Tuesday, February 9, 2010

AMLA CLASS

നാഗ്‌പ്പൂര്‍: ഒറ്റനോട്ടത്തിലറിയാം ഹാഷിം അംലയിലെ വിശ്വാസിയെ..... യഥാര്‍ത്ഥ ഇസ്ലാം മത വിശ്വാസിയാണ്‌ 27 കാരനായ ഹാഷിം മഹമൂദ്‌ അംല. തന്റെ നേട്ടങ്ങളെല്ലാം ദൈവകൃപയായി വിശേഷിപ്പിക്കുന്ന അംലയുടെ ഏറ്റവും വലിയ സ്വപ്‌നം തന്റെ ജന്മനാടായ ഇന്ത്യയില്‍ വെച്ച്‌ ഒരു ഡബിള്‍ സെഞ്ച്വറി സ്വന്തമാക്കുക എന്നതായിരുന്നു. നാഗ്‌പ്പൂരിലെ ഗ്രീന്‍പാര്‍ക്കില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ വിറപ്പിച്ച കാഴ്‌ച്ചയില്‍ ടീമിന്‌ ശരിക്കും അമൃതായത്‌ ഡാലെ സ്റ്റെനിന്റെ ബൗളിംഗ്‌ വേഗതയെക്കാള്‍ അംലയുടെ കന്നി ടെസ്റ്റ്‌ ഡബിള്‍ സെഞ്ച്വറിയായിരുന്നു. ഇന്ത്യയിലേക്ക്‌ വരുന്നതിന്‌ മുമ്പ്‌ കൂട്ടുകാര്‍ക്ക്‌ അംല ഒരു വാക്ക്‌ കൊടുത്തിരുന്നു-തന്റെ ബാറ്റിംഗ്‌ ഇന്ത്യയില്‍ പുഷ്‌പിക്കുമെന്ന്‌. അത്‌ സത്യമായ സന്തോഷത്തിലും അദ്ദേഹം വാചാലനാവുന്നില്ല.
അംലയുടെ മാതാപിതാക്കള്‍ ഗുജറാത്തുകാരായിരുന്നു. സൂററ്റില്‍ നിന്നും ചെറിയ പ്രായത്തില്‍ തന്നെ ദക്ഷിണാഫ്രിക്കയിലേക്ക്‌ പറിച്ചുനടപ്പെട്ട ഹാഷിം കുടുംബത്തിന്‌ ക്രിക്കറ്റുമായി നല്ല ബന്ധമായിരുന്നു. അംലയുടെ മൂത്ത സഹോദരനായ അഹമ്മദ്‌ ദക്ഷിണാഫ്രിക്കയിലെ പ്രൊഫഷണല്‍ ക്രിക്കറ്ററായിരുന്നു. നിലവില്‍ ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന ഡോള്‍ഫിന്‍സ്‌ ടീമിന്റെ നായകനായ അഹമ്മദാണ്‌ അനുജനെ ഈ രംഗത്തേക്ക്‌ കൊണ്ടുവന്നത്‌. ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ വാണിജ്യവല്‍ക്കരണത്തിന്റെ ലക്കില്ലാത്ത പാത അംല സ്വീകരിക്കാറില്ല. ഒരിക്കല്‍ പോലും അദ്ദേഹം മദ്യത്തിന്റെ പരസ്യമുള്ള വസ്‌ത്രങ്ങളോ ബാറ്റോ ഉപയോഗിക്കാറില്ല. മദ്യത്തിനെതിരെ ഇസ്ലാം മതം അനുശാസിക്കുന്ന അതേ ജാഗ്രതയാണ്‌ അംല പുലര്‍ത്തുന്നത്‌. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റുമായി ബന്ധമുളള പല വന്‍കിട ബീവറേജസ്‌ കമ്പനികളും അംലയെ ബ്രാന്‍ഡ്‌ മോഡലാക്കാന്‍ കോടികള്‍ വാഗ്‌ദാനം ചെയ്‌തിരുന്നു. പക്ഷേ ഒരിക്കല്‍ പോലും മദ്യ കമ്പനിക്ക്‌ മോഡലാവാന്‍ തന്നെ ലഭിക്കില്ല എന്ന ശക്തമായ നിലപാടില്‍ ഇത്‌ വരെ അദ്ദേഹം മാറ്റം വരുത്തിയിട്ടില്ല.
യഥാര്‍ത്ഥ വിശ്വാസിയുടെ വേഷ വിധാനമാണ്‌ അംലയുടേത്‌. 2006 ല്‍ ദക്ഷിണാഫ്രിക്കന്‍ ടീം ശ്രീലങ്കയില്‍ പര്യടനം നടത്തിയ വേളയില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്ററും കമന്റേററുമായിരുന്ന ഡീന്‍ ജോണ്‍സ്‌ നടത്തിയ ഒരു വിവാദ പരാമര്‍ശം അംലയെ ദീര്‍ഘകാലം വേദനിപ്പിച്ചിരുന്നു. ടെന്‍ സ്‌പോര്‍ട്‌സ്‌ ചാനലിന്‌ വേണ്ടി കളി പറയുകയായിരുന്ന ജോണ്‍സ്‌ അംല മല്‍സരത്തിലൊരു ക്യാച്ചെടുത്തപ്പോള്‍ ഭീകരവാദി അതാ ഒരു ക്യാച്ച്‌ എടുത്തിരിക്കുന്നു എന്നാണ്‌ പറഞ്ഞത്‌. ഇത്‌ കഴിഞ്ഞ്‌്‌ അംല മറ്റൊരു ക്യാച്ചെടുത്തപ്പോള്‍ ഇതേ വാക്കുകള്‍ ജോണ്‍സ്‌ ആവര്‍ത്തിച്ചു. ആ സമയത്ത്‌ ചാനലില്‍ കൊമ്മേഴ്‌സ്യല്‍ ബ്രേക്കിന്റെ സമയമായിരുന്നു. പക്ഷേ ജോണ്‍സിന്റെ പ്രയോഗങ്ങള്‍ പുറം ലോകം കേട്ടപ്പോള്‍ അത്‌ വലിയ വിവാദമായി. മുസ്ലി നാമധാരിയായതിനാലാണ്‌ അംലയെ ജോണ്‍സ്‌ ഭീകരവാദിയെന്ന്‌ വിളിച്ചത്‌. പ്രശ്‌നം വന്‍ വിവാദമായപ്പോള്‍ ജോണ്‍സ്‌ മാപ്പ്‌ പറഞ്ഞു. എന്ന്‌ മാത്രമല്ല ഓസ്‌ട്രേലിയക്കാരനുമായുള്ള കരാര്‍ ടെന്‍ സ്‌പോര്‍ട്‌സ്‌ റദ്ദാക്കുകയും ചെയ്‌തു.
ഒരു വിശ്വാസിയായത്‌ കൊണ്ട്‌ പലയിടത്തും താന്‍ വേട്ടയാടപ്പെടാറുണ്ടെന്ന്‌ വേദനയോടെ പലപ്പോഴും അംല പറഞ്ഞിട്ടുണ്ട്‌. ഡര്‍ബന്‍ ഹൈസ്‌ക്കൂളിലായിരുന്നു അംലയുടെ പഠനം. ചെറിയ പ്രായത്തില്‍ തന്നെ ക്വാസുലു നതാല്‍ പ്രവിശ്യാ ടീമില്‍ കളിച്ചിരുന്നു, 2002 ല്‍ ന്യൂസിലാന്‍ഡില്‍ നടന്ന അണ്ടര്‍ 19 ഐ.സി.സി ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ നയിച്ചാണ്‌ അദ്ദേഹം രാജ്യാന്തര രംഗത്ത്‌ ശ്രദ്ധിക്കപ്പെട്ടത്‌. ഇരുപത്തിയൊന്നാം വയസ്സില്‍ അംല സ്വന്തം പ്രവിശ്യാ ടീമിന്റെ നായകനായി. 2004 ലെ പരമ്പരയില്‍ ഇന്ത്യക്കെതിരെയായിരുന്നു ടെസ്റ്റ്‌ അരങ്ങേറ്റം. അതും കൊല്‍ക്കത്തയിലെ ചരിത്ര പ്രസിദ്ധമായ ഈഡന്‍ ഗാര്‍ഡന്‍സില്‍. പക്ഷേ അരങ്ങേറ്റ പരമ്പരയില്‍ ടീമിനായി വലിയ സംഭാവന നല്‍കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നില്ല. 2008 വരെ കാത്തിരിക്കേണ്ടി വന്നു ഏകദിന അരങ്ങേറ്റത്തിന്‌.
2006 ല്‍ ന്യൂസിലാന്‍ഡ്‌ ക്രിക്കറ്റ്‌ ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്‌ എത്തിയപ്പോള്‍ കേപ്‌ടൗണിലെ ന്യൂലാന്‍ഡ്‌സില്‍ നടന്ന ടെസ്റ്റില്‍ അംലയുടെ വകയായി പിറന്ന 149 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ കരിയറിന്‌ പുതുജീവന്‍ പകര്‍ന്നത്‌. അംലയുടെ ആ ഇന്നിംഗ്‌സിലാണ്‌ മല്‍സരത്തില്‍ പരാജയമേല്‍ക്കാതെ ദക്ഷിണാഫ്രിക്ക രക്ഷപ്പെട്ടത്‌. 2008 ല്‍ ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യന്‍ പര്യടനത്തിന്‌ വന്നപ്പോള്‍ ചെന്നൈ ടെസ്‌റ്റില്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്‌ പുറത്താവാതെ 159 റണ്‍സാണ്‌ അംല നേടിയത്‌. കഴിഞ്ഞ വര്‍ഷം ഓസീസ്‌ പര്യടനത്തില്‍ ടീമിന്‌ ചരിത്ര വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ചതും അംലയായിരുന്നു.
നാഗ്‌പ്പൂര്‍ ടെസ്റ്റില്‍ അംല ബാറ്റ്‌ ചെയ്യാന്‍ വരുമ്പോല്‍ രണ്ട്‌ മുന്‍നിര വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കക്ക്‌ നഷ്ടമായിരുന്നു. ആറ്‌ റണ്‍സ്‌ മാത്രമായിരുന്നു അപ്പോള്‍ സക്കോര്‍ബോര്‍ഡില്‍. ജാക്‌ കാലിസുമൊത്ത്‌ ഇവിടെ നിന്നും തുടങ്ങിയ അംല തട്ടുതകര്‍പ്പന്‍ പ്രകടനമാണ്‌ ഗ്രീന്‍ പാര്‍ക്കില്‍ നടത്തിയത്‌. സ്‌പിന്നര്‍മാരെ നേരിടാന്‍ അംലക്ക്‌ കഴയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശകര്‍ ഇന്ത്യയിലേക്ക്‌ വരുന്നതിന്‌ മുമ്പ്‌ പറഞ്ഞത്‌. എന്നാല്‍ ഗ്രീന്‍പാര്‍ക്കില്‍ ദക്ഷിണാഫ്രിക്ക ചിരിക്കുമ്പോള്‍ അതിന്റെ ക്രെഡിറ്റുമായി അംല മുന്നില്‍ നില്‍ക്കുകയാണ്‌. ഗ്രയീം സ്‌മിത്ത്‌ എന്ന നായകന്റെ പിന്‍ഗാമിയായി വിലയിരുത്തപ്പെടുന്ന അംല ക്രിക്കറ്റിലെ പുതിയ ആദര്‍ശരൂപമായി നില്‍ക്കുമ്പോള്‍ അദ്ദേഹം പണകൊതിയന്മാരായ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരുടെ മുന്നില്‍ വെല്ലുവിളിയാണ്‌...

തേര്‍ഡ്‌ ഐ
ചിറ്റഗോംഗില്‍ നടന്ന ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്‌റ്റില്‍ ഇന്ത്യ വെള്ളം കുടിച്ചിരുന്നു-ആലസ്യത്തിന്‌. ഇപ്പോഴിതാ മുഖത്ത്‌ അടി തന്നെ കിട്ടിയിരിക്കുന്നു..... ഇങ്ങനെയൊരു ദയനീയ തോല്‍വിക്ക്‌ കാരണങ്ങള്‍ പലതും നിരത്താന്‍ എം.എസ്‌ ധോണിക്കാവും. പക്ഷേ അടിസ്ഥാനപരമായി ഇന്ത്യന്‍ സമീപനത്തിനു കിട്ടിയ ആഘാതമാണിത്‌. ഇന്ത്യയെ ഇന്ത്യന്‍ മണ്ണില്‍ തോല്‍പ്പിക്കാന്‍ അധികമാര്‍ക്കും കഴിയില്ല എന്ന്‌ നാം അഹങ്കരിക്കുമ്പോഴും ദക്ഷിണാഫ്രിക്ക പലപ്പോഴും ഇന്ത്യന്‍ അഹങ്കാരതത്തിന്‌ മുഖത്തടി നല്‍കിയിട്ടുണ്ട്‌. നാഗ്‌പ്പൂരിലേത്‌ പുതിയ അനുഭവമല്ല. പക്ഷേ ഈ അനുഭവത്തില്‍ ഇന്ത്യക്ക്‌ വലിയ നഷ്ടമാണ്‌ സംഭവിക്കാന്‍ പോവുന്നത്‌. ഐ.സി.സി ടെസ്‌റ്റ്‌ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ടീമിന്‌ ആ വലിയ സ്ഥാനമാണ്‌ നഷ്ടമാവുന്നത്‌. ബൗളിംഗിനെ തുണക്കുന്ന ഒരു ട്രാക്കിലാണ്‌ ഇന്ത്യ വീണതെങ്കില്‍ അതെങ്കിലും പറയാമായിരുന്നു. പക്ഷേ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്‌മാന്മാര്‍ ഇന്ത്യന്‍ പേസര്‍മാരെയും സ്‌പിന്നര്‍മാരെയും അനായാസം നേരിട്ട്‌ വലിയ സ്‌ക്കോര്‍ നേടിയ മൈതാനത്ത്‌ ഇന്ത്യന്‍ ബാറ്റിംഗ്‌ രണ്ട്‌ തവണയാണ്‌ വെള്ളം കുടിച്ചത്‌. പലപ്പോഴും ധോണി പറയാറുണ്ട്‌ ബാറ്റിംഗില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ആരുമില്ലെന്ന്‌. സേവാഗിലും ഗാംഭീറിലും മികച്ച ഓപ്പണര്‍മാര്‍, സച്ചിന്‍, ദ്രാവിഡ്‌, ലക്ഷ്‌മണ്‍ തുടങ്ങിയ അനുഭവസമ്പന്നര്‍. തോല്‍വിക്ക്‌ കാരണമായി ദ്രാവിഡിന്റെയും ലക്ഷ്‌മണിന്റെയും അഭാവത്തെ ചൂണ്ടിക്കാട്ടിയാലും രക്ഷപ്പെടാനാവില്ല.
ദ്രാവിഡിനും ലക്ഷ്‌മണിനുമെല്ലാം ശക്തരായ പകരക്കാരെയാണല്ലോ നമ്മുടെ സെലക്ടര്‍മാര്‍ ടീമിലെടുത്തത്‌. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്വന്തം നാട്ടുകാരായ എസ്‌.ബദരിനാഥിനെയും വിജയ്‌ മുരളിയെയും ടെസ്റ്റ്‌ ക്രിക്കറ്റിന്‌ അനുയോജ്യരായ ബാറ്റ്‌സ്‌മാന്മാര്‍ എന്നാണ്‌ വിശേഷിപ്പിച്ചിരുന്നത്‌. വൃദിമാന്‍ സാഹ എന്ന ബംഗാളുകാരനും ടെസ്റ്റിന്‌ അനുയോജ്യന്‍. ഈ മൂന്ന്‌ പേരും ചേര്‍ന്ന്‌ നാഗ്‌പ്പൂരില്‍ നേടിയ സ്‌ക്കോര്‍ നോക്കിയാല്‍ അറിയാം നമ്മുടെ സെലക്ഷനിലെ പുറം പൂച്ചുകള്‍. മേഖലാ സെലക്ഷന്‍ രീതി മാറ്റി, പ്രതിഫലം നല്‍കുന്ന സെലക്ടര്‍മാരെ രംഗത്തിറക്കിയിട്ടും ഇന്ത്യന്‍ സെലക്ഷനിലെ പരമ്പരാഗത വാദത്തിന്‌ അന്ത്യമായിട്ടില്ല എന്ന്‌ സമ്മതിക്കാന്‍ ശശാങ്ക്‌ മനോഹറോ ശരത്‌ പവാറോ തയ്യാറാവില്ല. പക്ഷേ ടെസ്റ്റ്‌ ക്രിക്കറ്റിന്‌ അനുയോജ്യരായ മുഹമ്മദ്‌ കൈഫും സുരേഷ്‌ റൈനയും എന്ത്‌ പിഴച്ചു...? ദിനേശ്‌അ കാര്‍ത്തിക്കിനെ ഒറ്റയടിക്കങ്ങനെ മാറ്റിനിര്‍ത്താന്‍ മാത്രം എന്ത്‌ തെറ്റാണ്‌ അദ്ദേഹം ചെയ്‌തത്‌... സൗരവ്‌ ഗാംഗുലി എന്ന നായകനോട്‌ നമ്മുടെ സെലക്ടര്‍മാര്‍ പറഞ്ഞത്‌ വിരമിക്കാന്‍ നല്‍കുന്ന അവസരം ഉപയോഗപ്പെടുത്താത്തപക്ഷം പുറത്താക്കുമെന്നാണ്‌. ഒരു സീനിയര്‍ താരത്തോട്‌ ഈ വിധം സംസാരിക്കാന്‍ ധൈര്യം കാട്ടിയ സെലക്ടര്‍മാര്‍ വി.വി.എസ്‌ ലക്ഷ്‌മണ്‍ എന്ന താരത്തിന്‌ നാഗ്‌പ്പൂരില്‍ കളിക്കാനാവില്ല എന്ന്‌ വ്യക്തമായിട്ടും അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തി. ധാക്ക ടെസ്റ്റില്‍ ധോണിയും സേവാഗും ഗ്രൂപ്പ്‌ കളിച്ചപ്പോള്‍ പാവം അമിത്‌ മിശ്രയാണ്‌ അതിന്‌ ഇരയായത്‌.
നാഗ്‌പ്പൂരിലെ ഇരയായി സാഹ മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ഇങ്ങനെ തോല്‍വികളിലും വിവാദങ്ങളിലും ഇരകളെ കണ്ടെത്താനും അവരെ ഇല്ലായ്‌മ ചെയ്യാനും നമ്മുടെ ക്രിക്കറ്റില്‍ ധാരാളം പേരുണ്ട്‌. മുഹമ്മദ്‌ കൈഫിനെയും പത്താന്‍ സഹോദരന്മാരായെും അമ്പാട്‌ റായിഡുവിനെയുമെല്ലാം ഇത്തരത്തില്‍ മാറ്റിനിര്‍ത്തിയവരോട്‌ വിശദീകരണം തേടാന്‍ കെല്‍പ്പുള്ളവരായി കായിക മന്ത്രാലയത്തില്‍ ആരുമില്ല....

ശ്രീശാന്ത്‌ ടീമില്‍
നാഗ്‌പ്പൂര്‍: ആദ്‌ടയ ടെസ്റ്റഇല്‍ ഇന്നിംഗ്‌സ്‌ തോല്‍വി രുചിച്ച ഇന്ത്യ രണ്ടാം ടെസ്‌റ്റഇനുള്ള ടീമില്‍ മൂന്ന്‌ മാറ്റങ്ങള്‍ വരുത്തി. പേസര്‍ എസ്‌.ശ്രീശാന്ത്‌, വിക്കറ്റ്‌ കീപ്പര്‍ ദിനേശ്‌ കാര്‍ത്തിക്‌, സുരേഷ്‌ റൈന എന്നിവരെയാണ്‌ തിരിച്ചുവിളിച്ചിരിക്കുന്നത്‌. വൃദിമാന്‍ സാഹ, അഭഇമന്യ ു മിഥുന്‍, സുധീപ്‌ ത്യാഗി എന്നിവരാണ്‌ പുറത്തായത്‌. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ്‌ അടുത്ത ടെസ്റ്റ്‌. ആഭ്യന്തര ക്രിക്കറ്റില്‍ തകരപ്‌#പ്പന്‍ പ്രകടനങ്ങള്‍ നടത്തിയ മുഹമ്മദ്‌ കൈഫ്‌, ഇര്‍പാന്‍ പത്താന്‍ എന്നിവര്‍ ഒരിക്കല്‍ക്കൂടി അവഗണിക്കപ്പെട്ടു.

അല്‍ഭുതങ്ങളില്ല
നാഗ്‌പ്പൂര്‍: അല്‍ഭുതങ്ങളൊന്നും സംഭവിച്ചില്ല... സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍ക്ക്‌ സ്വന്തം കണക്ക്‌ പുസ്‌തകത്തില്‍ ഒരു സെഞ്ച്വറി കൂടി സ്വന്തമാക്കാനായത്‌ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യ കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെ ഇല്ലാതായി. ഇന്നിംഗ്‌സിനും ആറ്‌ റണ്‍സിനും ഇന്ത്യയെ നിലംപരിശാക്കി ദക്ഷിണാഫ്രിക്ക രണ്ട്‌ മല്‍സര ടെസ്റ്റ്‌ പരമ്പരയില്‍ 1-0 ത്തിന്‌ മുന്നിലെത്തി. ഇന്നിംഗ്‌സ്‌ പരാജയം ഒഴിവാക്കാന്‍ 325 റണ്‍സായിരുന്നു ഇന്ത്യക്കാവശ്യം. മല്‍സരത്തിന്റെ മൂന്നാം ദിവസം തന്നെ തോല്‍വി മുഖത്ത്‌ ഒറ്റപ്പെട്ട ഇന്ത്യക്ക്‌ നാലാം ദിവസത്തെ അതിജയിക്കാന്‍ അല്‍ഭുതങ്ങളുടെ സച്ചിന്‍ ഇന്നിംഗ്‌സ്‌ നിര്‍ബന്ധമായിരുന്നു. സച്ചിന്‍ കളിച്ചു. പക്ഷേ ഒരു രക്ഷകനാവാന്‍ അദ്ദേഹത്തിനായില്ല. സെഞ്ച്വറി പൂര്‍ത്തിയാക്കിയതും സച്ചിന്‍ കൂടാരം കയറി. പിറകെ ഘോഷയാത്ര കണ്ടില്ല. എങ്കിലും പൊരുതാനുള്ള ഊര്‍ജ്ജം അധികമാര്‍ക്കുമുണ്ടായിരുന്നില്ല. 319 റണ്‍സില്‍ ഇന്ത്യ മരണമടഞ്ഞപ്പോള്‍ ഒരു പൂര്‍ണ്ണ ദിവസം ബാക്കിനില്‍ക്കെ ഐ.സി.സി റാങ്കിംഗിലെ ഒന്നാം ടീമിനെ ഗ്രയീം സ്‌മിത്തിന്റെ സംഘം ഇല്ലാതാക്കി. മഹേന്ദ്രസിംഗ്‌ ധോണിയെന്ന നായകന്റെ കീഴില്‍ ഇന്ത്യയുടെ ആദ്യ തോല്‍വിയില്‍ കളിയിലെ കേമന്‍പ്പട്ടം സ്വന്തമാക്കിയത്‌ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിലെ ആണിക്കല്ലായ ഹാഷിം അംല.
ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ ഊതിനിറച്ച ബാറ്റിംഗ്‌ ബലൂണിന്റെ കാറ്റഴിക്കുന്നതില്‍ മുന്നില്‍ നിന്ന ഡാലെ സ്റ്റെന്‍ രണ്ടാ ം ഇന്നിംഗ്‌സിലും മൂന്ന്‌ ഇന്ത്യക്കാരെ കൂടാരം കയറ്റി ഒരൊറ്റ മല്‍സരത്തില്‍ നിന്ന്‌ പത്ത്‌ വിക്കറ്റുകള്‍ സ്വന്തമാക്കി. ഇന്ത്യയുടെ സ്‌പിന്‍ കൂടാരത്തില്‍ പരിചയത്തിന്റെ വിശ്വാസമില്ലാത വന്ന പോള്‍ ഹാരിസ്‌ എന്ന ആഫ്രിക്കന്‍ സ്‌പിന്നര്‍ക്കും രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന്‌ വിക്കറ്റ്‌ കിട്ടി.
റാങ്കിംഗിലെ ഒന്നാമന്മാരെ പൂര്‍ണ്ണമായും കെട്ടിയിട്ടാണ്‌ സന്ദര്‍ശകര്‍ നാലാം ദിവസം തുടങ്ങിയത്‌. സച്ചിനിലെ ബാറ്റ്‌സ്‌മാന്‍ കീഴടങ്ങിയ കുതിരയെ പോലെയായിരുന്നു. പന്തിനെ തട്ടിമുട്ടി നീങ്ങിയ അദ്ദേഹത്തില്‍ സമ്മര്‍ദ്ദത്തിന്റെ അമിത ഭാരമുണ്ടായിരുന്നു. സച്ചിന്‍ പുറത്തായാല്‍ എല്ലാം പെട്ടന്ന്‌ അവസാനിക്കുമെന്നിരിക്കെ പ്രതിരോധത്തിന്റെ സമരമുഖത്ത്‌ സച്ചിന്‍ ഒറ്റപ്പെട്ടപ്പോള്‍ മല്‍സരം വിരസമായി. മുരളി വിജയ്‌, ബദരീനാഥ്‌, എം.എസ്‌ ധോണി എന്നിവരെല്ലാം വേഗം പുറത്തായപ്പോള്‍ ഹര്‍ഭജന്‍സിംഗ്‌ (39), സാഹ (36), സഹീര്‍ (33) എന്നിവര്‍ പൊരുതി നിന്നു. വിശ്വസ്‌തരായ ഓപ്പണര്‍മാര്‍-ഗൗതം ഗാംഭീറും (1), സേവാഗും (16) മൂന്നാം ദിവസം തന്നെ കൂടാരം കയറിയിരുന്നു. സച്ചിനൊപ്പം നിന്ന വിജയ്‌ 90 പന്തില്‍ 32 റണ്‍സ്‌ നേടി. ബദരീനാഥിന്റെ വിക്കറ്റും (6) പെട്ടെന്നാണ്‌ വീണത്‌. തനിക്കറിയാത്ത പ്രതിരോധത്തിന്റെ വഴിയില്‍ 112 പന്തുകള്‍ ധോണി കളിച്ചു. ഒടുവില്‍ ഹാരിസിന്‌ വിക്കറ്റും നല്‍കി.
സ്‌ക്കോര്‍കാര്‍ഡ്‌
ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സ്‌ ആറ്‌ വിക്കറ്റിന്‌ 558 ഡിക്ലയേര്‍ഡ്‌. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌ 233. രണ്ടാം ഇന്നിംഗ്‌സ്‌: ഗാംഭീര്‍-ബി-മോര്‍ക്കല്‍-1, സേവാഗ്‌-സി-സ്‌മിത്ത്‌-ബി-സ്‌റ്റെന്‍-16, വിജയ്‌-സി-മോര്‍ക്കല്‍-ബി-ഹാരിസ്‌-32, സച്ചിന്‍-ബി-ഹാരിസ്‌-100, ബദരീനാഥ്‌-സി-ബൗച്ചര്‍-ബി-പാര്‍നല്‍-6, ധോണി-സി-ഡി വില്ലിയേഴ്‌സ്‌-ബി-ഹാരിസ്‌-25, സാഹ-എല്‍.ബി.ഡബ്ല്യൂ-ബി-സ്‌റ്റെന്‍-36, ഹര്‍ഭജന്‍-എല്‍.ബി.ഡബ്ല്യൂ-ബി-പാര്‍നല്‍-39,സഹീര്‍-സി-ഹാരിസ്‌-ബി-0-കാലിസ്‌-33, മിശ്ര-ബി-സ്‌റ്റെന്‍-0, ഇഷാന്ത്‌ -നോട്ടൗട്ട്‌-0, എക്‌സ്‌ട്രാസ്‌-31, ആകെ 107-1 ഓവറില്‍ 319 ന്‌ എല്ലാവരും പുറത്ത്‌. വിക്കറ്റ്‌ പതനം: 1-1 (ഗാംഭീര്‍), 2-24 (സേവാഗ്‌), 3-96 (വിജയ്‌), 4-122 (ബദരീനാഥ്‌), 5-192 (സച്ചിന്‍), 6-209 (ധോണി), 7-259 (ബാജി), 8-318 (സഹീര്‍),9-318 (സാഹ), 10-319 (മിശ്ര). ബൗളിംഗ്‌: സ്റ്റെന്‍ 18.1-1-57-3, മോര്‍ക്കല്‍ 21-6-65-1, പാര്‍നല്‍ 13-2-58-2, ഹാരിസ്‌ 38-17-76-3, കാലിസ്‌ 12-3-19-1, ഡുമിനി 5-0-21-0.

ഇന്ത്യ ചാമ്പ്യന്മാര്‍
ധാക്ക: പതിനൊന്നാമത്‌ ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ആദ്യ ദിവസം മുതല്‍ ആധിപത്യം പുലര്‍ത്തിയ ഇന്ത്യ പ്രതിയോഗികളെ ബഹുദൂരം പിറകിലാക്കി ഒന്നാമതെത്തി. ഇന്നലെ സമാപിച്ച ഗെയിംസില്‍ ഇന്ത്യ സ്വന്തമാക്കിയത്‌ 90 സ്വര്‍ണ്ണമാണ്‌. പാക്കിസ്‌താന്‍ രണ്ടാമതും ആതിഥേയരായ ബംഗ്ലാദേശ്‌ മൂന്നാമതും വന്നു.

വിന്‍ഡീസ്‌ വീണ്ടും തകര്‍ന്നു
അഡലെയ്‌ഡ്‌: ഓസ്‌ട്രലിയക്കെതിരായ രണ്ടാം ഏകദിനത്തിലും വിന്‍ഡീസിന്‌ കൂറ്റന്‍ തോല്‍വി. മെല്‍ബണില്‍ നടന്ന ആദ്യ മല്‍സരത്തില്‍ 113 റണ്‍സിന്‌ പരാജയപ്പെട്ട ടീം ഇന്നലെ എട്ട്‌ വിക്കറ്റിന്‌ തോറ്റത്‌. ഇന്നലെ ആദ്യം ബാറ്റ്‌ ചെയ്‌ത സന്ദര്‍ശകര്‍ കേവലം 34.4 ഓവറില്‍ 170 റണ്‍സിന്‌ പുറത്തായപ്പോള്‍ ഓസ്‌ട്രേലിയ 26.3 ഓവറില്‍ 171 റണ്‍സ്‌ നേടി. ഫാസ്റ്റ്‌ ബൗളര്‍ ഡഫ്‌ ബൊളീഗ്നര്‍ക്ക്‌ മുന്നിലാണ്‌ വിന്‍ഡീസ്‌ തരിപ്പണമായത്‌. 28 റണ്‍സ്‌ മാത്രം നല്‍കി അദ്ദേഹം നാല്‌ വിക്കറ്റ്‌ നേടി.

No comments: