Monday, February 22, 2010

TROUBLED HOCKEY

ലോകകപ്പ്‌ പ്രതിസന്ധി തന്നെ
ന്യൂഡല്‍ഹി: നാല്‌ ദിവസങ്ങള്‍ മാത്രമാണ്‌ ഇനി ലോകകപ്പിന്‌ ബാക്കി. പക്ഷേ സംശയങ്ങളും പ്രതിസന്ധികളും അവസാനിക്കുന്നില്ല. പാക്കിസ്‌താന്‍ ടീം ഇവിടെയെത്തിയിട്ടുണ്ട്‌. ഓസ്‌ട്രേലിയന്‍ ടീമും എത്തിയിരിക്കുന്നു. പക്ഷേ ന്യൂസിലാന്‍ഡ്‌ ടീമില്‍ നിന്നും അവരുടെ ഒരു സൂപ്പര്‍ താരം സുരക്ഷാ ഭയത്തില്‍ പിന്മാറിയിരിക്കുന്നു. ധ്യാന്‍ചന്ദ്‌ സ്‌റ്റേഡിയത്തില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്‌. കനത്ത സുരക്ഷ കേന്ദ്രസര്‍ക്കരും ഉറപ്പ്‌ നല്‍കുന്നുണ്ട്‌. പക്ഷേ അല്‍ഖായിദക്കാരുടെ ഭീഷണി കാരണം പല ടീമുകളും പിന്നോക്കം നില്‍ക്കുകയാണ്‌. മല്‍സരങ്ങല്‍ മുന്‍നിശ്ചയ പ്രകാരം 28ന്‌ തന്നെ ആരംഭിക്കുമെന്ന്‌ രാജ്യാന്തര ഹോക്കി ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഫെഡറേഷന്റെ സമുന്നതരായ ഭാരവാഹികളെല്ലാം ഡല്‍ഹിയിലുണ്ട്‌.
തകര്‍പ്പന്‍ പ്രകടനമാണ്‌ പാക്കിസ്‌താന്‍ ടീം വാഗ്‌ദാനം ചെയ്യുന്നത്‌. കഴിഞ്ഞ രണ്ട്‌ വര്‍ഷമായി ലോക ഹോക്കിയില്‍ പാക്കിസ്‌താന്‍ ടീമിന്റെ കാര്യമായ സാന്നിദ്ധ്യമുണ്ടായിരുന്നില്ല. എന്നാല്‍ ലോകകപ്പോടെ ടീം നഷ്‌ടപ്രതാപം വീണ്ടെടുത്ത്‌ തിരിച്ചുവരുമെന്ന്‌ നായകന്‍ സിഷാന്‍ അഷ്‌റഫ്‌ വ്യക്തമാക്കി. ലോക ഹോക്കിയില്‍ വ്യക്തമായ സാന്നിദ്ധ്യമുള്ള ടീമാണ്‌ പാക്കിസ്‌താന്‍. എന്നാല്‍ അല്‍പ്പകാലമായി ടീമില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. അത്‌ മാറിയിട്ടുണ്ട്‌. ടീമിന്റെ ഘടനയിലും മാറ്റമുണ്ടെന്ന്‌ ഫുള്‍ ബാക്ക്‌ കൂടിയായ സീഷാന്‍ പറഞ്ഞു. 28ന്‌ നടക്കുന്ന ആദ്യ മല്‍സരത്തില്‍ പാക്കിസ്‌താന്‍ നേരിടുന്നത്‌ പരമ്പരാഗത പ്രതിയോഗികളായ ഇന്ത്യയെയാണ്‌. ഇന്ത്യക്കെതിരായ മല്‍സരമാണ്‌ നിര്‍ണ്ണായകം. ആദ്യ മല്‍സരത്തില്‍ നല്ല വിജയം നേടാനായാല്‍ അത്‌ ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തും. ഇന്ത്യക്കെതിരെ ഒരു വിജയമെന്നത്‌ ടീമിന്‌ ലഭിക്കുന്ന വലിയ ഗുണമായിരിക്കുമെന്നും നായകന്‍ കരുതുന്നു. ഇന്ത്യയെ മാത്രമല്ല ലോക ഹോക്കിയിലെ എല്ലാ പ്രതിയോഗികളെയും നേരിടാനുളള മാനസിക കരുത്ത്‌ കഴിഞ്ഞ ഒരു വര്‍ഷത്തെ പരിശീലനത്തിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും നാല്‌ തവണ ലോകകപ്പില്‍ മുത്ത മിട്ട്‌ ടീമിന്റെ നായകന്‍ പറഞ്ഞു.
ക്രിക്കറ്റിലെന്ന പോലെ ഹോക്കിയിലും ടീമിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ്‌ ടീമിനെ വേട്ടയാടുന്നത്‌. ക്രിക്കറ്റില്‍ താരങ്ങള്‍ ഒന്നിലധികം ഗ്രൂപ്പുകളുമായി പോരടിക്കുകയാണ്‌. ഹോക്കിയില്‍ ഗ്രൂപ്പിസം അത്ര ശക്തമല്ല. എങ്കിലും 1994 ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയ ശേഷം ടീമിന്‌ വലിയ നേട്ടങ്ങളില്ല. ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ എട്ടാം സ്ഥാനത്താണ്‌ ടീം ഫിനിഷ്‌ ചെയ്‌തത്‌. ഒളിംപിക്‌സ്‌ ചരിത്രത്തില്‍ പാക്കിസ്‌താന്റെ ഏറ്റവും മോശം പ്രകടനമായിരുന്നു അത്‌. ലോക ഹോക്കിയിലെ ഏഷ്യന്‍ ആധിപത്യം തിരിച്ചുപിടിക്കുന്ന ലോകകപ്പായിരിക്കും ഡല്‍ഹിയില്‍ നടക്കുകയെന്നാണ്‌ പാക്കിസ്‌താന്‍ ഹോക്കി ഫെഡറേഷന്‍ സെക്രട്ടറിയും ടീം മാനേജരുമായ ആസിഫ്‌ ബാജ്വ അഭിപ്രായപ്പെട്ടു. ഏഷ്യന്‍ ഹോക്കിയിലെ രണ്ട്‌ പ്രതാപികളാണ്‌ ഇന്ത്യയും പാക്കിസ്‌താനും. രണ്ട്‌ ടീമുകളും ലോകകപ്പില്‍ മികച്ച പ്രകടനം നടത്തുമെന്നാണ്‌ അദ്ദേഹം പറയുന്നത്‌. പെനാല്‍ട്ടി കോര്‍ണര്‍ വിദഗ്‌ദ്ധനായ സുഹൈല്‍ അബ്ബാസാണ്‌ പാക്കിസ്‌താന്റെ തുരുപ്പ്‌ ചീട്ട്‌. ഏത്‌ എതിരാളികളും ഭയപ്പെടുന്ന താരമാണ്‌ സുഹൈല്‍. ഇന്ത്യന്‍ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താന്‍ പാക്കിസ്‌താന്‍ ടീമിന്‌ എങ്ങനെ കഴിയുമോ എന്നത്‌ മാത്രമാണ്‌ മാനേജരെ അലട്ടുന്നത്‌. കാരണം 2006 ന്‌ ശേഷം പാക്കിസ്‌താന്‍ താരങ്ങള്‍ ഇന്ത്യയില്‍ വന്നിട്ടില്ല. ഇപ്പോള്‍ ടീം വരുന്നത്‌ ലോകകപ്പില്‍ പങ്കെടുക്കാന്‍ മാത്രമല്ല സമാധാനത്തിന്റെ ദൂതന്മാരായാണ്‌. ഒരു ഇന്ത്യ-പാക്കിസ്‌താന്‍ മല്‍സരമെന്നാല്‍ താരങ്ങള്‍ക്ക്‌ മാത്രമല്ല ആരാധകര്‍ക്കും ഹോക്കി ലോകത്തിനുമുണ്ടാവുന്ന ആവേശമായിരിക്കും ലോകകപ്പിന്റെ സവിശേഷതയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
2008 നവംബറില്‍ മുംബൈയില്‍ നടന്ന ആക്രമണത്തിന്‌ ശേഷം ഇന്ത്യയും പാക്കിസ്‌താനും തമ്മിലുള്ള രാഷ്‌ട്രീയ ബന്ധം മോശമാണ്‌. ഇതേ തുടര്‍ന്നാണ്‌ രണ്ട്‌ രാജ്യങ്ങളും തമ്മിലുള്ള കായികബന്ധവും മോശമായത്‌. ഹോക്കിയിലും ക്രിക്കറ്റിലുമുണ്ടായിരുന്ന പരസ്‌പര പരമ്പരകള്‍ റദ്ദാക്കപ്പെട്ടു. നയതന്ത്ര തലത്തില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ പോലും നിര്‍ത്തിയിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ പാക്കിസ്‌താന്‍ താരങ്ങള്‍ കളിച്ചിരുന്നില്ല. അടുത്ത മാസം നടക്കുന്ന ഐ.പി.എല്‍ മൂന്നാം സീസണിലും പാക്കിസ്‌താന്‍ താരങ്ങള്‍ കളിക്കുന്നില്ല. മുംബൈ സംഭവത്തിന്‌ ശേഷം ആദ്യമായി രാജ്യത്ത്‌ വരുന്ന പാക്കിസ്‌താന്‍ സംഘമാണ്‌ ഹോക്കി ടീം. പൂള്‍ ബി യില്‍ 28 ന്‌ ഇന്ത്യയുമായി കളിക്കുന്ന പാക്കിസ്‌താന്‍ മാര്‍ച്ച്‌ 2ന്‌ സ്‌പെയിനിനെയും 4ന്‌ ഇംഗ്ലണ്ടിനെയും 6ന്‌ ദക്ഷിണാഫ്രിക്കയയെയും 8ന്‌ ഓസ്‌ട്രേലിയയെയും നേരിടും.

കിവി താരം പിന്‍വാങ്ങി
വെല്ലിംഗ്‌ടണ്‍: ലോകകപ്പ്‌ ഹോക്കി ഇന്ത്യ ഒരുക്കിയ സുരക്ഷാ സജ്ജീകരണങ്ങളില്‍ ന്യൂസിലാന്‍ഡ്‌ ഹോക്കി ഫെഡറേഷന്‍ സംതൃപ്‌തി പ്രകടിപ്പിച്ചുവെങ്കിലും ടീമിലെ മുന്‍നിരക്കാരനായ സൈമണ്‍ ചൈല്‍ഡ്‌ അല്‍ഖായിദാ ഭീഷണിയെ തുടര്‍ന്ന്‌ ടീമില്‍ നിന്നും പിന്‍വാങ്ങി. കനത്ത സുരക്ഷാ സമ്മര്‍ദ്ദത്തില്‍ തനിക്ക്‌ കളിക്കാന്‍ കഴിയില്ലെന്നാണ്‌ അദ്ദേഹം വ്യക്തമാക്കുന്നത്‌. രാജ്യത്തിന്‌ വേണ്ടി മികച്ച പ്രകടനം നടത്താന്‍ ഏത്‌ ഹോക്കി താരവും ആഗ്രഹിക്കും. എന്നാല്‍ സുരക്ഷയും പ്രശ്‌നങ്ങളും നിലനില്‍ക്കുമ്പോള്‍ എറ്റവും മികച്ച പ്രകടനം നടത്താന്‍ കഴിയില്ല. ഒരു കളിക്കാരന്‌ ഏറ്റവും മികച്ച പ്രകടനം നടത്താന്‍ അനുയോജ്യമായ സാഹചര്യമാണ്‌ വേണ്ടത്‌. സാഹചര്യം പ്രതികൂലമായത്‌ കൊണ്ടാണ്‌ ജീവിതത്തിലെ തന്നെ ഏറ്റവും വിഷമകരമായ തീരുമാനം എടുക്കേണ്ടി വന്നതെന്നും 21 കാരനായ താരം പറഞ്ഞു. അഞ്ച്‌ വര്‍ഷത്തെ രാജ്യാന്തര കരിയറില്‍ രാജ്യത്തിന്‌ വേണ്ടി 119 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്‌ ചൈല്‍ഡ്‌. ലോകകപ്പ്‌ മുന്‍നിര്‍ത്തി കിവി ടീം ഓസ്‌ട്രേലിയയില്‍ നടത്തിയ പര്യടന സംഘത്തില്‍ ചൈല്‍ഡ്‌ കളിച്ചിരുന്നു. അല്‍ഖായിദയുടെ ഭീഷണി താരങ്ങളെ മാനസികമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന്‌ ടീമിന്റെ കോച്ച്‌ ഷെയിന്‍ മക്‌ലോഡ്‌ പറഞ്ഞു.

പാക്കിസ്‌താന്‍ ടീമിന്‌ ഒരു കോടി
ലാഹോര്‍: ഹോക്കി ലോകകപ്പില്‍ പങ്കെടുക്കുന്ന പാക്കിസ്‌താന്‍ ടീമിന്‌ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗീലാനിയുടെ വക വന്‍ പ്രതിഫലം. ഒരു കോടി രൂപയാണ്‌ ടീമിന്‌ പാരിതോഷികമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്‌. ടീമിന്റെ പ്രകട
നം എത്ര മോശമായാലും തുകക്ക്‌ പ്രശ്‌നമല്ല. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ യഥാര്‍ത്ഥ സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റില്‍ പാക്കിസ്‌താന്‍ ടീമിന്‌ കളിക്കാന്‍ കഴിയുമെന്ന്‌ അദ്ദേഹം പറഞ്ഞു. പാക്കിസ്‌താന്റെ യഥാര്‍ത്ഥ പ്രതിനിധികളാണ്‌ ഹോക്കി താരങ്ങള്‍. ഇന്ത്യയില്‍ പാക്കിസ്‌താന്റെ അംബാസിഡര്‍മാരായി യഥാര്‍ത്ഥ സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റില്‍ കളിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഏകോപന ചുമതല സഫറിന്‌
ന്യൂഡല്‍ഹി: ലോകകപ്പ്‌ ഹോക്കിയിലെ മുഴുവന്‍ മല്‍സരങ്ങളും ആസ്വദിക്കാന്‍ മുന്‍കാല ഒളിംപ്യന്മാരെ സംഘാടക സമിതി ക്ഷണിക്കുന്നു. ഇന്ത്യക്ക്‌ ഒളിംപ്‌കിസുകളിലും ലോക വേദികളിലും മെഡലുകള്‍ സമ്മാനിച്ച മുഴുവന്‍ മുന്‍കാല താരങ്ങളെയും ഏകോപിപ്പിക്കാനുളള ചുമതല നല്‍കിയിരിക്കുന്നത്‌ ഇന്ത്യയുടെ എക്കാലത്തെയും ഏറ്റവും മികച്ച ഹോക്കി താരങ്ങളില്‍ ഒരാളായ സഫര്‍ ഇഖ്‌ബാലിന്‌. ലോകകപ്പ്‌ സംഘാടക സമിതി ചെയര്‍മാനായ സുരേഷ്‌ കല്‍മാഡിയാണ്‌ എല്ലാ ഒളിംപ്യന്മാരെയും ചാമ്പ്യന്‍ഷിപ്പിലേക്ക്‌ ക്ഷണിക്കാനും ഇവരുടെ സേവനങ്ങളെ ഉപയോഗപ്പെടുത്താനും സഫറിനെ ചുമതലപ്പെടുത്തിയത്‌.

സംഘാടകര്‍ക്കെതിരെ പര്‍ഗത്‌
ന്യൂഡല്‍ഹി: ലോകകപ്പ്‌ ഹോക്കി സംഘാടകര്‍ക്കെതിരെ തുറന്ന വിമര്‍ശനവുമായി മുന്‍ ക്യാപ്‌റ്റന്‍ പര്‍ഗത്‌സിംഗ്‌. ലോകകപ്പ്‌ പോലെ വലിയ ഒരു ചാമ്പ്യന്‍ഷിപ്പ്‌ സംഘടിപ്പിച്ചിരിക്കുന്നത്‌ ലക്കും ലഗാനുമില്ലാതെയാണെന്നാണ്‌ അദ്ദേഹത്തിന്റെ പരാതി. ഇന്ത്യന്‍ ഹോക്കി ഭരണം ഏറ്റെടുത്തിരിക്കുന്ന ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷനാണ്‌ പ്രശ്‌നത്തിലെ പ്രതി. ഇപ്പോള്‍ സുരക്ഷാ പ്രശ്‌നങ്ങളാണ്‌ ചാമ്പ്യന്‍ഷിപ്പിനെ ബാധിച്ചിരിക്കുന്നത്‌. എന്നാല്‍ മൊത്തത്തില്‍ പ്രശ്‌നങ്ങളാണ്‌. ആരും ഉത്തരവാദിത്ത്വം ഏറ്റെടുക്കുന്നില്ല. ഇത്‌ അംഗീകരിക്കാന്‍ കഴിയില്ലെന്നും പര്‍ഗത്‌ പറഞ്ഞു. സുരേഷ്‌ കല്‍മാഡിയാണ്‌ സംഘാടക സമിതിയെ നയിക്കുന്നത്‌. അദ്ദേഹം ഉത്തരവാദിത്ത്വം ഏറ്റെടുക്കണമെന്നും പര്‍ഗത്‌ ആവശ്യപ്പെട്ടു.

തേര്‍ഡ്‌ ഐ
സുരക്ഷയിലെ ഉറപ്പ്‌
ലോകകപ്പ്‌ ഹോക്കിയില്‍ പങ്കെടുക്കാനെത്തുന്ന ടീമുകളും താരങ്ങളും കരുതിയിരിക്കണമെന്ന അല്‍ഖായിദ മുന്നറിയിപ്പ്‌ വന്നിട്ട്‌ ദിവസങ്ങളായി. കാശ്‌മീരിലെ ഒരു വെബ്‌ പത്രത്തിലൂടെയാണ്‌ അല്‍ഖായിദക്കാര്‍ മുന്നറിയിപ്പ്‌ നല്‍കിയത്‌. മുന്നറിയിപ്പിന്‌ വലിയ വാര്‍ത്താപ്രാധാന്യം ലഭിച്ചപ്പോഴാണ്‌ ലോകകപ്പ്‌ ഹോക്കിക്ക്‌ വരുന്ന കാര്യത്തില്‍ പലരും നെറ്റിചുളിച്ചത്‌. ഇത്തരം ഭീഷണികള്‍ ഏത്‌ സംഘാടകര്‍ക്കുമെതിരെയും ഉന്നയിക്കാം. 2012 ലെ ഒളിംപിക്‌സ്‌ നടക്കുന്നത്‌ ലണ്ടനിലാണ്‌. അതിന്‌ മുമ്പ്‌ ചൈനയിലെ ഗുവാന്‍ഷൂവില്‍ ഏഷ്യന്‍ ഗെയിംസ്‌ നടക്കാനുണ്ട്‌. മാസങ്ങള്‍ മാത്രം അരികെയാണ്‌ ദക്ഷിണാഫ്രിക്കയിലെ ഫുട്‌ബോള്‍ ലോകകപ്പ്‌. ഇത്തരം വലിയ ചാമ്പ്യന്‍ഷിപ്പുകള്‍ക്കു നേരെ ആരെങ്കിലും ഉണ്ടയില്ലാ വെടി പായിക്കുമ്പോഴേക്കും ടീമുകള്‍ വിരണ്ടാല്‍ പിന്നെ ലോകത്ത്‌ കായിക മാമാങ്കങ്ങളുണ്ടാവില്ല. 2008 ല്‍ ബെയ്‌ജിംഗില്‍ നടന്ന ഒളിംപിക്‌സ്‌്‌ തകര്‍ക്കുമെന്ന്‌ പറഞ്ഞത്‌ ചൈനയിലെ തന്നെ തീവ്രവാദി ഗ്രൂപ്പുകളായിരുന്നു. എല്ലാ സുരക്ഷയും ചൈന ഒരുക്കി. സുരക്ഷാപാലനക്കാര്‍ അറിയാതെ ഒരു ഈച്ച പോലും പറക്കാത്ത അവസ്ഥയായിരുന്നു ചൈനയില്‍. മുഖ്യ മല്‍സരവേദിയായ പക്ഷിക്കൂടിന്‌ മുകളിലൂടെ വിമാനം പോലും പറക്കാന്‍ അനുവദിച്ചില്ല. ഇതേ പോലുള്ള വന്‍ സുരക്ഷയാണ്‌ ഇന്ത്യയും വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. ചൈന നല്‍കിയ ഉറപ്പില്‍ വിദേശ രാജ്യങ്ങള്‍ വിശ്വാസമര്‍പ്പിച്ചെങ്കില്‍ അതേ വിശ്വാസം ഇന്ത്യന്‍ ഭരണക്കൂടത്തോടും കാണിക്കണം. ഒരു വലിയ മേള സംഘടിപ്പിക്കുക എന്നത്‌ ചെറിയ കാര്യമല്ല. ലോകകപ്പിന്റെ സുരക്ഷക്ക്‌ മാത്രം കോടികളാണ്‌ ചെലവാക്കിയിരിക്കുന്നത്‌. ലോകകപ്പിന്‌ ശേഷം നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ കാര്യത്തിലും സുരക്ഷാ പാലനത്തിനായാണ്‌ ഏറ്റവുമധികം മുതല്‍മുടക്ക്‌. ഇന്ത്യയില്‍ മാത്രമല്ല എല്ലാ രാജ്യങ്ങളും സ്വന്തം ബജറ്റില്‍ സുരക്ഷക്കായാണ്‌ ഇപ്പോള്‍ വലിയ തുക മാറ്റിവെക്കുന്നത്‌.
ലോകകപ്പിനെത്തുന്ന ടീമുകള്‍ക്ക്‌ കുറ്റമറ്റ സുരക്ഷയാണ്‌ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും ആഭ്യന്തരകാര്യ മന്ത്രാലയവും വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. അതിനെ വിശ്വസിക്കാന്‍ ടീമുകള്‍ക്ക്‌ കഴിയണം. ഒരു രാജ്യത്തിന്റെ ഭരണക്കൂടം നല്‍കുന്ന വാഗ്‌ദാനത്തെ അവിശ്വസിക്കേണ്ടതില്ല. ലോകകപ്പ്‌ മനോഹരവും ഭദ്രവുമായി നടത്തേണ്ടത്‌ ഇന്ത്യന്‍ സര്‍ക്കാരിന്റെ അഭിമാന പ്രശ്‌നമാണ്‌. ഇന്ത്യയില്‍ ഇത്‌ വരെ നടന്ന വലിയ മാമാങ്കങ്ങളെല്ലാം അട്ടിമറിക്കാന്‍ പലരും നടന്നിട്ടുണ്ട്‌. പക്ഷേ അവരൊന്നും വിജയിച്ചിട്ടില്ല. കാശ്‌മീരിന്റെ പേര്‌ പറഞ്ഞ്‌ ഭരണക്കൂടത്തെ വിറപ്പിക്കാനുള്ള പുതിയ നീക്കങ്ങളെ മുള്ളയിലെ നുള്ളേണ്ടതുണ്ട്‌. അതിന്‌ ഭരണക്കൂടത്തിന്‌ പിന്തുണ നല്‍കേണ്ടത്‌ വിദേശ ടീമുകളും രാജ്യങ്ങളുമാണ്‌.

No comments: