Monday, November 9, 2009

ZAHEER IS COMING

സഹീര്‍ തിരിച്ചുവരുന്നു
മുംബൈ: ചുമലിലെ പരുക്ക്‌ കാരണം ദീര്‍ഘകാലമായി ചികില്‍സയിലായിരുന്ന സഹീര്‍ഖാന്‍ ദേശീയ
ടീമിലേക്ക്‌ തിരിച്ചുവരുന്നു. ശ്രീലങ്കക്കെതിരെ നടക്കുന്ന ടെസ്റ്റ്‌ പരമ്പരക്കുളള ടീമിനെ തെരഞ്ഞെടൂക്കാന്‍ ഇന്ന്‌ സെലക്ടര്‍മാര്‍ യോഗം ചേരുമ്പോള്‍ സഹീര്‍ഖാന്‍ തീര്‍ച്ചയായും ടീമിലെത്തുമെന്നാണ്‌ കരുതപ്പെടുന്നത്‌. ചുമലില്‍ ശസ്‌ത്രക്രിയ നടത്തിയ ശേഷം വിശ്രമിക്കുകയായിരുന്ന സഹീര്‍ ഈയിടെ നടന്ന സയദ്‌ മുഷ്‌താഖ്‌ അലി 20-20 ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തിരുന്നു. ഓസ്‌ട്രേലിയക്കെതിരെ നടന്നുവരുന്ന ഏകദിന പരമ്പരയില്‍ മുന്‍നിര ബൗളര്‍മാര്‍ തളരുന്ന കാഴ്‌ച്ചയില്‍ സഹീറിന്റെ അനുഭവസമ്പത്ത്‌ പ്രയോജനപ്പെടുത്താന്‍ സെലക്ടര്‍മാര്‍ തയ്യാറാവുമ്പോള്‍ ബാറ്റിംഗ്‌ നിരയിലേക്ക്‌ രാഹുല്‍ ദ്രാവിഡ്‌, വി.വി.എസ്‌ ലക്ഷ്‌മണ്‍ എന്നിവരും തിരിച്ചുവരും.
സാധ്യതാ ടീം ഇതാണ്‌: മഹേന്ദ്രസിംഗ്‌ ധോണി (ക്യാപ്‌റ്റന്‍), വിരേന്ദര്‍ സേവാഗ്‌, ഗൗതം ഗാംഭീര്‍, രാഹുല്‍ ദ്രാവിഡ്‌, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ്‌ ലക്ഷ്‌മണ്‍, യുവരാജ്‌സിംഗ്‌, ദിനേശ്‌ കാര്‍ത്തിക്‌ അല്ലെങ്കില്‍ എസ്‌.ബദരീനാഥ്‌, സഹീര്‍ഖാന്‍, ഹര്‍ഭജന്‍സിംഗ്‌, ഇഷാന്ത്‌ ശര്‍മ്മ, മുനാഫ്‌ പട്ടേല്‍, അമിത്‌ മിശ്ര, ആശിഷ്‌ നെഹ്‌റ അല്ലെങ്കില്‍ സുദിപ്‌ ത്യാഗി.
ബൗളിംഗ്‌ കോമ്പിനേഷന്റെ കാര്യത്തില്‍ മാത്രമാണ്‌ സെലക്ടര്‍മാര്‍ പ്രധാന ചര്‍ച്ച നടത്തുക. സഹീര്‍ഖാന്‍ തിരിച്ചുവരുന്നതോടെ മുന്‍നിര ബൗളര്‍മാരില്‍ ഇഷാന്ത്‌ ശര്‍മ്മ, മുനാഫ്‌ പട്ടേല്‍ എന്നിവര്‍ക്കാണ്‌ സാധ്യത. ആശിഷ്‌ നെഹ്‌റയെ ടെസ്‌റ്റ്‌ സംഘത്തിലേക്ക്‌ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ക്ക്‌ താല്‍പ്പര്യക്കുറവുണ്ട്‌. നാല്‌ ഫാസ്‌റ്റ്‌ ബൗളര്‍മാരെ ആദ്യ പതിനാറില്‍ ഉള്‍പ്പെടുത്തുന്നുണ്ടെങ്കില്‍ യുവ സീമര്‍ സുദിപ്‌ ത്യാഗിക്കായിരിക്കും അവസരം. ധവാല്‍ കുല്‍ക്കര്‍ണി, ആശിഷ്‌ നെഹ്‌റ, ഇര്‍ഫാന്‍ പത്താന്‍ എന്നീ സീമര്‍മാരും പരിഗണനയിലുണ്ട്‌. സ്‌പിന്നര്‍മാരായി ഹര്‍ഭജനും അമിത്‌ മിശ്രയും കളിക്കും. ബാറ്റിംഗ്‌ നിരയിലേക്ക്‌ ദ്രാവിഡും ലക്ഷ്‌മണും വരുമ്പോള്‍ മധ്യനിരയില്‍ യുവരാജ്‌ സിംഗിന്‌ ആദ്യ ഇലവനില്‍ അവസരം ലഭിക്കാന്‍ പ്രയാസമാണ്‌. റിസര്‍വ്‌ വിക്കറ്റ്‌ കീപ്പറായി ദിനേശ്‌ കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്തണമോ എന്ന കാര്യത്തിലും ചര്‍ച്ചയുണ്ടാവും. മല്‍സരങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നതിനാല്‍ റിസര്‍വ്‌ വിക്കറ്റ്‌ കീപ്പര്‍ വേണ്ട എന്ന പക്ഷത്താണ്‌ നായകന്‍ ധോണി.

ഇന്ത്യ-ശ്രീലങ്ക പരമ്പര ഷെഡ്യൂള്‍
നവം 11-13
ബോര്‍ഡ്‌ പ്രസിഡണ്ട്‌സ്‌ ഇലവനുമായി ത്രിദിന മല്‍സരം
നവം 16-20
ഒന്നാം ടെസ്റ്റ്‌, അഹമ്മദാബാദ്‌
നവം 24-28
രണ്ടാം ടെസ്റ്റ്‌, കാണ്‍പൂര്‍
ഡിസം 2-6
മൂന്നാം ടെസ്റ്റ്‌-മുംബൈ
ഡിസം 9
20-20 ഒന്നാം മല്‍സരം-നാഗ്‌പ്പൂര്‍ (ഡേ നൈറ്റ്‌)
ഡിസം 12
രണ്ടാം 20-20 മൊഹാലി (ഡേ നൈറ്റ്‌)
ഡിസം 15
ഒന്നാം ഏകദിനം-രാജ്‌കോട്ട്‌
ഡിസം 18- രണ്ടാം ഏകദിനം. വിശാഖപ്പട്ടണം (ഡേ നൈറ്റ്‌)
ഡിസം 21
മൂന്നാം ഏകദിനം കട്ടക്ക്‌ ഡേ നൈറ്റ്‌
ഡിസം 24
നാലാം ഏകദിനം, കൊല്‍ക്കത്ത ഡേ നൈറ്റ്‌
ഡിസം 27
അഞ്ചാം ഏകദിനം, ഡല്‍ഹി ഡേ നൈറ്റ്‌
ഇര്‍ഫാനെ വിളിക്കാന്‍ സമ്മര്‍ദ്ദം
മുംബൈ: രണ്ട്‌ മാസത്തോളം പരുക്ക്‌ കാരണം പുറത്തിരുന്ന ഇര്‍ഫാന്‍ പത്താന്‍ ദേശീയ സംഘത്തിലേക്ക്‌ മടങ്ങിവരാനുള്ള ഒരുക്കത്തില്‍. ഇന്ന്‌ ഇവിടെ ആരംഭിക്കുന്ന രഞ്‌ജി മല്‍സരത്തില്‍ സൗരവ്‌ ഗാംഗുലിയുടെ ബംഗാളിനെ നേരിടുന്ന ബറോഡ സംഘത്തിലെ പ്രമുഖന്‍ ഇര്‍ഫാനാണ്‌. ബംഗാളിനെതിരായ രഞ്‌ജി പോരാട്ടത്തില്‍ മികവ്‌ പ്രകടിപ്പിച്ചാല്‍ തീര്‍ച്ചയായും ഇന്ത്യന്‍ സംഘത്തിലേക്ക്‌ തിരിച്ചുവരാന്‍ ഇര്‍ഫാന്‌ കഴിയുമെന്നാണ്‌ കരുതുന്നത്‌. ഇന്നലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ പരിശീലനം നടത്തിയ ഇര്‍ഫാനൊപ്പം സഹോദരന്‍ യൂസഫുമുണ്ടായിരുന്നു. ദേശീയ ടീമില്‍ നിന്നും പുറത്തായ ഇരുവര്‍ക്കും ആഭ്യന്തര ക്രിക്കറ്റ്‌ നിര്‍ണ്ണായക കാല്‍വെപ്പാണ്‌. സൗരവ്‌ ഗാംഗുലിക്കെതിരെ കളിക്കുകയെന്നത്‌ ഇന്നും വെല്ലുവിളിയാണെന്ന്‌ ഇര്‍ഫാന്‍ പറഞ്ഞു. എലൈറ്റ്‌ ലീഗിലെ ഇന്നത്തെ പോരാട്ടത്തില്‍ ബറോഡ നോട്ടമിടുക തീര്‍ച്ചയായും ദാദയെ ആയിരിക്കുമെന്ന്‌ ബറോഡയുടെ നായകന്‍ പറഞ്ഞു. അദ്ദേഹം രാജ്യാന്തര ക്രിക്കറ്റ്‌ വിട്ടെങ്കിലും ഇന്നും ബാറ്റിംഗില്‍ ദാദയോളം മികവുള്ളവര്‍ കുറവാണെന്നും ഇര്‍ഫാന്‍ പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന കാര്യത്തില്‍ ഇര്‍ഫാന്‌ സംശയമില്ല. നല്ല പ്രകടനം നടത്തുക എന്നതാണ്‌ പ്രധാനം. ബറോഡ ടീമിന്റെ പരിശീലകന്‍ പരസ്‌ മാംമ്പ്രെയാണ്‌. മുമ്പ്‌ ബംഗാള്‍ ടീമിനെ പരിശീലിപ്പിച്ചിടുളള മാമ്പ്രെയുടെ സേവനം തന്റെ ടീമിന്‌ കൂടുതല്‍ ഗുണം ചെയ്യുമെന്നും ഇര്‍ഫാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ ജൂണിലാണ്‌ ഇര്‍ഫാന്‍ അവസാനമായി ഇന്ത്യക്ക്‌ കളിച്ചത്‌. വിന്‍ഡീസിനെതിരെ നടന്ന ലോകകപ്പ്‌ 20-20 മല്‍സരത്തിന്‌ ശേഷം പുറത്തായ അദ്ദേഹത്തിന്‌ കാല്‍മുട്ടിലെ പരുക്ക്‌ കാരണം ഇറാനി ട്രോഫിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
ശ്രീശാന്തിന്‌ വെല്ലുവിളി
ഇന്‍ഡോര്‍: കേരളം-മധ്യപ്രദേശ്‌ ചതുര്‍ദിന രഞ്‌ജി മല്‍സരത്തിന്‌ ഇന്നിവിടെ തുടക്കമാവുമ്പോള്‍ നായകന്‍ ശ്രീശാന്ത്‌ സമ്മര്‍ദ്ദത്തില്‍. ഇന്ത്യന്‍ ടീമിലേക്ക്‌ തിരിച്ചുവരാന്‍ കൊതിക്കുന്ന ശ്രീശാന്തിന്‌ സീസണിലെ ആദ്യ രജ്ഞി മല്‍സരത്തില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. തലശ്ശേരിയില്‍ നടന്ന കേരളം-ആന്ധ്ര പ്രദേശ്‌ മല്‍സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഒന്നാം ഇന്നിംഗ്‌സ്‌ ലീഡിന്റെ പിന്‍ബലത്തില്‍ വിലപ്പെട്ട പോയന്റ്‌്‌ ആന്ധ്രയാണ്‌ നേടിയത്‌. ശ്രീശാന്തിന്‌ ആന്ധ്ര ബാറ്റ്‌സ്‌മാന്മാരെ വിറപ്പിക്കാനും കഴിഞ്ഞില്ല. ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ്‌ പരമ്പര ആരംഭിക്കാനിരിക്കെ ശ്രീശാന്തിന്‌ ദേശീയ ശ്രദ്ധയാകര്‍ഷിക്കാന്‍ അനുയോജ്യമായ സമയമാണിത്‌. ഇഷാന്ത്‌ ശര്‍മ്മ മങ്ങിയ ഫോമില്‍ നില്‍ക്കുമ്പോള്‍ ടീമിലെ വലം കൈയ്യന്‍ സീമര്‍ എന്ന സ്ഥാനത്തേക്ക്‌ കയറിവരാന്‍ അദ്ദേഹത്തിന്‌ അവസരമുണ്ട്‌.
ചിരാഗ്‌ മുന്നില്‍
കോഴിക്കോട്‌: ഐ ലീഗ്‌ ഫുട്‌ബോളില്‍ പത്ത്‌ ടീമുകള്‍ ഏഴ്‌ മല്‍സരങ്ങല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ കൊല്‍ക്കത്തയില്‍ നിന്നുളള ചിരാഗ്‌ യുനൈറ്റഡ്‌ ഒന്നാം സ്ഥാനത്ത്‌. 15 പോയന്റാണ്‌ സുബ്രതോ ഭട്ടാചാര്യയുടെ ടീം സ്വന്തമാക്കിയിരിക്കുന്നത്‌. നിലവിലെ ചാമ്പ്യന്മാരായ ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ 13 പോയന്റുമായി രണ്ടാമത്‌ നില്‍ക്കുമ്പോള്‍ ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവക്ക്‌ 12 പോയന്റുണ്ട്‌. ടേബിളില്‍ രണ്ടക്കം കടന്ന മറ്റ്‌ രണ്ട്‌ ടീമുകള്‍ മഹീന്ദ്ര യുനൈറ്റഡും (11), മോഹന്‍ ബഗാനുമാണ്‌ (10). ജെ.സി.ടി, മുംബൈ എഫ്‌സി, ഈസ്റ്റ്‌ ബംഗാള്‍ എന്നിവര്‍ക്ക്‌ ഒമ്പത്‌ പോയന്റുണ്ട്‌. ആറ്‌ മല്‍സരങ്ങളില്‍ നിന്നും നാല്‌ പോയന്റ്‌്‌ നേടിയ വിവ കേരള പതിമൂന്നാം സ്ഥാനത്താണിപ്പോള്‍. ഇത്രയും മല്‍സരങ്ങളില്‍ നിന്നായി മൂന്ന്‌ പോയന്റ്‌്‌ മാത്രം സമ്പാദിക്കാനായ സ്‌പോര്‍ട്ടിംഗ്‌ ഗോവയാണ്‌ അവസാന സ്ഥാനത്ത്‌. ലീഗില്‍ ഇനി അടുത്ത റൗണ്ട്‌ മല്‍സരങ്ങള്‍ 12 നാണ്‌ ആരംഭിക്കുന്നത്‌. അന്ന്‌ മുംബൈയില്‍ മഹീന്ദ്ര യുനൈറ്റഡ്‌ എയര്‍ ഇന്ത്യയെയും ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ വിവയെയും ഈസ്‌റ്റ്‌ ബംഗാള്‍ ഷില്ലോംഗ്‌ ലാജോംഗ്‌ എഫ്‌.സിയെയും നേരിടും. 13 ന്‌ ചര്‍ച്ചിലും ചിരാഗ്‌ യുനൈറ്റഡും കളിക്കുമ്പോള്‍ പൂനെ എഫ്‌.സി, മോഹന്‍ ബഗാനെ നേരിടുന്നുണ്ട്‌.

ദോഹയില്‍ ഫുട്‌ബോള്‍ വസന്തം
ദോഹ: ഫുട്‌ബോള്‍ പ്രിയ വിനോദമായ ഖത്തറില്‍ ഈ മാസം 14ന്‌ രാജകീയ പോരാട്ടം. സൗഹൃദ മല്‍സരത്തില്‍ ഇംഗ്ലണ്ടും ബ്രസീലും നേര്‍ക്കുനേര്‍. പക്ഷേ ഫുട്‌ബോള്‍ പ്രേമികളുടെ പ്രിയതാരമായ ഡേവിഡ്‌ ബെക്കാം ഇംഗ്ലീഷ്‌ സംഘത്തില്‍ കളിക്കുന്നില്ല. അമേരിക്കന്‍ ലീഗില്‍ ലോസാഞ്ചലസ്‌ ഗ്യാലക്‌സിക്കായി കളിക്കുന്ന ബെക്കാമിന്‌ സ്വന്തം ടീമിന്റെ നിര്‍ണ്ണായക മല്‍സരമുള്ളതിനല്‍ കളിക്കാനാവില്ല. അമേരിക്കന്‍ മേജര്‍ ലീഗ്‌ സോക്കര്‍ വെസ്‌റ്റേണ്‍ കോണ്‍ഫ്രന്‍സ്‌ കപ്പില്‍ ഗ്യാലക്‌സി ഫൈനലിലെത്തിയിട്ടുണ്ട്‌. അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ്‌ ഫുട്‌ബോള്‍ മുന്‍നിര്‍ത്തി തന്റെ സാധ്യതാ ടീമിനെ തെരഞ്ഞെടുക്കാന്‍ കോച്ച്‌ ഫാബിയോ കാപ്പലോ ഒരുങ്ങിയ സാഹചര്യത്തില്‍ ദോഹയിലെ മല്‍സരം ഇംഗ്ലീഷ്‌ സംഘത്തിന്‌ നിര്‍ണ്ണായകമാണ്‌. ബെക്കാമിന്‌ പകരം ടോട്ടന്‍ഹാമിന്റെ മധ്യനിരക്കാരന്‍ ടോണ്‍ ഹഡില്‍സ്‌റഖ്‌റോണും പിന്‍നിരയില്‍ ആസ്റ്റണ്‍ വില്ലയുടെ സ്റ്റീവന്‍ വാര്‍നോക്കും വരും.
റിലാക്‌സ്‌
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ട സാഹചര്യത്തില്‍ ശ്രീലങ്കന്‍ ടീമിന്‌ വര്‍ദ്ധിത വീര്യത്തില്‍ കളിക്കാനാവുമെന്ന്‌ നായകന്‍ കുമാര്‍ സങ്കക്കാര. ഇന്ത്യന്‍ പര്യടനത്തിനെത്തിയ സങ്കക്കാര ഇന്നലെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. മുംബൈയില്‍ ബോര്‍ഡ്‌ പ്രസിഡണ്ട്‌സ്‌ ഇലവനുമായി ത്രിദിന മല്‍സരത്തിന്‌ ശേഷമാണ്‌ സങ്കയും സംഘവും ആദ്യ ടെസ്റ്റ്‌്‌ കളിക്കുക. ലങ്കന്‍ സംഘത്തില്‍ ഒരു തരത്തിലുമുള്ള സമ്മര്‍ദ്ദമില്ലെന്ന്‌ നായകന്‍ വ്യക്തമാക്കി. ഞങ്ങള്‍ ഇവിടെ എത്തിയത്‌ റിലാക്‌സ്‌ ചെയ്‌ത്‌ കളിക്കാനാണ്‌. സമ്മര്‍ദ്ദം ഒരു തരത്തിലുമില്ല. ഇന്ത്യയാവും സമ്മര്‍ദ്ദത്തില്‍. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര അവര്‍ക്ക്‌ നഷ്ടമായിട്ടുണ്ട്‌്‌. സ്വന്തം മൈതാനത്ത്‌ കളിക്കുമ്പോഴുള്ള സമ്മര്‍ദ്ദവും ഇന്ത്യന്‍ സംഘത്തിനായിരിക്കുമെന്ന്‌ നായകന്‍ പറഞ്ഞു. മഹേല ജയവര്‍ദ്ധനെ, മുത്തയ്യ മുരളീധരന്‍ തുടങ്ങിയ അനുഭവസമ്പന്നരുടെ സാന്നിദ്ധ്യം ലങ്കന്‍ ടീമിനെ മുന്‍നിരയിലെത്തിക്കുന്നുണ്ടെന്ന്‌ അദ്ദേഹഗം പറഞ്ഞു.

നീലപ്പട മുന്നോട്ട്‌
ലണ്ടന്‍: യൂറോപ്യന്‍ ലീഗുകളില്‍ പോയ വാരത്തില്‍ കൈയ്യടി നേടിയത്‌ ചെല്‍സി.... ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ശക്തരുടെ അങ്കത്തില്‍ നിലവിലെ ജേതാക്കളായ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിനെ ഒരു ഗോളിന്‌ തോല്‍പ്പിച്ചതോടെ നിലപ്പട ടേബിളില്‍ അഞ്ച്‌ പോയന്റിന്റെ വ്യക്തമായ മേല്‍കൈ സ്വന്തമാക്കിക്കഴിഞ്ഞു. സ്‌പാനിഷ്‌ ലീഗില്‍ ബാര്‍സിലോണയും റയല്‍ മാഡ്രിഡും മുന്നേറുമ്പോള്‍ ജര്‍മന്‍ ബുണ്ടേല്‍സ്‌ ലീഗില്‍ ബയര്‍ ലെവര്‍കൂസണാണ്‌ കരുത്ത്‌ പ്രകടിപ്പിച്ചത്‌. വിവിധ ലീഗുകളിലുടെ:
പ്രീമിയര്‍ ലീഗ്‌: എല്ലാവരും കാത്തിരുന്ന പോരാട്ടത്തില്‍ ചെല്‍സി മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിനെ ആധികാരികമായി തോല്‍പ്പിച്ചപ്പോള്‍ അലക്‌സ്‌ ഫെര്‍ഗൂസണ്‍ എന്ന മാഞ്ചസ്റ്റര്‍ പരിശീലകന്‌ അത്‌ കനത്ത ആഘാതമായി. തോല്‍വിക്ക്‌ പിറകെ റഫറിയെ കുറ്റം പറഞ്ഞ്‌ ഫെര്‍ഗ്ഗി സ്വയം പരിഹാസ്യനാവുകയും ചെയ്‌തു. മല്‍സരത്തിന്റെ രണ്ടാം പകുതിയില്‍ നായകന്‌ ജോണ്‍ ടെറിയാണ്‌ ചെല്‍സിയുടെ വിജയ ഗോള്‍ നേടിയത്‌. 30 പോയന്റാണ്‌ ചെല്‍സിക്കിപ്പോള്‍. മാഞ്ചസ്‌റ്ററിനും ആഴ്‌സനലിനും 25 പോയന്റായി. വോള്‍വര്‍ഹാംടണെ 4-1നാണ്‌ ആഴ്‌സനല്‍ കശക്കിയത്‌. മറ്റ്‌ പ്രധാന മല്‍സരങ്ങളില്‍ ആസ്‌റ്റണ്‍വില്ല 5-1ന്‌ ബോള്‍ട്ടണെയും ടോട്ടന്‍ രണ്ട്‌ ഗോളിന്‌ സുതര്‍ലാന്‍ഡിനെയും തോല്‍പ്പിച്ചു. ഫെര്‍ണാണ്ടോ ടോറസിന്റെ തിരിച്ചുവരവോടെ ആശ്വാസം ലഭിച്ച ലിവര്‍പൂള്‍ ഇന്ന്‌ ബിര്‍മിംഗ്‌ഹാം സിറ്റിയുമായി കളിക്കുന്നുണ്ട്‌.
സ്‌പാനിഷ്‌ ലീഗ്‌: സ്‌പെയിനില്‍ ബാര്‍സിലോണയും റയലും ഏതാണ്ട്‌ ഒപ്പത്തിനൊപ്പമാണ്‌. ബാര്‍സ 26 ലും റയല്‍ 25 ലും നില്‍ക്കുമ്പോള്‍ മൂന്നാമതുള്ള സെവിയെക്ക്‌ 22 പോയന്റുണ്ട്‌. റയല്‍ അത്‌ലറ്റികോ മാഡ്രിഡിനെ 3-2ന്‌ തോല്‍പ്പിച്ചപ്പോള്‍ ബാര്‍സ 4-2ന്‌ റയല്‍ മയോര്‍ക്കയെ പരാജയപ്പെടുത്തി. ശക്തരുടെ പോരാട്ടത്തില്‍ സെവിയെ 3-2ന്‌ വില്ലാ റയലിനെ പരാജയപ്പെടുത്തിയപ്പോള്‍ വലന്‍സിയ 3-1ന്‌ റയല്‍ സരഗോസയെയും ഡിപ്പോര്‍ട്ടീവോ രണ്ട്‌ ഗോളിന്‌ ഗറ്റാഫെയെയും തോല്‍പ്പിച്ചു.
ജര്‍മന്‍ ലീഗ്‌: 26 പോയന്റുമായി ബയര്‍ ലെവര്‍കൂസണാണ്‌ ജര്‍മനിയില്‍ മുന്നില്‍. ലീഗില്‍ ഇത്‌ വരെ തോല്‍വിയറിഞ്ഞിട്ടില്ലാത്ത ലെവര്‍കൂസണ്‍ മൂന്ന്‌ ഗോളിന്‌ ഫ്രാങ്ക്‌ഫര്‍ട്ടിനെ തോല്‍പ്പിച്ചു.
ഇറ്റാലിയന്‍ സീരിയ എ : ചാമ്പ്യന്മാരായ ഇന്റര്‍ മിലാന്‍ സമനിലയില്‍ തളക്കപ്പെട്ടതാണ്‌ സീരിയ എ യിലെ പ്രധാന വാര്‍ത്ത. റോമയാണ്‌ കരുത്തരെ 1-1 ല്‍ തളച്ചത്‌. അതേ സമയം ഇന്ററിന്റെ പ്രധാന ശത്രുക്കളായ യുവന്തസും ഏ.സി മിലാനും സ്വന്തം മല്‍സരങ്ങളില്‍ വിജയം കണ്ടു. യുവന്തസ്‌ 5-2ന്‌ അറ്റ്‌ലാന്റയെയും ഏ.സി മിലാന്‍ 2-1ന്‌ ലാസിയോയെയും പരാജയപ്പെടുത്തി.
ഫ്രഞ്ച്‌ ലീഗ്‌: ഫ്രാന്‍സില്‍ ബോറോഡോക്‌സ്‌ തന്നെ മുന്നില്‍. ലില്ലിക്ക്‌ മുന്നില്‍ അപ്രതിക്ഷിതമായി രണ്ട്‌ ഗോളിന്‌ തോറ്റെങ്കിലും ടേബിളില്‍ ബോറോഡോക്‌സിന്‌ 25 പോയന്റുണ്ട്‌. ലിയോണ്‍ 24 ലും ഓക്‌സിറെ 23 ലും നില്‍ക്കുന്നു.

പാക്കിസ്‌താനുമായി സെമിയില്‍
മുംബൈ: 2011 ല്‍ ഇന്ത്യയിലും ബംഗ്ലാദേശിലും ശ്രീലങ്കയിലുമായി നടക്കുന്ന ലോകകപ്പ്‌ ക്രിക്കറ്റിന്റെ ഫിക്‌സ്‌ച്ചര്‍ പുറത്തിറങ്ങി. രണ്ട്‌ ഗ്രൂപ്പുകളിലായി കളിക്കുന്ന ഇന്ത്യക്കും പാക്കിസ്‌താനും പ്രതീക്ഷിക്കപ്പെട്ട പ്രകാരം മല്‍സരങ്ങള്‍ മുന്നേറിയാല്‍ സെമിയില്‍ മാത്രം കണ്ട്‌ മുട്ടിയാല്‍ മതി. ഒരു വര്‍ഷം മുമ്പ്‌ നടന്ന മുംബൈ ആക്രമണത്തിന്‌ സാക്ഷികളായ ഇംഗ്ലീഷ്‌ ക്രിക്കറ്റ്‌ ടീമിന്‌ അതേ വേദിയില്‍ കളിക്കണമെങ്കില്‍ ഫൈനലിലെത്തണം.

കരാട്ടെ ചാമ്പ്യന്‍ഷിപ്പ്‌ വിവാദത്തില്‍
കോഴിക്കോട്‌: ഒരു താരത്തിന്റെ മരണത്തില്‍ കലാശിച്ച അഖിലേന്ത്യാ കാജു കാഡോ കരാട്ടെ ആന്‍ഡ്‌ മാര്‍ഷല്‍ ആര്‍ട്‌സ്‌ അക്കാദമി സംഘടിപ്പിച്ച ഓള്‍ ഇന്ത്യ ഓള്‍ സ്‌റ്റൈല്‍ മാര്‍ഷല്‍ ആര്‍ട്‌സ്‌ ടൂര്‍ണ്ണമെന്റ്‌്‌ വിവാദത്തില്‍. അംഗീകാരമില്ലാതെയാണ്‌ അഖിലേന്ത്യാടിസ്ഥാനത്തില്‍ ചാമ്പ്യന്‍ഷിപ്പ്‌ നടത്തിയതെന്നാണ്‌ പറയപ്പെടുന്നത്‌. പരപ്പനങ്ങാടി ആലുങ്ങല്‍ ബീച്ച്‌ ചക്കാലക്കല്‍ വീട്ടില്‍ ഹംസക്കോയയുടെ മകന്‍ ഉനൈസ്‌ എന്ന പത്തൊമ്പതുകാരന്‍ കഴിഞ്ഞ ദിവസം മരിക്കാനിടയായ സംഭവത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. 55-60 വിഭാഗം ഫ്രീ സ്റ്റൈല്‍ വിഭാഗത്തിലാണ്‌ ഉനൈസ്‌ മല്‍സരിച്ചിരുന്നത്‌. ഞായറാഴ്‌ച്ച മൂന്ന്‌ റൗണ്ട്‌ മല്‍സരങ്ങളില്‍ ഈ നിര്‍മ്മാണ തൊഴിലാളി പങ്കെടുത്തിരുന്നു. ആദ്യ റൗണ്ടില്‍ ആന്ധ്രയില്‍ നിന്നുള്ള പ്രതിയോഗിക്കെതിരെ കളിക്കുമ്പോള്‍ ചവിട്ടേറ്റിരുന്നു. മൂന്നാം റൗണ്ടിലും ചവിട്ടേറ്റു. തുടര്‍ന്ന്‌ കുഴഞ്ഞ്‌ വീണ ഉനൈസ്‌ ആശുപത്രിയില്‍ വെച്ചാണ്‌ മരിച്ചത്‌. ടൂര്‍ണ്ണമെന്റ്‌്‌ സംഘടപ്പിച്ചവരെക്കുറിച്ചും പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌.

1 comment:

hadikaljouhar said...

Hi is it ur original orkut account?

http://www.orkut.co.in/Main#Profile?uid=17767040534059717060

or hav u made a mistake by joining
the wrong 'Chandrika' community?