ഇനി രക്ഷ ചതികുഴി
കബഡി എന്ന ഗെയിമിലാണ് രാജ്യാന്തര രംഗത്ത് ഇന്ത്യന്‍ വിലാസം. കബഡിയെന്നാല്‍ കാലുവാരലാണ്... ദോഹയില്‍ നാല് വര്‍ഷം മുമ്പ് നടന്ന ഏഷ്യന്‍ ഗെയിംസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍ ഖലീഫ സ്‌റ്റേഡിയത്തില്‍ വെച്ച് പരിചയപ്പെട്ട ചൈനീസ് റിപ്പോര്‍ട്ടര്‍ വിംഗ് മിഷ് (പിപ്പിള്‍സ് ഡെയ്‌ലി) കബഡിയുടെ നിയമാവലികളും വിശേഷങ്ങളും ചോദിച്ച് മനസ്സിലാക്കിയിരുന്നു. കഴിഞ്ഞ ദിവസം അവരുടെ ഒരു മെയിലുണ്ടായിരുന്നു-കാലുവാരാന്‍ ചൈനയും പഠിച്ചെന്ന്.... കബഡിയില്‍ ചൈന മുന്നോട്ട് വരുമ്പോള്‍ നമ്മളിനി ക്രിക്കറ്റിലെ കാലുവാരല്‍ പരിചയപ്പെടണം. കാലുവാരാന്‍ ഇന്ത്യക്കാരെ പോലെ മിടുക്കരായവരായി മറ്റാരുമില്ല. ഈ സത്യം ലോകത്തിന് അറിയാം. വിമാനത്തിന് ഭാരം കുറക്കാന്‍ റഷ്യക്കാരും അമേരിക്കക്കാരും സ്വന്തം രാജ്യത്തിന് മുദ്രാവാക്യം ചാടിയപ്പോള്‍ ഇന്ത്യക്കാരന്‍ സ്വന്തം രാജ്യത്തിന്റെ മുദ്രാവാക്യം വിളിച്ച് അന്യ നാട്ടുകാരനെ തള്ളിയിട്ട കഥ പോലെ, കൊല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡന്‍സില്‍ രാജ്യത്തിന്റെ മുദ്രാവാക്യം മുഴക്കി ചതിക്കുഴി ഒരുക്കുകയാണിപ്പോള്‍ നമ്മുടെ ക്രിക്കറ്റ് ബോര്‍ഡും ക്യൂറേറ്ററും. നാഗ്‌പ്പൂരിലെ തോല്‍വിക്ക് ബലിയാടുകളെ കണ്ടെത്തിയിട്ടുണ്ട് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൃഷ്‌ണമാചാരി ശ്രീകാന്ത്. മൂന്ന് ജൂനിയര്‍ താരങ്ങളെ അദ്ദേഹം പടിക്ക് പുറത്താക്കി. ഒരു മല്‍സരം പോലും കളിക്കാത്താവര്‍ പോലും എടുത്തെറിയപ്പെട്ടു. സുനില്‍ ഗവാസ്‌ക്കര്‍ പറഞ്ഞത് പോലെ വമ്പന്‍ സ്രാവുകളെ തൊടാന്‍ ശ്രീകാന്തിനല്ല അദ്ദേഹത്തിന്റെ നേതാവ് ശരത് പവാറിന് പോലും ധൈര്യമില്ല. നാഗ്‌പ്പൂരിലെ തോല്‍വിക്ക് കാരണക്കാര്‍ വൃദിമാന്‍ സാഹയും മിഥുനും ത്യാഗിയുമൊന്നുമല്ല. നമ്മുടെ മഹാ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗും, അതിവേഗക്കാരായ സഹീര്‍ഖാനും ഇഷാന്ത് ശര്‍മ്മയും മുഖ്യ ബാറ്റ്‌സ്‌മാന്മാരുമെല്ലാമാണ്. പക്ഷേ ഇവരെ ആരെയും ആരും തൊടില്ല. ഹര്‍ഭജന്‍സിംഗ് എന്ന സ്‌പിന്നര്‍ കൂറെ കാലമായി ടീമിനു ഭാരമാണ്. എന്നിട്ടും അദ്ദേഹത്തെയാണ് മഹാനായി വാഴ്‌ത്തുന്നതും സ്ഥിരമായി ടീമില്‍ ഉള്‍പ്പെടുത്തുന്നതും. ക്യാപ്‌റ്റന്‍ ധോണിക്ക് തന്റെ ഗ്രൂപ്പിലെ ആരെയും ഒഴിവാക്കാന്‍ കഴിയില്ല. ശ്രീകാന്തിനും സ്വന്തം താല്‍പ്പര്യമുണ്ട്. ഈ രണ്ട് പ്രബല താല്‍പ്പര്യത്തിനൊപ്പം ക്രിക്കറ്റ് ബോര്‍ഡിന്റെ വീതം വെക്കലുമാവുമ്പോള്‍ ടീം നിറയുന്നു.
ഈഡനില്‍ ജയിക്കണമെങ്കില്‍ സ്‌പിന്‍ കുഴികള്‍ തന്നെ വേണം. ക്യൂറേറ്റര്‍ സ്‌പോര്‍ട്ടിംഗ് പിച്ചിനെക്കുറിച്ചെല്ലാം പറയുന്നുണ്ട്. സ്‌പോര്‍ട്ടിംഗ് പിച്ചാണെങ്കില്‍ ഡാലെ സ്‌റ്റെന്‍, വെയില്‍ പാര്‍നല്‍, മോണി മോര്‍ക്കല്‍ എന്നിവര്‍ ചേര്‍ന്ന് ഇന്ത്യയെ ഇല്ലാതാക്കും. നാഗ്‌പ്പൂരിലെ പ്രതികൂല സാഹചര്യത്തില്‍ പോലും ഇന്‍സ്വിംഗറുകളും റിവേഴ്‌സ് സ്വിംഗുകളും പായിച്ച് സ്‌റ്റെന്‍ പതിനൊന്ന് വിക്കറ്റുകളാണ് നേടിയത്. പാര്‍നലിന്റെ പേസിന് അനുയോജ്യമാണ് ഈഡനിലെ കാലാവസ്ഥയെന്നിരിക്കെ സ്‌പിന്‍ കുഴികള്‍ മാത്രമാണ് ടീമിന് രക്ഷ. പണ്ട് സ്റ്റീവ് വോയുടെ ഓസീസ് സംഘത്തെ മെരുക്കാന്‍ കുഴിച്ച കുഴികളുടെ അടയാളങ്ങള്‍ ഈഡനിലുള്ളത് കൊണ്ട് ക്യൂറേറ്റര്‍ക്ക് പ്രയാസപ്പെടേണ്ടി വരില്ല. ഈഡനില്‍ ജയിക്കേണ്ടത് ധോണിയെക്കാള്‍
ശ്രീകാന്തിനാണ് നിര്‍ബന്ധം.
ഡല്‍ഹി റെഡി
ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇനി എട്ട് മാസങ്ങള്‍ മാത്രം ബാക്കി. ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ഇന്നലെ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള ഏക അംഗം കേരളാ ഒളിംപിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ പി.എ ഹംസ ഒരുക്കങ്ങള്‍ വിശദീകരിക്കുന്നു
ഒക്ടോബറില്‍ ഇന്ത്യന്‍ തലസ്ഥാന നഗരം ആതിഥേയത്വം വഹിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് സംബന്ധിച്ചുള്ള ആശങ്കകളെല്ലാം അടിസ്ഥാന രഹിതമാണെന്നതിന് വ്യക്തമായ തെളിവായിരുന്നു കോമണ്‍വെല്‍ത്ത് സംഘാടക സമിതി ഓഫീസില്‍ ഇന്നലെ ചേര്‍ന്ന യോഗം. സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡി ഉള്‍പ്പെടെ മൂന്ന് സേനാ മേധാവികളും കേന്ദ്ര സര്‍ക്കാരിലെ മുഴുവന്‍ വകുപ്പ് തലവന്മാരും കായിക മേധാവികളുമെല്ലാം പങ്കെടുത്ത യോഗത്തില്‍ ഗെയിംസിന്റെ പൂര്‍ണ്ണ ചിത്രമാണ് നല്‍കപ്പെട്ടത്. ഒക്ടോബര്‍ മൂന്നിനാണ് ഗെയിംസ് ആരംഭിക്കുന്നത്. ഗെയിംസിന് മുന്നോടിയായി ഡല്‍ഹി നഗരം മനോഹരമായി അലങ്കരിക്കുന്ന കാര്യത്തില്‍ സ്‌പാനിഷ് നഗരമായ ബാര്‍സിലോണ എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ബാര്‍സ സിറ്റി കൗണ്‍സില്‍ ഡയരക്ടറായ ജോസഫ് റോകയും, 1992 ല്‍ ബാര്‍സിലോണ ഒളിംപിക്‌സിന് ആതിഥേയത്വം വഹിച്ചപ്പോള്‍ നഗരവികസനത്തിന്റെ ചുമതലയുള്ള ഡയരക്ടര്‍ ജോസഫ് അസിബില്ലോയും എല്ലാ സഹായവും ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന് വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ സ്വീകരിക്കുന്ന നടപടി ക്രമങ്ങളെല്ലാം ചെയര്‍മാന്‍ തന്നെ വിശദീകരിച്ചു. 1982 ലെ ഏഷ്യന്‍ ഗെയിംസിന് ശേഷം രാജ്യം ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കം നൂറ് ശതമാനം കുറ്റമറ്റതാക്കാനാണ് പരിപാടികള്‍. സുരക്ഷക്ക് മുഖ്യ പരിഗണന നല്‍കുമ്പോള്‍ ഡല്‍ഹി നഗരത്തില്‍ മാത്രമല്ല മല്‍സര വേദികളില്ലെല്ലാം ഉന്നത നിലവാരത്തിലുളള പോലീസ്-സൈനീക സുരക്ഷയാണ് ഉറപ്പുവരുത്തുന്നത്. സുരക്ഷാ പ്രശ്‌നത്തില്‍ ചില ടീമുകള്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് വരില്ല എന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ജമൈക്കയുടെ ലോക പ്രശസ്‌തനായ സ്‌പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട് വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന സെറിമണിസ് കമ്മിറ്റി ഉദ്‌ഘാടന-സമാപന ദിവസത്തെ കലാ സാംസ്‌കാരിക പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ലോകത്തിന് ഇന്ത്യയുടെ കലാ സാംസ്‌കാരിക പാരമ്പര്യം പരിചയപ്പെടുത്തുന്നതിനൊപ്പം രാഷ്‌ട്രീയമായും ചരിത്രപരമായും രാജ്യത്തിന്റെ ഉയരത്തിലേക്കുള്ള യാത്രയെ ചിത്രീകരിക്കാനും പരിപാടിയുണ്ട്.
വിവാദങ്ങളായിരുന്നു ഗെയിംസിനെ ചുറ്റപ്പറ്റി ഇത് വരെ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി. ഓരോ ദിവസും ജനങ്ങളുടെ വിശ്വാസം വര്‍ദ്ധിച്ചുവരുകയാണ്. പുതിയ മല്‍സരവേദികളില്‍ താരങ്ങളെല്ലാം സംതൃപ്‌തരമാണ്. മേജര്‍ ധ്യാന്‍ചന്ദ് നാഷണല്‍ സ്റ്റേഡിയം, ലുഡ്‌ലോ കാസില്‍ റസ്‌ലിംഗ് ട്രെയിനിംഗ് സെന്റര്‍, ഡോ.കര്‍മിസിംഗ് ഷൂട്ടിംഗ് റേഞ്ച് തുടങ്ങിയവ ഉന്നത സൗകര്യങ്ങളുള്ളവയാണ്. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, ശ്യാമ പ്രസാദ് അക്വാറ്റിക്‌സ് കോംപ്ലക്‌സ് എന്നിവയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ജൂണോടെ പൂര്‍ത്തിയാവും. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നെറ്റ്‌്‌ബോള്‍ മല്‍സരങ്ങള്‍ നടക്കുന്ന ത്യാഗരാജ് സ്‌റ്റേഡിയം ഇന്ത്യയുടെ ആദ്യ ഹരിത മൈതാനമായിരിക്കും. ഒരുക്കങ്ങളുടെ അന്തിമഘട്ടം നടക്കുകയാണ്. രാജ്യത്തിന് തീര്‍ച്ചയായും അഭിമാനിക്കാവുന്ന ഗെയിംസായിരിക്കും ഡല്‍ഹിയില്‍ നടക്കുന്നത്.
No comments:
Post a Comment