Thursday, February 11, 2010

THE SAHA SHOW


സാഹ മുക്കി
ലണ്ടന്‍: മൂന്നേ മൂന്ന്‌ ദിവസം മുമ്പായിരുന്നു അത്‌-വിവാദ നായകനായ ജോണ്‍ ടെറിയുടെ പാസില്‍ നിന്നും ദിദിയര്‍ ദ്രോഗ്‌ബെ ഗോള്‍ സ്‌ക്കോര്‍ ചെയ്യുന്നു, പ്രീമിയര്‍ ലീഗില്‍ ചെല്‍സി ശക്തരായ ആഴ്‌സനലിനെ തോല്‍പ്പിച്ച്‌ ഒന്നാം സ്ഥാനം പിടിച്ചെടുക്കുന്നു. പക്ഷേ എത്ര പെട്ടെന്നാണ്‌ തിരക്കഥയും റിസല്‍ട്ടുമെല്ലാം മാറിയത്‌. പ്രീമിയര്‍ ലീഗില്‍ ഇന്നലെ ചെല്‍സി തോറ്റു തൊപ്പിയിട്ടു. പ്രതിയോഗികള്‍ വന്‍കിടക്കാരായിരുന്നില്ല. ലൂയിസ്‌ സാഹയെന്ന ഫ്രഞ്ചുകാരന്റെ വിലാസത്തില്‍ കളിച്ച എവര്‍ട്ടണ്‍. 2-1 നാണ്‌ എവര്‍ട്ടണ്‍ ശക്തരെ വീഴ്‌ത്തിയത്‌. ഇവിടെ അവസാനിക്കുന്നില്ല കാര്യങ്ങള്‍. ചെല്‍സിക്ക്‌ മുന്നില്‍ അടിയറവ്‌ പറഞ്ഞ ആഴ്‌സന്‍ വെംഗറുടെ ആഴ്‌സനല്‍ പ്രബലരായ ലിവര്‍പൂളിനെ ഏക ഗോളിന്‌ മുക്കി പരാജയകാലത്തിന്‌ അന്ത്യമിട്ടു. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്‌ പക്ഷേ വിജയിക്കാനായില്ല. ആസ്‌റ്റണ്‍ വില്ലക്ക്‌ മുന്നില്‍ അവര്‍ സമനില വഴങ്ങി. ഇന്നലെ നടന്ന മറ്റ്‌ മല്‍സരങ്ങളില്‍ ബ്ലാക്‌ബര്‍ണ്‍ ഒരു ഗോളിന്‌ ഹള്‍ സിറ്റിയെയും വെസ്‌റ്റ്‌ ഹാം യുനൈറ്റഡ്‌ രണ്ട്‌ ഗോളിന്‌ ബിര്‍മിംഗ്‌ഹാമിനെയും വോള്‍വ്‌സ്‌ ഒരു ഗോളിന്‌ ടോട്ടന്‍ഹാമിനെയും പരാജയപ്പെടുത്തി.
ടേബിളില്‍ ഇപ്പോഴും ചെല്‍സി തന്നെ മുന്നില്‍. 26 മല്‍സരങ്ങള്‍ എല്ലാ ടീമുകളലും പൂര്‍ത്തിയാക്കിയപ്പോള്‍ ചെല്‍സി 58 ലും മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ 57 ലും ആഴ്‌സനല്‍ 52 ലും നില്‍ക്കുന്നു.
എവര്‍ട്ടണ്‍ ഇന്നലെ തോല്‍പ്പിച്ചത്‌ ചെല്‍സിയെയായിരുന്നില്ല-ജോണ്‍ ടെറിയെയായിരുന്നു. വിവാദം തന്റെ ഫുട്‌ബോളിനെ ബാധിച്ചിട്ടില്ലെന്ന്‌ ഉറക്കെ പ്രഖ്യാപിച്ചാണ്‌ ആഴ്‌സനലിനെതിരെ തകര്‍പ്പന്‍ പ്രകടനം നായകന്‍ കാഴ്‌ച്ചവെച്ചത്‌. എന്നാല്‍ ഇന്നലെ എവര്‍ട്ടണ്‍ മുന്‍നിരക്കാരന്‍ സാഹ നേടിയ രണ്ട്‌ ഗോളുകളും ടെറിയുടെ കുറ്റകരമായ പിഴവുകളില്‍ നിന്നായിരുന്നു. സാഹ ആദ്യ ഗോള്‍ നേടിയത്‌ ഓട്ടത്തില്‍ ടെറിയെ തോല്‍പ്പിച്ചായിരുന്നു. രണ്ടാം ഗോള്‍ ടെറി പന്ത്‌ അടിച്ചകറ്റാന്‍ സമയമെടുത്തപ്പോഴായിരുന്നു.
മല്‍സരത്തില്‍ ചെല്‍സിക്കായിരുന്നു വ്യക്തമായ ആധിപത്യം. ഫ്രഞ്ച്‌ മധ്യനിരക്കാരന്‍ ഫ്‌ളോറന്‍ഡ്‌ മലൂഡയുടെ ഗോളില്‍ മുന്നിലെത്തുകയും ചെയ്‌തിരുന്നു അവര്‍. പക്ഷേ സാഹയുടെ അതിവേഗതയില്‍ സമനില വഴങ്ങി. പിന്നെ ഭാഗ്യത്തിന്‌ രക്ഷപ്പെടുന്നതും കണ്ടു. അമേരിക്കന്‍ നായകനും എവര്‍ട്ടണ്‍ മധ്യനിരയുടെ കുന്തമുനയുമായ ലെന്‍ഡാന്‍ ഡോണോവാനെ ചെല്‍സി പിന്‍നിരക്കാരന്‍ റെക്കാര്‍ഡോ കാര്‍വാലോ ബോക്‌സില്‍ വീഴ്‌ത്തിയപ്പോള്‍ നല്‍കപ്പെട്ട സ്‌പോട്ട്‌ കിക്ക്‌ സാഹക്ക്‌ ലക്ഷ്യത്തിലെത്തിക്കാനായില്ല. പ്രീമിയര്‍ ലീഗ്‌ മാനേജര്‍ എന്ന നിലയില്‍ തന്റെ മൂന്നൂറാമത്‌ മല്‍സരത്തില്‍ ജയിക്കാനായത്‌ വലിയ നേട്ടമാണെന്ന്‌ എവര്‍ട്ടണ്‍ പരിശീലകന്‍ ഡേവിഡ്‌ മോയെ പറഞ്ഞു. കാര്‍ലോസ്‌ അന്‍സലോട്ടി എന്ന ഇറ്റലിക്കാരന്‍ പരിശീലകനായ ശേഷം ചെല്‍സിക്ക്‌ പിഴച്ചിരുന്നില്ല. തുടര്‍ച്ചയായി പതിമൂന്ന്‌ മല്‍സരങ്ങള്‍ തോല്‍വിയറിയാത അവര്‍ കളിച്ചു.
മുന്‍നിരയില്‍ ദ്രോഗ്‌ബെയെ ആയുധമാക്കിയാണ്‌ പതിവ്‌ പോലെ ചെല്‍സി കളിച്ചത്‌. പക്ഷേ ഐവറിക്കാരനെ എവര്‍ട്ടണ്‍ പിന്‍നിര പ്രത്യേകം നോട്ടമിട്ടതോടെ അവരുടെ ആക്രമണത്തിന്റെ മുനയൊടിഞ്ഞു.
സ്വന്തം മൈതാനത്ത്‌ ആഴ്‌സനലിന്‌ അമൃതയായ വിജയം നല്‍കിയത്‌ അബു ദിയാബിയായിരുന്നു. കഴിഞ്ഞ ലീഗ്‌ മല്‍സരങ്ങളില്ലെല്ലാം ഗോളടിക്കാന്‍ മറന്നവരായിരുന്നു വെംഗറുടെ ടീം. പക്ഷേ നിര്‍ണ്ണായക മല്‍സരത്തില്‍ അവര്‍ അവസരത്തിനൊത്തുയര്‍ന്നു. 2004 ലാണ്‌ പ്രീമിയര്‍ ലീഗില്‍ അവസാനമായി ഗണ്ണേഴ്‌സ്‌ മുത്തമിട്ടത്‌. ആ നേട്ടത്തിന്‌ ശേഷം ഇത്തവണയാണ്‌ അവര്‍ക്ക്‌ നല്ല തുടക്കം ലഭിച്ചത്‌. പക്ഷേ വഴിമധ്യേ ലക്ഷ്യം നഷ്‌ടപ്പെട്ട ടീമിനിപ്പോള്‍ അര്‍ഷവനിലും ദിയാബിയിലും ഫാബ്രിഗസിലും മികച്ച മുന്‍നിരക്കാരുണ്ട്‌. ആഴ്‌സനലിന്റെ ശനിദശ മനലിലാക്കി എളുപ്പ വിജയം തേടിയാണ്‌ എമിറ്റേറ്റ്‌സ്‌ സ്‌റ്റേഡിയത്തില്‍ റാഫേല്‍ ബെനിറ്റസിന്റെ ചുവപ്പന്‍ സംഘമിറങ്ങിയത്‌. പക്ഷേ നായകന്‍ സ്റ്റീവന്‍ ജെറാര്‍ഡിന്റെ ഫോം പോലെ ടീം തളര്‍ന്നു.
ഈ മാസം അവസാനം നടക്കേണ്ട കാര്‍ലിംഗ്‌ കപ്പ്‌ ഫൈനല്‍ പോലെയായിരുന്നു മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌-ആസ്‌റ്റണ്‍വില്ല മല്‍സരം. കാര്‍ലിംഗ്‌ കപ്പിനായി ഏറ്റുമുട്ടുന്ന ടീമുകള്‍ തമ്മിലുള്ള പോരാട്ടം തുല്യ ശക്തികളുടേതായിരുന്നു. മല്‍സരത്തിന്റെ ഇരുപത്തിയെട്ടാം മിനുട്ടില്‍ തന്നെ മാഞ്ചസ്റ്റര്‍ മധ്യനിരക്കാരന്‍ നാനി ചുവപ്പു കാര്‍ഡുമായി പുറത്തായതിന്റെ ആനുകൂല്യം പക്ഷേ ടോട്ടന്‌ ഉപയോഗപ്പെടുത്താനായില്ല. സ്റ്റിലിയന്‍ പെട്രോവിനെ മാരകമായി ഫൗള്‍ ചെയ്‌തതിനാണ്‌ നാനിയെ പുറത്താക്കിയത്‌. അദ്ദേഹത്തിന്‌ അടുത്ത മൂന്ന്‌ മല്‍സരവും നഷ്ടമാവും. കാര്‍ഡലിംഗ്‌ കപ്പിന്റെ ഫൈനലിലും കളിക്കാനാവില്ല. പത്തൊമ്പതാം മിനുട്ടില്‍ കാര്‍ലോസ്‌ കുളറാണ്‌ വില്ലയുടെ ഗോള്‍ നേടിയത്‌. തുടര്‍ന്ന്‌ വില്ല ബോക്‌സിലെ പരിഭ്രാന്തി ഉപയോഗപ്പെടുത്തി നാനി തന്നെയാണ്‌ സമനില ഗോളിന്‌ അവസരമൊരുക്കിയത്‌.

No comments: