Friday, February 19, 2010

great aussi

ഓസീസ്‌ 5-0
മെല്‍ബണ്‍:റിക്കി പോണ്ടിംഗിന്റെ ഓസ്‌ട്രേലിയ കുതികുതിക്കുന്നു.... ഇന്നലെ നടന്ന അഞ്ചാം ഏകദിനത്തിലും അവര്‍ വിന്‍സീഡിനെ തരിപ്പണമാക്കി. ആദ്യ മൂന്ന്‌ മല്‍സരങ്ങളിലും വിജയം വരിച്ച്‌ നേരത്തെ തന്നെ ആതിഥേയര്‍ പരമ്പര സ്വന്തമാക്കിയിരുന്നു. ഒരു മല്‍സരം മഴയില്‍ മുടങ്ങി. അവസാന മല്‍സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഓസ്‌ട്രേലിയ അഞ്ച്‌ വിക്കറ്റിന്‌ 324 റണ്‍സ്‌ നേടിയപ്പോള്‍ തന്നെ ചിത്രം വ്യക്തമായിരുന്നു. വിന്‍ഡീസിന്‌ 199 റണ്‍സ്‌ നേടാനാണ്‌ കഴിഞ്ഞത്‌. 47 റണ്‍സ്‌ നേടിയ ഡാരല്‍ സാമി മാത്രമാണ്‌ ചെറുത്തുനിന്നത്‌. 125 റണ്‍സ്‌ വിജയത്തിന്‌ ഓസീസിനെ സഹായിച്ച ബൗളര്‍ ഡഫ്‌ ബൊളീഗ്നറാണ്‌. 33 റണ്‍സിന്‌ അദ്ദേഹം മൂന്ന്‌ വിക്കറ്റ്‌ സ്വന്തമാക്കി. പരമ്പരയില്‍ ഇനി രണ്ട്‌ 20-20 മല്‍സരങ്ങളുണ്ട്‌. നാളെ ആദ്യ മല്‍സരം നടക്കും.

കടുവകള്‍ പൊരുതി വീണു
ഹാമില്‍ട്ടണ്‍: സിദാന്‍ പാര്‍ക്കില്‍ ബംഗ്ലാദേശ്‌ ന്യൂസിലാന്‍ഡിനെ വിറപ്പിച്ചിരുന്നു. പക്ഷേ അവസാന ദിവസത്തില്‍ അന്തിമ വിജയം കിവീസിനൊപ്പം നിന്നു. 121 റണ്‍സിന്റെ വിജയമാണ്‌ ഏക ടെസ്റ്റ്‌ മല്‍സരത്തില്‍ കിവസ്‌ സ്വന്തമാക്കിയത്‌. നായകന്‍ ഷക്കീബ്‌ അല്‍ ഹസന്റെ കന്നി സെഞ്ച്വറിയില്‍ പൊരുതിനിന്ന കടുവകള്‍ രണ്ടാം ഇന്നിംഗ്‌സില്‍ 282 റണ്‍സാണ്‌ നേടിയത്‌. ആവേശകരമായിരുന്നു അഞ്ച്‌ ദിവസ മല്‍സരം. ആദ്യം ബാറ്റ്‌ ചെയ്‌ത കിവീസ്‌ മാര്‍ട്ടിന്‍ ഗുപ്‌ടില്‍ (189), ബ്രെന്‍ഡന്‍ മക്കുലം (185) എന്നിവരുടെ മികവില്‍ ഏഴ്‌ വിക്കറ്റിന്‌ 553 റണ്‍സ്‌ നേടിയപ്പോള്‍ ബംഗ്ലാദേശ്‌ മഹമൂദുല്ല (115), ഷാക്കിബ്‌ (87), തമീം (68
) എന്നിവരുടെ കരുത്തില്‍ 408 റണ്‍സ്‌ നേടി. രണ്ടാം ഇന്നിംഗ്‌സില്‍ കിവീസ്‌ അഞ്ച്‌ വിക്കറ്റിന്‌ 258 റണ്‍സ്‌ നേടി ഡിക്ലയര്‍ ചെയ്‌തു. വിജയിക്കാന്‍ 403 റണ്‍സ്‌ ആവശ്യമായ കടുവകള്‍ 282 പുറത്തായി.

സ്‌മിത്തിന്‌ നിരാശ
കൊല്‍ക്കത്ത: ഒരിക്കക്കൂടി പരുക്കുമായി നിര്‍ണ്ണായകമായ പരമ്പര നഷ്‌മാവുന്നതിന്റെ നിരാശയിലാണ്‌ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രയീം സ്‌മിത്ത്‌. കൊല്‍ക്കത്ത ടെസ്റ്റിനിടെ കൈവിരലിന്‌ പരുക്കേറ്റ സ്‌മിത്ത്‌ ഏകദിന പരമ്പരയില്‍ കളിക്കാതെ ഇന്ന്‌ നാട്ടിലേക്ക്‌ മടങ്ങും. പത്ത്‌ ദിവസത്തെ വിശ്രമമാണ്‌ അദ്ദേഹത്തിന്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. സ്‌മിത്തിന്‌ പകരം ജാക്‌ കാലിസാണ്‌ ടീമിനെ നയിക്കുന്നത്‌. സ്‌മിത്തിന്റെ ബാറ്റിംഗ്‌ സ്ഥാനം ഫോമിലുള്ള ഹാഷിം അംലക്ക്‌ നല്‍കും.

ഒന്നാം ഏകദിനം നാളെ
ജയ്‌പ്പൂര്‍: പിങ്ക്‌ സിറ്റിയില്‍ ഇന്ന്‌ തകര്‍പ്പന്‍ പകല്‍ രാത്രി പോരാട്ടം. ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം നാളെ ഇവിടെ നടക്കും. രണ്ട്‌ ടീമുകളും ഇവിടെ എത്തിയിട്ടുണ്ട്‌. രണ്ടാം ഏകദിനം 24ന്‌ ഗ്വാളിയോറിലും അവസാന ഏകദിനം 27ന്‌ അഹമ്മദാബാദിലും നടക്കും.

സനത്‌ രാഷ്‌ട്രീയം
കൊളംബോ: ക്രിക്കറ്റ്‌ ക്രീസില്‍ സിക്‌സറുകളുടെ പേമാരി പെയ്യിക്കാറുള്ള സനത്‌ ജയസൂര്യ ഇതാ ക്രിക്കറ്റ്‌ വിടാതെ തന്നെ രാഷ്‌ട്രീയത്തിലേക്കും. ലങ്കന്‍ പ്രസിഡണ്ട്‌ മഹേന്ദ്ര രാജപക്‌സെയുടെ പാര്‍ട്ടിയില്‍ അംഗമായാണ്‌ സനത്‌ വരാനിരിക്കുന്ന പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്‌. നാല്‍പ്പതുകാരനായ സനത്‌ അടുത്ത ലോകകപ്പോടെ കളം വിടാന്‍ ഒരുങ്ങുകയാണ്‌. അതിന്‌ മുമ്പ്‌ തന്നെയാണ്‌ അദ്ദേഹം സ്വന്തം തട്ടകത്ത്‌ രാഷഅട്രീയ ഇന്നിംഗ്‌സിന്‌ തുടക്കമിടുന്നത്‌.
നാനസ്‌ വിരമിച്ചു
സിഡ്‌നി: രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം വളരെ വൈകിയ ഡിര്‍ക്ക്‌ നാനസ്‌ എന്ന സീമര്‍ ഇനി പ്രാദേശിക, ഐ.പി.എല്‍ ക്രിക്കറ്റില്‍ മാത്രം. നാനസ്‌ രാജ്യാന്തര രംഗത്ത്‌ നിന്ന്‌ വിരമിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ കുപ്പായത്തില്‍ അദ്ദേഹത്തെ കാണാം.

സഫര്‍ ആഖ ചന്ദ്രികയില്‍
കോഴിക്കോട്‌: ഇന്ത്യ ടുഡേ എഡിറ്ററായിരുന്ന പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകനും സാമുഹിക പ്രവര്‍ത്തകനുമായ സഫര്‍ ആഖ ചന്ദ്രികയില്‍ സന്ദര്‍ശനം നടത്തി. മുസ്ലിം യൂത്ത്‌ ലീഗ്‌ നാഷണല്‍ യൂത്ത്‌ മീറ്റില്‍ പങ്കെടുക്കാനെത്തിയ ആഖ മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ മുസ്ലിംലീഗും ചന്ദ്രികയും നടത്തുന്ന പ്രവര്‍ത്തനത്തെ ശ്ലാഘിച്ചു. എക്‌സിക്യൂട്ടിവ്‌ എഡിറ്റര്‍ കെ. മൊയ്‌തീന്‍ കോയ, ന്യൂസ്‌ എഡിറ്റര്‍ കമാല്‍ വരദൂര്‍, അസി. ന്യൂസ്‌ എഡിറ്റര്‍ കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ സ്വീകരിച്ചു.

ഇന്ത്യക്ക്‌ രണ്ട്‌ സ്വര്‍ണ്ണം
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത്‌ ഷൂട്ടിംഗ്‌ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനത്തില്‍ ഇന്ത്യക്ക്‌ രണ്ട്‌ സ്വര്‍ണ്ണം. പത്ത്‌ മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ ഗഗന്‍ നരാംഗ്‌-പി.ടി രഘുനാഥ്‌ സഖ്യമാണ്‌ സ്വര്‍ണ്ണം നേടിയത്‌. മലയാളിയായ രഘുനാഥിന്റെ കരുത്താണ്‌ ഗഗന്‌ തുണയായത്‌. വനിതകളുടെ 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ അനീസ സയദ്‌-അനുരാഗ്‌ സിംഗ്‌ സഖ്യവും സ്വര്‍ണ്ണം നേടി.

വരുന്നു
ട്രാവന്‍കൂര്‍ ടൈഗേഴ്‌സ്‌
കോഴിക്കോട്‌: മോഹന്‍ലാലിന്റെ ക്രിക്കറ്റ്‌ തല്‍പ്പരതയില്‍ ഇതാ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിലേക്ക്‌ മലയാള ടീം വരുന്നു. ബോളിവുഡിലെ വന്‍ തോക്കുകളും വ്യവസായ ലോകവും നോട്ടമിട്ടിരിക്കുന്ന കോടികളുടെ കസേരയിലേക്ക്‌ മോഹന്‍ലാലിനൊപ്പം സംവിധായകന്‍ പ്രിയദര്‍ശന്‍, മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പ്‌, പ്രവാസി ബിസിനസുകാര്‍ എന്നിവരൊക്കൊണ്‌ വരുന്നത്‌. 1500 കോടിയാണ്‌ നിക്കിയിരിപ്പായി വേണ്ടത്‌. ആയിരം കോടിയെങ്കിലും ഉണ്ടെങ്കില്‍ മാത്രമാണ്‌ ടീമിനായി അപേക്ഷ നല്‍കാന്‍ കഴിയുക. അപേക്ഷ നല്‍കാന്‍ ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ടീമിന്റെ പേരുകള്‍ പോലും ചര്‍ച്ച ചെയ്യപ്പെട്ടതായാണ്‌ റിപ്പോര്‍ട്ട്‌. ട്രാവന്‍കൂര്‍ ടൈഗേഴ്‌സ്‌ എന്നാണത്രെ ടീമിന്‌ പേരു വാരന്‍ പോവുന്നത്‌.

No comments: