കഷ്ടം
നാഗ്‌പ്പൂര്‍: ഒരൊറ്റ ദിവസം പന്ത്രണ്ട് വിക്കറ്റുകള്‍ ബലി നല്‍കി ഇന്ത്യ നാഗ്‌പ്പൂര്‍ ടെസ്റ്റില്‍ പരാജയത്തിന്റെ പടിവാതില്‍ക്കലില്‍... ഡാലെ സ്റ്റെന്‍ എന്ന അതിവേഗക്കാരന്‍ പഴയ പന്തിലും പുതിയ പന്തിലും ഫാസ്റ്റ് ബൗളിംഗിന്റെ സമ്മേഹന മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചപ്പോള്‍ ഇന്ത്യയുടെ പുകള്‍പെറ്റ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ 51 റണ്‍സ് മാത്രം നല്‍കി തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായി ഏഴ് വിക്കറ്റ് നേടിയ സ്‌റ്റെന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 14 റണ്‍സ് മാത്രം ഒരു വിക്കറ്റും നേടിയിട്ടുണ്ട്. വിരേന്ദര്‍ സേവാഗിന്റെ സെഞ്ച്വറിയിലും ഒന്നാം ഇന്നിംഗ്‌സില്‍ 233 റണ്‍സിന് പുറത്തായി ഫോളോ ഓണ്‍ ചെയ്യുന്ന ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റിന് 66 റണ്‍സ് എന്ന ദയനീയ നിലയിലാണ്. മല്‍സരം രണ്ട് ദിവസം പൂര്‍ണ്ണമായും ശേഷിക്കെ ഇന്ത്യ സമ്മര്‍ദ്ദത്തിന്റെ മുറ്റത്താണ്. ദക്ഷിണാഫ്രിക്കയെ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യിക്കണമെങ്കില്‍ ഇന്ത്യ ഇനിയും 259 റണ്‍സ് കൂടി നേടണം. സേവാഗും ഗാംഭീറുമാണ് ചെറിയ സ്‌ക്കോറില്‍ പുറത്തായത്. സച്ചിന്‍ ടെണ്ടുല്‍ക്കറും മുരളി വിജയുമാണ് ക്രീസില്‍.
വിക്കറ്റ് പോവാതെ 25 റണ്‍സ് എന്ന നിലയില്‍ ഇന്നലെ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. മോണി മോര്‍ക്കലിന്റെ പന്തില്‍ ഗാംഭീര്‍ മടങ്ങിയപ്പോള്‍ സച്ചിന്‍ കാണികളെ നിരാശപ്പെടുത്തി. രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷ്‌മണ്‍, യുവരാജ് സിംഗ് എന്നീ അനുഭവസമ്പന്നരുടെ അഭാവത്തില്‍ മധ്യനിരയിലെ വിള്ളലുകള്‍ തുറന്ന് കാട്ടാനായി സ്റ്റെനും സ്‌പിന്നര്‍ പോള്‍ ഹാരിസും നടത്തിയ ഭഗീരഥയത്‌നം ആദ്യ സെഷനിലും രണ്ടാം സെഷനിലും വിജയിച്ചിരുന്നില്ല. സ്വതസിദ്ധമായ തന്റെ ബാറ്റിംഗിന് വിശ്രമം നല്‍കി സേവാഗ് പന്തിനെ ബഹുമാനിച്ച് കളിച്ചപ്പോള്‍ കന്നി ടെസ്‌റ്റ് കളിക്കുന്ന തമിഴ്‌നാട്ടുകാരന്‍ എസ്.ബദരീനാഥ് അദ്ദേഹത്തിന് പിന്തുണയും നല്‍കി. സേവാഗിന്റെ സെഞ്ച്വറിയിലും ബദരീനാഥിന്റെ അര്‍ദ്ധസെഞ്ച്വറിയിലും രണ്ടാം സെഷനും ഇന്ത്യ അതിജീവിച്ചപ്പോള്‍ മല്‍സരത്തില്‍ ഇന്ത്യ കരകയറുമെന്ന് തോന്നി. പക്ഷേ അവസാന സെഷനില്‍ ഇന്ത്യന്‍ ബാറ്റിംഗ് നാടകീയമായി തകരുകയായിരുന്നു.
നായകന്‍ ധോണിയാണ് മടക്കയാത്രക്ക് തുടക്കമിട്ടത്. സ്‌പിന്നര്‍ പോള്‍ ഹാരിസിന്റെ പന്തില്‍ ഇന്ത്യന്‍ നായകന്‍ കബളിപ്പിക്കപ്പെട്ടപ്പോള്‍ ബദരീനാഥിനും പിഴച്ചു. പിന്നെ ഒരു ഘോഷയാത്രയായിരുന്നു. ഒന്നിന് പിറകെ ഒന്നായി നാല് വിക്കറ്റുകള്‍. പുതിയ താരം സാഹ നേരിട്ട ആദ്യ പന്തില്‍ തന്നെ കൂടാരം കയറി. കേവലം 12 റണ്‍സിന് മധ്യേയാണ് ആറ് ഇന്ത്യന്‍ വിക്കറ്റുകള്‍ നിലം പതിച്ചത്. ഉടന്‍ തന്നെ ഗ്രയീം സ്‌മിത്ത് ഇന്ത്യയെ ഫോളോ ഓണിന് ക്ഷണിച്ചു. അപ്പോള്‍ കണ്ടതും ദുരന്തമായിരുന്നു. ഇന്നത്തെ ദിവസത്തില്‍ പിടിച്ചുനില്‍ക്കുക എളുപ്പമല്ല. പിച്ച് പൊട്ടി തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ നിരയിലെ വലിയ ഇന്നിംഗ്‌സ് കളിക്കാന്‍ പ്രാപ്‌തനായി ആകെയുള്ളത് സച്ചിന്‍ മാത്രമാണ്.
സ്‌ക്കോര്‍ബോര്‍ഡ്
ദക്ഷിണാഫ്രിക്ക-ഒന്നാം ഇന്നിംഗ്‌സ്: ആറ് വിക്കറ്റിന് 558 ഡിക്ലയേര്‍ഡ്. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്: ഗാംഭീര്‍-സി-ബൗച്ചര്‍-ബി-മോര്‍ക്കല്‍-12, സേവാഗ്-സി-ഡുമിനി-ബി-പാര്‍നല്‍-109, മുരളി വിജയ്-ബി-സ്റ്റെന്‍-4, സച്ചിന്‍-സി-ബൗച്ചര്‍-ബി-സ്റ്റെന്‍-7, എസ്.ബദരീനാഥ്-സി-പ്രിന്‍സ്-ബി-സ്റ്റെന്‍-56, എം.എസ് ധോണി-സി-കാലിസ്-ബി-ഹാരിസ്-6, സാഹ-ബി-സ്‌റ്റെന്‍-0, ഹര്‍ഭജന്‍-എല്‍.ബി.ഡബ്ല്യൂ-ബി-സ്‌റ്റെന്‍-8, സഹീര്‍-ബി-സ്‌റ്റെന്‍-2, മിശ്ര-ബി-സ്‌റ്റെന്‍-0, ഇഷാന്ത് -നോട്ടൗട്ട്-0, എക്‌സ്‌ട്രാസ് 29, ആകെ 64.4 ഓവറുകളില്‍ 233 ന് എല്ലാവരും പുറത്ത്. വിക്കറ്റ് പതനം: 1-31 (ഗാംഭീര്‍), 2-40 (വിജയ്), 3-56 (സച്ചിന്‍), 4-192 (സേവാഗ്), 5-221 (ധോണി), 6-221 (ബദരീനാഥ്), 7-222 (സാഹ), 8-226 (സഹീര്‍), 9-228 (മിശ്ര), 10-233 (ഹര്‍ഭജന്‍). ബൗളിംഗ്:സ്‌റ്റെന്‍ 16.4-6-51-7, മോര്‍ക്കല്‍ 15-4-58-1, ഹാരിസ് 17-2-39-1, പാര്‍നല്‍ 7--1-31-1, കാലിസ് 6-0-14-0, ഡുമിനി 3-0-20-0.
ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ്: ഗാംഭീര്‍-ബി-മോര്‍ക്കല്‍-1, സേവാഗ്-സി-സ്‌മിത്ത്-ബി-സ്‌റ്റെന്‍-16,
മാലിക് നായകന്‍, കമറാന്‍ പുറത്ത്
ലാഹോര്‍: രണ്ട് തെറ്റുകളാണ് കമറാന്‍ അക്‌മല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ചെയ്‌തത്. 1-പാക്കിസ്‌താന്‍ വിജയപ്രതീക്ഷയുണ്ടായിരുന്ന സിഡ്‌നി ടെസ്‌റ്റില്‍ നിര്‍ണ്ണായക ഘട്ടത്തില്‍ നാല് ക്യാച്ചുകള്‍ നിലത്തിട്ടു. 2-സിഡ്‌നി ടെസ്റ്റിന് ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ അടുത്ത ടെസ്‌റ്റില്‍ താന്‍ കളിക്കുമെന്നും ആ കാര്യത്തില്‍ സംശയം വേണ്ടെന്നും തുറന്നടിച്ചു- ഈ രണ്ട് തെറ്റുകള്‍ക്കുമുള്ള ശിക്ഷയായി ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരായ 20-20 പരമ്പരക്കുള്ള പാക്കിസ്‌താന്‍ സംഘത്തില്‍ നിന്നും കമറാന്‍ പുറത്തായിരിക്കുന്നു. ഇന്നലെ പ്രഖ്യാപിച്ച ടീമിന്റെ നായകന്‍ ഷുഹൈബ് മാലിക്കാണ്. പാക്കിസ്‌താന്‍ 20-20 ടീമിന്റെ യഥാര്‍ത്ഥ നായകന്‍ ഷാഹിദ് അഫ്രീദിയാണ്. പക്ഷേ ഓസ്‌ട്രേലിയക്കെതിരായ അവസാന ഏകദിനത്തിനിടെ പന്തില്‍ കൃത്രിമത്വം കാണിച്ച പ്രശ്‌നത്തില്‍ രണ്ട് മല്‍സര വിലക്ക് നേരിടുന്ന അഫ്രീദിക്ക് ആദ്യ മല്‍സരത്തില്‍ കളിക്കാന്‍ കഴിയില്ല. ഓസ്‌ട്രേലിയക്കെതിരെ മെല്‍ബണില്‍ നടന്ന മല്‍സരത്തിലും അഫ്രീദി കളിച്ചിരുന്നില്ല. ഈ മാസം 19 നാണ് പരമ്പരയിലെ ആദ്യ മല്‍സരം. യു.എ.ഇയാണ് മല്‍സര വേദി. ഓസ്‌ട്രേലിയക്കെതിരെ മെല്‍ബണില്‍ നടന്ന 20-20 മല്‍സരത്തില്‍ അമല്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ അദ്ദേഹത്തിന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ ടീം പ്രഖ്യാപിക്കപ്പെട്ടപ്പോഴാണ് കമറാന്‍ നിരാശനായത്.
പാക്കിസ്‌താന്‍ ടീം: ഷുഹൈബ് മാലിക് (ക്യാപ്‌റ്റന്‍), ഇംറാന്‍ ഫര്‍ഹാത്ത്, ഇംറാന്‍ നസീര്‍, ഖാലിദ് ലത്തീഫ്, ഷാഹിദ് അഫ്രീദി, ഫവാദ് ആലം, ഉമര്‍ അക്‌മല്‍, അബ്ദുള്‍ റസാക്ക്, സര്‍ഫ്രാസ് അഹമ്മദ്, യാസിര്‍ അറഫാത്ത്, സയദ് അജ്‌മല്‍, മുഹമ്മദ് തല്‍ഹ, വഹാബ് റിയാസ്, ഉമര്‍ ഗുല്‍.
ബാര്‍സ മുന്നില്‍ തന്നെ
മാഡ്രിഡ്: സ്‌പാനിഷ് ലീഗില്‍ ഒരാഴ്‌ച്ച കൂടി പിന്നിട്ടപ്പോള്‍ തലപ്പത്ത് മാറ്റമില്ല. അഞ്ച് പോയന്റിന്റെ വ്യക്തമായ ലീഡില്‍ (55) നിലവിലെ ചാമ്പ്യന്മാരായ ബാര്‍സ ഒന്നാമത് നില്‍ക്കുമ്പോള്‍ റയല്‍ മാഡ്രിഡ് 50 പോയന്റുമായി രണ്ടാമതാണ്. 42 പോയന്റുമായി വലന്‍സിയയാണ് മൂന്നാമത്. എസ്‌പാനിയോളിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് റയല്‍ കരുത്ത് കാട്ടിയതെങ്കില്‍ ബാര്‍സ 2-1 ന്‌് ഗറ്റാഫെയെ വീഴ്‌ത്തി. ശക്തരായ വല്ലഡോളിഡിനെ രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് വലന്‍സിയ കരുത്ത് പ്രകടിപ്പിച്ചത്. പതിനാറ് ഗോളുകളുമായി ബാര്‍സയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയാണ് ഗോള്‍വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്നത്.
ഇറ്റാലിയന്‍ സിരിയ എ യില്‍ 52 പോയന്റുമായി ഇന്റര്‍ മിലാനാണ് ഒന്നാം സ്ഥാനത്ത്. കാഗിലാരിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അവര്‍ തരിപ്പണമാക്കിയത്. അതേ സമയം ഇന്ററിന് വെല്ലുവിളി ഉയര്‍ത്തി മൂന്നാമത് നില്‍ക്കുന്ന ഏ.സി മിലാനെ ബോളോഗ്ന ഗോള്‍രഹിത സമനിലയില്‍ തളച്ചു. 44 പോയന്റുള്ള ഏ.എസ് റോമയാണ് മൂന്നാമത്.
ജര്‍മന്‍ ബുണ്ടേല്‍സ് ലീഗില്‍ 45 പോയന്റുമായി ബയേണ്‍ മ്യൂണിച്ചും ബയര്‍ ലെവര്‍കൂസണും ഒപ്പത്തിനൊപ്പമാണ്.
ബിഗ് ബി മലയാളത്തില്‍
കൊച്ചി: സിനിമാസ്വാദകര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത....! ഇന്ത്യന്‍ സിനിമയിലെ ബിഗ് ബി-സാക്ഷാല്‍ അമിതാഭ് ബച്ചന്‍ മലയാള സിനിമയില്‍ അഭിനയിക്കുന്നു.... മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനൊപ്പമാണ് അമിതാഭ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ മേജര്‍ രവി. കാണ്ടഹാര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഉദ്ദേശിച്ച പ്രകാരം ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്ന പക്ഷം ഇത്തവണ ലാലിന്റെ ഓണചിത്രമായിരിക്കും ഈ ബിഗ് ബി സിനിമ. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ അമിതാഭ് സംവിധായകന്‍ മേജര്‍ രവി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം അല്‍പ്പസമയം ചര്‍ച്ച നടത്തിയിരുന്നു. ലാലാണ് അമിതാഭിനോട് ഡേറ്റ് ചോദിച്ചത്. അല്‍പ്പം ആലോചിച്ച ശേഷം, ചിത്രത്തിന്റെ വിശദാംശങ്ങളും കേട്ടാണ് നാല് ദിവസത്തെ ഡേറ്റ് ബിഗ് ബി നല്‍കിയിരിക്കുന്നത്. കേരളത്തിന് പുറമെ നേപ്പാള്‍, കാശ്‌മീര്‍ എന്നിവിടങ്ങളില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് എന്ന് രവി പറഞ്ഞു. ഇന്ത്യന്‍ സിനിമയിലെ രണ്ട് പ്രതിഭാസങ്ങളാണ് അമിതാഭും ലാലും. ഇവരെ ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിപ്പിക്കുന്നതിന്റെ ത്രിലില്ലാണ് താനെന്നാണ് മിലിട്ടറി ചിത്രങ്ങളുടെ സംവിധായകനായ രവി പറയുന്നത്. കീര്‍ത്തി ചക്ര, കുരുക്ഷേത്ര, മിഷന്‍ 90 ഡേയ്‌സ് എന്നീ ചിത്രങ്ങളാണ് രവി മലയാള സിനിമക്ക് സമ്മാനിച്ചത്. ഇതില്‍ കീര്‍ത്തി ചക്ര വന്‍വിജയമായിരുന്നു.
തേര്‍ഡ് ഐ
ഇന്ത്യന്‍ സെലക്ടര്‍മാര്‍ കണ്ണടച്ചതിനുള്ള ഉത്തരമാണ് ഇന്നലെ നാഗ്‌പ്പൂരിലെ ഗ്രീന്‍പാര്‍ക്കില്‍ ഇന്ത്യക്ക് സംഭവിച്ചത്. ദക്ഷിണാഫ്രിക്കയെ പോലെ പ്രബലരായ ഒരു ടീമിനെതിരെ രണ്ട് പേര്‍ക്ക് അരങ്ങേറ്റം, ഒരാള്‍ താരതമ്യേന കന്നിക്കാരന്‍. ലോക റാങ്കിംഗിലെ ആദ്യ സ്ഥാനത്തിനുള്ള ബലാബലമായി കണ്ട പരമ്പരയില്‍ പുതിയ താരങ്ങള്‍ക്ക് ഇന്ത്യ അവസരം നല്‍കിയപ്പോള്‍ ഡാലെ സ്‌റ്റെനിനെ പോലെ അതിവേഗതയില്‍ പന്തെറിയുന്ന ബൗളര്‍ക്കും മിന്നല്‍ ഫീല്‍ഡിംഗിന് പേരു കേട്ട ദക്ഷിണാഫ്രിക്കക്കും കാര്യങ്ങള്‍ എളുപ്പമായിരിക്കുന്നു. അല്‍ഭുതങ്ങള്‍ സംഭവിക്കാത്തപക്ഷം ഇന്ത്യ ഇന്ന് തന്നെ തോല്‍ക്കും. ബംഗ്ലാദേശിനെതിരെ നടന്ന പരമ്പരക്കിടെയാണ് രാഹുല്‍ ദ്രാവിഡ്, ലക്ഷ്‌മണ്‍, യുവരാജ് എന്നിവര്‍ക്ക് പരുക്കേറ്റത്. ബംഗ്ലാദേശിനെ പോലെ ദുര്‍ബലരായ ടീമിനെതിരെ ടീമിലെ എല്ലാവരെയും എന്തിന് നിര്‍ബന്ധമായും കളിപ്പിച്ചു എന്ന ചോദ്യത്തിന് ഇത് വരെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൃഷ്‌ണമാചാരി ശ്രീകാന്ത് ഉത്തരം നല്‍കിയിട്ടില്ല. ബദരീനാഥിനും മുരളി വിജയിനും വൃദിമാന്‍ സാഹക്കുമെല്ലാം ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ അവസരം നല്‍കാമായിരുന്നു. അങ്ങനെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമിക്കാന്‍ അവസരവും നല്‍കിയിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്കയെ പോലെ പ്രബലര്‍ക്കെതിരെ ഇത് സംഭവിക്കുമായിരുന്നില്ല. ഇത് ചോദിച്ചു വാങ്ങിയ ദുരന്തമാവുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. ദ്രാവിഡും ലക്ഷ്‌മണും യുവരാജുമെല്ലാം പുറത്തായ സാഹചര്യത്തില്‍ അനുഭവ സമ്പന്നര്‍ക്കായിരുന്നു അവസരം നല്‍കേണ്ടിയിരുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ മികവു പ്രകടിപ്പിച്ച മുഹമ്മദ് കൈഫും സുരേഷ് റൈനയുമെല്ലാമുണ്ടായിരുന്നു. അവര്‍ക്കൊന്നും അവസരം നല്‍കാതെയാണ് സാഹയെയും ബദരീനാഥിനെയുമെല്ലാം ടീമിലെടുത്തത്. സാഹയെ പോലെ ഒരാള്‍ സ്‌റ്റെനിനും മോര്‍ക്കലിനും മുന്നിലെത്തിയാല്‍ എന്ത് ചെയ്യാനാണ്...? ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്‌മാന്മാര്‍ ഇന്ത്യന്‍ ബൗളര്‍മാരെ തല്ലിചതച്ച് റണ്‍സ് നേടിയ പിച്ചിലാണ് ഇന്ത്യ തകര്‍ന്നടിഞ്ഞത്. ഇവിടെ പ്രതികള്‍ സെലക്ടര്‍മാര്‍ മാത്രമാണ്... പരുക്കുണ്ടായിട്ടും ലക്ഷ്‌മണെ ടീമില്‍ ഉള്‍പ്പെടുത്തിയത് സെലക്ടര്‍മാരാണ്. ലക്ഷ്‌മണിന് നാഗ്‌പ്പൂരില്‍ കളിക്കാനാവില്ല എന്ന് മനസ്സിലായപ്പോള്‍ പകരം രോഹിത് ശര്‍മ്മയെ വിളിച്ചതും സെലക്ടര്‍മാരാണ്. അവസാനം രോഹിതിനും പരുക്കേറ്റപ്പോള്‍ റിസര്‍വ് വിക്കറ്റ് കീപ്പര്‍ എന്ന സ്ഥാനം മാത്രമുണ്ടായിരുന്ന സാഹയെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്‌മാനായി കളിപ്പിച്ചതും സെലക്ടര്‍മാരാണ്. സ്വന്തം നാട്ടില്‍ വലിയ ഒരു പരമ്പര നടക്കുമ്പോള്‍ അനുഭവസമ്പന്നര്‍ കാഴ്‌ച്ചക്കാരും പുതുമുഖങ്ങള്‍ കളിക്കാരും. കൈഫ് മുമ്പ് ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച താരമാണ്-സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്. പക്ഷേ നമ്മുടെ സെലക്ഷന്‍ രാഷ്ട്രീയത്തില്‍ ഇത്തരം പാവങ്ങള്‍ എന്ത് ചെയ്യാന്‍....!
താക്കറെ ശാന്തനാവുന്നു
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ശിവസേനാ ഭീഷണി ഇല്ലാതാവുന്നു... കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ഉന്നതനായ കേന്ദ്രമന്ത്രി ശരത് പവാറും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡണ്ട് ശശാങ്ക് മനോഹറും ശിവസേനാ മേധാവി ബല്‍താക്കറെയെ കണ്ടിരുന്നു. താന്‍ രാജ്യ സ്‌നേഹിയാണെന്നും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കില്ലെന്നുമാണ് താക്കറെ കൂടിക്കാഴ്‌ച്ചയില്‍ പറഞ്ഞത്.
No comments:
Post a Comment