Saturday, February 6, 2010

WHAT A YOUSEF


ടെറിയുണ്ട്‌
ഇന്ന്‌ ചെല്‍സി-ആഴ്‌സനല്‍
ലണ്ടന്‍: ഇന്നത്തെ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ താരം ചെല്‍സി നായകന്‍ ജോണ്‍ ടെറിയാണ്‌.... വിവാദാവും ക്യാപ്‌റ്റന്‍ തൊപ്പി ൈറിച്ചതുമെല്ലാം വലിയ വാര്‍ത്തയായ സാഹചര്യത്തില്‍ ചെല്‍സി നായകനാണ്‌ ഇന്നത്തെ നോട്ടപ്പുള്ളി. ടെറി നയിക്കുന്ന ചെല്‍സി സംഘത്തിന്‌ മുന്നില്‍ കളിക്കുന്നത്‌ ചെറിയ ടീമല്ല-ആഴ്‌സന്‍ വെംഗറിന്റെ ആഴ്‌സനലാണ്‌. ഇന്ത്യന്‍ സമയം രാത്രി 9-25 നാണ്‌ തകര്‍പ്പന്‍ അങ്കം. ലൈംഗിക വിവാദത്തില്‍ ടെറിയുടെ ദേശീയ ക്യാപ്‌റ്റന്‍ തൊപ്പി തെറിച്ചെങ്കിലും ചെല്‍സി ടീമിനെ നയിക്കുന്നത്‌ അദ്ദേഹം തന്നെയാണ്‌. സ്വന്തം കരുത്ത്‌ മാത്രമല്ല, നായകനെന്ന നിലയില്‍ ടീമിനെ ഉത്തേജിപ്പിക്കാനും ടെറിക്ക്‌ ഇന്ന്‌ കഴിയണം. അല്ലാത്തപക്ഷം ചെല്‍സിയുടെ ക്യാപ്‌റ്റന്‍ തൊപ്പിക്കും ഭീഷണി ഉയരും. ചെല്‍സി സഹതാരമായ വെയിന്‍ ബ്രിഡ്‌ജിന്റെ മുന്‍ കാമുകിയുമായുള്ള ബന്ധത്തിന്റെ പേരിലാണ്‌ ടെറിയുടെ തൊപ്പി തെറിച്ചിരിക്കുന്നത്‌. എന്തായാലും പ്രീമിയര്‍ ലീഗാണ്‌ ഇനി ടെറിയുടെ തട്ടകം. ലോകകപ്പിനുളള ദേശീയ ടീമിലെത്തണമെങ്കില്‍ കോച്ച്‌ ഫാബിയോ കാപ്പലോ കനിയണം. ക്യാപ്‌റ്റന്‍സിയാണ്‌ ഇപ്പോള്‍ തെറിച്ചിരിക്കുന്നത്‌. ടീമിലെ അംഗമായി തുടരാന്‍ അദ്ദേഹത്തെ അനുവദിക്കുമെന്നാണ്‌ സൂചനകള്‍.

തേര്‍ഡ്‌ ഐ
തികച്ചും പോസിറ്റീവ്‌
ഫാബിയോ കാപ്പലോ എന്ന പരിശീലകന്റെ പ്രായം 63 വയസ്സാണ്‌.... ലോക ഫുട്‌ബോളില്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ അലക്‌സ്‌ ഫെര്‍ഗൂസണ്‍ കഴിഞ്ഞാല്‍ എല്ലാവരും ആദരിക്കുന്ന പരിശീലകന്‍. അദ്ദേഹം പ്രായത്തിന്റെ പക്വതയും മൈതാനത്തിന്റെ മാന്യതയുമാണ്‌ ഒരൊറ്റ തീരുമാനത്തിലുടെ കാത്തിരിക്കുന്നത്‌. ലോകകപ്പ്‌ വര്‍ഷത്തില്‍ ഇംഗ്ലണ്ടിനെ പോലെ കപ്പിന്‌ സാധ്യത കല്‍പ്പിക്കപ്പെടുന്ന ഒരു ടീമിനെ നയിക്കേണ്ടത്‌ വിവാദ താരമായിരിക്കരുത്‌ എന്ന സ്വാഭാവിക ധാര്‍മികതയിലൂന്നിയാണ്‌ കോച്ചിന്റെ തീരുമാനം. ആ തീരുമാനത്തെ അംഗീകരിക്കാനുള്ള ജോണ്‍ ടെറിയുടെ മനസ്സിനെയും അംഗീകരിക്കണം.
ചെറുതായിരുന്നില്ല ജോണ്‍ ടെറി എന്ന അനുഭവസമ്പന്നനും ഒപ്പം കരുത്തനുമായ നായകനെതിരെ ഉയര്‍ന്ന ആരോപണം. ഗോള്‍ഫിലെ സൂപ്പര്‍ താരം ടൈഗര്‍ വുഡ്‌സിനെ അനുസ്‌മരിപ്പിക്കുന്ന തരത്തിലാണ്‌ ടെറിക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നത്‌. ഇതില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്‌ വെയിന്‍ ബ്രിഡ്‌ജ്‌ എന്ന തന്റെ സഹതാരത്തിന്റെ മുന്‍ കാമുകിയുമായുള്ള ബന്ധമാണ്‌... ദേശീയ സംഘത്തില്‍ മാത്രമല്ല ചെല്‍സി ടീമിലും ടെറിയും ബ്രിഡ്‌ജും ഒരുമിച്ച്‌ കളിക്കുന്നവരാണ്‌. ഇരുവരും നല്ല സുഹൃത്തുക്കള്‍. ഈ സുഹൃത്‌ബന്ധം നിലനില്‍ക്കുമ്പോഴാണ്‌ ബ്രിഡ്‌ജിന്റെ കാമുകിയുമായി ടെറി ബന്ധും പുലര്‍ത്തിയത്‌. വിവാദങ്ങള്‍ കെട്ടുകഥകളായിരുന്നില്ലെന്ന്‌ തെളിയിക്കാന്‍ പല സംഭവങ്ങളും ഇംഗ്ലീഷ്‌ മാധ്യമങ്ങളും ചൂണ്ടിക്കാട്ടിയപ്പോള്‍ നായകന്‌ രക്ഷപ്പെടാന്‍ വഴിയുണ്ടായിരുന്നില്ല.
ഇവിടെയാണ്‌ കാപ്പലോ വിജയിച്ചത്‌. നായകന്റെ കാര്യത്തില്‍ ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ അസോസിയഷന്‍ ഉരുണ്ടു കളിച്ചപ്പോള്‍ പന്ത്‌ കോച്ചിന്റെ കോര്‍ട്ടിലെത്തി. ടെറിക്കെതിരെ തീരുമാനമെടുത്താല്‍ അത്‌ ഏത്‌ തരത്തില്‍ ടീമിനെ ബാധിക്കുമെന്ന ഭയമായിരുന്നു ഫുട്‌ബോള്‍ അസോസിയേഷന്‌. പക്ഷേ ഇറ്റലിക്കാരനായ കാപ്പലോക്ക്‌ സ്വന്തം തീരുമാനമെടുക്കാന്‍ അധികം സമയം വേണ്ടി വന്നില്ലെന്ന്‌ മാത്രമല്ല ടെറിയോട്‌ തന്നെ അദ്ദേഹം കാര്യങ്ങള്‍ തുറന്ന്‌ പറയുകയും ചെയ്‌തു. കഴിഞ്ഞ ദിവസം വെംബ്ലിയില്‍ ഇരുവരുടെയും കൂടിക്കാഴ്‌ച്ച കേവലം 12 മിനുട്ട്‌ മാത്രമാണ്‌ ദീര്‍ഘിച്ചത്‌. ടീമിന്റെ ഭാവിയോര്‍ത്താണ്‌ തന്റെ തീരുമാനമെന്ന്‌ കാപ്പലോ പറഞ്ഞപ്പോള്‍ കോച്ചിന്‌ ഹസ്‌തദാനം നല്‍കിയാണ്‌ ടെറി മടങ്ങിയത്‌.
കളിക്കളത്തില്‍ പുലര്‍ത്തേണ്ട മാന്യതകള്‍ പലതാണ്‌. റഫറിയെയും നിയമങ്ങളെയും ഭയന്ന്‌ മാന്യത കൈവിടാന്‍ കളിക്കാര്‍ മുതിരാറില്ല. എന്നാല്‍ കളത്തിന്‌ പുറത്ത്‌ താരങ്ങളുടെ വഴി വിട്ട്‌ ജീവിതത്തിന്‌ എത്രയോ തെളിവുകളുണ്ട്‌. പക്ഷേ ഒരു നടപടിയും സ്വീകരിക്കപ്പെടാറില്ല. പാക്കിസ്‌താന്‍ ക്രിക്കറ്റര്‍ ഷുഹൈബ്‌ അക്തര്‍ വഴിവിട്ട ജീവിതത്തിന്റെ ശക്തനായ വക്താവാണ്‌. പക്ഷേ അക്തറിനെതിരെ ചെറുവിരലനക്കാന്‍ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്‌ കഴിഞ്ഞിട്ടില്ല. ടൈഗര്‍ വുഡ്‌സ്‌ വലിയ വിവാദത്തില്‍ അകപ്പെട്ടിട്ടും അദ്ദേഹത്തെ തൊടുന്ന കാര്യത്തിലും ഗോള്‍ഫ്‌ ഫെഡറേഷനും ധൈര്യമുണ്ടായിരുന്നില്ല. താരങ്ങളുടെ വന്‍ സെലിബ്രിറ്റി പ്രശ്‌നത്തില്‍ ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ അസോസിയേഷനും ശങ്കിച്ചു നിന്ന ഘട്ടത്തിലാണ്‌ വിദേശിയായ കാപ്പലോ ഇംഗ്ലീഷുകാര്‍ക്ക്‌ വേണ്ടി അനുയോജ്യമായ തീരുമാനമെടുത്തത്‌.
ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ കാപ്പലോയുടെ ഇംഗ്ലീഷ്‌ സംഘത്തിന്‌ വ്യക്തമായ സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്‌. ലോകകപ്പ്‌ യോഗ്യതാ റൗണ്ടില്‍ ഇംഗ്ലീഷ്‌ ഏകാധിപത്യം കണ്ടതുമാണ്‌. ഈ സാഹചര്യത്തില്‍ ചെറിയ വിവാദം പോലും ടീമിന്റെ ഐക്യത്തിന്‌ തടസ്സമായേക്കും. ഇത്‌ മനസ്സിലാക്കിയാണ്‌ കാപ്പലോ വളരെ നേരത്തെ തീരുമാനമെടുത്തത്‌. നായകന്‍ വില്ലനായാല്‍ മറ്റ്‌ സഹതാരങ്ങളുടെ നൂറ്‌ ശതമാനം സഹകരണം ടീമിനുണ്ടാവില്ല. ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ സാഹചര്യങ്ങള്‍ വളരെ സവിശേഷതയുള്ളതാണ്‌. ഒരു കാലത്ത്‌ ഫുട്‌ബോള്‍ ഭ്രാന്തന്മാരാല്‍ വേട്ടയാടപ്പെട്ട ടീമിന്‌ ഇപ്പോള്‍ ആ പ്രശ്‌നമില്ല. പക്ഷേ ചെറിയെ പോലെ വിവാദത്തില്‍ പ്രതിയായ ഒരാള്‍ നായകനായി വന്നാല്‍ അത്‌ ആരാധകരുടെയും താല്‍പ്പര്യത്തെയും ഹനിക്കുമെന്ന മുന്നറിയിപ്പും കാപ്പലോ മനസ്സിലാക്കി. പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ പോയപ്പോള്‍ ബേര്‍ണിലിയിലും ഹള്‍ സിറ്റിയിലും വെച്ച്‌ ടെറി അപമാനിക്കപ്പെട്ട കാര്യവും കാപ്പലോ കാണാതിരുന്നില്ല.
ഈ തീരുമാനം എല്ലാ താരങ്ങള്‍ക്കമുള്ള മുന്നറിയിപ്പാണ്‌.. കളിക്കാര്‍ക്ക്‌ സാമുഹിക പ്രതിബദ്ധതയുണ്ട്‌. യുവത താരങ്ങളുടെ പിറകെയാണ്‌.. താരങ്ങളുടെ പെരുമാറ്റവും പവൃത്തികളുമെല്ലാം യുവതലമുറയെ സ്വാധീനിക്കും. ലോകകപ്പ്‌ പോലെ വലിയ ഒരു ചാമ്പ്യന്‍ഷിപ്പിനരികില്‍ സ്വന്തം ടീമിനെ നയിക്കാനുള്ള ഭാഗ്യം ടെറിക്ക്‌ നഷ്ടമാവുന്നത്‌ നിര്‍ഭാഗ്യകരമാണ്‌. പക്ഷേ ഉപ്പ്‌ തിന്നവന്‍ വെള്ളം കുടിക്കണമല്ലോ....

ഇവന്‍ യൂസഫ്‌
ഹൈദരാബാദ്‌: ഇവന്‍ യൂസഫ്‌ പത്താന്‍..... ഒറ്റക്കൊരു ടീമിനെ കിരീടത്തിലേക്ക്‌ നയിക്കാന്‍ പ്രാപ്‌തിയുള്ളവന്‍..... ആരുണ്ട്‌ ഇവനെ പോലെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇങ്ങനെയൊരു സംഹാരതാണ്ഡവത്തിന്‌ കരുത്തുള്ളവന്‍-ഇന്ത്യന്‍ സെലക്‌
ര്‍മാര്‍ മറുപടി നല്‍കട്ടെ......
ക്രിക്കറ്റിന്റെ വന്യമായ കരുത്തിന്‌ പുതിയ പരിഛേദമായി രാജിവ്‌ഗാന്ധി സ്റ്റേഡിയത്തില്‍ യൂസഫ്‌ കത്തിയാളിയപ്പോള്‍ ദിനേശ്‌ കാര്‍ത്തിക്‌ നയിച്ച്‌ ദക്ഷിണ മേഖല ചാമ്പലായി പോയി.. പുറത്താവാതെ നേടിയ ഡബിള്‍ സെഞ്ച്വറിയില്‍ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ അത്യപൂര്‍വ്വമായ ചരിതമാണ്‌ പിറന്നത്‌. ആദ്യ ഇന്നിംഗ്‌സില്‍ വെടിക്കെട്ട്‌്‌ സെഞ്ച്വറി സ്വന്തമാക്കിയ യൂസഫ്‌ ഇന്നലെ അവസാന ദിവസത്തില്‍ രണ്ടാം ഇന്നിംഗ്‌സില്‍ സ്വന്തമാക്കിയത്‌ പുറത്താവാതെ 210 റണ്‍സ്‌..... ദക്ഷിണ മേഖലയുടെ എല്ലാ ബൗളര്‍മാരെയും കണക്കിന്‌ അടിച്ചുപരത്തി നേടിയ അതിമനോഹരമായ ഡബിളില്‍ പിറന്നത്‌ 19 ബൗണ്ടറികളും ഒമ്പത്‌ സിക്‌സറുകളും. എല്ലാ ഷോട്ടുകളും ഒന്നിനൊന്ന്‌ മെച്ചം. ഇടക്ക്‌ ഭാഗ്യത്തിന്റെ പിന്തുണയുമായപ്പോള്‍ യൂസഫ്‌ വിസ്‌മയമായി മാറുകയായിരുന്നു. 190 പന്തുകളാണ്‌ അദ്ദേഹം നേരിട്ടത്‌.
അവസാന ദിവസ മല്‍സരം ആരംഭിക്കുമ്പോള്‍ നേരിയ മുന്‍ത്തൂക്കം ദക്ഷിണ മേഖലക്കായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ പശ്ചിമ മേഖലയുടെ ആറ്‌ വിക്കറ്റുകള്‍ നഷ്ടമായ സാഹചര്യത്തില്‍ യൂസഫിന്റെ വിക്കറ്റ്‌ നേടിയാല്‍ മല്‍സരം ഉറപ്പിക്കാമായിരുന്നു. പക്ഷേ വാലറ്റക്കാര്‍ക്കൊപ്പം വീരോചിതം പോരാടിയ യൂസഫ്‌ തനിച്ച്‌ ടീമിനെ മുന്നോട്ട്‌ നയിച്ചു.
ഒരു മല്‍സരത്തിന്‍രെ ഒരു ഇന്നിംഗ്‌സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിംഗ്‌സില്‍ പുറത്താവാതെ ഡബിള്‍ സെഞ്ച്വറിയും സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്ററാണിപ്പോള്‍ യൂസഫ്‌. ഈ മല്‍സരത്തിന്റെ രണ്ട്‌ ഇന്നിംഗ്‌സിലും സെഞ്ച്വറി സ്വന്തമാക്കിയ ദിനേശ്‌ കാര്‍ത്തിക്കിന്റെ മികവാണ്‌ യൂസഫിന്റെ വിസ്‌മയ പ്രകടനത്തില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയത്‌.
മല്‍സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ കരുത്ത്‌ പ്രകടിപ്പിച്ചത്‌ ദക്ഷിണ മേഖലായായിരുന്നു. 400 റണ്‍സാണ്‌ അവര്‍ നേടിയത്‌. രണ്ടാം ഇന്നിംഗ്‌സ്‌ ഒമ്പത്‌ വിക്കറ്റിന്‌ 386 റണ്‍സ്‌ എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയും ചെയ്‌തിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ യൂസഫിന്റെ സെഞ്ച്വറിയിലും 251 റണ്‍സാണ്‌ വസീം ജാഫര്‍ നയിച്ച പശ്ചിമ മേഖലക്ക്‌ നേടാനായത്‌. പക്ഷേ രണ്ടാം ഇന്നിംഗ്‌സില്‍ 540 റണ്‍സ്‌ എന്ന വലിയ വിജയ ലക്ഷ്യത്തിലേക്ക്‌ യൂസഫ്‌ ടീമിനെ നയിച്ചപ്പോള്‍ മല്‍സരത്തിന്‌ സാക്ഷികളാവാനെത്തിയവര്‍ക്ക്‌ അത്‌ വലിയ വിരുന്നായി. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഒരു ടീം പിന്തുടര്‍ന്ന്‌ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌ക്കോറാണിത്‌. ഇന്ത്യയുടെ 20-20 ലോകകപ്പ്‌ നേട്ടത്തോടെ മുഖ്യ ധാരയിലേക്ക്‌ വന്ന യൂസഫിനെ ഇടക്കാലത്ത്‌ ഏകദിന മല്‍സരങ്ങളില്‍ കളിപ്പിച്ചിരുന്നു. സംഹാരതാണ്ഡവം നടത്തുന്ന ഈ ബാറ്റ്‌സ്‌മാനെ ഏഴ്‌, എട്ട്‌ നമ്പരുകളിലാണ്‌ ക്യാപ്‌റ്റന്‍ കളിപ്പിച്ചത്‌. പലപ്പോഴും ഇന്നിംഗ്‌സിന്റെ അവസാനത്തിലായിരിക്കും അദ്ദേഹത്തിന്‌ അവസരം ലഭിക്കുക. ഇതിനാല്‍ വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ദുലിപ്‌ ട്രോഫിയില്‍ കിട്ടിയ അവസരമാണ്‌ അദ്ദേഹം ഉപയോഗപ്പെടുത്തിയത്‌. അനുജന്‍ ഇര്‍ഫാന്‍ പത്താനും മല്‍സരത്തില്‍ കരുത്ത്‌ കാട്ടി. ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണ മേഖലയുടെ അഞ്ച്‌ വിക്കറ്റുകള്‍ സ്വന്തമാക്കിയ ഇര്‍ഫാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ യൂസഫിനൊപ്പം മനോഹരമായി കളിച്ച്‌ 42 റണ്‍സും നേടിയിരുന്നു.

രാജാവിന്റെ മകനും
രണ്ടാം പതിപ്പ്‌്‌
സത്യന്‍ അന്തിക്കാടും ശ്രീനിവാസനും സന്ദേശം എന്ന തകര്‍പ്പന്‍ സിനിമയുടെ രണ്ടാം ഭാഗമെടുക്കാന്‍ തീരുമാനിച്ചതിന്‌ പിറകെയിതാ മോഹന്‍ലാല്‍ -തമ്പി കണ്ണന്താനം ടീം തങ്ങളുടെ പഴയ സൂപ്പര്‍ ഹിറ്റായ രാജാവിന്റെ മകന്‌ രണ്ടാം പതിപ്പ്‌ ഒരുക്കുന്നു. 25 വര്‍ഷം മുമ്പ്‌ മലയാള ബോക്‌സാഫീസില്‍ തട്ടുതകര്‍പ്പന്‍ വിജയം നേടിയ ചിത്രമായിരുന്നു രാജാവിന്റെ മകന്‍. മോഹന്‍ലാല്‍ എന്ന നടന്‌ സൂപ്പര്‍ താരപദവി സമ്മാനിച്ച ഈ ചിത്രം കലക്ഷനില്‍ സര്‍വകാല റെക്കോര്‍ഡും നേടിയിരുന്നു. ലാലിന്‌ പുറമെ രാജാവിന്റെ മകനില്‍ പ്രധാന വില്ലനായി വന്നത്‌ സുരേഷ്‌ ഗോപിയായിരുന്നു. രണ്ടാം പതിപ്പ്‌ നിര്‍മ്മിക്കുന്നത്‌ മോഹന്‍ലാല്‍ തന്നെയാണ്‌. സംവിധാനം തമ്പി കണ്ണന്താനം തന്നെ. തിരക്കഥയൊരുക്കുക മിക്കവാറും ഡെന്നിസ്‌ ജോസഫായിരിക്കും. പ്രതീക്ഷിച്ച പ്രകാരം ഷൂട്ടിംഗ്‌ തുടങ്ങിയാല്‍ ഈ ക്രിസ്‌തുമസ്സിന്‌ ലാലിന്റെ ആരാധകര്‍ക്ക്‌ വന്‍ സമ്മാനമായി രാജാവിന്റെ മകന്‍ രണ്ടാം പതിപ്പ്‌ വരും.

കാലിസും അംലയും
നാഗ്‌പ്പൂര്‍: ദക്ഷിണാഫ്രിക്കയുടെ ആദ്യ രണ്ട്‌ വിക്കറ്റുകള്‍ നിലം പതിക്കുമ്പോള്‍ സ്‌ക്കോര്‍ബോര്‍ഡില്‍ കേവലം ആറ്‌ റണ്‍സ്‌... ഇന്ത്യന്‍ ക്യാമ്പും ആരാധകരും ആഹ്ലാദത്തിമര്‍പ്പില്‍... പക്ഷേ എല്ലാം പെട്ടെന്ന്‌ അവസാനിച്ചു. പുതിയ പന്തില്‍ ആറ്‌ ഓവര്‍ എറിഞ്ഞ നാല്‌ റണ്‍സ്‌ മാത്രം നല്‍കി രണ്ട്‌ വിക്കറ്റ്‌ നേടിയ സഹീര്‍ഖാന്റെ സ്‌പെല്‍ മാത്രമാണ്‌ ആദ്യ ദിവസം ഇന്ത്യക്ക്‌ ഓര്‍മ്മിക്കാനുള്ളത്‌. ജാക്‌ കാലിസും ഹാഷിം അംലയും പുറത്താവാതെ നേടിയ സെഞ്ച്വറികളില്‍ ഗ്രീന്‍ പാര്‍ക്കിലെ ആദ്യ ദിവസം ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. രണ്ട്‌ വിക്കറ്റിന്‌ 291 റണ്‍സാണ്‌ സന്ദര്‍ശകര്‍ സമ്പാദിച്ചിരിക്കുന്നത്‌. ടെസ്റ്റ്‌ കരിയറിലെ മുപ്പത്തിനാലാമത്‌ സെഞ്ച്വറി സ്വന്തമാക്കിയ കാലിസ്‌ 159 ലും എട്ടാമത്‌ സെഞ്ച്വറി തികച്ച അംല 115 ലും ബാറ്റ്‌ ചെയ്യുന്നു.
പരുക്കില്‍ വി.വി.എസ്‌ ലക്ഷ്‌മണും, ലക്ഷ്‌മണിന്‌ പകരക്കാരനായി ടീമിലെടുത്ത രോഹിത്‌ ശര്‍മ്മയും പുറത്തായപ്പോള്‍ സബ്‌സ്‌റ്റിറ്റിയൂട്ട്‌ വിക്കറ്റ്‌ കീപ്പറായി ടീമിലെടുത്ത വൃദ്ധിമാന്‍ സാഹ സ്‌പെഷ്യലിസ്റ്റ്‌ ബാറ്റ്‌സ്‌മാനായി അവസാന ഇലവനില്‍ ഇടം നേടിയപ്പോള്‍ ടോസിന്റെ ഭാഗ്യം സ്‌മിത്തിനൊപ്പമായിരുന്നു. അദ്ദേഹത്തിന്റെ തീരുമാനത്തെ വിറപ്പിച്ചാണ്‌ സഹീര്‍ ആരംഭിച്ചത്‌. തകര്‍പ്പന്‍ ബൗണ്‍സറില്‍ ആഷ്‌വെല്‍ പ്രിന്‍സിനെ വിക്കറ്റ്‌ കീപ്പറുടെ കരങ്ങളിലെത്തിച്ച സഹീര്‍ ആഫ്രിക്കന്‍ നായകനെ ഷൂട്ടറില്‍ പറഞ്ഞയച്ചു. ഇവിടെ നിന്നാണ്‌ കാലിസും അംലയും ഒരുമിച്ചത്‌. ടീമിന്റെ അവസ്ഥ മനസ്സിലാക്കി തുടക്കത്തില്‍ ശക്തമായ പ്രതിരോധത്തിലായിരുന്നു ഇരുവരും. പക്ഷേ ലഞ്ചിന്‌ ശേഷം നിലയുറപ്പിച്ച ഈ ജോഡി പിച്ച്‌ നല്‍കിയ ആനുകൂല്യവും ഉപയോഗപ്പെടുത്തി. കാലിസിന്റെ സെഞ്ച്വറിയോടെ അദ്ദേഹം ടെസ്‌റ്റില്‍ സെഞ്ച്വറികളുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ്‌ വന്നിരിക്കുന്നത്‌.
സ്‌ക്കോര്‍ബോര്‍ഡ്‌
ദക്ഷിണാഫ്രിക്ക: ഒന്നാം ഇന്നിംഗ്‌സ്‌. ഗ്രയീം സ്‌മിത്ത്‌-ബി-സഹീര്‍-6, പ്രിന്‍സ്‌-സി-ധോണി-ബി-സഹീര്‍-0, അംല-നോട്ടൗട്ട്‌-115, കാലിസ്‌-നോട്ടൗട്ട്‌-159, എക്‌സ്‌ട്രാസ്‌-11, ആകെ 91 ഓവറില്‍ രണ്ട്‌ വിക്കറ്റിന്‌ 291. വിക്കറ്റ്‌ പതനം: 1-5 (പ്രിന്‍സ്‌), 2-6 (സ്‌മിത്ത്‌.) ബൗളിംഗ്‌: സഹീര്‍ 20-5-67-2, ഇഷാന്ത്‌ 17-2-44-0, ഹര്‍ഭജന്‍ 21-0-81-0, മിശ്ര 26-2-71-0, സേവാഗ്‌ 7-1-22-0

ലോക റെക്കോര്‍ഡ്‌
ഹെദരാബാദ്‌: ഇന്നലെ യൂസഫ്‌ പത്താന്റെ മികവില്‍ രാജിവ്‌ ഗാന്ധി സ്‌റ്റേഡിയത്തില്‍ പിറന്നത്‌ ലോക റെക്കോര്‍ഡ്‌. ലോക ക്രിക്കറ്റില്‍ ഇതാദ്യമായാണ്‌ ഇത്രയും വലിയ ഒരു സ്‌ക്കോര്‍ ഒരു ടീം പിന്നിടുന്നത്‌. 536 റണ്‍സാണ്‌ പശ്ചിമ മേഖല ഒറ്റയടിക്ക്‌ പിന്നിട്ടത്‌. ലോക ചരിത്രത്തിലെ ഇത്‌ വരെയുളള ആഭ്യന്തര ക്രിക്കറ്റിലെ ഉയര്‍ന്ന ചേസ്‌ 513 റണ്‍സായിരുന്നു. ലങ്കന്‍ ആഭ്യന്തര ക്രിക്കറ്റിലായിരുന്നു ഈ റണ്‍ വേട്ട. ഇന്നലെ യൂസഫിന്‌ മൂന്ന്‌ തവണയാണ്‌ ഫീല്‍ഡര്‍മാര്‍ കൈവിട്ടത്‌. ഏറ്റവും കൂടുതല്‍ ശിക്ഷിക്കപ്പെട്ട ബൗളര്‍ മലയാളിയായ രോഹന്‍ പ്രേമായിരുന്നു.

No comments: