Friday, February 5, 2010

TERRY OUT

ഡെക്കോ ലോകകപ്പ്‌ വരെ
ലിസ്‌ബണ്‍: പോര്‍ച്ചുഗീസ്‌ പ്ലേ മേക്കര്‍ ഡെക്കോ ലോകകപ്പിന്‌ ശേഷം രാജ്യാന്തര ഫുട്‌ബോള്‍ വിടും. റേഡിയോ ഗ്ലോബോയുമായുള്ള അഭിമുഖത്തില്‍ ഡെക്കോ തന്നെയാണ്‌ ഈ കാര്യം വ്യക്തമാക്കിയത്‌. നിലവില്‍ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കായി കളിക്കുന്ന ഡെക്കോ പക്ഷേ ക്ലബ്‌ ഫുട്‌ബോളില്‍ തുടരും. 32 കാരനായ താരത്തിന്റെ മികവില്‍ പോര്‍ച്ചുഗല്‍ രാജ്യാന്തര രംഗത്ത്‌ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്‌. തന്റെ പ്രായത്തില്‍ രാജ്യാന്തര ഫുട്‌ബോളും ക്ലബ്‌ ഫുട്‌ബോളും ഒരുമിച്ച്‌ കൊണ്ട്‌ പോവുക പ്രയാസമായതിനാലാണ്‌ വിരമിക്കുന്നതെന്ന്‌ ഡെക്കോ പറയുന്നു. പോര്‍ച്ചുഗീസ്‌ ക്ലബായ എഫ്‌.സി പോര്‍ട്ടോയുടെ നിരയിലുടെയാണ്‌ ഉയരം കുറഞ്ഞ മധ്യനിരക്കാരന്‍ ലോകത്തോളം അറിയപ്പെട്ടത്‌. പോര്‍ട്ടോയുടെ കിരീട നേട്ടങ്ങളില്ലെല്ലാം അദ്ദേഹത്തിന്‌ പങ്കുണ്ടായിരുന്നു. അവിടെ നിന്നാണ്‌ സ്‌പാനിഷ്‌ ലീഗില്‍ ബാര്‍സിലോണയുടെ കുപ്പായത്തിലേക്ക്‌ വന്നത്‌. 2008 ലാണ്‌ ബാര്‍സ വിട്ട്‌ ഡെക്കോ പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ നീലകുപ്പായത്തില്‍ വന്നത്‌.
ബ്രസീല്‍ വംശജനായ ഡെക്കോ 2002 ലാണ്‌ ദേശീയ ടീമില്‍ എത്തിയത്‌. ആദ്യ മല്‍സരത്തില്‍ തന്നെ അദ്ദേഹം തോല്‍പ്പിച്ചത്‌ ജന്മനാടായ ബ്രസീലിനെയായിരുന്നു. 71 മല്‍സരങ്ങളാണ്‌ ഇതിനകം അദ്ദേഹം രാജ്യത്തിനായി കളിച്ചത്‌.

ടെറി ടെന്‍ഷന്‍
ലണ്ടന്‍:ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ ടീം ക്യാപ്‌റ്റന്‍ ജോണ്‍ ടെറി ടെന്‍ഷനിലാണ്‌..... ടെറിയെക്കാള്‍ ആകാംക്ഷയിലാണ്‌ ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ പ്രേമികള്‍... വിഷയം ചെറുതല്ല. ലോകകപ്പ്‌ സീസണില്‍ ഇംഗ്ലീഷ്‌ ഫുട്‌ബോളിനെ തന്നെ ബാധിച്ചേക്കാവുന്ന നിര്‍ണ്ണായക തീരുമാനമാണ്‌ വരാന്‍ പോവുന്നത്‌. ലൈംഗിക വിവാദത്തില്‍ കുടുങ്ങിയ ഇംഗ്ലീഷ്‌ ക്യാപ്‌റ്റന്റെ തൊപ്പി തെറിക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ നിയോഗിതനായ ദേശീയ കോച്ച്‌ ഫാബിയോ കാപ്പലോയെ ടെറി കാണുന്ന ദിവസമാണിന്ന്‌.... ഇന്നലെ കാപ്പലോ ഇവിടെയെത്തിയിട്ടുണ്ട്‌. മാധ്യമ പ്രവര്‍ത്തകര്‍ സമീപിച്ചപ്പോള്‍ അനുയോജ്യമായ തീരുമാനമെടുക്കുമെന്ന ഉറപ്പാണ്‌ അദ്ദേഹം നല്‍കിയത്‌. ടെറിയെ ക്യാപ്‌റ്റന്‍ സ്ഥാനത്ത്‌ നിലനിര്‍ത്തിയാല്‍ അത്‌ ടീമിലെ സഹതാരമായ വെയിന്‍ ബ്രിഡ്‌ജിനെ ബാധിക്കുമോ എന്നതാണ്‌ കാപ്പലോയെ അലട്ടുന്ന പ്രശ്‌നം. ബ്രിഡ്‌ജിന്റെ മുന്‍കാമുകിയുമായാണ്‌ ടെറിക്ക്‌ ബന്ധമുള്ളത്‌. ടെറിയും ബ്രിഡ്‌ജും നല്ല സുഹൃത്തുക്കളാണ്‌. പക്ഷേ വിവാദത്തില്‍ ഇത്‌ വരെ പ്രതികരിച്ചിട്ടില്ലാത്ത ബ്രിഡ്‌ജിന്റെ മനസ്‌ വ്യക്തമല്ല. ടെറിയെ തല്‍സ്ഥാനത്ത്‌ നിലനിര്‍ത്തിയാല്‍ ബ്രിഡ്‌ജ്‌ പ്രതികരിക്കുമോ എന്നതും വ്യക്തമല്ല.
ദേശീയ ടീമിന്റെ നായകനാവുന്ന വ്യക്തിക്ക്‌ ടീമില്‍ മാത്രമല്ല, പുറത്തും വലിയ സ്ഥാനമുള്ളതിനാല്‍ വിവാദ വിഷയത്തില്‍ തീരുമാനം എളുപ്പമാവില്ലെന്നാണ്‌ ഇംഗ്ലണ്ടിന്റെ മുന്‍ കോച്ചായ ഗ്രഹാം ടെയ്‌ലര്‍ അഭിപ്രായപ്പെട്ടത്‌.

യൂസഫ്‌ നിര്‍ണ്ണായകം
ഹൈദരാബാദ്‌: ദുലിപ്‌ ട്രോഫി ആര്‌ സ്വന്തമാക്കുമെന്ന്‌ ഇന്നറിയാം.... രാജിവ്‌ ഗാന്ധി സ്‌റ്റേഡിയത്തില്‍ അന്തിമ ദിവസ നോട്ടപ്പുള്ളി യൂസഫ്‌ പത്താന്‍ എന്ന വെടിക്കെട്ടുകാരനാണ്‌.... ആതിഥേയരായ ദക്ഷിണ മേഖലയെ പരാജയപ്പെടുത്താന്‍ പശ്ചിമ മേഖലക്ക്‌ ഇനിയും 157 റണ്‍സ്‌ വേണം. നാല്‌ വിക്കറ്റും ശേഷിക്കുന്നു. 84 റണ്‍സുമായി ക്രിസിലുള്ള യൂസഫ്‌ പത്താനാണ്‌ നിര്‍ണ്ണായക ഘടകം. ആദ്യ ഇന്നിംഗ്‌സില്‍ വെടിക്കെട്ട്‌ വേഗതയില്‍ സെഞ്ച്വറി സ്വന്തമാക്കിയ യുസഫ്‌ ഇന്നലെ അതേ പ്രകടനമാണ്‌ ആവര്‍ത്തിച്ചത്‌. യൂസഫ്‌ വെടി തുടര്‍ന്നാല്‍ ദിനേശ്‌ കാര്‍ത്തിക്കിന്റെ സംഘം തോല്‍ക്കും. ആദ്യ ഇന്നിംഗ്‌സില്‍ 400 റണ്‍സ്‌ നേടിയ ദക്ഷിണ മേഖല രണ്ടാം ഇന്നിംഗ്‌സ്‌ ഒമ്പത്‌ വിക്കറ്റിന്‌ 386 റണ്‍സ്‌ എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്‌തിരുന്നു. ഈ ഘട്ടത്തില്‍ പശ്ചിമ മേഖലക്ക്‌ വിജയിക്കാനാവശ്യം 536 റണ്‍സായിരുന്നു. വലിയ ലക്ഷ്യത്തിലേക്ക്‌ സധൈര്യമാണ്‌ വസീം ജാഫറിന്റെ ടീം കളിച്ചത്‌. ഓപ്പണര്‍ ചിരാഗ്‌ പഥക്‌ തകര്‍പ്പന്‍ സെഞ്ച്വറി സ്വന്തമാക്കിയപ്പോള്‍ 45 റണ്‍സുമായി ഖാദിവാല ഉറച്ച പിന്തുണ നല്‍കി. ഖാദിവാല 44 ല്‍ പുറത്തായപ്പോഴെത്തിയ നായകന്‍ ജാഫര്‍ സ്വതസിദ്ധമായ കരുത്തില്‍ 66 റണ്‍സ്‌ നേടി. പക്ഷേ താക്കറും രവീന്ദു ജഡേജയും പെട്ടെന്ന്‌ പുറത്തായത്‌ ദക്ഷിണ മേഖലക്ക്‌ പ്രതീക്ഷ നല്‍കി. ഇവിടെയാണ്‌ രണ്ട്‌ പത്താന്മാര്‍ ഒരുമിച്ചത്‌. വീരോചിത പ്രകടനമാണ്‌ ഇരുവരും നടത്തിയത്‌. സിക്‌സറുകള്‍ക്കൊപ്പമായിരുന്നു യൂസഫ്‌. ഇര്‍ഫാന്‍ ബൗണ്ടറികള്‍ക്കൊപ്പവും. രണ്ട്‌ പേരും ഒന്നിനൊന്ന്‌ മല്‍സരിച്ചപ്പോള്‍ ദക്ഷിണ മേഖല വിറച്ചു. പക്ഷേ മല്‍സരത്തിന്‌ മറ്റൊരു മുഖം നല്‍കി ഇര്‍ഫാന്‍ 42 ല്‍ പുറത്തായി. ഇനി ഇന്നത്തെ ദിവസം-യൂസഫും നാല്‌ വാലറ്റക്കാരും...... സസ്‌പെന്‍സ്‌ ത്രില്ലറാവാം ചിലപ്പോള്‍ ഇന്നത്തെ അവസാനദിനം... ചിലപ്പോള്‍ എല്ലാം പെട്ടെന്ന്‌ അവസാനിക്കാം.

ഇല്ല, പാക്കിസ്‌താന്‌ ജയിക്കാനറിയില്ല
മെല്‍ബണ്‍: വീണ്ടും തോറ്റു പാക്കിസ്‌താന്‍..... ടെസ്റ്റ്‌ പരമ്പര 3-0 ത്തിനും ഏകദിന പരമ്പര 5-0 ത്തിനും അടിയറവ്‌ പറഞ്ഞ പാക്കിസ്‌താന്‍ പരമ്പരയിലെ ഏക 20-20 മല്‍സരത്തിലും തോറ്റ്‌ തൊപ്പിയിട്ടു. ഇതോടെ പാക്കിസ്‌താനെതിരായ പരമ്പരയിലെ ഒമ്പത്‌ മല്‍സരങ്ങളില്‍ ഒമ്പതിലും വിജയിച്ച്‌ ഓസ്‌ട്രേലിയ ചരിത്രമെഴുതി. ഇന്നലെ അവസാന ഓവര്‍ വരെ ദീര്‍ഘിച്ച ആവേശത്തില്‍ രണ്ട്‌ റണ്ണിനാണ്‌ ഷുഹൈബ്‌ മാലിക്കിന്റെ ടീം തോറ്റത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ആതിഥേയരെ വരച്ച വരയില്‍ നിര്‍ത്താന്‍ പാക്കിസ്‌താന്‌ കഴിഞ്ഞിരുന്നു. 18.4 ഓവറില്‍ ഓസീസ്‌ 127 ല്‍ പുറത്തായി. മറുപടിയില്‍ 33 പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ കമറാന്‍ അക്‌മല്‍ 64 റണ്‍സ്‌ നേടിയിട്ടും പാക്കിസ്‌താന്‌ ഒമ്പത്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 125 റണ്‍സാണ്‌ നേടാനായത്‌. അവസാന ഓവറില്‍ പത്ത്‌ റണ്‍സ്‌ വേണ്ടിയിരുന്ന പാക്കിസ്‌താന്‌ എട്ട്‌ റണ്‍സാണ്‌ നേടാനായത്‌. ആദ്യ ഓവറില്‍ തന്നെ രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ഷോണ്‍ ടെയിറ്റാണ്‌ പാക്കിസ്‌താനെ ഞെട്ടിച്ചത്‌. ഓസ്‌ട്രേലിയയില്‍ ഒരു ബൗളറുടെ ഏറ്റവും വേഗതയേറിയ പന്തും ടെയിറ്റ്‌ പായിച്ചു. 160.7 കിലോമീറ്റര്‍ വേഗതയിലായിരുന്നു ടെയിറ്റിന്റെ ഒരു പന്ത്‌.

ഇന്ത്യ മാത്രം
ധാക്ക: പാവപ്പെട്ടവരുടെ ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഇന്ത്യ മാത്രം. വ്യാഴാഴ്‌ച്ച തീരുമാനമായ 13 ല്‍ 12 സ്വര്‍ണ്ണവും സ്വന്തമാക്കിയ ഇന്ത്യ ഇന്നലെ നാല്‌ സ്വര്‍ണ്ണവും കൂടി നേടി. പുരുഷ വിഭാഗം വോളിബോളിലായിരുന്നു ഇന്നലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണം

ഇന്ന്‌ തുടക്കം
നാഗ്‌പ്പൂര്‍: ഇന്ത്യക്ക്‌ തോല്‍ക്കാതിരുന്നാല്‍ മതി-ഐ.സി.സി ടെസ്‌റ്റ്‌ റാങ്കിംഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താം. പക്ഷേ ദക്ഷിണാഫ്രിക്കക്ക്‌ ജയിച്ചിരിക്കണം, എങ്കില്‍ മാത്രമാണ്‌ ഒന്നാം റാങ്ക്‌ സ്വന്തമാക്കാനാവുക. ടെസ്റ്റ്‌ ക്രിക്കറ്റിലെ രണ്ട്‌ മുന്‍നിരക്കാര്‍ തമ്മിലുള്ള ബലാബലത്തിന്‌ ഇന്ന്‌ ഗ്രീന്‍പാര്‍ക്കില്‍ തുടക്കമാവുമ്പോള്‍ റാങ്കിംഗിലെ സ്ഥാനം തന്നെയാണ്‌ പ്രശ്‌നം. നിലവില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്നത്‌ നേരിയ മാര്‍ജിനിലാണ്‌. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ്‌ പരമ്പരയിലെ രണ്ട്‌ മല്‍സരങ്ങളും സമനിലയില്‍ അവസാനിച്ചാല്‍ ആ സ്ഥാനം ഇന്ത്യക്ക്‌ നിലനിര്‍ത്താം. പക്ഷേ രണ്ട്‌ കളികളും തോറ്റാല്‍ ഇന്ത്യ പിന്തള്ളപ്പെടും. ദക്ഷിണാഫ്രിക്ക ഒരു ടെസ്റ്റ്‌ ജയിച്ചാല്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ പോയന്റ്‌്‌ നിലയില്‍ തുല്യത വരും.
ഇന്ത്യക്ക്‌ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര കഴിഞ്ഞാല്‍ ടെസ്റ്റ്‌ മല്‍സരങ്ങള്‍ താരതമ്യേന കുറവാണ്‌. അതിനാല്‍ വിജയമാണ്‌ മഹേന്ദ്രസിംഗ്‌ ധോണിയുടെ സംഘത്തിന്‌ അത്യാവശ്യം. പ്രശ്‌നങ്ങളുടെ ബഹളത്തില്‍ നിന്നാണ്‌ ഗ്രയീം സ്‌മിത്തും കുട്ടികളും വന്നിരിക്കുന്നത്‌. ചെറിയ കാലയളവില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ വലിയ കോളിളക്കമാണ്‌ സംഭവിച്ചിരിക്കുന്നത്‌. പഴയ വര്‍ണ്ണവിവേചനത്തിന്റെ കരാള ഹസ്‌തങ്ങള്‍ ഇപ്പോഴുമുണ്ടെന്ന സൂചന നല്‍കി മക്കായ എന്‍ടിനി തുറന്നുവിട്ട ഭൂതം ഇപ്പോഴും സജീവമാണ്‌. അതിന്റെ ഭാഗമായി തന്നെയാണ്‌ ടീമിന്റെ കോച്ച്‌ മിക്കി ആര്‍തറെ ക്രിക്കറ്റ്‌ ദക്ഷിണാഫ്രിക്ക പുറത്താക്കിയത്‌. പിറകെ സെലക്ഷന്‍ കമ്മിറ്റിയെയും പിരിച്ചുവിട്ടു. കെപ്ലര്‍ വെസല്‍സ്‌ എന്ന മുന്‍ നായകന്‍ അംഗമായ സെലക്ഷന്‍ കമ്മിറ്റിക്കാണ്‌ നിലവില്‍ താല്‍കാലിക ചുമതല. സ്‌മിത്ത്‌ എന്ന നായകനാവട്ടെ വിശ്വാസ്യത കാക്കാന്‍ കഴിയുന്നുമില്ല. ഈ സംഘര്‍ഷാവസ്ഥയെ ഉപയോഗപ്പെടുത്താന്‍ ഗ്രീന്‍പാര്‍ക്കില്‍ ഇന്ത്യക്കാവുമോ എന്നതാണ്‌ ക്രിക്കറ്റ്‌ സ്‌നേഹികളുടെ ചോദ്യം.
ഓസ്‌ട്രേലിയയെ ഓസീസ്‌ മണ്ണില്‍ വെച്ച്‌ തോല്‍പ്പിച്ച്‌ ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനം സ്വന്തമാക്കിയവരായിരുന്നു സ്‌മിത്തിന്റെ സംഘം. എന്നാല്‍ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയില്‍ എത്തിയപ്പോള്‍ അവര്‍ തോറ്റു തൊപ്പിയിട്ടു. അതോടെ സ്‌മിത്തിന്റെ ഗ്ലാമറിന്‌ മങ്ങലേറ്റു. ഇന്ത്യയെ ദക്ഷിണാഫ്രിക്കയില്‍ വെച്ച്‌ തോല്‍പ്പിക്കാനായതിന്റെ മികവ്‌ പക്ഷേ ഇന്ത്യന്‍ പര്യടനത്തില്‍ പുലര്‍ത്താന്‍ സ്‌മിത്തിന്റെ ടീമിനായിരുന്നില്ല. ഇന്ത്യയെ ഇന്ത്യന്‍ മണ്ണില്‍ ഒരു ടെസ്റ്റ്‌ പരമ്പരയില്‍ വീഴ്‌ത്താന്‍ സമീപകാലത്ത്‌ ആര്‍ക്കുമായിട്ടില്ല. ഈ വിശ്വാസത്തിലും സ്‌മിത്ത്‌ ആത്മവിശ്വാസത്തോടെയാണ്‌ സംസാരിക്കുന്നത്‌.
ഇന്ത്യയുടെ കരുത്ത്‌ ബാറ്റിംഗാണെങ്കില്‍ ആഫ്രിക്കന്‍ മികവ്‌ ബൗളിംഗിലാണ്‌. വിരേന്ദര്‍ സേവാഗും ഗൗതം ഗാംഭീറും ഇന്ത്യക്ക്‌ ബാറ്റ്‌ കൊണ്ട്‌ നല്‍കുന്ന തുടക്കം പന്ത്‌ കൊണ്ട്‌ ദക്ഷിണാഫ്രിക്കക്ക്‌ നല്‍കാന്‍ മിടുക്കരാണ്‌ ഡാലെ സ്റ്റെനും മോര്‍ണെ മോര്‍ക്കലും. പുതിയ പന്തില്‍ വിസ്‌മയം തീര്‍ക്കുന്നവര്‍.. സേവാഗിന്റെ കൂറ്റന്‍ ഷോട്ടുകള്‍ക്ക്‌ തടയിടാന്‍ കഴിയുന്നവര്‍. സേവാഗും ഗാംഭീറും തളര്‍ന്നാല്‍ സാധാരണ ഇന്ത്യയും തളരാറുണ്ട്‌. ഈ ദൗര്‍ബല്യം മനസ്സിലാക്കി തന്നെ ഇരുവരും പന്തെറിഞ്ഞാല്‍ അത്‌ മല്‍സരത്തെ സ്വാധീനിക്കും.
സേഗാവും ഗാംഭീറും അടുത്ത സുഹൃത്തുക്കളും പരസ്‌പരം അറിയുന്നവരുമാണെങ്കില്‍ ഇതേ ആനുകൂല്യം സ്റ്റെനും മോര്‍ക്കലിനുമുണ്ട്‌. ഇരുവരും നല്ല സുഹൃത്തുക്കളാണ്‌. മോര്‍ക്കലിന്റെ ആയുധം പേസാണ്‌. സ്റ്റെന്‍ സ്വിംഗ്‌ ബൗളറും.
ടോസ്‌ നിര്‍ണ്ണായകമാണ്‌.... ഗ്രീന്‍ പാര്‍ക്കിലെ ട്രാക്ക്‌ രാവിലെ പേസിനെ തുണക്കും. പതുക്കെയാണ്‌ കാര്യങ്ങള്‍ ബാറ്റ്‌സ്‌മാന്‌ അനുകൂലമായി മാറുക. ഇന്ത്യന്‍ ബാറ്റിംഗില്‍ പ്രശ്‌നങ്ങളുണ്ട്‌. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ്‌ മധ്യനിരയില്‍ വിശ്വസ്‌തനായുള്ളത്‌. രാഹുല്‍ ദ്രാവിഡ്‌, വി.വി.എസ്‌ ലക്ഷ്‌മണ്‍ എന്നിവര്‍ പരുക്ക്‌ കാരണമില്ല. യുവരാജ്‌ സിംഗും കളിക്കുന്നില്ല. ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൃഷ്‌ണമാചാരി ശ്രീകാന്തിന്റെ ഇഷ്ടഭാജനങ്ങളായ മുരളി വിജയും എസ്‌.ബദരീനാഥും ഇന്ന്‌ ആദ്യ ഇലവനില്‍ വരാനാണ്‌ സാധ്യത. രോഹിത്‌ ശര്‍മ്മയെ ടീമിലെടുത്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്‌ കളിക്കാന്‍ അവസരമുണ്ടാവില്ല.
ഇന്ത്യക്ക്‌ മധ്യനിരയിലുള്ളത്‌ പോലെയുള്ള പ്രശ്‌നങ്ങളാണ്‌ ദക്ഷിണാഫ്രിക്കക്ക്‌ സ്‌പിന്‍ നിരയിലുള്ളത്‌. പോള്‍ ഹാരിസ്‌, ജഹാന്‍ ബോത്ത എന്നിവരാണ്‌ ടീമിലെ സ്‌പിന്നര്‍മാര്‍. പക്ഷേ ഇന്ത്യന്‍ സാഹചര്യങ്ങളെ ഇവര്‍ക്ക്‌ വലിയ പരിചയമില്ല. ഹര്‍ഭജന്‍സിംഗ്‌, അമിത്‌ മിശ്ര, പ്രഗ്യാന്‍ ഒജ എന്നിവരില്‍ രണ്ട്‌ പേരെ ഇന്ത്യ രംഗത്തിറക്കും. സഹീര്‍ഖാനൊപ്പം ഇഷാന്ത്‌ ശര്‍മ്മയാണ്‌ പേസ്‌ നിരയില്‍ കളിക്കുന്നത്‌. മല്‍സരം രാവിലെ 9-00 മുതല്‍ നിയോ ക്രിക്കറ്റില്‍.

കരീബിയ
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ ടീമിന്‌ വിശ്രമമില്ല... ഇന്നലെയാണ്‌ അവര്‍ പാക്കിസ്‌താനെതിരായ പരമ്പര പൂര്‍ത്തിയാക്കിയത്‌. നാളെ വിന്‍ഡീസിനെതിരായ പഞ്ചമല്‍സര ഏകദിന പരമ്പരക്കിറങ്ങുകയാണ്‌ റിക്കി പോണ്ടിംഗും സംഘവും. എം.സി.ജിയിലാണ്‌ നാളത്തെ അങ്കം. പാക്കിസ്‌താനെതിരായ 20-20 മല്‍സരം പൂര്‍ത്തിയാക്കിയ ശേഷം കാര്യമായ പരിശീലനത്തിന്‌ നില്‍ക്കാതെയാണ്‌ ഓസ്‌ട്രേലിയ ഇറങ്ങുന്നത്‌. ക്രിസ്‌ ഗെയില്‍ നയിക്കുന്ന കരീബിയന്‍ സംഘത്തിന്‌ വലിയ ആഘാതമായി ഓള്‍റൗണ്ടര്‍ ഡ്വിന്‍ ബ്രാവോ പരമ്പരയില്‍ കളിക്കുന്നില്ല. കൈവിരലിനേറ്റ പരുക്ക്‌ ഭേദമാവാത്ത സാഹചര്യത്തിലാണ്‌ ബ്രാവോ വിട്ടുനില്‍ക്കുന്നത്‌. അദ്ദേഹത്തിന്‌ പകരം അനുഭവസമ്പന്നനായ ബാറ്റ്‌സ്‌മാന്‍ വേവല്‍ ഹൈന്‍ഡ്‌സിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഓസ്‌ട്രേലിയക്കെതിരായ 20-20 പരമ്പരയിലും ബ്രാവോക്ക്‌ കളിക്കാനാവില്ല. പരുക്ക്‌ കാരണം അനുഭവ സമ്പന്നരായ ശിവനാരായണ്‍ ചന്ദര്‍പോള്‍, ഫിഡല്‍ എഡ്വാര്‍ഡ്‌സ്‌, രാം നരേഷ്‌ സര്‍വന്‍ എന്നിവര്‍ കളിക്കുന്നില്ല. പ്രധാന സ്‌പിന്നറായ സുലൈമാന്‍ ബെന്നാവട്ടെ സസ്‌പെന്‍ഷനിലുമാണ്‌. വിന്‍ഡീസും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്‌റ്റ്‌ പരമ്പര ക്രിസ്‌തുമസ്സിന്‌ തൊട്ട്‌ മുമ്പാണ്‌ അവസാനിച്ചത്‌. 2-0 എന്ന നിലയില്‍ കങ്കാരുക്കളാണ്‌ പരമ്പര സ്വന്തമാക്കിയത്‌. ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം നാളെ രാവിലെ ഒമ്പത്‌ മുതല്‍ സ്റ്റാര്‍ ക്രിക്കറ്റിലുണ്ട്‌.

No comments: