Saturday, February 13, 2010

INDIA IN BACK WATER

നമ്പര്‍ വണ്‍
കൊല്‍ക്കത്ത: ഇത്‌ ഈഡന്‍ ഗാര്‍ഡന്‍സ്‌.... ഇന്ത്യയുടെ ക്രിക്കറ്റ്‌ മക്ക... പച്ചപ്പിന്റെ പ്രിയ വേദിയാണിത്‌. രാജ്യാന്തര നിലവാരത്തിലുളള ഈ കളിമുറ്റത്തിന്റെ പ്രശോഭിതയില്‍ ഇന്ത്യ എത്രയോ വിജയങ്ങള്‍ ഇവിടെ നേടിയിട്ടുണ്ട്‌. ഒരു ലക്ഷത്തോളം പേര്‍ക്കാണ്‌ ഇരിപ്പിടം. ഇവിടെ മല്‍സരങ്ങള്‍ നടന്നപ്പോഴെല്ലാം അത്‌ ആസ്വാദനത്തിന്റെ ഉയര്‍ന്ന തലങ്ങള്‍ സൃഷ്‌ടിച്ചിട്ടുണ്ട്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വസീം അക്രം നയിച്ച പാക്കിസ്‌താന്‍ ഏഷ്യന്‍ ടെസ്‌റ്റ്‌ പരമ്പരയുടെ ഭാഗമായി വന്നപ്പോഴുണ്ടായി അനിഷ്‌ട സംഭവത്തെ മാറ്റിനിര്‍ത്തിയാല്‍ കൊല്‍ക്കത്താ ഈഡന്‍ ഗാര്‍ഡന്‍സ്‌ എന്നും ക്രിക്കറ്റിന്റെ മാന്യതക്ക്‌ വിത്തും വളവും നല്‍കിയ മണ്ണാണ്‌..
ഈ പ്രിയപ്പെട്ട വേദിയിലാണ്‌ ഇന്ന്‌ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുളള നിര്‍ണ്ണായകവും അവസാനത്തേതുമായ ടെസ്റ്റ്‌ നടക്കുന്നത്‌. ഇന്റര്‍നാഷണ്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ ടെസ്‌റ്റ്‌ റാങ്കിംഗിലെ പുതിയ രാജാക്കന്മാര്‍ ആരാണെന്ന്‌ ഈഡനിലെ അടുത്ത അഞ്ച്‌ ദിവസങ്ങള്‍ തീരുമാനിക്കും. നിലവില്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുളള ഇന്ത്യക്ക്‌ ഇവിടെ ജയിച്ചാല്‍ മാത്രമാണ്‌ രക്ഷ. സമനില പോലും മഹേന്ദ്രസിംഗ്‌ ധോണിയുടെ സംഘത്തെ തുണക്കില്ല. സമനില സമ്പാദിക്കാന്‍ കഴിഞ്ഞാല്‍ ദക്ഷിണാഫ്രിക്ക റാങ്കിംഗില്‍ ഒന്നാമത്‌ വരും. നാഗ്‌പ്പൂരില്‍ നടന്ന ഒന്നാം ടെസ്‌റ്റില്‍ ഇന്നിംഗ്‌സ്‌ വിജയം സ്വന്തമാക്കിയ ഗ്രയീം സ്‌മിത്തിന്റെ സംഘം തകര്‍പ്പന്‍ ഫോമിലാണ്‌. ഇന്ത്യന്‍ മണ്ണില്‍ വെച്ച്‌ ഇന്ത്യക്കെതിരെ ഇന്നിംഗ്‌സ്‌ വിജയം സ്വന്തമാക്കുക എന്ന വലിയ ലക്ഷ്യത്തിലാണ്‌ അവര്‍ വിജയിച്ചിരിക്കുന്നത്‌. ഗ്രീന്‍പാര്‍ക്കിലെ മല്‍സരത്തില്‍ ഇന്ത്യക്ക്‌ ഒരു അവസരവും നല്‍കാതെയാണ്‌ നാല്‌ ദിവസത്തിനുള്ളില്‍ അവര്‍ മല്‍സരം നേടിയത്‌. ബാറ്റിംഗില്‍ ജാക്‌ കാലിസും ഹാഷിം അംലയും നല്‍കിയ വലിയ ആനുകൂല്യത്തെ ഉപയോഗപ്പെടുത്തി സീമര്‍ ഡാലെ സ്‌റ്റെനും സ്‌പിന്നര്‍ പോള്‍ ഹാരീസും തകര്‍ത്തപ്പോള്‍ ബാക്‌ അപ്പ്‌ ബൗളര്‍മാരായ പാര്‍നലും മോര്‍ക്കലും ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ കൈകള്‍ സ്വതന്ത്രമാക്കാന്‍ അവസരം തന്നെ നല്‍കിയില്ല. പ്രതികൂല സാഹചര്യങ്ങളില്‍ നിന്നായിരുന്നു ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ മണ്ണില്‍ എത്തിയത്‌. അവിടെ ക്രിക്കറ്റിലെ പ്രശ്‌നങ്ങളില്‍ കോച്ച്‌ മിക്കി ആര്‍തറിന്‌ മാത്രമല്ല സെലക്ഷന്‍ കമ്മിറ്റിയുടെ തല തന്നെ തെറിച്ചിരുന്നു. ടീമില്‍ വീണ്ടും വര്‍ണ്ണ വിവേചനത്തിന്റെ ഭീകരരൂപം പ്രക്ഷ്യക്ഷപ്പെട്ടതായി ആരോപണമുണ്ടായിരുന്നു. പക്ഷേ ഇന്ത്യന്‍ മണ്ണില്‍ കാലെടുത്ത്‌ വെച്ച ശേഷം രണ്ടേ രണ്ട്‌ ദിവസം മാത്രം ദീര്‍ഘിച്ച പരിശീലന മല്‍സരത്തിന്‌ ശേഷമാണ്‌ അവര്‍ നാഗ്‌പ്പൂരിലെത്തിയത്‌.
ആദ്യ ടെസ്റ്റിന്റെ തുടക്കത്തില്‍ സഹീര്‍ഖാന്റെ തകര്‍പ്പന്‍ സ്‌പെല്ലോടെ ഇന്ത്യ ഇല്ലാതായി. ആറ്‌ റണ്‍സിന്‌ മാത്രം രണ്ട്‌ വിക്കറ്റ്‌ സ്വന്തമാക്കി സഹീര്‍ നല്‍കിയ തുടക്കം ഉപയോഗപ്പെടുത്താന്‍ ഇന്ത്യക്കായില്ല. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യ തകര്‍ന്ന കാഴ്‌ച്ചയില്‍ മല്‍സരം വളരെ പെട്ടെന്ന്‌ അവസാനിച്ചു.
ഇന്ത്യക്ക്‌ ടെസ്റ്റ്‌ റാങ്കിംഗില്‍ ഒന്നാം സ്ഥാനം സമ്മാനിച്ചത്‌ ബാറ്റ്‌സ്‌മാന്മാരാണ്‌. പക്ഷേ നാഗ്‌പ്പൂരില്‍ തകര്‍ന്ന ബാറ്റ്‌സ്‌മാന്മാര്‍ ഇവിടെ കനത്ത സമ്മര്‍ദ്ദത്തിലാണ്‌. ടീം സെലക്ഷന്‍ മുതല്‍ നാഗ്‌പ്പൂരില്‍ ഇന്ത്യ പ്രശ്‌നക്കൂട്ടിലായിരുന്നു. വി.വി.എസ്‌ ലക്ഷ്‌മണ്‍, രാഹുല്‍ ദ്രാവിഡ്‌, യുവരാജ്‌ സിംഗ്‌ എന്നീ മുഖ്യന്മാരുടെ അസാന്നിദ്ധ്യത്തില്‍ ഉറച്ച മധ്യനിര ബാറ്റ്‌സ്‌മാന്മാരെ രംഗത്തിറക്കേണ്ടതിന്‌ പകരം വിക്കറ്റ്‌ കീപ്പര്‍ വൃദിമാന്‍ സാഹയെ പോലെ ഒരു കന്നിക്കാരനെ മധ്യനിരയില്‍ സ്‌പെഷ്യലിസ്റ്റ്‌ ബാറ്റ്‌സ്‌മാനാക്കി നിയോഗിച്ചത്‌ മുതല്‍ ഇന്ത്യ പരാജയമുഖത്തായിരുന്നു. നാഗ്‌പ്പൂരില്‍ ടീം തകര്‍ന്നപ്പോള്‍ സാഹയും യുവനിരയും പുറത്തായി.
ലക്ഷ്‌മണും ദിനേശ്‌ കാര്‍ത്തിക്കും സുരേഷ്‌ റൈനയും ഇപ്പോള്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്‌്‌. ഇവരില്‍ ലക്ഷ്‌മണ്‍ ഇന്ന്‌ കളിക്കുമെന്നുറപ്പാണ്‌. കാര്‍ത്തിക്കിനെ സ്‌പെഷ്യല്‍ ബാറ്റ്‌സ്‌മാനായി കളിപ്പിക്കാനും ധാരണയായിട്ടുണ്ട്‌. ഇത്‌ കൊണ്ട്‌ പ്രശ്‌നം അവസാനിക്കുന്നില്ല. ഇന്ത്യയുടെ മികച്ച ഓപ്പണര്‍മാരായ ഗൗതം ഗാംഭീറും വിരേന്ദര്‍ സേവാഗും നാഗ്‌പ്പൂരില്‍ മങ്ങിയിരുന്നു. നാഗ്‌പ്പൂരിലെ ഒന്നാം ഇന്നിംഗ്‌സില്‍ സേവാഗ്‌ പൊരുതികളിച്ച്‌ സെഞ്ച്വറി സ്വന്തമാക്കിയപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ എളുപ്പത്തില്‍ കീഴടങ്ങി. സച്ചിന്‍ ടെണ്ടുല്‍ക്കറാണ്‌ ടീമിലെ വിശ്വസ്‌തന്‍. പക്ഷേ വലിയ ഇന്നിംഗ്‌സ്‌ കളിക്കുന്നതില്‍ സച്ചിനും പരാജയപ്പെടുന്നു.
ബൗളിംഗില്‍ സഹീര്‍ വിശ്വസ്‌തനാണ്‌. പക്ഷേ ഡാലെ സ്റ്റെനിനെ പോലെ ബാറ്റിംഗ്‌ നിരയിലുടെ തുളച്ചു കയറാന്‍ സഹീറിന്‌ കഴിയുന്നില്ല. സഹീറിന്‌ പിന്തുണ നല്‍കുന്നിതല്‍ ഇഷാന്ത്‌ ശര്‍മ്മ പരാജയമായിരുന്നു. സ്‌പിന്നര്‍മാരായ ഹര്‍ഭജന്‍ സിംഗിനും അമിത്‌ മിശ്രക്കും കാര്യമായി ഒന്നും ചെയ്യാനുമായില്ല. അതേ സമയം തകര്‍പ്പന്‍ ഫോമിലാണ്‌ ദക്ഷിണാഫ്രിക്ക. ബാറ്റിംഗില്‍ കാലിസിനപ്പം അംലയും ഫോമിലാണ്‌. നാഗ്‌പ്പൂരില്‍ മാന്‍ ഓഫ്‌ ദ മാച്ച്‌ പട്ടം സ്വന്തമാക്കിയ അംല വലിയ ഇന്നിംഗ്‌സ്‌ കളിക്കാന്‍ മിടുക്കനാണ്‌. മാര്‍ക്ക്‌ ബൗച്ചര്‍, ജെ.പി ഡുമിനി തുടങ്ങിയ വിശ്വസ്‌തരായ ധാരാളം ബാറ്റ്‌സ്‌മാന്മാര്‍ ടീമിലുണ്ട്‌. ബൗളിംഗിലെ മൂന്ന്‌ പേര്‍-ഡാലെ സ്‌റ്റെന്‍, മോര്‍ണി മോര്‍ക്കല്‍, വെയിന്‍ പാര്‍നല്‍ മിടുക്കരാണ്‌. സ്‌പിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പോള്‍ ഹാരീസുമുണ്ട്‌.
ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിന്റെ തല്‍സമയം ആവേശങ്ങള്‍ നിയോ ക്രിക്കറ്റില്‍ രാവിലെ 9-30 മുതല്‍.

തേര്‍ഡ്‌ ഐ
ലക്ഷ്‌മണ്‍ മൂന്നില്‍ വരട്ടെ
സമ്മര്‍ദ്ദത്തെ അതിജയിക്കുന്നതില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം എന്നും തോറ്റിട്ടേയുള്ളു.... സമ്പൂര്‍ണ്ണ പ്രൊഫഷണലിസത്തെക്കുറിച്ച്‌ പറയുമ്പോള്‍ തന്നെ വലിയ പ്രതിയോഗികള്‍ക്ക്‌ മുന്നില്‍ കവാത്ത്‌ മറക്കുന്ന അമേച്വറിസമാണ്‌ ടീം പ്രകടിപ്പിക്കാറുള്ളത്‌. ബംഗ്ലാദേശിനെ പോലെ ദുര്‍ബലരായ ടീമിനെതിരെ നേടിയ വിജയത്തിന്റെ അഹങ്കാരം ശക്തരായ ദക്ഷിണാഫ്രിക്കക്കെതിരെ പ്രകടിപ്പിച്ചതിലെ പ്രൊഫഷണലിസത്തിന്റെ വ്യാപ്‌തിയെക്കുറിച്ച്‌ സംസാരിക്കാന്‍ ഇന്ത്യന്‍ കോച്ച്‌ ഗാരി കിര്‍സ്‌റ്റണ്‌ പോലും കഴിയുന്നില്ല. ലോക റാങ്കിംഗിലെ ഒന്നാമന്മാര്‍ എന്ന വലിയ സ്ഥാനത്ത്‌ നിന്ന്‌ പക്വതയോടെ കളിക്കുന്നതിന്‌ പകരം ഞങ്ങള്‍ക്കെല്ലാം പുല്ല്‌ എന്ന അലസഭാവത്തില്‍ കളിച്ചതിനുള്ള തിരിച്ചടിയാണ്‌ ഇന്ത്യക്ക്‌ നാഗ്‌പ്പൂരില്‍ ലഭിച്ചത്‌. ഇപ്പോള്‍ അടിമുടി സമ്മര്‍ദ്ദത്തിന്റെ പുകപടലത്തിലാണ്‌ ടീം. കളത്തിന്‌ പുറത്ത്‌ നിന്നായിരുന്നു ഇത്‌ വരെ സമ്മര്‍ദ്ദം. ഇന്ന്‌ മുതല്‍ സമ്മര്‍ദ്ദം കളത്തില്‍ നിന്നാവും.
പിച്ച്‌ ഒരുക്കുന്നത്‌ മുതല്‍ തുടങ്ങുന്നു സമ്മര്‍ദ്ദപ്പനി. ഈഡനില്‍ ഇന്ത്യ ജയിച്ചാല്‍ അത്‌ കളത്തിന്‌ പുറത്തെ കളിയാണെന്ന്‌ വളരെ വ്യക്തമായി പറയും. തോറ്റാലും പ്രശ്‌നമാണ്‌. റാങ്കിംഗിലെ ആദ്യ സ്ഥാനം നഷ്‌ടമാവുന്നതിനൊപ്പം സ്വന്തം പിച്ച്‌ ഒരുക്കിയിട്ടും ഒന്നും ചെയ്യാനായില്ല എന്ന വാദമുയരും. പിച്ചിന്‌ മല്‍സരത്തില്‍ വ്യക്തമായ റോളുണ്ട്‌. സ്‌പിന്‍ ട്രാക്കാണ്‌ ഇന്ത്യ ഒരുക്കിയതെങ്കില്‍ അഞ്ച്‌ ദിവസത്തോളം പൊട്ടി പൊളിയാതെ പിച്ച്‌ നിലനില്‍ക്കാന്‍ പ്രയാസമായിരിക്കും. സ്‌പോര്‍ട്ടിംഗ്‌ പിച്ചിനെക്കുറിച്ച്‌ ക്യൂറേറ്റര്‍ പറയുന്നുവെങ്കിലും അത്തരം പിച്ചുകള്‍ ഇന്ത്യന്‍ ബാറ്റിംഗിലെ വിളളലുകള്‍ പകല്‍ പോലെ വ്യക്തമാക്കും.
ഇന്ത്യക്ക്‌ ബാറ്റിംഗ്‌ ലൈനപ്പില്‍ വ്യക്തമായ മാറ്റം വരുത്താന്‍ കഴിയണം. വി.വി.എസ്‌ ലക്ഷ്‌മണ്‍ കളിക്കുമെന്ന്‌ ഉറപ്പായ സാഹചര്യത്തില്‍ അദ്ദേഹത്തെ മൂന്നാം നമ്പറില്‍ കളിപ്പിക്കണം. ബാറ്റിംഗ്‌ ഓര്‍ഡറില്‍ ഇത്‌ വരെ അഞ്ചാമനാണ്‌ ലക്ഷ്‌മണ്‍. മൂന്നാം സ്ഥാനം രാഹുല്‍ ദ്രാവിഡിന്റേതാണ്‌. ദ്രാവിഡ്‌ പരുക്കുമായി പുറത്ത്‌ നില്‍ക്കുന്ന സാഹചര്യത്തില്‍ നിര്‍ണ്ണായകമായ മൂന്നാം നമ്പറില്‍ കളിപ്പിക്കാന്‍ ഏറെ അനുയോജ്യന്‍ ലക്ഷ്‌മണാണ്‌. മുമ്പ്‌ സ്‌റ്റീവ്‌ വോ നയിച്ച ഓസ്‌ട്രേലിയക്കെതിരെ ഇതേ മൈതാനത്ത്‌ നടന്ന ടെസ്‌റ്റില്‍ ഇന്ത്യയെ രക്ഷിച്ചിരുന്നത്‌ മൂന്നാം നമ്പറില്‍ ബാറ്റ്‌ ചെയ്‌ത ലക്ഷ്‌മണായിരുന്നു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അതിവേഗക്കാരായ ബൗളര്‍മാരുളളത്‌ കൊണ്ട്‌ പന്തിന്റെ മിനുസം പോവുന്നത്‌ വരെ പ്രതിരോധ ജാഗ്രതയാണ്‌ ബുദ്ധി. വിരേന്ദര്‍ സേവാഗിനെ പോലെ ഒരാള്‍ക്ക്‌ ഇതിന്‌ കഴിയില്ല. സേവാഗ്‌ അല്‍പ്പസമയം ക്രീസില്‍ നിന്നാല്‍ അത്‌ സ്‌ക്കോറിംഗിനെ സഹായിക്കും. പക്ഷേ സ്‌ക്കോറിംഗിനേക്കാള്‍ തുടക്കത്തിലെ അതിജീവന തന്ത്രമാണ്‌ നല്ലത്‌. കൊല്‍ക്കത്തയിലിപ്പോള്‍ തണ്ണുപ്പാണ്‌. രാവിലെയുളള ഒരു മണിക്കൂര്‍ തീര്‍ച്ചയായും ബൗളര്‍മാരെ സഹായിക്കുമെന്നിരിക്കെ ബാറ്റ്‌സ്‌മാന്മാര്‍ ജാഗ്രത പാലിക്കണം. മൂന്നാം നമ്പറില്‍ ലക്ഷ്‌മണ്‍ വരുമ്പോള്‍ അദ്ദേഹത്തിന്റെ അനുഭവ സമ്പത്തിനെ പ്രയോജനപ്പെടുത്താന്‍ കഴിയും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടുത്ത നമ്പറിലും വരണം. മുരളി വിജയ്‌ ആണ്‌ നാഗ്‌പ്പൂരില്‍ മൂന്നാം നമ്പറില്‍ വന്നത്‌. അനുഭവസമ്പത്തിന്റെ കുറവാണ്‌ മുരളി പലപ്പോഴും പ്രകടമാക്കുന്നത്‌. എസ്‌.ബദരീനാഥിനും മധ്യനിരയിലെ ജോലി ദുഷ്‌ക്കരമാണ്‌. ബൗളിംഗ്‌ ലൈനപ്പില്‍ ശ്രീശാന്ത്‌ വരുന്നത്‌ നന്നായിരിക്കും. നാഗ്‌പ്പൂരില്‍ ശ്രീലങ്കക്കെതിരെ തകര്‍പ്പന്‍ തിരിച്ചുവരവ്‌ നടത്തിയ ശ്രീശാന്ത്‌ ആക്രമണകാരിയാണ്‌. വിക്കറ്റ്‌ എടുക്കാനും അദ്ദേഹത്തിനറിയാം. സഹീര്‍ഖാന്‌ പിന്തുണ നല്‍കുന്നതില്‍ ഇഷാന്ത്‌ ശര്‍മ്മ നാഗ്‌പ്പൂരില്‍ പരാജയമായിരുന്നു. സ്‌പിന്നര്‍മാരും നിരാശയാണ്‌ സമ്മാനിച്ചത്‌. നല്ല തുടക്കത്തെ പ്രയോജനപ്പെടുത്തുന്നതില്‍ ശരിയായ പ്രൊഫഷണലിസം കാണിക്കണം.
മല്‍സരത്തിന്റെ ആദ്യ ദിവസത്തെ തന്നെ പ്രയോജനപ്പെടുത്താന്‍ കഴിയുമ്പോള്‍ അത്‌ വഴി ലഭിക്കുന്ന ആത്മവിശ്വാസത്തില്‍ അടുത്ത ദിവസങ്ങളെ ധൈര്യസമേതം നേരിടാനാവും. നാഗ്‌പ്പൂരില്‍ ദക്ഷിണാഫ്രിക്കയെ തുണച്ചത്‌. ആദ്യ ദിവസം ജാക്‌ കാലിസും ഹാഷിം അംലയും നടത്തിയ ബാറ്റിംഗാണ്‌. ഇന്ന്‌ ഇന്ത്യക്കാണ്‌ ബാറ്റിംഗ്‌ എങ്കില്‍ സേവാഗിന്‌ വ്യക്തമായ ബാധ്യതയുണ്ട്‌. ബൗളിംഗാണ്‌ എങ്കില്‍ സഹീറിനാണ്‌ ബാധ്യത. രണ്ട്‌ പേരും ടീമിലെ സീനിയര്‍ താരങ്ങളാണ്‌. സീനിയര്‍മാര്‍ തന്നെ ടീമിന്‌ വേണ്ടി മുന്നിട്ടിറങ്ങട്ടെ....

ജഡേജ പുറത്ത്‌
മുംബൈ: അനധികൃതമായി ഐ.പി.എല്‍ ടീമുകളുമായി ബന്ധം പുലര്‍ത്തിയ കുറ്റത്തിന്‌ ഇന്ത്യന്‍ താരം രവീന്ദു ജഡേജക്ക്‌ ഐ.പി.എല്‍ മൂന്നാം പതിപ്പില്‍ നിന്ന്‌ വിലക്ക്‌. രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ ജഡേജ മറ്റ്‌ ടീമുകളുമായി ബന്ധപ്പെട്ടിരുന്നു. റോയല്‍സുമായുളള അദ്ദേഹത്തിന്റെ രണ്ട്‌ വര്‍ഷ കരാര്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ്‌ ജഡേജ പുതിയ കരാറിനായി ശ്രമിച്ചത്‌. എന്നാല്‍ സ്വന്തം ടീമിനെ അറിയിക്കാതെ നടത്തിയ വിലപേശല്‍ നിയമവിരുദ്ധമാണെന്ന്‌ വ്യക്തമാക്കിയാണ്‌ ജഡേജയെ വിലക്കിയതെന്ന്‌ ഐ.പി.എല്‍ കമ്മീഷണര്‍ ലളിത്‌ മോഡി പറഞ്ഞു.

മാലിക്‌ തുറന്നടിക്കാന്‍
ലാഹോര്‍: മുഹമ്മദ്‌ യൂസഫ്‌ എന്ന പാക്കിസ്‌താനി ക്യാപ്‌റ്റനെതിരെ തുറന്നടിക്കാന്‍ തയ്യാറായി മുന്‍ ക്യാപ്‌റ്റന്‍ ഷുഹൈബ്‌ മാലിക്‌. ഇംഗ്ലണ്ടിനെതിരായ 20-20 പരമ്പരക്ക്‌ രാജ്യത്തെ നയിക്കാനുളള നിര്‍ദ്ദേശം നിരസിച്ച മാലിക്‌ തനിക്കെതിരെ പരസ്യമായി രംഗത്ത്‌ വന്ന യൂസഫിനെ വെറുതെ വിടില്ലെന്നാണ്‌ വ്യക്തമാക്കിയിരിക്കുന്നത്‌. എന്നാല്‍ മാലിക്കിനെ അനുനയിപ്പിക്കാന്‍ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഉന്നതര്‍ രംഗത്ത്‌ വന്നിട്ടുണ്ട്‌. ടീമിലെ വിഴുപ്പലക്കല്‍ പൊതു ജനത്തെ അറിയിക്കേണ്ടെന്നാണ്‌ പി.സി.ബി പറയുന്നത്‌.

ഐ.പി.എല്‍ ഹൈദരാബാദില്‍ ഇല്ല
ഹൈദരാബാദ്‌: സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചില മല്‍സരങ്ങള്‍ ഹൈദരാബാദില്‍ നിന്നും മാറ്റാനുള്ള ഐ.പി.എല്‍ സംഘാടകരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ആന്ധ്ര സര്‍ക്കാര്‍ രംഗത്ത്‌ വന്നു. ഐ.പി.എല്‍ മൂന്നാം സീസണിലെ ഒരു മല്‍സരവും ഇനി ഹൈദരാബാദില്‍ വേണ്ടെന്നാണ്‌ പുതിയ നിലപാട്‌. തെലുങ്കാന പ്രക്ഷോഭകരെ ഭയന്നാണ്‌ ഡക്കാന്‍ ചാര്‍ജേഴ്‌സിന്റെ ഹോം സിറ്റിയായ ഹൈദരാബാദില്‍ നിന്നും മല്‍സരങ്ങള്‍ മാറ്റിയത്‌. എന്നാല്‍ ആന്ധ്രയെ അപമാനിക്കുന്നതിന്‌ തുല്യമായ നടപടിയാണിതെന്നാണ്‌ സര്‍ക്കാര്‍ പറയുന്നത്‌.

No comments: