Tuesday, February 2, 2010
ROBI IN BRAZIL
ഹെലികോപ്ടറില്‍ പെലെ, റോബി
റിയോ: അതൊരു കാഴ്ച്ചയായിരുന്നു..... വിലാ ബെല്‍മിറോ സ്റ്റേഡിയത്തില്‍ ഇന്നലെ കളിയുണ്ടായിരുന്നില്ല.. പക്ഷേ ഉച്ചയോടെ തന്നെ സ്റ്റേഡിയം നിറഞ്ഞിരുന്നു. ഉദ്ദേശം 15,000 ത്തോളം ഫുട്ബോള്‍ പ്രേമികള്‍. സാധാരണഗതിയില്‍ ഫുട്ബോള്‍ മൈതാനത്ത് പന്തും റഫറിമാരും ഉണ്ടാവും. എന്നാല്‍ സ്റ്റേഡിയം നിറഞ്ഞിട്ടും പന്തുമില്ല, റഫറിമാരുമില്ല, കളിക്കാരുമില്ല...
മൈതാനത്തേക്ക് അതിഥിയായി അരമണിക്കൂറിനകം വന്നത് ഒരു ഹെലികോപ്ടര്‍.... ഇത് വരെ മൈതാനത്തേക്ക് ഇങ്ങനെയൊരു ഹെലികോപ്ടര്‍ വന്നിട്ടില്ല. പക്ഷേ അതില്‍ നിന്നിറങ്ങിയവരില്‍ ഒരാള്‍ ഫുട്ബോള്‍ രാജാവ് പെലെ... അദ്ദേഹം ഇടത് ഭാഗത്ത് ഇറങ്ങി വലത് ഭാഗത്തേക്ക് നീങ്ങി. അവിടെ നിന്നും ഇറങ്ങിയത് റോബിഞ്ഞോ..... അദ്ദേഹമായിരുന്നു യഥാര്‍ത്ഥ താരം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും നാല് മാസത്ത ലോണില്‍ ബ്രസീലിയന്‍ ക്ലബായ സാന്ഡോസിലേക്ക് വന്ന റോബിഞ്ഞോയെ രാജകീയമായാണ് സ്വന്തം നാട് എതിരേറ്റത്. ഹെലികോപ്ടറില്‍ നിന്നും പെലെക്കൊപ്പം പുറത്തിറങ്ങിയ റോബിഞ്ഞോ മൈതാനം ചുറ്റി. എല്ലാവരെയും അഭിവാദ്യം ചെയ്തു. അതിന് ശേഷം നടത്തിയ പ്രസംഗത്തില്‍ നാട്ടില്‍ കളിക്കാനുള്ള താല്‍പ്പര്യവും അദ്ദേഹം വ്യക്തമാക്കിയതോടെ യൂറോപ്പിലേക്ക് ചാമ്പ്യന്‍ താരം ഇനിയുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായി.
എന്റെ ലക്ഷ്യം സ്വന്തം നാട്ടില്‍ ദീര്‍ഘകാലം കളിക്കുകയാണ്. അതിന് കഴിയണം. സാന്‍ഡോസിന്റെ പ്രസിഡണ്ടിന് എന്നോട് താല്‍പ്പര്യമുണ്ടെങ്കില്‍ പുതിയ കരാറില്‍ ഒപ്പിടാന്‍ ഞാന്‍ തയ്യാറാണ്-ആരാധകരുടെ കൈയ്യടികള്‍ക്കിടെ സാന്‍ഡോസിന്റെ മുന്‍ താരം കൂടിയായ റോബിഞ്ഞോ പറഞ്ഞു. രാജ്യാന്തര ഫുട്ബോളിലേക്ക് റോബിഞ്ഞോ കാലെടുത്തത് വെച്ചത് സാന്ഡോസിലൂടെയായിരുന്നു.
റോബിഞ്ഞോക്ക് അനുകൂലമായാണ് പെലെ സംസാരിച്ചത്. സാന്‍ഡോസ് എന്ന ക്ലബിന്റെ ഇതിഹാസ താരമായിരുന്ന പെലെ ടീമിന് വേണ്ടി 474 ഗോളുകള്‍ സ്വന്തമാക്കി ചരിത്രം കുറിച്ചിരുന്നു. സാന്‍ഡോസിന്റെ യഥാര്‍ത്ഥ താരമാവാന്‍ റോബിഞ്ഞോക്ക് കഴിയുമെന്നും അദ്ദേഹത്തിന്റെ സേവനം സാന്ഡോസിനാണ് കൂടുതല്‍ ആവശ്യമെന്നും പെലെ പറഞ്ഞപ്പോഴും നിറഞ്ഞ കൈയ്യടിയായിരുന്നു. നാല് മാസത്തെ ലോണ്‍ കാലാവധിക്കാണ് ഇപ്പോള്‍ വന്നതെങ്കിലും ഇനി സാന്‍ഡോസില്‍ നിന്നും മടങ്ങാന്‍ റോബിഞ്ഞോക്ക് കഴിയില്ലെന്നും പെലെ പറഞ്ഞു. ഈ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പില്‍ സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തിലാണ് റോബിഞ്ഞോ സ്വന്തം നാട്ടില്‍ എത്തിയിരിക്കുന്നത്. സിറ്റിക്കായി പലപ്പോഴും ആദ്യ ഇലവനിലേക്ക് റോബിഞ്ഞോക്ക് വരാന്‍ കഴിഞ്ഞിരുന്നില്ല. ഇത് തന്റെ ലോകകപ്പ് സാധ്യതയെ ബാധിക്കുമെന്ന് മനസ്സിലാക്കിയാണ് അദ്ദേഹം സാന്‍ഡോസില്‍ ചേര്‍ന്നത്.
കഴിഞ്ഞ സീസണില്‍ സ്പാനിഷ് സൂപ്പര്‍ ക്ലബായ റയല്‍ മാഡ്രിഡിലായിരുന്നു റോബിഞ്ഞോ. അവിടെ കാര്യമായ അവസരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം കൂടുമാറി സിറ്റിയിലെത്തിയത്. സിറ്റിയുടെ പുതിയ കോച്ചായി മാന്‍സിനി വന്നപ്പോള്‍ റോബിഞ്ഞോക്ക് അവസരങ്ങള്‍ കുറഞ്ഞു.
സാന്‍ഡോസിന് വേണ്ടി എഴാം നമ്പര്‍ കുപ്പായത്തിലായിരിക്കും റോബിഞ്ഞോ കളിക്കുക. ഇതേ കുപ്പായത്തിലാണ് മുമ്പും അദ്ദേഹം കളിച്ചത്. 2002 മുതല്‍ 2005 വരെയുള്ള കാലയളവിലാണ് അദ്ദേഹം സാന്‍ഡോസില്‍ കളിച്ചത്. ആ സമയത്ത് നേടിയത് 190 മല്‍സരങ്ങളില്‍ നിന്ന് 83 ഗോളുകള്‍. ഈ ഞായറാഴ്ച്ചയാണ് സാന്ഡോസിനായുള്ള രണ്ടാം വരവില്‍ റോബിഞ്ഞോ ആദ്യ മല്‍സരം കളിക്കുന്നത്.
ഇപ്പോള്‍ തന്റെ കരിയറിലെ ദുര്‍ഘട ഘട്ടമാണ്. കൂടുതല്‍ ഗോളുകള്‍ സ്ക്കോര്‍ ചെയ്യാന്‍ കഴിയുന്നില്ല. സാന്‍ഡോസിലെ രണ്ടാം വരവില്‍ കൂടുതല്‍ ഗോളുകള്‍ സ്ക്കോര്‍ ചെയ്യണം. ഒപ്പം ടീമിന് വിജയവും സമ്മാനിക്കണം. അതാണ് ലക്ഷ്യം.
എന്നാല്‍ റോബിഞ്ഞോയെ അങ്ങനെയങ്ങ് വിട്ടിട്ടില്ല എന്നാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കാര് പറയുന്നത്. നാല് മാസത്തെ ലോണിനാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ലോകകപ്പ് വര്‍ഷമായതിനാല്‍ അദ്ദേഹത്തിന്റെ ലോകകപ്പ് സാധ്യതക്ക് കരുത്ത് പകരാന്‍ മാത്രമാണ് അദ്ദേഹത്തെ നല്‍കിയതെന്നും സിറ്റി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
തൊപ്പി തെറിക്കും
ലണ്ടന്‍: ജോണ്‍ ടെറിയെന്ന ഫുട്ബോളര് സ്വപ്നം കണ്ട തൊപ്പിയാണ് ലോകകപ്പിലെ ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ ക്യാപ്പ്.... ലോകകപ്പ് അടുത്തിരിക്കെ ഈ തൊപ്പിയുമായി ദക്ഷിണാഫ്രിക്കയിലെ മൈതാനത്തിറങ്ങാന്‍ ടെറിക്ക് കഴിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍... ലൈംഗിക വിവാദത്തില്‍ ആരോപണ വിധേയനായ ടെറിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ദേശീയ കോച്ച് ഫാബിയോ കാപ്പലോയാണ്. തെളിവുകളും റിപ്പോര്‍ട്ടുകളും ടെറിക്കെതിരെ ഉയരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ പുറത്താക്കാനാണ് സാധ്യത. എന്നാല്‍ വ്യക്തിപരമായി ആരോപണങ്ങളെ നേരിടുന്ന നായകനെ പുറത്താക്കില്ലെന്ന് അദ്ദേഹത്തിന്റെ ക്ലബായ ചെല്‍സി വ്യക്തമാക്കിയിട്ടുണ്ട്. ദീര്‍ഘകാലമായി ചെല്‍സി ടീമിനെ നയിക്കുന്നത് പിന്‍നിരക്കാരനായ ടെറിയാണ്. അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത് മൈതാനത്ത് പുറത്തുളള ആരോപണങ്ങളാണെന്നും ഇത് ക്ലബ് കാര്യമാക്കുന്നില്ലെന്നുമാണ് ചെല്‍സി പത്രക്കുറിപ്പില്‍ വ്യക്തമാക്കിയത്.
ഗോള്‍ഫ് താരം ടൈഗര്‍ വുഡ്സിന്റേതിന് സമാനമായ കേസുകളാണ് ടെറിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. പത്തോളം വനിതകളുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നത്രെ... ലൈംഗിക ജീവിതത്തിലെ അച്ചടക്കമില്ലായ്മയില്‍ ടെറിയുടെ ഭാര്യയും കുട്ടികളും വിടു വിട്ടതായും റിപ്പോര്‍ട്ടുണ്ട്.
ഇംഗ്ലണ്ടിന്റെ താരമായിരുന്ന വെയിന്‍ ബ്രിഡ്ജിന്റെ മുന്‍ കാമുകിയുമായി ടെറിക്ക് അടുത്ത ബന്ധമുണ്ടായതാണ് അദ്ദേഹത്തിനെതിരായ വാര്‍ത്തകള്‍ക്ക് കരുത്തായത്. ടെറിയും വെയിന്‍ ബ്രിഡ്ജും അടുത്ത മിത്രങ്ങളാണ്. ഇംഗ്ലണ്ടിന് വേണ്ടിയും ചെല്‍സിക്ക് വേണ്ടിയും ഒരുമിച്ചു കളിക്കുന്നവര്‍. ടെറിക്കെതിരായ പുതിയ ആരോപണം ഈ ബന്ധത്തെ ബാധിക്കുമോ എന്നതും പ്രശ്നമാണ്. ബ്രിഡ്ജിന്റെ കാമുകിയായിരുന്ന വനീസ പെര്നവോസെലിനെയും ടെറിയെയും പല തവണ ദൂരൂഹ സാഹചര്യത്തില്‍ കണ്ടതായി ചില ഇംഗ്ലീഷ് ടാബ്ലോയിഡുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബ്രിഡ്ജിന് വനീസയുമായുള്ള ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. പുതിയ വിവാദത്തില്‍ പ്രതികരിക്കവെ തന്റെ കുഞ്ഞിന്റെ ഭാവിയാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.
ടെറിയെക്കുറിച്ച് ഉയരുന്ന പുതിയ കഥകളില്‍ ആശ്ചര്യം തൂവുകയാണ് ഇംഗ്ലീഷുകാര്‍. ഇത് വരെ ഇംഗ്ലീഷ് ഫുട്്ബോള്‍ പ്രേമികള്‍ക്ക് പ്രിയപ്പെട്ട നായകനായിരുന്നു ടെറി. പ്രതിരോധത്തില്‍ ഉറച്ചു നില്ക്കുന്ന താരം. എന്നാല്‍ ടൈഗര്‍ വുഡ്സ് എന്ന അമേരിക്കന്‍ താരത്തെ പോലെ ടെറിയും വിവാദ കഥകളില്‍ നില്ക്കുമ്പോള് അദ്ദേഹത്തിന്റെ ഭാവി സംബന്ധിച്ച് എല്ലാവര്ക്കും സംശയമുണ്ട്.
ഇംഗ്ലീഷ് ദേശീയ ടീമിന്റെ കോച്ച് കാപ്പലോ ഇപ്പോള്‍ കാല്‍മുട്ടില്‍ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് ഇറ്റലിയിലെ സ്വന്തം വിട്ടിലാണ്. പുതിയ സാഹചര്യത്തില്‍ തന്റെ ഭാവി അറിയാന്‍ ടെറി ഇന്നലെ ദേശീയ ടീമിന്റെ സഹ കോച്ച് ഫ്രാങ്കോ ബാല്ദിനിയുമായി സംസാരിച്ചിരുന്നു. വെള്ളിയാഴ്ച്ച കാപ്പലോയുമായി ടെറി സംസാരിക്കുന്നുണ്ട്.
പ്രശ്നത്തില്‍ തീരുമാനമെടുക്കാന്‍ ഇംഗ്ലീഷ് ഫുട്ബോളിനെ ഭരിക്കുന്ന ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന് കോച്ച് കാപ്പലോയെ ചുമതലപ്പെടുത്തിയിരിക്കയാണ്. ഈ കാര്യത്തില്‍ കോച്ചിന്റെ തീരുമാനമാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. സമീപ കാലയളവില്‍ പല വിവാദങ്ങളിലും അകപ്പെട്ടിരുന്നു ടെറി. അതില്‍ അവസാനത്തേതാണ് ലൈംഗിക കേസുകള്‍. പലപ്പോഴും ടീമിന്റെ അനുമതിയില്ലാതെ അദ്ദേഹം ക്യാമ്പ് വിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ ഒരു തവണ പിടിക്കപ്പെട്ടപ്പോള്‍ അര കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കേണ്ടിയും വന്നിട്ടുണ്ട്.
ടെറിയുടെ തൊപ്പി തെറിക്കുന്ന പക്ഷം വെയിന്‍ റൂണിയായിരിക്കും ഇംഗ്ലീഷ് ദേശീയ ടീമിന്റെ അമരത്തേക്ക് വരുക.
കാര്‍ത്തിക്കിന് സെഞ്ച്വറി, ഇര്ഫാന് മൂന്ന് വിക്കറ്റ്
ഹൈദരാബാദ്: ആളൊഴിഞ്ഞ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ഇന്നലെ ആരംഭിച്ച ദുലിപ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ദക്ഷിണ മേഖല ഡ്രൈവിംഗ് സീറ്റില്‍. നായകന് ദിനേശ് കാര്‍ത്തിക് പുറത്താവാതെ നേടിയ 161 റണ്‍സിന്റെ കരുത്തില്‍ ദക്ഷിണ മേഖല ആദ്യ ഇന്നിംഗ്സില്‍ ആറ് വിക്കറ്റിന് 356 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. തെലുങ്കാന പ്രക്ഷോഭകരെ ഭയന്ന് സംഘാടകര്‍ ആരെും സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ മല്‍സരം തണുപ്പനായിരുന്നു. തുടക്കത്തില്‍ പശ്ചിമ മേഖലയാണ് കരുത്ത് കാട്ടിയത്. ഇന്ത്യന്‍ സംഘത്തിലേക്ക് തിരിച്ചു വരാന്‍ കൊതിക്കുന്ന ഇര്ഫാന് പത്താനാണ് തന്റെ തകര്‍പ്പന്‍ പേസില്‍ ദക്ഷിണമേഖലയെ രാവിലെ തകര്‍ത്തത്. മൂന്ന് വിക്കറ്റുകളാണ് 68 റണ്‍സിന് ഇര്ഫാന് വീഴ്ത്തിയത്. പക്ഷേ കാര്‍ത്തിക് നിലയുറപ്പിച്ചതോടെ കളി മാറി. 23 തവണയാണ് കാര്‍ത്തിക് പന്തിനെ അതിര്‍ത്തി കടത്തിയത്. കാര്‍ത്തിക്കിന് ശക്തമായ പിന്തുണ നല്‍കിയത് അര്‍ദ്ദ സെഞ്ച്വറി സ്വന്തമാക്കിയ ഗണേഷ് സതീഷാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment