്‍ ഒരു ഓപ്പണറും മധ്യനിരയില്‍ ഒരു ബാറ്റ്‌സ്‌മാനും ഒരു സിമറും സ്‌പിന്നറുമെല്ലാം റിസര്‍വ് നിരയില്‍ വേണമെന്ന് ഇപ്പോഴാണ് അദ്ദേഹത്തിന് ബോധ്യമായിരിക്കുന്നത്. ബംഗ്ലാദേശ് പര്യടനത്തില്‍ അവസാന നിമിഷം നായകന്‍ ധോണിക്ക് പരുക്കേറ്റപ്പോള്‍ കാര്‍ത്തിക്കിനെ കളിപ്പിക്കേണ്ടി വന്നത് പോലും സെലക്ടര്‍മാരുടെ കണ്ണ് തുറപ്പിച്ചിരുന്നില്ല. രോഹിത് ശര്‍മ്മ എന്ന ബാറ്റ്‌സ്‌മാന് സമീപകാല ആഭ്യന്തര ക്രിക്കറ്റില്‍ പോലും വലിയ ഇന്നിംഗ്‌സ് കളിക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെയെന്തിന് അദ്ദേഹത്തെ അവസാന നിമിഷം പകരക്കാരനാക്കി...? ദിനേശ് കാര്‍ത്തിക് നല്ല നിലയില്‍ കളിക്കുമ്പോള്‍ എന്തിന് അദ്ദേഹത്തെ മാറ്റി സാഹയെ റിസര്‍വ് കീപ്പറാക്കി...? മധ്യനിരയില്‍ ലക്ഷ്‌മണും യുവരാജും ദ്രാവിഡും കളിക്കില്ലെന്ന് വ്യക്തമായിട്ടും അനുഭവ സമ്പന്നനായ മുഹമ്മദ് കൈഫിനെ എന്ത് കൊണ്ട് പരിഗണിച്ചില്ല...?
ഇപ്പോള്‍ അദ്ദേഹം പറയുന്നു ലക്ഷ്‌മണ്‍ കൊല്‍ക്കത്തയില്‍ കളിക്കുമെന്ന്. ഇന്ത്യന്‍ ടീമിനൊപ്പം ശക്തമായ സപ്പോര്‍ട്ടിംഗ് സ്‌റ്റാഫുണ്ട്. ഒരോ താരത്തിന്റെയും ആരോഗ്യം സംബന്ധിച്ച് വ്യക്തമായ ചിത്രം ഇവര്‍ സെലക്ടര്‍മാര്‍ക്ക് നല്‍കുന്നുണ്ട്. കൊല്‍ക്കത്താ ടെസ്‌റ്റിനുളള ടീമിലേക്ക് റൈന, കാര്‍ത്തിക് എന്നിവരെ അദ്ദേഹമെടുത്തു. അവിടെയും കൈഫ് പുറത്തായി. കാര്‍ത്തിക് ദുലിപ് ട്രോഫി ഫൈനലില്‍ നല്ല രണ്ട് ഇന്നിംഗ്‌സുകള്‍ കളിച്ചു. അതാണ് സെലക്ഷന്‍ മാനദണ്ഡമെങ്കില്‍ കൈഫ് ദുലിപ് ട്രോഫി ക്വാര്‍ട്ടറില്‍ ഡബിള്‍ സെഞ്ച്വറിയും സെമിയില്‍ സെഞ്ച്വറിയും നേടി. ഓള്‍റൗണ്ടര്‍ ഗണത്തിലുളള യൂസഫ് പത്താന്‍ ദുലിപ് ട്രോപി ഫൈനലില്‍ തനിച്ചാണ് സ്വന്തം ടീമിനെ വിജയത്തിലേക്ക് നയിച്ചത്.... ആഭ്യന്തര ക്രിക്കറ്റിലെ ഈ മികവ് സെലക്ടര്‍മാരാണ് കാണേണ്ടത്... സെലക്ഷന്‍ പ്രക്രിയയില്‍ ജാതിക്കും മതത്തിനും രാഷ്‌ട്രീയത്തിനും സ്ഥാനം നല്‍കരുത്. ഏറ്റവും മികച്ച പതിനൊന്ന് പേരെ തെരഞ്ഞെടുക്കാനുളള ബുദ്ധിയും മനസ്സും സെലക്ടര്‍മാര്‍ക്കുണ്ടാവണം.
തിലകന്‍ പുറത്തേക്ക്
കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്നും തിലകന്‍ പുറത്തേക്കുള്ള വഴിയില്‍. ഗുരുതരമായ അച്ചടക്കലംഘനത്തിന്റെ പേരില്‍ വിശദീകരണ നോട്ടീസ് നല്‍കിയിരിക്കുന്ന തിലകനില്‍ നിന്ന് അടുത്ത ഒരാഴ്‌ച്ചക്കിടെ എന്ത് മറുപടി ലഭിച്ചാലും സംഘടനയില്‍ നിന്നും അദ്ദേഹം പുറത്താവാനാണ് സാധ്യതകള്‍. കഴിഞ്ഞ ദിവസം ഇവിടെ നടന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ തിലകനെതിരെ അതിരൂക്ഷമായാണ് അംഗങ്ങള്‍ പ്രതികരിച്ചത്. യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ അമ്മയുടെ തലവന്‍ ഇന്നസെന്റ്‌് യോഗത്തിന്റെ രോഷം പ്രകടിപ്പിക്കാനും മറന്നില്ല. അമ്മക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന തിലകന്‍ അമ്മ എല്ലാ മാസവും ഒന്നാം തിയ്യതി നല്‍കുന്ന കൈനീട്ടം (അവശ താരങ്ങള്‍ക്കുളള സഹായം) വാങ്ങാന്‍ മടി കാണിക്കാറില്ലെന്നും അമ്മയോട് എതിര്‍പ്പുണ്ടെങ്കില്‍ കൈനീട്ടം അദ്ദേഹം സ്വീകരിക്കരുതെന്നുമാണ് ഇന്നസെന്റ്‌് പറഞ്ഞത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ അമ്മയെയെും താരങ്ങളെയും പുഛിക്കുന്ന തിലകന്റെ നടപടി ഇനിയും വെച്ചു പൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ കെ.ബി ഗണേഷ് കുമാര്‍, ഇടവേള ബാബു തുടങ്ങിയവര്‍ തിലകനെതിരെ ശക്തമായാണ് പ്രതികരിച്ചത്. മമ്മുട്ടിയും മോഹന്‍ലാലുമെല്ലാം യോഗത്തിനുണ്ടായിരുന്നു. തിലകന്‍ ദീര്‍ഘകാലമായി അമ്മകെതിരെ സംസാരിക്കുന്നു. ആദ്യം നെടുമുടി വേണുവിനെതിരെയായിരുന്നു. പിന്നെ അമ്മയില്‍ നായര്‍ സമുദായക്കാരുടെ അഹങ്കാരമാണെന്ന് പറഞ്ഞു. ഇപ്പോള്‍ മമ്മുട്ടിക്കെതിരെ തിരിഞ്ഞിരിക്കുന്നു.
എന്നാല്‍ അമ്മയുടെ ശആനക്ക് വനഴങഅങാന്‍ തന്നെ കിട്ടില്ലെന്നാണ് തിലകന്‍ നല്‍കുന്ന സൂചന. അമ്മയുടെ നോട്ടീസ് ലഭിച്ച ശേഷം പ്രതികരിക്കാമെന്നാണ് അദ്ദേഹം ഇന്നലെ വ്യക്തമാക്കിയത്. അമ്മയുടെ കത്തില്‍ കഴമ്പുണ്ടെങ്കില്‍ മറുപടി നല്‍കും. അല്ലാത്തപക്ഷം തന്റെ നിലപാട് വ്യക്തമാക്കുമെന്ന് തിലകന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പുറത്തേക്കുള്ള വഴിയാണ് തെളിയുന്നത്.
No comments:
Post a Comment