Saturday, February 20, 2010

HOCKEY DAYS

ലോകകപ്പ്‌ ഹോക്കി
പൂള്‍ എ
ജര്‍മനി, നെതര്‍ലാന്‍ഡ്‌സ്‌, കൊറിയ, ന്യൂസിലാന്‍ഡ്‌, കാനഡ, അര്‍ജന്റീന
പൂള്‍ ബി
ഓസ്‌ട്രേലിയ, സ്‌പെയിന്‍, ഇംഗ്ലണ്ട്‌, പാക്കിസ്‌താന്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക
ഫിക്‌സ്‌ച്ചര്‍
പൂള്‍ എ
മാര്‍ച്ച്‌ 1: ന്യൂസിലാന്‍ഡ്‌-കാനഡ
ജര്‍മനി-കൊറിയ
നെതര്‍ലാന്‍ഡ്‌സ്‌-അര്‍ജന്റീന
മാര്‍ച്ച്‌ 3: കാനഡ-ജര്‍മനി
അര്‍ജന്റീന-കൊറിയ
ന്യൂസിലാന്‍ഡ്‌-നെതര്‍ലാന്‍ഡ്‌സ്‌
മാര്‍ച്ച്‌ 5: കൊറിയ-ന്യൂസിലാന്‍ഡ്‌
നെതര്‍ലാന്‍ഡ്‌സ്‌-കാനഡ
ജര്‍മനി-അര്‍ജന്റീന
മാര്‍ച്ച്‌ 7 : കൊറിയ-കാനഡ
ന്യൂസിലാന്‍ഡ്‌-അര്‍ജന്റീന
ജര്‍മനി-നെതര്‍ലാന്‍ഡ്‌സ്‌
മാര്‍ച്ച്‌ 9: ജര്‍മനി-ന്യൂസിലാന്‍ഡ്‌
നെതര്‍ലാന്‍ഡ്‌സ്‌-കൊറിയ
കാനഡ-അര്‍ജന്റീന

പൂള്‍ ബി
ഫെബ്രുവരി 28: ദക്ഷിണാഫ്രിക്ക-സ്‌പെയിന്‍
ഓസ്‌ട്രേലിയ-ഇംഗ്ലണ്ട്‌
ഇന്ത്യ-പാക്കിസ്‌താന്‍
മാര്‍ച്ച്‌ 2: ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട്‌
പാക്കിസ്‌താന്‍-സ്‌പെയിന്‍
ഇന്ത്യ-ഓസ്‌ട്രേലിയ
മാര്‍ച്ച്‌ 4: ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ
ഇംഗ്ലണ്ട്‌-പാക്കിസ്‌താന്‍
ഇന്ത്യ-സ്‌പെയിന്‍
മാര്‍ച്ച്‌ 6: ഓസ്‌ട്രേലിയ-സ്‌പെയിന്‍
ദക്ഷിണാഫ്രിക്ക-പാക്കിസ്‌താന്‍
ഇന്ത്യ-ഇംഗ്ലണ്ട്‌
മാര്‍ച്ച്‌ 8: സ്‌പെയിന്‍-ഇംഗ്ലണ്ട്‌
ഓസ്‌ട്രേലിയ-പാക്കിസ്‌താന്‍
ഇന്ത്യ-ദക്ഷിണാഫ്രിക്ക
പ്ലേ ഓഫ്‌ മല്‍സരങ്ങള്‍
മാര്‍ച്ച്‌ 11- പതിനൊന്ന്‌, പന്ത്രണ്ട്‌ സ്ഥാനങ്ങള്‍ക്കായി
മാര്‍ച്ച്‌ 12-ഒമ്പത്‌, പത്ത്‌ സ്ഥാനങ്ങള്‍ക്കായി
ഏഴ്‌, എട്ട്‌ സ്ഥാനങ്ങള്‍ക്കായി
അഞ്ച്‌, ആറ്‌ സ്ഥാനങ്ങള്‍ക്കായി
മാര്‍ച്ച്‌ 11- സെമി ഫൈനലുകള്‍
മാര്‍ച്ച്‌ 13-ലൂസേഴ്‌സ്‌ ഫൈനല്‍
മാര്‍ച്ച്‌ 13-ഫൈനല്‍

ലോകം വരുന്നു
ന്യൂഡല്‍ഹി: ഇന്ത്യ ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്ന രണ്ട്‌ വലിയ ചാമ്പ്യന്‍ഷിപ്പുകളില്‍ ആദ്യത്തേത്‌ ഇതാ തുടങ്ങുകയായി.. രാജ്യാന്തര ഹോക്കി ഫെഡറേഷന്‍ നേതൃത്ത്വം നല്‍കുന്ന പന്ത്രണ്ടാമത്‌ ലോകകപ്പ്‌ ഹോക്കിക്ക്‌ അടുത്ത ഞായറാഴ്‌ച്ച ഇവിടെ ധ്യാന്‍ചന്ദ്‌ ഹോക്കി സ്‌റ്റേഡിയത്തില്‍ തുടക്കം. രണ്ടാഴ്‌ച്ച ദീര്‍ഘിക്കുന്ന ചാമ്പ്യന്‍ഷിപ്പിലേക്ക്‌ ടീമുകള്‍ ഈ വാരം മുതല്‍ എത്തും. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ചില ടീമുകള്‍ എത്തുന്നത്‌ വൈകുമെങ്കിലും ചാമ്പ്യന്‍ഷിപ്പിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാക്കിസ്‌താന്‍ അനുകൂല തീവ്രവാദി ഗ്രൂപ്പുകള്‍ ലോകകപ്പ്‌ ഹോക്കിക്ക്‌ എത്തുന്ന ടീമുകള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയ സാഹചര്യത്തില്‍ ഒരു തരത്തിലും പിഴവില്ലാത്ത സുരക്ഷയാണ്‌ ഒരുക്കിയിരിക്കുന്നത്‌. തീവ്രവാദികളുടെ ഭീഷണിയുണ്ടെങ്കിലും ഇന്ത്യ ഉറപ്പ്‌ നല്‍കുന്ന സുരക്ഷയില്‍ എല്ലാ ടീമുകളും സംതൃപ്‌തരാണ്‌. ഓസ്‌ട്രേലിയയും പാക്കിസ്‌താനും സുരക്ഷാ ഒരുക്കങ്ങളില്‍ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്‌.
രണ്ട്‌ പൂളുകളിലായി ലോക ഹോക്കിയെ പ്രബലരെല്ലാം ഇവിടെ കളിക്കുന്നുണ്ട്‌. പൂള്‍ എ യില്‍ ശക്തരായ ഹോളണ്ടിനൊപ്പം ജര്‍മനി, ദക്ഷിണ കൊറിയ, ന്യൂസിലാന്‍ഡ്‌, കാനഡ, അര്‍ജന്റീന എന്നിവരാണുള്ളത്‌. ഇന്ത്യ കളിക്കുന്നത്‌ പൂള്‍ ബി യിലാണ്‌. പാക്കിസ്‌താനെ കൂടാതെ ഓസ്‌ട്രേലിയ, സ്‌പെയിന്‍, ഇംഗ്ലണ്ട്‌, ദക്ഷിണാഫ്രിക്ക എന്നിവരാണ്‌ ഈ ഗ്രൂപ്പില്‍ കളിക്കുന്നത്‌. ഇന്ത്യയുടെ ആദ്യ മല്‍സരം 28ന്‌ പരമ്പരാഗത വൈരികളായ പാക്കിസ്‌താനുമായാണ്‌ എന്നതാണ്‌ സവിശേഷമായ കാര്യം.
ലോകകപ്പ്‌ ഹോക്കിക്ക്‌ പുറമെ ഒക്ടോബറില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസാണ്‌ രാജ്യം ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്ന വലിയ മേള. ലോകകപ്പ്‌ ഹോക്കിക്ക്‌ ഒരുക്കിയ സുരക്ഷയും ഒരുക്കങ്ങളും കോമണ്‍വെല്‍ത്ത്‌ ഗെയിംസിനും ഉപയോഗപ്പെടുത്തും. വിവാദ കാലത്തിന്‌ ശേഷമാണ്‌ ലോക ഹോക്കി ഫെഡറേഷന്‍ ഇന്ത്യക്ക്‌ ലോകകപ്പ്‌ വേദി നല്‍കിയത്‌. ലോകകപ്പ്‌ വേദി ലഭിച്ച ശേഷം ഒരുക്കങ്ങള്‍ സംബന്ധമായും പിന്നെ ഇന്ത്യന്‍ ടീമിലെ പ്രശ്‌നങ്ങള്‍ കാരണവും ഇവിടെ നിന്ന്‌ ചാമ്പ്യന്‍ഷിപ്പ്‌ അകലുമോ എന്ന സംശയമുണ്ടായിരുന്നു. ഇപ്പോഴാണ്‌ സുരക്ഷാ പ്രശ്‌നങ്ങള്‍ വെല്ലുവിളിയായിരിക്കുന്നത്‌. 2007 ലാണ്‌ രാജ്യാന്തര ഹോക്കി ഫെഡറേഷന്‍ ഇന്ത്യക്ക്‌ ലോകകപ്പ്‌ അനുവദിച്ചത്‌. എന്നാല്‍ പ്രശ്‌നങ്ങള്‍ കാരണം ലോകകപ്പ്‌ വേദി അന്തിമമായി ഇന്ത്യക്ക്‌ നല്‍കാന്‍ വീണ്ടും ഒരു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. ഇന്ത്യന്‍ ഹോക്കി ഫെഡറേഷനിലെ പടലപിണക്കവും പ്രശ്‌നങ്ങളുമായി അവരെ പുറത്താക്കിയതിന്‌ ശേഷം ഇപ്പോള്‍ നടക്കുന്ന ലോകകപ്പിന്‌ നേതൃത്ത്വം നല്‍കുന്നത്‌ ഹോക്കി ഇന്ത്യയും ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷനുമാണ്‌.
ആതിഥേയരായ ഇന്ത്യയെയും വന്‍കരാ ചാമ്പ്യന്മാരെയും മാറ്റിനിര്‍ത്തിയാല്‍ മറ്റെല്ലാം ടീമുകളും യോഗ്യതാ റൗണ്ട്‌ പിന്നിട്ടാണ്‌ ഇവിടെ എത്തിയിരിക്കുന്നത്‌. മൂന്ന്‌ യോഗ്യതാ ചാമ്പ്യന്‍ഷിപ്പുകളാണ്‌ കഴിഞ്ഞ രണ്ട്‌ വര്‍ഷങ്ങളിലായി നടന്നത്‌. ഫ്രാന്‍സിലെ ലില്ലിയില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പിലൂടെയാണ്‌ പാക്കിസ്‌താന്‍ ലോകകപ്പ്‌ എന്‍ട്രി സ്വന്തമാക്കിയത്‌. ന്യൂസിലാന്‍ഡിലെ ഇന്‍വര്‍കാര്‍ഗിലില്‍ നടന്ന യോഗ്യതാ മല്‍സരങ്ങളില്‍ നിന്നാണ്‌ കിവീസില്‍ എത്തിയത്‌. അര്‍ജന്റീനയില്‍ നടന്ന മൂന്നാം യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീനയും കരുത്ത്‌ കാട്ടി. ലോകകപ്പിലേക്കുള്ള യോഗ്യതാ വന്‍കരാടിസ്ഥാനത്തിലാണ്‌. എല്ലാ വന്‍കരയില്‍ നിന്നും അതത്‌ വന്‍കരാ ചാമ്പ്യന്മാരുണ്ടാവും. യൂറോപ്പിനും മൂന്ന്‌ ബെര്‍ത്താണുള്ളത്‌. ആഫ്രിക്കയെ പ്രതിനിധീകരിച്ച്‌ ദക്ഷിണാഫ്രിക്കയും ഏഷ്യയിലെ ചാമ്പ്യന്മാരായി കൊറിയയും യൂറോപ്പില്‍ നിന്ന്‌ ഇംഗ്ലണ്ടും ജര്‍മനിയും ഹോളണ്ടും സ്‌പെയിനും പാന്‍ അമേരിക്കയില്‍ നിന്ന്‌ കാനയും ഓഷ്യാനയില്‍ നിന്ന്‌ ഓസ്‌ട്രേലിയയും യോഗ്യതാ ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്നായി പാക്കിസ്‌താനും ന്യൂസിലാന്‍ഡും അര്‍ജന്റീനയും ആതിഥേയരെന്ന നിലയില്‍ ഇന്ത്യയും പൊരുതുമ്പോള്‍ ഒരു ദിവസം മൂന്ന്‌ മല്‍സരങ്ങളാണ്‌ ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്‌. അതത്‌ ഗ്രൂപ്പില്‍ നിന്ന്‌ ആദ്യ രണ്ട്‌ സ്ഥാനങ്ങള്‍ നേടുന്നവര്‍ സെമി കളിക്കും. മാര്‍ച്ച്‌ പതിനൊന്നിനാണ്‌ സെമി. പതിമൂന്നിനാണ്‌ ഫൈനല്‍.

തേര്‍ഡ്‌ ഐ-കമാല്‍ വരദൂര്‍
തിരിച്ചുവരുമോ ഇന്ത്യ
ഇന്ത്യന്‍ ഹോക്കി ടീമിന്റെ നായകന്‍ ആരാണ്‌...? ഈ ചോദ്യത്തിന്‌ വളരെ എളുപ്പത്തില്‍ ഉത്തരം നല്‍കാന്‍ ഇന്ത്യന്‍ ഹോക്കിയെ വിടതെ പിന്തുടരുന്നവര്‍ക്കല്ലാതെ കഴിയില്ല. ഇന്ത്യയില്‍ അടുത്തയാഴ്‌ച്ച മുതല്‍ പന്ത്രണ്ടാമത്‌ ലോകകപ്പ്‌ ഹോക്കി ചാമ്പ്യന്‍ഷിപ്പ്‌ നടക്കാന്‍ പോവുന്നതായും അധികമാര്‍ക്കുമറിയില്ല. ഇന്ത്യന്‍ ഹോക്കിയെ യുവതലമുറ ശരിക്കും മറക്കുമായിരുന്നു ചക്‌ദേ ഇന്ത്യ എന്ന ആ ഷാറുഖ്‌ ഖാന്‍ സിനിമ ഇല്ലായിരുന്നുവെങ്കില്‍....
നമ്മുടെ കായിക വര്‍ത്തമാനങ്ങളില്‍ ദേശീയ ഗെയിം വരുന്നതേയില്ല.. ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ആവേശപ്പോരാട്ടത്തില്‍ തോല്‍പ്പിച്ചതും ഐ.സി.സി റാങ്കിംഗില്‍ ആദ്യസ്ഥാനം നിലനിര്‍ത്തിയതും ചില മലയാള പത്രങ്ങള്‍ പോലും പ്രധാന വാര്‍ത്തയാക്കി. മാറുന്ന കാലത്തെ പത്രപ്രവര്‍ത്തനത്തിന്റെ ദിശാസൂചികയായി ഇതിനെ വിശേഷിപ്പിക്കാനും മാധ്യമ കുലപതികള്‍ മറക്കുന്നില്ല. പക്ഷേ ലോകകപ്പ്‌ ഹോക്കി പോലെ വലിയ മേള അരികിലെത്തിയിട്ടും സ്‌പോര്‍ട്‌സ്‌ പേജില്‍ ഒരു വരി പോലും നല്‍കാത്ത മാധ്യമസിംഹങ്ങള്‍ ഇവിടെയുണ്ട്‌.
ഇന്ത്യന്‍ ഹോക്കിയുടെ ദുരവസ്ഥയില്‍ ദേശീയ ഗെയിമിന്റെ നിലനില്‍പ്പ്‌ പോലും ചോദ്യം ചെയ്യപ്പെടുകയാണിന്ന്‌... ഒളിംപിക്‌സ്‌ ചരിത്രത്തില്‍ എട്ട്‌ വണ, അതും തുടര്‍ച്ചയായി രണ്ട്‌ ഹാട്രിക്കുമായി സ്വര്‍ണ്ണം സ്വന്തമാക്കിയവരാണ്‌ ഇന്ത്യന്‍ ടീമെന്നത്‌ പലര്‍ക്കും ഇന്ന്‌ വിശ്വസിക്കാന്‍ കഴിയാത്ത കാര്യമാണ്‌... മഹാനായ ധ്യാന്‍ചന്ദ്‌ 28 ലെ ലോസാഞ്ചലസ്‌ ഗെയിംസില്‍ എതിര്‍ വലയില്‍ ഗോള്‍വേട്ട നടത്തിയതും എതിര്‍ ടീം ധ്യാനിന്റെ സ്റ്റിക്കിനെക്കുറിച്ച്‌ പരാതിപ്പെട്ടതും ധ്യാന്‍ ആ സ്റ്റിക്ക്‌ എതിരാളികള്‍ക്ക്‌ നല്‍കിയതുമെല്ലാം ഇന്നത്തെ തലമുറക്ക്‌ വിശ്വസിക്കാനാവാത്ത കഥകളാണ്‌....
ഹോക്കിയെ നശിപ്പിക്കുന്നതില്‍ ഇന്ത്യന്‍ ഹോക്കി ഫെഡറേഷനും നമ്മുടെ കായിക മേലധികാരികള്‍ക്കമുളള പങ്ക്‌ ചെറുതല്ല. ദേശീയ ഗെയിമിനെ കൊന്ന്‌ കൊല വിളിച്ചവരുടെ പ്രതിനിധിയായി ഇപ്പോള്‍ ചൂണ്ടിക്കാട്ടാന്‍ ഒരു കെ.പി.എസ്‌ ഗില്ലുണ്ട്‌. പക്ഷേ അവസാനമായി പറഞ്ഞു കേള്‍ക്കുന്നത്‌ ഇന്ത്യന്‍ ഹോക്കിയെ രക്ഷിക്കാന്‍ ഗില്ലിന്‌ കീഴെ പഞ്ചാബികളെല്ലാം ഒരുമിക്കുന്നു എന്നാണ്‌. ഇന്ത്യന്‍ ഹോക്കി ഫെഡറേഷനെ പിരിച്ചുവിട്ടത്‌ സുരേഷ്‌ കല്‍മാഡിയെന്ന വ്യക്തിയുടെ താല്‍പ്പര്യത്തിലാണെന്നും പഞ്ചാബികളെ ഇന്ത്യന്‍ ഹോക്കിയില്‍ നിന്നും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ ഇതെന്നുമെല്ലാം പറഞ്ഞ്‌ പ്രചരിപ്പിക്കുന്നു. മാട്ടു എന്ന ഹോക്കി ഇന്ത്യ തലവന്‍ രാജിവെച്ചത്‌ പോലും ഇതിന്റെ ഭാഗമായാണത്രെ... കല്‍മാഡിയെ ഒറ്റപ്പെടുത്താന്‍ ഇപ്പോള്‍ രണ്‍ധീര്‍സിംഗിനെ പോലുള്ളവര്‍ പഞ്ചാബി ബാനറില്‍ ഒരുമിക്കാനും പോവുകയാണത്രെ....
എന്തായാലും നമ്മുടെ ഹോക്കിയിലെ ഭരണപടലപിണക്കം അവസാനിക്കില്ല. ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ഇപ്പോള്‍ രാജ്‌പാല്‍ സിംഗാണ്‌. പക്ഷേ കോച്ചിന്റെ നായകന്‍ പ്രഭജ്യോത്‌ സിംഗും. പണ്ട്‌ ഇന്ത്യന്‍ ഹോക്കി താരങ്ങളുടെ പേരുകള്‍ എല്ലാവര്‍ക്കും സുപരിചിതമായിരുന്നു. സഫര്‍ ഇഖ്‌ബാലും മെര്‍വിന്‍ ഫെര്‍ണാണ്ടസും പര്‍ഗത്‌സിംഗും ധന്‍രാജ്‌ പിള്ളയും ദിലിപ്‌ ടീര്‍ക്കെയുമെല്ലാം നമ്മുടെ വിരേന്ദര്‍ സേവാഗ്‌, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരുടെ പേരുകള്‍ പോലെ എല്ലാവര്‍ക്കുമറിയാവുന്ന വ്യക്തികളായിരുന്നു. ഇന്ത്യന്‍ ഹോക്കി ടീമിനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സഹാറ പോലെ വമ്പന്‍ ഗ്രൂപ്പുകള്‍ വന്നിരുന്നിരുന്നു. ചക്‌ദേ ഇന്ത്യ എന്ന ബോളിവുഡ്‌ സിനിമ വന്നപ്പോള്‍ ഹോക്കി ചര്‍ച്ചകള്‍ സജീവമായി. പക്ഷേ കെ.പി.എസ്‌ ഗില്ലും ജ്യോതികുമാരുനമെല്ലാം സെലക്ഷന്‍ കാര്യത്തില്‍ പോലും പണം വാങ്ങിയ നേര്‍ക്കാഴ്‌ച്ചയില്‍ ഹോക്കിയെന്ന ഗെയിമിനെ സപ്പോര്‍ട്ട്‌ ചെയ്യാന്‍ പിന്നെ ആരുമില്ലാതായി.
ഇന്ത്യക്ക്‌ അനുവദിക്കപ്പെട്ട ലോകകപ്പ്‌ പോലും ഇല്ലാതാവുമെന്ന ഘട്ടത്തില്‍, സുരേഷ്‌ കല്‍മാഡിയെ പോലുള്ളവരാണ്‌ രക്ഷകരായത്‌. പ്രതിഫലം തേടി സമരത്തിനിറങ്ങിയ താരങ്ങള്‍ക്ക്‌ അദ്ദേഹമാണ്‌ സഹാറയില്‍ നിന്നും ഒരു കോടി വാങ്ങി നല്‍കിയത്‌. ഇതിപ്പോള്‍ പഴയ പ്രതാപകാലം വീണ്ടെടുക്കാനുള്ള കനകാവസരമാണ്‌ നമ്മുടെ സംഘാടകര്‍ക്കും താരങ്ങള്‍ക്കും. ലോകകപ്പില്‍ കളിക്കുന്നവരെല്ലാം ശക്തരാണ്‌. ഇപ്പോള്‍ അര്‍ജന്റീനയെ പോലും തോല്‍പ്പിക്കാന്‍ ഇന്ത്യക്കാവുമെന്ന്‌ ഉറപ്പിച്ചു പറയാന്‍ കഴിയാത്ത അവസ്ഥയാണ്‌. പക്ഷേ രാജ്‌പാല്‍സിംഗിന്റെ സംഘത്തില്‍ ജൂനിയര്‍ തലത്തില്‍ മികവ്‌ പ്രകടിപ്പിച്ച ധാരാളം താരങ്ങളുണ്ട്‌. രാജ്യാന്തര മല്‍സര പരിചയക്കുറവാണ്‌ ഇവര്‍ക്ക്‌ പ്രശ്‌നം. പാക്കിസ്‌താനെതിരെ നടക്കാന്‍ പോവുന്ന ആദ്യ മല്‍സരത്തില്‍ മികവ്‌ പ്രകടിപ്പിച്ച്‌ വിജയിച്ചാല്‍ ആ ആത്മവിശ്വാസത്തെ സ്റ്റിക്കിലേക്ക്‌ ആവാഹിച്ച്‌ മുന്നേറാന്‍ കഴിയും. എല്ലാം മറന്ന്‌ ആദ്യ മല്‍സരത്തിനിറങ്ങുക-വിജയിക്കുക. വിജയം വഴി പിന്തുണയും പ്രോല്‍സാഹനവുമെല്ലാം വരും. ബെയ്‌ജിംഗ്‌ ഒളിംപിക്‌സിന്‌ യോഗ്യത നേടാന്‍ കഴിയാത്ത നാണക്കേടും കഴിഞ്ഞ ലോകകപ്പില്‍ പതിനൊന്നാം സ്ഥാനത്തായതുമെല്ലാം തല്‍ക്കാലം മറക്കാം.

കപ്പിന്‌ മലയാളവും
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളില്‍ കേരളത്തിനൊരു എന്‍.പി പ്രദീപുണ്ട്‌, ക്രിക്കറ്റില്‍ ഒരു ശ്രീശാന്തും... ഇപ്പോഴിതാ ഹോക്കിയിലും ഒരു മലയാള സാന്നിദ്ധ്യം-പി.ശ്രീജേഷ്‌..... ലോകകപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ സംഘത്തിന്റെ പ്രധാന ഗോള്‍ക്കീപ്പറാണ്‌ ഈ കൊച്ചിക്കാരന്‍. ആറാമത്‌ ഏഷ്യന്‍ ജൂനിയര്‍ ഹോക്കിയില്‍ ഇന്ത്യ കിരീടം സ്വന്തമാക്കിയപ്പോള്‍ വല കാക്കുകയും ഏറ്റവും മികച്ച ഗോള്‍ക്കീപ്പറായി അംഗീകരിക്കപ്പെടുകയും ചെയ്‌ത കൊച്ചു താരമിപ്പോള്‍ ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ഗോള്‍ക്കീപ്പര്‍മാരില്‍ ഒരാളാണ്‌. എരുമേലിയിലെ കിഴക്കമ്പലത്ത്‌ സ്വദേശിയായ ശ്രീജേഷ്‌ ഹൈദരാബാദില്‍ നടന്ന ലോകകപ്പില്‍ എല്ലാവരെയും വിസ്‌മയിപ്പിച്ചിരുന്നു. ഒരു ഷോട്ട്‌ പുട്ടറായി ജി.വി രാജ സ്‌ക്കൂളില്‍ ചേര്‍ന്ന ശ്രീജേഷ്‌ എങ്ങനെ ഒരു ഹോക്കി ഗോള്‍ക്കീപ്പറായി എന്നത്‌ രസകരമായ കാര്യമാണ്‌. എട്ടാം ക്ലാസ്‌ വരെ അത്‌ലറ്റായും ഷോട്ട്‌പുട്ടറായും മിന്നിയ ശ്രീജേഷിലെ ഹോക്കി താരത്തെ കണ്ടെത്തിയത്‌ ഇപ്പോള്‍ ഹോക്കി കേരളയുടെ സെക്രട്ടറിയായ രമേഷ്‌ കോലപ്പയും ജയകുമാറുമാണ്‌. 2003 ല്‍ ചണ്ഡിഗറില്‍ നടന്ന സീനിയര്‍ ക്യാമ്പിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌ വഴിയാണ്‌ ശ്രീജേഷ്‌്‌ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്‌. പാക്കിസ്‌താനെതിരായ പരമ്പരക്ക്‌ മുന്നോടിയായാണ്‌ ആ ക്യാമ്പ്‌ സംഘടിപ്പിച്ചത്‌. എന്നാല്‍ ദേശീയ ടീമില്‍ ശ്രീജേഷിന്‌ സ്ഥാനം ലഭിച്ചില്ലെങ്കിലും ആ ക്യാമ്പ്‌ വലിയ സഹായമായിരുന്നുവെന്ന്‌ ശ്രീജേഷ്‌ പറയുന്നു. പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന ടെസ്‌റ്റ്‌ പരമ്പരയില്‍ ജൂനിയര്‍ ഇന്ത്യക്കായി കളിച്ചാണ്‌ അദ്ദേഹം രാജ്യാന്തര രംഗത്ത്‌ അരങ്ങേറിയത്‌. പാക്കിസ്‌താന്‍, മലേഷ്യ പര്യടനങ്ങളിലും ശ്രീജേഷ്‌ കളിച്ചിരുന്നു. പാക്കിസ്‌താനെതിരെ അവരുടെ തട്ടകത്ത്‌ കളിക്കാനായതാണ്‌ ശ്രീജേഷിലെ ഗോള്‍ക്കീപ്പറെ കരുത്തനാക്കിയത്‌.
ഇപ്പോള്‍ ഇതാ ലോകകപ്പ്‌- രാജ്യത്തിന്‌ വലിയ കിരീടം സമ്മാനിക്കാന്‍ ശ്രീജേഷ്‌ റെഡിയാണ്‌.. അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നത്‌ മലയാളത്തിന്റെ പ്രാര്‍ത്ഥനയാണ്‌.

സേവാഗ്‌ നമ്പര്‍ വണ്‍
കൊല്‍ക്കത്ത: ഐ.സി.സി പുതിയ റാങ്കിംഗില്‍ ടെസ്റ്റ്‌ ബാറ്റ്‌സ്‌മാന്‍ പട്ടത്തില്‍ ഒന്നാമന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സേവാഗ്‌. ദക്ഷിണാഫ്രിക്കക്കെതിരെ നാഗ്‌പ്പൂരിലും കൊല്‍ക്കത്തയിലും നടന്ന ടെസ്റ്റുകളില്‍ സെഞ്ച്വറി സ്വന്തമാക്കിയാണ്‌ സേവാഗ്‌ ഒന്നാമനായത്‌. 863 പോയന്റാണ്‌ സേവാഗിനിപ്പോള്‍ സ്വന്തം. അദ്ദേഹം പിറകിലിക്കായിത്‌ അടുത്ത മിത്രമായ ഗൗതം ഗാംഭീറിനെയാണ്‌. ഗാംഭീറിനിപ്പോള്‍ 824 പോയന്റാണുള്ളത്‌. ഇന്ത്യക്കെതിരായ പരമ്പരയില്‍ തട്ടുതകര്‍പ്പന്‍ പ്രകടനം നടത്തി മാന്‍ ഓഫ്‌ ദ സീരിസ്‌ പട്ടം സ്വന്തമാക്കിയ ഹാഷിം അംലയാണ്‌ സേവാഗിന്‌ പിറകില്‍ രണ്ടാമത്‌. 842 പോയന്റാണ്‌ അംലക്ക്‌. പരമ്പരയില്‍ രണ്ട്‌ സെഞ്ച്വറികള്‍ സ്വന്തമാക്കിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 805 പോയന്റുമായി ആറാമതാണ്‌. ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ എം.എസ്‌ ധോണിയാണ്‌ ഒന്നാമത്‌.

വീണ്ടും പാക്കിസ്‌താന്‍ വീണു
ദുബായ്‌: തോല്‍വികളില്‍ നിന്ന്‌ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ടീമിന്‌ മോചനമില്ല. 20-20 ലോകകപ്പ്‌ ജേതാക്കളായ സംഘം ഇന്നലെ ഇംഗ്ലണ്ടിനോട്‌ ഏഴ്‌ വിക്കറ്റിന്‌ പരാജയപ്പെട്ടു. ആദ്യം ബാറ്റ്‌ ചെയ്‌ത പാക്കിസ്‌താന്‍ എട്ട്‌ വിക്കറ്റിന്‌ 129 റണ്‍സാണ്‌ നേടിയത്‌. ഒമ്പത്‌ പന്തുകള്‍ ബാക്കിനില്‍ക്കെ ഇംഗ്ലണ്ട്‌ മൂന്ന്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ ലക്ഷ്യത്തിലെത്തി. മോര്‍ഗന്‍-പീറ്റേഴ്‌സണ്‍ സഖ്യം നേടിയ 112 റണ്‍സാണ്‌ ഇംഗ്ലണ്ടിന്‌ കരുത്തായത്‌. ബൗളിംഗില്‍ 23 റണ്‍സിന്‌ രണ്ട്‌ വിക്കറ്റ്‌ സ്വന്തമാക്കിയ സ്റ്റ്യൂവര്‍ട്ട്‌ ബ്രോഡാണ്‌ പാക്കിസ്‌താനെ തകര്‍ത്തത്‌. പാക്‌ ബാറ്റ്‌സ്‌മാന്മാരില്‍ 33 റണ്‍സ്‌ നേടിയ നായകന്‍ ഷുഹൈബ്‌ മാലിക്കാണ്‌ ടോപ്‌ സ്‌ക്കോറര്‍.

ഇന്ന്‌ ആദ്യ ഏകദിനം
ജയ്‌പ്പൂര്‍: അത്യാവേശകരമായ ടെസ്റ്റ്‌ പരമ്പരക്ക്‌ ശേഷം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരക്ക്‌ ഇന്ന്‌ ഇവിടെ തുടക്കം. മൂന്ന്‌ മല്‍സരങ്ങളുളള പരമ്പരയിലെ ആദ്യ മല്‍സരം മാന്‍സിംഗ്‌ സ്‌റ്റേഡിയത്തില്‍ പകലും രാത്രിയുമായാണ്‌ നടക്കുന്നത്‌. ഗ്രയീം സ്‌മിത്തിന്‌ പരുക്കേറ്റത്‌ കാരണം ജാക്‌ കാലിസാണ്‌ ദക്ഷിണാഫ്രിക്കന്‍ സംഘത്തെ നയിക്കുന്നത്‌. കൊല്‍ക്കത്താ ടെസ്റ്റില്‍ കരുത്ത്‌ പ്രകടിപ്പിച്ച ഇന്ത്യക്ക്‌ ബാറ്റിംഗ്‌ തന്നെയാണ്‌ കരുത്ത്‌. സേവാഗിനൊപ്പം ഇന്നിംഗ്‌സിന്‌ ആര്‌ തുടക്കമിടുമെന്ന്‌ വ്യക്തമല്ല. ഗൗതം ഗാംഭീര്‍ പരുക്ക്‌ കാരണം കളിക്കാത്ത സാഹചര്യത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക്‌ അവസരം നല്‍കാനാണ്‌ സാധ്യത. സുരേഷ്‌ റൈന, വിരാത്‌ കോഹ്‌ലി, യൂസഫ്‌ പത്താന്‍ എന്നിവര്‍ മധ്യനിരക്ക്‌ കരുത്ത്‌ പകരും. സഹീര്‍ഖാന്‌ പകരം ടീമിലെത്തിയ ശ്രീശാന്തിനും ഇഷാന്ത്‌ ശര്‍മ്മയുമായിരിക്കും പുതിയ പന്ത്‌ പങ്കിടുക. മല്‍സരം നിയോ ക്രിക്കറ്റിലും ദൂരദര്‍ശനിലും ഉച്ചക്ക്‌ 2-30 മുതല്‍ തല്‍സമയം.

ഹോക്കി താരങ്ങള്‍ കോടികള്‍ ചോദിച്ചുവെന്ന്‌
ചണ്ഡിഗര്‍: ഇന്ത്യന്‍ ഹോക്കി താരങ്‌ഹളെ ചുറ്റിപ്പറ്റി മറ്റൊരു വിവാദം കൂടി... ഇന്നലെ ഇവിടെ നടക്കേണ്ടിയിരുന്ന പ്രദര്‍ശന മല്‍സരത്തിന്‌ തൊട്ട്‌ മുമ്പ്‌ രാജ്‌പാല്‍സിംഗിന്‍രെ ഇന്ത്യന്‍ ഹബോക്കി ടീം കളഇക്കണമെങഅകില്‍ അഞ്ച്‌ കോടി ചോദിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. ചാരിറ്റി മല്‍സരത്തില്‍ കളഇക്കാന്‍ ബോളിവുഡ്‌ താരങ്ങളെത്തിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ സംഘത്തിലെ ആറ്‌ പേരുള്‍പ്പെടുന്ന താരങ്ങളുടെ ടീമാണത്രെ വലിയ തുക പ്രതിഫലമായി ചോദിച്ചത്‌. ആരോപണത്തില്‍ കഴമ്പില്ലെന്ന്‌ ക്യാപ്‌റ്റന്‍ രാജ്‌ പാല്‍ വ്യക്തമാക്കി.

ഷൂട്ടിംഗില്‍ സ്വര്‍ണ്ണ വേട്ട
ന്യൂഡല്‍ഹി: ഗഗന്‍ നരാഗ്‌ തുടര്‍ച്ചയായ രണ്ടാം ദിവസത്തിലും സ്വര്‍ണ്ണം സ്വന്തമാക്കിയ കോമണ്‍വെല്‍ത്ത്‌ ഷൂട്ടിംഗില്‍ ഇന്ത്യയുടെ സ്വര്‍ണ്ണ കുതിപ്പ്‌. ഒരു മീറ്റ്‌ റെക്കോര്‍ഡ്‌ ഉള്‍പ്പെടെ നാല്‌ സ്വര്‍ണ്ണവും രണ്ട്‌ വെള്ളിയും ഒരു വെങ്കലവുമാണ്‌ ഇന്ത്യ നേടിയത്‌. മൊത്തം പതിനൊന്ന്‌ മെഡലുകള്‍ ഇപ്പോള്‍ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്‌. പത്ത്‌ മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ആദ്യദിവസം സ്വര്‍ണ്ണം നേടിയ ഗഗന്‍ ഇന്നലെ ഇതേ ഇനത്തില്‍ വ്യക്തിഗത സ്വര്‍ണ്ണമാണ്‌ സ്വന്തമാക്കിത്‌. ടീം ഇനത്തില്‍ ഗഗനൊപ്പം സ്വര്‍ണ്ണം നേടിയ മലയാളിയായ രഘുനാഥ്‌ വ്യക്തിഗത ഇനത്തില്‍ നാലാമതാണ്‌ വന്നത്‌. 50 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ ജസ്‌പാല്‍ റാണയുടെ അഞ്ച്‌ വര്‍ഷത്തെ റെക്കോര്‍ഡ്‌ തകര്‍ത്ത അമന്‍ പ്രീത്‌ സിംഗ്‌ 657.4 പോയന്റ്‌്‌ നേടി സ്വര്‍ണ്ണം സ്വന്തമാക്കി.

No comments: