Wednesday, February 17, 2010
ROONEY DEFEAT BECKHAM
മാഞ്ചസ്‌റ്റര്‍ ജയിച്ചപ്പോള്‍ റയല്‍ തോറ്റു
മിലാന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ നോക്കൗട്ട് റൗണ്ടിന് സംഭവബഹുലമായ തുടക്കം. സാന്‍സിറോയില്‍ വെച്ച് ഡേവിഡ് ബെക്കാം കളിച്ച ഏ.സി മിലാനെ വെയിന്‍ റൂണിയുടെ പിന്‍ബലത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2-3ന് വീഴ്‌ത്തിയപ്പോള്‍ സൂപ്പര്‍ താരങ്ങളുടെ റയല്‍ മാഡ്രിഡിനെ സ്വന്തം മൈതാനത്ത് ഫ്രഞ്ച് ക്ലബായ ഒളിംപിക് ലിയോണ്‍ നാണം കെടുത്തി. ഡേവിഡ് ബെക്കാമും മാഞ്ചസ്‌റ്റര്‍ യുനൈറ്റഡും തമ്മിലുള്ള പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ട തകര്‍പ്പന്‍ അങ്കത്തിന്റെ തുടക്കത്തില്‍ മിലാനായിരുന്നു ചിത്രത്തില്‍. ബ്രസീലുകാരനായ മധ്യനിരക്കാരന്‍ റൊണാള്‍ഡിഞ്ഞോയുടെ ഗോളില്‍ മുന്നേറിയ മിലാനെ രണ്ടാം പകുതിയുടെ കരുത്തില്‍ റൂണിയുടെ ഇരട്ട ഗോളുകളിലാണ് മാഞ്ചസ്‌റ്റര്‍ മറികടന്നത്.
ദീര്‍ഘകാലം മാഞ്ചസ്‌റ്ററിനായി കളിച്ച ബെക്കാം എതിര്‍നിരയില്‍ വന്നപ്പോള്‍ മല്‍സരത്തിന്റെ പ്രസക്തി വര്‍ദ്ധിച്ചിരുന്നു. തന്റെ പഴയ ടീമിനെതിരെ മികച്ച പ്രകടനം നടത്തുമെന്നും ബെക്കാം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച മികവ് പുലര്‍ത്താന്‍ ബെക്കാമിന് കഴിയാതെ വന്നപ്പോള്‍ മാഞ്ചസ്‌റ്റര്‍ നിരയില്‍ അല്‍പ്പസമയമാണെങ്കിലും അപാര ഫോമാണ് റൂണി പ്രകടിപ്പിച്ചത്. മൂന്നാം മിനുട്ടില്‍ തന്നെ ഞെട്ടിക്കുന്ന ഗോളില്‍ ആതിഥേയര്‍ മുന്നില്‍കയറിയപ്പോള്‍ അന്ധാളിച്ചുനില്‍ക്കുകയായിരുന്നു മാഞ്ചസ്‌റ്റര്‍ ഡിഫന്‍സ്. ബ്രസീല്‍ ദേശീയ സംഘത്തിലേക്ക് തിരിച്ചുവരാന്‍ കൊതിക്കുന്ന റൊണാള്‍ഡിഞ്ഞോ വെട്ടിത്തിരിഞ്ഞ് പായിച്ച ഷോട്ടിന് മുന്നില്‍ മാഞ്ചസ്‌റ്റര്‍ ഗോള്‍ക്കീപ്പര്‍ വാന്‍ഡര്‍സര്‍ നിസ്സഹായനായി നോക്കി നില്‍ക്കുകയായിരുന്നു. മുപ്പത്തിയാറാം മിനുട്ടില്‍ പോള്‍ ഷോള്‍സിന്റെ ഭാഗ്യ ഗോളില്‍ മാഞ്ചസ്‌റ്റര്‍ ഒപ്പമെത്തി. ഒന്നാം പകുതി അവസാനിക്കുമ്പോള്‍ 1-1 ലായിരുന്നു കളി. ഞെട്ടിക്കുന്ന പ്രകടനം നടത്തിയ റൂണി അറുപത്തിയാറാം മിനുട്ടില്‍ ടീമിന് ലീഡ് സമ്മാനിച്ചു. എട്ട് മിനുട്ടിനകം റൂണിി വീണ്ടും സ്‌ക്കോര്‍ ചെയ്‌തപ്പോല്‍ മല്‍സരം ഏകപക്ഷീയമാവുമെന്ന് കരുതി. പക്ഷേ വെറ്ററന്‍ മുന്‍നിരക്കാരന്‍ ക്ലിയറന്‍സ് സീഡ്രോഫ് എണ്‍പത്തിയഞ്ചാം മിനുട്ടില്‍ ഒരു ഗോള്‍ മടക്കിയപ്പോള്‍ ബലാബലത്തിന്റെ സൂചനയാണ് വന്നത്. പക്ഷേ അവസാന സമ്മര്‍ദ്ദ സെക്കന്‍ഡുകള്‍ മാഞ്ചസ്റ്റര്‍ അതിജയിച്ചു. രണ്ടാം പാദ മല്‍സരം സ്വന്തം മൈതാനത്ത് നടക്കുന്നതിനാല്‍ മാഞ്ചസ്റ്ററിന് ക്വാര്‍ട്ടര്‍ സാധ്യതയാണ് കൈവന്നിരിക്കുന്നത്.
ഒന്നാം പകുതിയില്‍ വിജയം അര്‍ഹിക്കുന്ന പ്രകടനമായിരുന്നില്ല അലക്‌സ് ഫെര്‍ഗൂസന്റെ സംഘം നടത്തിയത്. പഴയ കരുത്തിന്റെ നിഴലായി മാറിയ സൂപ്പര്‍ നിര മിലാന്റെ ആക്രമണത്തിന് മുന്നില്‍ ചൂളുകയായിരുന്നു. മല്‍സരത്തിന് മുമ്പ് സംസാരിച്ച ഫെര്‍ഗൂസണ്‍ ബെക്കാമിനെതിരെ വ്യക്തമായ തന്ത്രം തന്റെ ടീമിനുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കളത്തില്‍ ബെക്കാമിനെതിരെ വലിയ പ്ലാനുണ്ടായിരുന്നില്ല ചുവപ്പന്‍ സംഘത്തിന്. മൂന്നാം മിനുട്ടില്‍ മിലാന്‍ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തപ്പോള്‍ അതിന് തുടക്കമിട്ടത് ബെക്കാമായിരുന്നു. ബെക്കാം പായിച്ച ഫ്രീകിക്കില്‍ നിന്നും വന്ന പന്തിനെ അടിച്ചകറ്റുന്നതില്‍ പാട്രിക് ഇവാരക്ക് കഴിയാതെ വന്നപ്പോള്‍ കാത്തുനില്‍ക്കുകയായിരുന്ന റൊണാള്‍ഡിഞ്ഞോ വെട്ടിത്തിരിഞ്ഞ്‌് പായിച്ച ഷോട്ട് വല ചലിപ്പിച്ചു. ലോകകപ്പ് സീസണില്‍ ബ്രസീല്‍ ദേശീയ സംഘത്തില്‍ സ്ഥാനം പ്രതീക്ഷിക്കുന്ന റൊ മറ്റ് രണ്ട് ്‌അവസരങ്ങളിലും തന്റെ പ്രതിഭ തെളിയിച്ചു. പക്ഷേ വാന്‍ഡര്‍ സര്‍ കൂടുതല്‍ അപകടങ്ങളില്‍ നിന്ന് മാഞ്ചസ്റ്ററിനെ രക്ഷിച്ചു.
രണ്ടാം പകുതിയിലാണ് റിയോ ഫെര്‍ഡിനാന്‍ഡും വെയിന്‍ റൂണിയും സ്വന്തം വിലാസത്തിന് അനുസൃതമായ ഗെയിം പുറത്തെടുത്തത്. സബ്‌സ്റ്റിറ്റിയൂട്ട് അന്റേണിയോ വലന്‍സിയയുടെ ക്രോസില്‍ നിന്നായിരുന്നു റൂണിയുടെ ആദ്യ ഗോള്‍. രണ്ടാം ഗോള്‍ ഫ്‌ളെച്ചറിന്റെ ക്രോസില്‍ നിന്നായിരുന്നു.
സ്‌പാനിഷ് ലീഗില്‍ ബാര്‍സിലോണക്ക് വെല്ലുവിളി ഉയര്‍ത്തി മുന്നേറുന്ന റയലിന്റെ സൂപ്പര്‍ സംഘത്തിന് പാരീസ് കാറ്റ് വിനയായി.നിരവധി അവസരങ്ങളിലുടെ മല്‍സരത്തില്‍ മുന്‍കൈ നേടിയ സൂപ്പര്‍ സംഘത്തിന് പക്ഷേ ഒരു തവണ പോലും പന്തിനെ വലയിലെത്തിക്കാന്‍ കഴിഞ്ഞില്ല. നാല്‍പ്പത്തിയേഴാം മിനുട്ടില്‍ ലഭിച്ച മല്‍സരത്തിലെ ഏക സുവര്‍ണ്ണാവസരം പക്ഷേ ലിയോണിന്റെ കാമറൂണുകാരനായ താരം ജീന്‍ മാകൂണ്‍ ഉപയോഗപ്പെടുത്തി. മാര്‍ച്ച് ഒമ്പതിനാണ് രണ്ടാം ലഗ്ഗ് മല്‍സരങ്ങള്‍.
Subscribe to:
Post Comments (Atom)
No comments:
Post a Comment