Friday, February 12, 2010

OLY CRICKET

ഇനി ഒളിംപിക്‌സ്‌ ക്രിക്കറ്റ്‌
ലണ്ടന്‍: ഇന്ത്യക്കിതാ ഒരു സമ്പൂര്‍ണ്ണ സന്തോഷ വാര്‍ത്ത...! ക്രിക്കറ്റ്‌ ഇനി ഒളിംപിക്‌സിലും...
ദീര്‍ഘകാല ആവശ്യത്തിന്‌ ഇന്നലെ ഇവിടെ ചേര്‍ന്ന്‌ ഇന്റര്‍നാഷണല്‍ ഒളിംപിക്‌ കമ്മിറ്റിയാണ്‌ പച്ചകൊടി കാട്ടിയിരിക്കുന്നത്‌. എന്നാല്‍ തല്‍ക്കാലം പെട്ടെന്ന്‌ ക്രിക്കറ്റിനെ മല്‍സര ഇനമാക്കി മാറ്റാന്‍ കഴിയില്ല. 2020 ലെ ഒളിംപിക്‌സ്‌ മുതലായിരിക്കും ക്രിക്കറ്റിന്‌ ഒളിംപിക്‌സ്‌ എന്‍ട്രി. 20-20 ക്രിക്കറ്റിനാണ്‌ ഒളിംപിക്‌സ്‌ ഭാഗ്യം ലഭിച്ചിരിക്കുന്നത്‌. 1900 ത്തില്‍ പാരീസില്‍ നടന്ന ഒളിംപിക്‌സില്‍ ക്രിക്കറ്റ്‌ മല്‍സര ഇനമായിരുന്നു. അതിന്‌ ശേഷം വിസ്‌മൃതിയിലേക്ക്‌ പോയ ഗെയിമിന്‌ വേണ്ടി കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ ഭഗീരഥ പ്രയത്‌നമാണ്‌ ഐ.ഒ.സിയുടെ കണ്ണ്‌ തുറപ്പിച്ചത്‌. ഐ.ഒ.സി യോഗത്തില്‍ പങ്കെടുത്ത അംഗങ്ങളില്‍ ഭൂരിപക്ഷവും ക്രിക്കറ്റിന്‌ അനുകൂലമായി ശബ്ദിച്ചപ്പോള്‍ ജാക്വസ്‌ റോജിയുടെ കമ്മിറ്റി തലകുലുക്കി.
ലോക ക്രിക്കറ്റിനെ ഭരിക്കുന്ന ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സിലിനെ (ഐ.സി.സി) അംഗീകരിക്കാനുളള തീരുമാനമാണ്‌ ക്രിക്കറ്റ്‌ എന്ന ഗെയിമിനും ഒളിംപിക്‌സിലേക്ക്‌ വഴി തുറന്നിരിക്കുന്നത്‌. ഒളിംപിക്‌ കമ്മിറ്റിക്ക്‌ കീഴില്‍ ധാരാളം ഫെഡറേഷനുകളുണ്ട്‌. എന്നാല്‍ ഇത്‌ വരെ ഐ.സി.സിയെ അംഗീകരിച്ചിരുന്നില്ല. ഇപ്പോള്‍ അംഗീകാരം ലഭിച്ചതോടെ ഐ.ഒ.സിയുടെ എല്ലാ പരിപാടികള്‍ക്കും ഇനി ഐ.സി.സിക്ക്‌ ക്ഷണമുണ്ടാവും. ഇന്നലെ വാന്‍കൂവറില്‍ ആരംഭിച്ച ശൈത്യകാല ഒളിംപിക്‌സിന്‌ മുന്നോടിയായി ചേര്‍ന്ന ഐ.ഒ.സി യോഗത്തില്‍ ക്രിക്കറ്റിന്‌ അംഗീകാരം നല്‍കുന്നതിനോട്‌ കാര്യമായ എതിര്‍പ്പ്‌ ആരും പ്രകടിപ്പിച്ചിരുന്നില്ലെന്ന്‌ ഐ.ഒ.സി വാര്‍ത്താവിനിമയ വിഭാഗം ഡയരക്ടര്‍ മാര്‍ക്‌ ആഡംസ്‌ വ്യക്തമാക്കി.
ഒളിംപിക്‌ കുടുംബത്തില്‍ അംഗമാവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന്‌ ഐ.സി.സി ചീഫ്‌ എക്‌സിക്യൂട്ടിവ്‌ ഹാറൂണ്‌ ലോര്‍ഗാറ്റ്‌ പറഞ്ഞു. ഒളിംപിക്‌ കുടുംബത്തില്‍ അംഗമാവുക എന്ന്‌ പറഞ്ഞാല്‍ അത്‌ വലിയ നേട്ടമാണ്‌. ഇത്രയും കാലം ഞങ്ങള്‍ ആഗ്രഹിച്ചതും അതാണ്‌. ഒളിംപിക്‌ ഗെയിംസില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഇത്‌ വരെ ഒരു തീരുമാനവുമെടുത്തിട്ടില്ല. എങ്കിലും പുതിയ നീക്കം ക്രിക്കറ്റിന്റെ ആഗോളീകരണം എളുപ്പത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വില്‍പ്പനക്ക്‌
ഐ.പി.എല്‍ ടീമുകള്‍
മുംബൈ: വില്‍പ്പനക്കുണ്ട്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ടീമുകള്‍....! കോടികളുണ്ടെങ്കില്‍ നിങ്ങള്‍ക്ക്‌ സ്വന്തമാക്കാം ഐ.പി.എല്‍ ടീമുകളെ... തുടക്കത്തിലെ ആവേശത്തില്‍ നിന്നും ടീമുകള്‍ പതുക്കെ സത്യം മനസ്സിലാക്കുമ്പോള്‍ ലളിത്‌ മോഡിയുടെ കുട്ടി ക്രിക്കറ്റിന്‌ വലിയ ഡിമാന്‍ഡില്ലാത്ത അവസ്ഥ. നാല്‌ ടീമുകളാണ്‌ വില്‍പ്പനയുടെ പാതയില്‍. പഞ്ചാബ്‌ കിംഗ്‌സ്‌ ഇലവനെ ഏറ്റെടുക്കാന്‍ ഐ.പി.എല്‍ സ്‌പോണ്‍സര്‍മാരില്‍ ഒരാളായ ഹീറോ ഹോണ്ട താല്‍പ്പര്യം പ്രകടിപ്പിച്ചത്‌ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ 1300 കോടി നല്‍കി ടീമിനെ വാങ്ങാന്‍ താല്‍പ്പര്യമില്ലെന്ന്‌ ഹീറോ ഹോണ്ട വ്യക്തമാക്കിയതോടെ വിവാദം അവസാനിക്കുമെന്നാണ്‌ കരുതിയത്‌. പക്ഷേ രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ഡെയര്‍ഡെവിള്‍സുമെല്ലാം ഇപ്പോള്‍ പുതിയ ഉടമയെ തേടുകയാണ്‌. ഐ.പി.എല്ലിന്റെ ആദ്യ സീസണ്‍ കുഴപ്പമുണ്ടായിരുന്നില്ല. പക്ഷേ സുരക്ഷാ പ്രശ്‌നത്തില്‍ രണ്ടാം സീസണ്‍ ദക്ഷിണാഫ്രിക്കയില്‍ നടത്തിയതോടെ കോടികളാണ്‌ പല ടീമുകള്‍ക്കും നഷ്ടമായത്‌. താരങ്ങളെ വില്‍പ്പനക്ക്‌ വാങ്ങുന്ന കാര്യത്തില്‍ നിയന്ത്രണം വന്നതും ടീമുകളെ ബാധിച്ചിരിക്കയാണ്‌. മൂന്നാം സീസണില്‍ ഓസ്‌ട്രേലിയ, പാക്കിസ്‌താന്‍ താരങ്ങള്‍ക്കെല്ലാം നിയന്ത്രണം വന്ന സാഹചര്യത്തില്‍ ഉദ്ദേശിച്ച തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ട്‌ പോവുമോ എന്ന സംശയവും ടീമുകള്‍ക്കുണ്ട്‌. ഇത്തരം പ്രശ്‌നങ്ങളിലാണ്‌ ടീം ഉടമകള്‍ വഴി മാറി ചിന്തിക്കുന്നത്‌.

മഴ വിന്‍ഡീസിനെ ചതിച്ചു
സിഡ്‌നി: 61 റണ്‍സിന്‌ നാല്‌ വിക്കറ്റ്‌ സ്വന്തമാക്കിയ രവി രാംപാലിന്റെ കരുത്തില്‍ വിന്‍ഡീസ്‌ പൊരുതിയിരുന്നു. പക്ഷേ മൂന്നാം ഏകദിനത്തില്‍ മഴ ഓസ്‌ട്രേലിയയെ തുണച്ചു. കനത്ത മഴയില്‍ മൂന്നാം ഏകദിനം ഉപേക്ഷിച്ചപ്പോള്‍ നഷ്‌ടം വിന്‍ഡിസിനാണ്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ഓസ്‌ട്രേലിയക്കാരെ 225 ല്‍ നിയന്ത്രിച്ച വിന്‍ഡീസ്‌ ഒരു ഓവര്‍ മാത്രമാണ്‌ ബാറ്റ്‌ ചെയ്‌തത്‌. പരമ്പരയിലെ ആദ്യരണ്ട്‌ മല്‍സരത്തിലും തകര്‍ന്ന വിന്‍ഡീസിന്‌ ജയിക്കാന്‍ ലഭിച്ച കനകാവസരമായിരുന്നു ഇത്‌. രാംപാല്‍ പുതിയ പന്തില്‍ തകര്‍പ്പന്‍ പ്രകടനമാണ്‌ നടത്തിയത്‌. 46 റണ്‍സ്‌ നേടിയ മൈക്കല്‍ ക്ലാര്‍ക്കും 44 റണ്‍സ്‌ നേടിയ മൈക്‌ ഹസിയും മാത്രമായിരുന്നു ഓസീസ്‌ നിരയില്‍ പൊരുതിയത്‌.

പ്രശ്‌നക്കാര്‍ മൂന്നെന്ന്‌ യൂസഫ്‌
ലാഹോര്‍: പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്‌റ്റന്‍ മുഹമ്മദ്‌ യൂസഫ്‌ വാക്ക്‌ മാറ്റി. ടീമിലെ പ്രശ്‌നങ്ങള്‍ക്ക്‌ കാരണക്കാരന്‍ ഒരേ ഒരാളാണെന്ന്‌ കഴിഞ്ഞ ദിവസം പറഞ്ഞ യൂസഫ്‌ ഇന്നലെ പറഞ്ഞത്‌ പ്രശ്‌നക്കാര്‍ മൂന്നാണെന്നാണ്‌. പക്ഷേ അവര്‍ ആരാണെന്ന്‌ യൂസഫ്‌ പറഞ്ഞില്ല. ഷുഹൈബ്‌ മാലിക്‌, ഷാഹിദ്‌ അഫ്രീദി, കമറാന്‍ അക്‌മല്‍ എന്നിവരെയാണ്‌ യൂസഫ്‌ ഉദ്ദേശിക്കുന്നത്‌. പാക്കിസ്‌താന്‍ ടീമിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തല്‍ക്കാലം ഇമ്രാന്‍ഖാന്‍ വിചാരിച്ചാല്‍ പോലും കഴിയില്ലെന്നും യൂസഫ്‌ പറഞ്ഞതോടെ അദ്ദേഹത്തിന്റെ തൊപ്പി തെറിക്കുമെന്ന്‌ വ്യക്തമായിട്ടുണ്ട്‌.

അല്ലു തകര്‍ക്കുന്നു
മമ്മുട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ അതിജീവനത്തിന്റെ നൂല്‍പ്പാലത്തിലൂടെ കടന്നു പോവുമ്പോള്‍ ഇത്‌ അല്ലു അര്‍ജുന്‍ വീണ്ടും മലയാള വെള്ളിത്തിര കീഴടക്കുന്നു. തെലുങ്ക്‌ സൂപ്പര്‍ താരത്തിന്റെ പുത്തന്‍ സിനിമയായ ആര്യ-2 ബോക്‌സാഫിസില്‍ അരങ്ങ്‌ തകര്‍ക്കുകയാണ്‌. 65 സെന്ററുകളിലായി ഒരാഴ്‌ച്ച മുമ്പാണ്‌ സിനിമ റിലിസ്‌ ചെയ്‌തത്‌. എല്ലാ സെന്ററുകലിലും ഇപ്പോഴും ഹൗസ്‌ ഫുള്‍ കളക്ഷനാണ്‌. ആദ്യ മൂന്ന്‌ ദിവസത്തില്‍ മാത്രം 67 ലക്ഷം കളക്‌റ്റ്‌ ചെയ്‌ത ഈ ചിത്രം കോളജ്‌ വിദ്യാര്‍ത്ഥികളെയാണ്‌ കൂടുതല്‍ ആകര്‍ഷിക്കുന്നത്‌.

No comments: